Wednesday 20 April 2011

മണി ഇപ്പോളും പട്ടിണിയിലാണ്

ഈ ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബ്ലോഗന കോളത്തിൽ പ്രസിദ്ധീകരിച്ചതിന്റെ ഇമേജുകളാണ് താഴെ. ബ്ലോഗന വായിച്ചിട്ടെങ്കിലും ഏതെങ്കിലും സിനിമാക്കാർ വഴി മണിക്ക് സഹായം കിട്ടിയാൽ,  ഈ ലേഖനം ലക്ഷ്യം കണ്ടതായി ഞാൻ സന്തോഷിക്കും.


ണ്ടുദിവസം മുൻപ് ചെതലയത്തുനിന്ന് കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു. പരിചയപ്പെട്ടതിനുശേഷം ഇടയ്ക്കിടയ്ക്ക് കുഞ്ഞഹമ്മദിക്ക വിളിക്കാറുണ്ട്. മിസ്സ്ഡ് കാൾ തന്നാൽ മതിയെന്ന് ഞാനങ്ങോട്ട് പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരു പ്രാവശ്യം അടിച്ച് നിൽക്കുന്ന വിളികൾ മിക്കവാറും കുഞ്ഞഹമ്മദിക്കയുടേത് തന്നെയായിരിക്കും. തിരിച്ച് വിളിച്ചാൽ, അവസാനം സംസാരിച്ച ദിവസം മുതൽ ഇന്നുവരേയ്ക്കുള്ള കാര്യങ്ങൾ, വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ചെതലയത്തേയും ബത്തേരിയിലേയുമൊക്കെ മറ്റുവിശേഷങ്ങൾ, എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞ് കേൾപ്പിക്കും. ആദിവാസികളുടെ കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ആരും തിരിഞ്ഞ് നോക്കാനില്ലാത്തവന്റെ കദനകഥകൾ, അങ്ങനെയങ്ങനെ കേട്ടുനിൽക്കുന്നവന്റെ ഉള്ള് പൊള്ളുന്ന കാര്യങ്ങളായിരിക്കും കൂടുതലും പറയാനുണ്ടാകുക.

ഇപ്രാവശ്യം വിളിച്ചപ്പോൾ പറഞ്ഞത്, 2011 ഏപ്രിൽ 23 ലക്കം മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് വാങ്ങി, അതിൽ മണിയെപ്പറ്റി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് എഴുതിയ ലേഖനം വായിക്കണമെന്നാണ്. ചെതലയത്ത് ചെല്ലുമ്പോളൊക്കെ മണിയുടെ കാര്യം കുഞ്ഞഹമ്മദിക്ക പറയാറുള്ളതാണ്. അതുകൊണ്ട്, ഏത് മണി എന്ന കാര്യത്തിൽ ലവലേശം സംശയം എനിക്കില്ല. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ അഭിനയിച്ച് ബാലനടനുള്ള അവാർഡ് വാങ്ങിയ, താത്തൂർ പണിയ കോളനിക്കാരനായ മണിയുടെ കാര്യം തന്നെയാണ് കുഞ്ഞഹമ്മദിക്ക പറയുന്നത്.

കുഞ്ഞഹമ്മദിക്ക ഫോണിലൂടെ പറഞ്ഞ മണിയുടെ കാര്യങ്ങൾ പങ്കുവെക്കുന്നതിന് മുന്നേ, മനോരമ ആഴ്ച്ചപ്പതിപ്പിൽ രഞ്ജൻ പ്രമോദ് എഴുതിയ ലേഖനത്തിൽ നിന്ന് മനസ്സിൽ തട്ടിയ ചില കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ.

കടപ്പാട് - മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്
ഫോട്ടോ എടുക്കാൻ പോലും സമ്മതിക്കാതെ നിന്നിരുന്ന മണിയെ പറഞ്ഞ് സമ്മതിപ്പിച്ച് സിനിമയിൽ അഭിനയിപ്പിക്കാനായി കൊണ്ടുപോകുമ്പോൾ, കുറെ നല്ല ഉടുപ്പുകളും മറ്റും രഞ്ജൻ വാങ്ങിക്കൊടുക്കുന്നുണ്ട്. ചായ കുടിക്കാൻ കയറിയപ്പോൾ ഒരു സമൂസ തിന്നതിനുശേഷം ഒരെണ്ണം കൂടെ കിട്ടുമോ എന്ന് മണി രഞ്ജനോട് ചോദിക്കുന്നു; ആവശ്യത്തിന് എടുത്ത് കഴിച്ചോളാൻ രഞ്ജൻ പറയുന്നു. കൂട്ടത്തിൽ, “ഉച്ചയ്ക്കെന്ത് കഴിച്ചു, രാവിലെ എന്ത് കഴിച്ചു? ” എന്നൊക്കെ ചോദിച്ചപ്പോളാണ് നടുക്കുന്ന ആ സത്യം രഞ്ജൻ മനസ്സിലാക്കുന്നത്. പള്ള നിറയെ പച്ചവെള്ളം കുടിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, മണി ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി.

തുടർന്നുള്ള ദിവസങ്ങളിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലും താമസിക്കുന്ന ഹോട്ടൽ മുറിയിലുമൊക്കെയായി വയറുനിറച്ച് ഭക്ഷണം മണിക്ക് കിട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. താരങ്ങളും സംവിധായകനും ഒക്കെ താമസിക്കുന്ന ഹോട്ടലിൽത്തന്നെ മണിക്ക് താമസിക്കാനുള്ള മുറി നൽകാനും അഭിനയിച്ചതിന്റെ പ്രതിഫലം കിട്ടിയെന്ന് ഉറപ്പുവരുത്താനുമൊക്കെ രഞ്ജൻ ശ്രദ്ധിക്കുന്നുണ്ട്. ഹോട്ടൽ മുറിയിലുള്ള ടീവി മണിക്കൊരു അത്ഭുതവും ദൗർബല്യവുമായിരുന്നു എന്ന് രഞ്ജൻ പറയുമ്പോൾ എനിക്കൊട്ടും അത്ഭുതമില്ല. അവൻ മുൻപൊരിക്കലും ടീവി കണ്ടിരിക്കാൻ വഴിയില്ല, ഉണ്ടെങ്കിൽത്തന്നെ അത് സ്വന്തം ഇഷ്ടത്തിന് പ്രവർത്തിപ്പിക്കാൻ അവന് അവസരം ഉണ്ടായിട്ടുണ്ടാകില്ല. പതുപതുത്ത മെത്തയിലെ ഉറക്കവും, നല്ല ഭക്ഷണവും, ടീവിയുമൊക്കെ, സിനിമാ ഷൂട്ടിങ്ങ് കഴിയുന്നതോടെ തീരുമെന്ന് അവനുറപ്പായതുകൊണ്ട്, കിട്ടിയ സമയം മുഴുവൻ അവനതൊക്കെ ആസ്വദിച്ചുകാണുമെന്നതിൽ തർക്കമില്ല.

