Wednesday 28 December 2011

ദേശീയ ഗാനത്തിന് 100 വയസ്സ്


1911 ഡിസംബർ 27ന് ഒരു പ്രാർത്ഥനാ ഗാനമായി ആരംഭിച്ച് പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി മാറിയ രബീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന...’ എന്നു തുടങ്ങുന്ന വരികൾക്ക് 100 വയസ്സ് തികഞ്ഞിരിക്കുന്നു. അഭിമാനിക്കാൻ പോന്ന മുഹൂർത്തം തന്നെ അല്ലേ ?

പക്ഷെ, അത്രയ്ക്കങ്ങ് അഭിമാനിക്കാൻ തക്കവണ്ണം ദേശീയഗാനം ആലപിക്കപ്പെടുന്നുണ്ടോ ? ദേശീയഗാനം വല്ലാതെ അവഗണിക്കപ്പെടുന്നു, എന്ന് കരുതാൻ പോന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെ ചോദിക്കേണ്ടി വന്നത്. സിനിമാ തീയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുന്നേ ദേശീയഗാനം ആലപിക്കേണ്ടതല്ലേ? വടക്കേ ഇന്ത്യയിലെ പല തീയറ്ററുകളിലും അത് ചെയ്യുന്നുണ്ടല്ലോ, എന്നൊക്കെ പറഞ്ഞുകൊണ്ട് കുറച്ച് നാൾ മുൻപ് ഗൂഗിൾ ബസ്സിൽ ഞാനൊരു അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ദേശീയഗാനം തീയറ്ററിൽ മുഴങ്ങുന്ന സമയമത്രയും, പറഞ്ഞറിയിക്കാനാവാത്ത ദേശസ്നേഹത്തോടെ എഴുന്നേറ്റ് നിൽക്കുന്നതിന്റെ ഒരു അനുഭൂതിയുടെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞത്. ബസ്സിലെ ചർച്ചയിൽ പങ്കെടുത്ത പലരും കേരളത്തിലെ തീയറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെപ്പറ്റിയും മറ്റ് പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വാദപ്രതിവാദങ്ങൾ നടത്തുകയും വാചാലരാവുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ ചെയ്യാമെങ്കിൽ എന്തുകൊണ്ട് തെക്കേ ഇന്ത്യയിലോ കേരളത്തിലോ ചെയ്യാനാകുന്നില്ല എന്ന് മാത്രമേ എനിക്ക് വാദിക്കാനുള്ളൂ. തീയറ്ററുകളിലോ അതുപോലുള്ള വ്യക്തിഗത സ്ഥാപനങ്ങളിലോ ചെയ്യുന്നില്ലെങ്കിൽ വേണ്ട, വിട്ടുപിടിക്കാം. പക്ഷെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിലെങ്കിലും ദേശീയഗാനാലാപനം നിർബന്ധമാക്കേണ്ടതല്ലേ ?

ദേശീയഗാനം നമ്മളെ പഠിപ്പിക്കുകയും, ദിവസം ഒരു പ്രാവശ്യമെങ്കിലും ആലപിക്കുകയും ചെയ്യുന്ന സ്ക്കൂളുകളിൽ ഒന്നിൽ ഈയിടെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ, പരിപാടിയുടെ അവസാനം ദേശീയ ഗാനം ഉണ്ടായിരുന്നില്ല. പ്രസ്തുത ചടങ്ങ് ആരംഭിച്ചത് പ്രാർത്ഥനാഗാനത്തോടെ ആണെന്നത് ശ്രദ്ധേയവുമാണ്. ദേശീയഗാനം തന്നെ ഒരു പ്രാർത്ഥനാ ഗാനമായി ആലപിക്കാനുള്ള സന്മനസ്സ് പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

അച്ഛന്റെ മരണശേഷം, അദ്ദേഹത്തിന്റെ നോമിനി എന്ന നിലയിൽ ഞാൻ അംഗമായിത്തീർന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടികൾ എല്ലാം ആരംഭിക്കുന്നത് പ്രാർത്ഥനാ ഗാനത്തോടെയാണ്. പക്ഷെ, ട്രസ്റ്റിന്റെ മീറ്റിങ്ങുകൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതേയില്ല. രണ്ടാമത്തെ മീറ്റിങ്ങിന് മുന്നേ തന്നെ ഇക്കാര്യം ട്രസ്റ്റിന്റെ ഉന്നത ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. കോളേജ് അദ്ധ്യാപകൻ ആയി വിരമിച്ച ട്രസ്റ്റ് ചെയർമാർ നിർദ്ദേശം സശ്രദ്ധം കേട്ടിരുന്നെങ്കിലും ഇക്കാര്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ എടുക്കുകയുണ്ടായില്ല.

“ദേശീയഗാനം പാടിക്കാമെന്ന് വെച്ചാൽത്തന്നെ ആർക്കെങ്കിലും ഇപ്പോൾ അങ്ങനൊരു ഗാനം അറിയുമോ ? ” എന്നായിരുന്നു ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഒരു റിട്ടയേഡ് കോളേജ് അദ്ധ്യാപികയുടെ ചോദ്യം. ഒരു അദ്ധ്യാപികയുടെ ചോദ്യമായതുകൊണ്ടാവണം ഞാൻ ശരിക്കും ഞെട്ടി.

എല്ലാം വെറും തട്ട്മുട്ട് ന്യായങ്ങൾ മാത്രം. എനിക്കറിയാം ദേശീയഗാനം പാടാൻ, കൂടെ പാടാൻ ആരുമില്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം. ദേശീയഗാനം പാടാൻ ആർക്കും  അറിയില്ലെങ്കിൽ അതുതന്നെ വലിയൊരു അവഗണനയോ അപരാധമോ ആയി കാണേണ്ടിയിരിക്കുന്നു. ആർക്കും പാടാൻ അറിയില്ലെങ്കിൽ കൈയ്യിലുള്ള മൊബൈൽ ഫോണിലോ മറ്റോ റെക്കോഡ് ചെയ്തുകൊണ്ടുവന്ന് റീപ്ലേ ചെയ്യാനുള്ള സൌകര്യമെങ്കിലും ഏർപ്പാടാക്കാമല്ലോ ?

ഈയിടെയായി, മാസത്തിലൊരിക്കൽ പങ്കെടുക്കുന്ന മറ്റൊരു സ്ഥാപനത്തിന്റെ ബോർഡ് മീറ്റിങ്ങിലും ഇതുതന്നെയാണ് അവസ്ഥ. പ്രാർത്ഥനാ ഗാനത്തോടെയാണ് തുടക്കം. പക്ഷെ, കാര്യപരിപാടികൾ അവസാനിക്കുമ്പോൾ ദേശീയഗാനം ആലപിക്കപ്പെടുന്നില്ല. നിർദ്ദേശം വെച്ചിട്ടുണ്ട്, പരിഗണിക്കപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

ഒരുപാട് നാളുകൾക്ക് ശേഷം, ഒരു പൊതുപരിപാടി ദേശീയഗാനം ആലപിച്ചുകൊണ്ട് അവസാനിക്കുന്നത് കണ്ടത് എറണാകുളത്ത് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ്. പുസ്തകോത്സവത്തിന്റെ സംഘാടകൻ ശ്രീ. നന്ദകുമാറിന് ദേശസ്നേഹത്തോടെ ഒരു സല്യൂട്ട്.

കൂടുതൽ ഇടങ്ങളിലും അവസരങ്ങളിലും ദേശീയഗാനം ആലപിക്കപ്പെടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, വരും കാലങ്ങളിൽ അറ്റൻഷനിൽ എഴുന്നേറ്റ് നിന്ന് ആദരിക്കാൻ പോലും പുതിയ തലമുറ മറന്നു പോയെന്ന് വരും. റിട്ടയേഡ് കോളേജ് അദ്ധ്യാപിക പറഞ്ഞതുപോലെ ദേശീയഗാനം ആലപിക്കാൻ അറിയാത്തവർ ആരും തന്നെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉച്ഛാരണത്തിൽ എന്തെങ്കിലും പിശകുകൾ വന്നാലും, വരികളും ട്യൂണുമൊക്കെ അറിയാവുന്നവർ തന്നെയാണ് 10 ൽ ഒരാളെങ്കിലും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറിയാത്തവർക്കും അറിയുന്നവർക്കുമെല്ലാമായി, ഇതാ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ ചേർന്ന് വാദ്യോപകരണങ്ങളിലൂടെയും ഗാനമായും ആലപിച്ച ദേശീയഗാനത്തിന്റെ ഒരു വീഡിയോ. പിറന്നിട്ട് 100 വർഷത്തിലധികമായ സ്വന്തം ദേശത്തിന്റെ ഗാനം അഭിമാനത്തോടെയും അതിലേറെ ദേശഭക്തിയോടെയും എഴുന്നേറ്റ് നിന്ന് തന്നെ കേൾക്കാം.

ജന ഗണ മന അധി നായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ
പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്ക്കല ബംഗാ

വിന്ധ്യ ഹിമാചല യമുനാ ഗംഗാ
ഉച്ഛല ജലധി തരംഗാ

തവ ശുഭ നാമേ ജാഗേ
തവ ശുഭ ആശിഷ് മാഗേ
ഗാഹേ തവ ജയ ഗാഥാ.

ജന ഗണ മംഗളദായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ

ജയ ഹേ ജയ ഹേ ജയ ഹേ
ജയ ജയ ജയ ജയ ഹേ

Tuesday 20 December 2011

ചിത്രത്തെരുവുകൾ

ഗൾഫ് മലയാളി യിൽ ആണ് ഈ ലേഖനം ആദ്യം പബ്ലിഷ് ചെയ്തത്.
കുറേയേറെ ദിവസങ്ങൾക്ക് ശേഷം ഇവിടെയും പകർത്തിയിടുന്നു.
-----------------------------------------------------

രു വടക്കൻ വീരഗാഥ, വൈശാലി എന്നിങ്ങനെ നാലഞ്ച് തിരക്കഥകൾ രചിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ എം.ടി.ക്ക്  സിനിമയുമായി കാര്യമായി എന്ത് ബന്ധമാണുള്ളത് ? “ ചോദ്യം ഒരു സുഹൃത്തിന്റേതാണ്, സന്ദർഭം ഓർമ്മയില്ല.

എം.ടി.വാസുദേവൻ നായർ ആരാണെന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവർത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോൾത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു. പ്രസിഡന്റിന്റെ സുവർണ്ണകമലം നേടിയ നിർമ്മാല്യം എന്ന സിനിമ എം.ടി.യുടെ തിരക്കഥ ആണെന്നും അത് സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാൽ എം.ടി. തന്നെ ആണെന്നും സുഹൃത്തിനറിയില്ല. എം.ടി.യുടെ കുറേക്കൂടെ പുതിയൊരു സിനിമയായ കടവിനെപ്പറ്റി അദ്ദേഹം കേട്ടിട്ടുപോലുമില്ല. എന്തിനധികം, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, ഓപ്പോൾ, പരിണയം, എന്നിങ്ങനെ ഗംഭീരമായ ഒരുപിടി എം.ടി. തിരക്കഥകളെപ്പറ്റി തികച്ചും അജ്ഞനാണ് അദ്ദേഹം.

എം.ടി.ക്ക് സിനിമയുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർ കറന്റ് ബുക്സിന്റെ ചിത്രത്തെരുവുകൾ (190 രൂപ) സംഘടിപ്പിച്ച് വായിച്ചാൽ മതിയാകും. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസടക്കം ദേശീയവും അന്തർദേശീയവുമായി എം.ടി. കടന്നുപോയിട്ടുള്ള സിനിമാത്തെരുവുകൾ, അദ്ദേഹം ഇടപഴകിയിട്ടുള്ള പ്രഗത്ഭരായ സിനിമാക്കാർ, അത്രയ്ക്കങ്ങ് പ്രഗത്ഭരല്ലെങ്കിലും സിനിമയുമായി ചുറ്റിപ്പറ്റി പരിചയമുള്ള സഹൃദയർ, അങ്ങനെ ഒരുപാട് വഴിത്താരകളും വ്യക്തികളും 14 അദ്ധ്യായങ്ങളുള്ള ചിത്രത്തെരുവിൽ കടന്നുവരുന്നു.

പ്രേംനസീർ എന്ന നടന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെപ്പറ്റിയും പരസഹായ മനസ്ഥിതിയെപ്പറ്റിയുമൊക്കെ മുൻപും കേട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, ഇടതുകൈ അറിയാതെ വലതുകൈ കൊണ്ട് അദ്ദേഹം നടത്തുന്ന സഹായങ്ങളെപ്പറ്റി എം.ടി. തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ നിത്യഹരിതനായകനോടുള്ള ആദരവിനും ആരാധനയ്ക്കും മാറ്റുകൂടുന്നു. ശങ്കരാടിയുടേയും അടൂർ ഭാസിയുടേയും രസികൻ സ്വഭാവവിശേഷങ്ങൾ, കൃഷ്ണാഭായ് തെരുവിലെ വാസു അണ്ണൻ, സത്യൻ, ശോഭനാ പരമേശ്വരൻ, രാഘവൻ മാസ്റ്റർ, എം.ബി.എസ്, എസ്.കെ.പൊറ്റക്കാട്,  ബാലൻ കെ.നായർ, അനിയൻ, ശാരദ, ഐ.വി.ശശി, മണിയൻ, വേണു, എന്നിങ്ങനെ  പ്രശസ്തരും അപ്രശസ്തരുമായ സിനിമാക്കാരെ ഏറ്റക്കുറച്ചിലില്ലാതെ എഴുത്തുകാരൻ സ്മരിക്കുന്നു. സിനിമയിൽക്കയറി രക്ഷപ്പെടാനായി കോടാമ്പാക്കത്തെ ലോഡ്ജുകളിൽ ചേക്കേറിയ കലാകാരന്മാരെപ്പറ്റിയും, കുറഞ്ഞ സൌകര്യങ്ങളിൽ സൌഹാർദ്ദപരമായ കഴിഞ്ഞ് കൂടിയ സിനിമാക്കാരെപ്പറ്റിയുമൊക്കെ എത്രയോ വായിച്ചിരിക്കുന്നു. എന്നിരുന്നാലും, അത്തരം സിനിമാക്കഥകൾ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ വരികളിലൂടെ വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.

‘ഇരക്കേണ്ടിവരുന്ന വെളിച്ചപ്പാട് ‘ എന്ന അദ്ധ്യായം ‘നിർമ്മാല്യ‘ത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ളതാണ്. അതിൽ സഹകരിച്ചവർ പലരും മൺ‌മറഞ്ഞുകഴിഞ്ഞിരിക്കുന്നു. എം.ടി.കൂടെ അതിന്റെ അണിയറക്കഥകൾ എഴുതാതിരുന്നെങ്കിൽ, മഹത്തായ ഒരു സിനിമയുടെ പിന്നിൽ, താമസ സൌകര്യമടക്കമുള്ള സുഖസൌകര്യങ്ങളുമൊക്കെ ത്യജിച്ച് സഹകരിച്ച നായികാ നായകന്മാരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും മറ്റ് കലാകാരന്മാരുടേയും അർപ്പണമനോഭാവം, മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയേനെ. കനത്ത പ്രതിഫലവും പറ്റി സ്വന്തം വേഷങ്ങൾ കാട്ടിക്കൂട്ടി സെറ്റ് വിടുന്ന ഇന്നത്തെ സിനിമാക്കാർ അവശ്യം വായിച്ചിരിക്കേണ്ട അത്തരം മറ്റൊരു അദ്ധ്യായമാണ് ‘സ്നേഹത്തിന്റെ കടവുകൾ‘. നിർമ്മാല്യത്തിന്റെ അന്ത്യരംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? പി.ജെ. ആന്റണി ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് കയറിയോ ? ദേവിയുടെ മുഖത്ത് അദ്ദേഹം ശരിക്കും കാറിത്തുപ്പിയോ ? എന്നൊക്കെയുള്ള സംശയങ്ങളുടെ ഉത്തരങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ‘ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാടി‘ൽ.

ദേശീയവും അന്തർദേശീയവുമായ നിരവധി സിനികൾ കാണാൻ വഴിയൊരുങ്ങിയ അനുഭവങ്ങൾ, ജ്യൂറി അംഗം അടക്കം കൈയ്യാളിയിട്ടുള്ള വിവിധ പദവികൾ, അതിൽനിന്നൊക്കെ കിട്ടിയിട്ടുള്ള പരിചയസമ്പന്നത, സൌഹൃദവലയങ്ങൾ, നേട്ടങ്ങൾ, പണം നോക്കാതെ സിനിമയ്ക്കായി ചെയ്തിട്ടുള്ള ത്യാഗങ്ങൾ, എന്നിങ്ങനെ എം.ടി.യുടെ അധികം അറിയപ്പെടാത്ത ഒരുപാട് സിനിമാ മുഖങ്ങളാണ് ചിത്രത്തെരുവിൽ ഉടനീളം കാണാനാകുന്നത്.

‘ചെറിയ വേഷങ്ങളിലെ വലിയ മനുഷ്യൻ‘ എന്ന അദ്ധ്യായത്തിലെ ചന്ദ്രേട്ടന്റേയും കുടുംബത്തിന്റേയും സൌഹൃദവങ്ങൾ ആരും കൊതിക്കുന്നതാണ്. ഫിലിംസ് ഡിവിഷനിൽ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങി, NFDC യുടെ റീജിയണൽ മാനേജർ വരെ എത്തിയ ചന്ദ്രേട്ടനെപ്പറ്റിയുള്ള ഓർമ്മകൾ അവസാനിക്കുന്നത് വ്യസനിപ്പിച്ചുകൊണ്ടാണ്. ‘ചെറിയ റോളായിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ ?‘ എന്ന് എം.ടിയുടെ കരം കവർന്നുകൊണ്ട് ചോദിക്കുമ്പോൾ ചന്ദ്രേട്ടൻ മരണക്കിടക്കയിലാണ്. ‘നീണ്ട നടപ്പാതയിൽ തണലും കുളിരും സ്നേഹവും വിരിച്ചുതന്ന ഒരു ചോലമരം കൂടി അങ്ങനെ നഷ്ടപ്പെട്ടു.  എനിക്ക് മാത്രമല്ല, പലർക്കും.’ എന്ന് ചന്ദ്രേട്ടന്റെ മരണത്തെപ്പറ്റിയുള്ള വരികൾ ചന്ദ്രേട്ടന്റെ സൌഹൃദത്തിന്റെ ആഴവും പരപ്പുമാണ് എടുത്തുകാണിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ജനശക്തി ഫിലിംസിനെപ്പറ്റി കേൾക്കാത്തവർക്ക് അതേപ്പറ്റി വായിക്കാം. ദേവലോകം എന്ന സിനിമയിലൂടെ എം.ടി.കൊണ്ടുവന്ന ‘ജൂനിയർ വക്കീലി‘നെപ്പറ്റിയും അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില സിനിമാക്കഥകളും വായിക്കാം. നിഷ എന്ന് വിളിച്ച് മകളോടെന്നപോലെ സ്നേഹം കാണിച്ചിരുന്ന മോനിഷയെപ്പറ്റി ഒരു ചെറു നൊമ്പരത്തോടെ വായിക്കാം. എഴുതാനിരിക്കുന്ന ഹോട്ടൽ മുറിയിൽ കൊണ്ടുവന്നിട്ട മേശയ്ക്കും കസേരയ്ക്കും 50 രൂപ വാടക കൊടുക്കേണ്ടി വന്ന കഥ വായിക്കാം. അടൂർ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് എടങ്ങേറായ എം.ടി.യെപ്പറ്റി വായിക്കാം.  സിനിമാക്കഥ എഴുതിക്കാനായി അമേരിക്കയ്ക്ക് കൊണ്ടുപോയപ്പോൾ, അവിടെ പഠിക്കുന്ന സ്വന്തം മകളെ കാണാനുള്ള സൌകര്യം പോലും ഉണ്ടാക്കിക്കൊടുക്കാതെ വിഷമിപ്പിച്ച കാശുകാരായ കുറേ അമേരിക്കൻ മലയാളികളുടെ സമീപനത്തെപ്പറ്റി വായിക്കാം. സിനിമയെന്ന മഴവില്ലിന്റെ കീഴെയുള്ള നിധി തേടി വന്ന് പരാജയപ്പെടുകയും വിജയിക്കുകയും ചെയ്ത മനുഷ്യരുടെ കഥകൾ വായിക്കാം.

മലയാള സാഹിത്യത്തിന് എത്രമാത്രം സംഭാവനകൾ നൽകിയിട്ടുണ്ടോ അതിനടുക്കെത്തന്നെ സംഭാവനകൾ സിനിമയ്ക്കും നൽകിയിട്ടുള്ള എം.ടി.യെ ആണ് ചിത്രത്തെരുവുകളിൽ കാണാനാകുന്നത്. തെരുവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ആദ്യ അദ്ധ്യായം മുതൽ അവസാനം വരെ, തട്ടും തടവും ഒന്നുമില്ലാതെ അനായാസമായ വായന സമ്മാനിച്ച, വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച, എണ്ണമറ്റ സംഭാവനകൾ സിനിമയ്ക്ക് നൽകിയ അനുഗൃഹീതനായ ആ ബഹുമുഖപ്രതിഭയ്ക്ക് സാദര പ്രണാമം.

വാൽക്കഷണം:‌- വായിച്ച് വായിച്ച് അവസാനമെത്തിയപ്പോൾ എനിക്കേറെ പരിചയമുള്ള ഒരു മുഖം  ചിത്രത്തെരുവിൽ എം.ടി.ക്കൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട്  അഭിമാനിക്കാനായി. എം.ടി.കൃതികളെല്ലാം മനോരമയ്ക്ക് വേണ്ടി സീഡിയിലാക്കാൻ അഞ്ച് വർഷത്തോളം വിയർപ്പൊഴുക്കിയ, എഴുത്തും വരയും സിനിമയുമൊക്കെ എന്നും ആവേശമായി കൊണ്ടുനടന്നിട്ടുള്ള, എം.ടി.യുടെ സകലമാന സാഹിത്യസൃഷ്ടികളിലൂടെയും കടന്നുപോകാനായ, അതിൽ‌ പലതിന്റേയും കൈയ്യെഴുത്ത് കോപ്പികൾ കാണാനും കൈവശം വെക്കാനും ഭാഗ്യമുണ്ടായ എന്റെയൊരു സഹപാഠി അനൂപ് ആർ. ആയിരുന്നു അത്.

