Monday 24 December 2007

ഭാംഗിന്റെ വെണ്ണിലാവ്

പുതുവര്‍ഷപ്പുലരിക്ക്‌ ഇനി ദിവസങ്ങള്‍ മാത്രം.
2006 ഡിസംബര്‍ 31ന്‌ ഉണ്ടായ ഒരു അനുഭവത്തിന്റെ ഓര്‍മ്മകള്‍ തികട്ടി തികട്ടി വരുന്നു. ഇനിയൊരിക്കലും ജീവിതത്തില്‍ ഉണ്ടാകരുതേ എന്ന്‌ ആത്മാര്‍ഥമായും ആഗ്രഹിക്കുന്ന ഒരു വല്ലാത്ത അനുഭവമായിരുന്നു അത് .

വിഷയത്തിലേക്ക്‌ കടക്കാം. കഥാനായകന്റെ പേരാണ്‌ ഭാംഗ്‌.

ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഹരിമുരളീരവം ഗാനം കേട്ടിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. ആ സിനിമയിലെ നായകകഥാപാത്രമായ ജഗന്നാഥന്‍, സംഗീതം പഠിക്കാന്‍ വേണ്ടി ഉസ്താദു്‌ ബാദുഷാ ഖാനെന്ന പഴയ 'സിംഹത്തിന്റെ' മടയില്‍ ചെന്നപ്പോള്‍ കാണുന്നത്‌, ഉള്ളില്‍ ഭാംഗിന്റെ വെണ്ണിലാവുമായി ഇരിക്കുന്ന ഉസ്താദിനെയാ‌ണ്. ഗുരുവിന്റെ ഖബറില്‍ ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട്‌ പ്രയാണം തുടരുന്നതുവരെ ജഗന്നാഥന്റെ സിരകളിലും സംഗീതവും ഭാംഗും തന്നെയായിരുന്നു.

ഡോണ്‍ സിനിമയില്‍ അമിതാഭ്‌ ബച്ച‍ന്റെ കഥാപാത്രം (ഇപ്പോള്‍ ഷാരുഖ്‌ ഖാനും) " ഖയിക്കേ പാന്‌ ബനാറസ്‌ വാല" എന്ന പാട്ട്‌ പാടുന്നത്‌ ഭാംഗടിച്ചിട്ടാണ്‌.

വടക്കേ ഇന്ത്യയില്‍ പല ശിവക്ഷേത്രങ്ങളിലേയും പ്രസാദമാണത്രെ ഭാംഗ്‌. ഭഗവാന്‍ ശിവന്റെ ഇഷ്ടപാനീയമായിരുന്നിരിക്കണം ഇത്‌. കൈലാസേശ്വരന്‍ തന്റെ ശരീരമാസകലം ചുടലച്ചാരവും വാരിയിട്ട്‌, കഴുത്തില്‍ പാമ്പിനേയും ചുറ്റി, താണ്ഡവനൃത്തമാടിയിരുന്നത്‌ ഭാംഗടിച്ചിട്ടുതന്നെയായിരിക്കണം.

ഏറ്റവും അവസാനമായി ഭാംഗിനെപ്പറ്റി കാണുന്നത്‌ Travel & Living ചാനലില്‍ ആന്റണി ബോര്‍ഡന്‍ അവതരിപ്പിക്കുന്ന No Reservations എന്ന പരിപാടിയിലൂടെയാണ്‌. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെത്തുന്ന ആന്റണി, ഗോള്‍ഡന്‍ ഫോര്‍ട്ടിന്റെ കവാടത്തിനു വെളിയിലുള്ള "ഗവണ്‍മെന്റ് അംകീകൃത ഭാംഗ്‌ കേന്ദ്രം'' എന്നു ബോര്‍ഡുവച്ചിട്ടുള്ള കടയില്‍ നിന്നും ഭാംഗ്‌ വാങ്ങിക്കുടിക്കുന്നു. വീണ്ടും യാത്ര തുടരുന്നു. ഈ ട്രാവല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അങ്ങിനെയാണ്‌. എന്തുകിട്ടിയാലും തിന്നും, എന്തുകിട്ടിയാലും കുടിക്കും. തിന്നും കുടിച്ചും, യാത്ര ചെയ്ത്‌, കാഴ്ചകള്‍ ക‌ണ്ട് അങ്ങിനെ നടക്കാം. എന്നിട്ടതിനൊക്കെ ശംബളവും വാങ്ങാം. ഭാഗ്യവാന്മാര്‍. പലപ്പോഴും അസൂയ തോന്നിപ്പോയിട്ടുണ്ട്‌.

ആന്റണി ഭാംഗടിച്ച കട ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്‌. ചാനലിലെ പരിപാടി കണ്ടപ്പോള്‍ ഞാനൊന്നു തീരുമാനിച്ചു. അടുത്ത പ്രാവശ്യം ജയ്‌സാല്‍മീര്‍ പോകുമ്പോള്‍ ഭാംഗൊന്ന്‌ പരീക്ഷിച്ചിട്ടുതന്നെ ബാക്കി കാര്യം ആ അവസരം ഒത്തുവന്നത്‌ 2006 ഡിസംബര്‍ 31നാണ്‌. എണ്ണപ്പാടത്തെ ജോലിക്കായി, രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ കുറച്ചുദിവസമായി തമ്പടിച്ചിട്ടുണ്ടായിരുന്നു. 31ന്‌ കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ ഒന്ന്‌ കറങ്ങിയിട്ടിവരാന്‍ പദ്ധതിയിട്ടു. കൂടെ സഹപ്രവര്‍ത്തകരായ ഈജിപ്റ്റുകാരന്‍ മെഹര്‍, രാജസ്ഥാന്‍കാരായ ധര്‍മ്മാരാം, രാംലാല്‍ എന്നിവരുമുണ്ട്‌. രാജസ്ഥാനികള്‍ സ്ഥിരമായി കഴിക്കുന്ന സാധനമാണ്‌ ഭാംഗ്‌. അതുകൊണ്ടുതന്നെ ധര്‍മ്മാരാമിനും, രാംലാലിനും ഇതിലൊരു പുതുമയുമില്ല.

