Tuesday 14 August 2012

വേണം സ്വാതന്ത്ര്യം !!


മായം കലർന്ന ഭക്ഷ്യവസ്തുക്കളിൽ നിന്ന്,
വിഷമടിച്ച് വീർപ്പിച്ച കായ്‌കനികളിൽ നിന്ന്,
കോളിഫോം കലർന്ന കുടിവെള്ളത്തിൽ നിന്ന്,
അഗാധ ഗർത്തങ്ങളുള്ള പാതകളിൽ നിന്ന്,
ദാരിദ്ര്യ രേഖയുടെ അടിയിൽ നിന്ന്,
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാലിന്യങ്ങളിൽ നിന്ന്,
വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന്,
പൊട്ടാനിരിക്കുന്ന അണകളിൽ നിന്ന്,
കൊലവിളിക്കുന്ന കൊട്ടേഷൻ സംഘങ്ങളിൽ നിന്ന്,
മുച്ചൂടും മുടിക്കുന്ന അഴിമതിക്കാരിൽ നിന്ന്,
രാഷ്ട്രസ്നേഹമില്ലാത്ത 'രാഷ്ട്രീയ'ക്കാരിൽ നിന്ന്,
ഹർത്താലെന്ന ബന്ധനത്തിൽ നിന്ന്,
ജാതി-മത കോമരങ്ങളിൽ നിന്ന്,
അതിരുകടന്ന പാർട്ടി സ്നേഹത്തിൽ നിന്ന്,
അലിവൊട്ടുമില്ലാത്ത ആൾദൈവങ്ങളിൽ നിന്ന്,
ധാർമ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മാദ്ധ്യമങ്ങളിൽ നിന്ന്,
ഇന്നാഘോഷിക്കുന്ന നിസ്സഹായതയിൽ നിന്ന്,

വേണം സ്വാതന്ത്ര്യം, വേണം സുസ്വാതന്ത്ര്യം.
..
..

Thursday 2 August 2012

വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ

മാലിന്യസംസ്ക്കരണം എന്ന വിഷയം അധികാരി വർഗ്ഗത്തിന് ഇപ്പോഴും വലിയ കീറാമുട്ടിയായിത്തന്നെ നിൽക്കുകയാണ്. ഇന്ന് വിളപ്പിൽശാല പ്ലാന്റിലേക്ക് മാലിന്യങ്ങൾ കടത്തിവിട്ട് നിയമ വാഴ്ച്ച നടപ്പിലാക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷനും, ജീവൻ കൊടുത്തും ആ ശ്രമം തടയുമെന്ന് സമര സമിതിക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യത്തിൽ മാലിന്യസംസ്ക്കരണം അത്ര വലിയ കീറാമുട്ടിയൊന്നുമല്ല്ല. ജനങ്ങളെ ബോധവൽക്കരിക്കുകയും, ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുകയും ചെയ്താൽപ്പിന്നെ ബാക്കിയുള്ളത് പ്ലാസ്റ്റിക്കും പേപ്പറും അതുപോലുള്ള ചീഞ്ഞ് നാറി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത മാലിന്യങ്ങളും മാത്രമാണ്. ഫ്ലാറ്റിൽ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവർ മാലിന്യസംസ്ക്കരണം എപ്രകാരം നടപ്പാക്കുന്നു എന്നതിനെപ്പറ്റി മുൻപ് ഒരു ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ളതാണ്. ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവന് സ്വന്തം മാലിന്യം സംസ്ക്കരിക്കാൻ മറ്റുള്ളവന്റെ പുരയിടത്തേയോ പൊതുനിരത്തിനേയോ ആശ്രയിക്കേണ്ട ആവശ്യമില്ല, പുഴകളേയും കടലിനേയും മലിനമാക്കേണ്ടതുമില്ല. സമയം ഇനിയും വൈകിയിട്ടില്ല. സമഗ്രമായ ബോധവൽക്കരണ പദ്ധതിയിലൂടെയും ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളിലൂടെയും മാലിന്യ പ്രശ്നങ്ങൾ തുടച്ച് നീക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. മുൻ‌കൈ എടുക്കേണ്ടത് ഭരണകൂടം തന്നെയാണ്. ജനങ്ങൾ സഹകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാലിന്യങ്ങൾ കാരണം, ഇക്കൊല്ലം പകർച്ചവ്യാധികൾ കാര്യമായ തോതിൽ ആർത്തുപിടിച്ചില്ല എന്നുള്ളത് ഒരു നേട്ടമായിട്ട് ആരോഗ്യവകുപ്പടക്കം ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പെയ്യാതെ പോയ മഴയ്ക്കുള്ളതാണ് ആ നേട്ടത്തിന്റെ ക്രെഡിറ്റ്. അത് മറക്കരുത്.