സിനിമ റിലീസായി. മണിക്ക് മികച്ച ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു. അവാർഡിന് ശേഷം തിരുവനന്തപുരത്തുവെച്ച് ശിശുക്ഷേമസമിതി മണിയെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് മന്ത്രിമാർക്കും മറ്റ് പ്രഗത്ഭർക്കും പത്രക്കാർക്കുമൊക്കെ ഇടയിലാണ് അവസാനമായി മണിയെ കണ്ടതെന്ന് രഞ്ജൻ പറയുന്നു. പിന്നെ മണിയെപ്പറ്റി, 2 ഏപ്രിൽ 2011ന് മനോരമ ആഴ്ച്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിലൂടെയാണ് മണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ രഞ്ജൻ അറിയുന്നത്.

മണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ തന്നെയാണ് ഫോണിലൂടെ കുഞ്ഞഹമ്മദിക്ക എന്നോടും പറഞ്ഞത്. രഞ്ജൻ പ്രമോദിനെ കണ്ടുമുട്ടുന്നതിന് മുൻപ്, എവിടെ നിന്നിരുന്നോ അതേ അവസ്ഥയിൽ തന്നെയാണ് മണി ഇപ്പോളും നിൽക്കുന്നത്. അച്ഛന്റെ അമ്മയുടെ വീട്ടിൽ, രണ്ടാനമ്മയും അച്ഛനുമടങ്ങുന്ന മൂന്ന് കുടുംബങ്ങളോടൊപ്പമാണ് താമസം. അച്ഛന് നേരേ ചൊവ്വേ പണി ഒന്നുമില്ലാത്തതുകൊണ്ട് പലപ്പോഴും മുഴുപ്പട്ടിണി തന്നെ. ചേനാട് സ്ക്കൂളിലെ പഠനം പാതി ഉപേക്ഷിച്ച മട്ടിലാണ്.  പ്രായം വെച്ച് നോക്കിയാൽ അടുത്ത അദ്ധ്യയന വർഷം മണി പത്താം ക്ലാസ്സുകാരനാണ്. പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളും വണ്ടിക്കൂലിയുമൊക്കെ കൊടുക്കാമെന്ന് ഇല്ലായ്മയുടെ നടുവിൽ നിന്നുകൊണ്ട് കുഞ്ഞഹമ്മദിക്ക ഏറ്റിട്ടുണ്ട്.  വിശപ്പിന്റെ വിളി ഒന്നടക്കാൻ പറ്റിയാൽ അവൻ ചിലപ്പോൾ പരീക്ഷ എഴുതിയെന്ന് വരും. മഴനനയാത്ത ഒരു കൂരയില്ലെങ്കിൽ, മികച്ച ബാല നടനുള്ള  അവാർഡിന്റെ കീർത്തിപത്രം കീറിപ്പറിഞ്ഞ് പോയതുപോലെ, നാശമാക്കിക്കളയാൻ മാത്രമായി ഒരു എസ്.എസ്.എൽ.സി. പുസ്തകം സമ്പാദിച്ചിട്ടെന്ത് കാര്യം ?

ആദിവാസികൾ കിടക്കുന്ന കൂര കാണാത്തവർ ഉണ്ടെങ്കിൽ കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ സ്വന്തം ആർഭാടങ്ങളോടുള്ള ലജ്ജയും പേറി ശിഷ്ടകാലം ജീവിക്കേണ്ടി വരും. പാമ്പിനോ പഴുതാരയ്ക്കോ അട്ടയ്ക്കോ ഒരു തടസ്സവുമില്ലാതെ ഇഴഞ്ഞുകേറാൻ പാകത്തിന് മുളക്കമ്പുകൊണ്ടുള്ള ചുമരും, മെഴുകാത്ത തിണ്ണയും, നമ്മുടെയൊക്കെ കക്കൂസിന്റെ വലിപ്പവുമുള്ള ചെറ്റപ്പുരകളാണൊക്കെയും. മണിയുടെ കൂരയുടെ അവസ്ഥയും ശോചനീയമാണ്.

“എന്തുചെയ്യാൻ പറ്റും നമുക്ക് ? “ എന്നാണ് കുഞ്ഞഹമ്മദിക്കയുടെ ചോദ്യം. നമുക്കൊരുപാട് കാര്യങ്ങൾ ചെയ്യാനാവും. അതിന് സന്മനസ്സുള്ളവർ നമുക്കിടയിലുണ്ടെന്ന് നമ്മൾ പലവട്ടം തെളിയിച്ച് കഴിഞ്ഞതുമാണ്. പക്ഷേ, ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ഒരു ആദിവാസി ബാലനുവേണ്ടി സർക്കാർ എന്തൊക്കെ ചെയ്തു ? തിരുവനന്തപുരത്തെ ആദരിക്കലിന് അപ്പുറം ശിശുക്ഷേമസമിതി എന്തൊക്കെ ചെയ്തു ? സിനിമാക്കാർ എന്തൊക്കെ ചെയ്തു ? ലേഖനങ്ങൾ പടച്ചുണ്ടാക്കി കോളങ്ങൾ കൊഴുപ്പിച്ച പത്രമാദ്ധ്യമങ്ങൾ എന്തൊക്കെ ചെയ്തു ? എല്ലാവരും ഒരു ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കും.

രഞ്ജൻ പ്രമോദിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.

