Thursday 7 June 2012

നമ്പാടന്റെ നമ്പറുകൾ



രിച്ചാക്കിന് കൈയ്യും കാലും വെച്ചതുപോലെയാണ് ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ.

മുൻഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയുടെ വാക്കും പഴയ ചാക്കും ഒരുപോലെയല്ല. ചാക്കിന് വിലയുണ്ട്.

മന്ത്രി മുസ്തഫയെ കണ്ടാൽ കേരളത്തിൽ ദാരിദ്യമുണ്ടെന്ന് ആരെങ്കിലും പറയുമോ ? ടീവിയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചെറിയ ടീവിയാണെങ്കിൽ പൊളിഞ്ഞുപോകും. എല്ലാവർക്കുമുള്ളത് അങ്ങേര് തന്നയല്ലേ കഴിക്കുന്നത് ?

ഭക്ഷ്യമന്ത്രി മുസ്തഫ ചാറ്റൽ മഴയത്ത് മഴക്കോട്ടിട്ട് നടന്നുപോകുമ്പോൾ ട്രാഫിക്ക് പൊലീസ് കൈ കാണിച്ച് തടഞ്ഞുനിർത്തി. ചോദ്യം ചെയ്തു. അബദ്ധം മനസ്സിലാക്കി വിട്ടയച്ചു. ഓട്ടോറിക്ഷ ലൈറ്റിടാതെ പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണത്രേ പൊലീസ് തടഞ്ഞുനിർത്തിയത്.

വരികൾ ശ്രീ.ലോനപ്പൻ നമ്പാടന്റേതാണ്. ഇതൊക്കെയും വായിക്കുമ്പോൾ തോന്നും ലോനപ്പൻ നമ്പാടൻ ഏറ്റവും കൂടുതൽ ആക്രമിച്ചിരിക്കുന്നത് ടി.ഏച്ച്. മുസ്തഫയെ ആണെന്ന്. അങ്ങനൊന്നുമില്ല. നമ്പാടൻ മാഷ് ആരേയും വെറുതെ വിട്ടിട്ടില്ല. നായനാർ മുതൽ കരുണാകരൻ വരെ. പള്ളിക്കാർ മുതൽ പള്ളിക്കൂടത്തിലുള്ളവർ വരെ. എല്ലാവരും ഈ നിയമസഭാ സാമാജികന്റെ ഹാസ്യരസം നിറഞ്ഞ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഡി.സി.ബുക്സ് പുറത്തിറക്കിയിരിക്കുന്ന ‘നമ്പാടന്റെ നമ്പറുകൾ‘, ലോനപ്പൻ നമ്പാടൻ എന്ന സരസനായ രാഷ്ട്രീയക്കാരന്റെ ചിന്തിപ്പിക്കുന്ന നിരീക്ഷണങ്ങളും ചിരിപ്പിക്കുന്ന നമ്പറുകളും കുറിക്ക് കൊള്ളുന്ന വിമർശനങ്ങളും കൊണ്ട് നിറഞ്ഞതാണ്. പുട്ടിന് പീരയെന്ന പോലെ കാർട്ടൂണിസ്റ്റ് സുധീർനാഥിന്റെ വരകളുമുണ്ട്.

‘ഗ്രൌണ്ട് ‘ എന്നാൽ ഭൂമി. ‘വാട്ടർ‘ എന്നാൽ ജലം. ഗ്രൌണ്ട് വാട്ടർ എന്നാലോ ഭൂഗർഭജലം. ഈ ഗർഭം എവിടന്ന് വന്നു ? ഭൂജലം എന്ന് പോരേ ? നേർച്ചപ്പെട്ടിക്ക് ഇംഗ്ലീഷില്ലേ ? ചില സരസ ചിന്തകൾ അങ്ങനെ പോകുന്നു.

കൊതിക്കല്ലുകൾ എന്താണെന്നും ചേരമൂർഖന്റെ പ്രത്യേകതയെന്താണെന്നും അറിയാത്തവർക്ക് അത് നർമ്മത്തിലൂടെ മനസ്സിലാക്കാനുള്ള അവസരവും മാഷ് തരുന്നുണ്ട്.

