Saturday 28 November 2009

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?!

തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ് സോവനീറിൽ (ഈയെഴുത്ത്) ഈ ലേഖനം.
ഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്.

വാല്‍ക്കഷണം:- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത്കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവസരത്തില്‍ ഒരിക്കല്‍ക്കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മദ്ധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്തെങ്കിലും രാഷ്ടീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.

Tuesday 24 November 2009

കോപ്പിയടി

ബൂലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കോപ്പിയടി ഇതായിരിക്കും എന്ന് തോന്നുന്നു. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ 600ല്‍പ്പരം പോസ്റ്റുകള്‍ . ഒരു ദിവസം 5 മുതല്‍ 10 പോസ്റ്റ് വരെ കോപ്പിയടിച്ച് ഇടുന്ന ഒരാളെ പരിചയപ്പെടാം. കൂട്ടത്തില്‍ നിങ്ങളുടെ ആരുടെയെങ്കിലും കൃതികള്‍ കോപ്പിയടിക്കപ്പെട്ടിട്ടുണ്ടോന്നും നോക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് നമ്മുടെ ബൂലോകം വഴി പോയാല്‍ വായിക്കാം.

Monday 5 October 2009

കുട്ടികളുടെ ഗ്രാമം

ലപല മാദ്ധ്യമങ്ങളിലൂടെയായി SOS കുട്ടികളുടെ വില്ലേജ് എന്ന സ്ഥാപനത്തെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. അറിയാത്തവര്‍ക്കായി ഞാനൊന്ന് ചുരുക്കിപ്പറയാം.

SOS എന്ന അന്താരാഷ്ട സംഘടന നടത്തുന്ന ഒരു അനാഥാലയമാണ് കുട്ടികളുടെ വില്ലേജ്. അനാഥാലയം എന്ന പേര് പറയാന്‍ എനിക്കിഷ്ടമല്ല, പക്ഷെ പരിചയപ്പെടുത്തലിന്റെ ഭാഗമായി മാത്രം ഒരിക്കലിവിടെ പറയുന്നു. ക്ഷമിക്കുക.

ഒരു വീട്, അതില്‍ ഒരമ്മ. ആ അമ്മയുടെ കീഴില്‍ 10-12 കുട്ടികള്‍. അങ്ങനെയുള്ള 15 വീടുകള്‍. അതാണ് ഒരു ഗ്രാമത്തിന്റെ ഘടന. കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന വിധവകളായ, അല്ലെങ്കില്‍ അവിവാഹിതരായ സ്ത്രീകളാണ് ഓരോ വീട്ടിലേയും അമ്മമാര്‍. 13 വയസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വീട്ടില്‍ത്തന്നെ കഴിയുന്നു. 13 വയസ്സിനുശേഷം ആണ്‍‌കുട്ടികള്‍ ഗ്രാമത്തിനകത്തുതന്നെയുള്ള യൂത്ത് ഹോസ്റ്റലിലേക്ക് താമസം മാറ്റുന്നു. എല്ലാ മതവിഭാഗത്തിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേകം വീടുകള്‍ തന്നെയുണ്ട്.

വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടമായ Dr.Hermann Gmeiner എന്ന ഓസ്ട്രിയക്കാരനാണ് SOS ഗ്രാമങ്ങളുടെ സ്ഥാപകന്‍. 1919 ല്‍ ഭൂജാതനായ അദ്ദേഹത്തിന്റെ 16 വയസ്സുള്ള സഹോദരിയാണ് മാതാപിതാക്കളുടെ മരണശേഷം അദ്ദേഹത്തേയും മറ്റ് സഹോദരങ്ങളേയും അമ്മയുടെ സ്ഥാനത്തുനിന്ന് വളര്‍ത്തി വലുതാക്കുന്നത്. ആ സംഭവത്തില്‍ നിന്നാണ് ഒരമ്മയും വീടും എന്ന അദ്ദേഹത്തിന്റെ സങ്കല്‍പ്പം SOS കുട്ടികളുടെ ഗ്രാമം എന്ന നിലയിലേക്ക് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. 1949 ല്‍ വെറും 600 ഓസ്ട്രിയന്‍ ഷില്ലിങ്ങ് ചിലവാക്കിയാണ് ആദ്യത്തെ കുട്ടികളുടെ ഗ്രാമം ഓസ്ട്രിയയില്‍ അദ്ദേഹം സ്ഥാപിക്കുന്നത്. 1963 ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ഒറ്റപ്പെട്ടുപോയ കുട്ടികള്‍ക്കായി യൂറോപ്പിന് പുറത്തുള്ള ആദ്യത്തെ SOS ഗ്രാമം കൊറിയയില്‍ ‍(Daegu) സ്ഥാപിക്കപ്പെടുന്നു. അവിടന്നങ്ങോട്ടുള്ള ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയും Dr.Hermann Gmeiner ന്റെ കഥയുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

ആലുവ‍ പെരുമ്പാവൂര്‍ റൂട്ടില്‍ എടത്തല എന്ന സ്ഥലത്തുള്ള കുട്ടികളുടെ വില്ലേജിലേക്കുള്ള എന്റെ യാത്രകള്‍ക്ക് 14 വര്‍ഷത്തിലധികം പഴക്കമുണ്ട്. അക്കാലത്ത് ഞാന്‍ എറണാകുളത്ത് ചെയ്തുകൊണ്ടിരുന്ന ജോലിയുടെ ഭാഗമായിട്ടാണ് ആദ്യമായി SOS ല്‍ പോകുന്നത്. പിന്നീട് ജോലിയുടെ ഭാഗമായും അല്ലാതെയും പലപ്രാവശ്യം കുട്ടികളുടെ ആ ഗ്രാമത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്.

ആലുവ SOS ല്‍ നിന്നൊരു ചിത്രം.

ഒരിക്കല്‍ ഈ ഗ്രാമത്തിലെ വീട്ടിലൊന്നില്‍ നിന്ന് വിവാഹം കഴിച്ചിരിക്കുന്ന ദുബായിക്കാരനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാനുള്ള ഭാഗ്യമെനിക്കുണ്ടായി. പാവപ്പെട്ട ഏതെങ്കിലും വീട്ടിലെ ഒരു പെണ്‍കുട്ടിക്ക് ഒരു ജീവിതം കൊടുക്കണമെന്നുള്ള ആഗ്രഹമാണ് നല്ലവനായ ഈ ദുബായിക്കാരനെ കുട്ടികളുടെ ഗ്രാമത്തിലേക്കെത്തിച്ചത്. കല്യാണം കഴിഞ്ഞ് ഭാര്യവീട്ടിലേക്കെന്നപോലെതന്നെ വിരുന്നുവന്നിരിക്കുന്ന ആ ചെറുപ്പക്കാരന്‍ 9-)ം നമ്പര്‍ വീട്ടിലുള്ള കുട്ടികള്‍ക്കായി പായസം ഉണ്ടാക്കുന്നു. കുട്ടികളെല്ലാവരും ജേഷ്ഠസഹോദരനോടെന്നപോലെ സ്നേഹത്തോടും ആദരവോടും കൂടെ അയാളോട് പെരുമാറുന്നു. എത്ര മനോഹരമായ ഒരു അനുഭവമായിരുന്നതെന്നോ ! ആ ചെറുപ്പക്കാരന്റെ മുന്നില്‍ നമിക്കാതെ വയ്യ.

ഗ്രാമത്തിലെ കുട്ടികളെല്ലാം തൊട്ടടുത്തുള്ള സ്കൂളുകളില്‍ സാധാരണ കുട്ടികളെപ്പോലെ പോയി പഠിക്കുന്നു. കൂടുതല്‍ ശ്രദ്ധ വേണ്ട വിഷയങ്ങളിലേക്കായി സാധാരണ വീടുകളിലെന്ന പോലെ ട്യൂഷന്‍ സൌകര്യങ്ങളും മറ്റും ഉള്ളതിനൊപ്പം കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് ഡാന്‍സ്, പാട്ട്, ചിത്രരചന, മുതലായവയുമൊക്കെ ഇവിടെത്തന്നെ പഠിപ്പിക്കുന്നു. അതിനൊക്കെയായി പ്രത്യേകം കെട്ടിടങ്ങളും, അദ്ധ്യാപകരും സൌകര്യങ്ങളുമൊക്കെ SOS ല്‍ ഉണ്ട്. ഉപരിപഠനത്തിനായി മറ്റിടങ്ങളിലേക്ക് പോയി ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിനടത്താനും സമയാസമയങ്ങളില്‍ അവരുടെ കാര്യങ്ങള്‍ക്കായി അതതുസ്ഥാപനങ്ങളില്‍ പോയി അന്വേഷിക്കാനുമൊക്കെയായി ഉദ്യോഗസ്ഥരുണ്ട് ഓരോ SOS ഗ്രാമങ്ങളിലും. പഠനമൊക്കെ കഴിഞ്ഞ് ജോലിയും കാര്യങ്ങളുമൊക്കെയായി പറക്കമുറ്റി ജീവിതത്തിന്റെ ഓരോരോ കരകളിലേക്ക് ചേക്കേറിപ്പോകുമ്പോഴും ഈ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടികള്‍ക്കും ഇതവരുടെ സ്വന്തം വീടുതന്നെയാണ്. വെളിയില്‍ പഠിക്കുന്നവരും ജോലികിട്ടിപ്പോയവരുമെല്ലാം അവധിക്കാലത്ത് തിരിച്ചുവരുന്നത് ഈ വീട്ടിലേക്കാണ്, അവരവരുടെ അമ്മമാരുടെ അടുത്തേക്കാണ്. പെണ്‍കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ വിവാഹം കഴിഞ്ഞ് പോകുന്നതും ഒക്കെ ഈ വീട്ടില്‍ നിന്നുതന്നെയാണ്.

കുട്ടികളില്‍ പലര്‍ക്കും വെളിയില്‍ നിന്നുള്ള സ്പോണ്‍സര്‍മാര്‍ ഉണ്ട്. ഓരോ കുട്ടിയും അവരവരുടെ സ്പോണ്‍സര്‍മാരെ ദൈവത്തെപ്പോലെ കാണുന്നു. ഏത് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയിട്ടായാലും നിങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള ഒരാളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അവര്‍ തങ്ങളുടെ സ്പോണ്‍സര്‍ അങ്കിളിന്റേയോ ആന്റിയുടേയോ പേര് പറയും. മലയാളികള്‍ക്ക് പുറമേ വിദേശികളുടെ വരെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന കുട്ടികളുണ്ട് ഈ ഗ്രാമങ്ങളില്‍. അബുദാബിയിലുള്ള ചില സ്ഥാപനങ്ങളില്‍ നിന്ന് SOS ഗ്രാമങ്ങളിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന ചില നല്ല മനുഷ്യരേയും, ഒരു വീട്ടിലെ എല്ലാ കുട്ടികളേയും സ്പോണ്‍സര്‍ ചെയ്തിരുന്ന ഒരു വലിയ മനുഷ്യനേയും എനിക്ക് പരിചയമുണ്ട്. സ്പോണ്‍സര്‍ഷിപ്പൊന്നും ഇല്ലെങ്കിലും മറ്റെല്ലാ കുട്ടികളേയും പോലെതന്നെ ഓരോ കുട്ടികളും ഇവിടെ എല്ലാ സൌകര്യങ്ങളോടെയും കഴിയുന്നു. CRY(Child Rights & You) മുതലായ അന്താരാഷ്ട്രസംഘടനകളില്‍ നിന്നൊക്കെയുള്ള സാമ്പത്തികസഹായങ്ങള്‍ SOS വില്ലേജുകളിലേക്ക് എത്താറുണ്ട്.

കേരളത്തില്‍ തൃശൂരും ആലുവയിലുമാണ് ഇപ്പോള്‍ കുട്ടികളുടെ ഗ്രാമങ്ങള്‍ നിലവിലുള്ളത്.അങ്ങനെ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി 40 ല്‍പ്പരം SOS ഗ്രാമങ്ങളിലായി 5900 ല്‍പ്പരം കുട്ടികളാണ് സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും വിലയറിഞ്ഞ് നല്ലരീതിയില്‍ ജീവിക്കുന്നത്. സുനാമി ദുരന്തത്തില്‍ ആരോരുമില്ലാതായ ഒരുപാട് കുട്ടികള്‍ എത്തിച്ചേര്‍ന്നത് SOS ഗ്രാമങ്ങളിലേക്കാണ്.

തികച്ചും ഒറ്റപ്പെട്ടുപോയവര്‍ മുതല്‍ തീരെ സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരെ ഈ ഗ്രാമത്തില്‍ വളരെ ഉന്നതനിലവാരത്തിലുള്ള ജീവിതം നയിക്കുന്നു. താന്താങ്ങള്‍ ഏത് സാഹചര്യത്തില്‍ നിന്നാണ് വരുന്നതെന്നും മറ്റുള്ള നല്ല മനുഷ്യരുടെ സഹായങ്ങള്‍കൊണ്ടാണ് തങ്ങള്‍ക്കിവിടെ എല്ലാ സൌകര്യങ്ങളും കിട്ടുന്നതെന്നുമൊക്കെ ഗ്രാമത്തിലുള്ള തിരിച്ചറിവായ ഓരോ കുട്ടികള്‍ക്കുമറിയാം. നമ്മുടെ വീട്ടിലൊക്കെയുള്ള ഓരോ കുട്ടികളേക്കാളും 3 വയസ്സിന്റേതെങ്കിലും അധികം പക്വത ഈ ഗ്രാമത്തിലെ ഓരോ കുട്ടികളും കാണിക്കാറുണ്ടെന്നുള്ളത് എടുത്തുപറയേണ്ട ഒരു വിഷയമാണ്. ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മാത്രമുള്ള നമ്മുടെയൊക്കെ വീടുകള്‍ എത്ര അലങ്കോലമായിട്ടാണ് കിടക്കുക? പക്ഷെ ഈ വില്ലേജിലെ ഏത് വീട്ടില്‍ എപ്പോള്‍ച്ചെന്ന് നോക്കിയാലും വൃത്തിയും വെടിപ്പുമൊക്കെയുള്ള അന്തരീക്ഷമാണ് കാണാനാകുക. മുഷിഞ്ഞ് അഴുക്കായ വസ്ത്രങ്ങളിട്ട് ഒരിക്കല്‍പ്പോലും കുട്ടികളെ ഇവിടെ കാണാനിടയാകാറില്ല.

നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില കൊച്ചുകൊച്ചുപ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് SOS ഗ്രാമങ്ങളിലേക്കുള്ള ഒരു യാത്ര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവിടെച്ചെന്ന് ആ കുട്ടികളുടെ കൂടെ കുറേ നേരം പങ്കിടുമ്പോള്‍, നമ്മള്‍ ചോദിച്ചില്ലെങ്കിലും അവരുടെ വിശേഷങ്ങളൊക്കെ കുട്ടികള്‍ നമ്മളുമായി പങ്കുവെക്കുമ്പോള്‍, എനിക്ക് പാട്ടിന് സമ്മാനം കിട്ടി, ഡാന്‍സിന് ഞാനാണ് ഒന്നാമതായത്, ഞാനിപ്പോള്‍ കമ്പ്യൂട്ടറില്‍ അനിമേഷന്‍ ചെയ്യാന്‍ പഠിക്കുകയാണ് ...... എന്നൊക്കെ വളരെ അടുത്തുപരിചയം ഉള്ള ഒരാളോടെന്നപോലെ അവര്‍ നമ്മളോട് പറയുമ്പോള്‍, നമ്മളെപ്പോലെ വല്ലപ്പോള്‍ മാത്രമാണെങ്കിലും ആ വഴി ചെല്ലുന്നവരെ ആ കുട്ടികള്‍ സ്വന്തക്കാരെപ്പോലെയാണ് കാണുന്നതെന്ന് മനസ്സിലാക്കുമ്പോള്‍, നമ്മളുടെ പ്രശ്നങ്ങളെല്ലാം പമ്പകടക്കും. മടങ്ങിപ്പോരുമ്പോള്‍ ഗ്രാമത്തിന്റെ കമ്പിവേലിക്കപ്പുറം നമ്മുടെ വാഹനം മറയുന്നതുവരെ കൈവീശി യാത്രപറയുന്ന നിഷ്ക്കളങ്കരായ കുട്ടികള്‍ നമുക്ക് പകര്‍ന്നുതരുന്ന സന്തോഷത്തിന് വിലമതിക്കാനാവില്ല.

SOS ഗ്രാമങ്ങളില്‍ എത്തുന്ന അഭ്യുദയകാംക്ഷികളോട് വില്ലേജിന്റെ ഡയറക്‍ടര്‍ ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ കുട്ടികളെ നിങ്ങളുടെ വീട്ടിലും മറ്റും കൊണ്ടുപോകണം. അവിടെ ഒന്നോ രണ്ടോ ദിവസമൊക്കെ താമസിപ്പിക്കണം. അവരുമായി ഉല്ലാസയാത്രകള്‍ പോകണം. ആരും ഇല്ലാത്തവരാണ് തങ്ങള്‍ എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകാതിരിക്കാനാണിത്. ഇക്കാരണങ്ങളൊക്കെ വെച്ചാണ് ഈ ഗ്രാമങ്ങളെയൊന്നും അനാഥാലയം എന്ന് പറയാന്‍ ഇഷ്ടമില്ല എന്ന് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത്. അവര്‍ ആരും അനാഥരല്ല. മറ്റേത് വീട്ടിലും കുട്ടികള്‍ കഴിയുന്നതുപോലെ നല്ല രീതിയില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ നല്ലരീതിയിലുള്ള സ്വഭാവഗുണങ്ങളോടെയാണ് SOS ഗ്രാമങ്ങളിലെ ഓരോ കുട്ടികളും വളരുന്നതെന്ന് ഒരിക്കലെങ്കിലും ആ വഴി പോയിട്ടുള്ള ഓരോരുത്തര്‍ക്കും മനസ്സിലായിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്.

ഏറ്റവും അവസാനം ഞാന്‍ ആലുവയിലെ SOS-ല്‍ പോകുന്നത് ഒരാഴ്ച്ചമുന്‍പ് ആ ഗ്രാമത്തിലെ 2 കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്റെ കൂടെയാണ്. 2 പെണ്‍കുട്ടികള്‍, അതിലൊരു കുട്ടിക്ക് 2 വയസ്സ്; അടുത്ത കുട്ടിക്ക് 12 വയസ്സ്. ഞങ്ങള്‍ 2-)ം നമ്പര്‍ വീട്ടില്‍ ചെന്നുകയറുമ്പോള്‍ ഇരുട്ടുവീണുകഴിഞ്ഞിരുന്നു. എന്നിട്ടും ദൂരെനിന്നുതന്നെ അദ്ദേഹത്തെ ആ 2 വയസ്സുകാരി തിരിച്ചറിഞ്ഞു, ഓടി അദ്ദേഹത്തിന്റെ തോളിലേക്ക് കയറി കവിളിലൊരു മുത്തം നല്‍കി. അതിമനോഹരമായ, ഉദാത്തമായ സ്നേഹത്തിന്റെ ഒരു വര്‍ണ്ണചിത്രമായിരുന്നു അത്.

നമ്മള്‍ ഓരോരുത്തരും കൊല്ലാകൊല്ലം ധൂര്‍ത്തടിച്ചുകളയുന്ന പണത്തിന്റെ ചെറിയൊരംശം മാത്രമുണ്ടെങ്കില്‍ ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് നടത്താനാകും. കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഇത്തരത്തിലുള്ള മറ്റേത് സ്ഥാപനത്തേക്കാളും മികച്ച ഒന്നാണ് SOS കുട്ടികളുടെ ഗ്രാമം എന്നാണ് എനിക്ക് തോന്നുന്നത്.

