Monday 24 December 2007

ഭാംഗിന്റെ വെണ്ണിലാവ്

പുതുവര്‍ഷപ്പുലരിക്ക്‌ ഇനി ദിവസങ്ങള്‍ മാത്രം.
2006 ഡിസംബര്‍ 31ന്‌ ഉണ്ടായ ഒരു അനുഭവത്തിന്റെ ഓര്‍മ്മകള്‍ തികട്ടി തികട്ടി വരുന്നു. ഇനിയൊരിക്കലും ജീവിതത്തില്‍ ഉണ്ടാകരുതേ എന്ന്‌ ആത്മാര്‍ഥമായും ആഗ്രഹിക്കുന്ന ഒരു വല്ലാത്ത അനുഭവമായിരുന്നു അത് .

വിഷയത്തിലേക്ക്‌ കടക്കാം. കഥാനായകന്റെ പേരാണ്‌ ഭാംഗ്‌.

ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഹരിമുരളീരവം ഗാനം കേട്ടിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. ആ സിനിമയിലെ നായകകഥാപാത്രമായ ജഗന്നാഥന്‍, സംഗീതം പഠിക്കാന്‍ വേണ്ടി ഉസ്താദു്‌ ബാദുഷാ ഖാനെന്ന പഴയ 'സിംഹത്തിന്റെ' മടയില്‍ ചെന്നപ്പോള്‍ കാണുന്നത്‌, ഉള്ളില്‍ ഭാംഗിന്റെ വെണ്ണിലാവുമായി ഇരിക്കുന്ന ഉസ്താദിനെയാ‌ണ്. ഗുരുവിന്റെ ഖബറില്‍ ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട്‌ പ്രയാണം തുടരുന്നതുവരെ ജഗന്നാഥന്റെ സിരകളിലും സംഗീതവും ഭാംഗും തന്നെയായിരുന്നു.

ഡോണ്‍ സിനിമയില്‍ അമിതാഭ്‌ ബച്ച‍ന്റെ കഥാപാത്രം (ഇപ്പോള്‍ ഷാരുഖ്‌ ഖാനും) " ഖയിക്കേ പാന്‌ ബനാറസ്‌ വാല" എന്ന പാട്ട്‌ പാടുന്നത്‌ ഭാംഗടിച്ചിട്ടാണ്‌.

വടക്കേ ഇന്ത്യയില്‍ പല ശിവക്ഷേത്രങ്ങളിലേയും പ്രസാദമാണത്രെ ഭാംഗ്‌. ഭഗവാന്‍ ശിവന്റെ ഇഷ്ടപാനീയമായിരുന്നിരിക്കണം ഇത്‌. കൈലാസേശ്വരന്‍ തന്റെ ശരീരമാസകലം ചുടലച്ചാരവും വാരിയിട്ട്‌, കഴുത്തില്‍ പാമ്പിനേയും ചുറ്റി, താണ്ഡവനൃത്തമാടിയിരുന്നത്‌ ഭാംഗടിച്ചിട്ടുതന്നെയായിരിക്കണം.

ഏറ്റവും അവസാനമായി ഭാംഗിനെപ്പറ്റി കാണുന്നത്‌ Travel & Living ചാനലില്‍ ആന്റണി ബോര്‍ഡന്‍ അവതരിപ്പിക്കുന്ന No Reservations എന്ന പരിപാടിയിലൂടെയാണ്‌. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെത്തുന്ന ആന്റണി, ഗോള്‍ഡന്‍ ഫോര്‍ട്ടിന്റെ കവാടത്തിനു വെളിയിലുള്ള "ഗവണ്‍മെന്റ് അംകീകൃത ഭാംഗ്‌ കേന്ദ്രം'' എന്നു ബോര്‍ഡുവച്ചിട്ടുള്ള കടയില്‍ നിന്നും ഭാംഗ്‌ വാങ്ങിക്കുടിക്കുന്നു. വീണ്ടും യാത്ര തുടരുന്നു. ഈ ട്രാവല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അങ്ങിനെയാണ്‌. എന്തുകിട്ടിയാലും തിന്നും, എന്തുകിട്ടിയാലും കുടിക്കും. തിന്നും കുടിച്ചും, യാത്ര ചെയ്ത്‌, കാഴ്ചകള്‍ ക‌ണ്ട് അങ്ങിനെ നടക്കാം. എന്നിട്ടതിനൊക്കെ ശംബളവും വാങ്ങാം. ഭാഗ്യവാന്മാര്‍. പലപ്പോഴും അസൂയ തോന്നിപ്പോയിട്ടുണ്ട്‌.

ആന്റണി ഭാംഗടിച്ച കട ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്‌. ചാനലിലെ പരിപാടി കണ്ടപ്പോള്‍ ഞാനൊന്നു തീരുമാനിച്ചു. അടുത്ത പ്രാവശ്യം ജയ്‌സാല്‍മീര്‍ പോകുമ്പോള്‍ ഭാംഗൊന്ന്‌ പരീക്ഷിച്ചിട്ടുതന്നെ ബാക്കി കാര്യം ആ അവസരം ഒത്തുവന്നത്‌ 2006 ഡിസംബര്‍ 31നാണ്‌. എണ്ണപ്പാടത്തെ ജോലിക്കായി, രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ കുറച്ചുദിവസമായി തമ്പടിച്ചിട്ടുണ്ടായിരുന്നു. 31ന്‌ കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ ഒന്ന്‌ കറങ്ങിയിട്ടിവരാന്‍ പദ്ധതിയിട്ടു. കൂടെ സഹപ്രവര്‍ത്തകരായ ഈജിപ്റ്റുകാരന്‍ മെഹര്‍, രാജസ്ഥാന്‍കാരായ ധര്‍മ്മാരാം, രാംലാല്‍ എന്നിവരുമുണ്ട്‌. രാജസ്ഥാനികള്‍ സ്ഥിരമായി കഴിക്കുന്ന സാധനമാണ്‌ ഭാംഗ്‌. അതുകൊണ്ടുതന്നെ ധര്‍മ്മാരാമിനും, രാംലാലിനും ഇതിലൊരു പുതുമയുമില്ല.

കോട്ടയിലൊക്കെ കറങ്ങിനടന്ന്‌ സമയം കളഞ്ഞ് പുറത്തുവന്നതിനുശേഷം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ച്ചെന്ന്‌ ഭാംഗിന്‌ ഓര്‍ഡര്‍ കൊടുത്തു. പാലില്‍ക്കലക്കിയ ഭാംഗ്‌ അവിടെനിന്നുതന്നെ കുടിക്കാം. അല്ലെങ്കില്‍ പച്ചനിറത്തിലുള്ള ഗുളിക രൂപത്തില്‍ പൊതിഞ്ഞുവാങ്ങാം. പിന്നീട്‌ വെള്ളത്തിലോ, പാലിലോ കലക്കി കുടിച്ചാല്‍ മതി. രണ്ടാമത്തെ ഓപ്‌ഷന്‍ സ്വീകരിച്ചു. നെല്ലിക്കയോളം വലുപ്പത്തിലുള്ള ഭാംഗിന്റെ രണ്ട്‌ പച്ച ഗുളിക പൊതിഞ്ഞുവാങ്ങി.

വൈകുന്നേരമായപ്പോളേക്കും ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലെ ഞങ്ങളുടെ ക്യാമ്പില്‍ തിരിച്ചെത്തി. അവിടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഞാന്‍ മുറിയിലേക്കുപോയി. ഒന്ന്‌ കുളിച്ച്‌ കുപ്പായമൊക്കെ മാറ്റിയതിനുശേഷം ആഘോഷങ്ങളില്‍ പങ്കുചേരാം. അതിനിടയ്ക്ക്‌ എപ്പോഴെങ്കിലും ഭാംഗ്‌ കുടിയ്ക്കാനുള്ള സമയവും കണ്ടെത്തണം.

കുളി കഴിഞ്ഞ്‌ വന്നപ്പോള്‍ ധര്‍മ്മാരാമിനേയും, രാംലാലിനേയും അന്വേഷിച്ചു. അവസാനമായി ഒന്നുകൂടെ ചോദിച്ചുനോക്കാം. പഹയന്മാരേ ഇത്‌ സേവിക്കുന്നതുകോണ്ട്‌ കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ?? പക്ഷെ, ക്യാമ്പ് മുഴുവനും പരതിയിട്ടും രാജസ്ഥാനികളെ രണ്ടിനേയും കണ്ടില്ല. എന്തായാലും വരുന്നിടത്തുവച്ചു കാണാം. ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ഭാംഗിന്റെ ഒരു ഗുളിക നന്നായി കലക്കി. പച്ച നിറത്തിലുള്ള ഭാംഗ്‌ പാനീയം റെഡി. പാലില്‍ ഗുളിക കലക്കുമ്പോള്‍ മാത്രമേ വെളുത്ത നിറം കിട്ടുകയുള്ളായിരിക്കും. കാല്‍ഭാഗത്തോളം കുടിച്ചുനോക്കി. വലിയ കുഴപ്പമൊന്നും തോന്നിയില്ല. എന്തായാലും ശരി, അരമണിക്കൂര്‍ കാത്തതിനുശേഷമേ ബാക്കി കഴിക്കുന്നുള്ളൂ എന്ന്‌ തീരുമാനിച്ചു.

40 മിനിറ്റോളം കഴിഞ്ഞു. ഒരു കുഴപ്പവും തോന്നുന്നില്ല.
ചുമ്മാ ഒരോരോ പറ്റിപ്പ്‌ സാധനങ്ങള്‍!! മനുഷ്യന്റെ സമയം മെനക്കെടുത്താന്‍.
ബാക്കിയുള്ളതുകൂടെ വേഗം വലിച്ചുകുടിച്ച്‌, ക്യാമ്പ്‌ ഫയറിനടുത്തേക്കു നീങ്ങി. ക്യാമ്പ്‌ ബോസ്സ്‌ നാഗരാജനും, കൂട്ടരും, മ്യൂസിക്കല്‍ ചെയറിനുള്ള വട്ടം കൂട്ടുകയാണ്‌.

പരിപാടികള്‍ തുടങ്ങുന്നതിനുമുന്‍പ്‌ ബാഗ്ലൂര്‌ വിളിച്ച്‌ മുഴങ്ങോടിക്കാരി ഭാര്യയും മകളും എപ്പടിയാണ്‌ പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ പോകുന്നതെന്ന്‌ അറിയണമെന്നുതോന്നി. ഡിസംബറായതുകൊണ്ടാകണം രാത്രികാലങ്ങളില്‍ ചെറിയ തണുപ്പുണ്ടായിരുന്നതുകൊണ്ട്‌, ഫോണ്‍ ചെയ്യുമ്പോള്‍ ക്യാമ്പ്‌ ഫയറിനുചുറ്റും നടന്നു.

ഫോണ്‍ ചെയ്തുകഴിഞ്ഞ്‌ ക്യാമ്പു്‌ ഫയറില്‍ നിന്നും ദൂരേയ്ക്ക്‌ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയപ്പോളാണ്‌ ഞാനത്‌ മനസ്സിലാക്കിയത്‌. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു!! ഞാന്‍ തൊട്ടുമുന്‍പ്‌ നിന്നിരുന്നതെവിടെയാണ്‌? ഞാനെങ്ങിനെ ഇവിടെ എത്തിപ്പെട്ടു?? എന്താണിവിടെ നടക്കുന്നത്‌??? ആകെക്കൂടെ ഒരു സ്ഥലജലവിഭ്രാന്തി.

ശംഭോ മഹാദേവ.... അങ്ങയുടെ പ്രസാദം തലയ്ക്കു പിടിമുറുക്കിക്കഴിഞ്ഞോ? സംഭവം ശരിയാണ്‌. ഭാംഗെന്ന ഭയങ്കരന്‍ മസ്തിഷ്ക്കപ്രക്ഷാളനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ആദ്യം ഒരു ചെറിയ രസം തോന്നിയെങ്കിലും, കൂടുതല്‍ സമയം കഴിയുന്തോറും, തലച്ചോറിനകത്തെ പിടി മുറുകിക്കൊണ്ടിരിക്കുകയാണ്‌. ചുറ്റും കാണുന്നതെല്ലാം സ്ലോ മോഷനിലാണോ എന്നു സംശയം. അല്ല അതിനു വേഗതകൂടിക്കൂടിവരുന്നു. കാലുകള്‍ ഭൂമിയില്‍ തൊടുന്നില്ലെന്ന്‌ തോന്നുന്നു. വായുവിലൂടെ തെന്നിതെന്നിയാണ്‌ സഞ്ചാരം .

വേഗം തന്നെ മുറിയിലേക്കുനടന്നു. 30 സെക്കന്റ് നടന്നാല്‍ എത്തുന്ന മുറിയിലെത്താന്‍, 2 സെക്കന്റുപോലും എടുത്തില്ലെന്നു തോന്നി. മുറിയില്‍ചെന്നപാടെ ധര്‍മ്മാരാമിന്റെ മൊബൈല്‍ ഫോണിലേക്ക്‌ വിളിച്ചു.

"ധര്‍മ്മാ, എവിടെയാണ്‌ നീ? പെട്ടെന്നു്‌ മുറിയിലേക്ക്‌ വരൂ, ഒരു ചെറിയ പ്രശ്നമുണ്ട്‌ "
പറഞ്ഞുതീരുന്നതിനുമുന്‍പേ ധര്‍മ്മാരാം മുറിയില്‍ നില്‍ക്കുന്ന പോലെ.
"എന്തുപറ്റി മനോജ് ??"

"ചതിച്ചു ധര്‍മ്മാ. നീയല്ലേ പറഞ്ഞത്‌ ഭാംഗ്‌ ഭഗവാന്‍ ശിവന്റെ പ്രസാദമാണെന്നും മറ്റും. എന്നിട്ടിപ്പോ? ഇതുകണ്ടില്ലേ ? എനിക്ക്‌ പത്ത്‌ തല വന്നിരിക്കുന്നപോലെ. "

തലച്ചോറിനകത്തെ എല്ലാ കോശങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പണിയെടുക്കുന്നു. ചിന്താശക്തി നൂറുമടങ്ങായിരിക്കുന്നു. അത്രയ്ക്കുതന്നെ വര്‍ദ്ധിച്ചിരിക്കുന്നു തലയുടെ ഭാരവും . എതെങ്കിലും ഒരു വസ്തുവിലേക്കുനോക്കിയാല്‍ , അതിനോടനുബന്ധപ്പെട്ട സകലവസ്തുക്കളും ചിന്താമണ്‌ഠലത്തിലൂടെ റോക്കറ്റുവേഗതയില്‍ കടന്നുപോകുന്നു. ഉദാഹരണത്തിനു മുറിയില്‍ മേശപ്പുറത്തു ഗ്ളാസ്സിലിരിക്കുന്ന വെള്ളത്തിലേക്കു നോക്കിയപ്പോള്‍ ,....അതാ ചുറ്റിനും വെള്ളം, പുഴ, അരുവി, നദി, കായല്‍ , കടല്‍ , കടലിന്റെ അടിത്തട്ട്, മുങ്ങിക്കപ്പല്‍ , വഞ്ചി, ബോട്ട്, കപ്പല്‍ , ടൈറ്റാനിക്ക് , അതു മുങ്ങിക്കൊണ്ടിരിക്കുകയാണ്‌............ ഓ വയ്യ.

ദൃഷ്ടി മറ്റൊരിടത്തേയ്ക്കു തിരിക്കുന്നതുവരെ അതങ്ങിനെ തുടര്‍ന്നുപോകുന്നു. ദൃഷ്ടി മാറിയാല്‍ അടുത്ത കാഴ്ചകളുടേയും ചിന്തകളുടേയും ഘോഷയാത്രയായി. ഒരാളെപ്പറ്റി ചിന്തിക്കാന്‍ പോയാല്‍ ആ പേരിന്റെ ആദ്യാക്ഷരത്തില്‍ത്തുടങ്ങുന്ന ജനിച്ചിട്ടിതുവരെ പരിചയമുള്ള സകല പേരുകളും സ്ഥലങ്ങളും, വാക്കുകളും മനസ്സില്‍ തെളിഞ്ഞു വരുന്നു. എം .മുകുന്ദനും , കുഞ്ഞബ്ദുള്ളയും , മറ്റും വര്‍ണ്ണിച്ചിട്ടുള്ള ഉന്മാദത്തിന്റെ മായാലോകത്തിതാ ഞാനും എത്തിപെട്ടിരിക്കുകയാണ്‌ . ഇവിടന്നൊരു മടക്കയാത്രയില്ലേ? ഉണ്ടെങ്കില്‍ എപ്പോള്‍ ? ഒന്നും ചിന്തിക്കാന്‍ വയ്യ. ആയിരം കുതിരകളെ പൂട്ടിയ രഥത്തിന്റെ വേഗത്തില്‍ ചിന്തകള്‍ കാടുകയറുകയാണ്‌. എനിക്കിതില്‍നിന്നു പുറത്തുവരാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ ?

അപ്പോഴേക്കും മെഹറും , രാംലാലും സ്ഥലത്തെത്തുന്നു. എനിക്കാണെങ്കില്‍ തലയുടെ പുറകില്‍ കഴുത്തിനുമുകളിലായി ഒരു ടണ്‍ ഭാരം കയറ്റിവച്ചതുപോലുള്ള അസഹ്യത. തലയുടെ പുറകില്‍ തടകിക്കൊണ്ടു 'ഇധര്‍ ലഗാ, ഇധര്‍ ലഗാ' എന്നു ഹിന്ദിയില്‍ ഞാന്‍ പറയുന്നുമുണ്ട് . മെഹര്‍ പതുക്കെ തല തടകിത്തരാന്‍ തുടങ്ങി.

ഇയാളെന്തിനാണെന്റെ തല തടകുന്നത് ?, അടിച്ചുവീഴ്ത്തിയാലോ എന്ന് ഉന്മാദാവസ്ഥയും , സ്നേഹത്തോടെ ചെയ്യുന്നതല്ലേ, അയാളെ ഉപദ്രവിക്കരുത് എന്നു ഉപബോധമനസ്സും വടംവലി നടത്തിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ആരോ കുറച്ച്‌ ഭക്ഷണം കൊണ്ടുവന്നു തന്നു. പക്ഷെ കഴിക്കാന്‍ പറ്റുന്നില്ല. ജനിച്ചിട്ടിതുവരെ കഴിച്ചിട്ടുള്ള ഭക്ഷണം മുഴുവന്‍ മുന്‍പില്‍ കൊണ്ടുവന്നു വെച്ചിരിക്കുന്നതുപോലെ. എന്തൊരു കഷ്ടമാണിത് ? ഇതിനെയാണോ ഭാംഗിന്റെ വെണ്ണിലാവെന്ന് ജഗന്നാഥന്‍ വിശേഷിപ്പിച്ചത് ?!

അതിനിടയില്‍ ധര്‍മ്മാരാം വെളിയിലേക്കു പോയി. ഭാംഗിന്റെ ഉന്മാദത്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ ഭൂങ്കട എന്ന പ്രത്യേകതരം ഒരു കുരു രാജസ്ഥാനികള്‍ കഴിക്കാറുണ്ടത്രെ !!

"ഭാംഗ് മാങ്കേ ഭൂങ്കട, ദാരൂ മാങ്കേ ജൂത്ത് " എന്നൊരു ചൊല്ലുതന്നെ രാജസ്ഥാനിലുണ്ട്.(ഭാംഗടിച്ചവര്‍ക്ക് ഭൂങ്കടയും, കള്ളടിച്ചവര്‍ക്ക് ചെരിപ്പും. ചെരിപ്പെന്നുവച്ചാല്‍, ചെരിപ്പുകൊണ്ടുള്ള അടി തന്നെ) രാത്രി 9 മണി കഴിഞ്ഞതുകൊണ്ട് ഒറ്റമൂലിക്കുരു കിട്ടാതെ ധര്‍മ്മ മടങ്ങിവന്നു.

ഞാനിതാ കാടുകയറിയ ചിന്തകളുമായി, അതിന്റെ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനാവാതെ കട്ടിലില്‍ കിടക്കുകയാണ്‌. കുഴപ്പമില്ല, രാവിലെയാകുമ്പോളേക്കും എല്ലാം ശരിയാകുമെന്നാണ്‌, ധര്‍മ്മയും, രാംലാലും പറയുന്നത്‌.ചിലര്‍ക്ക്‌ ഇങ്ങിനെയുണ്ടാകാറുണ്ടത്രെ?! ചിലപ്പോള്‍ കുറെ ദിവസം തന്നെ കഴിയും ഇതില്‍നിന്നു പുറത്തുവരാന്‍. അപൂര്‍വ്വം ചിലര്‍ ഈയവസ്ഥയില്‍നിന്നും പുറത്തുവരാനാകാതെ,സ്ഥിരമായി അവിടെത്തന്നെ കുടുങ്ങിപ്പോയിട്ടുമുണ്ട്‌. മറ്റു ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മണിക്കൂറുകളോളം തുടര്‍ന്നുകൊണ്ടിരിക്കും. ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരി തന്നെ. കരഞ്ഞുപോയാല്‍ കരച്ചിലുതന്നെ. ഒരിക്കല്‍ ഭാംഗടിച്ച്‌ വണ്ടിയോടിച്ച ധര്‍മ്മാരാം, എത്തേണ്ടസ്ഥലം കഴിഞ്ഞിട്ടും, വീണ്ടും നൂറിലധികം കിലോമീറ്റര്‍ വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു. പെട്രോള്‍ തീര്‍ന്നപ്പോള്‍ വഴിയിലെവിടെയോ കിടന്നുറങ്ങി. മണിക്കൂറുകളോളം.