“ഒരു കാര്യത്തിൽ വേദനയുണ്ട്. വനത്തിൽ അദിവാസി ഊരിനുള്ളിൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു മണിയെ ഞങ്ങൾ കണ്ടെത്തി. ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് ക്യാമറയ്ക്ക് മുൻപിൽ കൊണ്ടുവന്ന് നടനാക്കി. സംസ്ഥാന അവാർഡും അവന് ലഭിച്ചു. പക്ഷേ ആ പ്രതിഭയുടെ നാളം അണയാതെ സൂക്ഷിക്കാൻ ഒരു കൈപ്പടം നീട്ടി സംരക്ഷിച്ചുപിടിക്കാൻ എങ്കിലും ആരും പിന്നെ മുന്നോട്ടു വന്നില്ല. അല്ലെങ്കിലും ആദിവാസി ക്ഷേമവും സംരക്ഷണവും പ്രസംഗങ്ങളിൽ മാത്രമാണല്ലോ.“

കടപ്പാട് - മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്
രഞ്ജനുശേഷം വീണ്ടും ചിലരൊക്കെ മണിയെ ക്യാമറയുടെ മുന്നിലെത്തിച്ചിട്ടുണ്ട്.  സീരിയലുകാരായിരുന്നു അവർ. പക്ഷെ, അഭിനയം കഴിഞ്ഞപ്പോൾ പറഞ്ഞതുപോലെ പണമൊന്നും കൊടുത്തില്ല. ആദിവാസികളാകുമ്പോൾ സംഘം ചേർന്ന് ബഹളമുണ്ടാക്കി കുത്തിനുപിടിച്ച് കാശ് വാങ്ങാനൊന്നും വരില്ലെന്ന് മനസ്സിലാക്കി മുതലെടുത്ത് പോയ സീരിയലുകാരുടെ നെറികേടിനെപ്പറ്റി കൂടുതലെന്തുപറയാൻ! ഇക്കാര്യങ്ങളൊക്കെ ഏപ്രിൽ 2ന്റെ മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ വന്ന ലേഖനത്തിൽ രഞ്ജനും വായിച്ച് കാണുമല്ലോ?

ശ്രീ.രഞ്ജൻ പ്രമോദ്, ഒരു സിനിമയിൽ അഭിനയിപ്പിച്ച് അതിന്റെ പ്രതിഫലവും നൽകി, നടനാക്കി, അവാർഡിന് അർഹനാക്കിയതോടെ രഞ്ജന്റെ ഉത്തരവാദിത്വം കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മനോരമയിലൂടെ വായിച്ചറിഞ്ഞ മണിയുടെ കാര്യങ്ങളിൽ അനുകമ്പ തോന്നുന്നുണ്ടെങ്കിൽ, മണിക്ക് വേണ്ടി ഇനിയും പല കാര്യങ്ങൾ ചെയ്യാൻ രഞ്ജന് സാധിക്കും. സിനിമാക്കാരുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് മണിക്ക് ദിവസം ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ തക്കവണ്ണം എന്തെങ്കിലും, നേടിക്കൊടുക്കാനാവില്ലേ ? രഞ്ജന് അത് സാധിക്കില്ലെങ്കിൽ ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മണിക്കൊപ്പം അഭിനയിച്ച മോഹൻലാൽ എന്ന നടൻ വിചാരിച്ചാൽ അത് സാധിക്കില്ലേ ? അദ്ദേഹവുമായി ബന്ധപ്പെടാൻ ഞങ്ങൾ സിനിമാക്കാരല്ലാത്തവരേക്കാൾ താങ്കളെപ്പോലുള്ളവർക്കല്ലേ എളുപ്പം.

ശ്രീ.മോഹൻലാൽ, താങ്കളുടെ ഒപ്പം സിനിമയിൽ അഭിനയിച്ച് അവാർഡ് കരസ്ഥമാക്കിയ ഒരു ബാലന്റെ ഗതികേട് കണ്ടില്ലേ ? കിട്ടിയ അവാർഡുകളൊക്കെ താങ്കളെപ്പോലുള്ളവരൊക്കെ വീട്ടിനകത്ത് പ്രത്യേകം ഷോ കേസുകളോ, മുറികളോ തന്നെ നിർമ്മിച്ച് പ്രദർശിപ്പിക്കുമ്പോൾ, മണിക്കത് മഴനനയാതെ വെച്ച് ചുരുണ്ടുകൂടാൻ നേരെ ചെവ്വേ ഒരു കൂരപോലുമില്ല. കഴിക്കാൻ ഭക്ഷണം കിട്ടാത്തതുകൊണ്ട് കാട്ടിലും മേട്ടിലും പൊന്തകളിലുമൊക്കെ കാണുന്ന ഞണ്ടും ഞവണിയുമൊക്കെ പിടിച്ചുതിന്ന് വിശപ്പടക്കി, ആദിവാസികൾക്കുണ്ടാകുന്ന അരിവാൾ രോഗം തന്നെ ഇവനേയും കാർന്നുതിന്ന് അല്‍പ്പായുസ്സാക്കിയതിനുശേഷം, ഇവന്റെ പേരിൽ ഫിലിം ഫെസ്റ്റിവൽ നടത്തിയിട്ടോ അവാർഡുകൾ വിതരണം ചെയ്തിട്ടോ എന്ത് പ്രയോജനം? മണിയെപ്പോലെ ഒരുപാട് പട്ടിണിപ്പാവങ്ങൾ, ബാല്യങ്ങൾ കേരളത്തിലെ ആദിവാസി സമൂഹങ്ങളിലുണ്ട്. അവരെയെല്ലാം ഉദ്ധരിക്കണമെന്നല്ല പറയുന്നത്. ഒരു സിനിമാക്കാരൻ എന്ന പരിഗണന നൽകി, മണിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കാൻ താങ്കൾക്കാവില്ലേ, സിനിമാക്കാർക്കാവില്ലേ ? ഞങ്ങളെപ്പോലുള്ളവർ ഒരുപാട് ദിവസം, ഒരുപാട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാൽ കിട്ടുന്നതിനേക്കാളൊക്കെ പ്രയോജനം താങ്കളെപ്പോലുള്ള ഒരു വ്യക്തി ഒന്ന് മുരടനക്കിയാൽ ഞൊടിയിടയിൽ ഉണ്ടാകും.