ഇതൊക്കെയാണെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനമായി നടക്കുന്ന ഈ സ്ഥാപനത്തെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത് മലയാളികള്‍ക്ക് മാത്രമല്ല മനുഷ്യരാശിക്ക് തന്നെ ഒരു കളങ്കമായി നില്‍ക്കുന്നു. കച്ചവടക്കണ്ണുമായി വിദ്യാഭ്യാസരംഗത്തിറങ്ങിയിരിക്കുന്നവര്‍ക്ക് ഇത്തരം നല്ലകാര്യങ്ങള്‍ പോലും കാണാനാകുന്നില്ല, ഉള്‍ക്കൊള്ളാനാവുന്നില്ല. പണമുണ്ടാക്കണമെന്നുള്ള ഒരൊറ്റ ചിന്തമാത്രമായി നടക്കുന്നതിനിടയില്‍ അവര്‍ക്ക് നന്മകളൊക്കെയും നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. SOS ഗ്രാമത്തിലെ കുട്ടികള്‍ക്ക് വരെ സ്കൂള്‍ അഡ്മിഷന്‍ സമയത്ത് ഡോണേഷന്‍ കൊടുക്കേണ്ട അവസ്ഥ നമ്മുടെ നാട്ടിലെ ചില സ്കൂളുകളിലുണ്ട് എന്നതൊരു ദുഖസത്യം തന്നെയാണ്.

സ്പോണ്‍സര്‍ഷിപ്പൊന്നും ചെയ്തില്ലെങ്കിലും, വിനോദയാത്രകള്‍ക്കും മറ്റുമായി സമയം ചിലവഴിക്കുന്നതിനൊപ്പം ഒരിക്കലെങ്കിലും എല്ലാവരും പോയി കണ്ടിരിക്കേണ്ട ഒന്നാണ് കുട്ടികളുടെ ഈ ഗ്രാമം. SOS ഗ്രാമങ്ങളെപ്പറ്റി കൂടുതലറിയണമെന്നുള്ളവര്‍ക്കായി താഴെയുള്ള ഇമേജുകള്‍ സമര്‍പ്പിക്കുന്നു. (അതില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.)

ഒരിക്കലെങ്കിലും കുട്ടികളുടെ ഈ ഗ്രാമത്തിലേക്കൊന്ന് പോകൂ. അവിടെക്കാണുന്ന ഏതെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരി, ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം.


Wednesday 26 August 2009

ആടുജീവിതം

 14 -)മത് ഫോക്കാന സോവനീറിൽ (ഹരിതം) ഈ അവലോകനം

ടുജീവിതം.
ബന്യാമിന്റെ ആടുജീവിതം.
കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ നജീബിന്റെ ആടുജീവിതം.

വിപണിയില്‍ ഇറങ്ങുന്ന പുസ്തകങ്ങളൊക്കെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ, ഗള്‍ഫ് പ്രവാസി മലയാളികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു നോവലാണ് ബന്യാമിന്‍ എഴുതി ഗ്രീന്‍ ബുക്ക്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ആടുജീവിതം‘.

ഗള്‍ഫ് പ്രവാസി മലയാളികള്‍ എന്ന് എടുത്ത് പറയാന്‍ കാര്യമുണ്ട്. ഞാനടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന ഗള്‍‍ഫ് പ്രവാസികളും, ഈ മണലാരണ്യത്തിലെ സുഖസ‌മൃദ്ധിമാത്രം കാണുന്നവരും അനുഭവിക്കുന്നവരുമാണെന്നാണ് എന്റെയൊരു വിശ്വാസം. അതിനൊക്കെയപ്പുറം ഈ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പൊള്ളി അമരുന്ന ജീവിതങ്ങള്‍ ചിലതെങ്കിലുമുണ്ട്. അതാണ് ആടുജീവിതത്തിന്റെ ഇതിവൃത്തം. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്ന വാചകം കടമെടുത്ത് പറഞ്ഞാല്‍ ......

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “

പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെന്താണ് ദിവസമെന്നും തീയതിയെന്നും പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും, തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വ്വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ് ആടുജീവിതം.

കൃത്യമായിപ്പറഞ്ഞാൽ, 3 വര്‍ഷവും 4 മാസവും 9 ദിവസവുമാണ് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ അകന്ന്, മതിലുകളൊന്നുമില്ലാത്ത മരുഭൂമിയിലാണെങ്കിലും ഒറ്റപ്പെടലിന്റെ വന്മതിലിനുള്ളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നജീബിന് കഴിച്ചുകൂട്ടേണ്ടി വരുന്നത്.

സ്ഥിരമായി കാണുന്ന അറബാബ് എന്ന ക്രൂരനായ യജമാനൻ‍, തന്നെപ്പോലെ തന്നെ വന്നുപെട്ടുപോയ അധികമൊന്നും മുരടനക്കാത്ത ഭീകരരൂപിയും അന്യഭാഷക്കാരനുമായ ഒരു സഹപ്രവര്‍ത്തകൻ, ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ആടുകള്‍ക്കുള്ള തീറ്റയും വെള്ളവുമായി വരുന്ന ട്രക്ക് ഡ്രൈവർ, പിന്നെ ഒരുപറ്റം ആടുകളും ഒട്ടകങ്ങളും. ഇതായിരുന്നു നജീബിന്റെ മരുഭൂമിയിലെ ലോകം. ഭീകരരൂപി കുറച്ചുദിവസങ്ങള്‍ക്കകം അപ്രത്യക്ഷനാകുന്നതോടെ നജീബ് ശരിക്കും ഒറ്റപ്പെടുകയാണ്. പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള ഏക കണ്ണിയായ ട്രക്ക് ഡ്രൈവറുമാരുമായി എന്തെങ്കിലും ആശയവിനിമയം നടത്താന്‍ അറബാബ് ഒരിക്കലും അനുവദിച്ചിരുന്നുമില്ല. അഥവാ അങ്ങനെന്തെങ്കിലും ‘കടുംകൈ‘ ചെയ്താല്‍ നജീബിനൊപ്പം ട്രക്ക് ഡ്രൈവറും തോക്കിന്റെ പാത്തികൊണ്ടുള്ള അടി ഏറ്റുവാങ്ങേണ്ടി വരും.

വീട്, കുടുംബം, നാട്, നാട്ടുകാര്‍ എന്നൊക്കെപ്പറയുന്നത് ബാക്കിയുള്ള ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴും അള്ളാഹു തനിക്കായി ഈ ജീവിതമാണ് കനിഞ്ഞുനല്‍കിയിരിക്കുന്നതെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരു അവസ്ഥ ഭാവനയില്‍പ്പോലും ഒരോ വായനക്കാരനും നടുക്കമാണുണ്ടാക്കുക.

നാട്ടിൽ, പുഴയില്‍ നിന്ന് മണല്‍ വാരുകയും അതേ ജലത്തില്‍ മുടങ്ങാതെ കുളിച്ച് ശുദ്ധിയാകുകയുമൊക്കെ ചെയ്തുപോന്നിരുന്ന ഒരാള്‍ക്ക് സുഖസൌഭാഗ്യങ്ങള്‍ വഴിഞ്ഞൊഴുകുന്ന അറബിനാട്ടില്‍ കാലുകുത്തിയ അന്നുമുതല്‍ മലവിസര്‍ജ്ജനം ചെയ്തതിനുശേഷം ശുദ്ധിവരുത്താന്‍ അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഗതികേട്, വിധിവൈപരീത്യം എന്നൊക്കെയുള്ള വാക്കുകള്‍ തികച്ചും അപര്യാപ്തമാണ്.

മരുഭൂമിയിലെ ആദ്യദിവസം തന്നെ, മേല്‍പ്പറഞ്ഞ ആവശ്യത്തിലേക്കുവേണ്ടി അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെയാണ് അറബാബ് എന്ന ക്രൂരന്റെ ബെല്‍റ്റുകൊണ്ടുള്ള അടിയോടുകൂടിയ പീഢനപരമ്പര തുടങ്ങുന്നത്. മുഖത്ത് തുപ്പുന്നതും, പട്ടിണിക്കിടുന്നതും, ബൂട്ടിട്ട് ചവിട്ടുന്നതും, തോക്കിന്റെ പാത്തിക്ക് അടിക്കുന്നതടക്കമുള്ള ക്രൂരതകളൊക്കെ കാലം മുന്നേറുന്നതോടെ വലിയ ബുദ്ധിമുട്ടൊന്നുമല്ലാതാകുന്നു നജീബിന്. പട്ടിണി കിടക്കുക എന്നത് അത്ര വലിയ കാര്യമായിട്ട് പറയാന്‍ തന്നെയില്ല. ഖുബ്ബൂസ്** തന്നെയാണ് മൂന്ന് നേരത്തേയും ആഹാരം. അത് മുക്കിക്കുതിര്‍ത്ത് തിന്നാന്‍ പച്ചവെള്ളമുള്ളപ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന സ്ഥിതിവിശേഷം തന്നെ. രാവിലെ അല്‍പ്പം ആട്ടിന്‍പാല് കുടിക്കാമെന്നുള്ളതാണ് ഒരു വലിയ കാര്യം.

വല്ലപ്പോഴുമൊരിക്കല്‍ പറ്റിപ്പോകുന്ന അപരാധങ്ങള്‍ക്കുള്ള ശിക്ഷ മൂന്ന് ദിവസം വരെ നീളുന്ന പട്ടിണിയിലാകും ചെന്നവസാനിക്കുക. വിശപ്പ് സഹിക്കാനാവാതെ ആടുകളുടെ മസറ*യില്‍ കടന്ന് തൊട്ടിയില്‍ അവിടവിടായി അവശേഷിക്കുന്ന ഗോതമ്പുമണികള്‍ തടുത്തുകൂട്ടി ചവച്ചിറക്കി പച്ചവെള്ളവും കുടിക്കുന്നതോടെ മനുഷ്യന്‍ ശരിക്കും ഒരു ആടിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച നിസ്സഹായതയോടെയും ആര്‍ദ്രമായ മനസ്സോടെയും മാത്രമേ വായിച്ച് പോകാനാവൂ.

അള്ളാഹു കാണിച്ചുതരുന്ന രക്ഷാമാര്‍ഗ്ഗമാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട് ഒരിക്കല്‍ കഥാനായകൻ‍. ആ ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നതിനോടൊപ്പം തന്റെ ജീവനുപകരം, ഉന്നം തെറ്റിയോ അബദ്ധത്തിലോ മറ്റോ അറബാബിന്റെ തോക്കിനിരയാകുന്നത് ഒരു മുട്ടനാടാണ്. അതിന്റെ മാസം അര്‍ബാബ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതോടെ ആട്ടിറച്ചി ജീവിതത്തില്‍ ഒരിക്കലും കഴിക്കാന്‍ പറ്റാത്ത മാനസ്സികാവസ്ഥ നജീബിനുണ്ടാകുന്നുണ്ട്. ആടുജീവിതം വായിച്ച് കഴിഞ്ഞതിനുശേഷം ആട്ടിറച്ചി കാണുമ്പോള്‍ വായനക്കാരില്‍ ആര്‍ക്കെങ്കി‍ലും അതിനോട് വിരക്തി തോന്നുകയാണെങ്കില്‍ അത് ഈ ഭൂപ്പരപ്പിലെ മണല്‍ക്കാടുകളില്‍ നജീബിനെപ്പോലെ ആടുജീവിതം നയിക്കേണ്ടി വന്നിട്ടുള്ള, (ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്ന) മനുഷ്യന്‍ എന്ന സഹജീവിയോടുള്ള സഹാനുഭൂതിയ്ക്കും അനുകമ്പയ്ക്കും പുറമെ, ആട് എന്ന മൃഗത്തോട് അങ്ങാടിയിലെ മാംസക്കച്ചവടത്തിലുണ്ടാക്കാന്‍ പോകുന്ന ലാഭം മാത്രം ലാക്കാക്കി കാണിക്കുന്ന ക്രൂരതകള്‍ കൂടെ കാരണമായേക്കാം. വരിയുടച്ച മുട്ടനാടുകള്‍ക്ക് വളര്‍ച്ച പെട്ടെന്നാണെന്നും അവയെ എളുപ്പംതന്നെ മാംസക്കമ്പോളത്തില്‍ എത്തിക്കാമെന്നും തിരിച്ചറിഞ്ഞ മനുഷ്യന്റെ ക്രൂരമനസ്സും, പെറ്റ് വീഴുന്ന ആട്ടിന്‍‌കുട്ടികള്‍ക്ക് പോലും തള്ളയാടിന്റെ അകിടില്‍ നിന്നുള്ള ചുടുപാല്‍ നിഷേധിക്കുകയും ചെയ്യുന്ന അവന്റെ ദാക്ഷിണ്യമില്ലായ്മയൊക്കെയും നോവലിലെ കരളലിയിപ്പിക്കുന്ന ചില രംഗങ്ങള്‍ മാത്രമാണ്.

ജീവിതം അപ്രതീക്ഷിതമായി ദുരിതപൂര്‍ണ്ണമായി മാറുമ്പോഴും അള്ളാഹുവിലുള്ള അടിയുറച്ച വിശ്വാസവും, മനുഷ്യനേക്കാള്‍ ഔദാര്യവും സ്നേഹവുമൊക്കെ കാണിക്കുന്ന ആടുകളുമായുള്ള ജീവിതവുമാണ് നജീബിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അള്ളാഹുവിന്റെ കണക്കുപുസ്തകത്തില്‍ എവിടെയെങ്കിലും തനിക്കായി ഇങ്ങനൊരു കാലഘട്ടം എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ആ പരമകാരുണികനെ സ്തുതിച്ചുകൊണ്ടുതന്നെയാണ് അയാളാ ജീവിതം മുന്നോട്ടുനീക്കുന്നത്.

മനുഷ്യനേക്കാളേറെ മൃഗങ്ങളെ മനസ്സിലാക്കാനാവുന്ന ഈ കാലയളവില്‍ മസറ*യിലെ ഓരോ ആടിന്റേയും ചേഷ്ടകളും ശബ്ദവുമൊക്കെ വേര്‍തിരിച്ചറിയാനും അവയുമായി സംവദിക്കാനുമൊക്കെ കഴിയുന്നുണ്ട് നജീബിന്. പോച്ചക്കാരി രമണി, അറവുറാവുത്തർ, മേരിമൈമുന, ഞണ്ടുരാഘവൻ‍, പരിപ്പുവിജയന്‍ എന്നിങ്ങനെ ആടുകള്‍ക്ക് ഓരോന്നിനും പേരിട്ടിരിക്കുന്നത് സ്വന്തം നാട്ടുകാരുടെ ചില സ്വഭാവവിശേഷങ്ങളുമായി താരതമ്യം ചെയ്തിട്ടാണ്. മോഹന്‍ലാല്‍ എന്നു പേരുള്ള ആടിന്റെ ചരിഞ്ഞുള്ള നടത്തം തന്നെയാണ് ആ ഇരട്ടപ്പേര് അതിന് കൊടുക്കാനുള്ള കാരണം. മോഹന്‍ലാലിന്റെ മാത്രമല്ല, ജഗതിയുടെയും, ഇ.എം.എസ്സിന്റേയും വരെ ഭാവങ്ങളോ ശബ്ദമോ നോട്ടമോ ഒക്കെയുള്ള ആടുകള്‍ ആ മസറ*യില്‍ നജീബ് നമ്മെ പരിചയപ്പെടുത്തുന്നുണ്ട്.

ഗര്‍ഭിണിയായ ഭാര്യയോട് വിടപറഞ്ഞ് നാട്ടില്‍ നിന്ന് പോരുന്ന നജീബ്, തന്റെ കയ്യിലേക്ക് പെറ്റ് വീഴുന്ന ഒരു കൊച്ചുമുട്ടന് സ്വന്തം മകനിടാന്‍ തീരുമാനിച്ചുറച്ചിരുന്ന ‘നബീല്‍ ‘ എന്ന പേരിട്ട് വിളിച്ച് അരുമയായി കൊണ്ടുനടക്കുന്നതും, അവന്‍ വളര്‍ന്ന് വരുമ്പോള്‍ വിത്തിന് ഗുണമില്ലാത്തവനാണെന്ന് കണ്ടെത്തിയ അറബാബ് അവന്റെ വരിയറുക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാകുന്നതുമൊക്കെയാണ് നോവലിലെ വികാരസാന്ദ്രമായ മറ്റ് ചില രംഗങ്ങള്‍ .

കഥയുടെ അന്ത്യഭാഗത്ത്, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ് അള്ളാഹു തുറന്നുകൊടുത്ത വഴിയിലൂടെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു മഹാത്ഭുതം പോലെ തിരിച്ചുവരുന്ന നായകന് കുറച്ചുകാലം ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നുണ്ട്. ജയിലിലെ നാലഞ്ചുമാസത്തെ ജീവിതം ഒരു സ്വര്‍ഗ്ഗജീവിതം പോലെ അയാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ആടുകള്‍ക്കൊപ്പമുള്ള ടെ മസറ*യിലെ ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ചുകെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിന്‍‌കുറിപ്പില്‍ ബന്യാമിന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ, കഥാനായകനായ നജീബ് അനുഭവിച്ച ദുരിതങ്ങളുടെ കാഠിന്യമാണ് പൊള്ളിക്കുന്ന മണല്‍ക്കാറ്റായി വായനക്കാരുടെ ഓരോരുത്തരേയും പൊതിയുന്നത്.

ഗ്രൂപ്പ് വിസയെന്നോ, ഫ്രീ വിസയെന്നോ ഒക്കെയുള്ള ഓമനപ്പേരിലുള്ള തരികിട വിസകളില്‍ നാട്ടില്‍ നിന്ന് വിമാനം കയറി അന്യനാട്ടിലെത്തുന്ന അത്രയധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ഏത് പൌരനും സംഭവിക്കാവുന്ന ഒരു ദുര്‍ഗ്ഗതിയാണിത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ആള് വരാന്‍ വൈകിയാൽ, ഭാഷയും ദേശവുമൊന്നുമറിയാത്ത ഏതൊരാള്‍ക്കും പറ്റാവുന്ന ചതി.

എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കുറച്ചുനേരത്തേക്കാണെങ്കിലും ഒരുപ്രാവശ്യം മരുഭൂമിയില്‍ പെട്ടുപോയിട്ടുള്ളവനാണ് ഞാനും. അന്ന് അല്‍പ്പനേരം കൊണ്ട് ഞാനനുഭവിച്ച ബുദ്ധിമുട്ടുകൾ, എന്നിലൂടെ കടന്നുപോയ ചിന്തകൾ, വികാര വിചാരങ്ങൾ‍, ...ആ അവസ്ഥയിലൂടൊക്കെ ഞാനൊരിക്കല്‍ക്കൂടെ കടന്നുപോയി. ‘ആടുജീവിതം‘ എന്നെ വല്ലാതെ പിടിച്ചുലച്ചതിന് ആ അനുഭവവും ഒരു കാരണമായിരിക്കാം.

ശത്രുക്കള്‍ക്ക് പോലും ഇങ്ങനുണ്ടാവരുതേ എന്ന് ഏത് കഠിനഹൃദയനും ചിന്തിച്ചുപോയാല്‍ അത്ഭുതം കൂറേണ്ട കാര്യമില്ല. തുടക്കത്തില്‍ ഞാന്‍ കുറിച്ച ചില വരികള്‍ ഇപ്പോള്‍ അല്‍പ്പം മാറ്റിപ്പറഞ്ഞാല്‍ കൊള്ളാമെന്ന് തോന്നുന്നു.

സകല സുഖസൌകര്യങ്ങളോടെയും ജീവിച്ചുപോകുന്ന എല്ലാ ഗള്‍ഫ് പ്രവാസി മലയാളിയും വീട്ടിലെവിടെയെങ്കിലും കൈയ്യുത്തും ദൂരത്ത് കരുതിവെക്കേണ്ട ഒന്നാണ് ആടുജീവിതം. ഈ പ്രവാസഭൂമിയില്‍ നമുക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരുമ്പോൾ, ജീവിതം ദുസ്സഹമാണെന്ന് തോന്നിത്തുടങ്ങുമ്പോൾ, ശമ്പളം പോരെന്നും, മേലുദ്യോഗസ്ഥന്റെ കുറ്റപ്പെടുത്തലുകള്‍ സഹിക്കാനാവില്ലെന്നുമൊക്കെയുള്ള തോന്നലുകള്‍ തള്ളിത്തള്ളി വരുമ്പോള്‍ ആടുജീവിതം കൈയ്യിലെടുക്കുക, ഒരാവര്‍ത്തി വീണ്ടും ആ പേജുകളിലൂടെ കടന്നുപോകുക.