പറയാൻ ഉദ്ദേശിച്ച വിഷയം ഇതല്ല, പക്ഷെ ഇതുമായി ബന്ധമുള്ള ഒന്നാണ്. മേൽ‌പ്പറഞ്ഞ മാലിന്യപ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ അതിലേക്ക് മുതൽക്കൂട്ടാകുന്ന ‘ഫ്ലക്സ് ബോർഡുകൾ‘ എന്നൊരു വില്ലൻ കൂടെ അവതരിച്ചിട്ട് നാളുകൾ ഏറെയായി. ഫ്ലക്സ് ബോർഡുകൾ ഉപയോഗം കഴിഞ്ഞതിനുശേഷം മാത്രമല്ല, ഉപയോഗം തുടങ്ങുന്നത് തന്നെ പൊതുജനത്തിന് ശല്യമായിട്ടാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രധാന പാതയോരങ്ങളിലും ടെലഫോൺ പോസ്റ്റുകളിലും വൈദ്യുത പോസ്റ്റുകളിലും മരങ്ങളിലുമൊക്കെ കാണുന്ന ഫ്ലക്സ് ബോർഡുകൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെത്തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് നിൽക്കുന്നത്. ഫ്ലക്സ് ബോർഡുകളുടെ ശല്യം പാതകളിലേയും നാലുവഴികളിലേയും തിരക്കിന് നേരിട്ടുള്ള അനുപാതത്തിലാണ്. തിരക്ക് കൂടുതലുള്ളയിടത്ത് ഫ്ലക്സ് ശല്യം കൂടുമെന്ന് സാരം. നഗരത്തിലെ പല നടപ്പാതകളിലും തലയിൽ ഇടിക്കുന്ന ഉയരത്തിലും, വഴി തന്നെ മുടക്കുന്ന വിധത്തിലും ഫ്ലക്സ് ബോർഡുകൾ പോർവിളി നടത്തുന്നു.

ഇടതുവശത്ത് പറിഞ്ഞ് കിടക്കുന്ന ഫ്ലക്സ് മുന്നിൽ വേറേയും. നടവഴി ഏത് ?
വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, രാഷ്ട്രീയക്കാർ, വ്യക്തിഗത താൽ‌പ്പര്യക്കാർ, ടീവീ സീരിയലുകാർ, സിനിമാ പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ  എന്നിങ്ങനെ എല്ലാവരുമുണ്ട് റോഡിൽ ഫ്ലക്സ് ബോർഡുകൾ നിരത്തി ജനങ്ങളെ പൊറുതിമുട്ടിക്കുന്നവരുടെ കൂട്ടത്തിൽ.

കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ നടപ്പാത.

KSRTC ജട്ടിക്ക് സമീപത്തെ ബസ് സ്റ്റാൻഡിന് മുന്നിൽ കീറിപ്പറിഞ്ഞ് പറക്കുന്ന ഫ്ലക്സ്.