ഇവിടെ ഞാനിതാ ചിന്തകളുടെ ആവര്‍ത്തനലോകത്തിലാണ്‌, അതിന്റെ ചുഴിയില്‍പ്പെട്ടിട്ടാണ്‌ കൈകാലിട്ടടിക്കുന്നത്‌. കൈലാസനാഥാ അങ്ങേയ്ക്കുമാത്രമേ ഈ ചക്രവ്യൂഹത്തിനുവെളിയില്‍ എന്നെ കൊണ്ടുവരാനാകൂ. രക്ഷിക്കണേ...

ഉറങ്ങിപ്പോയതെപ്പോളാണെന്നറിയില്ല. രാത്രിയിലെപ്പോഴോ വെള്ളം കുടിക്കാന്‍ എഴുന്നേറ്റു. ഇപ്പോള്‍ ചെറിയൊരാശ്വാസം തോന്നുന്നുണ്ട്‌. വെണ്ണിലാവ്‌ അസ്തമിക്കാറായെന്ന്‌ തോന്നുന്നു. സൂര്യോദയം അടുത്തെത്തിയിരിക്കുന്നപോലെ. രാവിലെ കുറച്ച്‌ വൈകിയാണെഴുന്നേറ്റതെങ്കിലും,അപ്പോഴേക്കും ഭാംഗിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുവന്നിരുന്നു. ഒരു പുനര്‍ജന്മംപോലെ.

2007 ജനുവരി 1. പുതുവര്‍ഷം പിറന്നിരിക്കുന്നു.ബ്രേക്ക്‍‌ഫാസ്റ്റ്‌ കഴിക്കാന്‍പോകുംമുന്‍പു‌തന്നെ, പുത്തന്‍വര്‍ഷത്തേക്കുള്ള റെസലൂഷന്‍ തീരുമാനിച്ചുറച്ചുകഴിഞ്ഞിരുന്നു.

ഈ പുതുവര്‍ഷത്തേക്കുമാത്രമല്ല. എല്ലാ പുതുവര്‍ഷത്തേക്കും വേണ്ടിയുള്ള റെസലൂഷന്‍ തന്നെ.

ഇനിയുള്ള ജീവിതത്തിലൊരിക്കലും അറിഞ്ഞോ അറിയാതെയോ, പരീക്ഷണത്തിനുവേണ്ടിയോ, എക്സ്പീരിയന്‍സിനുവേണ്ടിയോ, ഇതൊന്നുമല്ലാത്ത മറ്റൊരു കാരണംകൊണ്ടോ, ഭാംഗെന്നല്ല, ഇമ്മാതിരിയുള്ള ഒരു പ്രസാദവും, സേവിക്കുന്ന പ്രശ്നംതന്നെയില്ല.

കൈലാസേശ്വരാ അങ്ങ് ക്ഷമിക്കണം.

Monday 17 December 2007

കരിഞ്ഞ ദോശ

ടുക്കളയില്‍നിന്നും, ദോശ ചുടുന്നതിന്റെ മണമടിച്ചാണ്‌ അയാള്‍ രാവിലെ എഴുന്നേറ്റത്. ഭാര്യ അപ്പോഴും നല്ല ഉറക്കത്തിലാണ്‌. ജോലിക്കാരി രാവിലെതന്നെ അടുക്കളപ്പണിയെല്ലാം തുടങ്ങിയിരിക്കുന്നു. അയാള്‍ ശബ്ദമുണ്ടാക്കാതെ, മെല്ലെ അടുക്കളയിലേക്കുനടന്നു.

അടുക്കളയില്‍നിന്ന് വീണ്ടും ദോശയുടെ മണമുയര്‍ന്നു, കരിഞ്ഞ ദോശയുടെ.
--------------------------------------------------------------
(കടപ്പാട്:- ജോസ് സാര്‍, ലക്ഷ്മി കോളേജ്, നോര്‍ത്ത് പറവൂര്‍.
പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോസ് സാര്‍ പറഞ്ഞുതന്ന ഈ കഥയാണ്‌ ഞാന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും ചെറിയ കഥ.)

Monday 10 December 2007

നടുക്കടലില്‍ ഒരു മരണം

2002 ഓഗസ്റ്റില്‍ ആണ് സംഭവം. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയിലുള്ള കടലിടുക്കിലെവിടെയോ ആണ് ഇതു്‌ നടക്കുന്നത്. ഇറാന്റെ ഓഫ്ഷോറിലെ എണ്ണപര്യവേഷണം നടത്തുന്ന പല കമ്പനികളില്‍ ഒന്നാണു്‌ ഫ്രഞ്ചുകമ്പനിയായ Total. അവിടേയ്ക്കാണ് ഞാനടക്കമുള്ള നാലംഗ സംഘം ദുബായിയില്‍ നിന്നും യാത്ര തിരിക്കുന്നത്. ജബല്‍ അലി പോര്‍ട്ടില്‍ നിന്നും G.A.C. ഷിപ്പിങ്ങ്‌ കമ്പനിയുടെ അന്‍പതോളം പേര്‍ക്കു്‌ യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു സ്പീട് ബോട്ടില്‍ കടല്‍മാര്‍ഗ്ഗം യാത്ര ആരംഭിക്കുന്നു. ഉള്‍ക്കടലിൽ എവിടെയോവെച്ച് മറ്റൊരു കമ്പനിയുടെ സപ്ലെ ബോട്ടിലേക്കു്‌ ഞങ്ങളെല്ലാവരും മാറിക്കയറുന്നു. പിന്നീടുള്ള 16 ദിവസം ഈ ബോട്ടില്‍ത്തന്നെയായിരുന്നു ഊണും ഉറക്കവുമെല്ലാം. 20 പേര്‍ക്കെങ്കിലും സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ബോട്ടിലുണ്ട്. അടുക്കള, മെസ്സു്‌ റൂം, റിക്രിയേഷന്‍ റൂം, എന്നുവേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാർ.

ബോട്ടിന്റെ ക്യാപ്റ്റന്‍ തമിഴ്‌ നാട്ടുകാരനായ ബാലയുമായി പെട്ടെന്നു സൗഹൃദത്തിലായി. ഒഴിവുസമയങ്ങളില്‍ ബാലയുമായി സൊറ പറഞ്ഞിരിക്കും. ക്യാപ്റ്റന് തിരക്കുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ക്കയറി, അവശ്യാനുസരണം വീഡിയോയില്‍ സിനിമകള്‍ കാണാനുള്ള സ്വാതന്ത്യം വരെ എനിക്കു തന്നിട്ടുണ്ട്.

പാചകക്കാരനും, അയാളുടെ സഹായിയും, ഞങ്ങളുമെല്ലാമടക്കം 12 പേരാണ് ബോട്ടിലുണ്ടായുരുന്നത്. ഞങ്ങളെല്ലാവരും റിപ്പോര്‍ട്ടുചെയ്തിരുന്നതു്‌ ജോൺ എന്ന് പേരുള്ള ഒരു ഇംഗ്ളീഷുകാരന്റെ അടുത്താണ് . "കമ്പനിമാന്‍" എന്നാണ് അദ്ദേഹത്തെപ്പോലെയുള്ളവരുടെ സ്ഥാനപ്പേരു്‌. 50 വയസ്സിനുമുകളില്‍ പ്രായം ഉണ്ടായിരുന്ന, ജോണ്‍ വളരെ സരസനും, അതേസമയം, ജോലിക്കാര്യത്തില്‍ അതീവ ഗൗരവക്കാരനുമായിരുന്നു. ജോണുമായി ചങ്ങാത്തം സ്ഥാപിക്കാനും അധികം കാലതാമസമുണ്ടായില്ല. ജോലിയുടെ ഇടവേളകളിലും, അല്ലാതെതന്നെയുള്ള ഒഴിവു സമയങ്ങളിലും, ജോണ്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. ചന്ദ്രനില്‍പ്പോകുന്ന കാര്യം മുതല്‍ കുടുംബകാര്യങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ വളരെ വര്‍ഷങ്ങളായി പരിചയമുള്ള ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കുമായിരുന്നു ജോൺ.

കടലിനു നടുക്കുള്ള സ്ഥിരം പ്ലാറ്റ്ഫോമിലാണ് ഞങ്ങള്‍ക്ക് ജോലിചെയ്യേണ്ട എണ്ണക്കിണറുകളുള്ളത്. കടല്‍ ശാന്തമായിരിക്കുന്ന സമയത്തെല്ലാം ബോട്ട് ഈ പ്ളാറ്റ്‌ഫോമിനോട് ചേര്‍ത്തുപിടിച്ചിട്ടുണ്ടാകും. മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ മൂന്നിലധികം ഡെക്കുകളുണ്ട്. ഏറ്റവും മുകളിലെ ഡെക്കിലാണ് ഞങ്ങള്‍ക്കു്‌ ജോലിചെയ്യേണ്ടത്. ഇതേ ഡക്കുതന്നെയാണ് മറ്റുസമയങ്ങളില്‍ ഹെലിഡെക്കായും (ഹെലിക്കോപ്റ്റര്‍ ഇറങ്ങാന്‍ വേണ്ടിയുള്ള ഡക്കു്‌)ഉപയോഗിക്കുന്നത്. കടല്‍ ഇളകിമറിയാന്‍ തുടങ്ങുമ്പോള്‍ ബോട്ടു്‌ പ്ളാറ്റുഫോമിലിടിച്ച് അത്യാഹിതമൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടി, പ്ലാറ്റ്‌ഫോമില്‍നിന്നും കുറച്ചു ദൂരെമാറി എവിടെയെങ്കിലും നങ്കൂരമിടുകയാണ് പതിവ്. കടലിളകിമറിയുന്ന ഇത്തരം സമയങ്ങളിലാണ് ചിലര്‍ക്കു്‌ കടല്‍ച്ചൊരുക്കു്‌ അധവാ "സീ സിക്ക്‌നെസ്സ് " ഉണ്ടാകുന്നതും ഛര്‍ദ്ദിച്ച് കുടല്‍ വെളിയില്‍ വരുന്നതും.

ബോട്ടിലെ സീമാന്‍ ആല്‍ബര്‍ട്ട് ഒരു ഫിലിപ്പൈനിയാണ് . ജോലിയുടെ ഇടവേളകളില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കലാണ് ഇഷ്ടന്റെ പ്രധാന പരിപാടി. നീളമുള്ളതും നല്ല തടിയുള്ളതുമായ ടങ്കീസില്‍ ചെറിയ മീനിനെ ഇരയായി കോര്‍ത്ത് വെള്ളത്തിലിട്ടുവച്ചിരിക്കും. രണ്ടോ മൂന്നോ ചൂണ്ടകള്‍ ഇതുപോലെ ഒരേ സമയം വെള്ളത്തിനടിയിലുണ്ടായിരിക്കും. വൈകുന്നേരമാകുമ്പോളേക്കും നാലഞ്ച് വലിയ മീനെങ്കിലും ചൂണ്ടയില്‍ക്കുടുങ്ങിയിട്ടുണ്ടാകുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു മീന്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തീന്‍മേശയിലെത്തിയിരിക്കും. ജീവിതത്തില്‍ അതിനുമുന്‍പും പിന്‍പും ഇത്രയും ഫ്രഷായി ഞാനൊരിക്കലും മീന്‍ കഴിച്ചിട്ടില്ല. ആവശ്യത്തിനുകഴിച്ചതിനുശേഷം ബാക്കി വരുന്ന മീനെല്ലാം ഫ്രീസറില്‍ സൂക്ഷിക്കുകയും, ബോട്ടെപ്പോഴെങ്കിലും കരയ്ക്കടുക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യും. അതാണ് ആല്‍ബര്‍ട്ടിന്റെ പതിവ്. സമയം കിട്ടുമ്പോഴെല്ലാം ജോണും മീന്‍ പിടിക്കാന്‍ കൂടും.

ജോലിയും, ബോട്ടിലെ താമസവും, മീന്‍തീറ്റയുമെല്ലാമായി 6 ദിവസം കഴിഞ്ഞു. അന്ന് ജോണ്‍ പതിവിനുവിപരീതമായി അസ്വസ്ഥനായിട്ടാണ് കാണപ്പെട്ടത്. മെസ്സ്‌ റൂമിലിരുന്ന് ടി.വി.കാണുകയായിരുന്ന ആരോടോ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞ്  ചൂടായി. സാധാരണ ഞങ്ങളാരെങ്കിലും ഹിന്ദി സിനിമയോ മറ്റോ കാണുമ്പോൾ, ഗാനരംഗങ്ങളില്‍ നായകന്‍ കാണിക്കുന്ന ചേഷ്ടകള്‍ കാണിച്ച് താമാശയാക്കാറുണ്ടായിരുന്ന ജോണാണ്  ചൂടായതെന്നു്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ജോലിസ്ഥലത്തും സാധാരണ കാണാറുള്ള ജോണിനെയല്ല കണ്ടതു്‌. വൈകുന്നേരമായപ്പോളേക്കും കുറച്ച് ശാന്തനായെന്നു തോന്നി. മെസ്സ്‌ റൂമിലിരുന്ന് ചായകുടിക്കുമ്പോള്‍ കുറെ വീട്ടുകാര്യങ്ങള്‍ സംസാരിച്ചു. മകന്റെ പഠിപ്പിനെക്കുറിച്ചു്‌ ഒരുപാട് വ്യാകുലനാണെന്ന് മനസ്സിലായി.

രാത്രി ഭക്ഷണം കഴിഞ്ഞ് ടി.വി.യുടെ മുന്‍പിലിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ ബാല വന്നു വിളിച്ചു.
" മനോജ്‌ പെട്ടെന്ന് വരൂ. ജോണിന് നല്ല സുഖമില്ലെന്ന് തോന്നുന്നു."

ബോട്ടിന്റെ രണ്ടാമത്തെ ഡെക്കിലുള്ള റിക്രിയേഷന്‍ റൂമില്‍ ചെന്നപ്പോള്‍ സോഫയില്‍ തളര്‍ന്നവശനായപോലെ ജോണിരിക്കുന്നു. നന്നായി വിയര്‍ക്കുന്നുമുണ്ട്.

ഇടത്തേ കൈ നല്ല വേദനയുമുണ്ടത്രെ. ഒരു കാര്‍ഡിയാൿ പ്രോബ്ളത്തിന്റെ എല്ലാ ലക്ഷണവുമാണ് കാണിക്കുന്നതെന്ന് ക്യാപ്റ്റന്‍ എന്നോടു്‌ അടക്കം പറഞ്ഞു. തൊട്ടടുത്ത്‌ എവിടെയോ ഉള്ള ഒരു ഓഫ്ഷോര്‍ റിഗ്ഗില്‍ ഡോക്ടറുണ്ട്. ബോട്ട് അങ്ങോട്ട് നീക്കാനുള്ള തയ്യാറെടുപ്പിലാണ് ബാല. അപ്പോഴേക്കും വിവരമറിഞ്ഞ് ബോട്ടിലുള്ള എല്ലാവരും മുറിയില്‍ തടിച്ചുകൂടി. എല്ലാവരോടും വെളിയില്‍പ്പോകാന്‍ ആംഗ്യം കാണിച്ചു ജോൺ. വളരെ പതിഞ്ഞ ശബ്ദത്തില്‍ എന്നോടവിടെയിരിക്കാന്‍ പറയുകയും ചെയ്തു. സംസാരിക്കുമ്പോള്‍ ശരിക്കും വേദന കൂടുന്നുണ്ടെന്ന് മനസ്സിലായി. ഒരു ഹൃദയാഘാതത്തിന്റെ തുടക്കമാണെന്ന് ജോണിനും മനസ്സിലായിരിക്കുന്നെന്ന് തോന്നി.

ജീവിതത്തില്‍ ഒരിക്കലും ഇതുപോലത്തൊരു വിഷമഘട്ടത്തില്‍ ചെന്നുപെട്ടിട്ടില്ലാത്തതുകൊണ്ട് അസ്തപ്രജ്ഞനായി, ജോണിന്റെ അരികിൽ, ഒരാശ്വാസവാക്കുപോലും പറയാനാകാതെ ഞാനിരുന്നു. ബാല ഇടയ്ക്കിടയ്ക്കു്‌ വന്നു നോക്കിയും, പോയുമിരുന്നു. ബോട്ടിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, ഈ ബോട്ടിന് വേഗത കുറവായതുകാരണം, റിഗ്ഗില്‍ നിന്നും മറ്റൊരു സ്പീഡ്‌ ബോട്ട് ഇങ്ങോട്ട് വരുത്താനുള്ള എര്‍പ്പാടു ചെയ്തിരിക്കുന്നു ക്യാപ്റ്റന്‍. ബോട്ടുകള്‍ തമ്മില്‍ കണ്ടുമുട്ടുന്നിടത്തുവച്ച്‌ ജോണിനെ സ്പീഡ്‌ ബോട്ടിലേക്കു്‌ മാറ്റാനാണ് ബാലയുടെ പദ്ധതി. ഒരു നിമിഷംപോലും പാഴാക്കാനാവില്ലെന്ന് മനസ്സിലാക്കിയിട്ടാണ് ബാലയുടെ ഈ സന്തര്‍ഭോചിതമായ നടപടി.

അഞ്ചുമിനിട്ടിനകം സ്പീഡ്‌ ബോട്ടെത്തി. ഈയവസരത്തില്‍ ജോണ്‍ എഴുന്നേറ്റുനടക്കുന്നതു്‌ നന്നെല്ലെന്നുള്ളതുകൊണ്ട്, ജോണിനെ ഒരു കസേരയിലിരുത്തി, അതടക്കം പൊക്കി ഞങ്ങള്‍ സ്പീഡ്‌ ബോട്ടിലേക്കു കൈമാറി. ഇനി കുഴപ്പമില്ല. താമസിയാതെ ജോണ്‍ ഡോക്ടറുടെ അടുത്തെത്തും. റിഗ്ഗില്‍ ഒരു "മെഡിൿ ചോപ്പര്‍ " ഉണ്ടെന്നു്‌ വിവരം കിട്ടിയിട്ടുണ്ട്. ഓഫ്ഷോറിലും മറ്റും ഇതുപോലുള്ള അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സുപോലെ ഉപയോഗിക്കുന്ന ഹെലിക്കോപ്റ്ററിനെയാണ് മെഡിൿ ചോപ്പർ എന്ന് വിളിക്കുന്നതു്‌. അടുത്ത അരമണിക്കൂറിനകം ജോണ്‍ എതെങ്കിലും ആശുപത്രിയിലെത്തും. പിന്നെ രക്ഷപ്പെട്ടു.

സ്പീഡ്‌ ബോട്ട്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍ ചെറുതായിട്ടൊന്ന് ചിരിച്ചപോലെ തോന്നി. നന്ദി പ്രകടനമോ, യാത്രപറച്ചിലോ എന്നു തെളിച്ചുപറയാന്‍ പറ്റാത്തൊരു ഭാവം മുഖത്തുകണ്ടു. സ്പീഡ്‌ ബോട്ടിന്റെ വെളിച്ചം അകന്നകന്നുപോയ്ക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ്, ജോണ്‍ സുരക്ഷിതമായി റിഗ്ഗിലെത്തിയെന്ന് റേഡിയോ മെസ്സേജ്‌ കിട്ടിയതായി ബാല വന്നുപറഞ്ഞപ്പോള്‍ കുറെ ആശ്വാസമായി. എങ്കിലും, അന്നു രാത്രി കടല്‍ കൂടുതല്‍ ഇളകിയിരുന്നതുകൊണ്ടാണോ, മനസ്സു ശാന്തമല്ലാത്തതുകൊണ്ടാണോ തീരെ ഉറങ്ങാന്‍ പറ്റിയില്ല.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ്, ബാലയുടെ ക്യാബിനിലെത്തി. ബാലയുടെ മുഖത്തു തീരെ സന്തോഷമില്ല. കണ്‍കോണിലെവിടെയോ ഒരു നനവുള്ളതുപോലെ.

"എന്തുപറ്റി ബാല ?" എനിക്കു്‌ ചോദിക്കാതിരിക്കാന്‍ പറ്റിയില്ല.

ഒരു ചെറിയ നിശ്ശബ്ദതയ്ക്കുശേഷം, കണ്‌ഠമിടറിക്കൊണ്ടു്‌ ബാലയുടെ ശബ്ദം പുറത്തുവന്നു.

"ജോണ്‍ മരിച്ചു"

കണ്ണിലിരുട്ടുകയറി. ബോട്ടോടുകൂടി കടലിന്നടിയിലേക്കു്‌ താഴ്ന്നുപോകുന്നപോലെ.
ജോണ്‍ മരിച്ചെന്നോ? എപ്പോൾ? എവിടെവെച്ച് ?

ബാലയിപ്പോള്‍ രോഷംകൊണ്ടു്‌ ജ്വലിക്കുകയാണ്. നമ്മളീ പാടുപെട്ട് ജോണിനെ റിഗ്ഗിലെത്തിച്ചിട്ടെന്തായി? ഗ്യാസ്‌ പ്രോബ്ളമായിരിക്കുമെന്ന് പറഞ്ഞ്‌ ഡോക്ടര്‍ ജോണിനെ കാര്യമായെടുത്തില്ല. നേരം വെളുക്കുന്നതുവരെ വേദനകടിച്ചുപിടിച്ചുകിടന്ന ജോണിനെ, രാവിലെ മാത്രമാണ് മെഡിൿ ചോപ്പറില്‍ കയറ്റി കരയിലേക്കു്‌ കൊണ്ടുപോകാന്‍ തീരുമാനമായത്.

എന്നിട്ടും ജോണിന് ഹെലിക്കോപ്പ്‌റ്ററിലേക്കു്‌ സ്വയം നടന്നുകയറേണ്ടി വന്നു. ഇല്ല, കയറിയില്ല. അതിനുമുന്‍പ് കുഴഞ്ഞ് നിലത്തുവീണു. ഒരു ജീവിതമാണാ ഡോക്ടറുകാരണം തുലഞ്ഞത്. ബാല തമിഴിലെന്തൊക്കെയോ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു.

ഞാനതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എന്റെ ചിന്തകള്‍ മറ്റൊരു വഴിക്കാണ് നീങ്ങിക്കൊണ്ടിരുന്നതു്‌. പ്രോട്ടോകോള്‍ പ്രകാരം, അന്നവിടെ ആ ബോട്ടില്‍ ഉണ്ടായിരുന്ന എറ്റവും ഉയര്‍ന്നയാളായിരുന്നു ജോൺ. അങ്ങിനെയൊരാളും, വെള്ളക്കാരനുമായ ജോണിന്റെ അവസ്ഥ ഇതായിരുന്നെങ്കിൽ, തൊലികറുത്തവരായ ഞങ്ങളെപ്പോലുള്ളവരുടെ സ്ഥിതി എന്തായിരിക്കും. ആലോചിക്കാന്‍പോലും ആവുന്നില്ല.

അടുത്ത പത്തുദിവസംകൂടെ തള്ളിനീക്കിയതെങ്ങിനെയാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ജോലിയെല്ലാം തീര്‍ത്തു്‌ ദുബായിയില്‍ മടങ്ങിയെത്തിയപ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടുകിടന്നിരുന്നവനെ, വെറുതെ വിട്ടതുപോലുള്ള സന്തോഷമായിരുന്നു.

അകന്നുപോകുന്ന സ്പീഡ്‌ ബോട്ടിലിരുന്ന് ഞങ്ങളെത്തന്നെ നോക്കുന്ന, ജോണിന്റെ മുഖം മാത്രം ഒരു നൊമ്പരമായി ഇപ്പോഴും മനസ്സിലവശേഷിക്കുന്നു.

Friday 16 November 2007

എ.കെ.47





ചെറുപ്പത്തില്‍ കളിത്തോക്കുകള്‍ സ്വന്തമായിട്ടില്ലാത്ത കുട്ടികള്‍ ഈ തലമുറയില്‍ വിരളമായിരിക്കും, പ്രത്യേകിച്ച്‌ ആണ്‍കുട്ടികള്‍. എന്റെ തലമുറയില്‍ ഏതായാലും, കളിത്തോക്കില്ലാതിരുന്ന കുട്ടികള്‍ ഒരുപാടുണ്ടാകും, ഞാനടക്കം. എനിക്കു്‌ കളിപ്പാട്ടങ്ങള്‍ തന്നെ ഇല്ലായിരുന്നു.

അതിന്റെയെല്ലാം വിഷമം തീര്‍ത്തുകൊണ്ടു്‌, ഒരിക്കല്‍ ശരിക്കുള്ള തോക്കുതന്നെ ഉപയോഗിക്കാന്‍ അവസരം കിട്ടി.(2002 സെപ്റ്റംബര്‍ മാസത്തിലാണു്‌ സംഭവം. തീയതി ഓര്‍മ്മയില്ല.)

അതും സാധാരണ തോക്കൊന്നുമല്ല്ല. റഷ്യക്കാരന്‍ മിഖായെല്‍ കലാഷ്ണിക്കോവ്‌ ഡിസൈന്‍ ചെയ്തതും, മറ്റേതൊരു അസള്‍ട്ട്‌ റൈഫിളിനേക്കാള്‍ക്കൂടുതലായി ഇപ്പോഴും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതുമായ, സാക്ഷാല്‍ അവ്ട്ടോമാറ്റ്‌ കലാഷ്ണിക്കോവ്‌ എന്ന എ.കെ.-47 തന്നെ.

സുരേഷ് ഗോപിയുടെ ഒരു ആക്ഷന്‍ സിനിമയില്‍, എന്‍.എഫ്. വര്‍ഗ്ഗീസ്സ്‌ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം, ഒരു ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി കൈയ്യില്‍ക്കിട്ടുന്ന എ.കെ.-47 എടുത്ത്‌, ആര്‍ത്തിയോടെ ആകാശത്തേക്ക്‌ നിറയൊഴിക്കുന്ന ഒരു രംഗം, രോമാഞ്ചത്തോടെയാണ്‌ കണ്ടിരുന്നിട്ടുള്ളത്‌.

തോക്കുകളുടെ കൂട്ടത്തിലെ ആ കില്ലാടിയെയാണ്‌ നേരിട്ട്‌കാണാനും, തൊടാനും, പിന്നെ വലത്തെ തോളില്‍ പാത്തി ചേര്‍ത്തുവെച്ച്‌ നിറയൊഴിക്കാനും കഴിഞ്ഞതെന്നോര്‍ക്കുമ്പോള്‍, ഇപ്പോഴും കുളിരുകോരിയിടുന്നു. കുറച്ചൊന്നുമല്ല. ഒന്നൊന്നര ടണ്‍ കുളിരു്‌.

എണ്ണപ്പാടത്തെ ജോലിസംബന്ധിച്ച്‌ 'യമന്‍' എന്ന രാജ്യത്ത്‌ ആദ്യമായി പോയതു്‌ 2002 സെപ്റ്റംബറിലാണ്‌. യമന്റെ തലസ്ഥാനമായ 'സന' യില്‍ ഹോട്ടല്‍മുറിയിലാണ്‌ ആദ്യത്തെദിവസം താമസിച്ചത്‌. അടുത്തദിവസം മാരിബ്ബ്‌ വഴി സാഫിര്‍ എന്ന സ്ഥലത്തേക്ക്‌ പോകണം. 'കാല്‍വാലി സൈപ്രസ്‌ ' എന്നു പേരുള്ള ഒരു വിദേശകമ്പനിയുടെ ഓണ്‍ഷോര്‍ റിഗ്ഗിലേക്കാണ്‌ യാത്ര. കമ്പനിയുടെ പ്രതിനിധി കൂട്ടിക്കൊണ്ടുപോകാന്‍ ഹോട്ടലില്‍ വരുമെന്നാണ്‌ കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. രാവിലെതന്നെ കുളിച്ച്‌ കുട്ടപ്പനായി യാത്രയ്ക്കുവേണ്ടി തയ്യാറായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ മുറിയിലെ ഫോണ്‍ ചിലച്ചു. റിസപ്‌ഷനില്‍നിന്നാണ്‌. കൂട്ടിക്കോണ്ടുപോകാനുള്ള ആള്‍ വന്നിരിക്കുന്നു. ബാഗുമെടുത്ത്‌ താഴെ റിസപ്‌ഷനില്‍ച്ചെന്നപ്പോളതാ കമ്പനിയുടെ പ്രതിനിധി കാത്തുനില്‍ക്കുന്നു. അഞ്ചരയടിപ്പൊക്കവും, അതുനുതക്കവണ്ണവുമുള്ള ഒരു അരോഗദൃഢഗാത്രന്‍.

പണ്ട്‌ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇട്ടിരുന്ന മാക്സി പോലുള്ള ഒന്നാണ്‌ വേഷം. കണങ്കാലിനു മുകളില്‍വരെ ഇറക്കം കാണും. ചെറിയ ചെറിയ, ചുവപ്പും, വെളുപ്പും കള്ളികളുള്ള തുണികൊണ്ട്‌ തലയില്‍ക്കെട്ടിയിരിക്കുന്നു. മുഖത്ത്‌ വലത്തേക്കവിളില്‍ സാമാന്യം വലിയ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ തേനീച്ച കുത്തിയതുപോലുള്ള ഒരു മുഴ. മാക്സിയെ രണ്ടായി വിഭജിച്ചുകൊണ്ട്‌ അരയില്‍ ഇറച്ചിവെട്ടുകാരന്‍ അദ്രുമാന്‍ കെട്ടുന്നതുപോലുള്ള നാലിഞ്ച്‌ വീതിയുള്ള ബെല്‍റ്റ്‌. ഈ ബെല്‍റ്റില്‍ ഒരു വശത്ത്‌ മൊബൈല്‍ ഫോണ്‍ ഒന്ന്‌ തൂക്കിയിട്ടിരിക്കുന്നു. മദ്ധ്യഭാഗത്ത്‌ ഒരടിയോളം നീളമുള്ള, അറ്റംവളഞ്ഞതും, ചിത്രപ്പണികള്‍ചെയ്ത തുകലുറയുള്ളതുമായ, മരത്തിന്റെ പിടിയുള്ള ഒരു കത്തി. നിറയെകൊത്തുപണികളുള്ള ഈ മരപ്പിടി നെഞ്ചൊപ്പം ഉയര്‍ന്നുനില്‍ക്കുന്നു.

ബെല്‍റ്റിന്റെ മറുവശം കണ്ടപ്പോള്‍ അന്തപ്രാണന്‍കത്തി. മൊബൈല്‍ഫോണ്‍ തൂങ്ങിക്കിടക്കുന്നതിനേക്കാള്‍ ലാഘവത്തോടെ ഞാന്നുകിടക്കുന്നു ഒന്നാന്തരമൊരു കൈത്തോക്ക്‌.

എന്റമ്മേ...

ഈ പഹയന്‍ എന്നെ റിഗ്ഗിലേക്ക്‌ ‌കൊണ്ടുപോകാന്‍ വന്നതാണോ, അതോ തട്ടിക്കൊണ്ടുപോയി വിലപേശാനുള്ള പരിപാടിയാണോ? എന്തായാലും രണ്ടിലൊന്ന്‌ അറിഞ്ഞിട്ടുമതി എവന്റെകൂടെയുള്ള യാത്ര.

റിസപ്‌ഷനിസ്റ്റിനോട്‌ ചെന്ന്‌ കാര്യം ചോദിച്ചു. ഈ യമകിങ്കരന്‍തന്നെയാണോ എന്നെ കെട്ടിയെടുക്കാന്‍വന്നിരിക്കുന്നതു്‌ ? എവന്റെ നെഞ്ചത്തെന്താ കത്തിയും, കൃപാണും, തോക്കുമെല്ലാം തൂക്കിയിട്ടിരിക്കുന്നതു്‌ ? തോക്കിലിടാനുള്ള ഉണ്ടയാണോ ഇവന്റെ വലത്തേക്കവിളില്‍ മുഴച്ചിരിക്കുന്നത്‌ ?

റിസപ്‌ഷനിസ്റ്റ്‌ ഒരു ചെറുചിരിയോടെ അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യം മനസ്സിലാക്കിത്തന്നു. യമന്‍ മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര വിദേശികള്‍ക്കുമാത്രമല്ല, തദ്ദേശവാസികള്‍ക്കുപോലും അത്ര അഭികാമ്യമല്ല. മരുഭൂമിയിലെ സ്ഥിരതാമസക്കാരായ " ബദു" എന്ന ഓമനപ്പേരിലറിയപ്പെടുന്ന മിടുക്കന്മാര്‍, കത്തിയോ, തോക്കോ കാണിച്ച്‌, നിങ്ങള്‍ ‍സഞ്ചരിക്കുന്ന വാഹനവും, പിന്നെ, അടിവസ്ത്രമടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും അടിച്ചുമാറ്റിക്കളയും. എതിര്‍ക്കാന്‍ നിന്നാലോ, അടിവസ്ത്രം ഊരാന്‍ അമാന്തം കാണിച്ചാലോ, ബദു ചേകവന്മാര്‍, ചുരികത്തലപ്പുകൊണ്ടോ, വെടിയുണ്ടകൊണ്ടോ കണക്കുതീര്‍ക്കും.

പിന്നെ, ഈ വന്നിരിക്കുന്നവന്റെ വായില്‍ക്കിടക്കുന്നതു്‌ വെടിയുണ്ടയൊന്നുമല്ല. അതു്‌ ഞങ്ങള്‍ യമനികള്‍ ഒരു നേരംപോക്കിനുവേണ്ടി ചവയ്ക്കുന്ന ഗാട്ടെന്നുവിളിക്കുന്ന ഒരുതരം ഇലയുടെ ചണ്ടിയാണ്‌. ഇല ചവച്ചരച്ച്‌ നീരുകുടിച്ചശേഷം ചണ്ടി കവിളില്‍ത്തന്നെ സൂക്ഷിക്കും, രാത്രി കിടക്കാന്‍ ‍പോകുന്നതിനുമുന്‍പ് എപ്പോളെങ്കിലും തുപ്പിക്കളഞ്ഞാലായി.

ഈ ‍ വന്നിരിക്കുന്ന ഗാട്ടുതീറ്റക്കാരന്‍ നിന്റെ വഴികാട്ടിയും, ഡ്രൈവറും, ബോഡിഗാര്‍ഡും കൂടെയാണ്‌. 3 ഇന്‍ 1. എന്‍ജോയ്‌ യുവര്‍സെല്‍ഫ്‌.

അന്തോണീസുണ്യാളാ...... ചതിച്ചല്ലോ. ഇത്രയും പുലിവാലുള്ള ഈ ദുനിയാവിലേക്കാണോ പണിക്കാണെന്നും പറഞ്ഞ്‌ അബുദാബിയില്‍നിന്നും കേറ്റിവിട്ടതു്‌ !!!

എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനില്‍ക്കുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ വണ്ടിക്കകത്തുകയറി ഇരുന്നു. വരുന്നിടത്തുവെച്ചുകാണാം. അത്രതന്നെ.

3 ഇന്‍ 1 ന്റെ പേര്‌ ചോദിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോളാണ്‌ ഒരു കാര്യം മനസ്സിലായത്‌. അറബിയല്ലാതെ മറ്റൊരു ഭാഷയും ട്യൂണാകുന്നില്ല. ഇപ്പൊ മുഴുവനായി. കൂനിന്മേല്‍ കുരു, അതിന്റെ മുകളില്‍ ചൊറി, എന്നു പറഞ്ഞപോലെ. വള്ളത്തോള്‍ നഗറിലും, കലാമണ്ഡലത്തിലുമുള്ള സകല കലാകാരന്മാരെയും മനസ്സില്‍ധ്യാനിച്ചുകൊണ്ടുള്ള ഒരു പ്രകടനമായിരുന്നു അവിടന്നങ്ങോട്ട്‌.

പേരു്‌ പ്രവാചകന്റേതുതന്നെ. മൊഹമ്മദ്‌. അതില്‍ക്കൂടുതലൊന്നും അറിഞ്ഞിട്ട്‌ പ്രത്യേകിച്ച്‌ പ്രയോജനം ഉണ്ടെന്നുതോന്നാഞ്ഞതുകൊണ്ട്‌ ആട്ടക്കഥയ്ക്കു്‌ താല്‍ക്കാലിക വിരാമമിട്ടു. അന്യായവേഗതയിലാണു്‌ വണ്ടി ഓടിക്കൊണ്ടിരിക്കുന്നതു്‌. 100 കിലോമീറ്ററില്‍ താഴെ വേഗതയില്‍ ഓട്ടിക്കുന്നത്‌ ഈ രാജ്യത്തു്‌ ക്രിമിനല്‍ക്കുറ്റമോ മറ്റോ ആണോ? ആര്‍ക്കറിയാം? ആരോട് ‌ചോദിക്കാനാണ്‌ ?

10 മിനിറ്റോളം യാത്രചെയ്തുകാണും. ചെക്ക്‌പോസ്റ്റ്‌ പോലുള്ള ഒരിടത്തുവണ്ടിനിര്‍ത്തി മൊഹമ്മദ്‌ അപ്രത്യക്ഷനാകുന്നു. ഒന്നുരണ്ട്‌ പട്ടാളക്കാര്‍ വണ്ടി വളഞ്ഞ്‌ , അറബിയിലെന്തോ ചോദിച്ചു. എനിക്കെന്തുമനസ്സിലാകാനാ? അവന്മാരിനി മലയാളത്തില്‍ച്ചോദിച്ചാലും എനിക്കു്‌ മനസ്സിലാക്കാന്‍ പറ്റില്ല. എല്ലാവര്‍ക്കും ഏതെങ്കിലുമൊരു കവിളില്‍ ഗാട്ട്‌ മുഴയുണ്ട്‌. അതിനുള്ളില്‍ക്കൂടെ ഒരു ഭാഷയും നേരെ ചൊവ്വെ പുറത്തുവരുമെന്ന്‌ എനിക്കു്‌ തോന്നിയില്ല.

അതിനിടയില്‍ ഒരു പട്ടാളക്കാരന്‍ വണ്ടിയിലേക്ക്‌ കൈയിട്ട്‌ ഡാഷ്‌ബോര്‍ഡില്‍നിന്നും ഒരു കടലാസ്സ്‌ വലിച്ചെടുത്തു. എന്നെത്തട്ടിക്കളയാനുള്ള വാറണ്ടൊ മറ്റോ ആണോ പടച്ചോനേ!! രണ്ടുപേരും അറബിയിലെന്തോ പിറുപിറുത്തു. ആര്‌ തട്ടണമെന്നു്‌ തീരുമാനിക്കുകയായിരിക്കും. പെട്ടെന്നതാ ഒരു പട്ടാളക്കാരന്‍ എന്റെ നേരെ കൈ നീട്ടുന്നു, പിടിച്ച് കുലുക്കുന്നു.

"അസ്സലാമാലൈക്കും".

ഒട്ടും താമസിയാതെ മറുപടി കൊടുത്തു.
"വാ അലൈക്കും ഉസലാം"
(നാടോടിക്കാറ്റ്‌ സിനിമയിലെ ഗഫൂര്‍ക്കയ്ക്കു്‌ നന്ദി. ഇപ്പറഞ്ഞ മറുപടി പഠിപ്പിച്ചുതന്നതു്‌ അങ്ങോരാണല്ലോ.)

"ആദാ ഹിന്ദി ? " ദേ വരുന്നു അടുത്ത ചോദ്യം.

"ആദാ ആദാ...." എന്നു മറുപടിയും കൊടുത്തു.

അപ്പോളേക്കുമതാ എവിടെനിന്നോ മൊഹമ്മദ്‌ പ്രത്യക്ഷപ്പെടുന്നു. ദുഷ്ടാ...എന്നെക്കൊല‌യ്ക്ക് കൊടുത്തിട്ട്‌ എവിടെപ്പോയിക്കിടക്കുവായിരുന്നു?

വണ്ടിയില്‍നിന്നെടുത്ത മരണവാറണ്ട്‌ മൊഹമ്മദിന്‌ തിരിച്ചുകൊടുത്തുകൊണ്ട് രണ്ടാമത്തെ പട്ടാളക്കാരന്റെ കല്‍പ്പന വരുന്നു. " യാ അള്ളാ റോഹ്‌ "

പടച്ചോന്‍ കാത്തു. കൊല്ലുന്നില്ലെന്ന്‌ തോന്നുന്നു. മുഹമ്മദ്‌, ഡ്രൈവര്‍ സീറ്റില്‍ക്കയറിയിരുന്ന്‌ ഡോറടച്ചു. അതിനുശേഷമായിരുന്നു ത്രില്ലടിപ്പിക്കുന്ന ആ രംഗം.

തന്റെ വലത്തെത്തോളില്‍ത്തൂക്കിയിട്ടിരുന്ന എന്തോ ഒന്നെടുത്ത്‌ ഞങ്ങളുടെ രണ്ടുപേരുടേയും സീറ്റിനിടയിലുള്ള ഗ്യാപ്പില്‍ സ്ഥാപിക്കുന്നു കക്ഷി. അതു്‌ മറ്റൊന്നുമല്ല. കഥാനായകന്‍ എ.കെ.- 47 തന്നെ. മാഗസ്സീനെന്നൊ, കാട്ട്റിഡ്‌ജെന്നോ വിളിക്കുന്ന സാധനം വേര്‍പെടുത്തി ഡാഷിനകത്തു്‌ വെക്കുന്നു. ഞാനെന്താണീക്കാണുന്നത്‌. കണ്ണുകളെ വിശ്വസിക്കണോ? വേണ്ടയോ? നിര്‍ന്നിമേഷനായി അതിനെത്തന്നെ നോക്കിയിരുന്നു, കുറെയധികംനേരം.

ഇവനെപ്പറ്റി കുറെയധികം സംശയങ്ങളുണ്ട്‌.
എന്തുവില വരും?
എത്ര റേഞ്ച്‌ കിട്ടും?
എത്ര റൌണ്ട്‌ വെടിവെക്കാം?
ഒരുണ്ടയ്ക്കു്‌ എന്തുവില വരും?
നിങ്ങള്‍ക്കിതെവിടെനിന്ന്‌ കിട്ടുന്നു?
ഇതെടുത്ത്‌ എപ്പോഴെങ്കിലും പ്രയോഗിക്കേണ്ടിവന്നിട്ടുണ്ടോ?
ഉണ്ടെങ്കില്‍ എത്രപേരെ ഇതുവരെ അവസാനിപ്പിച്ചിട്ടുണ്ട്‌ ?

അങ്ങിനെ പോകുന്നു സംശയങ്ങളുടെ കൂമ്പാരം. പക്ഷെ മൊഹമ്മദിനോടെങ്ങിനെ ചോദിക്കും?അതിനുംവേണ്ടിയുള്ള കഥകളിയൊന്നും എനിക്കറിയില്ല. വണ്ടി വീണ്ടും കുതിച്ചുപാഞ്ഞു. ഞാനെന്റെ സംശയങ്ങളുമായി മനസ്സില്‍ മല്ലടിച്ചു. ഉച്ചയ്ക്കു്‌ ഒരു മണിയായിക്കാണും. ഭക്ഷണം കഴിക്കാന്‍വേണ്ടിയായിരിക്കണം, വണ്ടി സൈഡായി. റസ്റ്റോറന്‍ഡ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. നമ്മുടെ നാട്ടിലെ ഏറ്റവും തല്ലിപ്പൊളി ധാബകളേക്കാളും ദാരിദ്ര്യംപിടിച്ച ഒരു കൂര. ഒറ്റ നോട്ടത്തില്‍ത്തന്നെ മനംമടുക്കും. പക്ഷെ ആ ഏരിയായിലെങ്ങും ഇതിനേക്കാള്‍ ബെസ്റ്റ്‌ ഭക്ഷണം കിട്ടുന്ന വേറൊരു സ്ഥലം ഉണ്ടെന്നുതോന്നുന്നില്ല. വിശന്നിട്ടുവയ്യ. എന്തെങ്കിലുമാകട്ടെ. കിട്ടുന്നതു്‌ വെട്ടിവിഴുങ്ങാം.