എല്ലാ പ്രശ്നങ്ങള്‍ക്കും അതോടെ പരിഹാരമുണ്ടാകും. കാരണം നാമാരും നജീബ് നയിച്ചതുപോലുള്ള ഒരു ആടുജീവിതമല്ല നയിക്കുന്നത്.
-------------------------------------------------------------------------
*മസറ - ആടുകളുടെ കിടപ്പാടം
**ഖുബ്ബൂസ് - അറബി റൊട്ടി

Monday 17 August 2009

രണ്ട് ആഗ്രഹങ്ങള്‍

പ്രിന്റ് എടുത്ത് കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം മറൈന്‍ ഡ്രൈവ്, തിരുവനന്തപുരത്ത് തമ്പാനൂര്‍ , എന്നീ സ്ഥലങ്ങളില്‍ വെച്ചാല്‍ , ബ്ലോഗ് എന്താണെന്ന് അറിയാത്ത സാധാരണ വായനക്കാരനുപോലും മനസ്സിലാക്കാനാവുന്ന വിഷയങ്ങളേ എഴുതാവൂ എന്നുള്ള ഈയിടെയായിട്ടുള്ള എന്റെ ഒരു നിര്‍ബന്ധത്തിന് ഘടകവിരുദ്ധമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് വായിച്ചിട്ട് വിഷയം മനസ്സിലാക്കാന്‍ പറ്റാതെ പോകുന്നവര്‍ ക്ഷമിക്കണം. -----------------------------------------------------------------

2009 ജൂലായ് 26, ചെറായി ബ്ലോഗേഴ്സ് മീറ്റിന്റെ ഭാഗമായി സജ്ജീവേട്ടന്‍ കാരിക്കേച്ചറുകള്‍ വരയ്ക്കാമെന്ന് ഏറ്റിരിക്കുന്നു. രണ്ട് ദിവസം മുന്നേ സജ്ജീവേട്ടനുമായി ബന്ധപ്പെട്ടു. എത്ര പേപ്പര്‍ വേണം ? എത്ര മാര്‍ക്കര്‍ വേണം ? എന്നൊക്കെ ചോദിച്ചറിഞ്ഞു. പല കടകളിലും 300 gms മാറ്റ് ഫിനിഷ് പേപ്പര്‍ കിട്ടാനില്ല.

“300 gms പേപ്പറാകുമ്പോള്‍ നല്ല കട്ടിയുണ്ടായിരിക്കും. വരക്കപ്പെടുന്നവന് ആ പടം വീട്ടില്‍ കൊണ്ടുപോയി ചുമ്മാ കുത്തി നിര്‍ത്താനാകും. കനം കുറഞ്ഞ പേപ്പറാകുമ്പോള്‍ തളര്‍ന്നൊടിച്ച് കിടക്കും മനോജേ “

കാരിക്കേച്ചര്‍ വരച്ച് കൊടുക്കുന്നതും പോരാഞ്ഞിട്ട് അത് എങ്ങനെ സൌകര്യപ്രദമായി സൂക്ഷിക്കാമെന്ന് വരെയാണ് സജ്ജീവേട്ടന്‍ ചിന്തിക്കുന്നത്. ഫ്രീയായിട്ട് ചിന്ത, ഫ്രീയായിട്ട് കാരിക്കേച്ചര്‍ ‍. വരക്കപ്പെടേണ്ടവര്‍ ചുമ്മാ 2 മിനിറ്റുനേരം നിന്നുകൊടുത്താല്‍ മാത്രം മതി .

നാളിതുവരെ 121 ബ്ലോഗ് പുലികളെ മാത്രം പിടിച്ചിട്ടുള്ള സജ്ജീവേട്ടന്‍ നിന്ന നില്‍പ്പില്‍ 100ല്‍പ്പരം ബ്ലോഗേഴ്സിനെയാണ് 4 മണിക്കൂര്‍ സമയം കൊണ്ട് ചെറായിയില്‍ കാരിക്കേച്ചറാക്കിയത്.

രാവിലെ വഴി തെറ്റി മറ്റൊരു ബീച്ച് റിസോര്‍ട്ടില്‍ ചെന്നുകയറിയ സജ്ജീവേട്ടന്‍ അവിടന്ന് ‘നാട്ടുകാരനെ‘ വിളിച്ച്, പ്രിന്‍സേ എനിക്ക് കാലു്‌ വേദനയുണ്ട്, അധികനേരം നില്‍ക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് എന്നെ വിളിക്കുന്നത്. വഴിയൊക്കെ പറഞ്ഞുകൊടുത്ത് കണ്‍ഫ്യൂഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നില്‍ക്കാതെ നേരിട്ട് ചെന്ന് മീറ്റ് നടക്കുന്ന അമരാവതി റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

അങ്ങനെ കാല് വേദന ഉണ്ടെന്ന് പറഞ്ഞ സജ്ജീവേട്ടനാണ് പിന്നെയും മണിക്കൂറുകളോ‍ളം നിന്നനില്‍പ്പില്‍ വരച്ചുകൊണ്ടേയിരുന്നത്.

ഒരുപാട് പുലികള്‍ വരുന്ന സ്ഥലമല്ലേ ?പുലിയൊന്നുമാകാന്‍ പറ്റിയിട്ടില്ലെങ്കിലും കാഴ്ച്ചയില്‍ ഒരു പുലി ലുക്ക് ആയിക്കോട്ടേന്ന് കരുതി, നല്ല പുലി വരയുള്ള ജുബ്ബയൊരെണ്ണം വാടകയ്ക്ക് സംഘടിപ്പിച്ചാണ് ഈയുള്ളവന്‍ മീറ്റിന് ഹാജരായത്.

എന്റെ കാരിക്കേച്ചര്‍ ഊഴമായി. സജ്ജീവേട്ടന്റെ മുന്നില്‍ നിലയുറപ്പിച്ചപ്പോള്‍ കാഴ്ച്ച ചെറുതായൊന്ന് മങ്ങി. എനിക്കങ്ങനെയാണ് നല്ല വിഷമം തോന്നുമ്പോളും സന്തോഷം വരുമ്പോഴും കാഴ്ച്ച മങ്ങും.

പെട്ടെന്ന് കണ്ണടയെടുത്തുമാറ്റാന്‍ സജ്ജീവേട്ടന്‍ പറഞ്ഞു.

"ഇതൊരു മറയാണ് ചേട്ടാ. ഇത് എടുത്ത് മാറ്റിയാല്‍ കണ്ണിലെ നനവ് കൂടെ ചേട്ടന് കാ‍രിക്കേച്ചറില്‍ വരക്കേണ്ടി വരും" എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കണ്ണടയെടുത്തുമാറ്റി.

നിമിഷനേരം കൊണ്ട് കാരിക്കേച്ചര്‍ തയ്യാര്‍.


ജീവിതത്തിലാദ്യമായിട്ടായിരിക്കണം സജ്ജീവേട്ടനൊരു നിരക്ഷരന്റെ പടം വരക്കുന്നതെന്നൊക്കെ ചീറ്റിപ്പോയ ഒരു തമാശയൊക്കെ പറഞ്ഞുകൊണ്ട് രംഗം കാലിയാക്കി.

പനമ്പള്ളി നഗറിലുള്ള വീട്ടില്‍ നല്ലൊരു പച്ചക്കറി ഊണിനുള്ള ക്ഷണം തന്നിട്ടാണ് സജ്ജീവേട്ടന്‍ കാറില്‍ക്കയറി യാത്രയായത്.

കുറഞ്ഞ സമയം കൊണ്ട്, ഒന്നോ രണ്ടോ ഫോണ്‍ വിളികളിലൂടെ മനസ്സില്‍ കടന്നുപറ്റിയ ആ വലിയ ശരീരത്തിനകത്ത് അതിനേക്കാള്‍ വലിയ മനസ്സൊരെണ്ണമാണുള്ളതെന്ന് മനസ്സിലാക്കാന്‍ ഏത് നിരക്ഷരനും ഒരു ബുദ്ധിമുട്ടുമില്ല.


രണ്ടാഗ്രഹങ്ങളാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്.

ആഗ്രഹം 1 :- അടുത്ത ജന്മത്തില്‍ സജ്ജീവേട്ടനെപ്പോലെ തടിയുള്ള ഒരാളായി ജീവിച്ചാല്‍ മതി.

ആഗ്രഹം 2:- എന്റെ ആ തടിച്ച ശരീരത്തിനുള്ളില്‍ സജ്ജീവേട്ടന്റെ മനസ്സിന്റെ പത്തിലൊന്നെങ്കിലും വലിപ്പമുള്ള ഒരു മനസ്സുമുണ്ടായിരിക്കണം.

---------------------------------------------------------
സജീവേട്ടൻ എന്നെ 1 മിനിറ്റ് കൊണ്ട് പടമാക്കി യൂ ട്യൂബിൽ കയറ്റിയത്, ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം.

Sunday 21 June 2009

മണല്‍ത്തരി

ണ്ണുതുറക്കാന്‍ പറ്റാത്തവിധം മണല്‍ക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മണല്‍ക്കൂമ്പാരത്തില്‍ പുതഞ്ഞുപോയ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ ടയറുകള്‍ ചുട്ടുപഴുത്ത മണലില്‍ മുട്ടുകുത്തിയിരുന്ന് മാന്തിവെളിയിലെടുക്കുമ്പോള്‍ സെയിദിനെക്കുറിച്ചുള്ള ചിന്തകള്‍ എന്റെയുള്ളില്‍ കത്തുകയായിരുന്നു.

സെയിദ്, ആരായിരുന്നു നിനക്കു ഞാന്‍ ? നീയെനിക്ക് ആ‍രായിരുന്നു ? വെറും സഹപ്രവര്‍ത്തരായിരുന്നോ നമ്മള്‍ ? അല്ല. നീയെനിക്ക് മേലുദ്യോഗസ്ഥനായിരുന്നോ ? അതെ. പക്ഷെ വെറുമൊരു മേലുദ്യോഗസ്ഥനായിരുന്നില്ലല്ലോ ? ഉവ്വോ ? അതിനപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ ? ഒരു സുഹൃത്തായിരുന്നു നീ. പക്ഷെ വെറുമൊരു സുഹൃത്തായിരുന്നില്ലല്ലോ ? അതിനപ്പുറമെന്തൊക്കെയോ ആയിരുന്നില്ലേ ?

കള്ളലോഞ്ച് കയറി ഈ മണലാരണ്യത്തിലേക്കെത്തിയ നൂ‍റുകണക്കിന് ഭാഗ്യാന്വേഷികളില്‍ ഒരാള്‍ മാത്രമായിരുന്നില്ലല്ലോ നിനക്ക് ഞാന്‍? സദാ മറവിക്കാരനായിരുന്ന നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല ഓര്‍മ്മയായിരുന്നല്ലോ ? അതെന്തുകൊണ്ടാണെന്ന് എനിക്കൊരിക്കലും ഒരു പിടിയും കിട്ടിയിട്ടില്ല. ഞാന്‍ നിനക്ക് ആരായിരുന്നു ?

കള്ളുകുടിയാണോ നമ്മെ തമ്മില്‍ അടുപ്പിച്ചത് ? അല്ലെന്നും ആണെന്നും പറയാം. എത്രപേരുടെ കൂടെ നീയിരുന്ന് കള്ളുകുടിക്കാറുണ്ട് ? പിന്നെ എനിക്ക് മാത്രമെന്താണ് പ്രത്യേകത ?

ഔദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചോ പത്തോ മിനിറ്റ് വൈകിവന്നാല്‍പ്പോലും മുഖം കറുപ്പിക്കാത്ത നീ, ‘ഹാപ്പി അവര്‍ ‘ കഴിയുന്നതിന് മുന്നേ ബാറില്‍ ഹാജരാകാത്തതിന് എത്ര പ്രാവശ്യം എന്നെ ചീത്തവിളിച്ചിരിക്കുന്നു? എന്നിട്ടാ വിഷമം തീര്‍ക്കാനെന്നും പറഞ്ഞ് എത്ര ബിയര്‍ അധികം കുടിച്ചിരിക്കുന്നു? ബിയര്‍ മാത്രമല്ലേ നീ കുടിക്കൂ. വിലകൂടിയ മറ്റെല്ലാത്തരം മദ്യങ്ങളും ഞാന്‍ കുടിക്കണം. അതുണ്ടാക്കുന്നതുമുതല്‍ കപ്പലുകയറി ബാറുകളില്‍ എത്തുന്നതുവരെയുള്ള ചരിത്രമൊക്കെ പറഞ്ഞുതന്ന് എന്നെ നീയതൊക്കെ കുടിപ്പിച്ചിരുന്നതെന്തിനായിരുന്നു സെയിദ് ? ഒരിക്കല്‍പ്പോലും അതിന്റെ പണം കൊടുക്കാന്‍ എന്നെ അനുവദിക്കാതെ എന്തിനായിരുന്നു നീ അത്രയും മദ്യം എനിക്ക് വാങ്ങിത്തന്നിരുന്നത് ?

‘ഹാപ്പി അവറി‘ല്‍ത്തന്നെ മൊത്തത്തില്‍ കുടിക്കാനുള്ള മദ്യമത്രയും ഓര്‍ഡര്‍ കൊടുക്കുന്ന നിന്നെ കണ്ണുതള്ളി നോക്കുന്ന ബാര്‍ ജീവനക്കാരെ കാണുമ്പോള്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നാറില്ല. നീയെന്നും അങ്ങനെതന്നെ ആയിരുന്നല്ലോ ? കുടിക്കാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് ‘ഹാപ്പി അവറി‘ല്‍ത്തന്നെ ഓര്‍ഡര്‍ ചെയ്താല്‍ ‍, അതുകൊണ്ടുണ്ടാകുന്ന ലാഭം കൊണ്ട് 2 ബിയര്‍ അധികം കുടിക്കാമെന്ന് എന്നെപ്പഠിപ്പിച്ചത് നീയല്ലേ ? ആദ്യത്തെ സിപ്പ് എടുക്കുന്ന മദ്യം കവിളിനകത്തുതന്നെ പിടിച്ചുവെച്ച് മോണയിലും പല്ലുകള്‍ക്കിടയിലും നാക്കിലെ രസമുകുളങ്ങള്‍ക്കിടയിലേക്കുമൊക്കെ കടത്തിവിട്ട് ആ മദ്യത്തുള്ളികളുടെ രുചി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും, ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി, അടുത്തതൊഴിപ്പിച്ച് അതും വലിച്ച് കുടിച്ച് നിലം‌പരിശാകുന്ന മലയാളിയെപ്പോലെ നീയുമാകരുതെന്ന് എന്നോട് മാത്രം പറയാന്‍ ഞാന്‍ നിനക്കാരായിരുന്നു ?

എത്രകുടിച്ചാലും ലക്കുകെട്ട് നിന്നെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നിന്റെ ഒരു നോട്ടം പിഴച്ചിട്ടില്ല. ഒരു കാല് തെന്നിയിട്ടില്ല, നാക്കൊന്ന് കുഴഞ്ഞിട്ടില്ല.

നല്ല ഒന്നാന്തരം തെറിക്കഥകള്‍ നീ പറയാറുള്ളത് കള്ളുകുടിക്കുമ്പോള്‍ മാത്രമല്ലല്ലോ. ഔദ്യോഗികാവശ്യത്തിനായി ഫോണ്‍ ചെയ്യുമ്പോഴും ‘ഹൌ ആര്‍ യു ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ “ ഹൌ ഈസ് യുവര്‍ സെക്സ് ലൈഫ് ? ” എന്നു ചോദിക്കുന്ന എത്ര മേലുദ്യോഗസ്ഥന്മാരുണ്ടാകും ഈ ഭൂലോകത്ത് ? എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം മുതല്‍ക്കേ പെണ്ണിന്റെ ചൂടും ചൂരുമറിഞ്ഞിട്ടുള്ളവനാണ് നീയെന്ന് ഏത് സദസ്സിലും ഉറക്കെ വിളിച്ചുപറയാറുള്ള നിന്നെ ഞാനെന്നും ഒരു അത്ഭുതജീവിയായിട്ടാണ് നോക്കിക്കണ്ടിരുന്നത്. നിന്റെ ഈ തെറിക്കഥകളൊക്കെ ഞാനൊരിക്കല്‍ അച്ചടിച്ചിറക്കുമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആദ്യപ്രതി നിനക്കുതന്നെ തരണമെന്ന് പറയാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാവും ?

നീയെന്നും വ്യത്യസ്ഥനായ ഒരു ബോസ്സായിരുന്നു, സഹപ്രവര്‍ത്തകനായിരുന്നു, സഹമദ്യപാനിയായിരുന്നു, സഹജീവിയായിരുന്നു. എന്നാണ് നിന്നെ ഞാന്‍ അവസാനമായിക്കണ്ടത് ?
എനിക്കോര്‍മ്മയില്ല. എന്റെ കാര്യമായതുകൊണ്ട് നിനക്കോര്‍മ്മ കണ്ടേക്കും.

പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടിപറയാന്‍ നിനക്കിനിയാവില്ലല്ലോ ?

മണല്‍ക്കാറ്റ് ആഞ്ഞുവീശിയ ഇതുപോലൊരു ദിവസം,റോഡ് മുറിച്ച് കടക്കുമ്പോള്‍ നീയെന്തേ ശ്രദ്ധിച്ചില്ല സെയിദ് ? വാരിയെല്ലുകള്‍ നുറുങ്ങി, വലതുകാല്‍ തുടയ്ക്ക് മുകളില്‍ വെച്ച് മുറിച്ചുകളഞ്ഞ നിന്നെ 48 മണിക്കൂറോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ആടിയുലയാന്‍ വിട്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞത് ഞരമ്പുകളില്‍ ചോര കട്ടപിടിക്കാന്‍ പോന്നത്രയും തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു.

നീ പഠിപ്പിച്ചുതന്ന മദ്യപാനരീതികളൊക്കെ അന്ന് ഞാന്‍ കാറ്റില്‍പ്പറത്തി. പല കുപ്പികളുടെ അടിത്തട്ടുകള്‍ ഞാനാ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു. മദ്യലഹരി നാക്കിലും, മോണയിലുമൊക്കെ തങ്ങിനില്‍ക്കാനനുവദിക്കാതെ നേരിട്ട് ഞാനെന്റെ മസ്തിഷ്ക്കത്തിലേക്കെത്തിച്ചു. 48 മണിക്കൂര്‍ സമയം നിന്നെപ്പോലെ ഞാനും ബോധം കെട്ടുകിടക്കുകയായിരുന്നു, നിന്റടുത്തുനിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം.

രാവിലെ എന്റെ കെട്ടിടമാകെ ആടിയുലഞ്ഞു. അമിതമായി മദ്യപിച്ച് കാലുകള്‍ നിലത്തുറയ്ക്കാത്തതുകൊണ്ടോ, സ്വബോധം നഷ്ടപ്പെട്ടതുകൊണ്ടുള്ള തോന്നലോ ആണെന്നാണ് ആദ്യം കരുതിയത്. റിക്‍ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തുന്ന വിധം ഭൂമികുലുങ്ങിയതാണെന്ന് മനസ്സിലാക്കിയത് പത്രവാര്‍ത്തകളിലൂടെയാണ്.

നിന്റെ വാര്‍ത്തകള്‍ പ്രത്യേകിച്ച് ഒന്നും എനിക്കറിയണമെന്നില്ലായിരുന്നു. മരണത്തിനൊന്നും നിന്നെ തോല്‍പ്പിക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ നിന്റെ ആശുപത്രി വിവരമൊന്നും തിരക്കണമെന്ന് എനിക്ക് തോന്നിയതുമില്ല. ഒരുകാലില്ലാതെ ഊന്നുവടിയുടെ സഹായത്താല്‍ നടന്നുവരുന്ന നിന്നെ കാണാതിരിക്കാനായി ഭൂമിയുടെ ഏതെങ്കിലും ആളില്ലാത്ത കോണിലേക്ക് ഓടിപ്പോയി ഒളിവില്‍ ജീവിച്ചാലോ എന്നുമാത്രമാണ് ഞാനാലോചിച്ചിരുന്നത്.

അപ്പോഴാണ് വെള്ളിടി വെട്ടിയത്. ഓഫീസില്‍ നിന്ന് ഫോണ്‍ ‍. നീ പോയെന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും.......

ഞാനിനി എന്താണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് സെയിദ് ? ശൂന്യതയുടെ ഈ തുരുത്തില്‍ മണല്‍ക്കാറ്റടിച്ച് ദിക്കറിയാതെ നില്‍ക്കുന്ന ഞാന്‍ ഏത് ശക്തിയോട് ഏത് ദിശയിലേക്ക് നോക്കിയാണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ?