എന്തെങ്കിലുമൊന്ന് ചെയ്ത് നിങ്ങളുടെ കൂട്ടത്തിലെ തന്നെ ഒരു കലാകാരനെ, ഒരു പട്ടിണിക്കാരൻ ബാലനെ രക്ഷിക്കാനാവില്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ. ഇല്ലാത്ത പൊട്ടും പൊടിയുമൊക്കെ പെറുക്കിക്കൊടുത്ത് സംരക്ഷിക്കാൻ കൂലിപ്പണിക്കാരനായ കുഞ്ഞഹമ്മദിക്കയുണ്ടാകും, കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും.
-----------------------------------------------------------
ഈ വിഷയത്തിന്റെ തുടർച്ചയായി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 2011 മെയ് 15 ലക്കത്തിൽ, ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ (മുളന്തുരുത്തി) എഴുതിയ കത്ത് താഴെ കാണാം. 

Sunday 3 April 2011

കുറേ ക്രിക്കറ്റ് ഓർമ്മകൾ.

2011 ഏപ്രിൽ 2, മുംബൈ. രാവേറെ ആയിട്ടും ഇവിടെ ആഘോഷങ്ങൾ നീണ്ടുനിന്നു. കാന്തിവിലിയിൽ ഞാൻ താമസിക്കുന്ന കെട്ടിടത്തിലെ എട്ടാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് നോക്കിയാൽ ആകാശത്ത് അമിട്ടുകൾ പൊട്ടിവിടർന്ന് നിറങ്ങൾ വാരിവിതറുന്നത് കാണാമായിരുന്നു. നിനച്ചിരിക്കാതെ ഒരു തൃശൂർ പൂരമോ ദീപാവലിയോ വന്നുകയറിയതുപോലെ. അരമണിക്കൂറിലധികം ഞാനത് നോക്കി ബാൽക്കണിയിൽത്തന്നെ നിന്നു. മാർച്ച് 30ന്, ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനെതിരെ വിജയിച്ച് ഫൈനലിലേക്ക് കടന്നപ്പോഴും ഇതുപോലെ തന്നെ കേമമായ ആഘോഷം തന്നെയായിരുന്നു ഈ മഹാനഗരത്തിൽ.

ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്.

വെടിക്കെട്ട് കണ്ട് നിന്നപ്പോൾ ഓർമ്മകൾ ഒരുപാട് പിന്നോട്ട് പാഞ്ഞു. ക്രിക്കറ്റ് പ്രേമിയായ ഏതൊരു ചെറുപ്പക്കാരനേയും പോലെ കളിയോട് ആവേശമുണ്ടായിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ് പ്രീഡിഗ്രിക്കും പഠനവും എൻ‌ട്രൻസ് പരീക്ഷയ്ക്കുമൊക്കെ നടന്നിരുന്ന കാലഘട്ടമാണത്.

അക്കാലത്ത് ചെറായിക്കും മുനമ്പത്തിനും ഇടയിലുള്ള കോൺ‌വെന്റ് എന്ന സ്ഥലത്തെ കടപ്പുറം മേഖലയിൽ, പുല്ലുപിടിച്ച് കിടക്കുന്ന ഒരു പറമ്പായിരുന്നു ഞങ്ങളുടെ ഗ്രൗണ്ട്. പൊളിഞ്ഞുവീഴാൻ തയ്യാറെടുത്ത് മരപ്പലകകളൊക്കെ അല്‍പ്പം ചരിഞ്ഞ് നിൽക്കുന്ന ‘രവീന്ദ്ര‘പ്പാലത്തിലൂടെ ഇപ്പറഞ്ഞ ഗ്രൗണ്ടിലേത്താൻ അരമണിക്കൂറെങ്കിലുമെടുക്കും. ടീം അംഗങ്ങളൊക്കെ “ഒരിടം വരെ പോയിട്ട് ദിപ്പ വരാം.” എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് സ്കൂട്ടായി ഗ്രൗണ്ടിലെത്തുന്നത്. വീട്ടിൽ ചോദിച്ച് അനുവാദം വാങ്ങിയിട്ട് കളിയൊന്നും നടക്കില്ലെന്ന് മാത്രമല്ല നല്ല ചീത്തയും കേട്ടെന്നും വരും. പലരും ആദ്യ ഇന്നിങ്ങ്സ് തീർത്ത് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങിപ്പോകില്ല. പോയാൽ, കോപ്പർ ഔട്ടാകുമെന്നും രണ്ടാമത്തെ ഇന്നിങ്ങ്‌സ് കളിക്കാൻ വേറെ ആളെ കൂലിക്കെടുത്ത് ഇറക്കേണ്ടി വരുമെന്നും അവർക്കറിയാം. എനിക്ക് അത്രയുംനേരം വീട്ടിൽ നിന്ന് മാറി നിന്നാൽ, അതിൽക്കൂടുതൽ പ്രശ്നമാകുമെന്നുള്ളതുകൊണ്ട് വിയർത്തൊലിച്ച് അഴുക്കായ വസ്ത്രവുമായി ഭക്ഷണം കഴിക്കാൻ ചെല്ലുമായിരുന്നു. ആ കാഴ്ച്ച കാണുമ്പോൾത്തന്നെ വീട്ടിലുള്ളവർക്ക് കാര്യം പിടികിട്ടും. അമ്മ ഫിസിക്കൽ ഏഡ്യൂക്കേഷൻ അദ്ധ്യാപിക ആയതുകൊണ്ട് കാര്യമായ പ്രശ്നമൊന്നും ഉണ്ടാകാറില്ല. ‘കളിമാത്രമേയുള്ളൂ പഠിപ്പൊന്നും ഇല്ല‘ എന്നൊരു സ്ഥിരം പരാതി കേൾക്കാത്തപോലെ നിൽക്കാൻ സ്വയം പരിശീലിച്ചിട്ടുള്ളത് രക്ഷയായിട്ടുണ്ട്. എങ്ങനായാലും രണ്ടാമത്തെ ഇന്നിങ്ങ്സിന് ഓടിക്കിതച്ച് ഗ്രൗണ്ടിൽ എത്തിയിരുന്നു. പ്രീഡിഗ്രിക്ക് ഞാൻ പഠിച്ചിരുന്ന, മാല്യങ്കര എസ്.എൻ.എം. കോളേജ് ഗ്രൗണ്ടിലും വല്ലപ്പോഴുമൊക്കെ കളിക്കുമായിരുന്നു. ഇന്നാ ഗ്രൗണ്ടിരിക്കുന്ന സ്ഥലത്ത് എഞ്ചിനീയറിങ്ങ് കോളേജിന്റെ കൂറ്റൻ കെട്ടിടങ്ങളാണ്.