കോട്ടയിലൊക്കെ കറങ്ങിനടന്ന്‌ സമയം കളഞ്ഞ് പുറത്തുവന്നതിനുശേഷം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ച്ചെന്ന്‌ ഭാംഗിന്‌ ഓര്‍ഡര്‍ കൊടുത്തു. പാലില്‍ക്കലക്കിയ ഭാംഗ്‌ അവിടെനിന്നുതന്നെ കുടിക്കാം. അല്ലെങ്കില്‍ പച്ചനിറത്തിലുള്ള ഗുളിക രൂപത്തില്‍ പൊതിഞ്ഞുവാങ്ങാം. പിന്നീട്‌ വെള്ളത്തിലോ, പാലിലോ കലക്കി കുടിച്ചാല്‍ മതി. രണ്ടാമത്തെ ഓപ്‌ഷന്‍ സ്വീകരിച്ചു. നെല്ലിക്കയോളം വലുപ്പത്തിലുള്ള ഭാംഗിന്റെ രണ്ട്‌ പച്ച ഗുളിക പൊതിഞ്ഞുവാങ്ങി.

വൈകുന്നേരമായപ്പോളേക്കും ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലെ ഞങ്ങളുടെ ക്യാമ്പില്‍ തിരിച്ചെത്തി. അവിടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഞാന്‍ മുറിയിലേക്കുപോയി. ഒന്ന്‌ കുളിച്ച്‌ കുപ്പായമൊക്കെ മാറ്റിയതിനുശേഷം ആഘോഷങ്ങളില്‍ പങ്കുചേരാം. അതിനിടയ്ക്ക്‌ എപ്പോഴെങ്കിലും ഭാംഗ്‌ കുടിയ്ക്കാനുള്ള സമയവും കണ്ടെത്തണം.

കുളി കഴിഞ്ഞ്‌ വന്നപ്പോള്‍ ധര്‍മ്മാരാമിനേയും, രാംലാലിനേയും അന്വേഷിച്ചു. അവസാനമായി ഒന്നുകൂടെ ചോദിച്ചുനോക്കാം. പഹയന്മാരേ ഇത്‌ സേവിക്കുന്നതുകോണ്ട്‌ കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ?? പക്ഷെ, ക്യാമ്പ് മുഴുവനും പരതിയിട്ടും രാജസ്ഥാനികളെ രണ്ടിനേയും കണ്ടില്ല. എന്തായാലും വരുന്നിടത്തുവച്ചു കാണാം. ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ഭാംഗിന്റെ ഒരു ഗുളിക നന്നായി കലക്കി. പച്ച നിറത്തിലുള്ള ഭാംഗ്‌ പാനീയം റെഡി. പാലില്‍ ഗുളിക കലക്കുമ്പോള്‍ മാത്രമേ വെളുത്ത നിറം കിട്ടുകയുള്ളായിരിക്കും. കാല്‍ഭാഗത്തോളം കുടിച്ചുനോക്കി. വലിയ കുഴപ്പമൊന്നും തോന്നിയില്ല. എന്തായാലും ശരി, അരമണിക്കൂര്‍ കാത്തതിനുശേഷമേ ബാക്കി കഴിക്കുന്നുള്ളൂ എന്ന്‌ തീരുമാനിച്ചു.

40 മിനിറ്റോളം കഴിഞ്ഞു. ഒരു കുഴപ്പവും തോന്നുന്നില്ല.
ചുമ്മാ ഒരോരോ പറ്റിപ്പ്‌ സാധനങ്ങള്‍!! മനുഷ്യന്റെ സമയം മെനക്കെടുത്താന്‍.
ബാക്കിയുള്ളതുകൂടെ വേഗം വലിച്ചുകുടിച്ച്‌, ക്യാമ്പ്‌ ഫയറിനടുത്തേക്കു നീങ്ങി. ക്യാമ്പ്‌ ബോസ്സ്‌ നാഗരാജനും, കൂട്ടരും, മ്യൂസിക്കല്‍ ചെയറിനുള്ള വട്ടം കൂട്ടുകയാണ്‌.

പരിപാടികള്‍ തുടങ്ങുന്നതിനുമുന്‍പ്‌ ബാഗ്ലൂര്‌ വിളിച്ച്‌ മുഴങ്ങോടിക്കാരി ഭാര്യയും മകളും എപ്പടിയാണ്‌ പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ പോകുന്നതെന്ന്‌ അറിയണമെന്നുതോന്നി. ഡിസംബറായതുകൊണ്ടാകണം രാത്രികാലങ്ങളില്‍ ചെറിയ തണുപ്പുണ്ടായിരുന്നതുകൊണ്ട്‌, ഫോണ്‍ ചെയ്യുമ്പോള്‍ ക്യാമ്പ്‌ ഫയറിനുചുറ്റും നടന്നു.

ഫോണ്‍ ചെയ്തുകഴിഞ്ഞ്‌ ക്യാമ്പു്‌ ഫയറില്‍ നിന്നും ദൂരേയ്ക്ക്‌ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയപ്പോളാണ്‌ ഞാനത്‌ മനസ്സിലാക്കിയത്‌. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു!! ഞാന്‍ തൊട്ടുമുന്‍പ്‌ നിന്നിരുന്നതെവിടെയാണ്‌? ഞാനെങ്ങിനെ ഇവിടെ എത്തിപ്പെട്ടു?? എന്താണിവിടെ നടക്കുന്നത്‌??? ആകെക്കൂടെ ഒരു സ്ഥലജലവിഭ്രാന്തി.