രാവിലെ ഭൂമികുലുക്കി നീയങ്ങ് കടന്നുപോയി. അതോ നീയെന്നെ മദ്യലഹരിയില്‍ മുങ്ങിയ ഉറക്കത്തില്‍ നിന്ന് കുലുക്കി വിളിക്കുകയായിരുന്നോ ?

“യൂ ബ്ലഡി ടര്‍ക്കി, കം ടു ദ ബാര്‍ ബിഫോര്‍ ദ എന്‍ഡ് ഓഫ് ഹാപ്പി അവര്‍ “ എന്നാണോ നീയപ്പോള്‍ പറഞ്ഞത് ?

എത്ര ശ്രമിച്ചിട്ടും മണലില്‍ പുതഞ്ഞ വാഹനത്തിന്റെ ചക്രങ്ങള്‍ വെളിയിലെടുക്കാനെനിക്കായില്ല. വാഹനവും ചാരി തളര്‍ന്നവശനായി മണലില്‍ ഇരുന്നപ്പോള്‍ ‍, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വലതുകൈയ്യാല്‍ ചൂടുള്ള പൊടിമണല്‍ വാരി കാറ്റിലേക്ക് പറത്തിവിട്ടു.

“കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ? ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ ? അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍”

സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്.

Sunday 31 May 2009

പുകവലി

സിഗററ്റ് പുകയുടെ അല്ലെങ്കില്‍ ബീഡിപ്പുകയുടെ മണം വളരെ ഇഷ്ടമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അച്ഛന്‍ ദിനേശ് ബീഡി വലിക്കാരനായിരുന്നു. ദിനേശ് ബീഡിയല്ലെങ്കില്‍ പനാമാ സിഗററ്റ് അച്ഛന്റെ പതിവായിരുന്നു. അച്ഛന്‍ അടുത്തേക്ക് വരുമ്പോള്‍ കിട്ടുന്ന പുകയുടെ മണം ഇഷ്ടപ്പെട്ട് പോയതില്‍ തെറ്റ് പറയാനാവില്ലല്ലോ ?

പുകവലിയുടെ ദൂഷ്യഫലങ്ങളൊന്നും അറിയാതിരുന്നകാലത്തുണ്ടായിരുന്ന ആ ആകര്‍ഷണം ഒരു ശീലമായി മാറിയിട്ടില്ലെങ്കിലും കോളേജ് കാലഘട്ടത്തില്‍ കുറെയധികം സിഗററ്റുകള്‍ ഞാനും പുകച്ച് തള്ളിയിട്ടുണ്ട്.

പ്രീ-ഡിഗ്രിക്ക് പ്രവേശനം കിട്ടി കോളേജ് എന്ന മായാലോകത്തേക്ക് പുറപ്പെടാന്‍ കച്ചകെട്ടി നില്‍ക്കുന്ന ഒരു പതിനഞ്ചുകാരന്, പുകവലിക്കാരനായ ഏതൊരച്ഛനും കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരുപദേശമാണ് എനിക്കും കിട്ടിയത്.

“കോളേജ് പഠനകാലത്താണ് പല ചീത്ത സ്വഭാവങ്ങളും കുട്ടികള്‍ക്ക് കിട്ടുന്നത്. അത്തരം ചീത്തസ്വഭാവങ്ങളില്‍ ഒന്നാണ് പുകവലി. ഞാന്‍ പുകവലിക്കാരനായതുകൊണ്ട് നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമില്ല. അച്ഛന്‍ ചെയ്യുന്നതല്ലേ ഞാനും ചെയ്യുന്നുള്ളൂ എന്ന് നീ തിരിച്ച് ചോദിച്ചാല്‍ എനിക്കുത്തരമില്ലല്ലോ ? നല്ല ശീലമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് കൊണ്ടുനടക്കുന്നത്. നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ അവകാശമില്ലെങ്കിലും, എന്റെ പണം കൊണ്ട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമുണ്ട്. സ്വന്തമായി സമ്പാദിക്കാ‍ന്‍ തുടങ്ങുന്ന കാലത്ത് നിനക്ക് വലിക്കണമെന്ന് തോന്നിയാല്‍ ആയിക്കോളൂ. പക്ഷെ എന്റെ ചിലവില്‍ പുകവലിക്കാന്‍ പാടില്ല.”

വളരെ ബുദ്ധിപൂര്‍വ്വമുള്ള ഒരു ഉപദേശമായിരുന്നതെന്ന് എനിക്ക് മനസ്സിലായത് കോളേജ് പഠനമൊക്കെ കഴിഞ്ഞതിനുശേഷമാണ്. ടീനേജ് പ്രായത്തില്‍ പുകവലി എന്ന ദുഃശ്ശീലത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഒരാള്‍ പുകവലിക്കാരനായെന്ന് വരില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരുടെ കാര്യത്തിലും ഈ അനുമാനം ശരിയാകണമില്ലെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സത്യമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊക്കെ എന്റെ കാഴ്ച്ചപ്പാടുകള്‍ മാത്രമാണ്.

എന്തായാലും പ്രീ-ഡിഗ്രി പഠനകാലം പുകവലിക്കടിമപ്പെടാതെ കടന്നുപോയി. വലിക്കണമെന്ന് ആഗ്രഹം ഉണ്ടായാല്‍പ്പോലും ചേച്ചിമാര്‍ രണ്ടുപേരും അതേ കോളേജില്‍ പഠിക്കുന്നതുകൊണ്ട് അത്തരം ആശയൊക്കെ അടക്കം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.

എഞ്ചിനീയറിങ്ങ് ബിരുദപഠനത്തിന് കണ്ണൂരെത്തിയതോടെ കളി മാറി. ഇടയ്ക്കിടയ്ക്കൊക്കെ ഒരു പുക ഒരു ശീലമായിത്തുടങ്ങി. എപ്പോഴാണ് അത് തുടങ്ങിയതെന്നോ ആ ശീലത്തിനടിമയായതെന്നോ കൃത്യമായി ഓര്‍മ്മയില്ല. അവസാന സെമസ്റ്റര്‍ ആയപ്പോഴേക്കും ഏറ്റവും കുറഞ്ഞത് ദിവസം നാലെണ്ണം എന്ന തോതില്‍ വലിയുടെ കാര്യത്തില്‍ പുരോഗതിയുണ്ടായി. പഠനമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അത്താഴത്തിനുശേഷം ഒരു പുക ചെന്നില്ലെങ്കില്‍ ഒരു വല്ലാത്തെ അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. അഡിക്‍ഷന്റെ ലക്ഷണമായിട്ട് കരുതുന്നതില്‍ തെറ്റില്ല. ഭക്ഷണം കഴിഞ്ഞ ഉടനെ വീട്ടില്‍ എങ്ങനെ സിഗററ്റ് വലിക്കും എന്നുള്ളത് ഒരു കീറാമുട്ടിയായി. മുറിയടച്ചിട്ട് വലിച്ചാലും അപകടം തന്നെ. പെട്ടെന്നാരെങ്കിലും വാതിലില്‍ മുട്ടി അകത്തുകടന്നുവന്നാല്‍ പുകയുടെ മണം നന്നായി മനസ്സിലാക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്.

രാത്രി ഭക്ഷണത്തിനുശേഷം പടിക്കുപുറത്തുകടന്ന് ഇരുട്ടിലൂടെ ഒരു നടത്തം പതിവാക്കിത്തുടങ്ങി. നടത്തമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും ഒരു സിഗററ്റിന്റെ പുക ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പറ്റിച്ചേന്നുകഴിഞ്ഞിരിക്കും. പക്ഷെ ഈ മാര്‍ഗ്ഗം അത്ര ശാശ്വതമായിത്തോന്നിയില്ല. നാട്ടുകാര്‍ നല്ല പുള്ളികളാണ്. നമ്മളെന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ചെയ്യുന്നില്ല എന്ന് നോക്കിയിരിക്കുകയാണവര്‍. വല്ലതും കണ്ടുപിടിച്ചാല്‍ നിധി കിട്ടിയ സന്തോഷത്തോടെ വിവരം വീട്ടിലെത്തിച്ചിരിക്കും. അതുകൊണ്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റോഡിലിറങ്ങി ഇരുട്ടിലൂടെയുള്ള പുകവലിക്ക് വിരാമമിട്ടു. വീണ്ടും ഒന്നുരണ്ട് പ്രാവശ്യം മുറിയടച്ചിട്ട് വലി തുടര്‍ന്നെങ്കിലും, ഭക്ഷണം കഴിഞ്ഞ ഉടനെ മുറിക്കകത്ത് കയറി വാതിലടയ്ക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കാന്‍ പുകവലിക്കാരനായ അച്ഛന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാണു്.‌ മുറിയിലിരുന്ന് വലിച്ചപ്പോഴൊക്കെ ഗര്‍ഫില്‍ നിന്ന് ആരോ കൊണ്ടുവന്നുതന്ന പെപ്സിയുടെ ഒരു കാലി ടിന്നിലായിരുന്നു(കാലി ടിന്നല്ല ഗള്‍ഫീന്ന് കൊണ്ടുവന്ന് തന്നത്. കുടിച്ച് കാലിയാക്കിയത് ഞാന്‍ തന്നെ.) എന്റെ പുകവലിയുടെ രഹസ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിരുന്നത്. ജനലിലൂടെ പുറത്തേക്ക് ഒരു തീപ്പെട്ടിക്കോള്ളിയോ സിഗററ്റിന്റെ കുറ്റിയോ എറിയാതിരിക്കാന്‍ ഞാനങ്ങിനെ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അതങ്ങിനെ സംഭവിച്ചുപോന്നു.

വെളിയില്‍ മറ്റ് ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇക്കാലത്ത് ഞാന്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റാലുടന്‍ എന്റെ മുറിയുടെ ജനാലപ്പുറത്ത് ഒരു സിഗററ്റ് കുറ്റിയോ തീപ്പെട്ടിക്കമ്പോ വീണുകിടക്കുന്നുണ്ടോ എന്ന് പരതി നോക്കുന്നത് അച്ഛന്‍ ശീലമാക്കിയിരുന്നു. പുകവലിക്കാരനായ ഒരാള്‍ എത്രയൊക്കെ മറച്ചുപിടിക്കണമെന്ന് കരുതിയാലും ഒരിക്കലെങ്കിലും ഒരു സിഗററ്റ് കുറ്റിയെങ്കിലും അശ്രദ്ധമായി വലിച്ചെറിഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു അച്ഛന്റെ തത്ത്വശാസ്ത്രം. അങ്ങനെയുള്ള ഒരു സിഗററ്റ് കുറ്റിക്കുവേണ്ടി അച്ഛന്‍ ഡിക്‍ടറ്റീവായിരിക്കുന്നതറിയാതെ എന്റെ സിഗററ്റ് കുറ്റികള്‍ പെപ്സി ടിന്നിനുള്ളില്‍ അന്ത്യനിദ്രകൊണ്ടു. ഈ സിഗററ്റ് കുറ്റി തപ്പിയുള്ള നടത്തത്തെപ്പറ്റി ഒരിക്കല്‍ അച്ഛന്‍ തന്നെ കുമ്പസരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അറിയുകപോലുമില്ലായിരുന്നു.

എന്തായാലും പോകെപ്പോകെ ഇത്രയും വിഷമസന്ധികളൊക്കെ തരണം ചെയ്ത് ഒളിച്ചും പാത്തും പുകവലിക്കുന്നതില്‍ ഒരു സുഖവുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ 1991 ഡിസംബര്‍ മാസത്തില്‍ ഞാന്‍ പുകവലി എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് സ്വന്തം സമ്പാദ്യമായതില്‍പ്പിന്നെ ഞാന്‍ പുകവലിച്ചിട്ടേയില്ല. വലിച്ചതുമുഴുവന്‍ അച്ഛന്റെ പണം ഉപയോഗിച്ച് തന്നെ. അച്ഛന്റെ ചിലവില്‍ പുകവലിച്ച് നടന്നതിന്റെ കടം വീട്ടാനായി നാട്ടിലേക്ക് പോകുമ്പോള്‍ ചിലപ്പോഴൊക്കെ കുറേ സിഗററ്റ് അച്ഛന് കൊണ്ടുക്കൊടുക്കാറുണ്ടായിരുന്നു കുറേനാള്‍ മുന്‍പുവരെ. പക്ഷെ ഇപ്പോള്‍ അച്ഛന്‍ വലിനിര്‍ത്തിയിരിക്കുന്നതുകൊണ്ട് ആ പതിവുമില്ല.

പിന്നീട് ഇതുവരെ പുകവലിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ലെന്ന് മാത്രമല്ല പുകവലിക്കാര്‍ അടുത്തെത്തുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടും, ശ്വാസം മുട്ടലും അനുഭവപ്പടാന്‍ തുടങ്ങുകയും ചെയ്തു. ചെറുപ്പത്തില്‍ അച്ഛന്‍ അടുത്തേക്ക് വരുമ്പോള്‍ ഇഷ്ടമായിരുന്ന ആ പുകമണം എനിക്കസഹ്യമായിത്തുടങ്ങിയത് വളരെപ്പെട്ടെന്നാണ്. പൊതുനിരത്തുകളിലും, ബസ്സ്, തീവണ്ടി മുതലായ പൊതുസ്ഥലങ്ങളിലുമൊക്കെ പുകവലിച്ച് സെക്കന്ററി സ്മോക്കിങ്ങ് സമ്മാനിക്കുന്നവരോട് തട്ടിക്കയറുന്നതായി പിന്നെ എന്റെ ശീലം. അങ്ങനെ ബസ്സിലിരുന്ന് പുകവലിച്ച ഒരു അമ്മാവനോട് ഞാന്‍ തട്ടിക്കറിയത് അദ്ദേഹം അച്ഛന്റെ പരിചയക്കാരനാണെന്നറിയാതെയായിരുന്നു. അദ്ദേഹമെന്നെ തിരിച്ചറിഞ്ഞെന്ന് എനിക്ക് മനസ്സിലായത് “രവീന്ദ്രന്‍ മാഷിന്റെ മോനല്ലേ ?” എന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോളാണു്‌.

“ഇങ്ങനെയാണോ പ്രായമുള്ളവരോട് പെരുമാറുന്നത് ? മാഷിനെപ്പോലൊരാളുടെ മകനില്‍ നിന്നും ഞാനിത് തീരെ പ്രതീക്ഷിച്ചില്ല” എന്നുകൂടെ പ്രഖ്യാപനം വന്നപ്പോള്‍ എന്നിലെ യുവരക്തം ആളിക്കത്തി.

“പൊതുസ്ഥലത്തിരുന്ന് പുകവലിച്ചിട്ട് വീട്ടിലുള്ളവരെ വലിച്ചിഴച്ച് വിഷയം മാറ്റാനൊന്നും നോക്കണ്ട കാര്‍ന്നോരേ“ എന്നുപറഞ്ഞ് ഞാന്‍ കത്തിക്കയറിയപ്പോള്‍ അമ്മാവന്‍ അടങ്ങി.

അക്കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കത്തിക്കയറാനൊന്നും പറ്റുന്ന കാലമല്ല. കത്തിച്ച് കളയാനുള്ള പ്രായവുമായിരിക്കുന്നു. അതുകൊണ്ട് പുകമണമുള്ളയിടത്തുനിന്നും പതുക്കെ വലിയുകയാണ് ഇപ്പോഴത്തെ പതിവ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്ക് 500 രൂപാ പിഴയിടുന്നു എന്നൊക്കെ വാര്‍ത്ത വന്നപ്പോള്‍ വളരെ സന്തോഷം തോന്നിയെങ്കിലും ആ പ്രഖ്യാപനമൊക്കെ കാറ്റില്‍ സിഗററ്റ് പുകയുടേയും ബീഡിപ്പുകയുടേയുമൊക്കെ കൂടെ പാ‍റിപ്പോയി. കുറേ പൊലീസുകാര്‍ക്കു്‌ പോക്കറ്റുമണി തരമായതുമാത്രം മിച്ചം.

പുകവലിക്കാരോട് വലി നിര്‍ത്താന്‍ പറഞ്ഞ് പിന്നാലെ നടന്നിട്ടൊന്നും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്വയം തോന്നിയാല്‍ ഒറ്റ ദിവസം കൊണ്ട് നിര്‍ത്താന്‍ പറ്റുന്നതേയുള്ളൂ പുകവലി. എണ്ണം കുറച്ചു കുറച്ച് പതുക്കെ പതുക്കെ വലി നിര്‍ത്താമെന്നുള്ളതൊക്കെ വ്യാമോഹം മാത്രമാണ്. എത്രപേര്‍ അങ്ങിനെ വലി നിര്‍ത്തിയിട്ടുണ്ടെന്ന് കണ്ടുതന്നെ അറിയണം.

‘പുകവലി നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ തന്നെ ഇരുപത് പ്രാവശ്യം വലി നിര്‍ത്തിയിട്ടുള്ളതാണ് ‘ എന്ന് തമാശ പറയുന്നവരടക്കമുള്ള പുകവലിക്കാര്‍ വലിയൊന്നും നിര്‍ത്തിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിച്ചാല്‍ത്തന്നെ കുറേയൊക്കെ നന്നായിരുന്നേനേ.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാനാദ്യമായി പുകവലിച്ചത്. അതും അച്ഛന്റെ വിശിഷ്ട ബ്രാന്‍ഡായ ദിനേശ് ബീഡി തന്നെ. കട്ടെടുത്ത് വലിച്ചതൊന്നുമല്ല, ‘ഔദ്യോഗികമായി’ വലിച്ചതാണെന്ന് പറയുമ്പോള്‍ അത്ഭുതം കൂറിയിട്ട് കാര്യമില്ല. സംഭവം സത്യമാണ്.

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്ക്കൂള്‍ നാടകത്തില്‍, അല്‍പ്പം വില്ലന്‍ സ്വഭാവമുള്ള എന്റെ കഥാപാത്രം സ്റ്റേജിലേക്ക് കയറിവരുന്നത് ബീഡി വലിച്ചുകൊണ്ടാണ്. നാടകത്തിലാണെങ്കിലും,സ്വപ്നരംഗത്തായാലും ബീഡി ബീഡി തന്നെയാണല്ലോ ? ആദ്യമായി വലിക്കുമ്പോള്‍ ചുമച്ച് കുരച്ച് നാടകം കൊളമാക്കണ്ടാന്ന് കരുതിയിട്ടാകും, റിഹേസ്‌സലിന്റെ ഭാഗമായി ഒരു അദ്ധ്യാപകന്‍(എന്റെ സ്കൂളിലെ അദ്ധ്യാപകനല്ല) ബീഡി ഒരെണ്ണം കത്തിച്ച് എന്റെ ചുണ്ടത്ത് വെച്ചുതന്നിട്ട് പതുക്കെ ഉള്ളിലേക്ക് വലിക്കാനാവശ്യപ്പെട്ടു. ആദ്യത്തെ ഒന്നുരണ്ട് പുകയെടുത്തതും ഒരുവിധം മോശമില്ലാതെ തന്നെ ഞാന്‍ ചുമച്ചു. പുക അകത്തേക്ക് എടുക്കാതെ കവിളില്‍ത്തന്നെ വെച്ച് പുറത്തേക്ക് ഊതിക്കളഞ്ഞാല്‍ മതിയെന്ന നിര്‍ദ്ദേശം അനുസരിച്ചതോടെ ആദ്യത്തെ പുകവലി സംരംഭം വിജയകരമായി പൂര്‍ത്തിയായി.

ആദ്യമായി പുകവലിക്കാന്‍ എന്നെ പഠിപ്പിച്ച ആ അദ്ധ്യാപകന്‍ മറ്റാരുമല്ല, ‘എന്റെ കാശിനു്‌ നീ വലിക്കരുത് ‘ എന്ന്‍ നിബന്ധന വെച്ച സാക്ഷാല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന എന്റെ പിതാശ്രീ തന്നെ.

ഇന്ന് പുകവലി വിരുദ്ധദിനം. ഞങ്ങള്‍ അച്ഛനും, മകനും വലിയൊക്കെ നിറുത്തി നല്ലകുട്ടികളായിരിക്കുകയാണു്‌.ബാക്കിയുള്ളവര്‍ക്കും വലി നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ എന്തുകൊണ്ടും പറ്റിയ ദിവസം തന്നെ. എന്താ ഒന്നാലോചിക്കുന്നോ ?