വെഡ്ഡിങ്ങും വെൽഡിങ്ങും ഒന്നുതന്നെ. പുരുഷനും സ്ത്രീയും തമ്മിലുള്ള വെൽഡിങ്ങാണ് വെഡ്ഡിങ്ങ്.

‘ഡാ’ യെന്ന് മകനേയും ‘ഡീ’ യെന്ന് മകളേയും വിളിക്കുന്ന അച്ഛനെ മക്കൾ തിരിച്ചടിയെന്നോണം ‘ഡാഡീ’ എന്ന് വിളിക്കും എന്നത് അദ്ദേഹം മാത്രം ശ്രദ്ധിച്ചുവെച്ചിരിക്കുന്ന ഒരു കാര്യമാകാനും മതി.

സീതിഹാജി എറണാകുളം ലൈൻ ബസ്സിൽ ടിക്കറ്റെടുത്ത കഥയുടെ മറ്റ് വേർഷനുകൾ മുൻപ് പലയിടത്തും കേട്ടിട്ടുണ്ട്. മേനക, പത്മ, ഷേണായീസ്, ശ്രീധർ, ദീപ, കവിത, സരിത, ലിസി, എന്നീ പേരുകൾ പറഞ്ഞ് യാത്രക്കാർ ഓരോരുത്തർ ടിക്കറ്റെടുക്കുമ്പോൾ ‘ഒരു സീതിഹാജി‘ എന്നുപറഞ്ഞ് ടിക്കറ്റെടുക്കുന്ന ആ കഥ സീതിഹാജിയുടെ വക തന്നെ ആയിരുന്നോ ? അതിലെ സത്യാവസ്ഥ എന്തായാലും കൊള്ളാം, നമ്പാടന്റെ പോലെ തന്നെ ഒന്നൊന്നര പുസ്തകമാക്കാനുള്ള ഫലിതങ്ങൾ സീതിഹാജിയും ഇറക്കിയിട്ടുണ്ട്. 

പൂച്ചയെ കണ്ടുപഠിക്കാം, കുറുക്കനും കുടുബവും, എന്ന നമ്പറുകളൊക്കെ പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവിടന്ന് കിട്ടിയത് ഹാസ്യരസപ്രധാനമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സഹൃദയന്റേതാണ്.

കല്യാണക്കാർഡ് ഇംഗ്ലീഷിൽ അച്ചടിക്കുന്ന മലയാളി മരണക്കാർഡ് മലയാളത്തിലേ അടിക്കൂ എന്നത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാകുമോ ആവോ ?

നാട്ടിൽ കുടികിടപ്പുകാരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്നാണ് നമ്പാടൻ മാഷ് പറയുന്നത്. കുടിക്കുക, കിടക്കുക. അതാണ് മാഷുദ്ദേശിക്കുന്ന കുടികിടപ്പ്. നല്ല കുടിയന്മാർക്ക് രണ്ട് ഗുണങ്ങളുണ്ട്. 1)വീട്ടിൽ കള്ളൻ കേറുകയില്ല. 2)മുടിനരക്കുകയില്ല.  ഒന്നൊന്നര വിശദീകരണമാണ് ഇതിന്റേതായി നൽകിയിട്ടുള്ളത്. കുടിയന്മാർക്ക് വേണ്ടി 3 കിടിലൻ പ്രമാണങ്ങളും തരുന്നുണ്ട് ലേഖകൻ. കൃസ്ത്യാനികൾ നല്ല ‘സ്പിരിറ്റു’ള്ളവരാണെന്ന് ഒരു താങ്ങലുമുണ്ട് ഇതിനിടയിൽ.