ശംഭോ മഹാദേവ.... അങ്ങയുടെ പ്രസാദം തലയ്ക്കു പിടിമുറുക്കിക്കഴിഞ്ഞോ? സംഭവം ശരിയാണ്‌. ഭാംഗെന്ന ഭയങ്കരന്‍ മസ്തിഷ്ക്കപ്രക്ഷാളനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ആദ്യം ഒരു ചെറിയ രസം തോന്നിയെങ്കിലും, കൂടുതല്‍ സമയം കഴിയുന്തോറും, തലച്ചോറിനകത്തെ പിടി മുറുകിക്കൊണ്ടിരിക്കുകയാണ്‌. ചുറ്റും കാണുന്നതെല്ലാം സ്ലോ മോഷനിലാണോ എന്നു സംശയം. അല്ല അതിനു വേഗതകൂടിക്കൂടിവരുന്നു. കാലുകള്‍ ഭൂമിയില്‍ തൊടുന്നില്ലെന്ന്‌ തോന്നുന്നു. വായുവിലൂടെ തെന്നിതെന്നിയാണ്‌ സഞ്ചാരം .

വേഗം തന്നെ മുറിയിലേക്കുനടന്നു. 30 സെക്കന്റ് നടന്നാല്‍ എത്തുന്ന മുറിയിലെത്താന്‍, 2 സെക്കന്റുപോലും എടുത്തില്ലെന്നു തോന്നി. മുറിയില്‍ചെന്നപാടെ ധര്‍മ്മാരാമിന്റെ മൊബൈല്‍ ഫോണിലേക്ക്‌ വിളിച്ചു.

"ധര്‍മ്മാ, എവിടെയാണ്‌ നീ? പെട്ടെന്നു്‌ മുറിയിലേക്ക്‌ വരൂ, ഒരു ചെറിയ പ്രശ്നമുണ്ട്‌ "
പറഞ്ഞുതീരുന്നതിനുമുന്‍പേ ധര്‍മ്മാരാം മുറിയില്‍ നില്‍ക്കുന്ന പോലെ.
"എന്തുപറ്റി മനോജ് ??"

"ചതിച്ചു ധര്‍മ്മാ. നീയല്ലേ പറഞ്ഞത്‌ ഭാംഗ്‌ ഭഗവാന്‍ ശിവന്റെ പ്രസാദമാണെന്നും മറ്റും. എന്നിട്ടിപ്പോ? ഇതുകണ്ടില്ലേ ? എനിക്ക്‌ പത്ത്‌ തല വന്നിരിക്കുന്നപോലെ. "

തലച്ചോറിനകത്തെ എല്ലാ കോശങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പണിയെടുക്കുന്നു. ചിന്താശക്തി നൂറുമടങ്ങായിരിക്കുന്നു. അത്രയ്ക്കുതന്നെ വര്‍ദ്ധിച്ചിരിക്കുന്നു തലയുടെ ഭാരവും . എതെങ്കിലും ഒരു വസ്തുവിലേക്കുനോക്കിയാല്‍ , അതിനോടനുബന്ധപ്പെട്ട സകലവസ്തുക്കളും ചിന്താമണ്‌ഠലത്തിലൂടെ റോക്കറ്റുവേഗതയില്‍ കടന്നുപോകുന്നു. ഉദാഹരണത്തിനു മുറിയില്‍ മേശപ്പുറത്തു ഗ്ളാസ്സിലിരിക്കുന്ന വെള്ളത്തിലേക്കു നോക്കിയപ്പോള്‍ ,....അതാ ചുറ്റിനും വെള്ളം, പുഴ, അരുവി, നദി, കായല്‍ , കടല്‍ , കടലിന്റെ അടിത്തട്ട്, മുങ്ങിക്കപ്പല്‍ , വഞ്ചി, ബോട്ട്, കപ്പല്‍ , ടൈറ്റാനിക്ക് , അതു മുങ്ങിക്കൊണ്ടിരിക്കുകയാണ്‌............ ഓ വയ്യ.

ദൃഷ്ടി മറ്റൊരിടത്തേയ്ക്കു തിരിക്കുന്നതുവരെ അതങ്ങിനെ തുടര്‍ന്നുപോകുന്നു. ദൃഷ്ടി മാറിയാല്‍ അടുത്ത കാഴ്ചകളുടേയും ചിന്തകളുടേയും ഘോഷയാത്രയായി. ഒരാളെപ്പറ്റി ചിന്തിക്കാന്‍ പോയാല്‍ ആ പേരിന്റെ ആദ്യാക്ഷരത്തില്‍ത്തുടങ്ങുന്ന ജനിച്ചിട്ടിതുവരെ പരിചയമുള്ള സകല പേരുകളും സ്ഥലങ്ങളും, വാക്കുകളും മനസ്സില്‍ തെളിഞ്ഞു വരുന്നു. എം .മുകുന്ദനും , കുഞ്ഞബ്ദുള്ളയും , മറ്റും വര്‍ണ്ണിച്ചിട്ടുള്ള ഉന്മാദത്തിന്റെ മായാലോകത്തിതാ ഞാനും എത്തിപെട്ടിരിക്കുകയാണ്‌ . ഇവിടന്നൊരു മടക്കയാത്രയില്ലേ? ഉണ്ടെങ്കില്‍ എപ്പോള്‍ ? ഒന്നും ചിന്തിക്കാന്‍ വയ്യ. ആയിരം കുതിരകളെ പൂട്ടിയ രഥത്തിന്റെ വേഗത്തില്‍ ചിന്തകള്‍ കാടുകയറുകയാണ്‌. എനിക്കിതില്‍നിന്നു പുറത്തുവരാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ ?