Wednesday 7 December 2011

സമരത്തിന്റെ കൂമ്പടച്ച് കളഞ്ഞതിന് അഭിവാദ്യങ്ങൾ!!

മുല്ലപ്പെരിയാർ വിഷയത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന പൊതുജന പ്രക്ഷോഭങ്ങൾ കണ്ട് വിരണ്ടിട്ടാണോ, അതോ ഈ നിലയ്ക്ക് പോയാൽ കേരളത്തിലെ പല നേതാക്കന്മാർക്കും തമിഴ്‌നാട്ടിൽ ഉള്ള തോട്ടങ്ങളുടെ കണക്ക് വെളിയിൽ വരുമെന്ന് ഭയന്നിട്ടാണോ അതുമല്ലെങ്കിൽ ഈ വിഷയത്തിൽ ജനങ്ങൾ ഇത്രയ്ക്ക് ശക്തമായി നീങ്ങിയാൽ കേന്ദ്രത്തിൽ തമിഴന്റെ പിന്തുണ നഷ്ടപ്പെടും എന്ന് കണ്ടിട്ടാണോ അതൊന്നുമല്ലെങ്കിൽ ഞങ്ങൾ പൊതുജനം എന്ന കഴുതകൾക്ക് മനസ്സിലാകാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ..... ‘ഇടുക്കി താങ്ങിക്കോളും‘ എന്ന ഒരു ഒറ്റ ന്യായീകരണത്തിലൂടെ ഇക്കണ്ട സമരങ്ങളുടെയൊക്കെ കൂമ്പടച്ച് കളഞ്ഞത് ?

സർവ്വകക്ഷി യോഗം വിളിച്ച് പ്രമേയം പാസ്സാക്കി മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഭരണകക്ഷിയും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറയുമ്പോൾ, സത്യത്തിൽ ഒറ്റക്കെട്ടായി വളർന്നുവന്നുകൊണ്ടിരുന്ന ഒരു ജനതയെ ചവിട്ടി അരയ്ക്കുകയല്ലേ എല്ലാ കക്ഷികളും കൂടെ ചെയ്തത് ? ചപ്പാത്തിലേയോ, കുമളിയിലേയോ, വണ്ടിപ്പെരിയാറിലേയോ കുറേപ്പേരുടെ സമരം മാത്രമാക്കി മാറ്റിയില്ലേ ഈ ബഹുജനപ്രക്ഷോഭത്തെ ? 5 ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ ജീവന് ആപത്ത് എന്ന വാദത്തിന് ഇനി എന്തെങ്കിലും പ്രസക്തിയുണ്ടോ ?

കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കകം 7ൽ അധികം പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയ ഞങ്ങൾ ഓൺലൈൻ കൂട്ടായ്മക്കാർ ഇനിയെന്ത് ചെയ്യണം എന്നാണ് പറയുന്നത് ? എ.ജി.യുടെ വാക്കുകൾ നിരത്തി തമിഴൻ കളിയാക്കുമ്പോൾ അവർക്കെന്ത് മറുപടി കൊടുക്കണമെന്ന് പറഞ്ഞ് തരൂ. കോടതിയിൽ പുതിയ സത്യവാങ്ങ്‌മൂലം കൊടുത്താൽ തീരുന്ന മാനക്കേടാണോ അത് ? മുല്ലപ്പെരിയാർ പൊട്ടിയാൽ ഇടുക്കിയിലേക്ക് വെള്ളം മാത്രമാണ് വന്ന് നിറയാൻ പോകുന്നത് എന്ന് കരുതുകയും അതിന്റെ കണക്ക് ഹൈക്കോടതിയിൽ വരെ നിരത്തുകയും ചെയ്ത വിദഗ്ദ്ധർക്കൊക്കെ ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഒരു ഉരുൾപൊട്ടലെങ്കിലും നേരിട്ട് കാണുകയോ ഉരുൾപൊട്ടിയ ശേഷം ആ ഭൂമി കാണുകയോ ചെയ്തിട്ടുണ്ടോ ഇപ്പറഞ്ഞ വിദഗ്ദ്ധർ ?

ഇതൊക്കെ പോട്ടെ. മുല്ലപ്പെറിയാറിനും ഇടുക്കിക്കും ഇടയിൽ ഉള്ള ജനങ്ങളുടെ കാര്യത്തിലെങ്കിലും എന്തെങ്കിലും അവസാന വാക്ക് പറഞ്ഞ് തരാമോ ? ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ എങ്ങുമെത്താതെ പോയാൽ, ചപ്പാത്തിലേയും വണ്ടിപ്പെരിയാറിലേയും കുറേ ആയിരങ്ങളുടെ ഞരക്കം മാത്രമായി ഈ സമരമൊക്കെയും പിന്നേയും ഒതുങ്ങും. അതുകൊണ്ടൊന്നും ഇനിയങ്ങോട്ടുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ കഴുതകൾ നിങ്ങൾക്കെല്ലാം വോട്ട് ചെയ്യാതെ മാറിനിൽക്കുകയൊന്നും ഇല്ല. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിച്ചുകൊണ്ടേയിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം ചങ്കിലേക്ക് ഇടിച്ച് കയറുമ്പോഴും വിരലിൽ മഷി പതിപ്പിക്കാൻ കൈകൾ ഞങ്ങൾ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചിരിക്കും. അക്കാര്യത്തിൽ ആശങ്ക വേണ്ട.

പക്ഷെ ഒരു ദുരന്തം ഉണ്ടായാൽ....... പിന്നീട് എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ? ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നവരും, മുല്ലപ്പെരിയാറിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവരും കമ്പത്തും തേനിയിലും മേഘമലയിലുമൊക്കെ ഏക്കറുകണക്കിന് തോട്ടമുള്ളവരുമൊക്കെ, സുകുമാരക്കുറുപ്പ് മുങ്ങിയത് പോലെ കൂട്ടത്തോടെ മുങ്ങിയാൽ മാത്രം മതിയാകും. ജനത്തിന്റെ വികാരത്തിന് വിലപറയുന്നതിനും ഒരു അതിരൊക്കെ വെക്കുന്നത് നല്ലതാണ്.

Thursday 1 December 2011

ഇനി അൽ‌പ്പം രക്ഷാനടപടികൾ.

മുല്ലപ്പെരിയാറിന്റെ ചരിത്രവുമായി കൂട്ടിക്കെട്ടി ഒരു ദുരന്തം (അത് തീരെ ആഗ്രഹിക്കുന്നില്ല) ഉണ്ടാകുന്നതിന് മുൻപും പിൻപും സ്വീകരിക്കേണ്ട നടപടികളെപ്പറ്റി എനിക്കറിയാവുന്നത് പോലെ തയ്യാറാക്കിയ ഒരു ലേഖനം നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. വായിക്കുക, കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. അതെല്ലാം ചേർത്ത് ലഘുലേഖകൾ അച്ചടിച്ച് നമ്മൾ വിതരണം ചെയ്യുന്നതായിരിക്കും. ലേഖനം വായിക്കാൻ ഈ ലിങ്ക് വഴി പോകുക.

Monday 21 November 2011

ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ.

ക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ ഇപ്രകാരം.

1. ഇടുക്കിയിൽ 6 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടായേക്കാം.
2. ഒൻപത് മാസത്തിനിടെ ഇടുക്കി കുലുങ്ങിയത് 22 തവണ.
3. ഭൂചലനം. - മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളൽ. 
4. ഇടുക്കിയിൽ വീണ്ടും ഭൂചലനം. - മുല്ലപ്പെരിയാർ ഡാമിൽ വിള്ളൽ കൂടി.
5. ഭൂചലനം - മുല്ലപ്പെരിയാറിലെ വിള്ളൽ വലുതായി.


മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് അതേ നാണയത്തിൽ പ്രതികാരമൊന്നും പ്രകൃതി തിരിച്ച് ചെയ്തിട്ടില്ല. ആവശ്യത്തിന് മുന്നറിയിപ്പ് തന്നിട്ടുമുണ്ട്. മുകളിൽ പറഞ്ഞ വാർത്തകളെല്ലാം അത്തരം മുന്നറിയിപ്പുകളും സൂചനകളുമാണ്. അത് മനസ്സിലാക്കിയാൽ, രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ കണ്ടുവെച്ചാൽ അകാലത്തിൽ ജീവൻ വെടിയാതെ നോക്കാം. ഒരു നോഹ പെട്ടകമൊന്നും പണിതുണ്ടാക്കാനുള്ള സമയം ഇനിയില്ല. കച്ചിത്തുരുമ്പുകൾ പെറുക്കിക്കൂട്ടി ഒരു അവസാന ശ്രമം നടത്താനുള്ള ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ.

പറഞ്ഞുവന്നത് എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ ? സംശയം വേണ്ട. മഴപെയ്ത് വെള്ളം നിറയുമ്പോളും, ഭൂമി കുലുക്കം ഉണ്ടായി വിള്ളൽ കൂടുമ്പോളും മാത്രം ചർച്ചാവിഷയമാകുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യം തന്നെ. ഈ വിഷയത്തിൽ മുൻപൊരിക്കൽ എഴുതിയ ‘മുല്ലപ്പെരിയാർ പൊട്ടിയാൽ‘ എന്ന ലേഖനം ഇവിടെയുണ്ട്. ഡാമുകൾ തകർന്നതിന്റെ ലോക ചരിത്രങ്ങൾ, അതിന്റെ ഭീകരാവസ്ഥ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയൊക്കെ മനസ്സിലാക്കാൻ ഈ രണ്ട് വീഡിയോകൾ (വീഡിയോ 1, വീഡിയോ 2.) കൂടെ കണ്ടിരിക്കുന്നത് നല്ലതാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം സുപ്രീം കോടതിയുടെ ചുവപ്പുനാടകളിൽ കുടുങ്ങി ശ്വാസം മുട്ടിക്കൊണ്ടിരിക്കുകയാണ്. ഉന്നതാധികാര സമിതിയെ നിയമിച്ചപ്പോൾ നടപടികൾ ഒച്ചിന്റെ വേഗതയിൽ ആവുകയും കുറേക്കൂടെ വഷളാകുകയും ചെയ്തെന്നല്ലാതെ പ്രത്യേകിച്ച് വിശേഷം ഒന്നും ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല.

“കേസെല്ലാം ഞങ്ങൾ പിൻ‌വലിക്കുന്നു. 999 കൊല്ലത്തെ പാട്ടക്കരാറും വലിച്ച് കീറിക്കളയുന്നു. നിങ്ങൾ മലയാളികൾ പുതിയ അണക്കെട്ട് പണിതോളൂ. എന്നിട്ട് പുതിയ പാട്ടക്കരാർ ഉണ്ടാക്കി വെള്ളം തരുന്നത് വരെ ഞങ്ങൾ എങ്ങനെയെങ്കിലും തട്ടിമുട്ടി ജീവിച്ചോളാം, നിങ്ങൾക്കുള്ള പച്ചക്കറികൾ സമയാസമയം ചുരം കടത്തി എത്തിക്കുകയും ചെയ്യാം.”............... എന്നുപറഞ്ഞ് തമിഴന്മാർ ഇങ്ങോട്ട് വന്നാൽ‌പ്പോലും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. പ്രകൃതി തന്നിരിക്കുന്ന കാലയളവ് കഴിഞ്ഞിരിക്കുന്നു. പുതിയൊരു ഡാം ഉണ്ടാക്കിയെടുക്കാൻ വർഷങ്ങളെടുക്കും. അതുവരെ അണക്കെട്ട് പൊട്ടാതെ നിൽക്കുമെന്ന്, പ്രകൃതിയിൽ ഇപ്പോൾ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ കണ്ടിട്ട് തോന്നുന്നില്ല.

ഭാഗ്യമുണ്ടെങ്കിൽ ഒരു അവസാന മുന്നറിയിപ്പ് കൂടെ കിട്ടിയെന്ന് വരും. മുല്ലപ്പെരിയാർ ഡാം പൊട്ടി, വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ എത്തിച്ചേർന്ന്, കുറെ സമയമെങ്കിലും ഇടുക്കി ഡാം അത്രയും വെള്ളം താങ്ങി നിർത്തുന്ന ആ ഒരു ഇടവേളയായിരിക്കും അത്. അത്രയും സമയത്തിനുള്ളിൽ എത്രപേർക്ക് വെള്ളപ്പാച്ചിലിന്റെ മാർഗ്ഗത്തിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. മുല്ലപ്പെരിയാറിലെ വെള്ളം വന്ന് കയറുന്ന മാത്രയിൽത്തന്നെ ഇടുക്കി അണക്കെട്ട് പൊട്ടിയാൽ, അങ്ങനെയൊരു മുന്നറിയിപ്പിന് പോലും സാദ്ധ്യതയില്ല. ഇടുക്കി ഡാമിനും മുല്ലപ്പെരിയാർ ഡാമിനും ഇടയ്ക്ക് ജീവിക്കുന്നവർക്ക് ഏത് സാഹചര്യത്തിലും ഇപ്പറഞ്ഞ മുന്നറിയിപ്പിന്റെ ഔദാര്യം കിട്ടുകയുമില്ല.

മുല്ലപ്പെരിയാർ പാട്ടക്കരാർ എന്താണ്, എന്ത് ദുരന്തമാണ് ഡാം പൊട്ടിയാൽ ഉണ്ടാകാൻ പോകുന്നത്, എന്നതൊന്നും ലവലേശം അറിയാത്ത അഭ്യസ്തവിദ്യരായ മലയാളി സമൂഹം ചില കാര്യങ്ങളെങ്കിലും ഗ്രഹിച്ചിരിക്കുന്നത് നല്ലതാണ്. നിനച്ചിരിക്കാതെ വീട്ടുമുറ്റത്ത് വെള്ളം പൊങ്ങിവന്നാൽ, നോക്കി നിൽക്കേ അത് സംഹാരതാണ്ഢവം ആടിയാൽ, ചുറ്റുപാടും ഒന്ന് വീക്ഷിക്കുക. കണ്ണെത്തുന്ന ദൂരത്തെല്ലാം അതുതന്നെയാണ് അവസ്ഥയെങ്കിൽ ഇത്ര മാത്രം മനസ്സിലാക്കുക. കേരളത്തിൽ ഇടുക്കി എന്നൊരു ജില്ലയുണ്ട്, അവിടെ കണക്കാക്കപ്പെട്ട ആയുസ്സിനേക്കാൾ 64 കൊല്ലം അധികം പിടിച്ചുനിന്ന മുല്ലപ്പെരിയാർ എന്നൊരു അണക്കെട്ടുണ്ട്. അത് തകർന്ന വെള്ളമാണ് വന്നുകൊണ്ടിരിക്കുന്നത് ; രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുന്നവന് പോലും അതിന്റെ കാരണം അറിയാനുള്ള അവകാശമുണ്ടെന്നിരിക്കേ സമ്പൂർണ്ണ സാക്ഷരരായ ഒരു ജനത കാരണമറിയാതെ കൊല്ലപ്പെടുന്നത് മോശമല്ലേ ?!

എമർജൻസി ആൿഷൻ പ്ലാൻ(E.A.P.), ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ (D.M.P.) എന്നീ അറ്റ കൈ പ്രയോഗങ്ങളൊക്കെയാണ് സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെ ഫലം ദുരന്തബാധിത പ്രദേശമാകാൻ സാദ്ധ്യതയുള്ളയിടത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുഴുവൻ കിട്ടണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോ ? അതുകൊണ്ട് സ്വയരക്ഷയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി വെച്ചാൽ അവനവന് നല്ലത്. രക്ഷപ്പെടാനുള്ള സാദ്ധ്യത അപ്പോഴും, തുലോം തുഛമാണ്. രക്ഷപ്പെട്ടിട്ടും വലിയ കാര്യമൊന്നും ഉണ്ടാകില്ല. പട്ടിണിയും പരിവട്ടവും രോഗങ്ങളും, ഇനിയെന്ത് ചെയ്യും എന്നുള്ള വ്യാകുലതകളും ഒക്കെയായി ചത്തതിനൊക്കിലേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ ജീവിതം തള്ളിനീക്കാനേ പറ്റു.

ഹൈക്കോടതിയുടെ നാലാമത്തെ നിലവരെ വെള്ളം പൊങ്ങും എന്നൊക്കെ കേട്ടിട്ടുണ്ട്. അതിശയോക്തി ഉണ്ടാകാം അപ്പറഞ്ഞതിൽ. എന്നാലും അത് തന്നെ മുഖവിലയ്ക്കെടുക്കുന്നു. ഹൈക്കോർട്ട് പരിസരത്ത് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് എന്റെ ജീവിതം. ഇനി ഒരു നില കൂടെ മുകളിലേക്ക് കയറാനാകും. പിന്നെ വാട്ടർ ടാങ്കിന്റെ മുകളിലേക്ക് കയറണം. ടാങ്കിനടുത്തായി ചില രക്ഷാമാർഗ്ഗങ്ങൾ ചെയ്ത് വെക്കാൻ തന്നെയാണ് പദ്ധതിയിടുന്നത്. കാണുന്നവർക്കും കേൾക്കുന്നവർക്കും തമാശയാണെന്നോ, മാനസ്സിക വിഭ്രാന്തിയാണെന്നോ തോന്നാം. ജീവൻ നഷ്ടപ്പെടാൻ പോകുന്നെന്ന് കരുതുന്ന ഒരുത്തന്റെ പ്രവർത്തികളാണ്. ഏത് തരത്തിൽ വിലയിരുത്തിയാലും വിരോധമില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ, സർക്കാരുകളിലും കോടതിയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.  ‘ഒരു ഭീരു ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു, ധീരന് ഒറ്റ മരണമേയുള്ളൂ’ എന്ന ചൊല്ലിന്റെ ചുവട് പിടിച്ചാണെങ്കിൽ സധൈര്യം റോഡിൽ ഇറങ്ങി നടക്കാം.  എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ എന്നും, ആരാണ് ഡാമിന്റെ ഉടമസ്ഥർ എന്നും, അണക്കെട്ട് പൊട്ടിയാൽ എത്രലക്ഷം ജനങ്ങൾ ചത്ത് മലക്കുമെന്നും, ഊഹം പോലും ഇല്ലാത്ത ലക്ഷക്കണക്കിന് വരുന്ന സാക്ഷര മലയാളികളുടെ കൂട്ടത്തിൽ ഇതൊക്കെ അറിഞ്ഞിട്ടും വകവെക്കാത്ത ഒരാളായി ജീവിക്കാം. ഐശ്വരാ റായിക്ക് പിറന്ന കുട്ടിക്ക് പറ്റിയ നല്ലൊരു പേര് കണ്ടുപിടിച്ച് ബച്ചൻ കുടുംബത്തിന് അയച്ചുകൊടുക്കുന്ന ജോലിയിൽ വ്യാപൃതരാകാം. സച്ചിൻ ടെൻഡുൽക്കർ തന്റെ നൂറാമത്തെ സെഞ്ച്വറി അടിക്കാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം.

വാൽക്കഷണം:‌- കേരളത്തെ രണ്ടായി പകുത്തുകളയാൻ പ്രാപ്തിയുള്ള ദുരന്തം സംഭവിച്ചതിനുശേഷം ജീവനോടെ ഉണ്ടായില്ലെങ്കിൽ, ഒരു അന്ത്യാഭിലാഷം കൂടെ അറിയിക്കട്ടെ. നെടുകെ മുറിക്കപ്പെടുന്ന കേരളത്തിന്റെ ഒരു പകുതി ഇടതുപക്ഷത്തിനും മറ്റേ പകുതി വലതുപക്ഷത്തിനും, വിട്ടുകൊടുക്കാനുള്ള ഏർപ്പാടിനായി ബാക്കിയുള്ള ജനങ്ങൾ പരിശ്രമിക്കണം. അഞ്ച് കൊല്ലം കൂടുമ്പോൾ മാറി മാറി സേവിച്ച് ഇതുപോലെ എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളരുതാത്ത അവസ്ഥയിൽ ഒരു സംസ്ഥാനത്തെ എത്തിക്കുന്നതിലും ഭേദമായിരിക്കില്ലേ അത് ?!

Wednesday 16 November 2011

മഞ്ഞവെയിൽ കഥാപാത്രങ്ങളുമായി ഒരു സല്ലാപം


ന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി ‘മഞ്ഞവെയിൽ മരണങ്ങൾ‘ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ചയിലേക്ക് പോകേണ്ടിവരും. അഭിപ്രായങ്ങൾ ഇവിടെയോ നാട്ടുപച്ചയിലോ അറിയിക്കുമല്ലോ ?

Monday 14 November 2011

എന്നേം സ്ക്കൂളിൽ ചേർക്ക്വോ ?

മയം വൈകീട്ട് ആറര മണി കഴിഞ്ഞിരുന്നു. ഇരുട്ട് വീഴുന്നതിന് മുന്നേ ചുരം ഇറങ്ങണമെന്നായിരുന്നു പദ്ധതി. എന്നിരുന്നാലും, ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകാമെന്ന് സാമുവൽ മാഷ് നിർബന്ധിച്ചപ്പോൾ നിരസിക്കാനായില്ല. തൊട്ടടുത്തുള്ള കോഫി ഹൌസിനകത്തേക്ക് കയറി ഓരോ കാപ്പി മാത്രം ഓർഡർ ചെയ്ത് ലോകകാര്യങ്ങൾ സംസാരിച്ചങ്ങനെ ഇരുന്നപ്പോൾ, ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു.