Thursday 7 May 2009

പതിനഞ്ച് വര്‍ഷം നല്ലനടപ്പ്

ത്തുവര്‍ഷത്തിലധികമായി എണ്ണപ്പാടത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. അബുദാബിയിലാണ് ജോലി ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനമെങ്കിലും യു.എ.ഇ.യിലും, ഖത്തര്‍, യമന്‍, ഇറാന്‍, ഇന്ത്യ തുടങ്ങി മറ്റ് പല രാജ്യങ്ങളിലെ, കരയിലും കടലിലേയുമൊക്കെയുള്ള എണ്ണപ്പാടങ്ങളില്‍ ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

എണ്ണപ്പാടത്ത് ജോലിക്ക് പോകുന്നതിന് മുന്‍പ് ഞങ്ങളെപ്പോലുള്ളവര്‍ ചെയ്തിരിക്കേണ്ടതായ പലതരം പരിശീലനങ്ങളുണ്ട്. അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ സെക്യൂരിറ്റി പാസ്സ് എന്ന പേരിലുള്ള ഐഡന്റിറ്റി കാര്‍ഡ് തയ്യാറാക്കേണ്ടതും ആവശ്യമാണ്. ഏത് രാ‍ജ്യത്തായാലും ഇപ്പറഞ്ഞ സെക്യൂരിറ്റി പാസ്സ് കൈവശമില്ലാതെ എണ്ണപ്പാടത്തേക്കുള്ള യാത്ര അസാദ്ധ്യമാണ്. 3 മാസം മുതല്‍ 6 മാസം വരേയോ ഒരു കൊല്ലം വരേയോ കാലാവധിയുള്ളതായിരിക്കും ഈ സെക്യൂരിറ്റി പാസ്സുകള്‍.

പാസ്സ്പോര്‍ട്ട് കോപ്പിയും, സര്‍ട്ടിഫിക്കറ്റുകളും, അപേക്ഷാ ഫോമുമൊക്കെ കൊടുത്തുകഴിഞ്ഞാല്‍ 2 ദിവസം മുതല്‍ 5 ദിവസത്തിനകം സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കിക്കിട്ടാറുണ്ട് മിക്ക വിദേശരാജ്യങ്ങളിലും.

ഇന്ത്യയില്‍ ഞങ്ങളുടെ 2 പ്രധാന ക്ലൈന്റ്സ് ആണ് O.N.G.C.യും British Gas ഉം. ഈ കമ്പനികളുടെ ‘മുംബൈ ഹൈ‘ എന്ന ഓഫ്‌ഷോറിലുള്ള എണ്ണപ്പാടങ്ങളിലാണ് ഞങ്ങള്‍ക്ക് ജോലികള്‍ അധികവുമുള്ളത്. ഈ ഫീല്‍ഡുകളില്‍ പോകണമെങ്കിലും സെക്യൂരിറ്റി പാസ്സുകള്‍ അത്യാവശ്യമാണ്. ഇന്ത്യാക്കാരനാണെന്നുള്ള ഇളവൊന്നും അവിടെയില്ല എന്നുമാത്രമല്ല, ഇന്ത്യയില്‍ സെക്യൂരിറ്റി പാസ്സുണ്ടാക്കാന്‍ മറ്റ് രാജ്യങ്ങളില്‍ കൊടുക്കുന്ന രേഖകളും സര്‍ട്ടിഫിക്കറ്റുകളും മാത്രം പോര.

ഓരോ ജീവനക്കാരുടേയും നാട്ടിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) കൂടെ സമര്‍പ്പിക്കാതെ ഇന്ത്യാമഹാരാജ്യത്ത് സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കി കിട്ടുന്ന പ്രശ്നമുദിക്കുന്നില്ല. പാസ്സ് ഉണ്ടാക്കാനും പുതുക്കാനുമൊക്കെ ഒരുമാസത്തിലധികം പഴക്കമില്ലാത്ത പി.സി.സി. കൈയ്യിലുണ്ടായിരിക്കണം. നമ്മുള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളോ മറ്റോ ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ റിക്കാര്‍ഡുകളില്‍ ഇല്ല എന്നതായിരിക്കണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഉള്ളടക്കം. ക്രിമിനലായ ഒരുത്തന് എണ്ണപ്പാടത്ത് (ഫീല്‍ഡില്‍)ജോലി ചെയ്യാന്‍ സാധിക്കുകയില്ലെന്ന് സാരം.

പലപ്രാവശ്യം പി.സി.സി. എന്ന കടമ്പ മറികടക്കാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷന്റെ വരാന്ത നിരങ്ങേണ്ടതായി വന്നിട്ടുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷനെന്ന് പറയുമ്പോള്‍ എന്റെ നാടിനെപ്പറ്റി ഒന്ന് സൂചിപ്പിക്കേണ്ടി വരും.

കുറച്ച് കാലമായി ഒന്നുരണ്ട് പ്രമാദമായ കൊലക്കേസുകളുടെ പേരിലും, ഒന്നുരണ്ട് ബോംബേറിന്റെ പേരിലും, ഗുണ്ടാവിളയാട്ടത്തിന്റെ പേരിലുമൊക്കെ അല്‍പ്പസ്വല്‍പ്പം ചീത്തപ്പേര് സമ്പാദിക്കാന്‍ മുനമ്പം എന്ന എന്റെ നാടിനായിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായതായി എന്റെ അറിവിലില്ല.

അന്യന്റെ മുതലിനോടുള്ള ആര്‍ത്തി, അന്യന്റെ കാശിന് മാത്രം കള്ള് കുടിക്കുന്ന ശീലം, കള്ളുകുടി മാത്രം കൊണ്ടുനടക്കുന്ന ശീലം, അല്‍പ്പസ്വല്‍പ്പം അതിര്‍ത്തിത്തര്‍ക്കം, ആവശ്യത്തില്‍‌ക്കൂടുതല്‍ രാഷ്ടീയം, ഇതൊക്കെ കേരളത്തില്‍ എവിടെയാണില്ലാത്തത് ? അതൊക്കെ നല്ലവണ്ണം മുനമ്പത്തുമുണ്ട്.

ഈയടുത്ത് ഒരു സുഹൃത്തിനേയും അദ്ദേഹത്തിന്റെ മറ്റ് ചില സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍, “അയ്യോ മുനമ്പത്തേക്കോ ? അലമ്പ് സ്ഥലമാണ് കേട്ടോ അങ്ങോട്ടൊന്നും ഞാനില്ല” എന്ന് ഒരു സുഹൃത്ത് പ്രതികരിച്ചപ്പോള്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.

അപ്പോള്‍ പറഞ്ഞുവന്നത്..... പി.സി.സി. വാങ്ങാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നത് അല്ലേ ?

അബുദാബിയില്‍ നിന്ന് മുംബൈയില്‍ ജോലിസംബന്ധമായി എത്തിയപ്പോഴാണ് സെക്യൂരിറ്റി പാസിന്റെ ഡേറ്റ് തീര്‍ന്നിരിക്കുന്ന വിവരം അറിഞ്ഞത്. ഉടനെ നാട്ടിലേക്ക് തിരിച്ചു. പാസ്സുണ്ടാക്കാന്‍ പോകുന്ന കൂട്ടത്തില്‍ ഒന്നുരണ്ടുദിവസം ഔദ്യോഗികമായിത്തന്നെ വീട്ടില്‍ നില്‍ക്കാം എന്നുള്ളത് ഒരു സന്തോഷമുള്ള കാര്യം തന്നെയാണ്.

രാവിലെ കുളിച്ച് കുട്ടപ്പനായി(ഓ, അതിനിനി ഇപ്പോ കുളിക്കണമെന്നൊന്നുമില്ല) ഷേവ് ചെയ്ത് മുഖത്തൊരു പഞ്ചപാവത്തിന്റെ ലുക്ക് ഫിറ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തി. വെളിയില്‍ കണ്ട കോണ്‍സ്റ്റബിള്‍ എമ്മാനോട് കാര്യം അവതരിപ്പിച്ചു. അങ്ങേരോട് പറഞ്ഞാലൊന്നും കാര്യം നടക്കില്ല എന്നറിയാത്തതുകൊണ്ടല്ല.

ഒരുത്തന്‍ വന്ന് മുന്നില്‍ ചാടിയാല്‍, “ങാ..എന്താ ?” എന്നൊരു ചോദ്യം ഏത് പൊലീസുകാരനും ചോദിക്കുമല്ലോ ?

“ ഓ അത് സാറ് അറിയാനുള്ളതല്ല. ഞാന്‍ എസ്.ഐ. സാറിനോട് പറഞ്ഞോളാം” എന്നെങ്ങാനും അബദ്ധത്തിന് ഉരിയാടിപ്പോയാലുള്ള കാര്യം അറിയാമല്ലോ ? അതുകൊണ്ട് ചോദിക്കുന്നവരോടൊക്കെ വന്ന കാര്യം പറഞ്ഞേ പറ്റൂ. ചോദിക്കുന്നത് ചിലപ്പോള്‍ വല്ല മഫ്ടി പൊലീസ് ആകാം, അല്ലെങ്കില്‍ പരോളില്‍ ഇറങ്ങി ലോക്കല്‍ സ്റ്റേഷനില്‍ ദിവസവും ഒപ്പിടാന്‍ വന്നിരിക്കുന്ന വല്ല കൊലക്കേസ് പ്രതിയാകാം. അതൊന്നും കണ്ടുപിടിക്കേണ്ട കാര്യം എനിക്കില്ല. ആരു ചോദിച്ചാലും എണ്ണകുഴിച്ചെടുക്കുന്നത് എങ്ങിനാണെന്ന് വാതോരാതെ സംസാരിക്കുക. എണ്ണപ്പാടത്തൊഴിലാളിയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക. അങ്ങോട്ട് പോകാനുള്ള ഇണ്ടാസ് എളുപ്പം എഴുതിത്തരണമെന്ന് അപേക്ഷിക്കുക. പച്ചരി വാങ്ങണമെങ്കില്‍ ഇതൊക്കെ ചെയ്തേ പറ്റൂ.

എസ്. ഐ. എമ്മാന്‍ പുതിയ ആളാണ്. സ്റ്റേഷനില്‍ വരാനാകുന്നതേയുള്ളൂ. കഴിഞ്ഞകൊല്ലം ഉണ്ടായിരുന്ന എസ്.ഐ. സാറായിരുന്നെങ്കില്‍ പഴയ മുഖപരിചയവും അതിനുശേഷം കേസിലൊന്നും പെടാത്തതിന്റെ മുഖപരിചയക്കുറവുമൊക്കെ വെച്ച് പെട്ടെന്ന് കടലാസ് ഉണ്ടാക്കാം എന്നുള്ള വ്യാമോഹം അവസാനിച്ചു.

ഒരു മണിക്കൂര്‍ കൂടെ കഴിഞ്ഞപ്പോള്‍ മറ്റൊരു കോണ്‍സ്റ്റബിളിന്റെ ബൈക്കിന് പുറകിലിരുന്ന് എമ്മാനെത്തി. നാലഞ്ച് പേര് എനിക്ക് മുന്നേ വന്നവര്‍ വിനീതവിധേയരായി ക്യൂ നിന്ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്ന് പരാതിയൊക്കെ തീര്‍ത്ത് ഇറങ്ങുന്നതുവരെ കാത്തുനിന്നു.

അടുത്തത് എന്റെ ഊഴം. അകത്തുകടന്നപ്പോള്‍, കണ്ടിട്ടൊരു പ്രതിയുടെ ലുക്ക് ഇല്ലാത്തതുകൊണ്ടായിരിക്കും ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു, കാര്യം അവതരിപ്പിച്ചു.

അപേക്ഷ എഴുതിക്കൊടുക്കാന്‍ പറഞ്ഞു. മുന്‍‌കൂട്ടി തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിച്ചു. എസ്.ഐ. സാര്‍ അപേക്ഷ മനസ്സിരുത്തി വായിച്ചു. എന്നിട്ടൊന്ന് തലപൊക്കി വീണ്ടും എന്നെ ഉഴിഞ്ഞൊന്ന് നോക്കി.

എന്തൊരു നോട്ടമാ എന്റെ ഈശ്വരാ ?

പണ്ട് കസ്‌ബാ സ്റ്റേഷന് മുന്നിലൂടെ ലൈറ്റില്ലാത്ത സൈക്കിള്‍ ചവിട്ടിയ മഹാ‍ അപരാധത്തിന് പൊലീസ് പിടിച്ചതും, കോളേജ് പഠനകാലത്ത് കോളേജിനോടുള്ള സര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെയുള്ള സമരമുറകളുടെ ഭാഗമായി കണ്ണൂര്‍ ഡിസ്ട്രിക്‍ട് കളക്‍ടറുടെ ചേമ്പറില്‍ ഒരുപറ്റം സഹപാഠി-പാഠിനികളുമായി അതിക്രമിച്ച് കടന്നതിന് പൊലീസ് പിടിച്ച് കളക്‍ടറേറ്റിന്റെ കോണിപ്പടി വഴി വലിച്ചിഴച്ച് കൊണ്ടുപോയി, ചുരുട്ടിക്കൂട്ടി വൈകുന്നേരം വരെ സ്റ്റേഷനില്‍ ഇരുത്തിയതുമടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഏമ്മാന്റെ എക്സറേ നോട്ടത്തിലൂടെ വെളിയിലാകുമെന്ന് തോന്നിപ്പോയി. അമ്മാതിരിയായിരുന്നു നോട്ടം.

അഴിഞ്ഞുവീണുപോയ പഞ്ചപാവത്തിന്റെ ലുക്ക് വീണ്ടുമെടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു.

“മുനമ്പത്തെവിടെയാ വീട് ?” എസ്.ഐ.സാര്‍ മുരടനക്കി.

“ഐ.ആര്‍.വളവില്‍ നിന്ന് വളയാതെ ഉള്ളിലേക്ക് പോകണം”

“അതുശരി ഐ.ആര്‍.വളവിലാണല്ലേ ?“

സൈഡ് ടേബിളില്‍ ഇരുന്നിരുന്ന കുറച്ച് ഫയലുകള്‍ എടുത്ത് മുന്നിലെ മേശപ്പുറത്ത് വെക്കുന്നു ഏമ്മാന്‍.

“ദാ ഇതൊക്കെ ഐ.ആര്‍.വളവുകാരുടേതാ. 14 എണ്ണം ഉണ്ട് ”

“അതില്‍ ഞാനുണ്ടോ സാര്‍ ? “ റിസ്കെടുത്തിട്ടാണെങ്കിലും ചോദിക്കാതിരിക്കാനായില്ല.

“വീട്ടുപേരെന്താ ?” വീണ്ടും ചോദ്യം ഏമാന്റെ വക.

“പോണത്ത് ”

ഫയലുകള്‍ക്കിടയില്‍ പരതി അതില്‍ നിന്ന് ചില ഫയലുകള്‍ എന്റെ മുന്നിലേക്ക് വെക്കുന്നു ഏമ്മാന്‍.

“ദാ, ഈ 4 ഫയലുകള്‍ പോണത്ത് എന്ന് വീട്ടുപേരുള്ളവരുടേതാ. ഈ അവസ്ഥയില്‍ തനിക്ക് ഞാനെങ്ങിനെ കണ്ണുമടച്ച് ക്ലിയറന്‍സ് തരും ? എനിക്കന്വേഷിക്കണം. കഴിഞ്ഞ 15 കൊല്ലത്തെ ഹിസ്റ്ററി തപ്പിയെടുക്കണം. എന്നിട്ടേ എന്തെങ്കിലുമൊരു കടലാസില്‍ ഞാന്‍ ഒപ്പിടൂ .“

“അയ്യോ സാര്‍, പോണത്ത് എന്ന പേരില്‍ പല കുടുംബങ്ങളുണ്ട്. ഞാനാ കുടുംബത്തിലൊന്നും പെടില്ല. എന്നിരുന്നാലും സാറ് വിശദമായി അന്വേഷിച്ചിട്ട് കടലാസ് തന്നാല്‍ മതി. വഴിവിട്ട് ഒന്നും ചെയ്യണ്ട.”

15 കൊല്ലത്തെ ഹിസ്റ്ററി തപ്പിയെടുത്ത് പഠിക്കുന്നതുവരെ എനിക്ക് ഔദ്യോഗികമായിത്തന്നെ വീട്ടില്‍ നില്‍ക്കാമല്ലോ എന്ന ദുഷ്‌ച്ചിന്തയോടെയാണ് അത് പറഞ്ഞതെങ്കിലും, പി.സി.സി. കിട്ടിയില്ലെങ്കില്‍ എന്നെന്നേയ്ക്കുമായി പണിയൊന്നുമില്ലാതെ വീട്ടില്‍ നിക്കേണ്ടിവരുമെന്ന ശരിയായുള്ള ചിന്തയ്ക്ക് ദുഷ്‌ച്ചിന്ത വഴിമാറി.

“ഒരു പണി ചെയ്യൂ. മുനമ്പത്തുള്ള ഒരുരണ്ടുപേരുടെ അഡ്രസ്സ്, ഫോണ്‍നമ്പര്‍ എന്നിവയൊക്കെ കൂടെ ഇതില്‍ എഴുതിച്ചേര്‍ക്കൂ. ഞാന്‍ പലവഴിക്കും അന്വേഷിച്ചെന്ന് വരും.”

ജനിച്ചിട്ടിതുവരെ മടിയില്‍ മൂത്രമൊഴിക്കുകയോ, മുഖം കറുപ്പിച്ച് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നുരണ്ടുപേരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമൊക്കെ വീട്ടിലേക്ക് വിളിച്ച് സംഘടിപ്പിച്ച് അപേക്ഷക്കടലാസില്‍ എഴുതിച്ചേര്‍ത്തു.

“എപ്പോഴത്തേക്കാണ് പി.സി.സി. വേണ്ടത് “ വീണ്ടും ഏമ്മാന്‍.

“ഇപ്പോള്‍ കിട്ടിയാല്‍ ഇപ്പോള്‍ സാര്‍, എന്നുകിട്ടുന്നോ അന്ന് സാര്‍. അതുവരെ എനിക്ക് പണിയെടുക്കാന്‍ പറ്റില്ല സാര്‍. ഈയൊരു കടലാസിന് വേണ്ടി മാത്രം വിമാനമാര്‍ഗ്ഗം മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വന്ന്, വീട്ടിലിരിക്കുകയാണ് ഞാന്‍ സാര്‍” ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ സാര്‍ സാര്‍ എന്ന് ചേര്‍ത്ത് ഞാന്‍ പറഞ്ഞൊപ്പിച്ചു. വിനയം കുറഞ്ഞുപോയതുകൊണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോകരുതല്ലോ ?

“എങ്കില്‍ ശരി ഞാന്‍ അന്വേഷിക്കട്ടെ. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് വാ”

“ശരി സാര്‍, താങ്ക് യൂ സാര്‍”

രണ്ട് ദിവസത്തേക്ക് കറങ്ങാന്‍ പറ്റിയ കാണാത്ത വല്ല സ്ഥലങ്ങളും അടുത്തെങ്ങാനുമുണ്ടോന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ സ്റ്റേഷന്റെ പടികളിറങ്ങി.

വല്ല്യ തെറ്റൊന്നും പറയരുതല്ലോ ? ഒരു കോണ്‍സ്റ്റബിള്‍ അന്നുതന്നെ വീടുവരെ വന്നു നോക്കിപ്പോയി, രണ്ടാം ദിവസം പി.സി.സി. എഴുതി കൈയ്യില്‍ത്തരുകയും ചെയ്തു. അതുകൊണ്ട് കാര്യമൊന്നുമില്ല. ഈ ചടങ്ങ് എല്ലാക്കൊല്ലവും തുടര്‍ന്നുകൊണ്ടേയിരിക്കും.

ഇനി ശരിക്കുമുള്ള വിഷയത്തിലേക്ക് കടക്കാം. എന്നെപ്പോലെ എത്രയോ പേര് ഇതുപോലെ പൊലീസ് സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു. അതൊക്കെ ഇവിടെ പറയേണ്ട കാര്യമെന്തിരിക്കുന്നു ?

കാര്യമുണ്ട്, പറയാതെ വയ്യ.