അപ്പോഴേക്കും മെഹറും , രാംലാലും സ്ഥലത്തെത്തുന്നു. എനിക്കാണെങ്കില്‍ തലയുടെ പുറകില്‍ കഴുത്തിനുമുകളിലായി ഒരു ടണ്‍ ഭാരം കയറ്റിവച്ചതുപോലുള്ള അസഹ്യത. തലയുടെ പുറകില്‍ തടകിക്കൊണ്ടു 'ഇധര്‍ ലഗാ, ഇധര്‍ ലഗാ' എന്നു ഹിന്ദിയില്‍ ഞാന്‍ പറയുന്നുമുണ്ട് . മെഹര്‍ പതുക്കെ തല തടകിത്തരാന്‍ തുടങ്ങി.

ഇയാളെന്തിനാണെന്റെ തല തടകുന്നത് ?, അടിച്ചുവീഴ്ത്തിയാലോ എന്ന് ഉന്മാദാവസ്ഥയും , സ്നേഹത്തോടെ ചെയ്യുന്നതല്ലേ, അയാളെ ഉപദ്രവിക്കരുത് എന്നു ഉപബോധമനസ്സും വടംവലി നടത്തിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ആരോ കുറച്ച്‌ ഭക്ഷണം കൊണ്ടുവന്നു തന്നു. പക്ഷെ കഴിക്കാന്‍ പറ്റുന്നില്ല. ജനിച്ചിട്ടിതുവരെ കഴിച്ചിട്ടുള്ള ഭക്ഷണം മുഴുവന്‍ മുന്‍പില്‍ കൊണ്ടുവന്നു വെച്ചിരിക്കുന്നതുപോലെ. എന്തൊരു കഷ്ടമാണിത് ? ഇതിനെയാണോ ഭാംഗിന്റെ വെണ്ണിലാവെന്ന് ജഗന്നാഥന്‍ വിശേഷിപ്പിച്ചത് ?!

അതിനിടയില്‍ ധര്‍മ്മാരാം വെളിയിലേക്കു പോയി. ഭാംഗിന്റെ ഉന്മാദത്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ ഭൂങ്കട എന്ന പ്രത്യേകതരം ഒരു കുരു രാജസ്ഥാനികള്‍ കഴിക്കാറുണ്ടത്രെ !!

"ഭാംഗ് മാങ്കേ ഭൂങ്കട, ദാരൂ മാങ്കേ ജൂത്ത് " എന്നൊരു ചൊല്ലുതന്നെ രാജസ്ഥാനിലുണ്ട്.(ഭാംഗടിച്ചവര്‍ക്ക് ഭൂങ്കടയും, കള്ളടിച്ചവര്‍ക്ക് ചെരിപ്പും. ചെരിപ്പെന്നുവച്ചാല്‍, ചെരിപ്പുകൊണ്ടുള്ള അടി തന്നെ) രാത്രി 9 മണി കഴിഞ്ഞതുകൊണ്ട് ഒറ്റമൂലിക്കുരു കിട്ടാതെ ധര്‍മ്മ മടങ്ങിവന്നു.

ഞാനിതാ കാടുകയറിയ ചിന്തകളുമായി, അതിന്റെ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനാവാതെ കട്ടിലില്‍ കിടക്കുകയാണ്‌. കുഴപ്പമില്ല, രാവിലെയാകുമ്പോളേക്കും എല്ലാം ശരിയാകുമെന്നാണ്‌, ധര്‍മ്മയും, രാംലാലും പറയുന്നത്‌.ചിലര്‍ക്ക്‌ ഇങ്ങിനെയുണ്ടാകാറുണ്ടത്രെ?! ചിലപ്പോള്‍ കുറെ ദിവസം തന്നെ കഴിയും ഇതില്‍നിന്നു പുറത്തുവരാന്‍. അപൂര്‍വ്വം ചിലര്‍ ഈയവസ്ഥയില്‍നിന്നും പുറത്തുവരാനാകാതെ,സ്ഥിരമായി അവിടെത്തന്നെ കുടുങ്ങിപ്പോയിട്ടുമുണ്ട്‌. മറ്റു ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മണിക്കൂറുകളോളം തുടര്‍ന്നുകൊണ്ടിരിക്കും. ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരി തന്നെ. കരഞ്ഞുപോയാല്‍ കരച്ചിലുതന്നെ. ഒരിക്കല്‍ ഭാംഗടിച്ച്‌ വണ്ടിയോടിച്ച ധര്‍മ്മാരാം, എത്തേണ്ടസ്ഥലം കഴിഞ്ഞിട്ടും, വീണ്ടും നൂറിലധികം കിലോമീറ്റര്‍ വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു. പെട്രോള്‍ തീര്‍ന്നപ്പോള്‍ വഴിയിലെവിടെയോ കിടന്നുറങ്ങി. മണിക്കൂറുകളോളം.

ഇവിടെ ഞാനിതാ ചിന്തകളുടെ ആവര്‍ത്തനലോകത്തിലാണ്‌, അതിന്റെ ചുഴിയില്‍പ്പെട്ടിട്ടാണ്‌ കൈകാലിട്ടടിക്കുന്നത്‌. കൈലാസനാഥാ അങ്ങേയ്ക്കുമാത്രമേ ഈ ചക്രവ്യൂഹത്തിനുവെളിയില്‍ എന്നെ കൊണ്ടുവരാനാകൂ. രക്ഷിക്കണേ...

ഉറങ്ങിപ്പോയതെപ്പോളാണെന്നറിയില്ല. രാത്രിയിലെപ്പോഴോ വെള്ളം കുടിക്കാന്‍ എഴുന്നേറ്റു. ഇപ്പോള്‍ ചെറിയൊരാശ്വാസം തോന്നുന്നുണ്ട്‌. വെണ്ണിലാവ്‌ അസ്തമിക്കാറായെന്ന്‌ തോന്നുന്നു. സൂര്യോദയം അടുത്തെത്തിയിരിക്കുന്നപോലെ. രാവിലെ കുറച്ച്‌ വൈകിയാണെഴുന്നേറ്റതെങ്കിലും,അപ്പോഴേക്കും ഭാംഗിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുവന്നിരുന്നു. ഒരു പുനര്‍ജന്മംപോലെ.