മൊഹമ്മദ്‌ എ.കെ. - 47 നും എടുത്ത്‌, നിലത്തുവിരിച്ചിരുന്ന പായപോലുള്ള ഒന്നില്‍ ഇരിപ്പായി. മേശയും, കസേരയും, ഒന്നുമില്ല. എല്ലാവരും നിലത്തുതന്നെയാണ്‌ ഇരിപ്പ്‌. നാലും അഞ്ചുംപേര്‍ വളഞ്ഞിരുന്ന്‌ വലിയ തളികപോലുള്ള പാത്രത്തില്‍നിന്ന്‌ വാരിവിഴുങ്ങുന്നു. വേറെ വേറെ പാത്രത്തിലൊന്നും തിന്നാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. ഒരു പാത്രത്തില്‍ ഉണ്ട്‌, ഒരു പായയില്‍ ഉറങ്ങിയെന്നൊക്കെ പറയുന്നത്‌ ഇവരെപ്പറ്റിയായിരിക്കും!

പാക്കിസ്ഥാനികളുണ്ടാക്കുന്നപോലുള്ള വലിയ റൊട്ടിയും, മട്ടന്‍ ബിരിയാണിയും, ജീവിതത്തിലിതുവരെ കാണാത്തൊരു വെജിറ്റബിള്‍ കറിയും കൊണ്ടുവന്നുവച്ചു, മറ്റൊരു മാക്സിക്കാരന്‍. മാക്സി വെള്ളംകണ്ടിട്ടൊരു സെമസ്റ്ററെങ്കിലുമായിക്കാണും. വെജിറ്റബിള്‍ക്കറിയൊഴിച്ച്‌ ബാക്കിയെല്ലാം ഒറ്റപ്പാത്രത്തില്‍ത്തന്നെ. നാലാള്‍ക്കുള്ള ഭക്ഷണമെങ്കിലും കാണും.

മൊഹമ്മദ്‌ തലങ്ങും വിലങ്ങും നോക്കാതെ അറഞ്ഞുകയറ്റിത്തുടങ്ങി. അതിനിടയില്‍ റൊട്ടിപിടിച്ചുനോക്കി മുഷിഞ്ഞ മാക്സിക്കാരനോടെന്തോ പറഞ്ഞു . അയാളും റൊട്ടിയിലാകെ പിടിച്ചുനോക്കിയശേഷം അതെടുത്തുകൊണ്ടുപോയി, പകരം വേറൊന്ന്‌ കൊണ്ടുവന്നിട്ടു. ഈ വന്ന റൊട്ടിയിലും എത്ര യമനികള്‍ പിടിച്ച്‌ പരിശോധന നടത്തിക്കാണുമെന്നാര്‍ക്കറിയാം? അതുകൊണ്ട്‌ റൊട്ടി തിന്നണ്ടെന്നു്‌ തീരുമാനിച്ചു. മൊഹമ്മദ്‌ കൈയിട്ട്‌ കൂട്ടിക്കുഴക്കാത്തഭാഗംനോക്കി, ജീവന്‍ കിടക്കാന്‍ വേണ്ടിമാത്രം, കുറച്ച്‌ ബിരിയാണിയുടെ ചോറ്‌ തിന്നു. പെട്ടെന്നെഴുന്നേറ്റ്‌ കൈകഴുകിവന്നപ്പോള്‍ മൊഹമ്മദെന്തോ അറബിയില്‍ ചോദിച്ചു. വിശപ്പ്‌ മാറിയോ? ഭക്ഷണം ഇഷ്ടപ്പെട്ടില്ലെ? അങ്ങിനെയെന്തെങ്കിലുമായിരിക്കും. വയറുനിറഞ്ഞെന്ന്‌ ആംഗ്യം കാണിച്ചു. ഇഷ്ടന്‍ വീണ്ടും ഭോജനപ്രക്രിയ തുടര്‍ന്നു. ഞാന്‍ പായയില്‍ക്കിടക്കുന്ന എ.കെ.- 47നേയും നോക്കിക്കൊണ്ട്‌ അവിടെത്തന്നെയിരുന്നു. ഇച്ചങ്ങാതി ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ കഥാനായകനെയെടുത്തൊന്ന്‌ താലോലിക്കണമെന്നും, അവന്റെ തൂക്കം നോക്കണമെന്നുമൊക്കെ മനസ്സിലാഗ്രഹമുണ്ടായിരുന്നെങ്കിലും മൊഹമ്മതെങ്ങിനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ട്‌ ആ ആശ മനസ്സില്‍ത്തന്നെ അടക്കം ചെയ്തു.

ഭക്ഷണത്തിനുശേഷം വീണ്ടും 4 മണിക്കൂര്‍ യാത്ര. തോക്കു്‌ എന്റെ കൈയെത്തുംദൂരെത്തന്നെയുണ്ട്‌. ഇപ്രാവശ്യം വരുന്നതുവരട്ടെയെന്നുകരുതി, മൊഹമ്മദ്‌ കാണ്‍കെത്തന്നെ ഞാനവനെയൊന്ന് തൊട്ടുതലോടി. മൊഹമ്മദൊന്നും പറഞ്ഞില്ല. എനിക്കു്‌ സന്തോഷമായി. അത്രയെങ്കിലും സാധിച്ചല്ലോ.

പത്താമത്തെയൊ മറ്റൊ ചെക്കു്‌പോസ്റ്റ്‌ കഴിഞ്ഞുകാണും. റോഡിന്റെ ഒരു വശത്ത്‌ ചെറിയൊരാള്‍ക്കൂട്ടം. വണ്ടി സൈഡാക്കി മൊഹമ്മദും അക്കൂട്ടത്തില്‍ ലയിക്കുന്നു. അവിടെ ഗാട്ട്‌ വില്‍പ്പന നടക്കുകയാണു്‌. കൂട്ടത്തിലെല്ലാവരുടേയും തോളില്‍ കഥാനായകന്‍ തൂങ്ങിക്കിടക്കുന്നുണ്ട്‌. മൊഹമ്മദ്‌ ഗാട്ട്‌ വാങ്ങിവരുമ്പോളേക്കും മറ്റൊരു കൂട്ടം ജനങ്ങള്‍ റോഡിന്റെ മറുവശത്തുനിന്നും, ഗാട്ട്‌ വില്‍പ്പനകേന്ത്രവും കടന്ന്‌ മുന്നോട്ട്‌ നീങ്ങി. എല്ലാവരും അലക്കിത്തേച്ച പുത്തന്‍ മാക്സികളാണ്‌ ധരിച്ചിരിക്കുന്നത്‌. ഒരു കല്യാണഘോഷയാത്രയാണെന്നു തോന്നുന്നു. മണവാളനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഒരു മിടുക്കനെ കൂട്ടത്തില്‍ക്കാണാം. എല്ലാവരും തോക്കുധാരികള്‍തന്നെ. പെട്ടെന്നെല്ലാവരും നില്‍ക്കുന്നു. തോക്ക്‌ തോളില്‍തിന്നുമെടുത്ത്‌ മുകളിലേക്കുയര്‍ത്തി, നമ്മുടെ നാട്ടില്‍ ചില മന്ത്രിപുംഗവന്മാര്‍ മരിച്ചാല്‍, പൊലീസുകാര്‍ കൊടുക്കുന്ന സെറിമോണിയല്‍ (ആചാര)വെടി പോലെ, ഒരു റൌണ്ട്‌ വെടിയുതിര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ കല്യാണപ്പാര്‍ട്ടി വരുമ്പോള്‍ പനിനീര്‌ തളിക്കുന്നതുപോലെ, ഇന്നാട്ടില്‍ ഇങ്ങനെയായിരിക്കും സ്വീകരണം. ആര്‍ക്കറിയം!?

വൈകുന്നേരമായപ്പോഴേക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. ഇതിനിടയില്‍ കുറഞ്ഞതു്‌ 20 പട്ടാളച്ചെക്ക്‌ പോസ്റ്റിലെങ്കിലും വണ്ടി നിറുത്തിയിരുന്നു. ആവശ്യത്തിന്‌ തോക്കും തിരകളും കൈയ്യിലുണ്ടോ എന്നാണ്‌ ചെക്കിങ്ങ്‌. എന്നെക്കാണുമ്പോള്‍, ഹിന്ദി, ഹിന്ദി എന്നുപറഞ്ഞ്‌ പെട്ടെന്ന്‌ കടത്തിവിട്ടിരുന്നു. (ഹിന്ദിയല്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു?ഹിന്ദി പഠിച്ചശേഷം പോയാമ്മതി ഊവെ എന്നുപറഞ്ഞ്‌ തടഞ്ഞുവെക്കുമായിരുന്നിരിക്കും !!!) ഒരുപാടു്‌ യമനികള്‍ ഹൈദരാബാദിലും മറ്റും വന്ന്‌ കല്യാണം കഴിച്ചിട്ടുണ്ടത്രേ! അതിന്റെ ഒരു സ്നേഹവും, സന്തോഷവുമാണത്രെ ഹിന്ദിക്കാരോട്‌. ഈ പട്ടാളക്കാരില്‍ ചിലരുടെയെങ്കിലും അമ്മമാര്‍ ഇന്ത്യക്കാരികളെല്ലന്നാരുകണ്ടു.

റിഗ്ഗിരിക്കുന്നതിനുചുറ്റും മൊട്ടക്കുന്നുകളാണ്‌. കുന്നെന്ന്‌ തീര്‍ത്തുപറയാന്‍പറ്റില്ല. ചെറിയ മലകള്‍ തന്നെ. റിഗ്ഗില്‍നിന്നും കുറച്ചുമാറി, ഒന്നുരണ്ടിടത്ത്‌ പട്ടാളക്കാരുടെ ടെന്‍ഡുകളുണ്ട്‌. ഞങ്ങള്‍ക്കുള്ള സെക്യൂരിറ്റിയാണ്‌.

ടെന്‍ഡിനുമുന്‍പില്‍, തുറന്ന ജീപ്പിനുമുകളില്‍, റാംബോ സിനിമയില്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ എടുത്തു പൊക്കിയിരുന്നതുപോലെയുള്ള, 5 അടി നീളവും, അതിനൊത്ത കനവുമുള്ള ഭീമാകാരനായ തോക്കൊരെണ്ണം പിടിപ്പിച്ചിരിക്കുന്നു. അതിനുകുറുകെ മാല മാലയായി കോര്‍ത്തിട്ട ബുള്ളറ്റിന്റെ ബെല്‍റ്റ്‌ തൂങ്ങിക്കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോക്കറ്റ്‌ ലോഞ്ചര്‍ ഒരെണ്ണമാണു്‌ കയറ്റിവച്ചിരിക്കുന്നതു്‌. യൂണിഫോമിലും അല്ലാതെയും ആഞ്ചാറ്‌ പട്ടാളക്കാര്‍ ഗാട്ടിന്റെ ഉണ്ടയും കവിളിലിട്ട്‌‌ കറങ്ങിനടക്കുന്നു. എണ്ണപ്പാടത്തെപ്പണിക്കാണോ, യുദ്ധക്കളത്തിലേക്കാണോ വന്നിരിക്കുന്നതെന്ന്‌ ചെറിയ സംശയം തോന്നാതിരുന്നില്ല.

ഒരാഴ്ചയോളം അവിടെ ജോലിയുണ്ടായിരുന്നു. ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോള്‍‍ ധൈര്യം സംഭരിച്ച്‌, ക്യാമറയും കൈയ്യിലെടുത്ത്‌, പട്ടാള ടെന്‍ഡുകളുടെ പരിസരത്തുക്കൂടെയൊക്കെയൊന്ന്‌ കറങ്ങിനോക്കി. കൂടുതലെന്തെങ്കിലും യുദ്ധസാമഗ്രികള്‍ കാണാന്‍പറ്റുമോ എന്നാണ്‌ ശ്രമം.

അതിനിടയില്‍ പട്ടാളക്കാരനൊരാളുടെ കണ്ണില്‍പ്പെട്ടു. ചതിച്ചോ ദൈവമേ..... ?

പക്ഷെ പ്രതീക്ഷിച്ചതിനുവിപരീതമായി, ഹാര്‍ദ്ദവമായ സ്വീകരണമാണ്‌ കിട്ടിയതു്‌. ടെന്‍ഡിനകത്തുവിളിച്ചിരുത്തി, ചെറിയ ഒരു ഗ്ലാസ്സില്‍ ''കാവ" തന്നു. എന്തൊക്കെയോ അറബിയില്‍പ്പറഞ്ഞു. ഹിന്ദി എന്നു പറയുമ്പോള്‍ മാത്രം, ഞാന്‍ " ആദ ആദ" എന്നുപറഞ്ഞുകൊണ്ടിരുന്നു. ക്യാമറ പുറത്തെടുത്ത്‌‌, ആംഗ്യം കാണിച്ചപ്പോള്‍ കൂടെനിന്ന്‌ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചു, അറ്റന്‍‍ഷനില്‍ത്തന്നെ. ഇതിനിടയില്‍ തോക്കൊന്ന്‌ കൈയ്യില്‍ക്കിട്ടാന്‍ ഒരു ശ്രമം നടത്തിനോക്കി. ആ ശ്രമവും ഫലിച്ചു. അങ്ങിനെ ഞാന്‍ ആദ്യമായി എ.കെ. - 47 ഒരെണ്ണം കൈയ്യിലേറ്റുവാങ്ങി. അങ്കത്തിനുപുറപ്പെടുംമുന്‍പ്‌ ഗുരുവിന്റെ കൈയ്യില്‍നിന്നും, ഉടവാള്‍ ഏറ്റുവാങ്ങുന്ന, തച്ചോളി ഒതേനനെപ്പോലെ, കടത്തനാടന്‍ അമ്പാടിയെപ്പോലെ, ആരോമല്‍ ചേകവരെപ്പോലെ.

ഇനിയൊരാഗ്രഹം ബാക്കിയുള്ളത്‌ ഇവനെയെടുത്തൊന്ന്‌ പ്രയോഗിക്കണം എന്നുള്ളതാണ്‌. അതിവരോട്‌ ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. ഉണ്ടാകുകയുമില്ല. നമ്മുടെ ഇന്ത്യാമഹാരാജ്യത്തെ ഏതെങ്കിലും ഒരു പട്ടാളക്കാരനെ അടുത്തുകിട്ടുമ്പോള്‍, ചേട്ടാ, ആ തോക്കൊന്നു തരുമോ, ഒരു റൌണ്ട്‌ വെടിവച്ചിട്ടുതരാം എന്നു പറഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും? ആലോചിക്കാന്‍തന്നെ വയ്യ. ഈ കേസിലാണെങ്കില്‍ ഭാഷപോലും വശമില്ല. വേണ്ട മോനേ. അപ്പൂതി മാത്രം വേണ്ട.

തോക്കുംപിടിച്ച്‌ ഇരുന്നും, നിന്നും കുറച്ചുകൂടെ പടങ്ങള്‍ എടുത്ത്‌ സ്ഥലം കാലിയാക്കി.

ഒരാഴ്ചയിലെ ജോലിക്കിടയില്‍ മുംബൈക്കാരന്‍ സുബ്രദ്‌ ദാലിനെ പരിചയപ്പെട്ടു. റിലയന്‍സിന്റെ ഡെപ്യൂട്ടി മാനേജരാണ്‌. റിലയന്‍സിന്‌, ഈ കമ്പനിയില്‍ 30% ഷെയര്‍ ഉണ്ടത്രെ. 30% ഷെയര്‍ യമന്‍ സര്‍ക്കാരിനാണ്‌. ബാക്കി 40 % ‘കാല്‍വാലി‘ക്കും. ഇടയ്ക്കിടയ്ക്കു്‌ റിലയന്‍സിന്റെ പ്രതിനിധിയായി സുബ്രദ്‌ ഇവിടെവരാറുണ്ട്‌. ജോലി കഴിഞ്ഞ്‌ സനയിലേക്ക്‌ സുബ്രദും, ഞാനും ഒരുമിച്ചാണ്‌ മടങ്ങിയത്‌. കൂട്ടത്തില്‍, എന്റെ കമ്പനിയിലെ മറ്റൊരു ജീവനക്കാരനും, യമനിയുമായ, സാലാ ഹനാനും ഉണ്ട്‌. ആറടിക്കുമുകളില്‍ പൊക്കവും, അതിനൊത്ത വണ്ണവുമുള്ള സാല ഹനാനെക്കണ്ടാല്‍ അല്ലാവുദ്ദീന്റെ അത്ഭുതവിളക്കില്‍നിന്നും പുറത്തുചാടിയ ഭൂതത്തെപ്പോലിരിക്കും.

മടക്കയാത്രയില്‍ അംഗരക്ഷകന്‍ മൊഹമ്മദല്ല. ഇപ്രാവശം, കണ്ടാല്‍ 16 വയസ്സുപോലും പ്രായം തോന്നിക്കാത്ത ഒരു കൊച്ചുചെറുക്കനാണു്‌ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നതു്‌. പേരു്‌ അബ്ദുള്ള. മുഹമ്മദിനെയപേക്ഷിച്ച്‌ അബ്ദുള്ളയ്ക്കു്‌, ഒരു ഗുണമുണ്ട്‌. ഇഷ്ടന്‍ അത്യാവശം ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കും. ഇവന്റെ അമ്മ ചിലപ്പോള്‍ പരിഷ്ക്കാരിയും, വിദ്യാസമ്പന്നയുമായ ഒരു ഇന്ത്യാക്കാരിയായിരിക്കും. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആ ഊഹം തെറ്റാണെന്ന്‌ മനസ്സിലായി. ഈ കക്ഷി പൂനയില്‍ ചെന്നു്‌ താമസിച്ച്‌ 2 വര്‍ഷം വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇംഗ്ലീഷും, ഹിന്ദിയും സ്റ്റേഷനുകള്‍ ട്യൂണാകുന്നത്‌.

ഒരു മണിക്കൂറോളം യാത്ര ചെയ്തുകാണും. സുബ്രദും, ഞാനും പിന്‍സീറ്റിലിരിക്കുന്നു. മുന്‍പില്‍ സാല ഹനാനും, അബ്ദുള്ളയും. (മുന്‍പില്‍ അറബി സ്റ്റേഷന്‍. പുറകില്‍ ഹിന്ദി.) ഇടയ്ക്കെപ്പോളോ കുറച്ചുനേരം സാല ഹനാനും വണ്ടിയോടിച്ചു. എ.കെ.- 47 സാലയുടേയും, അബ്ദുള്ളയുടേയും ഇടയില്‍, കുത്തിനിര്‍ത്തിയിരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ സുബ്രദ്ദിനൊരു സംശയം. സംശയമെന്ന്‌ തീര്‍ത്തുപറയാന്‍ പറ്റില്ല. പുള്ളിക്കാരന്‍ വിചാരിച്ചിരിക്കുന്നത് അങ്ങിനെയാണ്‌. ഈയിരിക്കുന്ന എ.കെ.- 47 ശരിക്കുള്ളതൊന്നുമല്ല, ഡമ്മിയായിരിക്കും. ബോംബെയിലും ചില സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ അടുത്ത്‌ ഇതുപോലെ തോക്കെല്ലാം കണ്ടിട്ടിണ്ട്‌. ചുമ്മാ ആളെപ്പറ്റിക്കാന്‍. ഇതിനെപ്പറ്റി അറിയാത്ത കുറച്ചുപേരെ പേടിപ്പിക്കാന്‍ പറ്റുമായിരിക്കും. എല്ലാം ഡമ്മി തന്നെ.

എനിക്കു്‌ പക്ഷെ യാതൊരു സംശയവുമില്ല. കല്യാണഘോഷയാത്രയിലെ ‘പൊട്ടിക്കല്‍‘ ഞാന്‍ നേരിട്ട്‌ കണ്ടതാണല്ലോ ?

എങ്കില്‍പ്പിന്നെ സംശയനിവാരണം വരുത്തിയിട്ടുതന്നെ ബാക്കികാര്യമെന്ന്‌ സുബ്രദിന്‌ വാശി.
കാര്യം ഞാന്‍തന്നെ അബ്ദുള്ളയോട്‌ അവതരിപ്പിക്കുന്നു.

"ദേണ്ടേ ലിവന്‍ പറയുന്നു, ഇതു്‌ ഡമ്മിത്തോക്കാണെന്ന്‌ ".