നാലഞ്ച് മാസങ്ങൾക്ക് മുന്നുള്ള സംഭവമാണ്, സ്ഥലം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി. മുൻപൊരിക്കൽ മാനന്തവാടിയിൽ വെച്ചാണ് സാമുവൽ മാഷിനെ ആദ്യമായി കാണുന്നത്. ഇത് രണ്ടാമത്തെ കൂടിക്കാഴ്ച്ച. അദ്ധ്യാപകൻ എന്നതിലുപരി കുട്ടികളുടെ കാര്യങ്ങൾക്കായി സ്കൂളിനകത്തും പുറത്തും പ്രവർത്തിക്കുന്ന സഹൃദയനായ ഒരു സമൂഹജീവി. അതാണ് എനിക്കറിയുന്ന സാമുവൽ മാഷ്.

2011 ജൂൺ മാസം ബൂലോകരുടെ കാരുണ്യ കൂട്ടായ്മയായ ‘ബൂലോക കാരുണ്യ‘ത്തിന്റെ അംഗങ്ങൾ യൂണിഫോം വിതരണം ചെയ്തത് സാമുവൽ മാഷിന്റെ സ്കൂളിലാണ്. ‘പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് ഓരോ യൂണിഫോം നൽകാനാവില്ലേ?’ എന്ന ചോദ്യം കുഞ്ഞഹമ്മദിക്ക വഴി ബൂലോകരോട് തൊടുത്തത് സാമുവൽ മാഷായിരുന്നു. ആ ചോദ്യത്തിന് ഫലമുണ്ടായി. ഇന്ന് സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ കുട്ടികൾ എല്ലാവരും പുതിയ യൂണിഫോം കിട്ടിയതിന്റെ സന്തോഷത്തിലാണ്. എല്ലാവരുടേയും വ്യക്തിപരമായ അളവെടുത്ത് തുന്നിയതുകൊണ്ട് യൂണിഫോമിന് മുറുക്കമെന്നോ അയവെന്നോ ഉള്ള പരാതികൾ ഒന്നുമില്ല.

ഒരു കാപ്പി കുടിക്കാനുള്ള സമയത്തിനപ്പുറത്തേക്ക് സംസാരം നീണ്ടുനീണ്ട് പോയി. ഹൃദയസ്പർശിയായ ഒരു സംഭവം ഈയിടയ്ക്ക് സ്ക്കൂളിൽ ഉണ്ടായെന്ന് മാഷ് പറഞ്ഞപ്പോൾ, അൽ‌പ്പം കൂടെ വൈകിയാലും കുഴപ്പമില്ല അതുകൂടെ കേട്ടിട്ട് പിരിഞ്ഞാൽ മതിയെന്നായി എനിക്ക്.

സ്കൂൾ തുറക്കുന്ന വാരത്തിൽ എന്നെങ്കിലുമൊരു ദിവസം കുട്ടികൾക്കൊക്കെ മധുരം കൊടുത്ത് ഒരു സ്വീകരണച്ചടങ്ങ് പതിവുണ്ടത്രേ! ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് കുറേ കഴിഞ്ഞാണ് സ്കൂൾ വരാന്തയിൽ എല്ലാവരും ആ കുട്ടിയെ ശ്രദ്ധിച്ചത്. നാലഞ്ച് വയസ്സ് പ്രായമുള്ള ഒരു ആദിവാസി പെൺകുട്ടി. ആ സ്കൂളിൽ പഠിക്കുന്ന കുട്ടിയല്ല. കാര്യമെന്തെന്നറിയാനായി മാഷും സഹപ്രവർത്തകരും കുട്ടിയുടെ അരികിലേക്ക് ചെന്നു.

“എന്നേം സ്ക്കൂളിൽ ചേർക്ക്വോ ? “

അവളുടെ ചോദ്യം അദ്ധ്യാപകരുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചെന്ന് മാഷിന്റെ പതറിയ ശബ്ദത്തിൽ നിന്ന് വ്യക്തം. നെഞ്ച് പിടഞ്ഞത് മറച്ചുവെക്കാൻ എനിക്കുമായില്ല.

അടുത്ത പരിസരത്തുള്ള ഒരുവിധം ആദിവാസി കുട്ടികളെയൊക്കെ അദ്ധ്യാപകർക്ക് അറിയാം. എല്ലാവരേയും സ്ക്കൂളിൽ ചേർത്തിട്ടുമുണ്ട്. പക്ഷെ, ഇങ്ങനൊരു കുട്ടിയെ കണ്ടതായി ആർക്കും ഓർമ്മയില്ല. സ്ക്കൂളിൽ ഒരു കുട്ടിയെ ചേർക്കുന്നതിന് ചില നടപടിക്രമങ്ങളൊക്കെ ഉണ്ട്. രക്ഷകർത്താക്കൾ ആരെങ്കിലും വരാതെ പറ്റില്ല. അദ്ധ്യാപകർ ധർമ്മസങ്കടത്തിലായി. പരിസരപ്രദേശത്തൊക്കെ കൂടുതൽ അന്വേഷിച്ചപ്പോളാണ് കാര്യങ്ങളെല്ലാം വ്യക്തമായത്.

ജ്യോത്സന, അതാണവളുടെ പേര്. അച്ഛനും അമ്മയും ഇല്ല. വയനാട്ടിലെ ആദിവാസികൾ പലരും ഒരു നേരത്തെ അന്നത്തിനായി കൂലിപ്പണിക്ക് ചെന്നടിയുന്ന കുടകിലെ കൃഷിയിടങ്ങളിൽ എവിടെയോ ആയിരുന്നു ജോത്സനയും അവളുടെ അച്ഛനമ്മമാരും. അവിടെ വെച്ച് അവൾ അനാഥയായി. അതെങ്ങനെ എന്ന് ആർക്കുമറിയില്ല, ആരും അന്വേഷിച്ചിട്ടുമില്ല. പിന്നെ, കുടകിലുള്ള മറ്റാരോ അവളെ വയനാട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഇവിടെ മുത്തശ്ശിയുടെ കൂടെയാണ് താമസം.

എല്ലാവരും സ്കൂളിൽ പോകുന്നത് കണ്ട് കൊതിയോടെ വന്നതാണവൾ. പഠനം മാത്രമല്ല മുന്നോട്ടുള്ള ജീവിതവും അവൾക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. അദ്ധ്യാപകർ തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ വഴി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു. സബ് ഇൻസ്‌പെൿടർ നാ‍ട്ടുകാര്യങ്ങളിൽ നന്നായിട്ട് സഹകരിക്കുന്ന വ്യക്തിയാണ്. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. ഇന്നിപ്പോൾ, ജ്യോത്സന സെർവ് ഇന്ത്യാ ആദിവാസി സ്ക്കൂളിലെ ഒരു വിദ്യാർത്ഥിനിയാണ്.

Picture Courtesy :- Click Here
സ്ക്കൂൾ ബസ്സും, സ്ക്കൂൾ ബാഗും, വാട്ടർ ബോട്ടിലും, പെൻസിൽ ബോക്സും, ടിഫിൻ ബോക്സും, ഒന്നും ഇല്ലാത്ത കുട്ടികൾ. സ്ക്കൂളിന്റെ പടിക്കകത്തേക്ക് കയറാൻ കൊതിക്കുന്ന, അതിനായി കെഞ്ചുന്ന കുരുന്നുകൾ. എല്ലാ സുഖസൌകര്യങ്ങളോടും കൂടെ സ്ക്കൂളിൽ പോകുന്ന, ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പുതിയ പെൻസിലും പേനയും സ്കൂൾ ബാഗുമൊക്കെ കൈയ്യിൽക്കിട്ടുന്ന, നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ  ഇങ്ങനേയും ബാല്യങ്ങൾ ഉണ്ടെന്ന് ?!!

ഇന്ന് ശിശുദിനം. “എന്നേം സ്ക്കൂളിൽ ചേർക്ക്വോ“ എന്നു ചോദിച്ച് അലയേണ്ട അവസ്ഥ, സാക്ഷര കേരളത്തിലെ ഒരു കുഞ്ഞിനും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ, എല്ലാം കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ.

Saturday 5 November 2011

ഒരു അഭിമുഖം, ലാഫിങ്ങ് വില്ലയിൽ

ദേശീയ പുരസ്ക്കാര ജേതാവും ബാച്ച് മേറ്റുമായ ശ്രീ.സലിം കമാറിനെ ഇന്റർവ്യൂ ചെയ്യാൻ ലാഫിങ്ങ് വില്ലയിലേക്ക് പോയത്, സാഗയ്ക്ക് വേണ്ടിയായിരുന്നു. സാഗയുടെ (SNMC Alumni Global Association) സോവനീറിൽ (ഓർമ്മത്താളുകൾ) അച്ചടിച്ചുവന്ന പേജുകൾ അതേപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കണമെങ്കിൽ ഓരോ പേജുകളിലും റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in New Window എന്നതിൽ ക്ലിക്കി, വലുതാക്കി വായിക്കാം. ആദ്യമായി ഒരു അഭിമുഖം നടത്തുന്നതിന്റെ എല്ലാ പോരായ്മകളും ഉണ്ടിതിൽ. വായനക്കാർ സദയം ക്ഷമിക്കുക, പൊറുക്കുക.











Wednesday 2 November 2011

കാടും ഫോട്ടോഗ്രാഫറും


ന്തിനും തയ്യാറായി നിൽക്കുന്ന ഒരു കാട്ടാനയുടെ തൊട്ടുമുന്നിൽ ചെന്നുനിന്ന് പടമെടുക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ചിത്രം ഞങ്ങൾ കുറച്ച് സുഹൃത്തുക്കളെ സംശയാലുക്കളാക്കി. ഫോട്ടോ ഷോപ്പ് എന്ന സോഫ്റ്റ് വെയറിൽ എന്തും ചെയ്തെടുക്കുന്ന കാലമല്ലേ ? ആനയ്ക്ക് മുന്നിൽ ചെന്നുനിന്ന് പടമെടുക്കാനുള്ള സന്ദർഭം ഉണ്ടായാൽത്തന്നെ അത് ഫോട്ടോ എടുക്കാൻ മറ്റൊരാൾ ക്യാമറയുമായി അയാൾക്ക് പിന്നിൽ വേണം. അപ്പോൾപ്പിന്നെ അത് വ്യാജഫോട്ടോ ആകാനുള്ള സാദ്ധ്യതയല്ലേ കൂടുതൽ ?

സംശയം ജനിപ്പിച്ച ചിത്രം - (കടപ്പാട് :- നാലാമിടം)
പക്ഷെ, ചിത്രത്തിൽ കാണുന്നത് പ്രസിദ്ധ വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ.നസീറാണ്. നസീറിനെപ്പറ്റി കേട്ടറിവും വായിച്ചറിവുമുള്ളത് വന്യമൃഗങ്ങൾ അദ്ദേഹത്തിന്റെ മുന്നിൽ ചെന്നുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യും എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ പടം വ്യാജമാണെന്ന് തീർത്ത് പറയാനും വയ്യ.

സാഹിത്യ അക്കാഡമി പുറത്തിറക്കിയ നസീറിന്റെ ‘കാടും ഫോട്ടോഗ്രാഫറും’ എന്ന പുസ്തകത്തിൽ ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമെന്ന് തോന്നിയതുകൊണ്ട് പെട്ടെന്ന് തന്നെ പുസ്തകം സംഘടിപ്പിച്ച് വായിച്ചു. 136 ഗ്ലോസി കടലാസ്സുകളിൽ അച്ചടിച്ചിറക്കിയ 400 രൂപ വിലയുള്ള പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിൽ അവസാനത്തേത് ആനകളുടെ ഗതികേടിനെപ്പറ്റിയുള്ള വിലാപമാണ്. ‘ആനകളുടെ നൊമ്പരം‘ എന്ന ആ അദ്ധ്യായത്തിൽ തുടക്കത്തിൽ പറഞ്ഞ ചിത്രത്തിന്റെ സാഹചര്യം കൃത്യമായി വിവരിക്കുന്നുണ്ട്. ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിക്കാം.

‘കരടിയുടെ കൂടെ’ എന്ന അദ്ധ്യായത്തിൽ കരടിക്ക് മുന്നിൽ കുനിഞ്ഞിരിന്ന് പടമെടുക്കുന്ന നസീറിന്റെ ചിത്രത്തിനൊപ്പം അതിന്റെ സന്ദർഭവും വിശദമാക്കുന്നുണ്ട്. ‘കിങ്ങ് കോമ്പ്ര‘ എന്ന അദ്ധ്യായത്തിലാകട്ടെ, ഷോപ്പിങ്ങ് മാളിനകത്ത് വെച്ച് കണ്ടാൽ‌പ്പോലും പൊതുജനം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഉരഗമായ, രാജവെമ്പാലയെ പിന്തുടർന്ന് കാട്ടിനകത്തേക്ക് കയറി അതിന്റെ കൂടെ മൂന്ന് മണിക്കൂറിലധികം സമയം ചിലവഴിച്ചതിനെപ്പറ്റിയുള്ള വിവരണമാണ്.  

കാടെന്നാൽ നസീറിന് നാടിനേക്കാൾ പരിചിതമായ ഇടമാണ്. കാൽനൂറ്റാണ്ടായി കാട്ടിലൂടെ അലയുകയാണ് ഈ പ്രകൃതിസ്നേഹി. വന്യജീവി ഫോട്ടോഗ്രാഫറായതൊക്കെ അൽ‌പ്പം കൂടെ കഴിഞ്ഞാണ്. നാളിതുവരെ നമ്മളാരും കേൾക്കാത്ത കാട്ടുവഴികളെപ്പറ്റിയും ഇടങ്ങളെപ്പറ്റിയുമൊക്കെ പുസ്തകത്തിൽ പറയുന്നുണ്ട്. ആഴ്ച്ചകളോളം കാട്ടിനകത്ത് തന്നെ കഴിച്ചുകൂട്ടി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ പതുങ്ങിയിരുന്ന് അവറ്റകളുടെ ജീവിതരീതികൾ പഠിക്കുക, ഉള്ള് നിറയെ കാണുക, പിന്നെ അവറ്റകൾ പോസ് ചെയ്ത് കൊടുക്കുന്ന പടങ്ങൾ മതിയാവോളം എടുക്കുക, അങ്ങനെ പോകുന്നു നസീറിന്റെ വനവാസം.  കാട്ടിൽ നിന്ന് കിട്ടുന്നത് കാടിനുതന്നെ മടക്കിക്കൊടുക്കണമെന്ന് വെറുതെ പറയുക മാത്രമല്ല അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കാടിനകത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്, എങ്ങനെ പെരുമാറണം എന്നതൊക്കെ ലളിതവായും നിർബന്ധമായും മനസ്സിലാക്കാൻ പുസ്തകം സഹായിക്കുന്നു. നിറമുള്ള കുപ്പായങ്ങളിട്ട് അത്തറും പൂശി കാട്ടിലേക്കിറങ്ങുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

ഇന്ന് ഏതെങ്കിലും ഒരു പുതുമയുള്ള വന്യജീവിയുടെ പടവുമായേ മടങ്ങിവരൂ എന്നൊരു ഉൾവിളി കാടിനകത്തേക്ക് കയറുമ്പോൾത്തന്നെ നസീറിന് ഉണ്ടാകുന്നുണ്ട്. അത് അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യുന്നു. തവളവായൻ പക്ഷി, മഴമുഴക്കി വേഴാമ്പൽ, തീക്കാക്ക, പുള്ളിപ്പുലി, കലമാൻ, കടുവ, ആന, കുറിക്കണ്ണൻ പുള്ള്, മൂങ്ങ, ചാമ്പൽ മലയണ്ണാൻ, മൂക്കൻ അണ്ണാൻ, സിംഹവാലൻ കുരങ്ങ്, പുള്ളിമാൻ, കാട്ടുനായ(ചെന്നായ), കാട്ടുപോത്ത്, വെള്ളക്കാട്ടുപോത്ത്, നീലഗിരി മാർട്ടെൻ എന്നിങ്ങനെ നസീറിന്റെ ക്യാമറയ്ക്ക് പോസുചെയ്യാത്ത വന്യജീവികൾ വിരളം. വെറുതെ പടമെടുത്ത് കൊണ്ടുവരുക മാത്രമല്ല നസീർ ചെയ്യുന്നത്. ഓരോ വന്യജീവികളുടേയും കൂടെ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ ചിലവഴിച്ച് അതിന്റെയൊക്കെ ആവാസവ്യവസ്ഥിതിയെപ്പറ്റി ആഴത്തിൽ മനസ്സിലാക്കിയാണ് അദ്ദേഹം കാടിറങ്ങുന്നത്. നസീറിന്റെ കാര്യത്തിലാകുമ്പോൾ കാടിറങ്ങുന്നു, കാട്ടിലേക്ക് കയറുന്നു എന്ന പ്രയോഗമൊക്കെ അൽ‌പ്പം വ്യത്യാസപ്പെടുത്തി, വീടിറങ്ങുന്നു, വീട്ടിലേക്ക് കയറുന്നു എന്നൊക്കെ പറയണമെന്ന പക്ഷക്കാരനാണ് ഞാൻ. കാട് അദ്ദേഹത്തിന് വീട് തന്നെ. ഗൾഫ് രാജ്യങ്ങളിൽ ആയോധനകലകൾ പഠിപ്പിച്ച് കുറച്ച് നാൾ കഴിഞ്ഞതിനുശേഷം കേരളത്തിലേക്ക് മടങ്ങി വന്നാൽ, നസീർ തന്റെ ബാഗുമെടുത്ത് ‘വീട്ടി’ലേക്ക് കയറുകയായി. പലപ്പോഴും വിമാനത്താവളത്തിൽ നിന്ന് നേരെ പോകുന്നത് ‘വീട്ടി’ലേക്കായിരിക്കും.

പുസ്തകത്തിന് അനുബന്ധം എഴുതിയിരിക്കുന്നത് ഗിരീഷ് ജനാർദ്ദനനാണ്. ചെറായിക്കാരനായ റിട്ടയേർഡ് അദ്ധ്യാപകൻ പി.ജെ.സെബാസ്റ്റ്യൻ മാഷ് നസീറിനെപ്പറ്റി പറയുന്ന മൂന്ന് വാചകങ്ങളുണ്ട് ആ അനുബന്ധക്കുറിപ്പിൽ. “നേച്ചർ എൻ‌തൂസിയാസം അയാളുടെ ജീനിലുള്ളതാണ്. ഒരു ശക്തിക്കും അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. തന്റെ വനസഞ്ചാരങ്ങൾക്ക് വിഘാതം നിൽക്കുന്നത് സ്വന്തം ഉമ്മയാണെങ്കിൽ അയാൾ അവരേയും ഉപേക്ഷിച്ചുകളയും”

അപ്പറഞ്ഞത് വളരെ ശരിയാണെന്ന് പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ വായനക്കാർക്കും ബോദ്ധ്യപ്പെടും. അല്ലെങ്കിൽ‌പ്പിന്നെ ദിവസങ്ങളോളം ഒരാളെങ്ങനെയാണ് ഒരു മരത്തിൽ കയറി താൻ കാണാൻ ആഗ്രഹിക്കുന്ന പക്ഷികളേയോ മൃഗങ്ങളേയോ കാത്ത് അനങ്ങാതെ ഇരിക്കുക ?! കൂടെക്കൊണ്ടുവന്ന മറ്റ് ഭക്ഷണമൊക്കെ തീർന്നിട്ടും, കൈയ്യിൽ അവശേഷിക്കുന്ന ബിസ്സ്‌ക്കറ്റുകൾ കാട്ടുചോലയിൽ മുക്കി കുതിർത്ത് തിന്ന് ആഴ്ച്ചകളോളം ഒരാളെങ്ങനെയാണ് വനത്തിനകത്ത് ഒറ്റയ്ക്ക് കഴിച്ചുകൂട്ടുക ?! നസീർ കാടിന്റെ ഭാഗമായി മാറുമ്പോൾ, അതേ കാടിന്റെ ഭാഗമായ മറ്റ് ജീവികൾ നിർഭയം നസീറിന്റെ മുന്നിൽ ഇറങ്ങി വരുന്നതാണ് അദ്ദേഹത്തിന്റെ വന്യജീവി ഫോട്ടോഗ്രാഫിയുടെ രഹസ്യമെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. മഴവേഴാമ്പൽ തൊട്ടടുത്ത് വന്നിരുന്ന് ചിറകുകളും തൂവലുകളും ചീകിയൊതുക്കുന്നതും, കരടി അത്തിപ്പഴം കഴിച്ചശേഷം മരത്തിൽ നിന്നിറങ്ങി ചെന്ന് പടത്തിനു പോസുചെയ്യുന്നതും, ഉദരഭാഗത്തെ ചുവപ്പ് നിറം ആർക്കും കാണിച്ചുകൊടുക്കാത്ത തീക്കാക്ക, നസീറിനോട് ഒരു കാമുകനോടെന്ന പോലെ പെരുമാറുന്നതുമൊക്കെ ഇത്തരത്തിൽ സംഭവിക്കുന്നതാണ്.

കരാട്ടേയും തായ്ച്ചിയും അടക്കമുള്ള പല ആയോധന കലകളിലുമുള്ള പ്രാവീണ്യം വനജീവിതത്തിൽ അദ്ദേഹത്തിന് പ്രയോജനപ്പെടുന്നുണ്ട്. ശരീരത്തിന്റെ ഓരോ ചലനങ്ങളും അളന്നുകുറിച്ചുള്ളതായതുകൊണ്ട്, തങ്ങളെ അപായപ്പെടുത്താൻ ഒരാൾ വന്നിരിക്കുന്നു എന്ന തോന്നൽ  വന്യജീവികൾക്ക് ഇല്ലാതാകുന്നു. പേടിയില്ലാതെ കറങ്ങിനടക്കാൻ തുടങ്ങുന്ന അവറ്റകളെ, മനസ്സ് നിറച്ച് കണ്ട് ക്യാമറ നിറച്ച് പടവുമെടുത്ത് മടങ്ങാൻ നസീറിനുമാകുന്നു.