2007 ജനുവരി 1. പുതുവര്‍ഷം പിറന്നിരിക്കുന്നു.ബ്രേക്ക്‍‌ഫാസ്റ്റ്‌ കഴിക്കാന്‍പോകുംമുന്‍പു‌തന്നെ, പുത്തന്‍വര്‍ഷത്തേക്കുള്ള റെസലൂഷന്‍ തീരുമാനിച്ചുറച്ചുകഴിഞ്ഞിരുന്നു.

ഈ പുതുവര്‍ഷത്തേക്കുമാത്രമല്ല. എല്ലാ പുതുവര്‍ഷത്തേക്കും വേണ്ടിയുള്ള റെസലൂഷന്‍ തന്നെ.

ഇനിയുള്ള ജീവിതത്തിലൊരിക്കലും അറിഞ്ഞോ അറിയാതെയോ, പരീക്ഷണത്തിനുവേണ്ടിയോ, എക്സ്പീരിയന്‍സിനുവേണ്ടിയോ, ഇതൊന്നുമല്ലാത്ത മറ്റൊരു കാരണംകൊണ്ടോ, ഭാംഗെന്നല്ല, ഇമ്മാതിരിയുള്ള ഒരു പ്രസാദവും, സേവിക്കുന്ന പ്രശ്നംതന്നെയില്ല.

കൈലാസേശ്വരാ അങ്ങ് ക്ഷമിക്കണം.

Monday 17 December 2007

കരിഞ്ഞ ദോശ

ടുക്കളയില്‍നിന്നും, ദോശ ചുടുന്നതിന്റെ മണമടിച്ചാണ്‌ അയാള്‍ രാവിലെ എഴുന്നേറ്റത്. ഭാര്യ അപ്പോഴും നല്ല ഉറക്കത്തിലാണ്‌. ജോലിക്കാരി രാവിലെതന്നെ അടുക്കളപ്പണിയെല്ലാം തുടങ്ങിയിരിക്കുന്നു. അയാള്‍ ശബ്ദമുണ്ടാക്കാതെ, മെല്ലെ അടുക്കളയിലേക്കുനടന്നു.

അടുക്കളയില്‍നിന്ന് വീണ്ടും ദോശയുടെ മണമുയര്‍ന്നു, കരിഞ്ഞ ദോശയുടെ.
--------------------------------------------------------------
(കടപ്പാട്:- ജോസ് സാര്‍, ലക്ഷ്മി കോളേജ്, നോര്‍ത്ത് പറവൂര്‍.
പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോസ് സാര്‍ പറഞ്ഞുതന്ന ഈ കഥയാണ്‌ ഞാന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും ചെറിയ കഥ.)

Monday 10 December 2007

നടുക്കടലില്‍ ഒരു മരണം

2002 ഓഗസ്റ്റില്‍ ആണ് സംഭവം. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയിലുള്ള കടലിടുക്കിലെവിടെയോ ആണ് ഇതു്‌ നടക്കുന്നത്. ഇറാന്റെ ഓഫ്ഷോറിലെ എണ്ണപര്യവേഷണം നടത്തുന്ന പല കമ്പനികളില്‍ ഒന്നാണു്‌ ഫ്രഞ്ചുകമ്പനിയായ Total. അവിടേയ്ക്കാണ് ഞാനടക്കമുള്ള നാലംഗ സംഘം ദുബായിയില്‍ നിന്നും യാത്ര തിരിക്കുന്നത്. ജബല്‍ അലി പോര്‍ട്ടില്‍ നിന്നും G.A.C. ഷിപ്പിങ്ങ്‌ കമ്പനിയുടെ അന്‍പതോളം പേര്‍ക്കു്‌ യാത്ര ചെയ്യാന്‍ പറ്റുന്ന ഒരു സ്പീട് ബോട്ടില്‍ കടല്‍മാര്‍ഗ്ഗം യാത്ര ആരംഭിക്കുന്നു. ഉള്‍ക്കടലിൽ എവിടെയോവെച്ച് മറ്റൊരു കമ്പനിയുടെ സപ്ലെ ബോട്ടിലേക്കു്‌ ഞങ്ങളെല്ലാവരും മാറിക്കയറുന്നു. പിന്നീടുള്ള 16 ദിവസം ഈ ബോട്ടില്‍ത്തന്നെയായിരുന്നു ഊണും ഉറക്കവുമെല്ലാം. 20 പേര്‍ക്കെങ്കിലും സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ബോട്ടിലുണ്ട്. അടുക്കള, മെസ്സു്‌ റൂം, റിക്രിയേഷന്‍ റൂം, എന്നുവേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാർ.

ബോട്ടിന്റെ ക്യാപ്റ്റന്‍ തമിഴ്‌ നാട്ടുകാരനായ ബാലയുമായി പെട്ടെന്നു സൗഹൃദത്തിലായി. ഒഴിവുസമയങ്ങളില്‍ ബാലയുമായി സൊറ പറഞ്ഞിരിക്കും. ക്യാപ്റ്റന് തിരക്കുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ക്കയറി, അവശ്യാനുസരണം വീഡിയോയില്‍ സിനിമകള്‍ കാണാനുള്ള സ്വാതന്ത്യം വരെ എനിക്കു തന്നിട്ടുണ്ട്.