നടവഴിയും റോഡും കൈയ്യേറിയ മറ്റൊരു ഫ്ലക്സ് ബോർഡ്.
എന്നിരുന്നാലും ഒരു ഒന്നാം സ്ഥാനം ആർക്കെങ്കിലും കൊടുക്കണമെങ്കിൽ, അത് കിട്ടുക രാഷ്ട്രീയക്കാർക്ക് തന്നെയായിരിക്കും. എം.എൽ.എ, മന്ത്രി, എം.പി, എന്നിങ്ങനെ അധികാരക്കസേരകളിൽ ഇരിക്കുന്നവർ അന്നും ഇന്നും അവരവരുടെ ഫണ്ടുകളിൽ നിന്ന് റോഡ് പണിക്കും, കെട്ടിടം പണിക്കും മറ്റ് പൊതുക്കാര്യങ്ങൾക്കുമൊക്കെയായി തുക ചിലവഴിക്കാറുണ്ട്.  ഫ്ലക്സ് സമ്പ്രദായം വന്നതിനുശേഷം ഇങ്ങനെ ചിലവഴിക്കുന്ന തുകകളുടെ വലിപ്പവും അത് സ്വന്തം ഫണ്ടിൽ നിന്ന് അനുവദിച്ച നേതാവിന്റെ കൂറ്റൻ ചിത്രവും അടങ്ങുന്ന ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഗ്രാമപ്രദേശങ്ങൾ മുതൽ നഗരം വരെയുള്ള ഇടവഴികളെല്ലാം. ഓരോ പഞ്ചായത്തിന്റേയും മെമ്പർ‌മാരുടെ പേരിൽ‌പ്പോലും ഇത്തരം ഫ്ലക്സ് ബോർഡുകൾ എല്ലാ മുക്കിലും മൂലയിലും കാണാനാവും. എം.എൽ.എ. /എം.പി. ഫണ്ടിൽ നിന്നൊക്കെ തുക ചിലവഴിക്കുന്നത് ജനപ്രതിനിധികളുടെ കടമ മാത്രമാണ്. അതിന്റെ പേരിൽ ജനത്തെ ഇത്തരത്തിൽ ദ്രോഹിക്കാൻ ആരും അവർക്ക് അവകാശം കൊടുത്തിട്ടില്ല. ചെയ്ത കാര്യങ്ങൾ ഒക്കെ ജനദ്രോഹപരമായി ഇങ്ങനെ കൊട്ടിഘോഷിക്കുന്നതിൽ എന്ത് മഹത്വമാണുള്ളത് ? ഇലക്ഷൻ കാലത്ത് സ്ഥാനാർത്ഥികളുടെ ഫ്ലക്സുകൾ നിരോധിച്ചുകൊണ്ടുള്ള നടപടി വന്നതുകൊണ്ട് കുറച്ചെങ്കിലും ആശ്വാസമുണ്ട്. പക്ഷെ അതിന്റെ പ്രതികാരമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾ ഫ്ലക്സ് ബോർഡുകൾ നിരത്തിക്കൊണ്ടിരിക്കുന്നത്.

‘നോ എൻ‌ട്രി‘ ട്രാഫിക് ബോർഡ് മറച്ചുകൊണ്ട് മെട്രോ റെയിൽ അഭിനന്ദനങ്ങൾ !
എറണാകുളത്ത് പൊതുവഴികളെ വീർപ്പുമുട്ടിക്കുന്ന അത്തരം ചില ഫ്ലക്സ് ബോർഡുകളിൽ നിറഞ്ഞ് നിൽക്കുന്നത് മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയും, കേന്ദ്രമന്ത്രി പ്രൊ:കെ.വി.തോമസും സ്ഥലം എം.എൽ.എ.ആയ ശ്രീ.ഹൈബി ഈഡനുമാണ്. കേന്ദ്രസർക്കാർ മെട്രോ റെയിലിന് അനുമതി നൽകിയ ദിവസം വൈകീട്ട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ ഫ്രക്സ് ബോർഡുകൾ പലതും ട്രാഫിക്ക് ബോർഡുകളെപ്പോലും മറച്ചുകൊണ്ടാണ് നിൽക്കുന്നത്. അതൊക്കെ മെട്രോ റെയിൽ പണി കഴിയുന്നത് വരെ അവിടെത്തന്നെ നിന്നെന്നും വരാം. അതിനിടയ്ക്ക് ഇനിയും ഉണ്ടാകാം നേട്ടങ്ങളുടെ പട്ടിക. അതിന്റെ ഒക്കെയും ഫ്ലക്സ് എവിടെ നിരത്തും ? എന്റെ ഒരു സ്ഥിരം റൂട്ടായ വൈപ്പിൻ കരയിലേക്ക് കടന്നാൽ സ്ഥലം എം.എൽ.എ. ആയ ശ്രീ. എസ്.ശർമ്മയുടെ ഫ്ലക്സുകളാണ് മേൽ‌പ്പറഞ്ഞ രാഷ്ട്രീയക്കാർക്കൊപ്പം മത്സരിച്ച് നിൽക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിന്റെ ഇടവഴികളിലേക്കെത്തിയാൽ മെമ്പർ‌മാരുടേതടക്കം നിരവധി ഫ്ലക്സുകൾ വേറെയുമുണ്ട്. മണ്ഡലത്തിന് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഫ്ലക്സ് ബോർഡുകളിൽ അടിച്ച് പ്രദർശിപ്പിക്കരുതെന്ന് പറയാനുള്ള ആർജ്ജവം നേതാക്കന്മാർ ഓരോരുത്തരും കാണിക്കണം. ‘ഇക്കാലത്ത് രാഷ്ട്രീയപ്രവർത്തനം എന്ന് വെച്ചാൽ കൂടുതലും പരിസ്ഥിതി പ്രവർത്തനമാണ് ’ എന്നുപറഞ്ഞ ശ്രീ. ഹൈബി ഈഡനെപ്പോലുള്ള യുവ നേതാക്കന്മാർ ഇത്തരത്തിലുള്ള ഫ്ലക്സ് പ്രചരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യത്തിൽ മാതൃക കാണിക്കണമെന്ന് അപേക്ഷിക്കുന്നു.