കാടിന്റെ നിയമങ്ങൾ തെറ്റിക്കാതെ, കാടിനെ സ്നേഹിച്ച്, പഠിച്ച്, മനസ്സിലാക്കി എങ്ങനെ കാട്ടിലൂടെ നീങ്ങണമെന്ന് ഓരോ അദ്ധ്യായത്തിലും നസീർ പഠിപ്പിക്കുന്നു. അതിനായി വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, വന്യജീവികളുടെ ശാസ്ത്രീയനാമങ്ങൾ, അവയുടെ മനോഹരമായ ചിത്രങ്ങൾ എന്നതൊക്കെ പുസ്തകത്തെ സമ്പന്നമാക്കുന്നു. വഴിമുടക്കി നിൽക്കുന്ന ഒരു മരത്തിന്റേയോ ചെടിയുടേയോ ഇലകൾ പോലും ആരും പറിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. കൂടെയുള്ളവരോട് ചില നമ്പറുകൾ ഇറക്കിയിട്ടാണെങ്കിലും നസീർ അക്കാര്യം സാധിച്ചെടുക്കുകയും ചെയ്യുന്നു. വന്യജീവി ഫോട്ടോഗ്രാഫി മേഖലയിൽ ഇന്ന് നിലവിലുള്ള പല അനാശാസ്യ നടപടികളും പുസ്തകത്തിലൂടെ നസീർ തുറന്നുകാട്ടുന്നു; അതിനൊക്കെ എതിരായി ശബ്ദം ഉയർത്തുകയും ചെയ്യുന്നു.

ഇതൊക്കെയാണെങ്കിലും പുസ്തകത്തോട് ചില വിയോജിപ്പുകൾ ഉണ്ടെന്ന് പറയാതെ വയ്യ. നല്ല ഒഴുക്കുള്ള കാട്ടരുവിയിൽ ഇറങ്ങിക്കിടക്കുന്നതുപോലുള്ള വായനാസുഖം എല്ലാ അദ്ധ്യായങ്ങളും തരുന്നില്ല. ചിലതെല്ലാം ഒന്നുകൂടെ അടുക്കും ചിട്ടയും ആക്കാമായിരുന്നു. ഒരു ആൽബം പോലെ സൂക്ഷിക്കാനാവുന്ന വന്യമൃഗങ്ങളുടെ പടങ്ങളിൽ പലതും, സന്നിവേശിപ്പിച്ചിരിക്കുന്നത് മറ്റാരും എടുത്തുകൊണ്ടുപോയി കോപ്പിറൈറ്റ് ലംഘനം നടത്തരുത് എന്ന ലക്ഷ്യത്തോടെ ആണോ എന്നൊരു സംശയം. അവസാനമായി പുസ്തകത്തിന്റെ പേരിന്റെ കാര്യത്തിലാണ് ഭിന്നാഭിപ്രായം. നസീർ വെറുമൊരു വന്യജീവി ഫോട്ടോഗ്രാഫർ അല്ലെന്ന് രണ്ട് അദ്ധ്യായങ്ങൾ വായിക്കുന്നതോടെ ആർക്കും മനസ്സിലാകും. ഒന്നാന്തരം ഒരു പ്രകൃതിസ്നേഹിയും വനസംരക്ഷകനും കൂടെയാണ് അദ്ദേഹം. പിന്നെന്തിന് ഫോട്ടോഗ്രാഫർ എന്ന തലക്കെട്ടിൽ മാത്രം നസീറിനെ ഒതുക്കി ?

അയൽ‌വാസിയായ നസീറിന്റെ പുസ്തകം വായിച്ചതുകൊണ്ട് വ്യക്തിപരമായി എനിക്കുണ്ടായിരിക്കുന്ന ഒരു ഗുണം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. ആനയോ പുലിയോ കടുവയോ ഇറങ്ങാൻ സാദ്ധ്യതയുള്ള ചില കാടുകളിലൂടെ ഈയുള്ളവനും ചിലപ്പോഴൊക്കെ കടന്നുപോയിട്ടുണ്ട്. വന്യജീവികളൊന്നും മുന്നിൽ വന്ന് ചാടി കുഴപ്പമുണ്ടാക്കരുതേ എന്ന പ്രാർത്ഥനയായിരിക്കും അപ്പോഴെല്ലാം. ‘കാടും ഫോട്ടോഗ്രാഫറും‘ വായിച്ച് കഴിഞ്ഞതോടെ ആ പ്രാർത്ഥനയ്ക്ക് ഉള്ളിലിടമില്ലാതായിരിക്കുന്നു. വന്യജീവികളെയൊക്കെ കണ്ണ് നിറച്ച് കാണാനാകണേ എന്ന പ്രാർത്ഥനയാകും ഇനിയങ്ങോട്ട്.

Wednesday 5 October 2011

പോരാട്ടത്തിന്റെ നൃത്തച്ചുവടുകൾ

ഈ ലേഖനം മാതൃഭൂമി (2011 ഒൿടോബർ 30 ലക്കം) ബ്ലോഗനയിൽ

ചില കാര്യങ്ങളിൽ തിരുവനന്തപുരത്തുകാരോട് ശരിക്കും അസൂയ തോന്നാറുണ്ട്. ഫിലിം ഫെസ്റ്റിവലുകൾ, സൂര്യയുടെ സംഗീതോത്സവങ്ങൾ, എന്നിങ്ങനെ ദേശീയ തലത്തിലും അല്ലാത്തതുമായ ഒരുപാട് കലാകാരന്മാരുടെ വ്യത്യസ്തമായ പരിപാടികൾ കാണാൻ അവർക്കാകുന്നുണ്ട്. എറണാകുളത്ത് താരത‌മ്യേന അത്തരം പരിപാടികൾ കുറവാണ്. ലളിത കലാ അക്കാഡമി ഹാളിലെ പരിപാടികൾക്ക് അംഗങ്ങൾ കയറി ഇരുന്ന ശേഷം ഹാളിൽ ഇടം ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരെ പ്രവേശിപ്പിക്കൂ.  ഒരില ചോറിനായി കല്യാണവീട്ടിലെ തിരക്കൊഴിയാൻ പന്തലിന് വെളിയിൽ  കാത്തുനിൽക്കുന്ന ഭിക്ഷക്കാരന്റെ ഗതികേടാണത്. നല്ലൊരു കലാപ്രകടനം കാണാമല്ലോ എന്ന ചിന്ത മാത്രമാണ് പലപ്പോഴും അതിനെ അതിജീവിക്കാറുള്ളത്. അംഗത്വം എടുക്കാൻ ലക്ഷങ്ങൾ ചിലവാക്കാൻ എത്രപേരെക്കൊണ്ടാവും ? അങ്ങനെയുള്ള സാഹചര്യത്തിൽ JTPAC(http://jtpac.org/)ശരിക്കും ഒരു ആശ്വാസമാണ്. മേൽ‌പ്പറഞ്ഞതുപോലെയുള്ള വ്യത്യസ്തമായ പരിപാടികൾ കാണാൻ JTPAC സൌകര്യമൊരുക്കുന്നു. ജോസ് തോമസിന് നന്ദി പറയാതെ വയ്യ.

അവസാനമായി JTPACൽ പോയത് പ്രമുഖ നർത്തകി ഡോ: മല്ലികാ സാരാഭായിയുടെ, India - Now, Then, Forever എന്ന നൃത്തപരിപാടി കാണാനാണ്. അത്ര നിസ്സാരമായി നർത്തകി എന്ന ലേബലിൽ മാത്രം മല്ലികാ സാരാഭായിയെ ഒതുക്കിപ്പറയുന്നത് അക്ഷന്തവ്യമായ അപരാധമാണ്. നർത്തകി, നടി, പ്രക്ഷോഭകാരി, നൃത്തസംവിധായിക, അദ്ധ്യാപിക, എഴുത്തുകാരി, പ്രസാധക, സാമൂഹ്യപ്രവർത്തക, എന്നിങ്ങനെയുള്ള വിശേഷണങ്ങൾ തികയാതെ വരും പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ച ഈ വനിതാരത്നത്തെപ്പറ്റി പറയുമ്പോൾ. എന്നിരുന്നാലും ഒരു കമ്മ്യൂണിക്കേറ്റർ എന്ന നിലയ്ക്ക് സ്വയം പരിചയപ്പെടുത്താനാണ് അവർക്ക് താൽ‌പ്പര്യം. ശരിയാണ്, മുകളിൽ‌പ്പറഞ്ഞ എല്ലാ മേഖലകളിലൂടെയും, സമൂഹത്തിന്റെ പരിവർത്തനത്തിന് അവശ്യം കൈക്കൊള്ളേണ്ട നിലപാടുകൾ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനാണ്  മല്ലിക സാരാഭായ് ശ്രമിക്കുന്നത്. നൃത്തത്തിന്റെ വഴി അതിലൊന്ന് മാത്രമാണവർക്ക്. മറ്റുള്ള വഴികൾ ഓരോന്നും നമ്മൾ ഇന്ത്യാക്കാർ സമയാ സമയത്ത് കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതാണ്. രണ്ടാഴ്ച്ച മുന്നേ നരേന്ദ്ര മോഡിയുടെ പൊലീസ്, നർത്തകിയെ അറസ്റ്റ് ചെയ്ത് നീക്കിയതിന്റെ വാർത്തകൾ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചതാണ്.

നൃത്തരൂപങ്ങളിൽ ഒന്നിൽ നിന്ന്....
നൃത്തരൂപത്തെപ്പറ്റി അൽ‌പ്പമെങ്കിലും പറയാതെ മറ്റ് കാര്യങ്ങൾ പറയുന്നത് അസ്ഥാനത്താകുമെന്ന് അറിയാം. ട്രൈബൽ നൃത്തത്തിന്റെ വളരെ വ്യത്യസ്തമായ ചുവടുകൾ ചവിട്ടി ആരംഭിക്കുന്ന നൃത്തപരിപാടി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നതും വളർന്നുവന്നതുമായ നൃത്തരൂപങ്ങളിലൂടെ കടന്ന് ചക്രവ്യൂഹത്തിലെ അഭിമന്യുവിലൂടെ സഞ്ചരിച്ച്, ഹിന്ദി സിനിമാ ഗാനങ്ങളിലെ ഗാനരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കമ്പോസിങ്ങിലൂടെ ക്ലൈമാക്സിലെത്തുമ്പോൾ, മല്ലിക സാരാഭായി എന്ന പ്രധാന നർത്തകിക്കൊപ്പം മറ്റ് സംഘാംഗങ്ങളുടെ കൂടെ നൃത്തചാരുതയും മെയ്‌വഴക്കവുമാണ് കാണികൾക്ക് ദൃശ്യവിരുന്നാകുന്നത്. ഓരോ നൃത്തരൂപങ്ങൾ കഴിയുമ്പോഴും നീണ്ടുനിൽക്കുന്ന കൈയ്യടി കാണികളുടെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതാണ്. കൈയ്യടി മുഴുവനാകും മുൻപേ വേഷം മാറി അടുത്ത നൃത്തരൂപവുമായി കലാകാരന്മാർ രംഗത്തെത്തുന്നു. അമ്മ, മൃണാളിണി സാരാഭായി തുടങ്ങിവെച്ച ദർപ്പണ അക്കാഡമി ഓഫ് പെർഫോമിങ്ങ് ആർട്ട്‌സിലെ കലാകാരന്മാർ നൃത്തത്തോടൊപ്പം യോഗാഭ്യാസവും ജീവിതചര്യ ആക്കിയവരാണെന്ന് നൃത്തരൂപങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ക്ലാസ്സിക്കൽ, നാടോടി, ട്രൈബൽ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒന്നിനൊന്ന് വ്യത്യസ്തമായ നൃത്തരൂപങ്ങൾക്കനുസരിച്ച് വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാർക്കും വേദിയിൽ സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒന്നിലധികം വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാരാണ് സംഘത്തിലുള്ളവരിൽ പലരും. ജയൻ മേനോൻ എന്ന കലാകാരന്റെ പ്രധാന ജോലി ഗായകന്റേതാണെങ്കിലും, പാട്ടിനൊപ്പം തന്നെ അഞ്ചോളം വാദ്യോപകരണങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. വാദ്യമേളങ്ങൾ മാത്രം സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു രംഗത്തിൽ നർത്തകരെപ്പോലെ തന്നെ വാദ്യമേളക്കാരും മികവുറ്റവരാണെന്ന് തെളിയിക്കുന്നുണ്ട്.

‘യേ ക്യാ തമാശാ ഹേ‘ എന്ന നൃത്തശിൽ‌പ്പത്തിൽ നിന്ന്
ഭാരതീയ സംസ്ക്കാരത്തിന്റേയോ പൈതൃകത്തിന്റേയോ ഭാഗമായ ഏതെങ്കിലും ഒരു നൃത്തരൂപത്തോട് നീതി പുലർത്തുന്ന ഒരു തുണ്ടിനായി പൊയ്‌മുഖങ്ങൾക്കിടയിൽ തിരയുന്ന മല്ലികയെത്തന്നെയാണ്, ‘യേ ക്യാ തമാശാ ഹേ’ എന്ന് തുടങ്ങുന്നതും ഹിന്ദി സിനിമാ ഗാനത്തെ അനുസ്മരിപ്പിക്കുന്നമായ നൃത്തരംഗത്ത് പ്രേക്ഷകർ കാണുന്നത്. മാറിടം കുലുക്കി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ, നൃത്തസംവിധായകന്റെ തലയ്ക്ക് കസേര കൊണ്ടടിച്ച് ഹിന്ദി സിനിമയിൽ നിന്നുതന്നെ ഇറങ്ങിപ്പോന്ന വ്യക്തിത്വത്തിന് ഉടമയാണവർ. സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു ചെറിയ നീക്കത്തെപ്പോലും ശക്തിയുക്തം അവർ എതിർത്തിരിക്കുമെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത് ?

സ്വാതന്ത്ര്യസമര പോരാളികളായ ക്യാപ്റ്റൻ ലക്ഷ്മിയേയും കുട്ടിമാളു അമ്മയേയും പോലുള്ള ധീരവനിതകളെ കണ്ടും കേട്ടും അറിഞ്ഞും വളർന്ന ആനക്കര വടക്കത്ത് തറവാട്ടിലെ ഒരംഗത്തിന്റെ പോരാട്ടം സ്വതന്ത്ര ഇന്ത്യയിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിനവർ നൃത്തവും എഴുത്തും വിദ്യാർത്ഥികൾ അടക്കമുള്ള സ്ത്ര്രീസമൂഹത്തിലേക്ക് നേരിട്ടിറങ്ങിച്ചെന്നുള്ള പ്രവർത്തനവുമൊക്കെ മാർഗ്ഗമാക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയക്കാരോട് ഏറ്റുമുട്ടി കെട്ടിവെച്ച കാശ് നഷ്ടപ്പെടുന്നതിൽ അവർക്കൊട്ടും ദുഃഖമില്ല. പക്ഷെ, പോരാട്ടത്തിനൊടുവിൽ എന്നെങ്കിലും സ്വതാൽ‌പ്പര്യങ്ങൾക്ക് അതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, കക്ഷിരാഷ്ട്രീയക്കാരന്റെ കൊടിക്കീഴിലല്ലാതെ അണിനിരക്കാൻ പോന്ന 50 പേരെയെങ്കിലും പാർലിമെന്റിൽ എത്തിക്കാൻ പറ്റിയാൽ നാടിന്റെ കഷ്ടകാലം കഴിയുമെന്നവർ വിശ്വസിക്കുന്നു. ലക്ഷ്യത്തിലെത്താൻ സഹായത്തിനായി ബ്ലോഗുകൾ പോലുള്ള ആയുധങ്ങൾ നമുക്കില്ലേ എന്നവർ ചോദിക്കുന്നു.

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളോട് കേരള വനിതകളുടെ പ്രതികരണം ഇപ്പോഴുള്ള നിലയിലല്ല വേണ്ടത്. പ്രായപൂർത്തിയായ പെൺകുട്ടികളുടെ ബാദ്ധ്യത ഒഴിവാക്കാൻ മാതാപിതാക്കൾ നൽകുന്ന കൈക്കൂലിയാണ് സ്ത്രീധനം. അത് ആദ്യം മനസ്സിലാക്കേണ്ടത് പെൺകുട്ടികൾ തന്നെയാണ്. ഇപ്പോൾ കേരള സ്റ്റേറ്റ് വിമൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷനുവേണ്ടി ഒരു ബോധവൽക്കരണ പദ്ധതിയിൽ വ്യാപൃതയാണവർ. കേരളത്തിലെ ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥിനികളിലേക്ക് പോരാട്ടത്തിന്റെ വീര്യം അവർ പകർന്നു നൽകുന്നത്, ഇനിയുള്ള നാളുകളിൽ നമുക്ക് കാണാനായെന്ന് വരും.

പത്മഭൂഷൻ ഡോ:മല്ലികാ സാരാഭായ്
സുഗതകുമാരി ടീച്ചറും അജിതയുമൊക്കെ കഴിഞ്ഞാൽ എടുത്ത് പറയാൻ ഒരു വനിതയുടെ ശബ്ദമുണ്ടോ പുതുതലമുറയിലെന്ന് അവർ ചോദിക്കുമ്പോൾ മലയാളിപ്പെണ്ണുങ്ങൾക്കും മറുപടി ഉണ്ടായെന്ന് വരില്ല. വിക്രം സാരാഭായ് ഒരു ക്യാബറേ നർത്തകിയെയാണ് വിവാഹം ചെയ്ത് കൊണ്ടുചെന്നതെന്ന് വടക്കേ ഇന്ത്യക്കാരിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് അമ്മ മൃണാളിണി സാരാഭായിയെ ഉദ്ധരിച്ച് മല്ലിക പറയുന്നു. താൻ ദക്ഷിണേന്ത്യയിൽ നിന്ന് സ്ത്രീധനമായി കൊണ്ടുചെന്നത് നൃത്തകലയുടെ മൂർത്തഭാവങ്ങളാണെന്ന് മൃണാളിണി സാരാഭായ് പറയുമ്പോൾ, വർഷങ്ങൾക്ക് ശേഷം ആ അമ്മയുടെ മകൾ കേരളത്തിലേക്ക് സംഭരിച്ച് കൊണ്ടുവരുന്നത്  നിലനിൽ‌പ്പിന്റേയും പോരാട്ടത്തിന്റേയും പുതിയ ചുവടുകൾ അല്ലെന്ന് ആരുകണ്ടു ?!

പ്രേക്ഷകരോട് സംവദിച്ചുകൊണ്ട് അൽ‌പ്പനേരം.
JTPAC ലെ രണ്ട് മണിക്കൂറിനടുക്കെ വരുന്ന നൃത്തസന്ധ്യയ്ക്കും അതിനുശേഷം പ്രേക്ഷകരുമായി സംവദിച്ച 15 മിനിറ്റ് സമയത്തും  മല്ലികാ സാരാഭായ് എന്ന വ്യക്തിപ്രഭാവം പകർന്നു നൽകിയത് നൃത്തകലയ്ക്കൊക്കെ ഉപരിയായ അത്തരം ചില പ്രതീക്ഷകളായിരുന്നു.

ആദ്യത്തെ മൂന്ന് ചിത്രങ്ങൾക്ക് കടപ്പാട് :- http://www.mallikasarabhai.com/

Friday 16 September 2011

മമ്മൂട്ടിയുടെ കാഴ്‌ച്ചപ്പാട്


നുഗൃഹീത ഈജിപ്ഷ്യൻ നടൻ ഒമാർ ഷെറീഫിന്റെ പേര്, സ്വന്തം പേരാക്കി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, മമ്മൂട്ടിക്ക് മഹാരാജാസ് കോളേജിൽ. ഒരു ദിവസം പുസ്തകത്തിനിടയിൽ നിന്ന് തിരിച്ചറിയൽ കാർഡ് അറിയാതെ നിലത്തുവീണു. സഹപാഠിയായ ശശിധരൻ അതെടുത്ത് വിളിച്ചുകൂവി.

“നിന്റെ പേര് മുഹമ്മദ് കുട്ടീന്നാണല്ലേ ? എടാ കള്ളാ വേറെ പേരിൽ നടക്കുന്നോടാ മമ്മൂട്ടീ “

അങ്ങനെ മമ്മൂട്ടി എന്ന പേര് ആദ്യമായി ശശിധരൻ വിളിച്ചു. മുഹമ്മദ് കുട്ടിക്ക് ആദ്യകാലത്ത് അത്ര ഇഷ്ടമല്ലായിരുന്ന ആ പേര്, ഇന്നിപ്പോൾ ബഹുമാനത്തോടെയും ആദരവോടെയും ആരാധനയോടെയും അസൂയയോടെയും മലയാളികളായ മലയാളികളൊക്കെയും വിളിക്കുന്നു. സിനിമയ്ക്ക് വേണ്ടി സജിൻ എന്നൊരു പേരും മമ്മൂട്ടി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ കൂടെ ബ്രാക്കറ്റിൽ എഴുതിവന്ന മമ്മൂട്ടി എന്ന പേരിൽത്തന്നെ ലോകമെമ്പാടും അറിയപ്പെടാനായിരുന്നു വിധി.

79 പേജ്, 50 രൂപ. കറന്റ് ബുക്സ് തൃശൂരിന്റെ കാഴ്ച്ചപ്പാട് എന്ന മമ്മൂട്ടി പുസ്തകത്തിന് അവതാരികയോ  ആമുഖമോ ഇല്ല. 23 ലേഖനങ്ങളുടെ ലിസ്റ്റ് കഴിഞ്ഞാൽ ലേഖനങ്ങൾ മാത്രം നിറുത്താതെ വായിച്ചങ്ങ് പോകാം. 

‘രതീഷ് എനിക്ക് നിന്നെ ആ വേഷത്തിൽ കാണണ്ട’ എന്ന അദ്ധ്യായം എവിടെയോ മുൻപ് വായിച്ചത് പോലെ തോന്നി. ആനുകാലികങ്ങളിൽ എവിടെയോ മുൻപ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാകണം ഈ ലേഖനങ്ങളൊക്കെയും. ഓരോ ലേഖനങ്ങൾക്ക് കീഴെയും കാണുന്ന തീയതി സൂചിപ്പിക്കുന്നത് അത് തന്നെയാകാതെ തരമില്ല.