എടുത്തുപറയാനും വേണ്ടും വലിയ കളികളൊന്നും കളിച്ചിട്ടില്ല, ഭയങ്കര കളിക്കാരനും ആയിരുന്നില്ല. കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ ബിരുദപഠനത്തിന് എത്തിയപ്പോൾ ക്ലാസ്സ് ടീമിൽ ഉണ്ടായിരുന്നു. അവിടേയും വലിയ കളിക്കാരനൊന്നും ആയിരുന്നില്ല. ക്ലാസ്സിന്റെ ക്യാപ്റ്റനായിരുന്ന ശേഷഗിരി ഡി.ഷേണായ്, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയെപ്പോലെ വിക്കറ്റ് കീപ്പറും, ബാറ്റ്സ്മാനും എന്നതിന് പുറമേ നല്ലൊരു ബൗളറുമായിരുന്നു. ശേഷഗിരി വിക്കറ്റിന്റെ പിന്നിൽ നിന്ന് മാറുമ്പോൾ വിക്കറ്റ് കാത്തിരുന്നത് ഞാനാണ്. പയ്യാമ്പലത്തെ ഹോസ്റ്റലിന് തൊട്ടടുത്തുള്ള ക്ലിഫ് ഹൗസ് ഗ്രൗണ്ടിലും, കോളേജ് എന്ന് പറയുന്ന എം.ടി.എം. ഹൈസ്ക്കൂൾ ഗ്രൗണ്ടിലുമൊക്കെയായി മിക്കവാറും ദിവസങ്ങളിൽ കളിയും പരിക്കുമൊക്കെ പതിവായിരുന്നു.

ജോലിയൊക്കെ കിട്ടിയതിനുശേഷം മുംബൈയിലും അബുദാബിയിലും രാജസ്ഥാനിലുമൊക്കെ വെച്ച് ഒരു രസത്തിന് വല്ലപ്പോഴും കളിയിൽ കൂടാറുണ്ടെന്നതൊഴിച്ചാൽ ക്രിക്കറ്റ് കളി അത്ര സീരിയസ്സായി എടുക്കാനുള്ള പ്രായമല്ല അതെന്ന് അറിയുന്നതുകൊണ്ട് തന്നെ, കളിയോട് അല്‍പ്പം അകലമിട്ടാണ് നിന്നിരുന്നത്.

ടീവിൽ കാണിക്കുന്ന എല്ലാ കളികളും കാണുകയും ഓരോ ഓവറിലും പിറക്കുന്ന റണ്ണുകൾ പോലും എഴുതിവെച്ച് കളി കാണുകയും ചെയ്യുമായിരുന്നു ആദ്യം പറഞ്ഞ പ്രീഡിഗ്രി കാലങ്ങളിൽ. അന്നൊക്കെ വീടുകളിൽ ടീവി വരുകയും, കളി കാണിക്കുകയും ഒക്കെ ചെയ്യുമായിരുന്നതിന്റെ ഒരു ആവേശത്തിൽ ചെയ്തിരുന്നതാകാം. വാതുവെപ്പിനെപ്പയിയുള്ള കാര്യങ്ങളൊക്കെ കേൾക്കാൻ തുടങ്ങിയതോടെ, അസറുദ്ദീനും ജഡേജയുമൊക്കെ പുറത്തായതോടെ, ക്രിക്കറ്റിനോടുള്ള അഭിനിവേശം കുറഞ്ഞു. വല്ലപ്പോഴും ടീവിയിൽ ഏതെങ്കിലും ഒരു കളിയുടെ കലാശക്കൊട്ട് ഭാഗങ്ങൾ കണ്ടാലായി. കളി കാണാനായി മറ്റ് കാര്യങ്ങൾ മാറ്റിവെക്കുന്ന പതിവൊക്കെ ഇല്ലാതായി. സത്യം പറഞ്ഞാൽ, ഇന്ന് എല്ലാ ടീമുകളിലേയും 3 കളിക്കാരുടെ വീതം പേര് പോലും അറിയില്ല. ഇന്ത്യൻ ടീമായതുകൊണ്ട് അതിലെ കളിക്കാരുടെ പേരുവിവരങ്ങളൊക്കെ അറിയാം. വിവാദങ്ങളും വാതുവെപ്പും രാഷ്ട്രീയവുമൊക്കെ ക്രിക്കറ്റിലും കലർന്നതോടെ, കളിയോടുള്ള താല്‍പ്പര്യം വല്ലാതെ നശിച്ചെന്നുതന്നെ പറയാം.

ക്രിക്കറ്റ് കൊണ്ട് കിട്ടിയ നേട്ടങ്ങൾ, കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ കോട്ടങ്ങൾ ചിലതുണ്ട്.