ഫാർമസി ജങ്‌ഷനിലെ ഫ്ലക്സ് കൂമ്പാരം. ഇടത്തേക്ക് തിരിഞ്ഞാൽ ബാനർജി റോഡ്.
കൈയ്യിൽ പണമുള്ള ഏതൊരു സ്വകാര്യവ്യക്തിക്കും തെരുവുനീളെ ഫ്ലക്സ് പോസ്റ്ററുകൾ നിരത്താമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മഴവിൽ മനോരമ ചാനലിൽ ‘മികവ് തെളിയിച്ച് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ‘ (അത്രേയുള്ളൂ, അതിനപ്പുറം ഒന്നുമില്ല) വൈപ്പിൻ കരയുടെ അഭിമാനതാരമായ ഒരു യുവ ഗായികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ സൂചി കുത്താൻ ഇടമില്ലാത്ത ഞങ്ങളുടെ ആ ദ്വീപിലെ എല്ലാ പ്രധാന സ്റ്റോപ്പുകളിലും നിറഞ്ഞുനിൽക്കുന്നു. സ്ഥാപനങ്ങളുടേയും മറ്റും സ്ഥിരമായി നാട്ടിനിർത്തുന്ന ബോർഡുകൾക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ കൊല്ലാകൊല്ലം നിശ്ചിത തുക അടക്കേണ്ടതുണ്ട്. പക്ഷെ, വഴിവക്കിലെ പോസ്റ്റുകളിൽ തൂക്കപ്പെടുന്ന ഫ്ലക്സ് ബോർഡുകളിൽ നിന്ന് അങ്ങനൊരു വരുമാനവും സർക്കാരിന് കിട്ടുന്നില്ല എന്നതാണ് വിരോധാഭാസം. ഏതെങ്കിലും പ്രത്യേക തീയതിയിലെ പരിപാടികൾ കാണിച്ചുകൊണ്ടുള്ള ബോർഡുകൾ ആ ദിവസം കഴിഞ്ഞാലും വഴിയരികിൽത്തന്നെ ഉണ്ടാകും. ബോർഡ് കൊണ്ടുവന്ന് സ്ഥാപിച്ചവർ അതെടുത്ത് മാറ്റാൻ ശുഷ്‌ക്കാന്തി കാണിക്കുന്നതേയില്ല. അത് പിന്നെ പൊട്ടിപ്പൊളിഞ്ഞും കീറിപ്പറിഞ്ഞും ഓടകളിലേക്ക് പതിച്ച്, പൊതുവെ സ്തംഭനത്തിലായ ഓടകളെ കൂടുതൽ സ്തംഭിപ്പിക്കുന്നു. ബാക്കിയുള്ളത് മാലിന്യ കൂമ്പാരത്തിലെ പ്ലാസ്റ്റിക്ക് ശതമാനത്തിന് മുതൽക്കൂട്ടാകുന്നു.