‘മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണോ’ എന്ന് ജനം അന്നും ഇന്നും പരസ്പരം ചോദിച്ചും പറഞ്ഞും കൊണ്ടിരിക്കുന്ന വിഷയത്തിന്, മമ്മൂട്ടി തന്നെ മറുപടി പറയുന്നു അതേ പേരിട്ട അദ്ധ്യായത്തിൽ. അമിതാഭ് ബച്ചനുമായി ഒരിക്കൽ ഒരു വേദി പങ്കിട്ട അനുഭവത്തിൽ നിന്നാണ് മമ്മൂട്ടിയത് സമർത്ഥിക്കുന്നത്. ബച്ചന്റെ മുന്നിൽ ആരും കൊച്ചായിപ്പോകും എന്നത് മമ്മൂട്ടിക്കും അനുഭവപ്പെടുന്നു. ജാഡ മമ്മൂട്ടിക്ക് മാത്രമല്ല, മലയാളികൾക്ക് ഒക്കെയും ഉണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ ബച്ചനുമായി ഇടപഴാകാൻ അവസരം ഉണ്ടാകണം. തന്നിലുള്ള മലയാളി ഘടകമാണ് തന്നെ ജാഡക്കാരനാക്കുന്നതെന്നും, ബച്ചനെ ഓർക്കുമ്പോളെല്ലാം സ്വയം തിരുത്താൻ ശ്രമിക്കാറുമുണ്ടെന്ന് ലേഖകൻ പറയുന്നു. എല്ലാ മലയാളികളും തിരുത്തിയിരുന്നെങ്കിൽ !

കോയമ്പത്തൂരിലെ പളനിയപ്പ കൌണ്ടറുടെ ജോലിക്കാരനായ ഷുക്കൂർ ബാവ എന്ന സുഹൃത്തിന്റെ നിശബ്ദപ്രണയം ഉദാഹരിച്ചുകൊണ്ട് മമ്മൂട്ടി പറയുന്നത്, കൌമാരകാലത്തെ തന്റെ പ്രണയവും, കണ്ടുമുട്ടിയതിന്റെ രണ്ടാം നാളിൽ സിനിമാ തീയറ്ററിലേക്കും ഐസ്‌ക്രീം പാർലറിലേക്കും ഇന്റർ‌നെറ്റ് കഫേയിലേക്കുമൊക്കെ നീളുന്ന പുത്തൻ പ്രണയങ്ങളുമൊക്കെ ഉള്ള് പൊള്ളയായത് ആണെന്നാണ്.

സെറ്റിൽ വെച്ചുണ്ടാകുന്ന സംഭവങ്ങൾ, പരിചയപ്പെടാനെത്തുന്നവരുടെ പെരുമാറ്റങ്ങൾ, അവരിൽ ചിലർ കണ്ണ് തുറപ്പിക്കുന്ന അനുഭവങ്ങൾ നൽകുന്നത്, പ്രതിഫലം വാങ്ങാതെ നിർമ്മാതാവിനോട് മധുരപ്രതികാരം ചെയ്യുന്നത്, ആദ്യത്തെ ആരാധകന്റെ ചോര പുരണ്ട മുഖം, ഷൂട്ടിങ്ങിന്റെ ഇടവേളയിൽ വിഷാദത്തോടെ ഇരിക്കുന്ന നായിക തന്റെ പ്രണയത്തിന്റേയും കാമുകന്റെ അകാലമൃത്യുവിന്റേയും നൊമ്പരം പങ്കുവെക്കുന്നത്, മമ്മൂട്ടിയെ ആദ്യമായി സിനിമയിലെത്തിച്ച ഫരീദിക്ക എന്ന നടൻ പക്ഷെ അന്നും ഇന്നും ഒന്നോ രണ്ടോ സീനിൽ ഒതുങ്ങുന്ന വേഷങ്ങൾ മാത്രം ചെയ്ത് ‘ഈ പടത്തിലും എനിക്കൊരു വേഷമുണ്ട്‌ട്ടോ’ എന്ന് പറഞ്ഞ് പോകുന്നത്....എന്നിങ്ങനെ സിനിമാക്കഥകൾ വേണ്ടുവോളമുണ്ട് പുസ്തകത്തിൽ. കഥകൾ പലതും അവസാനിക്കുന്നത് പുസ്തകത്തിന്റെ പേരുപോലെ തന്നെ മമ്മൂട്ടിയുടെ കാഴ്ച്ചപ്പാടുകൾ വെളിപ്പെടുത്തിക്കൊണ്ടാണ്. ചിലതിന്റെയൊക്കെ അവസാനവരികൾ ഒരു പ്രാർത്ഥനയോടെയാണ് തീരുന്നത്.

‘ഞാനോ ഡയമണ്ട് ബാബുവോ, ആരാണ് ഹീറോ ?’ എന്ന അദ്ധ്യായത്തിൽ പറയുന്നത്, സിനിമയിലെ നായകൻ ജീവിതത്തിൽ നിസ്സഹായനാകുന്നതും, സിനിമയിലെ വില്ലൻ ജീവിതത്തിൽ നായകനാകുന്നതുമായ അനുഭവമാണ്. ‘ആന്ധ്രയിലെ വീയാർ മലയാളീസ് ‘ എന്ന അദ്ധ്യായത്തിൽ പറയുന്നത് മലയാളികളുടെ ഭാഷാവൈരുദ്ധ്യങ്ങളെപ്പറ്റിയാണ്. മലയാളത്തിൽ സംസാരിക്കാൻ മലയാളിക്ക് എന്തോ വിമ്മിട്ടമുള്ളത് പോലെ. മലയാളം സംസാരിച്ചാൽ വിദ്യാഭ്യാസമില്ലാത്തവനാണെന്ന് ജനം ധരിക്കുമെന്ന് ഒരു പേടിയുള്ളത് പോലെ. എന്നിട്ട് ഒരു ഇന്റർവ്യൂ സമയം ആകുമ്പോൾ അയാൾക്ക് ഇംഗ്ലീഷ് വരുന്നില്ല, കൂട്ടുകാർക്കിടയിലും അനാവശ്യ അവസരങ്ങളിലും പൊങ്ങച്ചമെന്നപോലെ ഇംഗ്ലീഷ് പറയുന്നതിന് ഒരു കുറച്ചിലുമില്ല. സ്വന്തം കാര്യത്തിലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന സത്യം ലേഖകൻ ബോധിപ്പിക്കുന്നുണ്ട്.

കാശ്മീരിലെ ഷൂട്ടിങ്ങിനിടയിൽ, വാഹനം കേടായി ഭക്ഷണമൊന്നും ഇല്ലാതെ കുറെ മണിക്കൂറുകൾ വഴിയിൽ കിടന്ന്, മരണമടുത്തു എന്ന് ചിന്തിക്കേണ്ട ഒരു ഘട്ടമുണ്ടായപ്പോൾ, ശരീരവും മനസ്സും ഉറഞ്ഞുപോകുന്ന കൊടും തണുപ്പിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിർത്തികളിൽ, ഒരു വെടിയുണ്ട ദൂരത്തിൽ ജീവിതവും മരണവും കൊണ്ടുനടക്കുന്ന ധീരജവാന്മാരെ നടൻ സ്മരിക്കുന്നു. അവർ ചെയ്യുന്ന ത്യാഗത്തിന്റെ വില അമൂല്യമാണെന്ന് മനസ്സിലാക്കുന്നു.

‘അവിയൽ, അറിയൽ‘ എന്ന ലേഖനം, നഗരത്തിന്റെ കറപുരളാത്ത പച്ചയായ മനുഷ്യരുടെ സ്നേഹത്തിന്റേയും നിഷ്ക്കളങ്കതയുടേയും സഹജീവിയോടുള്ള കരുതലിന്റേയും വിവരണമാണ്. പൊന്തൻ‌മാട എന്ന സിനിമയിലെ ഒരു സീനിൽ തമ്പുരാന്റെ ജോലിക്കാർക്കൊപ്പം മാട ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് രംഗം. ജോലിക്കാരായി അഭിനയിക്കാൻ കൊണ്ടുവന്നിരിക്കുന്നവർക്ക് കട്ടും ആക്ഷനും ഒന്നും ബാധകമല്ല. ഊണ് വിളമ്പി മുന്നിൽ വെച്ചിട്ടുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തിന്ന് തീർത്ത് സ്വന്തം ജോലിയിലേക്ക് മടങ്ങുന്ന പച്ചയായ ഗ്രാമീണരാണ് അവർ. പന്തിയിൽ ഇരിക്കുന്ന മമ്മൂട്ടി എന്ന നടനേയും അവർ തിരിച്ചറിയുന്നില്ല. മമ്മൂട്ടിയുടെ ഇലയിൽ അവിയൽ ഇല്ലെന്ന് മനസ്സിലാക്കിയപ്പോൾ തൊട്ടടുത്തിരിക്കുന്ന കക്ഷി സ്വന്തം കൈകൊണ്ട് തന്റെ ഇലയിലെ അവിയൽ വാരി മമ്മൂട്ടിയുടെ ഇലയിലേക്ക് ഇടുന്നു. ചോദിക്കുക പോലും ചെയ്യാതെ കണ്ടറിഞ്ഞ് പങ്കുവെക്കുന്ന ഒരു ഗ്രാമീണനെ, അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഭക്ഷണമില്ലെങ്കിൽ ആഹാരമിറങ്ങാത്ത ഒരു നാടൻ മനുഷ്യനെയാണ് നടൻ അവിടെ കാണുന്നത്. പട്ടണത്തിലെ തീൻ‌മേശയിൽ ആയിരുന്നെങ്കിൽ മാനേഴ്‌സ് തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഭവമായി മാറുമായിരുന്ന ആ പെരുമാറ്റം, അതിന്റെ എല്ലാ നല്ല അർത്ഥത്തിലും ലേഖകൻ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പൊന്തൻ‌മാട എന്ന വേഷത്തിന് കിട്ടിയ ഒരു ബഹുമതിയായി കണക്കാക്കി, തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റൊരാൾ അയാളുടെ കൈകൊണ്ട് വാരിയിട്ട ആ ഒരുപിടി അവിയൽ കഴിക്കാനും അദ്ദേഹത്തിനാകുന്നു.

തന്റെ വാഹനഭ്രമത്തേയും അതിവേഗതയേയും പറ്റി പറയുന്ന ‘മമ്മൂട്ടിയുടെ പ്രതിഫലം 2 രൂപ’ എന്ന ലേഖനത്തിൽ, വാഹനമോടിക്കുമ്പോൾ തനിക്ക് കൂട്ടായി വരുന്ന, നിയന്ത്രിക്കാനുള്ള അധികാരം, നിയന്ത്രണം, വേഗത, ജാഗ്രത, ദൂരക്കാഴ്ച്ച എന്നീ അഞ്ച് കാര്യങ്ങളാണ് മമ്മൂട്ടി സമർത്ഥിക്കുന്നത്. ഈ അഞ്ച് കാര്യങ്ങളും ബാക്കിവെച്ച് വാഹനത്തെ മാത്രം നീക്കം ചെയ്ത് സങ്കൽ‌പ്പിച്ചാൽ, ജീവിത വിജയത്തിന്റെ ഒരു ഫോർമുല അതിലൊളിഞ്ഞ് കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘ദൈവം കണ്ണടയ്ക്കുന്ന ചില കാര്യങ്ങൾ’, ഭിക്ഷയെടുത്ത് പഴനിക്ക് പോകുന്ന ചെമ്പിലുള്ള മുരളിയെന്ന സ്ക്കൂൾ സഹപാഠിയെപ്പറ്റിയുള്ളതാണ്. ഒരു കള്ളത്തരത്തിന്റെ കഥയാണതെങ്കിലും ആർദ്രമായ ഒരു ജീവിതകഥകൂടെ അതിലുണ്ട്. 30 വർഷത്തിനുശേഷം മുരളിയെ വീണ്ടും കാണുമ്പോൾ അയാൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയിൽ നിന്ന്, മുരളിയുടെ ആദ്യത്തെ കള്ളത്തരം ദൈവം കണ്ണടച്ചു കളഞ്ഞിരിക്കുന്നു എന്ന് ലേഖകൻ വ്യാഖ്യാനിക്കുന്നു.

രാഷ്ട്രീയം, ഭക്ഷണം, നോമ്പ്, കൈക്കൂലി, കമ്പ്യൂട്ടർ, ആതിഥേയത്വം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ കാഴ്ച്ചപ്പാടുകൾ മുതൽ, പഴയ വക്കീൽ ജോലിയിലെ ചില അനുഭവങ്ങൾ വരെ ലേഖനങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നു. അതിപ്രശസ്തനായ നടനായതുകൊണ്ട്, മമ്മൂട്ടിയുടെ ഈ കഥകൾ പലതും പലവഴിക്ക് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകാം. കേട്ട കഥയായാലും കേൾക്കാത്ത കഥയായാലും, ഓരോ വിഷയത്തിലും മമ്മൂട്ടിയുടെ കാഴ്ച്ചപ്പാട് എന്തൊക്കെയാണെന്ന് അറിയാൻ പുസ്തകത്തിലൂടെ തന്നെ കടന്ന് പോകേണ്ടിയിരിക്കുന്നു.

Saturday 3 September 2011

സ്ക്കൂൾ ഡയറി


ഡീയോൻ, ഏയോൻ എന്നൊക്കെ കേട്ടാൽ ഇതെന്ത് കുന്തമാണെന്ന് വാ പൊളിക്കേണ്ടതില്ല. അൿബർ കക്കട്ടിൽ തന്റെ ‘സ്ക്കൂൾ ഡയറി‘ എന്ന പുസ്തകത്തിൽ വിദ്യാഭ്യാസ വകുപ്പിലെ AEO, DEO  എന്നീ മേലുദ്യോഗസ്ഥരെ പരാമർശിക്കുന്നത് അങ്ങനെയാണ്.  ‘വാർപ്പിന്റെ പണിക്കാർ‘ എന്ന് വിശേഷിപ്പിക്കുന്നത് താനടക്കമുള്ള അദ്ധ്യാപകരെയാണ്. പുതുതലമുറയെ വാർത്തെടുക്കലാണല്ലോ അദ്ധ്യാപകരുടെ ജോലി.

അൿബർ കക്കട്ടിലിന്റെ ‘കക്കട്ടിൽ യാത്രയിലാണ് ‘ വായിച്ച് തീർന്ന ഉടനെ തന്നെ, മാതൃഭൂമി പബ്ലിക്കേഷൻ പുറത്തിറക്കിയ ‘സ്ക്കൂൾ ഡയറി‘ വാങ്ങി വെച്ചിരുന്നെങ്കിലും വായിക്കാൻ അൽ‌പ്പം വൈകി. ഒന്നാന്തരം ഒരു ചിരിയ്ക്കുള്ള വകയാണ് സ്ക്കൂൾ ഡയറി നൽകുന്നത്. പത്താം തരം പരീക്ഷ കഴിയുമ്പോൾ, മാസികകളിലെ  ഫലിതബിന്ദുക്കളെ വെല്ലുന്ന തരത്തിലുള്ള ചില ഉത്തരങ്ങൾ പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അൿബർ മാഷ് ഇതിപ്പോ പരീക്ഷക്കടലാസിലെ മാത്രമല്ല, വിദ്യാലയങ്ങളിലെ മൊത്തം നർമ്മങ്ങൾ വാരിക്കൂട്ടി സ്ക്കൂൾ ഡയറിയിൽ നിറച്ചിരിക്കുകയാണ്.

കുട്ടികൾക്കിടയിലെ ലൌ ലെറ്റർ ഒരദ്ധ്യാപകൻ പിടികൂടി. അതിലെ വരികൾ ഇങ്ങനെ.

‘സൊപ്‌നങ്ങളെല്ലാം പങ്കുവയ്‌ക്കാം.
ദൊക്കബാരങ്ങളും പങ്കുവെക്കാം.
നൊമ്മളെ നൊമ്മൾക്കായ് പങ്കുവെക്കാം.‘

അവതാരിക എഴുതിയ സുകുമാർ അഴീക്കോടിന് ഈ വരികൾ അതേ പടി അക്ഷരത്തെറ്റോടെ പകർത്തി എഴുതാൻ പെടാപ്പാടായി എന്നത് ചിരിക്ക് മുകളിൽ ചിരി പടർത്തി.

‘ആരെയും ബാവകായകനാക്കും
ആൽമ സൌന്തര്യമാണു നീ.‘

എന്നിങ്ങനെ പ്രേമലേഖനം അല്ലാതെയുള്ള സിനിമാപ്പാട്ടുകളുമുണ്ട് ഡയറിയിൽ.

കോപ്പിയടിയുടെ സാങ്കേതിക വിദ്യകളൊക്കെ വളരെ പുരോഗമിച്ചിരിക്കുന്നു. 12 - MSJSTTG-S എന്നു കണ്ടാൽ ഉറപ്പിക്കാം അത് ശാർദ്ദൂലവിക്രീഡിതമാണ്. പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂല വിക്രീഡിതം എന്നത് ഇങ്ങനൊരു കോഡാക്കി മാറ്റിയവനെപ്പറ്റി മാഷിന് പറയാനുള്ളത്, പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും (പന്ത്രണ്ടാൽ മസജം) അവന്റെ തന്തയും (സതംത) മാഷും (ഗുരു) കൂടി പുലികളി (ശാർദ്ദൂലവിക്രീഡിതം) എന്നാണ്. നന്ദിനിക്കുട്ടിയുടെ നേർത്ത പാവാടക്കടിയിൽ നിന്ന് കോപ്പിക്കടലാസ് കൈയ്യിട്ടെടുത്താൽ വകുപ്പ് IPC 354. ഇതേ വകുപ്പ് പ്രകാരം 2 കൊല്ലം വരെ ജയിലിൽ കിടന്ന് ഉണ്ട തിന്നാൻ താൽ‌പ്പര്യമില്ലാത്തതുകൊണ്ടാണ് മറ്റൊരു മാഷ് സുമതിയുടെ ബ്രേസിയറിനുള്ളിൽ കൈയ്യിടാതിരുന്നത്.

‘ഈശ്വരാ ഒന്ന് വേഗം കഴിഞ്ഞ് കിട്ടണേ‘ എന്ന അദ്ധ്യായം പ്രസംഗങ്ങളെപ്പറ്റിയുള്ളതാണ്. പ്രസംഗത്തിനും പ്രസവത്തിനും തമ്മിലുള്ള സാദൃശ്യത്തെപ്പറ്റിയുള്ള പരാമർശം  ഇങ്ങനെ പോകുന്നു. പ്രസവത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു, പ്രസംഗത്തിൽ വാക്കുകളും. ഓരോ പ്രസവം കഴിയുമ്പോളും അടുത്ത പ്രസവം എളുപ്പമായിത്തീരുന്നു; പ്രസംഗത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നമ്മുടെ പ്രിയപ്പെട്ട ബന്ധു പ്രസവമുറിയിൽ കിടക്കുമ്പോൾ ‘ഈശ്വരാ ബുദ്ധിമുട്ടില്ലാതെ ഇതൊന്ന് വേഗം കഴിഞ്ഞ് കിട്ടണേ‘ എന്ന് നാം പ്രാർത്ഥിക്കുന്നു; പ്രസംഗം കേൾക്കുന്നവരുടേയും പ്രാർത്ഥന ഇതുതന്നെ.

കണക്കിലെ ഫലിതങ്ങളാണ് ഏറെ രസകരം. ഒരു പശുവിന് 750 രൂപയെങ്കിൽ 10 പശുവിന് എന്തുവില ? എന്ന ചോദ്യത്തിന് ‘എല്ലാ പശുക്കളേയും കാണാതെ വില പറയാനാവില്ല‘ എന്ന് ഉത്തരം. ഇനിയുമുണ്ട് പശുക്കണക്കുകൾ. മകന്റെ പുസ്തകത്തിൽ രാമൻ മാഷ് നൽകിയിരിക്കുന്ന ഹോം വർക്ക് വായിച്ച് ശങ്കരേട്ടൻ രോഷാകുലനായി. ‘ഞാൻ 500 രൂപാ നിരക്കിൽ 5 പശുവിനെ വാങ്ങിയാൽ ഉടമസ്ഥന് മൊത്തം എത്ര രൂപ കൊടുക്കണം?’ 500 രൂപയ്ക്ക് പശുവിനെ എവിടന്ന് കിട്ടാനാ എന്ന മട്ടിൽ മകൻ ചിരിക്കുമ്പോൾ, തന്റെ ചായപ്പീടികയിൽ നിന്ന് ചായ കുടിച്ച വകയിൽ 46 രൂപ 80 പൈസ തരാതെ അഞ്ച് പശുവിന്റെ മാഷ് വാങ്ങിയതിലാണ് ശങ്കരേട്ടന് അമർഷം.