ഒന്നാമത്തെ കോട്ടം, മുൻ‌നിരയിലെ മുകളിലെ പലകപ്പല്ലൊന്നിന്റെ നിറം മാറിപ്പോയതാണ്. ഒരു എഞ്ചിൻ ഓയലിന്റെ പരസ്യത്തിൽ, സച്ചിന്റെ മുന്നിൽ പന്ത് വന്ന് നിൽക്കുമ്പോൾ, പുള്ളി പറയുന്നില്ലേ ? ‘ഇമ്മാതിരി പന്തുകൾ അടിക്കണമെങ്കിൽ ഹിമ്മത്ത് (ധൈര്യം) വേണം‘ എന്ന്. ധൈര്യം വേണമെങ്കിൽ പ്രൊട്ടൿഷൻ വേണമത്രേ! പ്രൊട്ടൿഷൻ അതായിരുന്നു അന്ന് എനിക്കില്ലാതിരുന്നതും. (നാട്ടിലെ ക്രിക്കറ്റ് കളിക്ക് പന്ത് വാങ്ങാനുള്ള കാശ് പിരിവിട്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ. അങ്ങനുള്ളവർക്ക് എവിടുന്നാണ് ഹെൽമറ്റ് പോലുള്ള പ്രൊട്ടൿഷനൊക്കെ ? ഏതെങ്കിലും ഒരു കാലിൽ കീറിപ്പൊളിഞ്ഞ ഒരു പാഡ് ഉണ്ടാകും. അബ്‌ഡമാൻ പാഡിനെപ്പറ്റിയൊന്നും കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.) എതിർ ടീമിലെ ഒരു ബൗളറുടെ ഫുൾ ടോസ് പന്തൊരെണ്ണം എനിക്ക് കണൿറ്റ് ചെയ്യാൻ പറ്റിയില്ല. നക്ഷത്രം എണ്ണലൊക്കെ കഴിഞ്ഞിട്ടും, കുറേ നേരത്തേക്ക് മുഖത്തൊരു മരവിപ്പായിരുന്നു. മൂക്കും പല്ലുമൊക്കെ അവിടത്തന്നെ ഉണ്ടോ എന്ന് മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കേണ്ടി വന്നു. ആകെ വീർത്ത് പൊന്തിയിരിക്കുന്ന പോലെ. വായിൽ നിന്ന് കുറേ ബി നെഗറ്റീവ് ചോരയും ഒഴുകിപ്പോയി. പല്ല് ഒരണ്ണം നന്നായി ഇളകുന്നുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞാണ് മനസ്സിലാക്കിയത്. മുഖം വീർത്തുപൊങ്ങിയതൊക്കെ ഒന്ന് ചുരുങ്ങി, ചോര പോക്കൊക്കെ അവസാനിച്ചതിനുശേഷമാണ് വീട്ടിൽ മടങ്ങിച്ചെന്നത്. ഫുൾ ടോസ് പന്തൊക്കെ ഞാൻ പല്ലുവെച്ച് തടുക്കാൻ തുടങ്ങിയെന്ന് വീട്ടിലറിഞ്ഞാൽ, നാടൻ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്ന് അന്നുതന്നെ വിരമിക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു.

കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നപ്പോളാണ് പല്ലിന്റെ ഗുരുതരാവസ്ഥയെപ്പറ്റി ബോദ്ധ്യമായത്. പള്ളിമണി പോലെ ഞാണ്ട് ആടി കിടക്കുകയാണ് കക്ഷി. കപ്യാര് വലിക്കുന്നത് പോലെ ഒന്നാഞ്ഞ് വലിച്ചാൽ സംഭവം കൈയ്യിലിരിക്കും. ചോര ചത്ത് പല്ലിന്റെ നിറം വെളുപ്പോ മഞ്ഞയോ ഒന്നുമല്ലാത്ത ഒരുതരം നീലനിറമായിട്ടുമുണ്ട്. ഇളകി നിൽക്കുന്ന പല്ലിനെ നാക്കുകൊണ്ട് താങ്ങിപ്പിടിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരാഴ്ച്ചയോളം വേദനയും സഹിച്ച് നടന്നു. മര്യാദയ്ക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ല, പല്ല് തേക്കാൻ പറ്റുന്നില്ല, നേരേ ചൊവ്വേ വായതുറന്ന് ആരോടും ഒന്നും സംസാരിക്കാനോ ഒന്ന് ചിരിക്കാൻ പോലുമോ പറ്റുന്നില്ല. ഒരാഴ്ച്ച പല്ല് തേക്കാതെ അഡ്ജസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പല്ല് ഇളകിപ്പോകാതെ സംരക്ഷിക്കാനായി അങ്ങനെ പല ത്യാഗങ്ങൾ നമ്മളും, നമ്മുടെ മുന്നിൽ വന്ന് നിൽക്കുന്നവരുമൊക്കെ സഹിക്കേണ്ടി വരും. എന്തായാലും ആ പല്ല് മാത്രം ഇന്നും അല്‍പ്പം താഴേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. അന്ന് ചോര ചത്തതുകാരണമായിരിക്കും മറ്റേ പല്ലുകൾക്കുള്ള കോൾഗേറ്റ് വെണ്മയും ഈ പല്ലിനില്ല. പുഷ്ക്കര കാലത്തുതന്നെ വെപ്പ് പല്ല് വായിൽ കയറ്റാതെ രക്ഷപ്പെടുത്തിയത് ഒരു നേട്ടമല്ലെന്ന് പറയാനാവില്ലല്ലോ..