പാചകക്കാരനും, അയാളുടെ സഹായിയും, ഞങ്ങളുമെല്ലാമടക്കം 12 പേരാണ് ബോട്ടിലുണ്ടായുരുന്നത്. ഞങ്ങളെല്ലാവരും റിപ്പോര്‍ട്ടുചെയ്തിരുന്നതു്‌ ജോൺ എന്ന് പേരുള്ള ഒരു ഇംഗ്ളീഷുകാരന്റെ അടുത്താണ് . "കമ്പനിമാന്‍" എന്നാണ് അദ്ദേഹത്തെപ്പോലെയുള്ളവരുടെ സ്ഥാനപ്പേരു്‌. 50 വയസ്സിനുമുകളില്‍ പ്രായം ഉണ്ടായിരുന്ന, ജോണ്‍ വളരെ സരസനും, അതേസമയം, ജോലിക്കാര്യത്തില്‍ അതീവ ഗൗരവക്കാരനുമായിരുന്നു. ജോണുമായി ചങ്ങാത്തം സ്ഥാപിക്കാനും അധികം കാലതാമസമുണ്ടായില്ല. ജോലിയുടെ ഇടവേളകളിലും, അല്ലാതെതന്നെയുള്ള ഒഴിവു സമയങ്ങളിലും, ജോണ്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. ചന്ദ്രനില്‍പ്പോകുന്ന കാര്യം മുതല്‍ കുടുംബകാര്യങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ വളരെ വര്‍ഷങ്ങളായി പരിചയമുള്ള ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കുമായിരുന്നു ജോൺ.

കടലിനു നടുക്കുള്ള സ്ഥിരം പ്ലാറ്റ്ഫോമിലാണ് ഞങ്ങള്‍ക്ക് ജോലിചെയ്യേണ്ട എണ്ണക്കിണറുകളുള്ളത്. കടല്‍ ശാന്തമായിരിക്കുന്ന സമയത്തെല്ലാം ബോട്ട് ഈ പ്ളാറ്റ്‌ഫോമിനോട് ചേര്‍ത്തുപിടിച്ചിട്ടുണ്ടാകും. മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള പ്ലാറ്റ്‌ഫോമില്‍ മൂന്നിലധികം ഡെക്കുകളുണ്ട്. ഏറ്റവും മുകളിലെ ഡെക്കിലാണ് ഞങ്ങള്‍ക്കു്‌ ജോലിചെയ്യേണ്ടത്. ഇതേ ഡക്കുതന്നെയാണ് മറ്റുസമയങ്ങളില്‍ ഹെലിഡെക്കായും (ഹെലിക്കോപ്റ്റര്‍ ഇറങ്ങാന്‍ വേണ്ടിയുള്ള ഡക്കു്‌)ഉപയോഗിക്കുന്നത്. കടല്‍ ഇളകിമറിയാന്‍ തുടങ്ങുമ്പോള്‍ ബോട്ടു്‌ പ്ളാറ്റുഫോമിലിടിച്ച് അത്യാഹിതമൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടി, പ്ലാറ്റ്‌ഫോമില്‍നിന്നും കുറച്ചു ദൂരെമാറി എവിടെയെങ്കിലും നങ്കൂരമിടുകയാണ് പതിവ്. കടലിളകിമറിയുന്ന ഇത്തരം സമയങ്ങളിലാണ് ചിലര്‍ക്കു്‌ കടല്‍ച്ചൊരുക്കു്‌ അധവാ "സീ സിക്ക്‌നെസ്സ് " ഉണ്ടാകുന്നതും ഛര്‍ദ്ദിച്ച് കുടല്‍ വെളിയില്‍ വരുന്നതും.

ബോട്ടിലെ സീമാന്‍ ആല്‍ബര്‍ട്ട് ഒരു ഫിലിപ്പൈനിയാണ് . ജോലിയുടെ ഇടവേളകളില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കലാണ് ഇഷ്ടന്റെ പ്രധാന പരിപാടി. നീളമുള്ളതും നല്ല തടിയുള്ളതുമായ ടങ്കീസില്‍ ചെറിയ മീനിനെ ഇരയായി കോര്‍ത്ത് വെള്ളത്തിലിട്ടുവച്ചിരിക്കും. രണ്ടോ മൂന്നോ ചൂണ്ടകള്‍ ഇതുപോലെ ഒരേ സമയം വെള്ളത്തിനടിയിലുണ്ടായിരിക്കും. വൈകുന്നേരമാകുമ്പോളേക്കും നാലഞ്ച് വലിയ മീനെങ്കിലും ചൂണ്ടയില്‍ക്കുടുങ്ങിയിട്ടുണ്ടാകുകയും ചെയ്യും. ഇതിലേതെങ്കിലും ഒരു മീന്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും തീന്‍മേശയിലെത്തിയിരിക്കും. ജീവിതത്തില്‍ അതിനുമുന്‍പും പിന്‍പും ഇത്രയും ഫ്രഷായി ഞാനൊരിക്കലും മീന്‍ കഴിച്ചിട്ടില്ല. ആവശ്യത്തിനുകഴിച്ചതിനുശേഷം ബാക്കി വരുന്ന മീനെല്ലാം ഫ്രീസറില്‍ സൂക്ഷിക്കുകയും, ബോട്ടെപ്പോഴെങ്കിലും കരയ്ക്കടുക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യും. അതാണ് ആല്‍ബര്‍ട്ടിന്റെ പതിവ്. സമയം കിട്ടുമ്പോഴെല്ലാം ജോണും മീന്‍ പിടിക്കാന്‍ കൂടും.