കുട്ടികളുടെ പേരുകളെപ്പറ്റിയുള്ള തമാശകൾ നിറഞ്ഞതാണ് ‘പൊന്നുമോനെ നിന്നെ എങ്ങനെ കാട്ടാളൻ എന്ന് വിളിക്കും?’ എന്ന അദ്ധ്യായം. പുതിയ അഡ്‌മിഷൻ കാലമാണ് ; നല്ല ഓമനത്തമുള്ള മുഖവുമായി ചെന്നിരിക്കുന്ന കുട്ടിയുടെ പേര് നിഷാദൻ. കുട്ടിയുടെ അച്ഛൻ ഉയർന്ന ഉദ്യോഗസ്ഥനാണ്. നിഷാദന്റെ അച്ഛനാണെന്നുള്ള അഭിമാനവും അദ്ദേഹത്തിന്റെ മുഖത്തുണ്ടത്രേ! ഈ പേരിന്റെ അർത്ഥം പക്ഷേ അങ്ങേർക്കറിയില്ല. ഇവന്റെ ചേട്ടന്റെ പേര് വിഷാദൻ എന്നാണ്. അതുകൊണ്ട് ഇവന് നിഷാദൻ എന്ന് പേരിട്ടു എന്ന് ന്യായീകരണം. ‘പൊന്നുമോനെ നിന്റെ മുഖത്ത് നോക്കി എങ്ങനെയാടാ കാട്ടാളൻ എന്ന് വിളിക്കുക?’ എന്നതാണ് മാഷിന്റെ സങ്കടം. സജ്‌ന എന്ന പേരിന്റെ അർത്ഥം സ്ത്രീത്തടവുകാരി എന്നാണെന്ന് മാതാപിതാക്കൾക്ക് അറിയാത്തതുകൊണ്ട് സ്വന്തം ക്ലാസ്സിൽ മാഷിന്, ഒന്നിലധികം പെൺകുട്ടികളെ ‘മോളേ ജയിൽ‌പ്പുള്ളീ’ എന്ന് വിളിക്കേണ്ടി വരുന്നുണ്ട്. മാതാപിതാക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് കുട്ടികൾക്ക് പേരിടുന്നതിലെ അപകടം, ലേഖകന്റെ ഭാവനയെ കാടുകയറ്റുമ്പോൾ വായനക്കാരന് ഒന്നൊന്നര ചിരിക്കുള്ള വകയുണ്ടാകുന്നു. കൃഷ്ണന്റേയും മിനിയുടേയും കുട്ടി ‘കൃമി’. വേലായുധന്റേയും ശ്യാമളയുടേയും കുട്ടിയാണ് വേശ്യ. നാരായണന്റേയും റീനയുടെയും കുട്ടി നാറി ആയെന്നും വരും. ഇങ്ങനെയുള്ള ഒരു പേരുകാരനേയോ പേരുകാരിയേയോ വായനക്കാർക്ക് ഓരോരുത്തർക്കും നേരിട്ട് പരിചയമുണ്ടാകും. ആദ്യാക്ഷര സമ്മേളനമല്ലെങ്കിലും എന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുള്ള ഒരു പേരാണ് ‘മദാലസ’. ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി ആദ്യമായി ആ പേര് വിളിച്ചവന്റേയും, പിന്നീട് വിളിച്ചവരുടേയും, സ്കൂൾ രജിസ്റ്ററിൽ അത് എഴുതിച്ചേർത്ത് ഔദ്യോഗിക നാമമാക്കിയ അദ്ധ്യാപകന്റേയുമൊക്കെ മനഃശാസ്ത്രം എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.

‘ഉച്ചക്കളി നീലക്കഷണം’ എന്ന അദ്ധ്യായം ക്ലാസ്സ് കട്ട് ചെയ്ത് ഉച്ചപ്പടം കാണാൻ പോകുന്ന കുട്ടികളേയും, കുട്ടിക്കമിതാക്കളേയും പറ്റിയുള്ളതാണ്. നഷ്ടപ്പെടാനുള്ളത് ബോറൻ ക്ലാസ്സുകളാണെങ്കിൽ കിട്ടാനുള്ളത് സ്വർഗ്ഗരാജ്യമാണെന്ന് പറയുമ്പോൾ ഉച്ചപ്പടപ്രേക്ഷകർക്കിട്ട് താങ്ങുകയാണ് ലേഖകൻ.

ഗുരുവായൂർ ഡാഡി, കൊടുങ്ങലൂർ മമ്മി, പറശ്ശിനിക്കടവ് ഗ്രാൻഡ് ഫാദർ എന്നിങ്ങനെ ലേഖകന്റേതായ നാമ സംഭാവനകൾ ഒരുപാടുണ്ട് ഡയറിയിൽ. ‘ബെഡ്ഡ് കോഴ്സ് കഴിഞ്ഞ് ഒരു കുട്ടിയുമായി‘ എന്ന് അദ്ദേഹം പറയുമ്പോൾ മോശം രീതിയിൽ ചിന്തിക്കരുത്. അദ്ദേഹം B-ed കോഴ്‌സിനെപ്പറ്റിയാണ് പറഞ്ഞത്.

ഉച്ചക്കഞ്ഞി പരിപാടി നോക്കി നടത്തുന്ന അദ്ധ്യാപകൻ അതിൽ നിന്ന് കിട്ടുന്ന എൿട്രാ വരുമാനം നഷ്ടപ്പെടാതിരിക്കാനായി പ്രമോഷൻ പോലും വേണ്ടാന്ന് വെക്കുന്നതിന്റെ കണക്കുകളും ഡയറിയിൽ കാണാം.
21 അദ്ധ്യായമുള്ള ഡയറിയുടെ പിന്നിൽ ഉപപാഠമായി 10 കുറിപ്പുകൾ വേറെയുമുണ്ട്. ഒരു ഉണങ്ങിയ പൂവായി എന്നേയും ഓർക്കുക എന്ന ഉപപാഠം ഓട്ടോഗ്രാഫ് വരികളിലെ ഫലിതങ്ങൾ നിറഞ്ഞതാണ്.

ഒരുവേള സ്കൂൾ അദ്ധ്യയനകാലത്തെ മറക്കാനാവാത്ത ഏതെങ്കിലും ഒരു സന്ദർഭത്തിലേക്ക്, ഒരു നർമ്മ മുഹൂർത്തത്തിലേക്ക്, അതുമല്ലെങ്കിൽ ആരുടെയെങ്കിലും ഓട്ടോഗ്രാഫിൽ കുറിച്ചിട്ടതോ വായിച്ചതോ ആയ ഏതെങ്കിലും വരികളിലേക്ക്, വായനക്കാരനും നേരിട്ട് ചെന്നെത്തുന്നു, സ്ക്കൂൾ ഡയറിയുടെ താളുകൾ മറിയുമ്പോൾ.

Monday 29 August 2011

കള്ളന്റെ പുസ്തകങ്ങൾ

ജി.ആർ.ഇന്ദുഗോപൻ തയ്യാറാക്കിയ ‘തസ്‌ക്കരൻ - മണിയൻപിള്ളയുടെ ആത്മകഥ‘ കുറേ നാളുകൾക്ക് മുന്നേ വായിക്കാനായിട്ടുണ്ട്. അന്നതിനെപ്പറ്റി ഒരു കുറിപ്പെഴുതി ഇടണമെന്ന ആഗ്രഹം നടക്കാതെ പോയി. അപ്പോളതാ വരുന്നു ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന പേരിൽ മണിയൻപിള്ളയുടെ ബാക്കി കഥ. ആദ്യപുസ്തകത്തിന് 503 പേജും രണ്ടാമത്തെ പുസ്തകത്തിന് 96 പേജുമാണുള്ളത്. ഇനിയൊരു ഭാഗം ഉണ്ടാകില്ലെന്ന് ഇന്ദുഗോപൻ ഉറപ്പ് തരുന്നു. *കള്ളന്റെ കഥയുടെ ഉറവ വറ്റിയതുകൊണ്ടല്ല അത്. എന്തൊക്കെ പറയണമെന്ന് കള്ളന് കൃത്യമായ ധാരണ ഉള്ളതുകൊണ്ടാണ്. കള്ളന്റെ മനസ്സ് മോഷ്ടിക്കാൻ ഒരുത്തനുമാകില്ലെന്ന് ഇന്ദുഗോപൻ തറപ്പിച്ച് പറയുന്നു. “എടുത്തുകൊണ്ട് പോയ്ക്കോ ” എന്നുപറഞ്ഞ് വെളിയിൽ വെക്കുന്നത് മാത്രമേ കഥയാക്കാൻ പറ്റൂ.  ഡി.സി. ബുക്സ് ആണ് രണ്ടുപുസ്തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്.


ആദ്യപുസ്തകത്തിൽ, മോഷണം തൊഴിലാക്കി കൊണ്ടുനടക്കുകയും, അൽ‌പ്പം വൈകിയാണെങ്കിലും പല കേസുകളിലും പിടിക്കപ്പെടുകയും ചെയ്യുന്ന മണിയൻപിള്ള എന്ന കള്ളന്റെ ജീവിതാനുഭവങ്ങളാണ്. ഒരു തുറന്ന് പറച്ചിൽ തന്നെയാണത്. തുറന്ന് പറച്ചിൽ എന്ന് പറയുമ്പോൾ, സ്വന്തം തോന്ന്യാസങ്ങളും പൊലീസ്, കോടതി എന്നീ തലങ്ങളിലെ തോന്ന്യാസങ്ങളുമെല്ലാം അതിന് പാത്രീഭവിക്കുന്നു. പിടിക്കപ്പെടുന്ന കേസുകൾ പലതും കോടതിയിലെത്തുമ്പോൾ കേസ് വാദിക്കുന്നത് മണിയൻപിള്ള തന്നെയാണ്. വർഷങ്ങളുടെ പരിചയസമ്പത്തുകൊണ്ട് നിയമവശങ്ങളൊക്കെ കഥാനായകൻ സ്വായത്തമാക്കിയിട്ടുണ്ട്. പലപ്പോഴും കേസുമായി കോടതിയിലെത്തുന്ന പൊലീസുകാർ കോടതിയിൽ നിന്ന് വിയർക്കുന്ന തരത്തിലായിരിക്കും കള്ളന്റെ കേസ് വിസ്താരം. അതുകൊണ്ടുതന്നെ കോടതിയിലേക്ക് പോകുന്ന പൊലീസുകാർ “ ഡാ മണിയാ കോടതിയിലിട്ട് മാനം കെടുത്തരുതേ “ എന്ന രീതിയിൽ അഭ്യർത്ഥിക്കുന്നതുമൊക്കെ പതിവാണ്.

കള്ളനെ പിടിച്ചാൽ സത്യം തെളിയിക്കാൻ പൊലീസിന്റെ മൂന്നാം മുറകൾ, ജീവിതകാലം മുഴുവൻ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ, പൊലീസിന്റെ പിടിപ്പുകേടുകൾ, ത്രസിപ്പിച്ച ചില മോഷണങ്ങൾ, സത്യസന്ധമായി സമ്പാദിച്ച പണം പൊള്ളുമെന്ന സത്യം, എരണം കെട്ടപണം എന്താണ്, വീടുണ്ടാക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോഷണം കുറേയൊക്കെ തടയാനാവും എന്നതൊക്കെ രസകരമായി പ്രതിപാദിക്കുന്നുണ്ട് ഗ്രന്ഥത്തിൽ. നല്ല പോലീസുകാരെ പേരെടുത്ത് തന്നെ പറയുമ്പോൾ കാക്കിക്കുള്ളിലെ ക്രൂരന്മാരെ പേര് മാറ്റിയാണ് പറഞ്ഞിരിക്കുന്നത്. താൻ കാരണം അതിലൊരു പൊലീസുകാരന്റെ അനന്തര തലമുറയിലൊരാൾക്ക് പോലും ഒരു വ്യസനം ഉണ്ടാകരുതെന്ന് കള്ളന് നിർബന്ധമുള്ളതുകൊണ്ടാണിത്. കോടതിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ട്.

കഥയുടെ അവസാനത്തോടടുക്കുന്ന ഭാഗത്ത്, വായനക്കാർ കള്ളനെ കാണുന്നത് കർണ്ണാടകത്തിൽ പേരുകേട്ട ഒരു വ്യവസായി ആയിട്ടാണ്. കൈ നിറയെ പണം, ആവശ്യത്തിലധികം ജോലിക്കാർ, സുഖ സൌകര്യങ്ങൾ എന്നുവേണ്ട, ഇലൿഷന് മത്സരിക്കാനായി പ്രമുഖ പാർട്ടിക്കാർ, സലിം ബാഷ എന്ന പുതിയ പേരിൽ ഇസ്ലാം മതം സ്വീകരിച്ച് മാന്യനായി ജീവിക്കുന്ന മണിയൻ പിള്ളയെ സമീപിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തുന്നു. അപ്പോളാണ് വിധി കേരളാ പൊലീസിന്റെ രൂപത്തിൽ അവിടെയെത്തുന്നത്. തെളിയിക്കപ്പെടാത്ത ചില കേസുകളിൽ കള്ളൻ വീണ്ടും അകത്താകുന്നു. എല്ലാ സ്വത്തുക്കളും കണ്ടുകെട്ടപ്പെടുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വർഷങ്ങളോളം നല്ല നടപ്പുമായി ഒരു പൊലീസ് സ്റ്റേഷനിലെ ജോലിക്കാരനായി നിന്നിട്ട് പോലും അവസാനം ചില നിയമപരമായ പ്രശ്നങ്ങളുടെ പേരിൽ കർണ്ണാടകത്തിലെ സ്വത്ത് മുഴുവൻ അയാൾക്ക് നഷ്ടപ്പെടുന്നു.

പ്രമുഖ കള്ളന്മാരുടെ മോഷണരീതികൾ, മോഷണത്തിനിടയിൽ അവർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, (കയറിച്ചെല്ലുന്ന വീടുകളിലെ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടുന്ന തലത്തിലേക്ക് വരെ അത് നീളുന്നു.) നായ്ക്കളെ വളർത്തുന്ന വീടുകളിലെ മോഷണങ്ങൾ, അവറ്റകളെ വരുതിയിലാക്കുന്ന രീതികൾ എന്നിങ്ങനെ പിടിച്ചിരുത്തി വായിപ്പിക്കാൻ പോന്ന രംഗങ്ങൾ നിറഞ്ഞ ഒരു പുസ്തകമാണ് തസ്‌ക്കരൻ. പുസ്തകത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പക്ഷെ എല്ലാവരും വായിച്ചിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കള്ളന്റെ മനഃശ്ശാത്രം ഇതിൽ വരച്ചിട്ടിട്ടുണ്ട്. കള്ളന്റെ പ്രവൃത്തിമേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളും വ്യക്തികളും നമുക്കന്യമായ ലോകമാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ നാം കാണാത്തതും കേൾക്കാത്തതുമായ ഒരു പരിഛേദമുണ്ടിതിൽ. അത് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെയാണ്. നല്ലവനായ ഒരാൾക്ക് ഈ പുസ്തകം ഉപകാരപ്പെടുന്നത്, എങ്ങനെ സ്വന്തം വീട്ടിൽ കളവ് നടക്കാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാം എന്ന നിലയ്ക്കാണ്. അതേ സമയം ദുഷ്ടബുദ്ധിയായ ഒരാൾക്ക് ഒരു മോഷ്ടാവാകാൻ പോന്ന എല്ലാ വിദ്യകളും ഇതിൽ പറയുന്നുമുണ്ട്. പുസ്തകം എന്തായാലും മാർക്കറ്റിൽ ലഭ്യമാണ്. ഒരു ചെറുകിട കള്ളനോ അല്ലെങ്കിൽ ഇതുവരെ കള്ളനാകാത്ത ഒരു മോശം വ്യക്തിയോ പുസ്തകത്തിനകത്തുള്ള വിദ്യകൾ നമുക്കെതിരെ പ്രയോഗിക്കില്ലെന്ന് എന്താണുറപ്പ് ? അതുകൊണ്ടാണ് ഇതെല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാകുന്നത്.

ഒരാൾ ജീതകാലം മുഴുവൻ കള്ളനായി കഴിയണമെന്നില്ലല്ലോ ? കള്ളനും കൊലപാതകിക്കും വരെ മാനസാന്തരം ഉണ്ടാകാം. കരിക്കൻ വില്ല കൊലക്കേസിലെ പ്രധാന പ്രതി ശിക്ഷ കഴിഞ്ഞിറങ്ങിയതിനുശേഷം ജീവകാരുണ്യപ്രവർത്തനങ്ങളുമായി ഇന്നെങ്ങിനെയാണ് നല്ല ജീവിതം നയിക്കുന്നതെന്ന് നമുക്കെല്ലാമറിയാം. മണിയൻ പിള്ള ജയിലിൽ വെച്ച് കണ്ടുമുട്ടുന്ന അത്തരം പല പ്രമുഖ കുറ്റവാളികളും, കള്ളന്മാരും പുസ്തകത്തിൽ വന്നുപോകുന്നുണ്ട്. പക്ഷെ മണിയൻപിള്ളയുടെ കാര്യത്തിൽ മാത്രം ഒരു മാനസാന്തരം കൊണ്ട് ജീവിതം രക്ഷിച്ചെടുക്കാൻ പറ്റുന്നില്ല. പൊലീസുകാർ അതിനയാളെ സമ്മതിക്കുന്നില്ല. ആ കഥയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ.

15 കൊല്ലത്തിനുശേഷം ചെയ്യാത്ത കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്ത് ഐ.പി.സി. 401 -)ം വകുപ്പും ചുമത്തി അയാളെ വീണ്ടും ജയിലിൽ അടക്കുന്നു പൊലീസുകാർ. പുഷ്ക്കരകാലത്ത് മൂന്നാം മുറയൊക്കെ പുല്ലുപോലെ നേരിട്ടിരുന്ന കള്ളൻ, മാനസാന്തരപ്പെട്ടതിനുശേഷം പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഭയചകിതനാകുന്നു. തുറുങ്കിനകത്തെ ഓരോ ദിവസവും ഓരോ യുഗമായി അയാൾക്കനുഭവപ്പെടുന്നു. കള്ളന്റെ നോട്ടപ്രകാരം ‘രാശിയുള്ള‘ ഒരു വീട് കണ്ടാൽ അയാൾക്കിന്ന് ഭയമാണ്. അത്തരത്തിൽ നോക്കാനയാൾക്കാവുന്നില്ല. ആദ്യകാലത്ത് അനുഭവിച്ച മൂന്നാം മുറകൾ, കാര്യമായി തടിയനങ്ങി ജോലിയൊന്നും ചെയ്യാനാകാത്ത പാകത്തിലാക്കിയിരിക്കുന്നു മണിയൻപിള്ളയെ. സീരിയലുകളിലും സിനിമകളിലും എൿട്രാ ആർട്ടിസ്റ്റ് ആയി ജോലി ചെയ്താണ് ജീവിതം മുന്നോട്ട് നീക്കുന്നത്. ആദ്യപുസ്തകത്തിന്റെ റോയൽറ്റിയായി കിട്ടിയ പണവും കുറേയൊക്കെ സഹായിക്കുന്നുണ്ട്. റോയൽറ്റി തുകയുടെ മൂന്നിൽ രണ്ട് ഭാഗം കള്ളനും, മൂന്നിൽ ഒരുഭാഗം കള്ളന് കഞ്ഞിവെച്ചവനും ആണെന്ന് ശ്രീ.ഇന്ദുഗോപൻ ആദ്യപുസ്തകത്തിന്റെ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മദ്യപാനമാണ് മണിയൻ‌പിള്ളയ്ക്ക് പലപ്പോഴും സ്വയം പാരയാകുന്നത്. കളവ് ഉപേക്ഷിച്ചതുപോലെ മദ്യപാനവും ഉപേക്ഷിക്കാനായെങ്കിൽ രണ്ടാമത്തെ പുസ്തകം എഴുതാനുള്ള സാദ്ധ്യത തന്നെ വിളരമാകുമായിരുന്നെന്ന് തോന്നി. കൂട്ടത്തിൽ പൊലീസിലെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആരുടെയോ ശുഷ്ക്കാന്തിയും കൂടെ ആയപ്പോൾ അറുപതാം വയസ്സിലും മണിയൻപിള്ള ഒരു ‘കള്ളനായി‘ തുടരേണ്ടി വരുന്നതിനെപ്പറ്റിയാണ് ‘കള്ളൻ ബാക്കി എഴുതുമ്പോൾ‘ എന്ന രണ്ടാം ഭാഗത്തിൽ. ആത്മകഥ എഴുതിയത് മണിയൻ‌പിള്ളയ്ക്ക് പ്രശ്നമാകുന്നുണ്ട്. ‘നിനക്കിപ്പോഴും മോഷണമൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിക്കുന്നതിന് പകരം ‘നിനക്കിപ്പോഴും പുസ്തകമെഴുത്തൊക്കെ ഉണ്ടോടേയ് ‘ എന്ന് ചോദിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് എന്നതുതന്നെ കള്ളന്റെ ആത്മകഥ പല മാന്യദേഹങ്ങൾക്കും ഇരിക്കപ്പൊറുതി ഇല്ലാതാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. “എന്നോടീച്ചതി വേണ്ടായിരുന്നു സാറന്മാറേ“ എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ചപ്പോൾ, “എന്തുചെയ്യാം മണിയൻപിള്ളേ മുകളീന്നുള്ള ഉത്തരവല്ലേ ?” എന്നാണ് മറുപടി. ആരാണ് മുകളിൽ നിന്ന് ആ ഉത്തരവിറക്കിയത് ? കള്ളന്റെ കഥയിൽ അങ്ങനെ പല മാന്യന്മാരേയും പേരെടുത്ത് പറയാതെ പരാമർശിച്ചിട്ടുണ്ടല്ലോ ? ഒരു മന്ത്രിക്ക് പെണ്ണ് കൂട്ടി കൊടുത്ത കഥയും, 76-77 കാലഘട്ടത്തിൽ മറ്റൊരു മന്ത്രിക്ക് വേണ്ടി ഒരാളുടെ വീട്ടിൽ കയറി പാസ്പ്പോർട്ട് മോഷ്ടിച്ചു കൊടുത്ത കഥയുമൊക്കെ അച്ചടിച്ച് വരുമ്പോൾ മുഖം‌മൂടി അണിഞ്ഞ പെരുങ്കള്ളന്മാർ വിറളിപിടിക്കുന്നത് സ്വാഭാവികം മാത്രം. ഒരിക്കലെങ്കിലും മോഷണം നടത്തിയിട്ടുള്ള ഒരുത്തന്നെ പിന്നീടവൻ എത്ര നല്ലവനായാൽ‌പ്പോലും, വീണ്ടും കള്ളന്റെ കുപ്പായമിടീക്കാൻ പ്രസ്തുത മാന്യന്മാർക്ക് ഒരു തുള്ളിപോലും വിയർപ്പ് പൊടിക്കേണ്ടി വരുന്നില്ല. രാഷ്ട്രീയക്കാരെ നമ്പരുതെന്ന് കള്ളൻ* പറയുമ്പോൾ, കള്ളനെ നമ്പിയാലും കുള്ളനെ നമ്പിയാലും, രാഷ്ട്രീയക്കാരെ നമ്പരുതെന്ന് പുസ്തകം വായിച്ചിട്ട് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല.