രണ്ടാമത്തെ ക്രിക്കറ്റ് നേട്ടമെന്ന് പറയുന്നത് വലത്തേ കൈ മുട്ടിന് പറ്റിയ പരുക്കാണ്. ബൗണ്ടറിയിലേക്ക് ഒരു പന്തിന്റെ പിന്നാലെ ഓടി അന്താരാഷ്ട്ര ഫീൽഡർമാർ കാണിക്കുന്നത് പോലെ നാല് റൺസ് തടയാനുള്ള ഒരു ശ്രമം അവസാനിച്ചത് പിന്നോട്ട് തെന്നി മൂട് ഇടിച്ചുള്ള ഒരു വീഴ്ച്ചയിലായിരുന്നു. വീണപ്പോൾ വലത്തേ കൈയാണ് ആദ്യം നിലത്ത് കുത്തിയത്. പന്ത് പിടിച്ചുനിർത്തി കൈയ്യിലെടുത്ത് എറിയാൻ നോക്കിയപ്പോൾ കൈമുട്ട് ആകെ വശപ്പിശകായിട്ട് ഇരിക്കുന്നു. പന്ത് എറിഞ്ഞിട്ട് സ്റ്റംമ്പ് വരെ എത്തിയില്ലെന്ന് മാത്രമല്ല 2 മീറ്റർ ദൂരം വരെ പോലും പോയില്ല. കഠിനമായ വേദന. അന്നത്തെ കളി അതോടെ തീർന്നു. വൈകുന്നേരങ്ങളിൽ കോളേജ് വിട്ട് വരുന്ന വഴി, പള്ളിപ്പുറം അങ്ങാടിയിലുള്ള ശിവദാസന്റെ പലചരക്ക് കടയിൽ ചെല്ലും. അദ്ദേഹത്തിന് അല്‍പ്പം തിരുമ്മൽ വൈദ്യമൊക്കെ അറിയാം. ബസ്സ് കൂലിയിൽ നിന്ന് മിച്ചം പിടിച്ചുണ്ടാക്കി ക്രിക്കറ്റ് ബോൾ വാങ്ങാൻ വെച്ചിരിക്കുന്ന കാശിൽ നിന്ന് അഞ്ച് രൂപ വീതം ശിവദാസന് കൊടുത്ത് കൈ ഒരുവിധം നേരെയാക്കി എടുത്തു. എന്നാലും, കുറേക്കാലത്തേക്ക് ക്രിക്കറ്റ് ബോൾ അടക്കം ഏത് സാധനവും നീട്ടി എറിയുമ്പോൾ കൈ ഊരിപ്പോകുമെന്ന് തോന്നുന്ന തരത്തിൽ നല്ല വേദനയായിരുന്നു. ‘നോ പെയ്‌ൻ നോ ഗെയ്‌ൻ‘ എന്നാണല്ലോ! വേദന സഹിച്ച് പന്ത് നീട്ടി എറിഞ്ഞെറിഞ്ഞ് തന്നെ ആ കുഴപ്പം പൂർണ്ണമായും പരിഹരിച്ചെടുക്കാനായി എന്നത് ഒരു നേട്ടം തന്നെയാണ്.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു. ഇനി മുംബൈ ഫ്ലാറ്റിലെ ബാൽക്കണിയിലേക്ക് മടങ്ങാം. കഴിഞ്ഞ ഒരു മാസമായി മുംബൈ ഓഫീസിലാണ് എണ്ണപ്പാട സേവനമനുഷ്ഠിക്കുന്നത്. മിനിയാന്ന് അതായത് മാർച്ച് 31ന് പെട്ടെന്നൊരു ഒരു ചിന്ത തലപൊക്കി. മുംബൈയിൽ വാങ്കഡേ സ്റ്റേഡിയത്തിൽ വെച്ചാണല്ലോ 2011 വേൾഡ് കപ്പ് ക്രിക്കറ്റ് ഫൈനൽ! മുംബൈയിൽ ജോലി ചെയ്യുന്ന കാലത്ത് എത്ര പ്രാവശ്യം സ്റ്റേഡിയത്തിന്റെ പിന്നിലെ പാളത്തിലൂടെ കടന്നുപോയിരിക്കുന്നു. അന്നൊന്നും അതിനകത്ത് കേറണമെന്ന് തോന്നിയിട്ടില്ല, പറ്റിയിട്ടുമില്ല. ജീവിതത്തിൽ ഇതുവരെ ഒരു അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിയോ ഒരു രഞ്ജി ട്രോഫി കളിയോ, എന്തിന് തൃപ്പൂണിത്തുറക്കാരുടെ പൂജാ ടൂർണമെന്റ് പോലുമോ കണ്ടിട്ടില്ല. എങ്കില്‍പ്പിന്നെ ആദ്യത്തെ മാച്ച് എന്തുകൊണ്ട് 2011 വേൾഡ് കപ്പ് ഫൈനൽ ആക്കിക്കൂട ?

ടിക്കറ്റ് കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ എന്ന് പല വഴിക്ക് അന്വേഷിച്ചു. മുംബൈയിൽ രംഗീല സിനിമയുടെ 150 രൂപാ ടിക്കറ്റ് 500 രൂപയ്ക്കൊക്കെ ബ്ലാക്കിൽ വിൽക്കുന്നതും വാങ്ങുന്നതും കണ്ടുനിന്നിട്ടുണ്ട്. അന്യായ മാർജിൻ കൊടുത്താലേ ക്രിക്കറ്റ് ഫൈനലിന്റെ ടിക്കറ്റ് കിട്ടുകയുള്ളൂ എന്ന് അറിയാഞ്ഞിട്ടല്ല. ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് പോകാവുന്ന മാർജിൻ ഒക്കെ ആണെങ്കിൽ വാങ്ങി കാണുക തന്നെ. ജീവിതത്തിൽ ഇനിയൊരു വേൾഡ് കപ്പ് ഫൈനൽ കാണാൻ ഒത്തില്ലെങ്കിലോ ? ഒത്തുവന്നാലും അതിൽ ഇന്ത്യ ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലല്ലോ ? അതുകൊണ്ട് ഒന്ന് ആഞ്ഞുപിടിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ, ആഗ്രഹം വളരെപ്പെട്ടെന്ന് പിൻ‌വലിക്കുകയും ടീവിയുടെ മുന്നിൽ ഇരുന്നുള്ള കളികാണൽ മതിയെന്നും തീരുമാനിച്ചു. കാരണം മറ്റൊന്നുമല്ല, ഒരു ലക്ഷം രൂപയാണത്രേ കരിഞ്ചന്തയിൽ ടിക്കറ്റ് വില !!! സാധനം ഒപ്പിച്ച് തരാമെന്ന് ഒരാൾ ഏറ്റു. ആലോചിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ കക്ഷി 10 മിനിറ്റിനകം വിളിച്ചിട്ട് പറയുന്നു, ‘ആ റേറ്റൊക്കെ പോയി, ഇപ്പോൾ 1,25,000 രൂപയാണ് റേറ്റ് ‘ എന്ന്. അത്രേം കാശുണ്ടെങ്കിൽ രാമേട്ടന്റെ ചായക്കടേന്ന് എത്ര കുറ്റി പുട്ടും കടലേം അടിക്കാം?! അഞ്ച് ദിവസം കുടുംബത്തോടൊപ്പം മലേഷ്യയിലോ സിംഗപ്പൂരോ പോയി കറങ്ങി വരാനും ആ പണം മതിയാകും. അങ്ങനിപ്പോ ഒന്നേകാൽ ലക്ഷം രൂപ ചിലവാക്കി ലൈവ് ക്രിക്കറ്റ് കളിയൊന്നും കാണണ്ട.