കുട്ടി അഹമ്മദ് കുട്ടി പുഷ്‌പുൾ എഞ്ചിൻ പോലെയാണെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേകത കൊണ്ടാണ്. മറ്റാരും ചിന്തിക്കാൻ പോലും സാദ്ധ്യതയില്ലാത്ത ഒരു ട്രാക്കാണത്. വീരേന്ദ്രകുമാർ ജനിച്ചത് തന്നെ എം.പി. ആയിട്ടാണെന്ന് പറയുന്നതും ആ പേരിലുള്ള പ്രത്യേകത കൊണ്ടുതന്നെ.

ഡി.ഡി.4 എന്ന് നമ്പാടൻ പരാമർശിക്കുന്നത് നിയമസഭയിലെ മുൻ‌നിരയിലുള്ള നായനാർ, ബേബി ജോൺ, ഗൌരിയമ്മ, ടി.കെ.രാമകൃഷ്ണൻ എന്നീ പ്രായം ചെന്ന നാല് നേതാക്കളെയാണ്. ഡി.ഡി. എന്നാൽ ഡഫ് & ഡമ്പ്.

കോൺഗ്രസ്സ് (ഐ)യിൽ നാല് ഗ്രൂപ്പുകളാണുള്ളത്. തിരുത്തൽ‌വാദികൾ, തിരുമ്മൽ‌വാദികൾ, തുരത്തൽ‌വാദികൾ, ഇരുത്തൽ‌വാദികൾ. ഇവയ്ക്കെല്ലാം പുറമേ അലവലാതികൾ. കോൺഗ്രസ്സുകാരെ കൊന്ന് കൊലവിളിച്ചിരിക്കുകയാണിവിടെ.

കോലപ്പന്റെ ഓഫീസർ മലയാളത്തിന് എതിരാണ്. അതുകൊണ്ട്, ഭാര്യ പ്രസവിച്ചപ്പോൾ രണ്ടാഴ്ച്ച ലീവ് കിട്ടാൻ, കോലപ്പന് ഇംഗ്ലീഷിൽത്തന്നെ ലീവ് ലെറ്റർ എഴുതേണ്ടി വന്നു. അതിങ്ങനെ. My wife is born. The boy is girl. I am the only husband. So leave me two week. ഇതൊക്കെ വായിച്ചാൽ ചിരിക്കാതെ പിന്നെന്ത് ചെയ്യും ?

പൃഷ്ഠകുർബ്ബാന, ചെനയുള്ള കുതിര, പ്രെഗ്നന്റാക്കൽ എന്നിങ്ങനെയുള്ള നമ്പറുകളൊക്കെ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുക. എടുത്തുപറയാൻ ഒരുപാടുണ്ട് ഇത്തരം നമ്പറുകൾ. എല്ലാം കൂടെ 181 എണ്ണം.  വായനയുടെ രസച്ചരട് ഞാനായിട്ട് പൊട്ടിക്കുന്നില്ല.

വാൽക്കഷണം:‌- ബാപ്പോൾ സാർ ആരാണെന്ന് മനസ്സിലാക്കണമെങ്കിൽ നമ്പാടന്റെ നമ്പറുകൾ മാത്രം വായിച്ചാൽ പോര. ഡോ:ബാബുപോൾ എഴുതിയിരിക്കുന്ന ആമുഖം കൂടെ വായിക്കണം.

Sunday 3 June 2012

സർവ്വോദയം കുര്യൻ

സർവ്വോദയം കുര്യൻ
ർവ്വോദയം കുര്യൻ എന്നറിയപ്പെട്ടിരുന്ന കുര്യൻ ചേട്ടനെ പലയിടത്തുവെച്ച് പലപ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. സ്കൂൾ വാർഷിക ദിനത്തിൽ വൈപ്പിൻ കരയിൽ നിന്ന് പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് അദ്ദേഹത്തിന്റെ വക ഒരു മെഡലുണ്ട്. അത് കൊടുക്കാനായി അദ്ദേഹം സ്റ്റേജിലേക്ക് കയറിയപ്പോളാണ് ആദ്യമായി കാണുന്നത്. ഞാനന്ന് മൂന്നാം ക്ലാസ്സുകാരൻ. എങ്കിലുമെന്റെ ഓർമ്മയിൽ ആ രംഗമിന്നും പച്ചപിടിച്ച് നിൽക്കുന്നു. ചടങ്ങ് കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ചാടിയിറങ്ങിയാണ് അദ്ദേഹം പോയത്. തന്റെ ഊർജ്ജസ്വലത കാണിച്ചുകൊടുക്കാനായി സ്റ്റേജുകളിൽ നിന്ന് ചാടിയിറങ്ങുന്നത് അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയായിരുന്നത്രേ !