പാര്‍ലിമെന്റ് ഇലക്ഷന്റെ വോട്ടിങ്ങൊക്കെ കഴിഞ്ഞ്, അരാണ് നമ്മെ ഭരിക്കാന്‍ പോകുന്നതെന്നുള്ള വിധിവരുന്നതും കാത്ത് അക്ഷമരായി ഇരിക്കുകയാണല്ലോ നമ്മള്‍ പ്രബുദ്ധരും, സമ്പൂര്‍ണ്ണ സാക്ഷരരുമായ ജനങ്ങള്‍ ?

കഴിഞ്ഞ ലോകസഭയിലെ 25% അംഗങ്ങളും (18 പാര്‍ട്ടികളില്‍ നിന്നായി 137 പേര്‍) ക്രിമിനലുകളായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എന്ന് ഈ ഇലക്ഷന്‍ തിരക്കിനിടയില്‍ എവിടെയോ വായിച്ചതായി ഓര്‍മ്മവന്നു.

ഈ ഇലക്ഷനല്ലെങ്കില്‍, മറ്റൊരിലക്ഷന് ജയിലില്‍ നിന്ന് വോട്ടുചെയ്യാനും, മണ്ഡലം ചുറ്റിക്കറങ്ങാനും വരെ വന്ന നേതാക്കന്മാരുണ്ട് വടക്കേ ഇന്ത്യയിലൊക്കെ. നമ്മുടെ കേരളത്തിലും അധികം താമസിയാതെ ഉണ്ടായെന്ന് വരും അത്തരമൊരു അവസ്ഥാവിശേഷം.

ജീവിക്കാനുള്ള പെടാപ്പാടിന്റെ ഭാഗമായി മറുനാട്ടിലൊക്കെപ്പോയി ജോലി ചെയ്ത് നടക്കുന്ന, പെറ്റിക്കേസുകളില്‍പ്പോലും ചെന്നുപെടാത്ത(എന്റെ കാര്യം വിട്) ഒരു സാധാരണ ഇന്ത്യന്‍ പൌരന്റെ കാര്യം വരുമ്പോള്‍ നിയമം കടുകട്ടി. 15 വര്‍ഷത്തെ നല്ലനടപ്പെങ്കിലുമില്ലാതെ മാന്യമായി ജോലി ചെയ്ത് കുടുംബം നയിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങനുള്ള അയ്യോപാവങ്ങളെ ഭരിക്കാന്‍, നല്ല എണ്ണം പറഞ്ഞ ക്രിമിനലുകളായാലും കുഴപ്പമൊന്നുമില്ല.അവര്‍ക്ക് ഇലക്ഷനില്‍ മത്സരിക്കാനും 125 കോടി ജനങ്ങളെ ഭരണചക്രത്തിലിട്ട് വട്ടം കറക്കാനുമൊക്കെ ഒരു ലോക്കല്‍ പൊലീസിന്റേയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അതെവിടുത്തെ ന്യായം ?

വിരോധാഭാസമെന്ന് പറയണോ ?
തലവിധിയെന്ന് പറയണോ ?
ചിരിക്കണോ ?
കരയണോ ?

എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഞാന്‍.

Wednesday 1 April 2009

എപ്പോ ഇറങ്ങീ ?

ഘൂ

ഞാന്‍ നാട്ടിലേക്ക് വരുന്നു, നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞതെല്ലാം നീ മറക്കണം. ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട് നിന്നെ. നാട്ടില്‍ നീയല്ലാതെ എനിക്ക് മറ്റ് കൂട്ടുകാരാരുമില്ലെന്ന് അറിയാമല്ലോ ? ഈ മാസം 15ന് പത്തര മണിയുടെ ജെറ്റ് എയര്‍ വേയ്‌സില്‍ നെടുംബാശ്ശേരിയില്‍ ഞാനിറങ്ങും. നീ വരുമെന്ന വിശ്വാസത്തോടെ.....

സ്വന്തം


ഫിലിപ്പ് ജോര്‍ജ്ജ്
------------------------------------------------

വീട്ടഡ്രസ്സിലേക്ക് വന്ന കത്തുവായിച്ചുകഴിഞ്ഞപ്പോള്‍ രഘുവിന്റെ ഉള്ളിലൊരു പേമാരിപെയ്തുതോര്‍ന്ന ആശ്വാസമായിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയിരുന്ന പ്രിയ കൂട്ടുകാരനിതാ മടങ്ങിവരാന്‍ പോകുന്നു. പ്രായശ്ചിത്തമെന്തായാലും ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് കരുതി നടന്നിരുന്ന, ഇക്കാലമത്രയും ഒരു നൊമ്പരമായി കൊണ്ടുനടന്നിരുന്ന പഴയ സംഭവങ്ങളിലേക്ക് ഒരിക്കല്‍ക്കൂടെ രഘു മടങ്ങിപ്പോയി.

കോളേജ് അഡ്‌മിഷനുവേണ്ടി അച്ഛന്റെ കൂടെ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ട സഹപാഠി, ഫിലിപ്പാണ്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്. കോളേജിലേയും ഹോസ്റ്റലിലേയും അഡ്‌മിഷനും മറ്റ് ഫോര്‍മാലിറ്റികളുമൊക്കെ കഴിഞ്ഞപ്പോള്‍ വൈകുന്നേരമായി. തലേന്നാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തി ഒന്നു ഫ്രെഷായിക്കഴിഞ്ഞപ്പോഴേക്കും അച്ഛന് വൈകുന്നേരത്തെ ഡ്രിങ്കിന്റെ സമയമായിരുന്നു. ഹോട്ടലിലെ ബാറിന്റെ ശീതളിമയിലേക്ക് കടന്നപ്പോള്‍ അകത്തെ ടേബിളുകളില്‍ ഒന്നില്‍ മാത്രമേ ആളുണ്ടായിരുന്നുള്ളൂ. മേശക്കപ്പുറമിപ്പുറം ഇരിക്കുന്ന രണ്ടുപേരെ രാവിലെ കോളേജ് കാമ്പസിലും പരിസരത്തുമൊക്കെ കണ്ടിരുന്നതുപോലെ. സംശയം തീര്‍ത്തേക്കാമെന്ന് പറഞ്ഞ് കേറിമുട്ടിയത് അച്ഛനാണ്.

വൈകീട്ടത്തെ ക്വാട്ടാ ഡ്രിങ്ക് ലക്ഷ്യമാക്കിയാണ് ജോര്‍ജ്ജങ്കിളും വന്നിരിക്കുന്നത്. രണ്ട് മക്കളും അച്ഛന്മാരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അന്നത്തെ ദിവസം ഒരു പുതിയ സൌഹൃദത്തിന്റെ തുടക്കം ആഘോഷിച്ചു. മക്കള്‍ക്ക് രണ്ടുപേര്‍ക്കും കൂടെ ഒരു ബിയര്‍ ആഘോഷത്തിന്റെ ഭാഗമായി കിട്ടിയപ്പോള്‍ പിതാക്കന്മാര്‍ ഓരോ എക്ട്രാ ഡ്രിങ്ക് അകത്താക്കി. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. പിന്നീട് നാള്‍ക്കുനാള്‍ ആ സൌ‍ഹൃദം വളര്‍ന്നുകൊണ്ടേയിരുന്നു.

ട്രീസ, കൊല്ലത്തുകാരി പെണ്ണ് , പൂച്ചക്കണ്ണി, ജൂനിയര്‍ ബാച്ചിലെ മിസ് വേള്‍ഡ്, കോളേജിലെ തന്നെ സൌന്ദര്യറാണി.അവളുടെ വരവോടെയാണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്. ഫിലിപ്പിനവളോട് പ്രേമം കേറിയിട്ടുണ്ടെന്ന് അവന്‍ പറയാതെ തന്നെ മനസ്സിലാക്കാനായി. അവനങ്ങനെയാണ്, മനസ്സിലുള്ളത് മുഖത്ത് വ്യക്തമായി കാണിക്കും. എത്ര മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നോ അത്രയ്ക്ക് തന്നെ അത് മറനീക്കി മുഖത്ത് തെളിഞ്ഞുവരും.

അവളുടെ സ്വഭാവം വെച്ച് ഫിലിപ്പിനെ അവള്‍ ശരിക്ക് കളിപ്പിക്കുമെന്നാണ് തനിക്ക് തോന്നിയത്. അവളുടെ പിന്നാലെ നടക്കുന്ന കോളേജിലെ കൊടികെട്ടിയ മറ്റ് പൂവാലന്മാരെയൊക്കെ മാറ്റിനിര്‍ത്തി ഫിലിപ്പിനെ അവള്‍ പ്രേമിക്കാന്‍ ഒരു ന്യായവും താന്‍ കണ്ടില്ല. ഒരു ചതി പതിയിരിക്കുന്നതുപോലെ. ആ തോന്നല്‍ ശരിവെക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും പലപ്പോഴും ഉണ്ടാകുകയും ചെയ്തു. അതൊക്കെ പറഞ്ഞാല്‍ ഫിലിപ്പിനുണ്ടോ മനസ്സിലാകുന്നു ! അവന് പ്രേമം അസ്ഥിയില്‍ പിടിച്ചിരിക്കുകയല്ലേ ?

അവരുടെ പ്രേമത്തിന് തന്റെ പിന്തുണ ഇല്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ അവന്‍ അകന്നുതുടങ്ങി. ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ക്ലാസ്സില്‍ വരുമ്പോള്‍ മാത്രമേ കാണാന്‍ പറ്റൂ എന്നതായി അവസ്ഥ. ക്ലാസ്സ് കഴിഞ്ഞാല്‍പ്പിന്നെ അവനെ കാണില്ല. ഹോസ്റ്റലിലും കാണാറില്ല. എവിടേയ്ക്കാണിവന്‍ പോകുന്നത് ?

അല്‍പ്പം ജാസൂസി പരിപാടികളൊക്കെ നടത്തിയപ്പോള്‍ കുറേ കാര്യങ്ങള്‍ മനസ്സിലാക്കാനായി. മിക്കവാറും ദിവസങ്ങളില്‍ പാര്‍ക്ക് ബെഞ്ചിലും നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ ഐസ് ക്രീം പാര്‍ലറിലും കമിതാക്കള്‍ ഹാജരാണത്രേ ! കോളേജ് പഠനകാലത്ത് ആണ്‍പിള്ളേരുടെ കയ്യീന്ന് ഐസ് ക്രീം വാങ്ങിത്തിന്ന് അവന്മാരെ ബോഡീ ഗാര്‍ഡിനെപ്പോലെ പിന്നാലെ കൊണ്ടുനടക്കുന്ന ചില തലതെറിച്ച അവളുമാരുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് ഇവളുടെ തന്നെയായിരിക്കണം. അതൊക്കെപ്പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്ന് വെച്ചാല്‍ അവനൊന്ന് നിന്നു തരണ്ടേ ?

25 രൂപയുടെ രണ്ട് ഐസ് ക്രീം കഴിച്ചിട്ട് 100 രൂപാ നോട്ട് വെച്ച് ബാക്കിയുള്ള 50 രൂപാ അവളെ ഇമ്പ്രസ് ചെയ്യാന്‍ വേണ്ടി ടിപ്പ് കൊടുത്ത് പോരാറുണ്ടെന്ന് ഐസ് ക്രീം പാര്‍ലറിലെ ജോലിക്കാരന്‍ വഴി മനസ്സിലാക്കാന്‍ സാധിച്ചപ്പോള്‍ ശരിക്കും ദേഷ്യം വന്നു. രണ്ടാള്‍ക്ക് ബാല്‍ക്കണിയിലിരുന്ന് സിനിമ കാണാന്‍‍ 50 രൂപ മതി. അത്രയും കാശ് രണ്ട് ഐസ്‌ക്രീം കഴിച്ചതിന് ടിപ്പ് കൊടുക്കാന്‍ ഇവന്‍ ഹൈദരാബാദ് നിസ്സാമിന്റെ മകനോ മറ്റോ ആണോ ?

പിന്നീടങ്ങോട്, അവളോടുള്ള പ്രേമത്തിന് വിപരീതാനുപാതത്തിലായിത്തീര്‍ന്നു തന്നോടുള്ള അവന്റെ സൌഹൃദം.

അവനുമൊരുമിച്ച് ഒരു ബിയറടിക്കാന്‍ പോയ കാലം തന്നെ മറന്നു. അവരുടെ പ്രേമത്തിന് ചുക്കാന്‍ പിടിക്കുന്ന മഹേഷുമായിട്ടാണ് ഈയിടെ അവന്റെ കമ്പനി. മഹേഷ് ഇത്തിരി മുറ്റാണ്. ബിയറിലൊന്നും അവന് ലഹരി കിട്ടില്ല. അരക്കുപ്പി വിസ്‌ക്കി അകത്താക്കി, കാല് തെന്നാതെ, നാക്ക് കുഴയാതെ, അടുത്തതൊഴിക്ക് എന്ന ഭാവത്തിലുള്ള അവന്റെ നില്‍പ്പ് പല കമ്പനികളിലും കാണാനിടയായിട്ടുണ്ട്. ഫിലിപ്പിനെ മഹേഷ് ശരിക്കും കുടുക്കുമെന്ന് ഒരു ഉള്‍വിളി തനിക്കുണ്ടായിട്ടുണ്ട്. അതുതന്നെയാണ് സംഭവിച്ചതും.

രാത്രി 10 മണി കഴിഞ്ഞ സമയത്ത് നന്നായി മിനുങ്ങി റോഡിലൂടെ ഉച്ചത്തില്‍ പാട്ടും പാടിവരുകയായിരുന്ന ഫിലിപ്പിനേം , മഹേഷിനേം പൊലീസുകാര്‍ പൊക്കി. പിടിക്കപ്പെടുമ്പോള്‍ മഹേഷിന്റെ ഇടുപ്പില്‍ അരക്കുപ്പി റം ഉണ്ടായിരുന്നു.

കള്ളുകുടിച്ചാല്‍പ്പിന്നെ ഫിലിപ്പിന് ഇംഗ്ലീഷേ വരൂ.

“വാട്ടീസ് ദ ചാര്‍ജ്ജ് എഗൈന്‍‌സ്റ്റ് അസ് ?” എന്ന് എസ്.ഐ. യോട് ചോദിച്ച ഫിലിപ്പിനെ “ഫ പന്നക്കഴുവേറീടെ മോനേ, ഏമ്മാനോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നോടാ ?” എന്ന് ചോദിച്ചോണ്ടാണ് പൊലീസുകാരനൊരാള്‍ ചുരുട്ടിക്കൂട്ടി ജീപ്പിന്റെ പിന്നിലേക്ക് എടുത്തിട്ടത്.

എസ്.ഐ.ക്ക് മഹേഷിന്റെ അച്ഛനെ പരിചയമുണ്ട്. ശ്രീധരന്‍ വക്കീലിനെ അറിയാത്തവര്‍ നഗരത്തില്‍ ആരുമില്ല. അച്ഛന്റെ പേരുപറഞ്ഞ് മഹേഷ് പതുക്കെ ഊരി. അരക്കുപ്പി റമ്മും മദ്യലഹരിവിട്ടൊഴിഞ്ഞ തലച്ചോറുമായി രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നു ഫിലിപ്പിന്. അടുത്ത ദിവസം പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്ത് കോടതില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ ഫൈനെല്ലാം അടിച്ചാണ് പുറത്തിറങ്ങാന്‍ പറ്റിയത്. സ്റ്റേഷനിലെ കൊതുകുകള്‍ സംഭാവന ചെയ്ത ചോരപ്പാടുകള്‍ വീണ് വൃത്തികേടായ വേഷവുമായി ഉറക്കച്ചടവോടെ ഹോസ്റ്റലില്‍ വന്നുകയറിയ അവനെക്കണ്ടപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ചാണ് വന്നത്.

മഹേഷ് പറഞ്ഞ് ഇതിനകം തന്നെ വിവരങ്ങളൊക്കെ ഹോസ്റ്റലില്‍ എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. എന്തായാലും അങ്ങനെയൊരു സംഭവം ഉണ്ടായത് നന്നായി. അതോടെ മഹേഷുമായുള്ള ഫിലിപ്പിന്റെ കൂട്ടുകെട്ട് അവസാനിച്ചുകിട്ടി.

അടുത്ത ദിവസം പക്ഷെ എല്ലാം കുഴഞ്ഞു. പാര്‍ക്ക് ബെഞ്ചിലെ സൊള്ളലൊക്കെ കഴിഞ്ഞ് റെയില്‍ മുറിച്ചുകടന്ന് മെയിന്‍ റോഡിലേക്ക് ട്രീസയ്ക്കൊപ്പം നടക്കുമ്പോള്‍ പാളത്തിനപ്പുറത്തുള്ള ചേരിക്കുടിലുകളിലൊന്നില്‍ നിന്ന് ഒരാള്‍ ഫിലിപ്പിനെ നോക്കി കൈ പോക്കി. അയാ‍ളെ എവിടെയോ കണ്ടുപരിചയം ഫിലിപ്പിനും തോന്നി. അപ്പോളേക്കും അയാള്‍ ഒരുപടി കൂടെ കടന്ന് ഒരു ചോദ്യം എറിഞ്ഞു.

“എപ്പോ ഇറങ്ങീ ?”

മിഴിച്ച് നിന്നുപോയ ഫിലിപ്പിനെ നോക്കി അയാളുടെ അടുത്ത പ്രയോഗം ഇങ്ങനെയായിരുന്നു.

“ഞാനിന്ന് വൈകീട്ടാ ഇറങ്ങിയത് . മിക്കവാറും മറ്റന്നാള്‍ ഒന്നൂടെ പോകേണ്ടി വരും. മാഷ് ഇനി എന്നാ അങ്ങോട്ട് ? ”

പെട്ടെന്ന് ഫിലിപ്പിനെല്ലാം മിന്നായം പോലെ തെളിഞ്ഞു.
ചാട്ടുളി പാപ്പച്ചന്‍, സ്ഥലത്തെ പ്രധാന മോഷ്ടാവ്. ചിന്ന ചിന്ന മോഷണക്കേസുകള്‍ക്കും, പെറ്റിക്കേസുകള്‍ക്കും പ്രതിയെക്കിട്ടാതാകുമ്പോള്‍ പോലീസുകാര്‍ പൊക്കിയെടുത്ത് അകത്തുകൊണ്ടുപോയിടുന്ന ഒരു വാടക കുറ്റവാളികൂടെയാണു്‌ പാപ്പച്ചന്‍ . റെയിലിനപ്പുറത്തെ ചെറ്റക്കുടിലുകളിലൊന്നിലാന്നായിരിക്കണം പാപ്പച്ചന്റെ വീട്.

ഇന്നലെ സ്റ്റേഷനില്‍ പാപ്പച്ചനുമുണ്ടാ‍യിരുന്നു. ഉറക്കമിളച്ച് കൊതുകുകടിയും കൊണ്ടിരിക്കുന്ന സമയത്ത് പാപ്പച്ചനുമായി പരിചയപ്പെടുകയും ലോഹ്യം പറയുകയുമൊക്കെ ചെയ്തതാണ് ഫിലിപ്പിന് വിനയായത്. പിന്നീട് പല ദിവസങ്ങളിലും ട്രീസയുമായി പോകുമ്പോള്‍ പാപ്പച്ചനെ കാണാന്‍ തുടങ്ങി. കാണാത്തപോലെ നടന്നും , കേള്‍ക്കാത്തപോലെ അഭിനയിച്ചുമൊക്കെ പലപ്രാവശ്യം പാപ്പച്ചനില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഒരു ദിവസം പാപ്പച്ചന്‍ ശരിക്കും പിടിച്ചുനിര്‍ത്തിക്കളഞ്ഞു.

“ എന്താ മാഷേ ഒരു പരിചയവുമില്ലാത്ത പോലെ? നമ്മള്‍ ഇടയ്ക്കിടയ്ക്ക് കാണാനുള്ളവരല്ലേ ? “
ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പാപ്പച്ചന്റെ സംസാരം.

ഊരിപ്പോകാന്‍ അന്നും ശരിക്ക് ബുദ്ധിമുട്ടിക്കാണണം. ട്രീസയ്ക്ക് എന്തൊക്കെയോ മനസ്സിലായെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ അവള്‍ സത്യാവസ്ഥ അറിയാന്‍ തന്റടുത്തെത്തിയത്. പ്രേമം പൊളിക്കാന്‍ ഒരു കാരണം അന്വേഷിച്ച് നടന്നിരുന്ന താന്‍, അവളോട് ഉണ്ടായ കാര്യമെല്ലാം തുറന്നുപറഞ്ഞു.

വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കാര്യം നടന്നു. ട്രീസ ഫിലിപ്പുമായി തെറ്റി. അതിനും മാത്രമുള്ള കാര്യമൊന്നുമുണ്ടായിരുന്നില്ല ഒരു കള്ളുകുടിയിലും പെറ്റിക്കേസിലും, പിന്നെ ചാട്ടുളി പാപ്പച്ചനെ സ്റ്റേഷനില്‍ വെച്ച് പരിചയപ്പെട്ടതിലുമൊക്കെ. പക്ഷെ അവള്‍ ഒരു കാരണം തിരക്കി നടക്കുകയായിരുന്നു എല്ലാം വെച്ചവസാനിപ്പിക്കാന്‍. കോളേജ് കഴിയാറായിരിക്കുന്നു. ഇനി ഫിലിപ്പിനെ അവള്‍ക്കാവശ്യമില്ല, ഒഴിവാക്കണം. അതിനൊരുകാരണം. അത്രേയുള്ളൂ ഇത് എന്നാണ് തനിക്ക് തോന്നിയത്.

വൈകീട്ട് കൊടുങ്കാറ്റ് പോലെ ഹോസ്റ്റലില്‍ വന്നുകയറിയ ഫിലിപ്പിനെ കണ്ട് എല്ലാവരും ശരിക്കും ഞെട്ടി.

“എവിടെ ആ നാറി രഘു ? ഇന്നവനെ കൊന്നിട്ട് ഞാന്‍ ജയില്‍ പോകും”
മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി വന്ന തന്നെ എതിരേറ്റത് മുഖമടച്ചുള്ള ഒരടിയാണ്. കണ്ണില്‍നിന്ന് പൊന്നീച്ച പറന്നു, കാര്യം പെട്ടെന്നു തന്നെ മനസ്സിലാകുകയും ചെയ്തു. പക്ഷെ, തിരിച്ചടിക്കാന്‍ നിന്നില്ല. അവന് വിഷമമുണ്ടാകും. അടിച്ചോട്ടെ, അടിച്ച് തീര്‍ക്കട്ടെ. എന്നാലും അവനെ ഒരു കുടുക്കില്‍നിന്ന് രക്ഷിക്കാനായെന്ന സന്തോഷം ബാക്കിയുണ്ടാകുമല്ലോ ?

ഫൈനല്‍ സെമസ്റ്ററിലെ അവസാനത്തെ പരീക്ഷയുടെ അന്നാണ് അവസാനമായി കണ്ടത്. പിന്നെ എങ്ങോട്ട് പോയെന്നോ എവിടെയാണെന്നോ കോളേജില്‍ ആര്‍ക്കെങ്കിലുമോ, അവന്റെ വീട്ടുകാര്‍ക്ക് പോലുമോ അറിയില്ലായിരുന്നു.

എല്ലാവരും പ്രതിക്കൂട്ടില്‍ നിറുത്തിയത് തന്നെത്തന്നെയായിരുന്നു. ട്രീസയുടെ മനസ്സമ്മതം കോളേജില്‍ വന്ന് ചേര്‍ന്നകാലത്ത് തന്നെ കഴിഞ്ഞിരുന്നെന്നും, അവസാന സെമസ്റ്റര്‍ കഴിഞ്ഞ ഉടനെ അവളുടെ കല്യാണമാണെന്നും എല്ലാവരും മനസ്സിലാക്കുന്നതുവരെ താന്‍ തന്നെയായിരുന്നു കുറ്റവാളിയുടെ സ്ഥാനത്ത്. ആള്‍ക്കാരുടെ പഴിചാരലും നല്ലൊരു കൂട്ടുകാരനെ നഷ്ടപ്പെട്ടതിലുള്ള വേദനയുമായി നീണ്ട പത്തുവര്‍ഷം. എന്തായാലും ഇന്ന് അതിനൊക്കെ ഒരറുതിയായല്ലോ ? അതുമതി.

ഫിലിപ്പ് ഈ വിവരമൊക്കെ അറിഞ്ഞതിപ്പോഴായിരിക്കും. സംഭവിച്ച് പോയതിലൊക്കെ അവന് നല്ല വിഷമം കാണും. ഒന്നോ രണ്ടോ വരികളേ ഉള്ളെങ്കിലും ഈ കത്തിലവന്റെ മനസ്സുണ്ട്, വിഷമം മുഴുവനുമുണ്ട്. തനിക്കത് കാണാനാകുന്നുണ്ട്.

രഘു കത്ത് നാലായി മടക്കി ഭദ്രമായി വാലറ്റിനകത്തേക്ക് വെച്ചു.

എന്തൊക്കെ തിരക്കുണ്ടെങ്കിലും 15ന് എയര്‍പ്പോര്‍ട്ടില്‍ പോകണം, കാണണം അവനെ. കത്തുകിട്ടിയപ്പോള്‍ത്തന്നെ തന്റെ എല്ലാ നൊമ്പരവും തീര്‍ന്നിരിക്കുന്നു. പക്ഷേ അവനിപ്പോഴും വിഷമം ബാക്കി കാണും. തന്റെ കരണക്കുറ്റി അടിച്ച് പുകച്ചതല്ലേ ?

എന്തായാലും അവിടെവരെ പോകണം, തനിക്കൊരു വിഷമവുമില്ലെന്ന് അവനോട് പറയണം, എല്ലാം നല്ലതിനായിരുന്നെന്ന് ആശ്വസിപ്പിക്കണം, വൈകീട്ട് ഒരുമിച്ചിരുന്നൊരു ബിയറടിക്കണം. അതിനൊക്കെ മുന്‍പ്, അറൈവല്‍ ഗേറ്റിലൂടെ ട്രോളിയും ഉന്തി കടന്നുവരുന്ന അവനോട് ദൂരെ നിന്നുതന്നെ വിളിച്ച് ചോദിക്കണം...........

എപ്പോ ഇറങ്ങീന്ന് ?

Monday 2 March 2009

തുളച്ചുകയറിയത്

ജോലി സ്ഥലത്ത് പലപ്പോഴും ഹരികൃഷ്ണൻ സഹപ്രവർത്തകരുമായി വാദപ്രതിവാദത്തിലേര്‍പ്പെട്ടു.

ഈയിടെയായി എന്തുവിഷയം സംസാരിച്ചാലും അവസാനം അതൊക്കെ ചെന്നെത്തുന്നത് മതപരമായ കാര്യങ്ങളിലാണ്. ഹരിക്കെന്തോ അതത്ര ദഹിക്കാത്ത കാര്യമാണ്. മതങ്ങളെപ്പറ്റി ചർച്ച ചെയ്യാതിരുന്നാല്‍ത്തന്നെ കുറേ പ്രശ്നങ്ങൾ ഒഴിവാക്കാൻ പറ്റുമല്ലോ എന്നായിരുന്നു അയാളുടെ വാദം.

കുറേ വർഷങ്ങളായി ജനങ്ങൾക്ക് മതത്തിനോടുള്ള താല്‍പ്പര്യം ആരോഗ്യപരമല്ലാത്ത രീതിയില്‍ അധികരിച്ചിരിക്കുന്നു. ഭൂരിഭാഗം ജനങ്ങളുടേയും ശരീരത്തിൽപ്പോലും അതിന്റെ ചിഹ്നങ്ങൾ കാണാൻ സാധിക്കും. ഞാൻ ഇന്ന മത വിശ്വാസിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ച് നടന്നാലേ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുകയുള്ളോ ? ഓരോരുത്തരുടേയും വിശ്വാസം അവരവരെ രക്ഷിക്കുന്നില്ലെന്നുണ്ടോ ?!

ജോലിസ്ഥലത്തെ കാര്യങ്ങളൊക്കെ വിടാം. വീട്ടിൽച്ചെന്നാൽപ്പോലും ഹരിക്ക് സ്വസ്ഥതയില്ലാതായിത്തീർന്നിരിക്കുന്നു. തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കുറേ വർഷങ്ങൾക്ക് മുൻപ് ഇത്രയധികം സമയം മൈക്ക് വെച്ച് പുരാണഗ്രന്ഥപാരായണമൊന്നും കേൾക്കാറില്ലായിരുന്നല്ലോ ?! വാതിലും, ജനാലകളുമൊക്കെ കൊട്ടിയടച്ചിട്ടും അക്ഷരസ്ഫുടതയും ഉച്ചാരശുദ്ധിയുമില്ലാത്ത വായനാവൈകല്യം വാതില്‍പ്പഴുതിലൂടേയും ജനല്‍‌വിടവിലൂടെയുമെല്ലാം മുറിയിലേക്ക് തിക്കിക്കയറിക്കൊണ്ടേയിരുന്നു.

ആർക്ക് വേണ്ടിയാണ് ഇവരൊക്കെയിങ്ങനെ അലറിവിളിക്കുന്നത് ? മതമെന്തെന്നും, മനുഷ്യനെന്തെന്നുമറിയാത്ത ഭക്തർക്കുവേണ്ടിയോ? അതോ കാതടപ്പിക്കുന്ന കതിനാവെടിയുടേയും, ഉച്ചഭാഷിണിയുടേയും ശബ്ദം കേട്ടുകേട്ട് ചെകിടരായിപ്പോയ ദൈവങ്ങൾക്ക് വേണ്ടിയോ ?

ഒരു പുസ്തകത്തിലോ, സംഗീതത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ അയാൾക്ക് പറ്റാതായിരിക്കുന്നു. കോളാമ്പി മൈക്ക് ഉപയോഗിച്ച് ശബ്ദം മലിനീകരിക്കുന്നത് മതത്തിന്റെ പേരിലാകുമ്പോൾ ഒരു കുറ്റമല്ലല്ലോ ?! വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ഏത് ഭരണകൂടത്തിനാണ് ചങ്കുറപ്പുള്ളത് ? വോട്ടുബാങ്കിൽ വെടിമരുന്ന് നിറയ്ക്കാൻ ആരെങ്കിലും ശ്രമിച്ച ചരിത്രമുണ്ടായിട്ടുണ്ടോ ?

ശാസ്ത്രം പുരോഗമിച്ചതുകൊണ്ട് രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ! ഐ-പോഡിന്റെ ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി തലേന്നാൾ കിട്ടിയ പനച്ചൂരാന്റെ കവിതാലാപനത്തിലേക്കയാൾ മുഴുകി.


അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു.
ഒച്ചയില്ലിവർക്കാർക്കും കരയുവാൻ
പച്ചവെള്ളത്തിനും വിലപേശണം.

കൊച്ചിനെന്തിന് പുസ്തകം,വിറ്റിട്ട്
പിച്ചതെണ്ടുവാൻ അച്ഛൻ പറയുന്നു.
കൊച്ചുകുഞ്ഞിനെ പെറ്റവൾ ചൊല്ലുന്നു,
വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനെ.

അസുരതീർത്ഥം കുടിക്കുവാൻ അന്യന്റെ
അവയവം വിറ്റ കാശുമായ് പോകുവോർ,

രോഗബീജങ്ങള്‍ സൌഹൃദം പങ്കിടും
ആതുരാലയ വാതിലിറങ്ങുന്നു.
.......
....
..

കവിയുടെ വരികളും, ശബ്ദവും ചെവിയിലൂടെ ഹൃദയത്തിലേക്കും, തലച്ചോറിലേക്കും, വൈദ്യശാസ്ത്രം ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മറ്റുപല അവയവങ്ങളിലേക്കും, ആന്തരാവയവങ്ങളിലേക്കുമെല്ലാം ഒരു മതപ്രഭാഷണത്തിനും ചെന്നുകയറാൻ പറ്റാത്ത ആഴങ്ങളിലേക്ക് തുളച്ചുകയറിക്കൊണ്ടേയിരുന്നു.

വാഴുവോര്‍ തന്നെ വായ്പ്പ വാങ്ങിയീ
യാജകരുടെ രാജ്യം ഭരിക്കവേ,
കാലത്തിന്റെ ചെതുമ്പിച്ച കാലടി-
പ്പാടു പിന്തുടരുന്നു നാം ബന്ധിതര്‍
........
....
..

Monday 2 February 2009

സല്‍ക്കര്‍മ്മം

റച്ച കാല്‍‌വെപ്പുകളോടെയാണ് അയാള്‍ പൊലീസ് സ്റ്റേഷന്റെ പടികള്‍ കയറിയത്. ചോരയിറ്റുന്ന കത്തിയുമായി പാതിവാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കടന്ന അയാളെക്കണ്ട് വരാന്തയില്‍ നില്‍ക്കുകയായിരുന്ന ഹെഡ് കോണ്‍‌സ്റ്റബിള്‍ കുട്ടന്‍പിള്ള ശരിക്കൊന്ന് ഞെട്ടി.

ചോരക്കത്തി നീട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരുത്തനെക്കണ്ട് എസ്.ഐ. ഗുണശേഖരനും ഒന്ന് നടുങ്ങിയെങ്കിലും ഏമാനത് പുറത്തുകാണിച്ചില്ല. കത്തി എസ്.ഐ.യുടെ മേശപ്പുറത്ത് വെച്ച് അനുവാദമൊന്നും ചോദിക്കാതെ അയാള്‍ മേശക്കിപ്പുറം കിടന്നിരുന്ന കസേരയിലിരുന്നു.

അന്‍പത് വയസ്സിനോടടുത്ത് പ്രായം, കൃശഗാത്രന്‍, നീട്ടി വളര്‍ത്തിയ മുടിയും താടിയും. മുട്ടോളമെത്തുന്ന ജുബ്ബയും നിലത്തിഴയുന്ന മുണ്ടുമാണ് വേഷം. മൂക്കില്‍ കണ്ണട, തോളില്‍ തൂങ്ങുന്ന സഞ്ചി. ഒറ്റനോട്ടത്തില്‍ ഒരു അവശസാഹിത്യകാരന്റെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്ന ഒരു രൂപം. മുണ്ടിലും ജുബ്ബയിലും തോള്‍സഞ്ചിയിലുമൊക്കെ ചോരപുരണ്ടിട്ടുണ്ട്.

അപ്പോഴേക്കും സ്റ്റേഷനിലെ മറ്റ് പൊലീസുകാരൊക്കെ എസ്.ഐ.യുടെ മുറിയിലെത്തി.

അല്‍പ്പനേരം തികഞ്ഞ നിശബ്ദത.

അതിന് ഭംഗം വരുത്തിക്കൊണ്ട് അയാളുടെ ചുണ്ടനങ്ങി.

“ഞാനൊരാളെ കൊന്നു സാര്‍ ”

വീണ്ടും നിശബ്ദത.

“ഞാനത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. സഹിക്കാന്‍ പറ്റാതായപ്പോള്‍ കേറിയങ്ങ് ചെയ്തു. സാറെന്നെ അറസ്റ്റ് ചെയ്യണം ആദ്യം. അതിന് ശേഷം ബാക്കിയൊക്കെ ഞാന്‍ വിശദീകരിക്കാം.”

“കുട്ടന്‍പിള്ളേ, ആ റൈറ്ററ് വര്‍ഗ്ഗീസിനെ വിളിക്ക്. എഫ്.ഐ.ആര്. എഴുതിക്കോളാന്‍ പറയ്.” ഗുണശേഖരന്‍ സാറിന്റെ ഉത്തരവ് വന്നു.

റൈറ്ററ് പുസ്തകവും പേനയുമായി വന്നപ്പോഴേക്കും ഘാതകന്‍ മുടിയൊക്കെ പിന്നോട്ട് വകഞ്ഞ് വെച്ച് താടിയിലൊക്കെ ഒന്ന് വിരലോടിച്ച് ജുബ്ബായുടെ കൈയ്യെല്ലാം തെറുത്ത് കയറ്റിവെച്ച് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.

“എന്റെ ഒരു കൂട്ടുകാരന്റെ അനുജനെയാണ് സാറെ ഞാന്‍ കൊന്നത്. എനിക്കും അവന്‍ അനുജനപ്പോലെ തന്നെയായിരുന്നു. പ്രത്യേകിച്ച് ഒരു ദേഷ്യവും എനിക്കവനോട് ഇല്ലായിരുന്നു. ഫോര്‍മുലാ റേസും , ഇംഗ്ലീഷ് സിനിമകളും ഇംഗ്ലീഷ് പാട്ടുകളും, പിസ്സയും, പാസ്‌തയുമൊക്കെ ഇഷ്ടപ്പെടുന്ന ഇപ്പോഴത്തെ പുതു തലമുറയുടെ ഒരു പ്രതിനിധിയായിരുന്നു അവനും. അതൊന്നും ഇഷ്ടപ്പെടുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല പക്ഷെ മലയാളത്തോട് പുച്ഛം. മലയാളം പാട്ടുകള്‍ കേള്‍ക്കുന്നത് ചതുര്‍ത്ഥി. വിദ്യാധരന്‍ മാഷ് പാടിയ ‘കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ കല്‍ക്കണ്ടക്കിനാവുപാടം കട്ടെടുത്തതാ‍രാണ് ‘ എന്ന ഗാനം കേട്ടുകൊണ്ടിരുന്ന എന്നോട് അവനൊരിക്കല്‍ പറയുകയാണ്.

‘ഇജ്ജാതി പന്ന പാട്ടുകളൊക്കെ കേള്‍ക്കുന്ന നിങ്ങളെയൊക്കെ സമ്മതിച്ച് തരണം‘ എന്ന്.

അന്നവനെ ശുണ്ഠിപിടിപ്പിക്കാന്‍ വേണ്ടി മാത്രം ഞാനാ പാട്ട് അവന്റെ മുന്നിലിരുന്ന് വൈകുന്നേരം വരെ പല ആവര്‍ത്തി കേട്ടു. ഇത്തരത്തിലുള്ള മലയാളത്തെ അവഹേളിക്കുന്ന അല്ലെങ്കില്‍ മലയാളത്തോട് പുച്ഛം പ്രകടിപ്പിക്കുന്ന പല സംഭവങ്ങളും അവന്റെ ഭാഗത്തുനിന്ന് പിന്നീടും ഉണ്ടായിട്ടുണ്ട്.

പക്ഷെ ഇന്നാണ് കാര്യങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയത്. അവനുമായി സംസാരിച്ചിരിക്കുന്നതിനിടയില്‍ എം.ടി.വാസുദേവന്‍നായരുടെ രണ്ടാമൂഴത്തെപ്പറ്റി ഞാനെന്തോ പരാമര്‍ശിക്കുകയുണ്ടായി. അപ്പോളവനെന്നോട് ചോദിക്കുകയാണ്,.....

‘ആരാണീ എം.ടി. വാസുദേവന്‍നായര്‍ ?‘ എന്ന്.

ഞാനാദ്യം കരുതി അവന്‍ എന്നെ ചൊടിപ്പിക്കാന്‍ വേണ്ടി തമാശപറയുന്നതാണെന്ന്. വീണ്ടും കുത്തിക്കുത്തി ചോദിച്ചപ്പോളാണ് അവന്‍ എം.ടി. എന്നൊരാളെപ്പറ്റി കേട്ടിട്ടില്ലെന്ന് എനിക്ക് ശരിക്കും മനസ്സിലായത്. എന്റെ സമനില തെറ്റിപ്പോയി സാറേ. ഒറ്റപ്പിടുത്തത്തിന് കഴുത്തുഞെരിച്ച് കൊല്ലാനാണ് ആദ്യം തോന്നിയത്. പിന്നീട് കുറെ നേരം വീണ്ടും ആലോചിച്ചു.

എന്നിട്ട് പതുക്കെ അടുക്കളയിലേക്ക് കടന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ടീവിയില്‍ ഏതോ ഇംഗ്ലീഷ് സിനിമ കണ്ടുകൊണ്ടിരുന്ന അവന്റെ പിറകില്‍ച്ചെന്ന് കഴുത്തിലൂടെ കത്തിപായിച്ചു. ബോഡി ഇപ്പോഴും ചോര വാര്‍ന്നൊലിച്ച് എന്റെ വീടിന്റെ സ്വീകരണമുറിയില്‍ത്തന്നെ കിടക്കുന്നുണ്ട്. എന്തിനാണ് സാറെ ഇതുപോലുള്ള ഒരു പുതിയ തലമുറ നമുക്ക് ?“

“കുട്ടന്‍പിള്ളേ ഇയാളെ നാളെത്തന്നെ കോടതിയില്‍ ഹാജരാക്കാനുള്ള ഏര്‍പ്പാടൊക്കെ ചെയ്തേക്കൂ. ഇന്ന് ലോക്കപ്പില്‍ കിടക്കട്ടെ. ഞാനപ്പോഴേക്കും ഇയാളുടെ വീട് വരെ ചെന്ന് ബോഡി മാര്‍ക്ക് ചെയ്ത് പോസ്റ്റ്മാര്‍ട്ടത്തിനുള്ള ഏര്‍പ്പാട് നടത്തിയിട്ട് വരാം. രാത്രി താന്‍ തന്നെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുകയും വേണം. മനസ്സിലായോ ?” ഉത്തരവിറക്കി വെളിയിലേക്കിറങ്ങാന്‍ തുടങ്ങിയ ഗുണശേഖരനെ ഘാതകന്‍ തടഞ്ഞു.