അതിനിടയ്ക്ക് തസ്‌ക്കരൻ എന്ന ആത്മകഥ കേരള സർവ്വകലാശാലയുടെ മലയാളം ബിരുദ കോഴ്‌സിന്റെ അധികവായനയ്ക്ക് ശുപാർശ ചെയ്യപ്പെടുന്നു. വിഷയം നിയമസഭ വരെ എത്തുന്നു. ഇതിനേക്കാൽ നല്ല ആത്മകഥകളില്ലേ പഠിപ്പിക്കാൻ എന്ന് എതിർപ്പുകളും വരുന്നു. എന്തായാലും അവിടെ വരെ കാര്യങ്ങൾ എത്തിയതിൽ മണിയൻപിള്ളയ്ക്കും ഇന്ദുഗോപനും അഭിമാനിക്കാം. തന്റെ പുസ്തകത്തെ അംഗീകരിക്കാൻ ഒരു ശ്രമമെങ്കിലും നടത്തിയ സർക്കാരിനോട് ഒരു അഭ്യർത്ഥനയുണ്ട് കള്ളന്റെ വക. “ശിഷ്ടകാലം എന്നെ എങ്ങനെയെങ്കിലും ജീവിച്ച് പോകാൻ അനുവദിച്ചാൽ മതി. കാരണമില്ലാതെ എന്നെ വേട്ടയായി പിടിക്കാതിരുന്നാൽ മതി ”

പുസ്തകത്തിന്റെ തുടക്കത്തിലുള്ള ‘അവരുടെ രാവുകൾ‘ എന്ന ലേഖനത്തിലൂടെ ശ്രീ.അഷ്ടമൂർത്തി ചോദിക്കുന്ന ചോദ്യം അതേപടി പകർത്തി എഴുതണമെന്ന് തോന്നുന്നു.

“അല്ലെങ്കിൽ ആരാണ് കള്ളൻ ? ആരാണ് കള്ളനല്ലാത്തത് ? മനസ്സുകൊണ്ടെങ്കിലും കറപുരളാത്തവർ ആരുണ്ട് ? ഒരൊളിഞ്ഞ് നോട്ടം പോലും നടത്താത്ത എത്രപേരുണ്ട് നമുക്കിടയിൽ ? പൊരിഞ്ഞ അടികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ നമ്മളിൽ അധികം പേരും ഇന്ന് മാന്യന്മാരായി ജീവിക്കുന്നത് ? “

---------------------------------------------------------------------------------
*കള്ളൻ എന്ന് ലേഖനത്തിൽ പലയിടത്തും പരാമർശിച്ചിരിക്കുന്നത് മണിയൻപിള്ളയെ മോശക്കാരനാക്കി കാണിക്കാനല്ല. രണ്ട് പുസ്തകങ്ങളിലും പലയിടത്തും സന്ദർഭാനുസരണം ഉപയോഗിച്ചിരിക്കുന്ന ആ പദം അതേ സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Sunday 21 August 2011

വാർത്തകൾ വായിച്ച് വിശ്വസിക്കാമോ ?


വാർത്തകൾ വായിച്ച് വിശ്വസിക്കാമോ ? പത്രമാദ്ധ്യമങ്ങളുടെ പോക്ക് കണ്ടിട്ട് വിഷമം സഹിക്കാനാവുന്നില്ല. അതുകൊണ്ട് എഴുതിപ്പോയതാണ്. ആരെയും താറടിച്ച് കാണിക്കുക എന്നതല്ല ഉദ്ദേശം. വായിക്കണമെന്നുണ്ടെങ്കിൽ ഈ ലിങ്ക് വഴി ഗൾഫ് മലയാളി വരെ പോകേണ്ടി വരും.

Wednesday 27 July 2011

റോഡ് നന്നാക്കൂ, എന്നിട്ട് പിഴയടിക്കൂ.

റണാകുളം ജില്ലയിൽ, നഗരത്തിന്റെ ഹൃദയഭാഗത്ത് ജീവിക്കുന്ന ഒരാൾ എന്ന നിലയ്ക്കാണ് ഇതെഴുതുന്നത്. പറയാനുള്ളത് നഗരഹൃദയത്തിന്റെ നാഡീഞരമ്പുകളായ റോഡുകളെപ്പറ്റിത്തന്നെയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മേയർ വന്ന ഉടനെ നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളും പുതുക്കിപ്പണിതിരുന്നു. കഷ്ടി 7 മാസം കൊണ്ട് ആ റോഡുകളൊക്കെയും വീണ്ടും താറുമാറായിക്കഴിഞ്ഞിരിക്കുന്നു.  ട്രാൻസ്‌പോർട്ട് ബസ്സ് സ്റ്റാന്റിലേക്ക് പോകുന്ന വഴി, സ്മാർട്ടായിട്ടുള്ള ഒരു നഗരത്തിനെന്നല്ല, ഒരു കൂതറ നഗരത്തിന് പോലും ചേരുന്ന കോലത്തിലല്ല കിടക്കുന്നത്. ഹൈക്കോർട്ടിന്റെ പരിസരത്തും, തേവരപ്പാലത്തിന്റെ ഭാഗത്തും, ചിറ്റൂർ റോഡിലും, ഫോർട്ട് കൊച്ചിയിലും, എന്നുവേണ്ട നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും കുണ്ടും കുഴിയുമായി, മഴവെള്ളം നിറഞ്ഞ് കുഴികളുടെ ആഴം പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കുണ്ടും കുഴിയും എന്ന് പറഞ്ഞാൽ അതൊരു ശരിയായ വർണ്ണനയാകില്ല. ഗർത്തങ്ങളാണ് പല റോഡുകളിലും. ഓണക്കാലത്ത് പാതാളത്തിൽ നിന്ന് മാവേലിക്ക് കയറി വരാൻ പാകത്തിനാണോ റോഡിലുള്ള ഈ ഗർത്തങ്ങളൊക്കെ ഇങ്ങനിട്ടിരിക്കുന്നത് എന്നൊരു സഹൃദയന് സംശയം തോന്നിയാൽ തെറ്റ് പറയാനാവില്ല.


കേരളത്തിലെ റോഡുകൾ മോശമാകുന്നതിനെപ്പറ്റി പറയുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ചില ന്യായീകരണങ്ങളുണ്ട്. മരങ്ങളുടെ ചോലകൾ നിറയെയുള്ള റോഡുകൾ മോശമാകാനുള്ള സാദ്ധ്യത അധികമാണ്. മഴയും പിന്നെ മരമഴയും ഒക്കെ ഉണ്ടാകുന്നത് കൊണ്ടാണിതത്രേ! റോഡുകൾ മോശമായാൽ പിന്നെ അതൊന്ന് ശരിയാക്കണമെങ്കിൽ മഴ ഒന്ന് തീരണമല്ലോ എന്നൊരു ന്യായീകരണവും ഉണ്ട്. ഇത് രണ്ടും വെറും മുട്ടാപ്പോക്ക് ന്യായങ്ങൾ മാത്രമാണെന്നാണ് എന്റെ പക്ഷം. അതിനെ സാധൂകരിക്കാനായി ഒരുദാഹരണം ചൂണ്ടിക്കാട്ടാം. എന്റെ ഗ്രാമമായ വൈപ്പിൻ കരയിൽ 2004 ൽ ആണ് അവസാനമായി റോഡ് പണി നടന്നത്. 25 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് വളരെ മനോഹരമായാണ് അന്ന് പുതുക്കിപ്പണിഞ്ഞത്. റോഡിൽ പലയിടത്തും മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളുണ്ട്. ഇപ്പോഴും മഴക്കാലത്ത് ആ ഭാഗമൊക്കെ വെള്ളത്തിനടിയിലാകും. എന്നിട്ടും റോഡ് ഇതുവരെ പൊട്ടിയിട്ടില്ല. അന്ന് ആ റോഡ് നിർമ്മാണസമയത്ത് മണിക്കൂറുകളോളം ഞാൻ നോക്കി നിന്നിട്ടുണ്ട്. ഒരടിക്ക് മേൽ കനത്തിലായിരുന്നു ടാറും മെറ്റലുമൊക്കെ ഇട്ട് റോഡ് കെട്ടിപ്പൊക്കിയത്. റോഡ് പണി കഴിഞ്ഞപ്പോൾ റോഡിനിരുവശത്തുമുള്ള ഭാഗം താഴ്‌ന്ന് പോയതുകൊണ്ട്, ഇരുചക്രവാഹനങ്ങൾ പലതും ശ്രദ്ധിക്കാതെ അതിലേക്ക് തെന്നി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് അവിടേയും ചെങ്കൽ‌പ്പൊടി കൊണ്ടുവന്നിട്ട് റോഡിന്റെ ഒപ്പം പൊക്കിയെടുക്കുകയായിരുന്നു. ഇപ്പറഞ്ഞതൊന്നും കണക്കിലെടുക്കണമെന്നില്ല. മനുഷ്യനിർമ്മിതമായ വില്ലിങ്ങ്‌ടൺ ഐലന്റിൽ സായിപ്പ് ഉണ്ടാക്കിയിട്ട് പോയ റോഡുകൾ എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകളില്ലാതെ നിലനിന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

പറഞ്ഞ് വന്നത്, റോഡ് പണിയേണ്ട രീതിയിൽ നല്ലവണ്ണം പണിതാൽ പിന്നെ കൊല്ലത്തിൽ ഒരിക്കലോ മറ്റോ അവിടവിടെ ഉണ്ടായേക്കാവുന്ന വിള്ളലുകൾ അടച്ചാൽ മതിയാകും. പക്ഷെ ഇപ്പറഞ്ഞതുപോലൊന്നുമല്ല പൊതുവെ നമ്മുടെ നാട്ടിൽ റോഡുണ്ടാക്കപ്പെടുന്നത്. റോഡ് പണിയുമായി ജീവിതം മുന്നോട്ട് നയിക്കുന്ന കുറേ കോൺ‌ട്രാൿടർമാർക്ക് കാലാകാലം കറവപ്പശുവായി കൊണ്ടുനടക്കാനുള്ള ഒരു പദ്ധതി; ഒറ്റയടിക്ക് നല്ല റോഡ് നിർമ്മിക്കപ്പെട്ടാൽ അതിന്റെ പേരിൽ കൊല്ലാകൊല്ലം തടയുന്ന കിംബളം ഇല്ലാതായിപ്പോകുമെന്ന് ഭയന്ന് പേരിനൊരു റോഡ് നന്നാക്കലിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരുടെ കെടുകാര്യസ്ഥത; നല്ല രീതിയിൽ കാലാകാലം നിലനിൽക്കുന്ന റോഡിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാതെ മിനുക്കുപണികൾ നടത്തി മുന്നോട്ട് പോയാൽ മതി എന്ന് തീരുമാനിക്കുന്ന ഭരണകൂടത്തിന്റെ പിടിപ്പുകേട് ; ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ.  ഇപ്പറഞ്ഞതിന്റെ പൊരുൾ കൃത്യമായി മനസ്സിലാക്കാൻ ‘വെള്ളാനകളുടെ നാട് ‘ എന്ന സിനിമ ഒന്ന് കണ്ടാൽ മതിയാകും.


മുകളിൽ ഞാൻ പരാമർശിച്ച വൈപ്പിൻ മുനമ്പം റോഡിന്റെ ‘പുതുവൈപ്പ് ‘ ഭാഗമൊക്കെ ഇപ്പോൾ പൊട്ടിനാശമായിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല. പൈപ്പ് ഇടാൻ വേണ്ടി റോഡിന്റെ വശങ്ങൾ കുഴിച്ചത് മാത്രമാണ്. റോഡ് പണി കഴിഞ്ഞ ഉടനെ തന്നെ പൈപ്പ് ഇടാനോ കേബിൾ ഇടാനോ ആയി കുഴിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണല്ലോ ? കുഴിക്കുന്ന ഡിപ്പാർട്ട്മെന്റുകാർ റോഡ് നന്നാക്കാനുള്ള പണം കൊടുക്കാറുണ്ടെന്നാണ് അറിവ്. പക്ഷെ അതുകൊണ്ട് ജനങ്ങൾക്കെന്ത് കാര്യം? അടുത്ത പ്രാവശ്യം കാര്യമായ റോഡ് പണി നടക്കുമ്പോളല്ലാതെ ഈ കുഴികൾ മൂലം റോഡിനുണ്ടായ പരിക്കുകൾ ചികിത്സിക്കപ്പെടുന്നില്ല.

നിവൃത്തികേടുകൊണ്ട് ഇതൊക്കെ സഹിക്കാമെന്ന് വെക്കാം. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ. നമ്മുടെ നാട്ടിൽ ഇപ്പോൾ ഹെൽമറ്റ് ധരിക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതുമൊക്കെ നിർബന്ധമാക്കിയിരിക്കുകയാണല്ലോ ? (ഡ്രൈവർ മാത്രം സീറ്റ് ബൽറ്റ് ഇട്ടാൽ മതി, ഡ്രൈവർ മാത്രം ഹെൽമറ്റ് വെച്ചാൽ മതി എന്ന നിയമത്തിന്റെ അടിസ്ഥാനമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടുമില്ല.) ഒരാൾ ഈ രണ്ട് കാര്യങ്ങളും ചെയ്തില്ലെങ്കിൽ അയാൾ അപകടത്തിൽ പെട്ടെന്ന് വരും, മരിച്ചുപോയെന്നും വരും. അങ്ങനെ സംഭവിച്ചാൽ അതുകൊണ്ട് ഭരണകൂടത്തിനോ കോടതിക്കോ നഷ്ടമൊന്നും ഇല്ലല്ലോ ? പിന്നെന്തിനാണ് ഈ രണ്ട് നിയമങ്ങൾ ? അവനവന് വേണ്ടെങ്കിൽ അവനവന്റെ കുടുംബത്തിന് വേണ്ടെങ്കിൽ പിന്നെ ഇതൊക്കെ ഉപയോഗിക്കണമെന്ന് ബലം പിടിക്കുന്നത് എന്തിനാണ്. ഇപ്പറഞ്ഞ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകളുടെ കൈയ്യിൽ നിന്നും പണം പിടുങ്ങുക എന്നത് മാത്രമല്ലേ ലക്ഷ്യം ? അല്ലാതെ വാഹനങ്ങൾ ഓടിക്കുന്ന ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്ന ആഗ്രഹത്തോടെയുള്ള നിയമം അല്ലല്ലോ ഇത്. ജനങ്ങളുടെ സുരക്ഷയാണ് ആഗ്രഹിക്കുന്നതെങ്കിൽ, പിഴ ഇടാക്കുന്നതിനു മുൻപ് ചെയ്യേണ്ടത് റോഡിലെ ഈ ഗർത്തങ്ങളിൽ വീണ് അപകടം ഉണ്ടാകാതിരിക്കാനായി റോഡുകൾ നന്നായി സംരക്ഷിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയുമല്ലേ ? നടപ്പാതകൾ എന്ന് പറയുന്ന ഓവുചാലുകൾക്ക് മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റിയിടുകയല്ലേ ? അതൊക്കെ എന്തുകൊണ്ട് ചെയ്യുന്നില്ല. അതൊക്കെ ചെയ്തിട്ട് പോരേ ഹെൽമറ്റും സീറ്റ് ബൽറ്റും ഇടാത്തവന് പിഴയടിക്കുന്നത്.

ഇതുപോലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അത് പാലിക്കാത്തവർക്ക് പിഴയടിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങളിൽ കരമടക്കുന്ന ഓരോ പൌരന്റേയും എല്ലാ ചികിത്സാച്ചെലവുകളും സർക്കാർ തന്നെയാണ് വഹിക്കുന്നത്. അതിനാൽ, ഈ നിയമങ്ങൾ ലംഘിക്കുന്ന ജനങ്ങൾക്ക് പിഴയടിക്കാനുള്ള അവകാശം അവർക്കുണ്ട്. നമ്മുടെ രാജ്യത്ത് സ്വന്തം വാഹനവുമായി അപകടത്തിൽ പെടുന്നവന് സർക്കാർ സഹായമൊന്നും നൽകാറില്ലല്ലോ ? ഇക്കാരണങ്ങളൊക്കെക്കൊണ്ടുതന്നെ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും ഫോൺ ചെയ്തുകൊണ്ട് വാഹനം ഓടിക്കുന്നവർക്കും പിഴ അടിക്കാമെന്നല്ലാതെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പിഴിയാനുള്ള ധാർമ്മികമായ അവകാശം ഭരണകൂടത്തിനില്ല. അതുണ്ടാകണമെങ്കിൽ ആദ്യം വാഹനം ഓടിക്കാൻ പാകത്തിന് റോഡുകൾ നന്നാക്കിയിടണം. അതുമല്ലെങ്കിൽ വാഹനാപകടത്തിൽ പെടുന്നവന്റെ എല്ലാ ചികിത്സാച്ചിലവുകളും സർക്കാർ തന്നെ വഹിക്കുന്നുണ്ടായിരിക്കണം.


ഈ വക കാര്യങ്ങളൊക്കെ ബഹുമാനപ്പെട്ട നീതിന്യായ കോടതിക്ക് മുന്നിൽ എത്തിക്കാനായി ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ  ഞാനൊരു തീരുമാനമെടുത്തു. എറണാകുളം നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടില്ല. പോലീസ് പിടിച്ച് നിയമം ലംഘിച്ചെന്ന് പറഞ്ഞ് പിഴ ഇടാക്കാൻ ശ്രമിച്ചാൽ പിഴ കൊടുക്കില്ല, പകരം എനിക്ക് കോടതിയിലേക്കുള്ള കടലാസ് തന്നാൽ മതി എന്ന് പറയും. എന്നിട്ട് കോടതിയിൽച്ചെന്ന് കാര്യം ബോധിപ്പിക്കും. ഇതായിരുന്നു തീരുമാനം. മാസങ്ങളോളം ഞാനങ്ങനെ സീറ്റ് ബൽട്ട് ഇടാതെ വാഹനമോടിച്ചു. ഈ ദിവസങ്ങളിലെല്ലാം കൂടെ യാത്ര ചെയ്യുന്ന ഭാര്യ വല്ലാത്ത അങ്കലാപ്പിലായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. എന്റെ ലക്ഷ്യം കോടതിയിൽ എത്തിപ്പറ്റുക എന്നതായിരുന്നു.

അങ്ങനൊരു ദിവസം എറണാകുളം സൌത്ത് പാലം ഇറങ്ങി വളഞ്ഞമ്പലേക്ക് കടന്നപ്പോൾ ട്രാഫിൿ പൊലീസുകാരൻ ഒരാൾ കൈകാണിച്ച് വാഹനം നിർത്തി. സീറ്റ് ബെൽട്ട് ഇട്ടിട്ടില്ലല്ലോ പിഴ അടച്ച് പോയാൽ മതി എന്ന് പറഞ്ഞു. തൊട്ടപ്പുറത്ത് നിർത്തിയിട്ട പൊലീസ് ബൈക്കിനരുകിൽ സബ് ഇൻസ്പെൿടർ പിഴ കൈപ്പറ്റാനായി നിൽക്കുന്നുണ്ട്. വാഹനം അരികുചേർത്ത് നിറുത്തി ഞാൻ എസ്.ഐ.യുടെ അടുത്തെത്തി. 100 രൂപ പിഴയടക്കണമെന്ന് എസ്.ഐ. ; പറ്റില്ലെന്നും കോടതിയിലേക്കുള്ള കടലാസ് തന്നാൽ ബാക്കി കാര്യങ്ങളൊക്കെ അവിടെ ബോധിപ്പിച്ചോളാമെന്നും ഞാൻ. ആ ദിവസങ്ങളിൽ സൌത്ത് പാലം മുഴുവൻ ടാറിങ്ങിനായി കൊത്തിക്കിളച്ച്  ഇട്ടിരിക്കുകയായിരുന്നു. പക്ഷെ, തുടർച്ചയായ മഴ കാരണം, ടാർ ചെയ്യാനാകാതെ പാലം അതേ അവസ്ഥയിൽത്തന്നെ ആഴ്ച്ചകളോളം കിടന്നുപോയി.

“100 രൂപയുടെ പെറ്റി കേസൊന്നും കോടതിയിലേക്ക് വിടുക പതിവില്ല, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ അതിവേഗത്തിലും അലക്ഷ്യമായും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നൊരു കേസ് ചാർജ്ജ് ചെയ്ത് ഞാൻ തന്നെ കോടതിയിലേക്ക് വിടാം. അതാകുമ്പോൾ 1000 രൂപ പിഴയടക്കേണ്ട ചാർജ്ജ് ആണ്. ” ഐ.ഐ. വളരെ മാന്യമായിട്ട് തന്നെയാണ് ആദ്യാവസാനം സംസാരിച്ചത്.

“ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാനിതിലൂടെ അതിവേഗത്തിൽ വാഹനം ഓടിച്ചെന്ന് സാറ് ചാർജ്ജ് ഷീറ്റ് എഴുതിയാൽ കോടതിക്ക് പോലും മനസ്സിലാകും അത് കള്ളക്കേസ്സാണെന്ന്. അങ്ങനൊരാൾക്കും വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ പാലത്തിലെന്ന് സാറിനുമറിയാം കോടതിക്കുമറിയാം. അതുകൊണ്ട് കള്ളക്കേസ് ഉണ്ടാക്കിയാൽ കോടതിൽ സാറിന് ഉത്തരം മുട്ടിയെന്ന് വരും. അത് മാത്രമല്ല ചെയ്യാത്ത കുറ്റം ഞാനൊരിക്കലും ഏൽക്കുകയുമില്ല.” എസ്.ഐ.മാന്യമായി ഇടപെടുന്നെന്ന് കണ്ടപ്പോൾ എനിക്ക് ഭയങ്കര ധൈര്യം.