അദ്ദേഹം വലിയ പ്രാസംഗികനൊന്നുമല്ല. പക്ഷെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തെ വെല്ലാൻ പോന്ന ഒരാൾ അദ്ദേഹത്തിന് മുന്നും പിന്നും വൈപ്പിൻ കരയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മറ്റൊരു വൈപ്പിൻ കരക്കാരനായ സഹോദരൻ അയ്യപ്പൻ സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടിയപ്പോൾ, കുര്യൻ ചേട്ടൻ തന്റെ ചുറ്റുമുള്ള അശരണരുടെ കണ്ണീരൊപ്പുന്നതിലാണ് ശ്രദ്ധ കേന്ദീകരിച്ചത്. വൈപ്പിൻ‌കരയെന്നാൽ വിഷമദ്യദുരന്തത്തിന്റെ നാടെന്നുള്ള മാനക്കേടിനിടയിൽ, അൽ‌പ്പമെങ്കിലും ആശ്വസിക്കാൻ ദ്വീപ് വാസികളായ ഞങ്ങൾക്കുള്ള അത്താണികൾ മേൽ‌പ്പറഞ്ഞ ചുരുക്കം ചില വ്യക്തിത്വങ്ങൾ മാത്രം.

രോഗഗ്രസ്ഥരായവരുടെ ആശ്രയമായിരുന്നു സർവ്വോദയം കുര്യൻ. വസൂരി പിടിപെട്ടാൽ ബന്ധുജനങ്ങൾ പോലും തിരിഞ്ഞ് നോക്കാത്ത ഒരു കാലമുണ്ടായിരുന്നു. മദ്യമൊക്കെ സേവിച്ച് ധൈര്യം സംഭരിച്ച കുറച്ചുപേരാണ് രോഗിയെ ശുശ്രൂഷിക്കുക പതിവ്. അവരുടെ ശുശ്രൂഷയുടെ ഗുണം കൊണ്ട് രോഗി എളുപ്പം പരലോകത്തെത്തും,  അല്ലെങ്കിൽ മരിക്കാതെ തന്നെ രോഗിയെ കുഴിച്ചിട്ടെന്നും വരും. കുര്യൻ ചേട്ടന് പക്ഷേ വസൂരി രോഗികളെ ശുശ്രൂഷിക്കാനും മറവ് ചെയ്യാനും മദ്യത്തിന്റെ സഹായം ആവശ്യമില്ല. അദ്ദേഹത്തിന്റെ മനസ്സിനേയോ ശരീരത്തേയോ സ്പർശിക്കാൻ പോലും വസൂരിക്ക് കഴിഞ്ഞിട്ടുമില്ല.

അനാഥരായ അറുനൂറിൽ‌പ്പരം കുട്ടികളെയാണ് അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുള്ളത്. അമ്മത്തൊട്ടിലുകൾ ഇല്ലാതിരുന്ന ആ കാലത്ത് ഉപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമൊക്കെയായ അനാഥശിശുക്കളെ ആൾക്കാർ കൊണ്ടുപോയി ഏൽ‌പ്പിച്ചിരുന്നത് സർവ്വോദയം കുര്യന്റെ പക്കലായിരുന്നു. തന്റെ വാഹനമായ സൈക്കിളിൽ ഒരു കൈയ്യിൽ കൈക്കുഞ്ഞിനേയും ചേർത്തുപിടിച്ചാകും പിന്നീടദ്ദേഹത്തിന്റെ സവാരി. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക്, അവരുടെ വിവരങ്ങളൊക്കെ വിശദമായി അന്വേഷിച്ചറിഞ്ഞ്  ആ കുഞ്ഞുങ്ങളെ അദ്ദേഹം കൈമാറിയിരുന്നു. ഇന്നത്തെ കാലത്താണെങ്കിൽ, നിയമത്തിന്റെ നൂലാമാലകൾ ഒരുപാട് ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടായിരുന്ന പ്രവർത്തനങ്ങളാണ് അതൊക്കെ.