ജോലിയും, ബോട്ടിലെ താമസവും, മീന്‍തീറ്റയുമെല്ലാമായി 6 ദിവസം കഴിഞ്ഞു. അന്ന് ജോണ്‍ പതിവിനുവിപരീതമായി അസ്വസ്ഥനായിട്ടാണ് കാണപ്പെട്ടത്. മെസ്സ്‌ റൂമിലിരുന്ന് ടി.വി.കാണുകയായിരുന്ന ആരോടോ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞ്  ചൂടായി. സാധാരണ ഞങ്ങളാരെങ്കിലും ഹിന്ദി സിനിമയോ മറ്റോ കാണുമ്പോൾ, ഗാനരംഗങ്ങളില്‍ നായകന്‍ കാണിക്കുന്ന ചേഷ്ടകള്‍ കാണിച്ച് താമാശയാക്കാറുണ്ടായിരുന്ന ജോണാണ്  ചൂടായതെന്നു്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ജോലിസ്ഥലത്തും സാധാരണ കാണാറുള്ള ജോണിനെയല്ല കണ്ടതു്‌. വൈകുന്നേരമായപ്പോളേക്കും കുറച്ച് ശാന്തനായെന്നു തോന്നി. മെസ്സ്‌ റൂമിലിരുന്ന് ചായകുടിക്കുമ്പോള്‍ കുറെ വീട്ടുകാര്യങ്ങള്‍ സംസാരിച്ചു. മകന്റെ പഠിപ്പിനെക്കുറിച്ചു്‌ ഒരുപാട് വ്യാകുലനാണെന്ന് മനസ്സിലായി.

രാത്രി ഭക്ഷണം കഴിഞ്ഞ് ടി.വി.യുടെ മുന്‍പിലിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ ബാല വന്നു വിളിച്ചു.
" മനോജ്‌ പെട്ടെന്ന് വരൂ. ജോണിന് നല്ല സുഖമില്ലെന്ന് തോന്നുന്നു."

ബോട്ടിന്റെ രണ്ടാമത്തെ ഡെക്കിലുള്ള റിക്രിയേഷന്‍ റൂമില്‍ ചെന്നപ്പോള്‍ സോഫയില്‍ തളര്‍ന്നവശനായപോലെ ജോണിരിക്കുന്നു. നന്നായി വിയര്‍ക്കുന്നുമുണ്ട്.

ഇടത്തേ കൈ നല്ല വേദനയുമുണ്ടത്രെ. ഒരു കാര്‍ഡിയാൿ പ്രോബ്ളത്തിന്റെ എല്ലാ ലക്ഷണവുമാണ് കാണിക്കുന്നതെന്ന് ക്യാപ്റ്റന്‍ എന്നോടു്‌ അടക്കം പറഞ്ഞു. തൊട്ടടുത്ത്‌ എവിടെയോ ഉള്ള ഒരു ഓഫ്ഷോര്‍ റിഗ്ഗില്‍ ഡോക്ടറുണ്ട്. ബോട്ട് അങ്ങോട്ട് നീക്കാനുള്ള തയ്യാറെടുപ്പിലാണ് ബാല. അപ്പോഴേക്കും വിവരമറിഞ്ഞ് ബോട്ടിലുള്ള എല്ലാവരും മുറിയില്‍ തടിച്ചുകൂടി. എല്ലാവരോടും വെളിയില്‍പ്പോകാന്‍ ആംഗ്യം കാണിച്ചു ജോൺ. വളരെ പതിഞ്ഞ ശബ്ദത്തില്‍ എന്നോടവിടെയിരിക്കാന്‍ പറയുകയും ചെയ്തു. സംസാരിക്കുമ്പോള്‍ ശരിക്കും വേദന കൂടുന്നുണ്ടെന്ന് മനസ്സിലായി. ഒരു ഹൃദയാഘാതത്തിന്റെ തുടക്കമാണെന്ന് ജോണിനും മനസ്സിലായിരിക്കുന്നെന്ന് തോന്നി.

ജീവിതത്തില്‍ ഒരിക്കലും ഇതുപോലത്തൊരു വിഷമഘട്ടത്തില്‍ ചെന്നുപെട്ടിട്ടില്ലാത്തതുകൊണ്ട് അസ്തപ്രജ്ഞനായി, ജോണിന്റെ അരികിൽ, ഒരാശ്വാസവാക്കുപോലും പറയാനാകാതെ ഞാനിരുന്നു. ബാല ഇടയ്ക്കിടയ്ക്കു്‌ വന്നു നോക്കിയും, പോയുമിരുന്നു. ബോട്ടിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, ഈ ബോട്ടിന് വേഗത കുറവായതുകാരണം, റിഗ്ഗില്‍ നിന്നും മറ്റൊരു സ്പീഡ്‌ ബോട്ട് ഇങ്ങോട്ട് വരുത്താനുള്ള എര്‍പ്പാടു ചെയ്തിരിക്കുന്നു ക്യാപ്റ്റന്‍. ബോട്ടുകള്‍ തമ്മില്‍ കണ്ടുമുട്ടുന്നിടത്തുവച്ച്‌ ജോണിനെ സ്പീഡ്‌ ബോട്ടിലേക്കു്‌ മാറ്റാനാണ് ബാലയുടെ പദ്ധതി. ഒരു നിമിഷംപോലും പാഴാക്കാനാവില്ലെന്ന് മനസ്സിലാക്കിയിട്ടാണ് ബാലയുടെ ഈ സന്തര്‍ഭോചിതമായ നടപടി.

അഞ്ചുമിനിട്ടിനകം സ്പീഡ്‌ ബോട്ടെത്തി. ഈയവസരത്തില്‍ ജോണ്‍ എഴുന്നേറ്റുനടക്കുന്നതു്‌ നന്നെല്ലെന്നുള്ളതുകൊണ്ട്, ജോണിനെ ഒരു കസേരയിലിരുത്തി, അതടക്കം പൊക്കി ഞങ്ങള്‍ സ്പീഡ്‌ ബോട്ടിലേക്കു കൈമാറി. ഇനി കുഴപ്പമില്ല. താമസിയാതെ ജോണ്‍ ഡോക്ടറുടെ അടുത്തെത്തും. റിഗ്ഗില്‍ ഒരു "മെഡിൿ ചോപ്പര്‍ " ഉണ്ടെന്നു്‌ വിവരം കിട്ടിയിട്ടുണ്ട്. ഓഫ്ഷോറിലും മറ്റും ഇതുപോലുള്ള അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സുപോലെ ഉപയോഗിക്കുന്ന ഹെലിക്കോപ്റ്ററിനെയാണ് മെഡിൿ ചോപ്പർ എന്ന് വിളിക്കുന്നതു്‌. അടുത്ത അരമണിക്കൂറിനകം ജോണ്‍ എതെങ്കിലും ആശുപത്രിയിലെത്തും. പിന്നെ രക്ഷപ്പെട്ടു.