“താൻ പെട്ടെന്ന് പണമടച്ച് പോകുന്നുണ്ടോ. താനൊരാൾ കാരണം എത്രപേരെയാണ് ഞാനിപ്പോൾ പിടിക്കാതെ വിട്ടത്. ഇവിടെ ഒരു വണ്ടിയിൽക്കൂടുതൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് കണ്ടുകൂടെ ? “

“ഇല്ല സാർ, ഞാൻ പിഴയടക്കില്ല. എന്നെ കോടതിയിലേക്ക് വിട്ടാൽ മതി. എനിക്ക് തിരക്കൊന്നും ഇല്ല. ഞാനിവിടെ കാത്തുനിൽക്കാം. സാറ് മറ്റുള്ളവരെയൊക്കെ പിടിച്ച് പിഴയൊക്കെ അടപ്പിച്ചതിനുശേഷം മാത്രം എന്റെ കാര്യം പരിഗണിച്ചാൽ മതി”

ഇതിനിടയിൽ ഹെൽമറ്റ് വെക്കാത്തവർ രണ്ട് പേർ പിടിക്കപ്പെട്ടു. പിഴയടച്ച് ഒന്നുമറിയാത്ത ഭാവത്തിൽ അവർ സ്ഥലം കാലിയാക്കുകയും ചെയ്തു.

“താൻ പറയുന്ന കാര്യമൊക്കെ ന്യായം തന്നെ. പക്ഷെ റോഡ് നന്നാക്കൽ എന്റെ ജോലിയല്ലല്ലോ ? അതൊക്കെ സർക്കാർ ചെയ്യേണ്ട കാര്യമല്ലേ. ഞാൻ എന്നെ ഏൽ‌പ്പിച്ചിരിക്കുന്ന ജോലിയാണ് ചെയ്യുന്നത് ”

“സർക്കാറിന്റെ പ്രതിനിധിയായിട്ടാണല്ലോ സാറ് എന്നെ പിടിച്ചിരിക്കുന്നത്. അപ്പോൾപ്പിന്നെ എനിക്ക് സർക്കാറിനോട് പറയാനുള്ള കാര്യങ്ങൾ സാറിനോടല്ലാതെ ആരോട് പറയും? കോടതിയാണ് പിന്നൊരു ആശ്രയം. അതുകൊണ്ടല്ലേ കോടതിയിലേക്കുള്ള കടലാസ് ചോദിക്കുന്നത്.?

“ഇയാളെക്കൊണ്ട് വലിയ ശല്യമായല്ലോ ? “ എസ്.ഐ.യുടെ ക്ഷമ നശിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ ഞാനൊരു ഒത്തുതീർപ്പ് ഫോർമുല നിർദ്ദേശിച്ചു.

“ കോടതിയിൽച്ചെന്ന് എന്റെ പരാതി ബോധിപ്പിക്കാനായിട്ടാണ് ഞാനിത്രയും നാൾ നിയമം ലംഘിച്ച് നടന്നിരുന്നത്. സാറ് പറയുന്നത് പ്രകാരം 100 രൂപയുടെ പെറ്റിക്കേസുകൾ കോടതിയിലേക്ക് വിടില്ലെന്ന് ഞാനിപ്പോൾ മനസ്സിലാക്കി. അതുകൊണ്ട് ഞാനിന്നുമുതൽ സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി ഓടിച്ചോളാം. പകരം ഈ നിയമലംഘനം സാറ് കണ്ടില്ലാന്ന് വെക്കണം. സമ്മതമാണെങ്കിൽ ഞാൻ പോകുന്നു. അല്ലെങ്കിൽ ഞാനിവിടെത്തന്നെ ഇന്ന് മുഴുവനും നിന്നോളാം.”

എസ്.ഐ.ക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു. പേരെന്താണെന്നും വീടെവിടാണെന്നും ജോലിയെന്താണെന്നുമൊക്കെ ലോഹ്യം ചോദിച്ച് അദ്ദേഹമെന്നെ പിഴയടിക്കാതെ പറഞ്ഞുവിട്ടു. സീറ്റ് ബെൽട്ട് ഇട്ടുകൊണ്ടുതന്നെ ഞാനവിടന്ന് വണ്ടിയുമെടുത്ത് യാത്ര തുടർന്നു.

ഈ സംഭവത്തിന് ശേഷം പുതിയ കോർപ്പറേഷൻ വന്നു. റോഡുകൾ ഒക്കെ നന്നാക്കി. പക്ഷെ മാസങ്ങൾക്കകം റോഡുകളൊക്കെ പഴയ അവസ്ഥയിലായി. ഇനിയിപ്പോൾ മഴയൊക്കെ മാറാതെ റോഡ് പണിയൊന്നും നടക്കുമെന്ന് തോന്നുന്നില്ല. പണിതാലും ഒരു അടുത്ത മഴയിൽ പൊളിഞ്ഞിരിക്കുമെന്ന് കോൺ‌ട്രാൿടറന്മാരും അവരുടെ പണി പരിശോധിച്ച് വിലയിരുത്താൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പുവരുത്തിയിരിക്കും. ഇതങ്ങനെ തുടർന്ന് പോകും. ആയിക്കോളൂ. പക്ഷേ.... ഹെൽമറ്റ് ഇടാത്തവനേയും സീറ്റ് ബൽറ്റ് ഇടാത്തവനേയും പിടിച്ച് പിഴയടിക്കുന്നതിന് മുന്നേ, റോഡുകൾ നന്നാക്കണം. അവിടവിടെ ഒറ്റപ്പെട്ട ഒന്നോ രണ്ടോ കുഴികളൊക്കെ ഞങ്ങളങ്ങ് സഹിച്ചോളാം. പക്ഷെ ഇതുപോലെ താറുമാറായിക്കിടക്കുന്ന റോഡിൽ വണ്ടി ഓടിക്കുന്നതിന് 15 വർഷത്തെ ടാക്സ് ഒറ്റയടിക്ക് നൽകുന്ന ജനങ്ങളെ, അവരുടെ സുരക്ഷയ്ക്കെന്ന പേരിൽ, പിഴയെന്ന ഓമനപ്പേരിട്ട് പിടിച്ചുപറി നടത്തരുത്.

വാൽക്കഷണം:‌- ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നതൊക്കെ വാഹനം ഓടിക്കുന്നവർ മാത്രമല്ല യാത്രക്കാർ എല്ലാവരും ഉപയോഗിക്കേണ്ടതാണ്. അതൊക്കെ ഉപയോഗിച്ചാൽ നമ്മുടെ പോക്കറ്റ് കാലിയാകില്ലെന്ന് മാത്രമല്ല, ജീവനും ചിലപ്പോൾ ബാക്കിയുണ്ടാകും. നമ്മളുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം. മുകളിൽ‌പ്പറഞ്ഞതൊക്കെയും, ഹൈക്കോർട്ട് പരിസരത്ത് ജീവിച്ചിട്ടും കോടതിയിൽ കയറി സ്വന്തം പ്രതിഷേധം അറിയിക്കാൻ പറ്റാതെ, പാതാളസമാനമായ ഈ റോഡിലൂടെ നിരന്തരം വാഹനമോടിക്കുകയും, ആഴ്ച്ചയിൽ നാല് പ്രാവശ്യമെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നറിയാനായി വാഹനം തടയപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരുവന്റെ പ്രതിഷേധക്കുറിപ്പ് മാത്രം.

ചിത്രങ്ങൾക്ക് കടപ്പാട് :- ഗൂഗിൾ

Friday 22 July 2011

‘കക്കട്ടിൽ യാത്രയിലാണ് ‘


ല്ല മുഖപരിചയം”
“ഞാൻ കണ്ണൂരിലാണ് “
“കണ്ണൂരിൽ എവിടെയാണ് ? “
“പിണറായിയിൽ”
“പേര് ?”
“വിജയൻ”
“പിണറായി വിജയേട്ടനാണോ ?”
“അതെ.... നിങ്ങൾ?”
“വടകരയിലാണ് “
“വടകരയിൽ എവിടെ ?”
“കക്കട്ടിൽ”
“പേര് ”
“അൿബർ”
“അൿബർ കക്കട്ടിലാണോ?”
“അതെ”

പിണറായി വിജയനും, അൿബർ കക്കട്ടിലും ഒരു തീവണ്ടിയാത്രയ്ക്കിടയിൽ ആദ്യമായി നേരിൽ കണ്ടുമുട്ടുന്ന രംഗമാണിത്. ഇന്നത്തേതുപോലെ എഴുത്തുകാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം രൂപങ്ങൾ നാഴികയ്ക്ക് നാലുവട്ടം ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാത്ത കാലഘട്ടത്തിലെ ഒരു പരിചയപ്പെടൽ. ഇത്തരം പല പ്രമുഖന്മാരുമാരേയും ലേഖകൻ പരിചയപ്പെടുന്നത് യാത്രകൾക്കിടയിലാണ്. കുട്ടി അഹമ്മദ് കുട്ടി(എം.എൽ.എ) യെ കണ്ടിട്ടുള്ളത് തീവണ്ടിയിൽ വെച്ച് മാത്രമാണത്രേ!

ഡീ.സി. ബുക്ക്സ് ഇക്കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ ‘കക്കട്ടിൽ യാത്രയിലാണ് ‘ എന്ന പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലും, പുസ്തകത്തിന്റെ പേരിൽ നിന്ന് മനസ്സിലാക്കാവുന്നതുപോലെ, അൿബർ കക്കട്ടിൽ വിവരിക്കുന്നത് യാത്രയ്ക്കിടയിലെ സംഭവങ്ങളും പരിചയപ്പെടലുകളും അനുഭവങ്ങളും തന്നെയാണ്.
യാത്രയാണ് വിഷയം എന്നതുകൊണ്ടായിരിക്കാം പുസ്തകം കൈയ്യിൽക്കിട്ടിയ പാടേ വായിച്ച് തീർത്തു. സാഹിത്യലോകത്തെന്ന പോലെ മറ്റ് പ്രമുഖ മേഖലകളിലും അദ്ദേഹത്തിനുള്ള സുഹൃത്‌വലയം കൂടെ പുസ്തകം കാണിച്ചുതരുന്നുണ്ട്.

രാഷ്ട്രീയക്കാർക്കിടയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഉയർന്ന വായനക്കാരൻ കൂടെയായ സി.എച്ച്.ഹരിദാസ് എന്ന കോൺഗ്രസ്സുകാരനെയാണ് ‘അങ്ങനെ നാം പുറപ്പെടുകയാണ് ‘ എന്ന ആദ്യ അദ്ധ്യായത്തിലൂടെ കക്കട്ടിൽ പരിചയപ്പെടുത്തുന്നത്. ഹരിദാസിന്റെ ആകസ്മിക മരണവും ഒരു യാത്രയായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അപൂർവ്വ ജനുസ്സെന്ന് കക്കട്ടിൽ പറയുന്ന ഹരിദാസ് ഇന്നുണ്ടായിരുന്നെങ്കിൽ, കേരള രാഷ്ട്രീയത്തിൽ ഏത് സ്ഥാനത്തായിരിക്കുമെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. വായനയും വിവരവുമൊക്കെ ഉണ്ടായിരുന്ന ആളായതുകൊണ്ട് ഉന്നതനിലയിൽ എത്തുന്നതിന് പകരം, കുതികാൽ വെട്ട് രാഷ്ട്രീയത്തിന്റെ ഇരയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടിക്കാണാനാണ് സാദ്ധ്യതയെന്നാണ് തോന്നിയത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് കക്കട്ടിലിന്റെ കാര്യത്തിലും സത്യമാണെന്ന് ഹരിദാസ് കക്കട്ടിലിനെ ബോദ്ധ്യപ്പെടുത്തുന്നു. സ്വന്തം വീടിനു മുന്നിലുള്ള പൊന്മേനി അമ്പലത്തേക്കുറിച്ച് അറിയാത്ത കക്കട്ടിൽ റഷ്യയിൽ പോകാൻ താൽ‌പ്പര്യം കാണിക്കുമ്പോളാണത്.  ‘സ്വന്തം നാട് മാത്രമല്ല വീടകവും പറമ്പും പോലും നേരാംവണ്ണം കാണാത്തവരാണ് നമ്മൾ. വീട്ടിൽ മാറാല പിടിച്ചിരിക്കുന്നു, ഫ്ലഷ് പ്രവർത്തിക്കുന്നില്ല. പറമ്പിൽ തേങ്ങകളും ഓലയുമൊക്കെ വീണുകിടക്കുന്നു എന്നതൊക്കെ ആരെങ്കിലും അതിഥികൾ വന്ന് ചൂണ്ടിക്കാണിക്കുമ്പോളായിരിക്കും നാം ശ്രദ്ധിക്കുക.‘ എന്നുവെച്ച് നമ്മൾ ദേശം വിട്ട് മറുദേശങ്ങളിലേക്കുള്ള യാത്രകൾ മുടക്കരുതെന്നും കക്കട്ടിൽ പറയുന്നു. ഇതൊക്കെ പ്രകൃതി നിയമമായിട്ട് കൂട്ടിയാൽ മതിയെന്ന് പറയുന്ന ഗ്രന്ഥകാരനോട് ഒരു വരികൂടെ ഞാൻ ചേർക്കുന്നു. വീടിനു ചുറ്റുമുള്ള കാഴ്ച്ചകൾ നമുക്ക് വയസ്സാംകാലത്ത് കാണാമല്ലോ? ചോരത്തിളപ്പുള്ള ചെറുപ്പകാലത്ത് ദൂരെയുള്ള യാത്രകൾ തന്നെ തിരഞ്ഞെടുക്കുക.

‘രാത്രിവണ്ടിയിലെ യാത്രക്കാരി’ എന്ന അദ്ധ്യായത്തിൽ പരാമർശിക്കുന്ന, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്ന പെൺകുട്ടി കക്കട്ടിലിന് ഇന്നും ഒരു സമസ്യയാണ്. എഴുത്തുകാരെയൊക്കെ ഫോട്ടോകൾ വഴി തിരിച്ചറിയാൻ സാദ്ധ്യതയില്ലായിരുന്ന ഒരു കാലത്ത് പരിചയപ്പെടുന്ന ഈ പെൺകുട്ടി അൿബറിനെ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ കഥകളെപ്പറ്റിയുള്ള അഭിപ്രായം തുറന്ന് പറയുന്നു. സ്വയം പരിചയപ്പെടുത്തുമ്പോൾ അവൾ പറയുന്ന നിർദ്ദോഷകരമായ ഒരു കള്ളം പിടിക്കാൻ എഴുത്തുകാരന് പറ്റുന്നില്ല. നല്ല വായനാശീലമുള്ള അവളാരാണെന്ന്, പിന്നിടുള്ള തന്റെ രചനകളിലൂടെ അറിയാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊക്കെയും പാഴാകുമ്പോൾ നിരാശനാകുന്നത് വായനക്കാരൻ കൂടെയാണ്.

‘തൊട്ടടുത്ത സീറ്റിലെ അപരിചിതൻ‘ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നത് പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുണ്ടായ അനുഭവമാണ്. തീവണ്ടിയിൽ നിന്ന് ഉടലെടുക്കുന്ന ആൺ-പെൺ ബന്ധത്തിന്റെ ആ കഥ ഒറ്റവായനയിൽ അവിശ്വസനീയമായിത്തോന്നാം. ശാരീരികമായ ഒരു ആവശ്യം മാത്രമായി ലൈംഗിക ബന്ധത്തെ കണക്കാക്കി, പ്രാവർത്തികമാക്കി, കുറ്റബോധമേതുമില്ലാതെ പൊടിയും തട്ടി പോകുന്നത് ചെറുപ്പക്കാരനല്ല; മറിച്ച് പെൺകുട്ടിയാണ്. ഇതിനെ ആസ്പദമാക്കിയാണ് അദ്ദേഹം ‘പടിഞ്ഞാറോട്ടുള്ള തീവണ്ടി‘ എന്ന കഥ കലാകൌമുദിയിൽ എഴുതിയത്. വണ്ടി മുമ്പത്തേക്കാൾ വേഗത്തിൽ പടിഞ്ഞാറോട്ട് ഓടിക്കൊണ്ടിരിക്കുകയാണെന്ന്, തീവണ്ടിയിൽ നേരിട്ട് കണ്ടിട്ടുള്ള രംഗങ്ങളിലൂടെ അദ്ദേഹം അടിവരയിടുമ്പോൾ, മറിച്ച് പറയാൻ വായനക്കാരനുമാകില്ല.

കൈക്കൂലി കൊടുക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ള ലേഖകന് ഒരു തീവണ്ടിയാത്രയിൽ ഒരിക്കലെങ്കിലും അതിന് വഴങ്ങേണ്ടി വന്നപ്പോൾ, മറുവശത്ത് കൈക്കൂലി വാങ്ങിയ ടി.ടി.ഇ. യ്ക്കും കൈക്കൂലി വാങ്ങിക്കുന്നത് ആദ്യത്തെ അനുഭവമായി മാറുന്നത് രസകരമായ വായനയ്ക്കിട നൽകുന്നു. 

യാത്രകൾക്കിടയിൽ പരിചയപ്പെടുന്ന പ്രമുഖരെ എന്നപോലെ വല്ലാതെ അടുപ്പത്തിലാകുന്ന ലത്തീഫിനെപ്പോലുള്ള നന്മയുള്ള സാധാരണക്കാരേയും ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. അന്നത്തേക്ക് മാത്രമുള്ള സൌഹൃദം, കുറേക്കാലം കൊണ്ടുനടന്ന് പിന്നെ കൊഴിഞ്ഞുപോകുന്ന സൌഹൃദങ്ങൾ, ചിരകാല സൌഹൃദങ്ങൾ എന്നിങ്ങനെ പല വിഭാഗത്തിലുള്ള സൌഹൃദങ്ങൾ, ഏതൊരാൾക്കും യാത്രകൾക്കിടയിൽ ഉരുത്തിരിയാനിടയുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.

കുഞ്ഞിക്ക എന്ന് ലേഖകൻ വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കൂടെ യാത്ര ചെയ്ത് ഒരിക്കൽ വെട്ടിലായതും, പിന്നീട് അദ്ദേഹവുമായുള്ള യാത്രകളിൽ സ്വയരക്ഷയ്ക്കായി മുൻ‌കരുതൽ എടുത്തതുമായ വിവരണങ്ങൾ നർമ്മത്തിൽ ചാലിച്ചതാണ്. എം.മുകുന്ദൻ, ലോഹിതദാസ്, മുരളി, മമ്മൂട്ടി, കൈതപ്രം, കുഞ്ഞുണ്ണിമാഷ്, എം.ടി, എം.പി.നാരായണപ്പിള്ള, സക്കറിയ, ഡോ:എം.കെ.പി. നായർ, ജി.കാർത്തികേയൻ, വിനയചന്ദ്രൻ, സത്യൻ അന്തിക്കാട്, എസ്.ഭാസുരചന്ദ്രൻ, പ്രൊഫ:കെ.പി.ശങ്കരൻ, ലത്തീഫ് എന്നിങ്ങനെ സുപരിചിതരും അല്ലാത്തതുമായ ഒട്ടനവധിപേർ കക്കട്ടിലിന്റെ യാത്രയ്ക്കിടയിൽ, രസകരവും തെല്ല് നോവുന്ന അനുഭവമായുമൊക്കെ വായനക്കാരിലേക്കെത്തുന്നു.

‘ക്ഷമിക്കണം ബോധപൂർവ്വമല്ല’ എന്ന ലേഖനം ഒരു ഉപദേശം കൂടെയാണ്. മന്ത്രിമാർ, ഉന്നതാധികാരികൾ, സിനിമാതാരങ്ങൾ എന്നിവരെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേക്കായി ദീർഘയാത്രയൊക്കെ നടത്തി എഴുത്തുകാരൻ പോകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആ ഉപദേശം. ഇപ്പറഞ്ഞവരൊക്കെ എഴുത്തുകാരന് വലിയ സ്ഥാനം നൽകുമെങ്കിലും അവരുടെ അണികളോ ആരാധകരോ അത് തരണമെന്നില്ല എന്ന അഭിപ്രായം ശരിയാകാനേ തരമുള്ളൂ. ‘കാണാം ബൈ’ എന്ന അവസാന അദ്ധ്യായത്തിൽ, യാത്രകൾക്കിടയിൽ പുകവലി കാരണം ഉണ്ടായിട്ടുള്ള ഗുലുമാലുകളെപ്പറ്റിയാണ് വിവരിക്കുന്നത്. പലപ്പോഴും, അക്ഷരസ്നേഹികൾ ചിലർ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ട അനുഭവങ്ങൾ.

മഹത്തായ ഒരു അനുഭവം ഉണ്ടാകാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട് ഒരു യാത്രയും നടത്താനാവില്ല. ജീവിതമെന്ന മഹായാത്രയിൽ അനുഭവങ്ങൾ അങ്ങനെ കടന്നുവരും, ഒട്ടും വിചാരിച്ചിരിക്കാതെയെന്ന് ലേഖകൻ. അതെ അത്തരം യാത്രാനുഭവങ്ങൾക്ക് തന്നെയാണ് മാധുര്യവും.


വാൽക്കഷണം:‌- യാത്രകൾക്കിടയിൽ, ഞാൻ പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള സെലിബ്രിറ്റികളോ പ്രമുഖ വ്യക്തികളോ ആരൊക്കെയാണ് ? ആലോചിച്ച് നോക്കിയപ്പോൾ ഒരു മുഖം മാത്രമാണ് മുന്നിൽ തെളിഞ്ഞത്. അന്തരിച്ചുപോയ സിനിമാനടൻ ജോസ് പല്ലിശ്ശേരി. തീവണ്ടിയുടെ വാതിൽക്കൽ നിന്നിരുന്ന അദ്ദേഹത്തെ എനിക്ക് പെട്ടെന്ന് മനസ്സിലായി. അന്നദ്ദേഹം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. പോയി സംസാരിക്കാൻ തീരുമാനിച്ചപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിലക്കി. “വേണ്ടടാ, ഞാനെങ്ങും കണ്ടിട്ടില്ല അങ്ങനൊരു നടനെ. പോയി മുട്ടി വെറുതെ ചമ്മാൻ നിൽക്കണ്ട.”