Friday 24 June 2011

ഒരു വലിയ സല്യൂട്ട്

സ്കൂൾ, കോളേജ് തലങ്ങളിൽ പുറത്തിറങ്ങിയ സോവനീർ  പുസ്തകങ്ങളിൽ ഒന്നിലും ഈയുള്ളവന്റേതായി ഒരു ലേഖനവും അച്ചടിച്ച് വന്നിട്ടില്ല. അക്കാലത്തൊക്കെ അക്ഷരങ്ങൾ മനസ്സിൽത്തന്നെ തട്ടിത്തടഞ്ഞ് നിന്നതുതന്നെ കാരണം. 2007 ൽ നിരക്ഷരനായതിനുശേഷം, പെറുക്കിക്കൂട്ടി ചേർത്തുവെക്കാൻ ശ്രമിച്ച അക്ഷരങ്ങളിൽ അവിടവിടെയായി അല്ലറ ചില്ലറ മഷിപ്പാടുകൾ എങ്ങനൊക്കെയോ വീണിട്ടുണ്ട്. അപ്പോളൊക്കെ ഉണ്ടായതിനേക്കാൽ വലിയ സന്തോഷം, ഇക്കഴിഞ്ഞ തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിൽ പുറത്തിറക്കിയ സോവനീറിൽ ഒരു ലേഖനം അച്ചടിച്ച് വന്നപ്പോളാണ് തിരതല്ലിയത്. പഠനകാലത്ത്, ചോരത്തിളപ്പുള്ള പുഷ്ക്കരകാലത്ത്, നടക്കാതെ പോയ ഒരു കാര്യം ഇതാ മദ്ധ്യവയസ്ക്കനായപ്പോൾ സംഭവിച്ചിരിക്കുന്നു !

കെ.പി. രാമനുണ്ണി മാഷ് തുഞ്ചൻ പറമ്പിൽ വെച്ച് പ്രകാശനം ചെയ്ത സോവനീറിന്റെ കോപ്പി, ഇന്നലെ വൈകീട്ട് കൈപ്പറ്റിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെയിൽ വഴി ചർച്ചകൾ നടത്തി, ലേഖനങ്ങൾ തിരഞ്ഞെടുത്ത്, ലേഖകരുടെ അനുവാദം വാങ്ങി, ആവശ്യമായ എഡിറ്റിങ്ങുകൾ നടത്തി, പരസ്യങ്ങൾ പിടിച്ച്, ധനസമാഹരണം നടത്തി, കമ്പോസ് ചെയ്ത്, പ്രിന്റ് ചെയ്ത് പുറത്തിറക്കിയതിന്റെ പിന്നിൽ, പത്രാധിപസമിതിയിലെ ഒരുപാട് പേരുടെ മാസങ്ങളോളമുള്ള അദ്ധ്വാനത്തിന്റേയും, ഉറക്കമിളക്കലിന്റേയും, ലീവെടുത്തുള്ള പ്രവർത്തനങ്ങളുടേയുമൊക്കെ കഥകളുണ്ട്.


സ്വന്തം ലേഖനം സോവനീറിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തവരോ അതിനവസരം ലഭിക്കാതെ പോയതുമായ എത്ര ബ്ലോഗേഴ്സിന് ഇതിന്റെ പിന്നണിയിൽ നടന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകുമെന്ന് നിശ്ചയമില്ല. പക്ഷേ, കോപ്പികൾ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി ഇപ്പോഴും നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്ന സംഘാടകരുടെ ബുദ്ധിമുട്ടുകൾ,  എല്ലാവർക്കും വേണ്ടി സ്വന്തം സമയം മെനക്കെടുത്തി ഇത്രയൊക്കെ ചെയ്തിട്ടും അവിടന്നും ഇവിടന്നുമൊക്കെ കേട്ടുകൊണ്ടിരിക്കുന്ന പഴികൾ ഒരു പുഞ്ചിരിയോടെ നേരിടുന്നവരുടെ മനസ്സിന്റെ വലുപ്പം, അങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ എനിക്കായിട്ടുണ്ട്.

ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ ഈ സോവനീറിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും, ഈ പുസ്തകം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു വലിയ സല്യൂട്ട്.
-------------------------------------------------------------------
സോവനീർ കോപ്പി ആവശ്യമുള്ളവർക്ക് ഈ ലിങ്ക് വഴി പോകാം.