സംശയം ഇപ്പോള്‍ തീര്‍ത്തുതരാമെന്നു‌പറഞ്ഞ്‌ അബ്ദുള്ള വണ്ടി റോട്ടില്‍നിന്നും സൈഡിലേക്കിറക്കുന്നു. റോഡിനിരുവശവും മരുഭൂമിയാണ്‌. വണ്ടിയിലുണ്ടായിരുന്ന ഒരു വാട്ടര്‍ബോട്ടിലുമെടുത്ത്‌ അബ്ദുള്ള പൂഴിയിലൂടെ കുറച്ചുദൂരം നടന്നു. ഒരു 50 മീറ്ററെങ്കിലും ദൂരെ, ബോട്ടില്‌ മണ്ണില്‍ കുത്തിനിര്‍ത്തിയതിനുശേഷം തിരിച്ച്‌ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്കുവന്നു. എ.കെ. - 47 ന്റെ പാത്തി, വലത്തെത്തോളില്‍ വയ്ക്കുന്നതും, ബോട്ടിലിനെ നോക്കി ഉന്നം പിടിക്കുന്നതും, ബോട്ടില്‍ മണ്ണില്‍നിന്ന്‌ തെറിച്ചു‌പൊങ്ങുന്നതും 2 സെക്കന്റ്‌കൊണ്ട്‌ കഴിഞ്ഞു . എന്നിട്ട്‌, മുട്ടുകുത്തിയിരുന്ന്‌, തെറിച്ചുവീണ ബോട്ടിലിനെ ഒരിക്കല്‍ക്കൂടെ വെടിവെച്ച്‌ തെറിപ്പിക്കുന്നു. അതിനുശേഷം അന്ധാളിച്ചുനില്ക്കുന്ന സുബ്രദ്ദിന്റെ നേര്‍ക്കു്‌ തോക്കു്‌ നീട്ടുന്നു, എന്താ ഒരു കൈ നോക്കുന്നോ എന്ന മട്ടില്‍.

പകച്ചുപോയ സുബ്രദ്‌, എന്തുചെയ്യണമെന്നു്‌ പിടികിട്ടാതെനില്‍ക്കുകയാണു്‌.പകച്ചിലൊന്ന്‌ മാറിയപ്പോള്‍ " നഹി ഭായ്‌, യെ ഖതര്‍നാക്ക്‌ ചീസ്‌ ഹെ"എന്നു പറഞ്ഞ്‌ സുബ്രദ്‌ പിന്‍വാങ്ങി. അടുത്ത ഊഴം എന്റെതാണു്‌. അബ്ദുള്ള തോക്കു്‌ എന്റെ നേര്‍ക്കു്‌നീട്ടുന്നതും, പട്ടിണികിടന്നവന്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ, ചാടിയൊരു പിടുത്തമായിരുന്നു. കൈയിലിരുന്ന ക്യാമറ സുബ്രദ്ദിനെ എല്‍പ്പിച്ചു. ഞാനിതെടുത്ത്‌ പെരുമാറുന്ന പടം ശരിക്ക്‌ പതിഞ്ഞിട്ടുണ്ടെന്ന്‌ ഉറപ്പുവരുന്നതുവരെ അടിച്ചോളണമെന്ന്‌ ചട്ടം കെട്ടി.

തോക്കു്‌ പിടിക്കേണ്ട വിധവും, ഉന്നം നോക്കേണ്ടതെങ്ങിനെയാണെന്നും, അബ്ദുള്ളതന്നെ പറഞ്ഞുതന്നു. ഒരു യമനിയായതുകൊണ്ടുതന്നെ, ഇതിലൊന്നും വലിയകാര്യമില്ല എന്ന മട്ടില്‍, "അല്ലാവുദ്ദീന്റെ ഭൂതം" വണ്ടിയും ചാരി നില്ക്കുകയാണ്‌. ഞാന്‍ വേറൊരു കുപ്പിയെടുത്ത്‌ ഒരു 15 മീറ്റര്‍ ദൂരെവച്ചിട്ട്‌ വരുന്നു. അബ്ദുള്ള പറഞ്ഞുതന്നപോലെ, വലത്തേ ചുമലില്‍ തോക്കിന്റെ പാത്തി കൊള്ളിച്ചുവെച്ച്‌ ഒരു കണ്ണടച്ച്‌ ഉന്നം പിടിച്ചു്‌, റഷ്യക്കാരന്‍ മിഖായേല്‍ കലാഷ്ണിക്കോവിനെ മനസ്സില്‍ ‍ധ്യാനിച്ച്‌ ട്രിഗര്‍ വലിച്ചു.

വെടിപൊട്ടി. പക്ഷെ ബോട്ടിലവിടെത്തന്നെയിരിപ്പുണ്ട്‌. ഇനി, തോക്കിനെങ്ങാനും വല്ല കുഴപ്പവുമുണ്ടോ?അതാകാനേ തരമുള്ളൂ. ഉന്നം തെറ്റാന്‍ ഒരു സാദ്ധ്യതയുമില്ല. അതൊന്നുമല്ല. ഉന്നം തെറ്റിയതുതന്നെയാണെന്നുപറഞ്ഞ്‌ പുറത്തേക്കുപാഞ്ഞ ഉണ്ടയുടെ ഷെല്ല്‌ എടുത്തുകാണിക്കുന്നു അബ്ദുള്ള.

അയ്യേ... മാനം പോയല്ലോ.

തുടര്‍ന്ന്‌, തുടരെത്തുടരെ നാലഞ്ചുപ്രാവശ്യം നിറയൊഴിച്ചു. അവസാനമൊന്ന്‌ കുപ്പിയില്‍ക്കൊണ്ടു. സമാധാനം.... മാനം കപ്പലുകയറാതെ രക്ഷപ്പെട്ടു. അങ്ങിനെ ഞാനിതാ അതിസമര്‍ത്ഥമായി ഒരു എ.കെ. - 47 ഉപയോഗിച്ച്‌ ലക്ഷ്യം കണ്ടിരിക്കുന്നു. ആര്‍ത്തുവിളിക്കണമെന്നുതോന്നി.

ഇത്രയുമായപ്പോളേക്കും, സുബ്രദ്ദിന്‌ എവിടെനിന്നോ കുറച്ചുധൈര്യം കൈവന്നു. ഒരു വെടി ഞാനും വെക്കട്ടെ, നീ പടം പിടി, എന്നുപറഞ്ഞ്‌ തോക്കിനുവേണ്ടി കൈയ്യും നീട്ടിനില്‍ക്കുന്നു.

കുപ്പി കുറച്ചുകൂടെ അകലെക്കൊണ്ടുപോയിവെച്ച്‌, ശരിക്കും ഒന്നുരണ്ട്‌ റൌണ്ടുകൂടെ വെടിയുതിര്‍ക്കണമെന്നുണ്ടായിരുന്നു. അതിനിടയിലാണ്‌ സുബ്രദ്‌ ചാടിവീണതു്‌. ചെറിയൊരാശാഭംഗം വന്നെങ്കിലും, സാരമാക്കിയില്ല. ചിന്നക്കാര്യമൊന്നുമല്ലല്ലോ തൊട്ടുമുന്നേ സാധിച്ചിരിക്കുന്നത്‌.

വെടിവെപ്പും, ഫോട്ടം പിടിക്കലുമെല്ലാം കഴിഞ്ഞു. എല്ലാവരും വണ്ടിയിലേക്കുകയറാന്‍ പോകുമ്പോഴാണ്‌ ഞങ്ങളാക്കാഴ്ച്ച കണ്ടത്‌.

ഞങ്ങള്‍ വെടിയുതിര്‍ത്ത ദിശയില്‍നിന്നുമതാ, അതിവേഗത്തിലൊരു ‘പിക്‌അപ്പ്‌ ‘ ഞങ്ങലെ ലക്ഷ്യമാക്കി വരുന്നു. മരുഭൂമിയിലെ പൊടിമുഴുവന്‍ പറത്തിക്കൊണ്ട്‌ ആ വാഹനം ഞങ്ങളുടെ തൊട്ടടുത്തുവന്നുനിന്നു. പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയാണ്‌ ഡ്രൈവര്‍സീറ്റില്‍. കണ്ണൊഴിച്ച്‌ ബാക്കി ശരീരം മുഴുവന്‍ കറുത്തവസ്ത്രമാണ്‌. തൊട്ടടുത്ത സീറ്റില്‍ 10 വയസ്സുപ്രായം തോന്നിക്കുന്ന ഒരു പയ്യന്‍. പിക്കപ്പിന്റെ തുറന്നിരിക്കുന്ന പുറകുഭാഗത്ത്‌ പര്‍ദ്ദ ധരിച്ച മറ്റൊരുസ്ത്രീ എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യില്‍ എ.കെ. - 47 ഒരെണ്ണം. അവരുടെ തൊട്ടടുത്ത്‌ നില്‍ക്കുന്നു 6 വയസ്സുപ്രായം തോന്നിക്കുന്ന മറ്റൊരു പയ്യന്‍. വാഹനത്തില്‍നിന്നുകൊണ്ടുതന്നെ അവര്‍ അബ്ദുള്ളയുമായി സംസാരിച്ചുതുടങ്ങുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സാല ഹനാനും, ഡ്രൈവര്‍ സീറ്റിലിരിക്കുന്ന സ്ത്രീയും, സംഭാഷണത്തില്‍ പങ്കുചേരുന്നു. സംസാരത്തിന്റെ പോക്കു്‌ അത്ര സുഖകരമായ രീതിയിലല്ല എന്നാണ്‌ എനിക്കു്‌ തോന്നിയതു്‌. എന്റെ ഊഹം ശരിതന്നെ. എന്തോ കുഴപ്പമുണ്ട്‌. സ്ത്രീകള്‍ രണ്ടുപേരും ശബ്ദമുയര്‍ത്തിയാണിപ്പോള്‍ സംസാരിക്കുന്നത്‌. വണ്ടി ഓടിച്ചിരുന്ന സ്ത്രീ വെളിയിലിറങ്ങിയപ്പോളാണ്‌ അവരുടെ കൈയ്യിലും തോക്കൊരെണ്ണം ഉണ്ടെന്ന്‌ ഞാന്‍ കണ്ടതു്‌.

എന്റെ ‘യമനി മുത്തപ്പാ‘.....കുഴഞ്ഞോ ? ഒരു പെണ്ണിന്റെ വെടികൊണ്ട്‌ ചാകേണ്ടി വരുമോ?

ഇതിനിടയില്‍ കാര്യം പന്തികേടാണെന്നുമനസ്സിലാക്കിയിട്ടായിരിക്കണം, സുബ്രദ്‌ വണ്ടിക്കകത്തുകയറി ഇരിപ്പായി. പത്തുമിനിട്ടോളം വാക്കുതര്‍ക്കം നീണ്ടുപോയശേഷം, ഒരുവിധം അന്തരീക്ഷം ശാന്തമായി. സ്ത്രീകള്‍ വണ്ടി തിരിച്ചു വിട്ടു. അബ്ദുള്ളയും വണ്ടിയെടുത്തു. വണ്ടിക്കകത്തുകയറിയപ്പോള്‍ മുതല്‍ സാലയും, അബ്ദുള്ളയും പൊട്ടിച്ചിരിക്കുന്നു. അറബിയില്‍ ഉറക്കെ ഉറക്കെ സംസാരിക്കുന്നുമുണ്ട്‌. കാര്യം മനസ്സിലാകാതെ മുഖത്തോടുമുഖം നോക്കുന്നു ഞാനും, സുബ്രദും.

ചിരിയും ബഹളവുമൊക്കെയൊന്നടങ്ങിയപ്പോള്‍ അബ്ദുള്ള കാര്യം വിശദീകരിച്ചു. ഞങ്ങള്‍ നിറയൊഴിച്ച ദിശയിലെങ്ങോ ഈ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നുണ്ടായിരുന്നുപോലും! തിരകള്‍ ചെന്നുവീണതു്‌ കൂട്ടത്തിലൊരുപയ്യന്റെ തൊട്ടടുത്തായിരുന്നു. വെടിവെപ്പ്‌ ഒന്നടങ്ങിയെന്നുകണ്ടപ്പോള്‍ എല്ലാവരുംകൂടെ കാരണംതിരക്കിയിറങ്ങിയതാണ്‌. ‘കുട്ടികളുടെ ജീവന്‍ ‍അപകടത്തിലാക്കിയിട്ടാണോ ഹറാമികളെ വെടിവച്ചുകളിക്കുന്നത്‌ ?’, എന്നു ചോദിച്ചായിരുന്നു ബഹളമത്രയും.

കേട്ടിട്ട്‌ കണ്ണിലിരുട്ടികയറി. അത്യാപത്തിന്റെ വക്കില്‍നിന്നാണ്‌ രക്ഷപെട്ടിരിക്കുന്നത്‌. കുട്ടികള്‍ക്കെന്തെങ്കിലും അപകടം പിണഞ്ഞിരുന്നെങ്കില്‍, കൊലപാതകത്തിനുവരെ സമാധാനം പറയേണ്ടിവെന്നേനെ. അതുമല്ലെങ്കില്‍ പെണ്ണുങ്ങള്‍ വെടിവച്ചുവീഴ്ത്തിയേനെ. എന്തായാലും ശരി തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു.

ബദുക്കള്‍ രണ്ടുപേര്‍ ആക്രമിക്കാന്‍ വന്നെന്നും അപ്പോളാണ്‌ വെടിയുതിര്‍ത്തതെന്നും സ്ത്രീകളോട്‌ കള്ളം പറഞ്ഞ്‌ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ്‌ അബ്ദുള്ളയും, സാല ഹനാനും, ആര്‍ത്തലച്ച്‌ ചിരിക്കുന്നത്‌. സനയിലെത്തി ഹോട്ടല്‍മുറിയില്‍ക്കയറുന്നതുവരെ സുബ്രദും, ഞാനും ഉരിയാടിയിട്ടില്ലെന്നാണ്‌ എന്റെ ഓര്‍മ്മ.

അബുദാബിയിലേക്കു്‌ മടങ്ങുന്നതിനുമുന്‍പ്‌, ഒരു ദിവസംകൂടെ സനയില്‍ തങ്ങേണ്ടിവന്നു. അടുത്ത ദിവസം ഒരു ചെറിയകറക്കം നടത്തിക്കളയാമെന്നുവച്ചിറങ്ങി. കുറെ അലഞ്ഞു‌നടന്ന്‌ അവസാനം മാര്‍ക്കറ്റില്‍ എത്തിപ്പറ്റി. അവിടെക്കണ്ട കാഴ്ച ആശ്ച്യര്യജനകമായിരുന്നു. അരയില്‍ത്തൂക്കുന്ന വളഞ്ഞ കത്തി മുതല്‍, എ.കെ. 47നും, കൊച്ചു കൊച്ചു കുഴി ബോംബുകളും, കൈബോംബുകളും, കൈത്തോക്കും, തിരകളും, എല്ലാം വില്‍പ്പനയ്ക്കു്‌ നിരത്തിവച്ചിരിക്കുന്നു.

മടക്കയാത്രയില്‍ വിമാനത്തില്‍വവെച്ച്‌ പരിചയപ്പെട്ട വേള്‍ഡ്‌ ബാങ്കിന്റെ ഉദ്യോഗസ്ഥ പറഞ്ഞതു്‌ ശരിയാണെന്ന്‌ തോന്നുന്നു. ഈ രാജ്യത്ത്‌ 20 മില്ല്യണ്‍ ജനങ്ങളും, 60 മില്ല്യണ്‍ തോക്കുകളുമുണ്ടെന്നാണ്‌ കണക്കത്രെ!

എന്തായാലും കൊള്ളാം, വിലപേശി കച്ചവടം ഉറപ്പിച്ചാല്‍ തോക്കൊരെണ്ണം ഇപ്പോള്‍ സ്വന്തമാക്കാം. ലൈസന്‍സും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. എങ്കി ശരി, ഒരെണ്ണം വാങ്ങിയിട്ടുതന്നെ ബാക്കി കാര്യം. വില പറഞ്ഞുറപ്പിച്ച്‌ ഒരെണ്ണം വാങ്ങി.

........തോക്കൊന്നുമല്ല. കേടുപാടൊന്നുമില്ലാത്ത അറ്റം വളഞ്ഞ നല്ലൊരു കത്തി.

പിന്നേ... തോക്കുവാങ്ങിയിട്ടുവേണം, സഞ്ജയ് ദത്തിന്റെ കൂടെ ജയിലില്‍പ്പോയിക്കിടക്കാന്‍.

Wednesday 14 November 2007

ഡെല്യൂജ്‌ ഓഫ്‌ 786

ടത്തുബോട്ടിലെ യാത്രകള്‍ ഇപ്പോള്‍ വളരെ കുറവാണ്‌. എണ്ണപ്പാടത്ത് (ഓയില്‍ ഫീല്‍ഡു്‌) പണിയെടുക്കാന്‍ തുടങ്ങിയതിനുശേഷം സപ്ലെ ബോട്ടിലും, സ്പീഡ്‌ ബോട്ടിലുമൊക്കെയായി യാത്രകള്‍.
കൂടാതെ വിമാനയാത്രയും, ഹെലിക്കോപ്പ്റ്റര്‍ യാത്രയും.
യാത്ര ചെയ്യുന്നത്‌ ഇഷ്ടമാണെങ്കിലും, ആകാശത്തൂടെയുള്ള യാത്രകള്‍ ഞാന്‍ തീരെ ആസ്വദിക്കാറില്ല.
"ഹവായ്‌ ജഹാസ്സ്‌ " ന്റെ അകത്തു കയറുമ്പോള്‍ മുതല്‍, കനിഷ്ക്കദുരന്തം മുതലിങ്ങോട്ടുള്ള എല്ലാ വിമാനാപകടങ്ങളും നേരിട്ടനുഭവിച്ച ഒരുത്തന്റെ അവസ്ഥയിലായിരിക്കും ഞാന്‍.
38,000 അടി മുതല്‍ 60,000 അടി വരെ ഉയരത്തില്‍ നിന്നുവരെ വീഴാന്‍, മാനസ്സികമായി തയ്യാറെടുത്താണ് യാത്രാവസാനംവരെ ഇരിപ്പ്‌.
ഭക്ഷണത്തിന്റെകൂടെ വിളമ്പുന്ന "ധൈര്യം" കുറച്ചകത്താക്കിയാല്‍ ചെറിയൊരാശ്വാസം കിട്ടുമെങ്കിലും, അതൊന്നും ഒരു ശാശ്വതപരിഹാരമാക്കിയെടുക്കാനിതുവരെ പറ്റിയിട്ടില്ല.

ഒരിക്കല്‍ അബുദാബിയില്‍നിന്ന്‌ ഒരുമണിക്കൂര്‍ നീളുന്ന ഒരു ഓഫ്ഷോര്‍ യാത്രയില്‍, 12 പേര്‍ക്കു്‌ യാത്ര ചെയ്യാവുന്ന ഹെലിക്കോപ്പ്റ്ററില്‍ യാത്രക്കാരനായി ഞാന്‍ മാത്രം. പൈലറ്റിനു്‌ 50 വയസ്സിനുമുകളില്‍ പ്രായം കാണും. അതില്‍ക്കൂടുതല്‍ തോന്നിക്കുന്നുമുണ്ട്‌. മുടി മുഴുവനും നരച്ച്‌ അപ്പൂപ്പന്‍താടിയുടെ നിറമായിരിക്കുന്നു. തൊലി മുഴുവനും ചുക്കിച്ചുളുങ്ങി....

ദൈവമെ..
ഇതിയാനെങ്ങാനും ഒരു നെഞ്ചുവേദന വന്നാല്‍ എന്റെ കാര്യം കട്ടപ്പൊഹ തന്നെ. ഹെലിക്കോപ്പ്റ്ററിനകത്തുള്ള സകലകുന്ത്രാണ്ടങ്ങളിലും നോട്ടമിട്ടുവെച്ചു. ഏതുമാരണത്തില്‍പ്പിടിച്ച്‌, തിരിച്ച്, അമര്‍ത്തി, ഒടിച്ചാലാണ്‌ ഇതിനെ നിലത്തോ, വെള്ളത്തിലോ ഇറക്കാന്‍ പറ്റുകയെന്ന് നോക്കിവെക്കുന്നത് നല്ലതല്ലെ.

എന്റെ അമ്മാവന്‍, ക്യാപ്റ്റന്‍ മോഹന്‍ ഒരു ഹെലിക്കോപ്പ്റ്റര്‍ പൈലറ്റ്‌ ആണ്‌. അദ്ദേഹത്തിനോട് ഒരിക്കല്‍ ഇക്കാര്യം ഞാന്‍ ചര്‍ച്ച ചെയ്തു. ഏതൊക്കെ 'സുന' പിടിച്ചു്‌ തിരിച്ചു്‌ ഒരു ഹെലിക്കോപ്പ്റ്റര്‍ നിയന്ത്രിക്കാം? ഒരു വെടിക്കുള്ള മരുന്ന് പറഞ്ഞുതരൂ അമ്മാവാ. പ്ളീസ്‌.
അതിനദ്ദേഹം പറഞ്ഞ മറുപടി വിശദീകരിക്കുന്നതിനുമുന്‍പ്, കഴിഞ്ഞ വര്‍ഷം കക്ഷിക്കുണ്ടായ ഒരു അനുഭവം, അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടെത്തന്നെ ഞാനിവിടെ വിവര്‍ത്തനം ചെയ്യുന്നു.(വിവര്‍ത്തനത്തിലുള്ള പാകപ്പിഴകള്‍ അമ്മാവന്‍ പൊറുക്കും, ക്ഷമിക്കും, എന്നുള്ള വിശ്വാസത്തോടെ.)
"ഡെല്യൂജ്‌ ‌ ഓഫ്‌ 786" എന്ന തലക്കെട്ടില്‍ ആ അനുഭവം അദ്ദേഹം വളരെ അടുപ്പമുള്ള ചിലര്‍ക്ക് എഴുതി അയച്ചുകൊടുത്തിരുന്നു.

" ഡെല്യൂജ്‌ ഓഫ്‌ 786" - ബൈ ക്യാപ്റ്റന്‍ കെ. എച്ച്‌. മോഹന്‍
-----------------------------------------
വീട്ടില്‍നിന്നും ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെ ഒരു സ്ഥലത്ത്,‌ കരണ്ടും, വെളിച്ചവും, തുലൈപേച്ചിയും, തുലൈക്കാഴ്ച്ചിയും (ഫോണും, ടി.വിയും) മൊബൈല്‍ഫോണും ഇല്ലാതെ, താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അരക്കൊപ്പം വെള്ളമുള്ളതുകാരണം, ഒന്നാംനിലയില്‍ പെട്ടുപോയാല്‍ നിങ്ങളെന്തുചെയ്യും?
ഒരു ബ്ളോഗ്‌ എഴുതാന്‍ ശ്രമിക്കുമായിരിക്കും.
എങ്കില്‍ ശരി. ഞാനുമൊന്നു്‌ ശ്രമിക്കട്ടെ.