സ്പീഡ്‌ ബോട്ട്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍ ചെറുതായിട്ടൊന്ന് ചിരിച്ചപോലെ തോന്നി. നന്ദി പ്രകടനമോ, യാത്രപറച്ചിലോ എന്നു തെളിച്ചുപറയാന്‍ പറ്റാത്തൊരു ഭാവം മുഖത്തുകണ്ടു. സ്പീഡ്‌ ബോട്ടിന്റെ വെളിച്ചം അകന്നകന്നുപോയ്ക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ്, ജോണ്‍ സുരക്ഷിതമായി റിഗ്ഗിലെത്തിയെന്ന് റേഡിയോ മെസ്സേജ്‌ കിട്ടിയതായി ബാല വന്നുപറഞ്ഞപ്പോള്‍ കുറെ ആശ്വാസമായി. എങ്കിലും, അന്നു രാത്രി കടല്‍ കൂടുതല്‍ ഇളകിയിരുന്നതുകൊണ്ടാണോ, മനസ്സു ശാന്തമല്ലാത്തതുകൊണ്ടാണോ തീരെ ഉറങ്ങാന്‍ പറ്റിയില്ല.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ്, ബാലയുടെ ക്യാബിനിലെത്തി. ബാലയുടെ മുഖത്തു തീരെ സന്തോഷമില്ല. കണ്‍കോണിലെവിടെയോ ഒരു നനവുള്ളതുപോലെ.

"എന്തുപറ്റി ബാല ?" എനിക്കു്‌ ചോദിക്കാതിരിക്കാന്‍ പറ്റിയില്ല.

ഒരു ചെറിയ നിശ്ശബ്ദതയ്ക്കുശേഷം, കണ്‌ഠമിടറിക്കൊണ്ടു്‌ ബാലയുടെ ശബ്ദം പുറത്തുവന്നു.

"ജോണ്‍ മരിച്ചു"

കണ്ണിലിരുട്ടുകയറി. ബോട്ടോടുകൂടി കടലിന്നടിയിലേക്കു്‌ താഴ്ന്നുപോകുന്നപോലെ.
ജോണ്‍ മരിച്ചെന്നോ? എപ്പോൾ? എവിടെവെച്ച് ?

ബാലയിപ്പോള്‍ രോഷംകൊണ്ടു്‌ ജ്വലിക്കുകയാണ്. നമ്മളീ പാടുപെട്ട് ജോണിനെ റിഗ്ഗിലെത്തിച്ചിട്ടെന്തായി? ഗ്യാസ്‌ പ്രോബ്ളമായിരിക്കുമെന്ന് പറഞ്ഞ്‌ ഡോക്ടര്‍ ജോണിനെ കാര്യമായെടുത്തില്ല. നേരം വെളുക്കുന്നതുവരെ വേദനകടിച്ചുപിടിച്ചുകിടന്ന ജോണിനെ, രാവിലെ മാത്രമാണ് മെഡിൿ ചോപ്പറില്‍ കയറ്റി കരയിലേക്കു്‌ കൊണ്ടുപോകാന്‍ തീരുമാനമായത്.

എന്നിട്ടും ജോണിന് ഹെലിക്കോപ്പ്‌റ്ററിലേക്കു്‌ സ്വയം നടന്നുകയറേണ്ടി വന്നു. ഇല്ല, കയറിയില്ല. അതിനുമുന്‍പ് കുഴഞ്ഞ് നിലത്തുവീണു. ഒരു ജീവിതമാണാ ഡോക്ടറുകാരണം തുലഞ്ഞത്. ബാല തമിഴിലെന്തൊക്കെയോ വീണ്ടും പുലമ്പിക്കൊണ്ടിരുന്നു.

ഞാനതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എന്റെ ചിന്തകള്‍ മറ്റൊരു വഴിക്കാണ് നീങ്ങിക്കൊണ്ടിരുന്നതു്‌. പ്രോട്ടോകോള്‍ പ്രകാരം, അന്നവിടെ ആ ബോട്ടില്‍ ഉണ്ടായിരുന്ന എറ്റവും ഉയര്‍ന്നയാളായിരുന്നു ജോൺ. അങ്ങിനെയൊരാളും, വെള്ളക്കാരനുമായ ജോണിന്റെ അവസ്ഥ ഇതായിരുന്നെങ്കിൽ, തൊലികറുത്തവരായ ഞങ്ങളെപ്പോലുള്ളവരുടെ സ്ഥിതി എന്തായിരിക്കും. ആലോചിക്കാന്‍പോലും ആവുന്നില്ല.

അടുത്ത പത്തുദിവസംകൂടെ തള്ളിനീക്കിയതെങ്ങിനെയാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ജോലിയെല്ലാം തീര്‍ത്തു്‌ ദുബായിയില്‍ മടങ്ങിയെത്തിയപ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടുകിടന്നിരുന്നവനെ, വെറുതെ വിട്ടതുപോലുള്ള സന്തോഷമായിരുന്നു.

അകന്നുപോകുന്ന സ്പീഡ്‌ ബോട്ടിലിരുന്ന് ഞങ്ങളെത്തന്നെ നോക്കുന്ന, ജോണിന്റെ മുഖം മാത്രം ഒരു നൊമ്പരമായി ഇപ്പോഴും മനസ്സിലവശേഷിക്കുന്നു.