വഴിയരുകിൽ ചത്തുമലച്ച് കിടന്ന് ചീയുന്ന തെരുവുനായയെ കുഴിച്ചുമൂടാനും ജന്മികുടിയാൻ പ്രശ്നത്തിൽ കുടിയാന്മാരുടെ പക്ഷത്തുനിന്ന് പൊരുതാനും വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും വൈദ്യസഹായം ആവശ്യമുള്ളവർക്ക് അത്യാവശ്യത്തിനുള്ള മരുന്നെത്തിക്കാനുമൊക്കെ, കൈമെയ്യ് മറന്നും പോക്കറ്റിന്റെ കനം കുറയുന്നതോർത്ത് വ്യാകുലപ്പെടാതെയും കുര്യൻ ചേട്ടൻ ഇടപെട്ടുപോന്നിരുന്നു. ഞാറയ്ക്കൽ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ടായിരിക്കണം കുര്യൻ ചേട്ടന്റെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുണ്ടാകുക. ഷെറിൽ‌സ് വാർഡ് എന്ന പേരിൽ അവിടെയുള്ള ചിൽഡ്രൻസ് വാർഡ് പണിതീർത്തുകൊടുത്തത് അദ്ദേഹത്തിന്റെ മകൻ ഗൾഫിൽ നിന്നയച്ചുകൊടുത്ത നാലുലക്ഷം രൂപകൊണ്ടാണ്. മദ്യദുരന്ത കാലത്ത് കുര്യൻ ചേട്ടന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ ഭീകരാവസ്ഥ കുറേക്കൂടെ വലുതാകുമായിരുന്നു. ഒരു ഓട്ടോറിക്ഷയിൽ മൈക്ക് വെച്ചുകെട്ടി, ‘കഴിഞ്ഞ ദിവസം മദ്യം കഴിച്ചവരൊക്കെ ഉടൻ ആശുപത്രിയിൽ എത്തുക, അത് വിഷമദ്യമാണ് ‘ എന്ന് വിളിച്ചറിയിച്ച് നടന്നത് സർവ്വോദയം കുര്യനാണ്. അനൌൺസ്‌മെന്റ് കേട്ട്, സമയത്തിന് ആശുപത്രിയിൽ എത്താനായതുകൊണ്ട് ഒരുപാട് പേർക്ക് ജീവൻ രക്ഷിക്കാനായി.

വൈപ്പിൻ കരയിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല കുര്യൻ ചേട്ടന്റെ പ്രവർത്തനങ്ങൾ. പാക്കിസ്ഥാൻ പ്രസിഡന്റ് യാഹ്യാഖാൻ ബംഗ്ലാദേശിൽ പട്ടാളഭരണം അഴിച്ചുവിട്ട 1971 കാലഘട്ടത്തിൽ ദുരിതത്തിലായിത്തീർന്ന ബംഗ്ലാദേശികൾക്കുള്ള മരുന്നും വസ്ത്രങ്ങളുമായി കുര്യൻ ചേട്ടൻ കേരളത്തിൽ നിന്ന് തീവണ്ടികയറി. അഭ്യാർത്ഥി ക്യാമ്പുകളിൽ ക്ലീനിങ്ങ് ജോലികൾ ചെയ്തും രോഗികളെ ശുശ്രൂഷിച്ചും സേവനമനുഷ്ഠിച്ചു. 1983ൽ ആന്ധ്രയിലുണ്ടായ ചുഴലിക്കാറ്റിൽ വീടും കുടിയും നഷ്ടപ്പെട്ട് പെരുവഴിയിലായവരെ സഹായിക്കാൻ മദർ തേരേസയോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ബീഹാറിലെ വരൾച്ച കെടുതിയിൽ‌പ്പെട്ടവരെ സഹായിക്കാൻ, മഹാരാഷ്ട്രയിലെ കൊയ്‌നാ ഭൂകമ്പബാധിത പ്രദേശത്ത്, കർണ്ണാടകയിലെ ഷിമോഗയിൽ കുടിയിറക്കപ്പെട്ടവർക്ക് സ്വാന്തനമായി, വർഗ്ഗീയ ലഹള കത്തിപ്പടർന്ന ഗുജറാത്തിൽ, എന്നുവേണ്ട ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ പറ്റുന്നതിലധികം ജീവകാരുണ്യപ്രവർത്തനങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടിയിട്ടുള്ളത്. ലത്തൂരിലെ ഭൂകമ്പപ്രദേശത്ത് സഹായവുമായി എത്തുമ്പോൾ അദ്ദേഹത്തിന് പ്രായം എഴുപത്തിനാലായിരുന്നു.