ഇന്ത്യന്‍ എയര്‍ ഫോര്‍സില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചശേഷം ഞാനിപ്പോള്‍ ഡക്കാന്‍ ഏവിയേഷനില്‍ പൈലറ്റായി ജോലി ചെയ്യുന്നു. എണ്ണപ്പാടങ്ങളില്‍ ജോലി ചെയ്യുന്നവരെ ഹെലിക്കോപ്പ്റ്ററില്‍ ഓഫ്‌ഷോര്‍ പ്ലാറ്റ്ഫോമിലും, മറ്റ്‌ എണ്ണപ്പാടങ്ങളിലും, കൊണ്ടുവിടുകയും, തിരിച്ചുകൊണ്ടുവരുകയുമാണ്‌ പ്രധാനജോലി.
4 ആഴ്‌ച ജോലി ചൈയ്തുകഴിയുമ്പോള്‍ 4 ആഴ്‌ച ശമ്പളത്തോടുകൂടിയുള്ള അവധി. ഒരു ദിവസത്തെ ജോലി ഏറ്റവും കൂടിയാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ "പറക്കല്‍" കൊണ്ട്‌ കഴിയും. ബാക്കിസമയം മിക്കവാറും ടി.വിയുടെ മുന്‍പിലും, കേബിളില്ലാത്തപ്പോള്‍ ബ്രിഡ്ജ്‌ കളി, കമ്പ്യൂട്ടറില്‍ ഫ്രീസെല്‍ കളി, അല്ലെങ്കില്‍ ക്രോസ്സുവേര്‍ഡ്, സുഡോക്കു, എന്നിങ്ങനെ പോകുന്നു ഒരു ദിവസം. കുറച്ചുജോലി, കൂടുതല്‍ റിക്രിയേഷന്‍, ഒരുപാട് നല്ല ഭക്ഷണം, ഇതിനെല്ലാം പുറമെ ശമ്പളം. ഇങ്ങനെയൊക്കെയാണ്‌ ജോലിയുടെ സ്വഭാവം. കേട്ടിട്ട് അസൂയ തോന്നുന്നുണ്ടോ? അതുകൊണ്ടുതന്നെ എന്റെ കമ്പനിയിലെ വൈസ്പ്രസിഡന്റിന്റെ ജോലിയുമായിട്ടുപോലും, ഈ ജോലി വച്ചുമാറാന്‍ ഞാന്‍ തയ്യാറല്ല.

7 ഓഗസ്റ്റ്‌ 2006 നാണു്‌ സംഭവം നടക്കുന്നതു്‌. (7.8.6.)
അല്ലാതെ ഈ സംഭവത്തിന് അമിതാഭ്‌ ബച്ചന്റെ "കൂലി " നമ്പറുമായോ, ഇസ്ലാമിന്റെ പരിശുദ്ധ നമ്പറുമായോ യാതൊരു ബന്ധവുമില്ല.

സൂററ്റിലെ പത്മാവതി കോംപ്ളകസിലെ (16) പതിനാറാം നമ്പര്‍ ബംഗ്ലാവിലാണ് ഡക്കാന്‍ ഏവിയേഷനിലെ പൈലറ്റ്സിന്റെ താമസം. പതിനേഴില്‍ എഞ്ജിനീയേഴ്സ്‌ താമസിക്കുന്നു. ഒന്നാം നമ്പറില്‍ മറ്റുസാങ്കേതികവിദഗ്ധര്‍ താമസം. എല്ലാ വീട്ടിലും 3 ബെഡ്ഡ്‌റൂം വീതം ഉണ്ട്‌.അടുക്കളയും, മെസ്സ്‌ ഹാളും ഒന്നാം നമ്പര്‍ ബംഗ്ലാവിലാണ്‌‌.

രണ്ടുദിവസംകൂടെ കഴിഞ്ഞാല്‍, വീട്ടില്‍പ്പോയി ഭാര്യയേയും, മകനേയും, മാര്‍ഷല്‍ എന്നുപേരുള്ള ഡോബര്‍മാന്‍ വളര്‍ത്തുനായയേയും, കാണാമെന്നു സന്തോഷിച്ചിരിക്കുമ്പോളാണു്‌, ആനപ്പുറത്തിരിക്കാന്‍ കൊതിച്ചവനെ ശൂലത്തില്‍ കയറ്റാന്‍വേണ്ടി 786 ആഞ്ഞടിക്കുന്നതു്‌.
ആദ്യം ഡ്രൈവറിന്റെ ഫോണ്‍ വന്നു. വണ്ടിയിറക്കാന്‍ പറ്റാത്തവിധം ഇഷ്ടന്റെ വീടിനുചുറ്റും വെള്ളം പൊങ്ങിയിരിക്കുന്നുപോലും. മറ്റൊരു വാഹനം സംഘടിപ്പിച്ചു്‌ ഹെലിബേസിലെത്തിയപ്പോള്‍ത്തന്നെ, കാലവസ്ഥ മോശമാണെന്നു്‌ മനസ്സിലായി. അതുകൊണ്ടുതന്നെ പതിവിനുവിപരീതമായി കുറച്ചുനേരത്തേതന്നെ പറക്കലെല്ലാം അവസാനിപ്പിച്ചു്‌ വീട്ടില്‍ തിരിച്ചെത്താനായി ശ്രമം. അതു്‌ നടന്നു. പെട്ടെന്നു ജോലി തീര്‍ത്തു വീട്ടിലേക്കു്‌ മടങ്ങി.
വീട്ടിലെത്താന്‍ 1 കിലോമീറ്റര്‍ മാത്രം ദൂരെവച്ചു്‌ വാഹനം ബ്രേക്കു്‌ഡൌണാകുന്നു. അപ്പോളേക്കും വെള്ളപ്പൊക്കം രൂക്ഷമായിക്കഴിഞ്ഞിരുന്നു. വാഹനം ശരിയാക്കി വീട്ടിലെത്തിയപ്പോള്‍, നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഫോണ്‍. എയര്‍ ഫോഴ്സില്‍ നിന്നാണു്‌. അവര്‍ക്കു്‌ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂയല്‍ വേണമത്രെ. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവന്ന ഹെലിക്കോപ്പ്റ്ററിന്റെ ഇന്ധനം കഴിഞ്ഞിരിക്കുന്നു. സൂററ്റ്‌ മുഴുവന്‍ അരിച്ചുപെറുക്കിയപ്പൊള്‍ ഡക്കാന്‍ എയര്‍വേയ്സിന്റെ അടുത്തുമാത്രമെ ഇന്ധനം ഉള്ളെന്നുമനസ്സിലാക്കിയിട്ടാണു്‌ ഫോണ്‍ നിര്‍ത്താതെ കരയുന്നതു്‌. വളരെ മഹത്തായ ഒരു ആവശ്യത്തിനുവേണ്ടിയായതുകൊണ്ടും, സൈന്യത്തിന്റെ ആവശ്യമായതുകൊണ്ടും സത്വരനടപടികള്‍ സ്വീകരിക്കപ്പെടുന്നു. പക്ഷെ ഇതിനിടയില്‍ ഇന്ധനവുമായി പോയ വാഹനത്തിന്റെ ഡ്രൈവര്‍ സൂററ്റ്‌ എയര്‍ഫീല്‍ഡിന്റെ ഗേറ്റ്‌ ഇടിച്ചുതകര്‍ത്തു. അതിന്റെ നഷ്ടപരിഹാരം വേണമെന്നു്‌ പറഞ്ഞു്‌ എയര്‍ ട്രാഫിക്ക് കട്രോള്‍ ഓഫീസറുടെ വഹ വേറെ ഒരു ഫോണ്‍.
അതിയാനെ ഒരുവിധം സമാധാനിപ്പിച്ചു്‌, കുറച്ചു വിശ്രമിക്കാമെന്നു്‌ കരുതുമ്പോളാണു്‌ പുറത്തു്‌ ഒരു ബഹളം കേള്‍ക്കുന്നതു്‌. പുറത്തുചെന്നുനോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല.

ചുറ്റിനും വെള്ളം.
മുട്ടൊപ്പം പൊക്കത്തില്‍.....
ഒരു കൊച്ചു പ്രളയം തന്നെ.

വെളിയില്‍ക്കിടക്കുന്ന കാറു്‌ പകുതിയോളം മുങ്ങിക്കഴിഞ്ഞിരിക്കുന്നു. നോക്കിനില്‍ക്കെത്തന്നെ ജലനിരപ്പു്‌ വീണ്ടും ഉയരുകയാണു്‌. ഓഫീസ്സായി ഉപയോഗിക്കുന്ന സ്വീകരണമുറിയില്‍ വെള്ളം നിറഞ്ഞുകഴിഞ്ഞു. ഭാഗ്യത്തിനു്‌ കേറ്ററിങ്ങ്‌ (പാറ്റ്മാന്‍) ജോലിക്കാര്‍ ഇതിനകം തന്നെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒന്നാം നിലയിലേക്കു്‌ മാറ്റിക്കഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയായപ്പോളേക്കും അരക്കൊപ്പം വെള്ളം ഉയര്‍ന്നുകഴിഞ്ഞിരുന്നു. 8 മണിയോടെ പാറ്റ്മാന്റെ 2 ചുണക്കുട്ടന്മാര്‍ രാത്രിഭക്ഷണവുമായി നീന്തി വന്നു. കൂട്ടത്തിലൊരു ദുഃഖവാര്‍ത്തയും കൊണ്ടുവന്നു മിടുക്കന്മാര്‍.
അതു്‌ മറ്റൊന്നുമല്ല. ഇപ്പോള്‍ കൊണ്ടുവന്നതു്‌ മിക്കവാറും അവസാനത്തെ ഭക്ഷണമായിരിക്കും. കാരണം എന്താണെന്നല്ലെ?! ഭക്ഷണം ഉണ്ടാക്കുന്ന ഒന്നാം നമ്പര്‍ ബംഗ്ലാവിലെ അടുക്കളയില്‍ ഗ്യാസ്‌ സ്റ്റൊവ്വ്‌ ഉടനെ വെള്ളത്തിനടിയിലാകും. മാത്രവുമല്ല, ചേന്‍ചു്‌ ഓവര്‍ സ്വിച്ചു്‌ മുങ്ങാനായിരിക്കുന്നതുകൊണ്ടു്‌, ഉടനെതന്നെ, ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിലയ്ക്കും.

ഇതെന്താണു്‌. ലോകാവസാനമാണോ?
കലികാലം ഇത്രപെട്ടെന്നു്‌ തീരുകയാണോ?
എന്തായാലും നാളെയാകുമ്പോളേക്കും, കാര്യങ്ങള്‍ നിയന്ത്രണാധീനമാകുമെന്നു്‌ പ്രതീക്ഷിച്ചുകൊണ്ടു്‌ ഭക്ഷണം കഴിച്ചു്‌ ഉറങ്ങാന്‍ കിടന്നു.

ഗുജറാത്തിലെ തപ്തി നദിയ്ക്കു്‌ കുറുകെയുള്ള ഉക്കൈ സാഗര്‍ ഡാം തുറന്നുവിട്ടതാണു്‌ വെള്ളപ്പൊക്കത്തിനു്‌ കാരണം. കൂടുതല്‍ വെള്ളം തുറന്നുവിടാന്‍പോകുന്നു എന്ന വാര്‍ത്തകേട്ടാണു്‌ രണ്ടാം ദിവസം ഉണര്‍ന്നതു്‌. പത്താം തീയതി ഭാര്യയുടെ പിറന്നാളിനു്‌ വീട്ടിലെത്താമെന്നുള്ള അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു. എന്റെ പകരക്കാരനായി സൂററ്റില്‍ എത്തേണ്ട പൈലറ്റ്‌ പകുതിവഴിക്കുവച്ചു്‌ മടങ്ങിപ്പോയിരിക്കുന്നു.

ഉച്ച ഊണിനു്‌ സമയമായി.
8.8.6 പട്ടിണിയുടേയും, നിരാശയുടേയും ദിവസംതന്നെ ആകുമെന്നു്‌ തോന്നുന്നു.
2 ഓറഞ്ചും, 2 പഴവും മുറിയിലിരിപ്പുണ്ടു്‌. കേറ്ററിങ്ങുകാര്‍ ആവശ്യത്തിലധികം കുടിവെള്ളം സ്റ്റോക്കുചെയ്തിരുന്നതു്‌ രക്ഷയായി. ഓരോ പഴവും, ഓറഞ്ചും ഇപ്പോള്‍ കഴിക്കാം. ബാക്കി നാളത്തേക്കു്‌ മാറ്റിവെക്കാം. നാളെ എന്താണു്‌ അവസ്ഥ എന്നറിയില്ലല്ലോ!!

തൊട്ടടുത്തു്‌ നടക്കുന്ന കണ്‍ട്രക്ഷണ്‍ സൈറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ചാളയിലെ അവസ്ഥ ആലോചിച്ചപ്പോള്‍ വിഷമം തോന്നി. അവര്‍ക്കു്‌ കുടിക്കാന്‍ ഒരുതുള്ളി പച്ചവെള്ളംപോലുമില്ല. പകലന്തിയോളം പണിയെടുത്തു്‌ ക്ഷീണിച്ചുചെന്നു്‌ ചുരുണ്ടുകൂടിയിരുന്ന താല്‍ക്കാലിക ഷെഡ്ഡെല്ലാം വെള്ളത്തിനടിയിലായിരിക്കുന്നു. അക്കണക്കിനു്‌ ഞങ്ങളെല്ലാം ഭാഗ്യം ചെയ്തവര്‍തന്നെ.
കുറച്ചുസമയും കഴിഞ്ഞപ്പൊള്‍ അക്കൂട്ടത്തിലൊരാള്‍ നീന്തിവന്നു. ആവശ്യത്തിനു കുടിവെള്ളം എല്ലാവര്‍ക്കുംവേണ്ടി അയാള്‍വശം കൊടുത്തുവിട്ടു.

9.8.6 കുറച്ചു്‌ വ്യത്യസ്തമായിരുന്നു.
ക്യാപ്റ്റന്‍ സന്ധു അതാ ചൂടുള്ള ഒരു കപ്പ്‌ കുരുമുളകുചായയുമായി കടന്നുവരുന്നു.
അതുകൊള്ളാമല്ലോ!!
“എങ്ങിനെ ഒപ്പിച്ചു?“
“പുറത്തുചെന്നുനോക്കൂ“ എന്നു്‌ ഉത്തരം കിട്ടി.

പുറത്തെ കാഴ്ച രസകരമായിരുന്നു. ചുറ്റിനുമുള്ള എല്ലാ കെട്ടിടങ്ങളും, കയറും, വള്ളികളും മറ്റുമുപയോഗിച്ചു്‌ "നെറ്റ്വര്‍ക്കു്‌ " ചെയ്തിരിക്കുന്നു. ചായനിറച്ച കൊച്ചു കൊച്ചു ഫ്ളാസ്‌ക്കുകളും, എന്തിനു്‌, മൊബൈല്‍ ഫോണുകള്‍വരെ ഈ നെറ്റ്വര്‍ക്കിലൂടെ പരസ്പരം കൈമാറുന്നു.
(മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും) ഒരു സന്നിഗ്ധഘട്ടത്തില്‍ മനുഷ്യസമൂഹത്തിന്റെ ഈ കൂട്ടായ്മയെ ശിരസ്സാ നമിക്കാതെ വയ്യ.

ഇന്നു്‌ രക്ഷാബന്ധന്‍ ദിവസമാണു്‌.
പാറ്റ്നക്കാരന്‍ എഞ്ചിനീയര്‍ ജഗ്ഗേഷിനു്,‌ വീട്ടിലെത്തി സഹോദരിക്കു്‌ രാഖി കെട്ടാന്‍ പറ്റാഞ്ഞതുകൊണ്ടു്‌, തൊട്ടടുത്തവീട്ടിലെ ജോലിക്കാരിയുടെ കയ്യില്‍ രാഖി കെട്ടി.
സാഹോദര്യത്തിന്റെ ഉദാത്തമായ ഒരു ദൃശ്യമായിരുന്നു അതു്‌.
തന്റെ രാഖി സഹോദരനു്‌ ഒരു കപ്പ് ചൂടുചായ കൊണ്ടുവന്നുകൊടുത്തു സഹോദരി.

കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരയല്‍വാസിയുടെ വക "ബ്രന്‍ചു്‌" എത്തി. ജീവിതത്തിലൊരിക്കലും കിച്ചടിക്കു്‌ ഇത്ര സ്വാദു്‌ തോന്നിയിട്ടില്ല. അധികം താമസിയാതെ പാറ്റ്മാന്റെ വക കൂടുതല്‍ ഭക്ഷണം എത്തി. അവര്‍ ഒരു മണ്ണെണ്ണ സ്റ്റൌ സംഘടിപ്പിച്ചു്‌ പാചകം പുനരാരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഭക്ഷണം അധികമായിരിക്കുന്നു. കുറച്ചു്‌ ചുറ്റിലുമുള്ളവര്‍ക്കു്‌ എത്തിക്കാനുള്ള ഏര്‍പ്പാടുചെയ്തു. എന്റെ ഒരു ഓറഞ്ചും, പഴവും ഇപ്പോഴും ബാക്കിയിരിക്കുന്നുണ്ടു്‌.
വൈകുന്നേരത്തോടെ കുറച്ചു്‌ വെളിച്ചവും, കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാക്കാനാവശ്യമായ വൈദ്യുതിയും തരപ്പെടുത്തി. ജനറേറ്ററിനെ സ്വിച്ചുബോര്‍ഡില്‍നിന്നും വേര്‍പെടുത്തി, പകരം ഒരു എക്സ്റ്റന്‍ഷണ്‍ കേബിള്‍ വഴി കാര്യം സാധിച്ചെടുത്തു. ഇത്തവണ കളിച്ചിരിക്കാന്‍ നേരമില്ല. ഇതുവരെ കടലാസ്സില്‍ എഴുതിയതു്‌ മുഴുവന്‍ കമ്പ്യൂട്ടറിലേക്കു പകര്‍ത്തിയെഴുതണം.

ജനറേറ്ററിനു്‌ ജീവന്‍ വന്നതോടെ ചുറ്റിനും നിന്നു്‌ 20 ല്‍ പരം മൊബൈല്‍ ഫോണുകള്‍ "കയര്‍" നെറ്റ്വര്‍ക്കുവഴി തൂങ്ങിയെത്തി. ചാര്‍ജ്ജുചെയ്തുകൊടുക്കണം. സന്തോഷത്തോടുകൂടെത്തന്നെ ആ ജോലി ചെയ്തുകൊടുത്തു. ചായയും, ഭക്ഷണവും തന്നു്‌ സഹായിച്ചവര്‍ക്കു്‌ ഒരു ചെറിയ പ്രത്യുപകാരമെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ. സന്തോഷം.

അര്‍ത്ഥരാത്രി കുറച്ചു്‌ വെള്ളം കുടിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ഞാനതുശ്രദ്ധിച്ചു. ജലനിരപ്പു്‌ താഴാന്‍ തുടങ്ങിയിരിക്കുന്നു. രാത്രി 1 ഇന്‍ചു്‌ മാത്രമായിരുന്നെങ്കിലും നേരം വെളുത്തപ്പോഴേക്കും അര അടിയോളം വെള്ളം താഴ്ന്നിരിക്കുന്നു. ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പു്‌ പുറത്തേക്കുവന്നു. ഡാമിന്റെ സ്പില്ല്‌വേയും, ഫ്ളഡ്ഡ്‌ ഗേറ്റും അടക്കാന്‍ പോകുന്നതിനെപ്പറ്റിയുള്ള കരക്കമ്പികള്‍ കേട്ടുതുടങ്ങി. എയര്‍ഫോര്‍സ്സിന്റെ എം.അയ്‌.17 - ഹെലിക്കോപ്പ്റ്ററുകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി തലങ്ങും, വിലങ്ങും പറക്കുന്നതു്‌ കാണാന്‍ തുടങ്ങി. "എസ്സാര്‍ സ്റ്റീലിന്റെ" ഒരു ഹെലിക്കോപ്പ്റ്റര്‍ തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന അവരുടെ ആള്‍ക്കാര്‍ക്കുള്ള ഭക്ഷണവും അവശ്യസാധനങ്ങളും ഡ്രോപ്പ്‌ ചെയ്തിട്ടുപോയി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മുന്‍സൈനികനായ എന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നുള്ള ആഗ്രഹം എന്റെ കമ്പനി അംഗീകരിച്ചു. അതനുസരിച്ചു്‌, മുംബയില്‍ നിന്നും വന്ന ഞങ്ങളുടെ രണ്ടു്‌ പൈലറ്റ്സു്‌, മറ്റൊരു ഹെലിക്കൊപ്പ്റ്ററില്‍ വന്നു്‌ എന്നെ "വിഞ്ച്‌ ഔട്ട്‌ " ചെയ്തു.(എന്നു വെച്ചാല്‍ തൂക്കിയെടുത്തു കൊണ്ടുപോയീന്നു്‌ തന്നെ.)
നല്ലവരായ പാറ്റ്മാന്‍ ജീവനക്കാരെയും സ്നേഹസമ്പന്നരായ അയല്‍വാസികളേയും ഉപേക്ഷിച്ചു്‌ ആദ്യം തന്നെ വെളിയില്‍ക്കടക്കുന്നതില്‍ കുറ്റബോധം തോന്നി. പക്ഷെ തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായപ്പോള്‍ ആ വിഷമം ഇല്ലാതായി.

