Monday 21 July 2008

നീയേത് ജാതിയാ ?

ഗ്രേറ്റർ വാഷിങ്ങ്‌ടൺ കേരള അസോസിയേഷൻ സോവനീറിൽ (കേരള ഡൈജസ്റ്റ്) ഈ കഥ
ര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കഥയാണ്. ജാതിയും മതവുമൊക്കെ ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. കുട്ടികളുടെ നിഷ്ക്കളങ്കമായ മനസ്സുകളില്‍പ്പോലും ജാതിസ്പര്‍ദ്ധയുടെ വിത്തുകള്‍ പാകാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കഥ. ഒരു സ്ലേറ്റും രണ്ടേരണ്ട് പുസ്തകങ്ങളുമായി കുട്ടികള്‍‍ മൈലുകളോളം നടന്ന് പള്ളിക്കൂടത്തിലേക്ക് പോയിരുന്ന കാലത്ത് സംഭവിച്ച കഥ.

രാജു അന്ന് മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. തന്റെ ജാതിയെന്താണെന്നോ മതമെന്താണെന്നോ അവന് അതുവരെ അറിയില്ലായിരുന്നു. വീട്ടില്‍ അത്തരം കാര്യങ്ങളൊന്നും ആരും സംസാരിച്ച് അവന്‍ കേട്ടിട്ടില്ലായിരുന്നു. സ്കൂളിലെ ഫോമുകള്‍ പൂരിപ്പിച്ച് കൊടുത്തതൊക്കെ അദ്ധ്യാപകരായ അച്ഛനും അമ്മയും ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ ആ ഫോമില്‍ ജാതി, മതം എന്നീ കാര്യങ്ങള്‍ ഉണ്ടെന്നും അതിന്റെ പൊരുള്‍ എന്താണെന്നും അവനറിയില്ലായിരുന്നു.

അടുത്ത കൂട്ടുകാരനായ അലിക്കുഞ്ഞ് സ്ക്കൂളില്‍ പഠിക്കുന്നതുകൂടാതെ ഓത്തുപള്ളീലും പഠിക്കുന്നുണ്ടെന്ന് രാജുവിന് അറിയാമായിരുന്നെങ്കിലും അലിക്കുഞ്ഞ് ഇസ്ലാം മതസ്ഥനാണെന്ന് അവനറിയില്ലായിരുന്നു. ശോശാമ്മട്ടീച്ചറിന്റെ മകളും തന്റെ സഹപാഠിയുമായിരുന്ന കൊച്ചുത്രേസ്യ ക്രിസ്ത്യാനിയായിരുന്നെന്ന് അവനറിയില്ലായിരുന്നു. എല്ലാവരും പഠിക്കുന്നതൊരു ക്ലാസ്സില്‍, കളിക്കുന്നത് ഒരുമിച്ച്, സ്ക്കൂള്‍ വിട്ട് മടങ്ങുന്നത് ഒരുമിച്ച്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവധിദിവസങ്ങളില്‍ കണ്ടുമുട്ടില്ലെന്നതൊഴിച്ചാല്‍ ഒരു കുടുംബം പോലെ സ്നേഹം പങ്കുവെച്ച് തോളില്‍ക്കൈയിട്ട് നടക്കുന്നവര്‍.

അക്കൊല്ലം പട്ടണത്തില്‍ നിന്ന് ക്ലാസ്സില്‍ പുതുതായി വന്നുചേര്‍ന്ന പരിഷ്ക്കാരിയായ സന്തോഷാണ് രാജുവിന്റെ ഉറക്കം കെടുത്തിയ ആ ചോദ്യം ചോദിച്ചത്.

“നീയേത് ജാതിയാ ?“

രാജു കുഴഞ്ഞുപോയി. ഇതുവരെ ആരും ഇങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. പട്ടണപ്പരിഷ്ക്കാരിക്ക് ഇതിന്റെ മറുപടി കൊടുത്തില്ലെങ്കില്‍ കുറച്ചിലാകുമല്ലോ. അലിക്കുഞ്ഞിനോടോ കൊച്ചുത്രേസ്യായോടോ ചോദിക്കാമെന്ന് വെച്ചാല്‍ അതും മോശം തന്നെ. തന്റെ ജാതി താനല്ലേ അറിഞ്ഞിരിക്കേണ്ടത്? വീട്ടില്‍പ്പോയി ചോദിച്ചാലോ ? ഇത്രയും നാള്‍ സ്ക്കൂളില്‍ പഠിച്ചിട്ട് നിനക്ക് നിന്റെ ജാതി അറിയില്ലേ എന്ന് ചോദിച്ച് അച്ഛനും അമ്മയും വഴക്ക് പറഞ്ഞാലോ ? വേണ്ട വീട്ടില്‍ ചോദിക്കണ്ട. പിന്നെന്ത് ചെയ്യും?തന്റെ ജാതി എന്താണെന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി രാജു.

തന്റെ വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെ തന്റെ തന്നെ ജാതിയാകാതെ തരമില്ല. അച്ഛനും അമ്മയും അദ്ധ്യാപകരാണ്. അമ്മായിയും അമ്മാവനും അദ്ധ്യാപകര്‍ തന്നെ. ഇളേച്ഛനും ഇളേമ്മയും അദ്ധ്യാപകര്‍. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല രാജുവിന്.

അടുത്ത ദിവസം സ്ക്കൂളില്‍ ചെന്ന് അഭിമാനത്തോടെ ഞെളിഞ്ഞ് നിന്ന് രാജു സന്തോഷിനോട് പറഞ്ഞു.

“ഞാന്‍ മാഷ് ജാതിയാ”