ഫിനിഷിങ്ങ് ഷോട്ട് (ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്)

ടീവിക്ക് മുന്നിലിരുന്ന് ഫ്രീ ആയിട്ട് കളി കണ്ടു.‘ഇന്ത്യ വേൾഡ് കപ്പ് നേടാനുള്ള സാദ്ധ്യതയില്ല‘ എന്ന് പറഞ്ഞവരുടെയൊക്കെ വായടപ്പിച്ചുകളഞ്ഞു ധോണിയും കൂട്ടരും. ധോണി ഒരു ക്യാപ്റ്റന്റെ കളി തന്നെ സന്നിഗ്ദ്ധഘട്ടത്തിൽ കളിച്ചു. 20-20 വേൾഡ് ചാമ്പ്യൻഷിപ്പിലെ ആദ്യത്തെ വിജയിയായും, 28 കൊല്ലത്തിനുശേഷം വേൾഡ് കപ്പ് ഇന്ത്യയിലെത്തിക്കുന്ന ക്യാപ്റ്റനായുമൊക്കെ ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളിൽ ധോണി തന്റെ പേരെഴുതി ചേർത്തു. ഞാനടക്കമുള്ള മലയാളികൾ എന്തൊക്കെ വിമർശിച്ചാലും ശ്രീശാന്ത് എന്ന മലയാളി താരവും ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഫൈനൽ മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്തെങ്കിലും, വിക്കറ്റൊന്നും എടുത്തില്ലെങ്കിലും, ലോകകപ്പ് നേടിയ ഈ രണ്ട് മത്സരങ്ങളിലും കളിച്ച താരമെന്ന് പറയാൻ ശ്രീശാന്തല്ലാതെ മറ്റൊരു ക്രിക്കറ്റർ കേരളത്തിൽ നിന്നില്ല.
ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്.

ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്തതൊന്നും ശ്രീലങ്കയെ തുണച്ചില്ല. ഭാഗ്യം, വിശ്വാസം, അന്ധവിശ്വാസം എന്നൊക്കെപ്പറയുന്നത് എത്രത്തോളം ക്രിക്കറ്റ് കളിയിലോ ജീവിതത്തിലോ, ഉണ്ടെന്നോ ഇല്ലെന്നോ എനിക്കറിയില്ല. കളിക്കാരിൽ പലരും പല പല ബാബാമാർക്കും നന്ദി പറയുന്നുണ്ടായിരുന്നു. ശ്രീശാന്തിന്റെ കഴുത്തിലും കൈയ്യിലുമൊക്കെ കിടക്കുന്ന ചരടുകൾക്കും പറയാനുണ്ടാകും കുറേയേറെ വിശ്വാസങ്ങളുടെ കഥകൾ. സിനിമാതാരം അമീർ ഖാൻ വന്നത് സെമി ഫൈനൽ കളികാണാൻ വന്നപ്പോൾ അണിഞ്ഞിരുന്ന അതേ ജീൻസും ടീഷർട്ടും അടിവസ്ത്രങ്ങൾ പോലും അണിഞ്ഞാണെന്ന് കേട്ടു. ആ വസ്ത്രങ്ങൾ ഭാഗ്യമുള്ളതാണെന്നും അതുകൊണ്ടാണ് സെമിയിൽ പാക്കിസ്ഥാനോട് ഇന്ത്യ ജയിച്ചതെന്നും അദ്ദേഹം കരുതുന്നുണ്ടാകണം. എത്രയോ ദേവായലങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും നടന്നിരിക്കുന്നു. അതൊക്കെ എന്തായാലും, ഇന്നലെ ഇന്ത്യയുടെ ദിവസമായിരുന്നു. 121 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ്, വാങ്കഡേ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നലെ സാക്ഷാൽക്കരിച്ചത്.

ഞാനുണ്ടായിരുന്ന സ്ഥലത്തുനിന്ന് അത്രയധികം ദൂരെയല്ലാതെ നടന്ന ഒരു കളിയെന്ന നിലയിലും, ഇന്ത്യ വിജയിച്ച ഒരു വേൾഡ് കപ്പ് കളിയെന്ന നിലയിലും, ഒരു മത്സരവും അതിന്റെ വിജയവുമൊക്കെ ഇത്രയധികം അഘോഷിക്കപ്പെടുന്ന മുംബൈ പോലുള്ള ഒരു സ്ഥലത്തുവെച്ച് ആ ആഘോഷങ്ങളെല്ലാം കണ്ടാസ്വദിക്കാനെങ്കിലും പറ്റിയ നിലയിലുമൊക്കെ, ഈ വിജയം ഹൃദയത്തോട് കൂടുതൽ ചേർന്നു നിൽക്കുന്നു. ധോണിക്കും കൂട്ടർക്കും ഒരായിരം നന്ദി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും.

അസൂയ നിറഞ്ഞ ഒരു വാൽക്കഷ്ണം :‌- ഇംഗ്ലണ്ടിലെ ജീവിതകാലത്ത്, ഞാൻ എണ്ണപ്പാടം കുഴിക്കാൻ പോയ സമയം നോക്കി, നല്ലപാതി മുഴങ്ങോടിക്കാരി ക്രിക്കറ്റിന്റെ മെക്ക എന്ന് വിളിക്കുന്ന ലോർഡ്സ് സ്റ്റേഡിയത്തിൽ പോകുകയും, പടമൊക്കെ എടുത്ത് അവിടൊക്കെ ചുറ്റിയടിച്ച്, സോവനീയറായി ഒരു ബിയർ മഗ്ഗ് വാങ്ങി വെച്ചിട്ടുമുണ്ട്. വിഷ്ണു എന്ന ബ്ലോഗറുടെ ഫൈനൽ @ ലോർഡ്സ് എന്ന വിവരണം വായിച്ച് ഒരുപാട് അസൂയപ്പെട്ടിട്ടുമുണ്ട്. ഇന്നുപോകാം നാളെപ്പോകാം എന്ന് കരുതി നഷ്ടപ്പെടുത്തിക്കളഞ്ഞ ആ അവസരത്തെയോർത്ത് ഇന്നൊരുപാട് ദുഃഖിക്കുന്നു.