മുകളില്‍ ഹെലിക്കൊപ്പ്റ്ററില്‍ നിന്നു്‌ ഇട്ടുകൊടുക്കുന്ന വെള്ളവും, ഭക്ഷണവും കിട്ടുമ്പോള്‍, നിസ്സഹായരായി, നിരാലംബരായി ദിനങ്ങള്‍ തള്ളിനീക്കിയ ഗ്രാമവാസികളുടേയും, മറ്റു്‌ ജനങ്ങളുടേയും, മുഖത്തുവിരിയുന്ന ഒരു ചെറുചിരി....അതുമതി....., അതാണു്‌ ഒരു ഹെലിക്കോപ്പ്റ്റര്‍ പൈലറ്റിനുള്ള ഏറ്റവും സത്യസന്ധമായ പ്രതിഫലം. അതുമാത്രം മതി, അതുവരെ സഹിക്കേണ്ടിവന്ന എല്ലാ വിഷമങ്ങളും, ബുദ്ധിമുട്ടുകളും മറക്കാന്‍.
ഇന്നു്‌ ഓഗസ്റ്റു്‌ 13.
സൂററ്റില്‍ റോഡുവഴിയുള്ള ഗതാഗതം പുനഃരാരംഭിച്ചിരിക്കുന്നു. കരണ്ടും, വെള്ളവും ഭാഗികമായാണെങ്കിലും പുനഃസ്ഥാപിച്ചിരിക്കുന്നു. ജനജീവിതം പതുക്കെപതുക്കെ പൂര്‍വ്വസ്ഥിതിയിലേക്കു്‌ മടങ്ങിവന്നുകൊണ്ടിരിക്കുന്നു. എന്റെ റീപ്ളേസ്മെന്റു്‌ പൈലറ്റ്‌ നാളെയെത്തും. സ്വാതന്ത്രദിനമാഘോഷിക്കാനും, ഭാര്യയ്ക്കു്‌ ഒരു "ബിലേറ്റഡ്‌" പിറന്നാളാശംസിക്കാനുമായി ഞാന്‍ വീട്ടീലെത്തും, ഓഗസ്റ്റ്‌ 15ന്.
---------------------------------
"ഡെല്യൂജ്‌ ഓഫ്‌ 786" ഇവിടെ കഴിയുന്നു.

ഗുജറാത്തിലെ ഒരു ഡാം തുറന്നതുകാരണമുണ്ടായ ഈ പ്രളയം, തൊട്ടടുത്ത സംസ്ഥാനമായ രാജസ്ഥാനിലും ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി.
ഒരു കാര്യം ശ്രദ്ധിച്ചോ?
ഒരു ഡാമില്‍നിന്നു്‌ കുറച്ചുവെള്ളം തുറന്നുവിട്ടപ്പോളുള്ള അവസ്ഥയാണിതു്‌‌.
ഇന്നുപൊട്ടും, നാളെപ്പൊട്ടും എന്നുപറഞ്ഞുനില്‍ക്കുന്ന നമ്മുടെ മുല്ലപ്പെരിയാര്‍ ഡാം ശരിക്കും പൊട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. ആലോചിച്ചുനോക്കിയിട്ടുണ്ടോ?

കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞതു 50 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ത്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കം 50 ലക്ഷം മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും.
ഇത്രയും ശവശരീരങ്ങള്‍ 24 മണിക്കൂറിനകം ശരിയാംവണ്ണം മറവുചെയ്തിലെങ്കില്‍, ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റു്‌രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഇതില്‍നിന്നു്‌ രക്ഷപ്പെട്ടു്‌ തലസ്ഥാനനഗരിയിലും മറ്റും അവശേഷിക്കുന്ന രാഷ്ടീയവിഷജീവികള്‍ ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും. ഈ സംസ്ഥാനത്തിനു്‌ ദൈവത്തിന്റെ സ്വന്തം നാടെന്നു്‌, പേരിട്ടതാരെന്നുമാത്രം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അറിയാവുന്നവര്‍ ദയവായി പറഞ്ഞു തരണം. ഒരു നിരക്ഷരന്റെ അപേക്ഷയാണു്‌.

അതൊക്കെ പോകട്ടെ. വിഷയത്തില്‍നിന്നൊരുപാടു്‌ വ്യതിചലിച്ചിരിക്കുന്നു.
സന്നിഗ്ധ ഘട്ടത്തില്‍, ഒരു ഹെലിക്കൊപ്പ്റ്റര്‍ എങ്ങിനെ നിയന്ത്രണവിധേയമാക്കാം എന്നുള്ള എന്റെ ചോദ്യത്തിനു്‌ അമ്മാവന്‍ തന്ന മറുപടി കേള്‍ക്കേണ്ടേ?

" പറക്കുന്ന യന്ത്രപ്പക്ഷികളില്‍ ഏറ്റവും അണ്‍-സ്റ്റേബിളായിട്ടുള്ളതും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായതു്‌ ഹെലിക്കോപ്പ്റ്റര്‍ തന്നെയാണു്‌. വര്‍ഷങ്ങളോളം തഴക്കവും പഴക്കവും ഉള്ളവര്‍ക്കേ ശരിയാംവണ്ണം ഒരു ഹെലിക്കോപ്പ്റ്റര്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണ യാത്രാവിമാനങ്ങള്‍ പറത്തുന്ന ഒരു പൈലറ്റിനുപോലും, നീ പറയുന്നതുപോലെയുള്ള അവശ്യഘട്ടത്തില്‍ ഒരു ഹെലിക്കോപ്പ്റ്റര്‍ നിയന്ത്രിക്കാന്‍ പെടാപ്പാടുപെടേണ്ടിവരും.
മൂക്കിന്റെ തുമ്പു്‌ വിയര്‍ക്കും. മൂക്കുകൊണ്ടു്‌ "ക്ഷ" വരക്കും.
അതുകൊണ്ടു്‌, പൊന്നുമോന്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു്‌ ചുമ്മാ ഇരുന്നുകൊടുത്താല്‍മാത്രം മതി. ബാക്കിയെല്ലാം നെഞ്ഞുവേദനയോ, ഹാര്‍ട്ടറ്റാക്കോ വന്നാല്‍പ്പോലും പൈലറ്റുതന്നെ നോക്കിക്കോളും. ഇടപെട്ടു്‌ കുളമാക്കാതിരുന്നാല്‍ മാത്രം മതി."

എന്തിനധികം പറയുന്നു. ഇപ്പറഞ്ഞ ഉപദേശം കൈക്കൊണ്ടതിനുശേഷം ഹെലിക്കോപ്പ്റ്ററില്‍ കയറുമ്പോള്‍ ചങ്കിടിപ്പു്‌ മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയായിരിക്കുന്നു.
നാശം പിടിക്കാന്‍, ആവശ്യമില്ലാത്ത ഒരോന്നുചോദിച്ചു്‌ മനസ്സമാധാനംകളഞ്ഞിട്ടിപ്പോ.......!!!

Tuesday 6 November 2007

ഷൌക്കത്ത്‌

വൈപ്പിന്‍ കരയുടെ വടക്കേ അറ്റമാണു്‌ മുനമ്പം.ഇവിടന്നു്‌ കടത്തു കടന്നാല്‍ അഴീക്കോട്‌ ചെല്ലാം. മുനമ്പത്തിനും അഴീക്കോടിനുമിടയിലൂടെ, അധികമൊന്നും പാദസരങ്ങള്‍ കിലുക്കാതെ, പെരിയാര്‍ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു.

ഒരു കാലത്ത്‌,(ചേരമാന്‍ പെരുമാളിന്റെ കാലത്തെന്നോ മറ്റോ തറപ്പിച്ചു പറയണമെങ്കില്‍ ചരിത്രം അറിയണമല്ലോ!!) മുസരീസ്സ്‌ എന്ന പേരില്‍ പ്രസിദ്ധിയുള്ള ഒരു തുറമുഖമായിരുന്നു ഇത്‌. കാലക്രമേണ, കടത്തു ബോട്ടിനുപോലും അഴി കുറുകെ മുറിച്ചു കടക്കാന്‍ പറ്റാത്തവിധം, ആഴമില്ലാതെ, തുറമുഖം അടഞ്ഞുപോകുകയാണുണ്ടായത്‌. 300 മീറ്റര്‍ മാത്രം അപ്പുറത്തുള്ള മറുകരയിലെത്താന്‍ വേണ്ടി, ബോട്ട്‌ സഞ്ചരിച്ചിരുന്ന ചാലിനു്‌, 1 കി.മീറ്ററില്‍ അധികം ദൂരം കാണും.

പ്രസ്തുത കടത്തു ബോട്ടിലെ ജീവനക്കാരനായിരുന്നു ഷൌക്കത്ത്‌. ബഹിര്‍മുഖന്‍, സരസന്‍, അദ്ധ്വാനി, പരോപകാരി, നര്‍മ്മബോധമുള്ളവന്‍ എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാം കഥാനായകനെ. ആളിപ്പോള്‍ ജീവിച്ചിരിപ്പില്ല.

വളരെ ചെറുപ്പത്തിലേ കണ്ടുപരിചയം ഉണ്ടെങ്കിലും അടുത്തു പരിചയപ്പെട്ടതു ഒരു "പൊള്ളിപ്പോയ" സംഭവത്തിലൂടെയാണു്.

എനിക്കന്നു്‌ വള്ളിക്കളസ്സു്‌ പ്രായം. ഒരിക്കല്‍ ബോട്ടുയാത്രക്കിടയില്‍ ഞാനൊരു പണിയൊപ്പിച്ചു. എഞ്ചിനില്‍ നിന്നും ബോട്ടിന്റെ മുകളിലേക്കു പോകുന്ന തടിച്ചുവീര്‍ത്ത ഒരു കുഴലുണ്ട്‌. അതിനു മുകളിലൂടെ വെളുത്തുരുണ്ട ചാക്കുവള്ളി പോലെന്തൊ ഒന്നു്‌ അതിമനോഹരമായി ചുറ്റിപ്പിടിപ്പിച്ചിരിക്കുന്നു. ഇത്രയും മനോഹരമായ ഒരു സംഭവം ആ ബോട്ടിലൊരിടത്തുമില്ല. അതുകൊണ്ടുതന്നെ, യാത്രക്കാര്‍ പിടിച്ചു ചീത്തയാക്കാതിരിക്കാന്‍ വേണ്ടിയായിരിക്കണം, ജനലഴിപോലെ മരക്കഷണങ്ങള്‍ കൊണ്ട്‌ ഈ സംഭവത്തിനുചുറ്റും വളച്ചുകെട്ടിയിരിക്കുന്നു. ജിജ്ഞാസ സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാനീ അഴികള്‍ക്കിടയിലൂടെ കൈയിട്ടു വെളുത്ത ചാക്കുവള്ളിച്ചുറ്റിലൊന്നു പിടിച്ചുനോക്കി.

ഹാവൂ....കണ്ണില്‍ക്കൂടെ പൊന്നീച്ച പറന്നു. നരകത്തിലെ തീയ്ക്കു പോലും ഇത്ര ചൂടുണ്ടാകില്ല. ഉള്ളം കൈയിലെ ഒരേക്കര്‍ ‍മാംസം വെന്തുപോയോന്നൊരു സംശയം.

ഇതെന്തു പണ്ടാരമാണു്‌ കുന്തം? ഇത്രേം ചൂടുള്ള സാധനം ബോട്ടിന്റെ പുറത്തെങ്ങാനും വച്ചാപ്പോരെ? അകത്തെടുത്തു വച്ചിരിക്കുന്നു ദുഷ്ടന്മാര്‍. മനസ്സറിഞ്ഞു പ്രാകി.(എഞ്ചിന്റെ എക്സോസ്റ്റ്‌ പൈപ്പും സൈലന്‍സറും ചേര്‍ന്ന സംഭവത്തിലാണ്‌ ഞാന്‍ കൈകടത്തിയതെന്നു്‌ മനസ്സിലാക്കാന്‍ വീണ്ടും ഒരുപാട്‌ വര്‍ഷങ്ങളെടുത്തു.)

പ്രാകിക്കഴിഞ്ഞു്‌ തലപൊക്കി നോക്കിയപ്പോള്‍ കണ്ടതു്‌, ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഷൌക്കത്തിനെയാണു്‌. ഇഷ്ടനെല്ലാം കണ്ടിരിക്കുന്നു.

വെന്തതിന്റെ വേദനയും, അതൊരാള്‍ കണ്ടതിന്റെ ചമ്മലും ഒക്കെക്കൂടെ വല്ലാത്തൊരു അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഷൌക്കത്ത്‌ പതുക്കെ അടുത്തേക്കു വന്ന്‌ കൈ പിടിച്ചു പരിശോധിക്കുന്നു.(വേവ്‌ പാകമായോന്നു നോക്കാനാണോ എന്തോ!!!) എന്നിട്ടൊരു വൈദ്യവും പറഞ്ഞു തന്നു.

"കുറച്ചുനേരം തേനിന്റെ കുപ്പിയില്‍ കൈ മുക്കിപ്പിടിച്ചാല്‍ മതി"

തേന്‍കുപ്പി.....തേങ്ങാക്കൊല...
മനുഷ്യന്‍ അന്തപ്രാണന്‍കത്തിനില്‍ക്കുമ്പോളാണു്‌ ഒടുക്കത്തെ ഒരു തമാശ.

എന്തായാലും ഈ സംഭവത്തിനു ശേഷം ഷൌക്കത്ത്‌ നമ്മുടെ ലോഹ്യക്കാരനായി മാറുന്നു.

ബോട്ടു കാത്തു കടവില്‍ നില്‍ക്കുബോള്‍, ഇടിച്ചു കയറി സംസാരിച്ച്‌ കുടുംബവും, കുലമഹിമയും തുടങ്ങി, തായ്‌വേരുവരെ പറയിപ്പിച്ചെടുക്കും പഹയന്‍. നല്ല ഒന്നാം തരം ദിനേശ്‌ ബീഡിയുടെ മണം എന്താണെന്നറിയാന്‍ ഷൌക്കത്തിന്റെ അടുത്തുനിന്നാല്‍ മതി. വാസനസോപ്പിട്ട്‌ കുളിച്ച്‌, അത്തറില്‍ മുക്കിയ പഞ്ഞി ചെവിയില്‍ തിരുകി വച്ചിട്ടുണ്ടെങ്കിലും, ദിനേശ്‌ ബീഡിയുടെ മണം ഷൌക്കത്തിന്റെ വിയര്‍പ്പിനുണ്ടാകും. ബീഡിയൊരെണ്ണം കടിച്ചുപിടിച്ചിട്ടില്ലാത്ത ഷൌക്കത്തിന്റെ ഒരോര്‍മ്മപോലും എന്റെ മനസ്സിലെങ്ങുമില്ല. ഒന്നാന്തരമൊരു "ചങ്ങലവലിയന്‍" തന്നെ.

കടത്തുകടവിലെ തിരക്കിനിടയില്‍ കുറഞ്ഞത്‌ പത്തുപേരോടെങ്കിലും ഷൌക്കത്ത്‌ അടുത്തിടപഴകുകയും കുശലങ്ങള്‍ ചോദിക്കുകയും ചെയ്യുന്നത്‌ അത്ഭുതത്തോടെ നോക്കി നിന്നുപോയിട്ടുണ്ട്‌. ഒരു മുഴുവന്‍ ദിവസത്തിനുള്ളില്‍ ചുരുങ്ങിയതു്‌ രണ്ടുപേരോടെങ്കിലും അങ്ങിനെ ഇടിച്ചു കയറി സംസാരിച്ച്‌, കൈയ്യിലെടുക്കാന്‍ പറ്റിയിരുന്നെങ്കിലെന്നു്‌ ആഗ്രഹിച്ചുപോയിട്ടുമുണ്ട്‌.

കാറ്റും മഴയും ഉള്ളസമയത്ത്‌ ചിലപ്പോള്‍ ബോട്ട്‌ ലക്ഷ്യം വിട്ട്‌ നിയന്ത്രണമില്ലാതെ ഒഴുകി നടക്കും. ടര്‍പോളിന്‍ കൊണ്ട്‌ ഇരുവശങ്ങളും മറച്ചിരിക്കുന്നതുകൊണ്ട്‌ ബോട്ടിന്റെ കാറ്റുപിടിച്ചുള്ള നീക്കത്തിനു്‌ വേഗതയും കൂടും. ഈ സമയത്തു്‌ യാത്രക്കാരുടെ മുഖമെല്ലാം തൊലി കളഞ്ഞ വെളുത്തുള്ളിയുടെ നിറമാകും. ചെറുപ്പം മുതല്‍ യാത്ര ചെയ്യുന്നതാണെങ്കിലും ഇത്തരം സന്ദര്‍ഭത്തില്‍ പലപ്പോഴും ഞാനും ചെറുതായി 'നനഞ്ഞുപോയിട്ടുണ്ട്‌ '.

ആ സമയത്ത്‌ ബോട്ടില്‍ ആദ്യം തിരയുന്നത്‌ ഷൌക്കത്തിനെയായിരിക്കും. ഷൌക്കത്ത്‌ അപ്പോള്‍ ടര്‍പോളിന്‍ ചുരുട്ടിക്കെട്ടി മുകളിലാക്കി കാറ്റുപിടുത്തം ഒഴിവാക്കാനുള്ള ശ്രമത്തിലായിരിക്കും. യാത്രക്കാരുടെ ദുരഭിമാനമാണു്‌ കഷ്ടം. ചാകാന്‍ പോണെന്നുപറഞ്ഞാലും ടര്‍പോളിന്‍ ചുരുട്ടിവെക്കാനവര്‍ സമ്മതിക്കില്ല. കാറ്റത്ത്‌ മഴവെള്ളം അടിച്ചുകയറി മേക്കപ്പെല്ലാം ഒലിച്ചുപോയാലൊ? ബോട്ടിന്റെ വെളിയിലുള്ള പടിയില്‍ ചവിട്ടിനിന്നു്‌ ഷൌക്കത്തും അകത്തുനിന്ന്‌ യാത്രക്കാരും ടര്‍പോളിനുവേണ്ടി നടത്തുന്നപിടിവലി ബോട്ട്‌ ഏതെങ്കിലുമൊരു കരയ്ക്കടുക്കുന്നതുവരെ നീളും.

ഇടയില്‍ എപ്പോഴെങ്കിലും ഷൌക്കത്തിന്റെ ഒരു നോട്ടം കിട്ടിയാല്‍ത്തന്നെ പകുതി ശ്വാസം നേരെ വീഴും. അത്യാഹിതം വല്ലതും ഉണ്ടായാല്‍ രക്ഷിക്കാന്‍ ഒരാളെങ്കിലും ഉണ്ടെന്നുള്ള ഒരു ആത്മവിശ്വാസം വളര്‍ന്നു പടര്‍ന്നു്‌ പന്തലിക്കും.

സാധാരണ ദിവസങ്ങളില്‍, മെഴുക്കിട്ട്‌ കുളിച്ച്‌, കൈലി ചുറ്റി ഷര്‍ട്ടുമിട്ട്‌, കോണോടുകോണ്‍ മടക്കിയ കര്‍ച്ചീഫ്‌ ഷര്‍ട്ടിന്റെ കോളറിന്റെ അകത്തു തിരുകി കടത്തുകടവിലും, ബോട്ടിലുമൊക്കെയായി ഷൌക്കത്ത്‌ നിറഞ്ഞു നില്‍ക്കും. നല്ല വേനല്‍ക്കാലത്ത്‌ കര്‍ച്ചീഫ്‌ കഴുത്തില്‍നിന്നെടുത്ത്‌ തലയില്‍ കെട്ടിയിട്ടുണ്ടാകും. മടക്കിക്കുത്തിയിരിക്കുന്ന കൈലിയുടെ ഇറക്കത്തെ ഓവര്‍ടേക്ക്‌ ചെയ്ത്‌ അടിയില്‍ ധരിച്ചിരിക്കുന്ന, ബെഡ്ഡ്‌ ഷീറ്റ്‌ വെട്ടിത്തുന്നിയതുപോലത്തെ ട്രൌസര്‍ (പരിഷ്ക്കാരികള്‍ ഇപ്പോളതിനെ ബര്‍മുട എന്നാണത്രെ വിളിക്കുന്നത്‌.) വെളിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. ഈ ട്രൌസറിന്റെ കീശയാണു്‌ ദിനേശ്‌ ബീഡിയുടെ ആവനാഴി.

കടത്തുബോട്ടിലെ ജോലിക്കിടയില്‍ അല്പസ്വല്പം ചില്ലറ തടയുന്ന ഒരു 'സേവനം' കൂടെ ചെയ്യാറുണ്ട്‌ കഥാനായകന്‍. അതൊരു മുങ്ങല്‍വിദഗ്ധന്റെ പണിയാണു്‌. നേവിയിലേയും മറ്റും മുങ്ങല്‍ വിദഗ്ധന്മാര്‍ക്കുള്ള സ്വൂട്ടും, കോട്ടും, കുപ്പായവും, തലേക്കെട്ടും, പിന്നെപുറത്ത്‌ ഒന്നരദിവസത്തേക്കുള്ള പ്രാണവായു നിറച്ച സിലിണ്ടറും മറ്റും കെട്ടിപ്പേറിയൊന്നുമല്ല ഷൌക്കത്ത്‌ മുങ്ങുന്നത്‌.