“പോകാന്‍ വരട്ടെ സാറെ. എനിക്കൊരു കാര്യം കൂടെ പറയാനുണ്ട്. ”

“ങ്ങൂം... എന്താ ? തനിക്ക് വല്ല വക്കീലിനെയോ രാഷ്ടീയക്കാരെയോ ഏര്‍പ്പാടാക്കാനുണ്ടോ ?”

“ഹേയ് അതൊന്നുമല്ല സാറെ.”

“പിന്നെന്താ ?”

“കൊലപാതകം ഞാനിതാദ്യമായിട്ടൊന്നുമല്ല ചെയ്യുന്നത്. കുറച്ചുനാള്‍ മുന്‍പ് ഇതേ സ്വഭാവമുള്ള മറ്റൊരു സല്‍ക്കര്‍മ്മം ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് തോര്‍ത്ത് കഴുത്തില്‍ മുറുക്കിയാണ് ഞാ‍നെന്റെ ഇരയെ വീഴ്ത്തിയത്. അതിപ്പോഴും ഒരു തെളിവില്ലാത്ത കേസായി കിടക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ ഈ കേസില്‍ ഞാന്‍ പിടിതന്ന സ്ഥിതിക്ക് ആ കൊലപാതകം കൂടെ ഏറ്റുപറയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഒരു കൊലനടത്തിയാലും നൂറ് കൊലനടത്തിയാലും ഒരു പ്രാവശ്യമല്ലേ സാറെ തൂക്കാന്‍ പറ്റൂ.”

പുറത്തേക്കിറങ്ങാന്‍ തയ്യാറായ എസ്.ഐ. ഇരട്ടക്കൊലപാതകത്തിന്റെ തുമ്പുണ്ടാക്കിയതിന് തനിക്ക് കിട്ടാന്‍ പോകുന്ന സല്‍പ്പേരും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് കിട്ടാന്‍ പോകുന്ന ബഹുമതികളുമൊക്കെ ഒരു മിന്നായം പോലെ മുന്നിലൂടെ പാഞ്ഞതിന്റെ സന്തോഷത്തില്‍ കസേരയിലേക്ക് തന്നെ ഇരുന്നു.

“അത് ഏത് കേസാണെടോ ? തെളിച്ച് പറ. വര്‍ഗ്ഗീസേ ഇത് വേറേ കുറിച്ചോളൂ ”

“അത് തിരൂര്‍ സ്റ്റേഷനിലുള്ള കേസാണ് സാറെ. കൊന്നത് എന്റെ അടുത്ത ഒരു സുഹൃത്തിനെത്തന്നെയാണ്. കൊലപ്പെടുത്തിയത് അവന്റെ വീട്ടില്‍‌വെച്ചുതന്നെ. ചോര ചിന്താതെയുള്ള കര്‍മ്മമായതുകാരണവും, ഞാനവിടെ പോയത് ആരും കണ്ടിട്ടില്ലായിരുന്നതുകൊണ്ടും അന്നാ കേസില്‍ ഒരു ചോദ്യം ചെയ്യല്‍ പോലും എനിക്ക് നേരിടേണ്ടി വന്നില്ല. എനിക്കാണെങ്കില്‍ ആ കൊല നടത്തിയതില്‍,അതൊരു സുഹൃത്തിനെയായിട്ട് പോലും തീരെ കുറ്റബോധം തോന്നിയതുമില്ല. പക്ഷെ ഇപ്പോള്‍ ഈ കൊലപാതകം നടന്നത് എന്റെ വീട്ടില്‍ വെച്ചുതന്നെയായതുകൊണ്ട് ഞാനെന്തായാലും പിടിക്കപ്പെടും. രക്ഷപ്പെടണമെന്ന് എനിക്ക് ആഗ്രഹവുമില്ല. ജയിലില്‍പ്പോകാനും തൂക്കുമരത്തില്‍ കയറാനും എനിക്കഭിമാനമേയുള്ളൂ. അപ്പോള്‍പ്പിന്നെ ആദ്യത്തെ സല്‍ക്കര്‍മ്മം കൂടെ ഏറ്റുപറയാമെന്ന് കരുതി. “

“എന്തിനായിരുന്നു താന്‍ ആദ്യത്തെ കൊല നടത്തിയത് ? അതും തന്റെ അടുത്ത സുഹൃത്തിനെ ? ഇപ്പോള്‍ ദാ മറ്റൊരു സുഹൃത്തിന്റെ അനുജനെ. തനിക്കെന്താ വല്ല മാനസികപ്രശ്നവുമുണ്ടോ ? “

“ഇല്ല സാറെ എനിക്കൊരു മാനസികപ്രശ്നവുമില്ല. ഞാന്‍ നോര്‍മലാ. ആദ്യത്തെ കൊല നടത്തിയതിനും വ്യക്തമായ കാരണമുണ്ട്. “

“ശരി ശരി…എങ്കില്‍ അതുകൂടെ പറഞ്ഞ് തൊലക്ക് “ എസ്.ഐ. ഗുണശേഖരന്റെ അതുവരെ അടക്കിവെച്ചിരുന്ന ശരിക്കുള്ള പൊലീസ് സ്വഭാവം പുറത്തുവരാന്‍ തുടങ്ങി.

“അവനെന്റെ അടുത്ത സുഹൃത്തായിരുന്നു. ഇന്ന് ഞാന്‍ കൊന്നവനെപ്പോലെ, മലയാളത്തിനോട് നീരസവും പുച്ഛവുമൊന്നും ഉള്ളവനൊന്നുമായിരുന്നില്ല അവന്‍. പക്ഷെ അന്ന് ആ കൃത്യം നടന്ന ദിവസം അവന്റെ വീട്ടില്‍ വെച്ച് ഓരോന്ന് സംസാ‍രിച്ചിരിക്കുമ്പോള്‍ പെട്ടെന്നവന്‍ എന്നോട് ചോദിച്ചു, ‘നിനക്കീ പി.ഭാസ്ക്കരന്‍ ആരാണെന്ന് അറിയാമോ‘ എന്ന് !

മലയാളികളായിട്ടുള്ളവരൊക്കെ പി.ഭാസ്ക്കരനെ അറിയാതിരിക്കാന്‍ വഴിയില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു. പക്ഷെ അവന്‍ അങ്ങനൊരാളെപ്പറ്റി കേട്ടിട്ടില്ലത്രേ!! എന്റെ കണ്ട്രോള്‍ പോയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? പിന്നിലൂടെ ചെന്ന് അവന്റെ കഴുത്തില്‍ കിടന്നിരുന്ന തോര്‍ത്ത് തന്നെ മുറുക്കിയാണ് ഞാനവന്റെ കഥ അവസാനിപ്പിച്ചത്. പി.ഭാസ്ക്കരന്‍ ആ‍രാണെന്ന് അറിയാത്ത മലയാളിയും, എം.ടി.വാസുദേവന്‍‌നായര്‍ ആരാണെന്ന് അറിയാത്ത മലയാളിയും ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്നാണ് എന്റെ ഒരു വിലയിരുത്തല്‍. അങ്ങനുള്ളവരെ തൂക്കിക്കൊല്ലാനൊന്നും ഇന്നാട്ടില്‍ നിയമമില്ലല്ലോ സാറെ. അതുകൊണ്ട് യാതൊരു കുറ്റബോധവുമില്ലാതെ ഞാന്‍ തന്നെ ആ കര്‍മ്മം അങ്ങ് നടത്തി.

ഇനി നീതിപീഠത്തിന്റേയും കാക്കിയുടേയും കണ്ണിലൂടെ നോക്കാതെ, ഒരു പച്ചമലയാളിയുടെ കണ്ണിലൂടെ നോക്കി സാറ് തന്നെ പറയ്, ഞാന്‍ ചെയ്തത് തെറ്റാണോ ? അതൊരു സല്‍ക്കര്‍മ്മമല്ലേ ? എന്തിനാണ് സാറേ ഇങ്ങനെ കുറേയെണ്ണം ഈ ഭൂമിമലയാളത്തില്‍ ? “

Monday 19 January 2009

ഡി.എസ്.എഫ്.

D.S.F. എന്ന് കേട്ടപ്പോള്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനെക്കുറിച്ച് വല്ലതുമാണെന്ന് കരുതി വന്നവരോടെല്ലാം ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു. ദുബായീന്റെ മാപ്പല്ല. ക്ഷമിക്ക് സുഹൃത്തുക്കളേ എന്ന്.

ഇവിടെപ്പറയുന്നത് വേറെ D.S.F.നെപ്പറ്റിയാണ്.
കൃത്യമായിപ്പറഞ്ഞാല്‍, Dangerous Situation Feedback.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘അപകടകരമായ അവസ്ഥയെക്കുറിച്ചുള്ള മുന്നറിപ്പ് ‘ (അതോ പിന്നറിയിപ്പോ ?)

സംഗതി മറ്റൊന്നുമല്ല. നമ്മള്‍ ജോലി ചെയ്യുന്ന ഓഫീസിലോ‍ ഫീല്‍ഡിലോ‍ ഉണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടകരമായ പ്രവര്‍ത്തനങ്ങളേയോ, നീക്കങ്ങളെയൊ, സാഹചര്യങ്ങളെയോ ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ എന്ന ഓമനപ്പേരില്‍ വിളിക്കാം. എന്നെപ്പോലുള്ളവര്‍ ജോലി ചെയ്യുന്ന എണ്ണപ്പാടത്ത് അപകടസാദ്ധ്യത കുറെ കൂടുതലുള്ളതായതുകൊണ്ട് ഈ D.S.F. റിപ്പോര്‍ട്ട് കണക്കിലെടുത്ത് അപകടസാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട്, അതിന് പ്രതിവിധികള്‍ ചെയ്ത് സുരക്ഷിതരായി ജോലി തീര്‍ത്ത്, ജീവനോടെ തിരിച്ച് പൊരേല് മടങ്ങിവരാന്‍ ഒരു പരിധിവരെ സാധിക്കും.

ഇത് ഒരു ഓയല്‍ഫീല്‍ഡ് ജോലി സംബന്ധമായ സംഗതി മാത്രമായിരുന്നിരിക്കാം കുറെനാള്‍ മുന്‍പ് വരെ. പക്ഷെ ആ കളി മാറി. ഇപ്പോ സകല കമ്പനികളിലും, ഫാക്റ്ററികളിലും ഒക്കെ കടന്നുകൂടിയിട്ടുണ്ട്. I.T.രംഗത്ത് വരെ വന്നെന്നാണ് തോന്നുന്നത്.പലയിടത്ത് പല പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം.

ഇതിനുവേണ്ടി പല കമ്പനികളിലും സേഫ്‌റ്റി അല്ലെങ്കില്‍ H.S.E. എന്നൊരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഒരുപാട് ജനങ്ങള്‍ ഈ വിഭാഗത്തിലിരുന്ന് കാര്യമായ പണിയൊന്നും ചെയ്യാതെ, നല്ല മുട്ടന്‍ ശംബളവും വാങ്ങി ഭേഷാ പുട്ടടിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇപ്പണി അറിയുന്നവരും, നന്നായി പണിയെടുക്കുന്നവരും ഉണ്ട്. (അവരുടേന്ന് അടി വാങ്ങാതെ നോക്കണമല്ലോ!)

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബീല് ഒരു I.T.ജോലിക്ക്, ലീവ് വേക്കന്‍സീല് കയറിയപ്പോ, മാനേജര് തമിഴന്‍ പറയണ് എല്ലാ ആഴ്ച്ചയിലും ഓരോ D.S.F. വീതം എഴുതിക്കൊടുക്കണമെന്ന്.

“അപ്പീസിനകത്ത് എന്തൂട്ട് ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ അണ്ണാച്ചീ...“

“ദാ അങ്കെ നിലത്ത് കൊഞ്ചം തണ്ണി കിടക്കണത് പാത്തിട്ടിയാ? അതില് ചവിട്ടി ആരെങ്കിലും മൂക്കടിച്ച് വീണാലോ ? അപ്പോ അത് വന്ത് ഒരു D.S.F. ശുമ്മാ എഴുതി കൊട് തമ്പീ.“

ആ ആഴ്‌ച്ച അങ്ങിനെ രക്ഷപ്പെട്ടു. ഈ പണ്ടാറം എഴുതിക്കൊടുത്തില്ലെങ്കില്‍ എല്ലാ ആഴ്ച്ചയിലും സേഫ്റ്റി മീറ്റിങ്ങ് കൂടുമ്പോള്‍ പരസ്യമായി പേര് വിളിച്ച് പറഞ്ഞ് നാണം കെടുത്തും, ബഞ്ചിന്റെ മുകളില്‍ കയറ്റി നിറുത്തും, ശംബളവര്‍ദ്ധന പരിഗണിക്കുമ്പോള്‍ മാര്‍ക്ക് കുറയ്ക്കും. അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തുള്ള, ദുബായിയെ സ്നേഹിക്കുന്ന സകല മനുഷ്യന്മാരും D.S.F. എന്ന് കേട്ടാല്‍ അഹ്ലാദഭരിതരാകുന്നുവെങ്കില്‍ ഞങ്ങള്‍ കുറെ എണ്ണപ്പാടത്ത് പണിയെടുക്കുന്ന ജീവികള് മാത്രം ഈ D.S.F. പണ്ടാരത്തിനെ വെറുത്ത്, ശപിച്ച് ഒരു വഴിക്കായി.

എന്നാലും, ഒരു ഗുണമുണ്ട് ഈ സംഗതികൊണ്ട്. ഓരോ മാസവും മാനേജര്‍ക്ക് കിട്ടുന്ന എല്ലാ D.S.F.കൂമ്പാരങ്ങളും പരിഗണിച്ച് നല്ല കിടിലന്‍ D.S.F.നോക്കി തിരഞ്ഞെടുത്ത് അതിന് 100 ദിര്‍ഹംസ് (ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് 1300 രൂഭാ)ഇനാം നല്‍കും. ഇതൊക്കെപ്പോരാഞ്ഞിട്ട് കൊല്ലാവസാനം ഏറ്റവും നല്ല D.S.F. തിരഞ്ഞെടുത്ത് അതിന്റെ ലേഖകന് അര മാസത്തെ ശംബളവും സമ്മാനമായി കൊടുക്കും.

പക്ഷെ എത്ര നാഷണല്‍ അവാര്‍ഡ് വിന്നിങ്ങ് D.S.F. എഴുതിയാലും 100 ദിര്‍ഹം നമുക്ക് കിട്ടില്ല. അത് മാനേജരെ സോപ്പിട്ട് തേച്ച് കുളിപ്പിച്ച് നടക്കുന്ന അക്ഷരാഭ്യാസമില്ലാത്ത എതെങ്കിലും വിവരംകെട്ട അറബിക്ക് കിട്ടും. എന്നിട്ട് അവനെഴുതിയ ആ കാശിന് കൊള്ളാത്ത D.S.F. നമ്മളെല്ലാവരും കേള്‍ക്കാന്‍വേണ്ടി മാസത്തിലൊരിക്കലുള്ള മീറ്റിങ്ങില്‍ വിളിച്ച് കൂവുകയും ചെയ്യും. ആ വിദ്വാന്റെ പടം കോണ്‍ഫറന്‍സ് റൂമിലെ സ്ക്രീനില്‍ കുറെനേരം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയേയോ, മോഹന്‍ലാലിനേയോ പോലെ തെളിഞ്ഞുനില്‍ക്കുകയും ചെയ്യും. അതും പോരാഞ്ഞ് അടുത്തമാസത്തെ D.S.F. സൂപ്പര്‍സ്റ്റാറിനെ പ്രഖ്യാപിക്കുന്നതുവരെ അവന്റെ ഈസ്റ്റ്മാന്‍ കളറ് പടം ഒരെണ്ണം, പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡിലെന്നപോലെ കമ്പനിയുടെ നോട്ടീസ് ബോര്‍ഡിലും കിടക്കും.

ചില D.S.F. അവസ്ഥകളൊക്കെ കേട്ടാല്‍ പൊതുജനം ചിരിച്ച് അടപ്പിളകാനും മതി. അതില്‍ ചിലത് ഇങ്ങനെ.

1.സ്റ്റെയര്‍‌കേസിലൂടെ പടികളിറങ്ങുമ്പോള്‍ കൈവരിയില്‍ പിടിച്ചിട്ടില്ലെങ്കില്‍ D.S.F.

2.കമ്പനി ബസ്സില്‍ ചായ (ചൂടുള്ളതായാലും, ഇല്ലാത്തതായാലും, സുലൈമാനിയായാലും)കുടിച്ചാല്‍ D.S.F.

3.ബസ്സില്‍ എല്ലാ സീറ്റിലിരിക്കുന്നവനും സീറ്റ് ബെല്‍ട്ടിട്ടിലെങ്കില്‍ രണ്ട് D.S.F. വേറെയും.

4.മുന്‍‌വശം പൊതിഞ്ഞുകെട്ടിയിട്ടില്ലാത്ത വള്ളിച്ചെരുപ്പ് പോലുള്ള പാദരക്ഷകള്‍‍ ഇട്ടാല്‍ D.S.F.

5.സൂര്യാസ്ഥമയത്തിനുശേഷം വാഹനം ഓടിച്ചാല്‍ D.S.F.

6.നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ മുട്ടുകാല്‍ മടക്കാതെ, നടുവളച്ചാല്‍ D.S.F.

7.ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചാല്‍ സഹമുറിയന്റെ വക D.S.F.

മനുഷ്യന് മനസ്സമാധാനമായിട്ട് കൂര്‍ക്കം വലിച്ച് ഉറങ്ങാനും പറ്റില്ലെന്ന് വച്ചാല്‍ ഇത്തിരി കഷ്ടാണേ....!!
ഇതൊക്കെ സഹിക്കാം. ഇപ്പോ ദാ ഈ D.S.F. ചേട്ടന്മാര് ഒരു പുതിയ കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു. ഗ്യാസ് ഉപയോഗിച്ചുള്ള പാചകം ഒരു ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ ആണുപോലും !!

അതുകാരണം കുറച്ചുനാള്‍ മുന്‍പ് ഞങ്ങളുടെ കമ്പനിവക താമസസ്ഥലത്ത് അടുക്കളയില്‍ തീ പുകഞ്ഞില്ല. ഹോട്ടല്‍ ശാപ്പാട് സ്ഥിരമായി കഴിച്ചുകഴിച്ച് പലരുടേയും വയറ് തകരാറിലായി. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. അപ്പോപ്പിന്നെ അബുദാബീല് ജീവിക്കുന്ന, ഈ നാശം പിടിച്ച D.S.F.കാര് മുഴുവനും, പറമ്പീന്ന് പെറുക്കിക്കൊണ്ടുവരുന്ന ചൂട്ടും, മടലും, ഒണക്കോലേം, കൊതുമ്പും, ഒക്കെ കത്തിച്ചോ മറ്റോ ആണോ പച്ചരി വേവിക്കുന്നത് ?

എം‌പ്ലോയീസ് മുഴുവന്‍ പട്ടിണി കിടന്നും വയറിളകിയും ചാകുന്നത് ഒരു ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ ആണെന്ന് പറഞ്ഞ് ഒരു D.S.F. എഴുതിയാലോന്നാണ് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴേക്കും എന്തായാലും ഗ്യാസില്‍ പാചകം ചെയ്യാന്‍ വീണ്ടും അനുവാദം കിട്ടിയതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി.

ഇനിയിപ്പോള്‍ ഈ ആഴ്ച്ചയില്‍ ഡി.എസ്.എഫ്.എന്തെഴുതിക്കൊടുക്കുമെന്നുള്ള ചിന്തയിലാണ് ഞാന്‍.