പ്രസിഡന്റ് സെയിൽ‌സിംങ്ങിൽ നിന്ന് രത്നശിരോമണി അവാർഡ് അടക്കം ഒരുപാട് അംഗീകാരങ്ങൾ കുര്യൻ ചേട്ടനെ തേടി വന്നിട്ടുണ്ട്. അതിന്റെയൊക്കെ കൂടെ കിട്ടുന്ന പണമെല്ലാം അദ്ദേഹം ചിലവഴിച്ചിരുന്നത് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടിത്തന്നെ. 1975 ൽ റെഡ് ക്രോസിൽ നിന്നുള്ള അവാർഡ്, 1993ൽ കാനഡയിലെ കെയർ & ഷെയർ സംഘടനയുടെ അവാർഡ്, ആൾ ഇന്ത്യാ കാത്തലിക്ക് യൂണിയൻ അവാർഡ്, അബുദാബി പ്രിയദർശിനി അവാർഡ് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങൾ.


‘സർവ്വോദയം കുര്യൻ - സാമൂഹ്യസേവനത്തിന്റെ ധ്രുവദീപ്തി‘ എന്ന പേരിൽ ശ്രീ ജോയ് നായരമ്പലം എഴുതി സ്വരാജ് പബ്ലിക്കേഷൻസ് കൊല്ലം പ്രസിദ്ധീകരിച്ച കുര്യൻ ചേട്ടന്റെ ജീവചരിത്രം വായിക്കുന്നതുവരെ അദ്ദേഹത്തെപ്പറ്റിയുള്ള വളരെ കുറച്ച് വിവരങ്ങൾ മാത്രമേ എനിക്കറിമായിരുന്നുള്ളൂ; കേട്ടറിഞ്ഞിരുന്ന വളരെ ചുരുക്കം കഥകൾ മാത്രം.

ശ്രീ ജോയ് നായരമ്പലം ചെയ്തിരിക്കുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. കുര്യൻ ചേട്ടനുമായി നിരന്തര സമ്പർക്കം പുലർത്തി അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയെപ്പറ്റിയും ചെയ്തുകൂട്ടിയ മഹത്തായ കർമ്മങ്ങളെപ്പറ്റിയുമൊക്കെ പറയിപ്പിച്ചെടുക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. താൻ ചെയ്ത കാര്യങ്ങൾ പറഞ്ഞുനടക്കാൻ കുര്യൻ ചേട്ടൻ തയ്യാറായിരുന്നില്ല എന്നതായിരുന്നു പ്രധാന പ്രതിബന്ധം. ജോയ് നായരമ്പലം ഇങ്ങനൊരു ജീവചരിത്രത്തിനായി ബുദ്ധിമുട്ടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, സ്വജീവിതം പ്രതിഫലേച്ഛയില്ലാതെ  മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച ഒരു മഹാത്മാവിന്റെ സൽക്കർമ്മങ്ങൾ വിസ്‌മൃതിയിൽ ആഴ്‌ന്നുപോകുമായിരുന്നു.