ഉടുത്തിരിക്കുന്ന മുണ്ടും, ഷര്‍ട്ടും, കഴുത്തിലെ കര്‍ച്ചീഫും അഴിച്ച്‌ ബോട്ടിന്റെ മേല്‍ക്കൂരയിലേക്കിടും. ബര്‍മുഡയുടെ വള്ളി ഒന്നുകൂടെ മുറുക്കും. വെള്ളത്തിലേക്ക്‌ ചാടുന്നതിനുമുന്‍പു്‌ ഏതൊരു മനുഷ്യനും ചെയ്യുന്നതുപോലെ കുറച്ചധികം പ്രാണവായു അകത്തേക്ക്‌ വലിച്ച്‌ കയറ്റും. ഒരു ചെറിയ വ്യത്യാസം ഉണ്ടെന്നു മാത്രം. ഷൌക്കത്തിന്റെ കാര്യത്തില്‍ ഈ ആഞ്ഞുവലി, കടിച്ചുപിടിച്ചിരിക്കുന്ന ദിനേശ്‌ ബീഡിയിലായിരിക്കും. പല്ലിനിടയില്‍ കടിച്ചുപിടിക്കാന്‍പോലും നീളമില്ലാത്ത ആ ബീഡിയെ അവസാനമായി ഒന്നുകൂടെ നിര്‍നിമേഷനായി നോക്കിയശേഷം വെള്ളത്തിലേക്ക്‌ എറിയുന്നതും, ഷൌക്കത്ത്‌ വെള്ളത്തില്‍ പതിക്കുന്നതും ഒരുമിച്ചായിരിക്കും.

ഷൌക്കത്ത്‌ മുങ്ങല്‍ വിദഗ്ധനാകുന്നത്‌ എന്തിനാണെന്നു പറഞ്ഞില്ലല്ലോ?

യാത്രക്കാരില്‍ പലരും, ഒരു കരയില്‍ സൈക്കിളൊ, സ്കൂട്ടറൊ വച്ചിട്ട്‌ മറുകരയിലേക്ക്‌ കടക്കുന്നവരായിരിക്കും. ബോട്ടിലേക്ക്‌ കയറാനുള്ള കരയിലെ പടവും, ബോട്ടിന്റെ വശങ്ങളിലുള്ള പടിയും തമ്മിലുള്ള ഉയരവ്യത്യാസം, വേലിയേറ്റത്തിനും, വേലിയിറക്കത്തിനും അനുസരിച്ച്‌ കൂടിയും കുറഞ്ഞും ഇരിക്കും. ഒരു കാല്‍ കരയിലെ പടവിലും, മറ്റെക്കാല്‍ ബോട്ടിന്റെ പുറത്തെ പടിയിലും വെച്ച്‌, ശരീരത്തിന്റെ മധ്യഭാഗം 17 ഡിഗ്രി പുറകോട്ട്‌ വളച്ച്‌, തല മുന്‍പോട്ട്‌ കുനിച്ച്‌, ബോട്ടിന്റെ മുകള്‍ഭാഗത്ത്‌ ഇടിക്കാതെ, ആദ്യത്തെക്കാല്‍ ബോട്ടിന്റെ ഉള്ളിലേക്ക്‌ വലിക്കണം. എന്നിട്ട്‌ ബോട്ടിനകത്ത്‌ ഇതിനകം കയറിപ്പറ്റിയ സഹയാത്രികരുടെ മേലൊന്നും ചവുട്ടാതെ, ഈ കാലിനെ നിലം തൊടുവിക്കണം.

യോഗാചാര്യ ഗോവിന്ദന്‍ നായരുടെ ഏറ്റവും കഠിനമായ ചില ആസനങ്ങളേക്കാള്‍ ദുഷ്ക്കരമായ ഈ 'കടത്താസന'ത്തിനിടയില്‍ പല യാത്രക്കാരും വിലപിടിച്ച സ്ഥാവരജംഗമവസ്തുക്കള്‍ വെള്ളത്തില്‍ നഷ്ടപ്പെടുത്തിയിരിക്കും. സൈക്കിളിന്റെയോ, സ്കൂട്ടറിന്റെയോ താക്കോലായിരിക്കും ഇക്കൂട്ടത്തിലധികവും.

ഈ സമയത്താണു്‌ സാക്ഷാല്‍ ഷൌക്കത്ത്‌ ഭഗവാന്‍ മുങ്ങല്‍ വിദഗ്ധന്റെ വേഷത്തില്‍ രക്ഷകനായെത്തുന്നത്‌. ഇതൊരു നിത്യസംഭവമായതുകാരണം, സാധനങ്ങള്‍ എന്തെങ്കിലും വെള്ളത്തില്‍ വീണത്‌ ഉടമസ്ഥന്‍ അറിഞ്ഞില്ലെങ്കിലും ആ രംഗം ഷൌക്കത്തിന്റെ ദിവ്യദൃഷ്ടിയില്‍ പതിഞ്ഞിരിക്കും. പിന്നീടത്‌ മുങ്ങിത്തപ്പിയെടുക്കേണ്ടതുകൊണ്ട്‌ അവശ്യവിവരങ്ങള്‍
നേരത്തേകാലത്തേ അറിഞ്ഞിരിക്കുന്നത്‌ നല്ലതല്ലെ ?!!

തൊണ്ടി സാധനം വീണസ്ഥലം, സമയം, വീഴ്ത്തിയവന്റെ പോക്കറ്റിന്റെ കനം, തുടങ്ങിയ ഡാറ്റാബേസ്‌ ഷൌക്കത്തിനു്‌ ഗുണം ചെയ്യും. ജോലിഭാരം കുറയ്ക്കാം. തൊണ്ടിസാധനം കിട്ടാനുള്ള സാധ്യതയുണ്ടോ ഇല്ലയോ, മുങ്ങിത്തപ്പണോ വേണ്ടയോ, കാര്യം നടന്നാല്‍ ഷൌക്കത്തിനെന്തെങ്കിലും മെച്ചം ഉണ്ടൊ ഇല്ലയൊ എന്നൊക്കെ കാലെക്കൂട്ടി തീരുമാനിക്കാം.

സാധനം നഷ്ടപ്പെട്ടവന്റെ പോക്കറ്റിന്റെ കനവും, മനസ്സിന്റെ കനക്കുറവും, തൊണ്ടിസാധനത്തിന്റെ മൂല്യവും ഒക്കെ അനുസരിച്ച്‌ തെറ്റില്ലാത്ത ഒരു തുക ഷൌക്കത്തിന്റെ പോക്കറ്റിലുമെത്തണം. സാധാരണഗതിയില്‍ 25ഉം 50ഉം രൂപാവരെയൊക്കെ കിട്ടാറുണ്ട്‌. അതില്‍ക്കുറഞ്ഞൊരു രൊക്കത്തിനു്‌ ഈ അഴുക്കുവെള്ളത്തില്‍ ചാടേണ്ട കാര്യമില്ലല്ലോ.

അപ്പോളൊരിക്കലാണു്‌ മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ കൈയ്യില്‍നിന്നെന്തൊ വെള്ളത്തില്‍ നഷ്ടപ്പെട്ടത്‌. ഇപ്രാവശ്യം ഒരു ചെറിയ കുഴപ്പമുണ്ടായി. തൊണ്ടിസാധനം വെള്ളത്തില്‍ വീഴുന്ന ദൃശ്യം ഷൌക്കത്തിന്റെ ദിവ്യദൃഷ്ടിയുടെ ഫ്രെയിമില്‍ 10 മെഗാ പിക്സെല്‍ ക്ളാരിറ്റിയില്‍ പതിഞ്ഞില്ല. കക്ഷി ദിനേശ്‌ ബീഡിയുടെ സ്റ്റോക്ക്‌ പുതുക്കാന്‍ വേണ്ടി തൊട്ടടുത്തുള്ള പെട്ടിക്കടയിലേക്കു്‌ പോയ സമയത്താണ്‌ സംഭവം നടന്നത്‌.

ബര്‍മുഡയുഡെ കീശയില്‍ ദിനേശ്‌ ബീഡിയുടെ സ്റ്റോക്ക്‌ പുതുക്കി തിരിച്ചു വന്ന ഷൌക്കത്തിനെക്കാത്ത്‌ ഒരു പുരുഷാരം തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ 48 വയസ്സുപ്രായം തോന്നിക്കുന്നൊരു സ്ത്രീയും. ഒറ്റ നോട്ടത്തില്‍ത്തന്നെ ഷൌക്കത്തിനു കാര്യം മനസ്സിലായി. ഞാനിതെത്ര കണ്ടതാ എന്നൊരു ഭാവം മുഖത്തു വന്നതു മറച്ചു പിടിച്ചുകൊണ്ട്‌, നഷ്ടപ്പെട്ട സാധനത്തെക്കുറിച്ചു ഒരു ചെറിയ "പൂച്ച്‌ താച്ച്‌ " നടത്തുന്നു നായകന്‍.

സ്ത്രീയുടെ വേഷഭൂഷാദികല്‍ കണ്ടിട്ട്‌ കുറച്ചു്‌ "ജോര്‍ജൂട്ടി" ഉള്ളിടത്തെയാണെന്നു്‌ ഏതാണ്ട്‌ ഉറപ്പിച്ചു.ഇനി തൊണ്ടി മുതലിന്റെ വില നിര്‍ണ്ണയം കൂടെ കഴിഞ്ഞാല്‍, അണ്ടര്‍വാട്ടര്‍ ഓപ്പറേഷന്‍സിലേക്കു്‌ കടക്കാം. ഒന്നുരണ്ട്‌ മിനിട്ടു്‌ കഴിഞ്ഞു. "വില നിര്‍ണ്ണയം" കഴിഞ്ഞെന്നു്‌ ഏതാണ്ട്‌ ഉറപ്പിക്കാം. ഷൌക്കത്തിന്റെ മുഖഭാവം ആകെ മാറിയിരിക്കുന്നു.

കൂടി നിന്നിരുന്നവരുടെ കലപില ശബ്ദത്തെയും പിറുപിറുക്കലിനേയും നിശബ്ദമാക്കിക്കൊണ്ട്‌, ബോട്ടിന്റെ കെട്ടഴിക്കുന്നതിനിടയില്‍,
ഷൌക്കത്തിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു.

" .... ഇക്കാലത്ത്‌ ഒക്കത്തിരിക്കണ കൊച്ചുങ്ങളു്‌ വെള്ളത്തീപ്പോയിട്ട്‌
തള്ളാരു്‌ മൈന്‍ഡു്‌ ചെയ്യുന്നില്ല. .... പിന്നല്ലേ ഒരു കിലോ മുന്തിരി.... "

Saturday 27 October 2007

ഒരു കാരിക്കേച്ചര്‍

2006 ജനുവരി 10നാണു്‌ ഈ കാരിക്കേച്ചര്‍ വരപ്പിച്ചതു്‌. സ്വയം ഒരു പിറന്നാള്‍സമ്മാനം കൊടുത്തതാണെന്നു്‌ വേണമെങ്കില്‍ പറയാം.


ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ കുറച്ചുകാലം മുംബൈ മഹാനഗരത്തില്‍ ജോലിചെയ്തിട്ടുണ്ടു്‌. വിക്‌ട്ടോറിയാ ടെര്‍മിനസ്സിലും, ചര്‍ച്ചു്‌ഗേറ്റിലും, ജുഹു ബീച്ചിലും, നരിമാന്‍ പോയന്റിലും, ഗേറ്റ്വേ ഓഫ്‌ ഇന്ത്യാ പരിസരത്തും, കൊളാബയിലും, കഫ്‌ പരേഡിലുമെല്ലാം അക്കാലത്തു്‌ അലഞ്ഞുതിരിഞ്ഞിട്ടുള്ളതിനു്‌ കൈയ്യും കണക്കുമില്ല.

ജഹാംഗീര്‍ ആര്‍ട്ടു്‌ ഗാലറിയുടെ മുന്‍പില്‍ പലപ്പോഴും, ഇത്തരം ചിത്രങ്ങള്‍ തുച്ചമായ പ്രതിഫലത്തിനു്‌ വരച്ചുകൊടുക്കുന്ന കലാകാരന്മാരെ കാണാന്‍ സാധിക്കും. പെയിന്റുകൊണ്ടും, പെന്‍സില്‍കൊണ്ടും, ചിത്രങ്ങളും, കാരിക്കേച്ചറുകളും, നിമിഷനേരംകൊണ്ടു്‌ വരച്ചുതള്ളുന്ന മിടുക്കന്മാരെ അസൂയയോടെയാണെന്നും നോക്കിനിന്നിട്ടുള്ളതു്‌.

ഒരിക്കല്‍ വിനോദു്‌ ബി.പി. എന്നൊരു സുഹൃത്തുമായി കറങ്ങിനടക്കുന്നതിനിടയില്‍, ആര്‍ട്ട്‌ഗാലറിക്കുമുന്‍പില്‍ കുറെയധികം കലാകാരന്മാര്‍ ഒരുമിച്ചിരുന്നു്‌ ഇത്തരം ചിത്രങ്ങള്‍ ഒരു മല്‍സരം എന്നപോലെ വരച്ചുകൊടുക്കുന്നതുകണ്ടു. കൂട്ടത്തിലൊരുകലാകാരന്‍ ഫ്രീയായപ്പോള്‍ ഞാനയാള്‍ക്കുമുന്‍പിലിരുന്നു. കുറച്ചു്‌പുറകോട്ടു്‌ മാറിനിന്നു്‌ മൊത്തത്തിലുള്ള രംഗം വീക്ഷിക്കുകയാണു്‌ വിനോദു്‌. അതിനിടയില്‍ കക്ഷിയുടെ മുഖത്തൊരു പുഞ്ചിരി. കൂടാതെ, പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള പലതരം ഭാവങ്ങള്‍ മുഖത്തു്‌ മിന്നിമറയുന്നുമുണ്ടു്‌. ഇതിനകം എന്റെ സുന്ദരകോമളവദനത്തിന്റെ ഒരു പെന്‍സില്‍ സ്കെച്ചു്‌ തയ്യാറായിക്കഴിഞ്ഞിരുന്നു.

അടുത്തയാള്‍ക്കുവേണ്ടി കസേരയൊഴിഞ്ഞുകൊടുക്കുമ്പോളേക്കും വിനോദടുത്തുവന്നു്‌ പുഞ്ചിരിച്ചുനിന്നതിന്റെ കാരണം പറഞ്ഞു. എന്റെ പടം വരയ്ക്കുന്നതിനെ കേന്ത്രബിന്ദുവാക്കി, ചുറ്റുമുള്ള, നോക്കിനില്‍ക്കുന്നതും, വരയ്ക്കപ്പെടുന്ന മറ്റെല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടു്‌ മറ്റൊരുകലാകാരന്‍, രസകരമായി മറ്റൊരു ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കുപുറകില്‍ നിന്നു്‌ അക്കാഴ്ച്ച കണ്ടിട്ടാണു്‌ വിനോദിന്റെ മുഖത്തു്‌ ഭാവങ്ങള്‍ മിന്നിമറഞ്ഞിരുന്നതു്‌‌.

കേട്ടപ്പോള്‍ എനിക്കും ആകാംക്ഷ സഹിക്കാനായില്ല. എങ്കില്‍ ആ ചിത്രം ഒന്നു കാണണമല്ലോ!? പറ്റിയാല്‍ അതുകൂടെ വിലകൊടുത്തു്‌ വാങ്ങിയേക്കാം. തിരിഞ്ഞുനോക്കിയപ്പോള്‍ ഇപ്പറഞ്ഞ കലാകാരന്‍ ഇരുന്നിരുന്ന കസേര കാലി. അക്കൂട്ടത്തില്‍ മുഴുവനും അയാള്‍ക്കുവേണ്ടി പരതി. പക്ഷെ ഫലമുണ്ടായില്ല. അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരിക്കുന്നു. വല്ലാത്ത നിരാശ തോന്നി. ഇന്നും, ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നിടത്തുചെന്നുപെട്ടാല്‍ ആദ്യം മനസ്സിലോടിയെത്തുന്നതു്‌ ജഹാംഗീര്‍ ആര്‍ട്ട്‌ ഗാലറിയുടെ മുന്‍പിലെ ആ പഴയ രംഗമാണു്‌.

ആ നഷ്ടചിത്രത്തിന്റെ ഓര്‍മ്മയ്ക്കായി, അന്ധേരി വെസ്റ്റിലുള്ള, പേരോര്‍മ്മയില്ലാത്ത ഒരു ഷോപ്പിങ്ങ്‌ കോംപ്ലക്‌സില്‍ വെച്ചു്‌, ശ്രീനിവാസനെന്ന മറാഠി കലാകാരന്‍ വരച്ച ഈ കാരിക്കേച്ചര്‍ ഞാനീ ബ്ലോഗിലിടുന്നു. കാരിക്കേച്ചറില്‍ ‍കൂടെയുള്ളതു്‌ മറ്റാരുമല്ല. എന്റെ വാമഭാഗം, മുഴങ്ങോടിക്കാരി ഗീത തന്നെ.

പേരിനുപിന്നിലെ രഹസ്യം

സുഹൃത്തുക്കളെ

ബ്ലോഗാന്‍ തുടങ്ങുന്നതിന്റെ ഭാഗമായി, നിരക്ഷരന്‍ എന്ന പേരു്‌ സ്വീകരിക്കാന്‍ കാരണമുണ്ട്. മലയാളം ലിപി കമ്പ്യൂട്ടറില്‍ നടാടെ എഴുതിത്തുടങ്ങുന്ന ഒരാള്‍ക്ക് ഇതില്‍പരം പറ്റിയ പേരില്ല എന്നു തോന്നി.

നടന്‍ ഇന്നസെന്റിനു്‌ അങ്ങോരുടെ അപ്പന്‍ പേരിട്ടതു പോലെ.

ജനിച്ചപ്പോള്‍ തന്നെ ഇന്നച്ചന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു പോലും. ഭാവിയില്‍ എങ്ങാനും ഒരു പ്രതിക്കൂട്ടില്‍ കയറേണ്ട വന്നാല്‍,
"ബഹുമാനപ്പെട്ട കോടതി, ഞാന്‍ ഇന്നസെന്റെ ആണ്" എന്നു പറഞ്ഞ് രക്ഷപ്പെട്ടോട്ടെ. അതായിരുന്നു ഇന്നച്ചന്റെ അപ്പന്റെ കണക്കുകൂട്ടല്‍.

ഇപ്പോള്‍ എന്റെ കണക്കുകൂട്ടല്‍ പിടി കിട്ടിക്കാണുമല്ലോ !!
ബഹുമാനപ്പെട്ട വായനക്കാരേ ഞാന്‍ നിരക്ഷരനാണ്. ഇന്നലെയും, ഇന്നും, നാളെയും, എല്ലായ്പ്പോഴും.
(ഹോ രക്ഷപ്പെട്ടു)

പക്ഷെ അതുകൊണ്ട് കഴിഞ്ഞില്ലല്ലോ. ഇനി എഴുതണമല്ലോ. ചുമ്മാ എഴുതിയാല്‍ പോരല്ലോ. ഏറ്റവും കുറഞ്ഞത് ബ്ലോഗ്ഗര്‍ താരം വിശാലമനസ്കന്റെ പോലെ എങ്കിലും എഴുതണമല്ലോ.

നിരക്ഷരനാണെങ്കിലും അത്യാഗ്രഹത്തിനു്‌ ഒരു കുറവും ഇല്ല. അത്യാഗ്രഹത്തിനു്‌ കൈയും കാലും വെച്ചവന്‍. ജയിംസ് മാഷിന്റെ മലയാളം ക്ലാസ്സില്‍ ' നെര ' കളിച്ചിട്ടുള്ളവന്‍. വീട്ടില്‍ നിന്നു്‌ ആറു മൈല്‍ അപ്പുറമുള്ള തെക്കന്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തില്‍, അബദ്ധത്തിനുപോലും കാലെടുത്തു കുത്താത്തവന്‍.

ഇനി ഇപ്പോ മുപ്പത്തിമുക്കോടി ദേവകളേയും വിളിച്ചിട്ടെന്തു കാര്യം? ഒരു രക്ഷയുമില്ല.

എങ്കിപ്പിന്നെ പുറത്തുനിന്ന് ദൈവങ്ങളെ ഇറക്കാം. പള്ളിപ്പുറം പള്ളീലെ മഞ്ഞുമാതാവിനോടു പറഞ്ഞു നോക്കാം. പറ്റീലെങ്കില്‍ ചെട്ടിക്കാടു പള്ളീലെ അന്തോണീസുണ്യാളന്‍, എടപ്പള്ളിപ്പള്ളി, മലയാറ്റൂര്‍ പള്ളി, പരുമലപ്പള്ളി. ഇതില്‍ ഏതെങ്കിലും ഒരു പുണ്യാളന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെടാതിരിക്കില്ല.

ഇനി അഥവാ ബ്ലോഗെഴുത്തില്‍ രക്ഷപ്പെട്ടില്ലെന്നാലും, അക്കാര്യവും പറഞ്ഞ് ആരെങ്കിലും മെക്കിട്ടുകയറാനോ പീഡിപ്പിക്കാനോ വന്നാല്‍, "പോയി പള്ളീല് പറ ഊവെ ", എന്നു പറഞ്ഞു രക്ഷപ്പെടാമല്ലൊ!! മലയാറ്റൂരോ, ചെട്ടിക്കാടോ, എവിടാന്ന് വെച്ചാല്‍ സൌകര്യം പോലെ പോയി പറഞ്ഞാല്‍ മതി.

തോമാസ്ലീഹായുടെ ഒരു പള്ളിയുണ്ട് അഴീക്കോട്. അവിടെ പോകണമെങ്കില്‍ കടത്തു കടക്കണം. കടത്തു കാര്യം പറഞ്ഞപ്പോളാണ്‌ ഷൌക്കത്തിന്റെ ഓര്‍മ്മ വന്നത്. കടത്തു ബോട്ടിലെ കിളിയായിരുന്നു. രസികന്‍ കഥാപാത്രം. അക്കഥ അടുത്ത പോസ്റ്റില്‍.‍