അഭിനന്ദന പ്രവാഹമായി വരുന്ന പോസ്റ്ററുകൾക്ക് പ്രത്യേക കാലപരിധിയൊന്നും ഇല്ല. സ്വയം കീറിപ്പറിഞ്ഞ് വീഴുന്നത് വരെ അതങ്ങനെ തൂങ്ങിനിൽക്കുകയോ വഴിമുടക്കുകയോ ചെയ്യുന്നു. നല്ലൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. ഈ മന്ത്രിസഭ വന്നതിന് തൊട്ടുപിന്നാലെയാണ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർ‌മാനായി അഡ്വ:കെ.പി.ഹരിദാസ് സ്ഥാനാരോഹണം ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് കൊല്ലം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഗോശ്രീ പാലത്തിന്റെ തൂണുകളിലെല്ലാം കേരളത്തിന്റെ തനതുകലകളുടെ കലാസൃഷ്ടികളാണ് ലക്ഷങ്ങൾ മുടക്കി ചെയ്തിരിക്കുന്നത്. അതെല്ലാം മറച്ചുകൊണ്ട് അഡ്വ:ഹരിദാസിന്റെ ഫ്ലക്സ് പോസ്റ്ററുകൾ അവിടെ തൂങ്ങിക്കിടക്കുന്നത് ആരെങ്കിലും എന്നെങ്കിലും എടുത്ത് മാറ്റുമെന്ന് പ്രതീക്ഷിക്കാനാവുമോ ? അദ്ദേഹത്തിന്റെ പാർട്ടിക്കാരല്ലാത്ത ആരെങ്കിലും അതെടുത്ത് മാറ്റിയാൽ എന്താകും അവസ്ഥ ?! നഗരത്തിലെ തെരുവുകളിൽ ഇനിയുമൊരുപാടുണ്ട് കീറിപ്പറിഞ്ഞതും അല്ലാത്തതുമായ അദ്ദേഹത്തിന്റെ ഫ്ലക്സുകൾ. അദ്ദേഹം ചുമട്ട് തൊഴിലാളി ക്ഷേമനിധി ചെയർമാന്റെ പോസ്റ്റിൽ നിന്ന് ഇറങ്ങുന്നത് വരെ അതൊക്കെയും പൊതുനിരത്തിലും ഗോശ്രീ പാലത്തിലും പ്രദർശിപ്പിക്കും എന്നാണോ ?

ഗോശ്രീ പാലത്തിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കാലഹരണപ്പെട്ട ഫ്ലക്സുകൾ.
കേരളത്തിലെ റോഡുകളിൽ, കാൽനടക്കാർക്കും സൈക്കിൾ സാവാരിക്കാർക്കും മോട്ടോർ വാഹനങ്ങൾക്കുമൊക്കെ വേറേ വേറേ പാതകളൊന്നുമില്ല. മഴ പെയ്താൽ വെള്ളക്കെട്ടലുണ്ടാകുന്ന കുണ്ടും കുഴികളുമൊക്കെയുള്ള ഒറ്റവരി പാതയിലൂടെ തന്നെയാണ് എല്ലാവർക്കും സഞ്ചരിക്കേണ്ടത്. ആ പാതയുടെ നല്ലൊരു ഭാഗമാണ് ഫ്ലക്സ് സംസ്ക്കാരം വന്നതോടെ അപഹരിക്കപ്പെട്ടിരിക്കുന്നത്. തൊട്ടപ്പുറത്തുള്ള വളവിനെ പൂർണ്ണമായും മറച്ചുകൊണ്ട്, അവിടെ നിന്ന് വാഹനങ്ങൾ എന്തെങ്കിലും വരുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത വിധത്തിലാണ് ഫ്ലക്സ് ബോർഡുകൾ പലതും നിലകൊള്ളുന്നത്. ട്രാഫിക്ക് സിഗ്നൽ കാണാൻ പറ്റാത്ത ഗതികേട് വരെയുണ്ട് എറണാകുളത്ത് ഫാർമസി ജങ്‌ഷനിൽ. പാതയോരത്തിന്റെ നല്ലൊരു പങ്ക് അപഹരിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾക്കും മറ്റ് പരസ്യപ്പലകകൾക്കും ഇടയിൽ നിന്ന്, വാഹനം ഓടിക്കുന്ന ഒരാൾ ട്രാഫിക്ക് ബോർഡുകൾ കാണുന്നതെങ്ങനെ ? അപകടം ഒന്നും ഉണ്ടാക്കാതെ വാഹനം ഓടിച്ച് പോകുന്നതെങ്ങനെ ? റോഡരുകിൽ ട്രാഫിക് ബോർഡുകൾക്കായിരിക്കണം കൂടുതൽ പ്രാധാന്യം. ഇഞ്ചോടിഞ്ച് മുട്ടിമുട്ടി വാഹനങ്ങൾ പ്രവഹിക്കുന്ന റോഡുകളിൽ, ചെറിയ സ്ക്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ സ്ഥിരമായി അപകടമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. റോഡുകളുടെ അവസ്ഥ മോശമാക്കുന്നതിലും വാഹനാപകടങ്ങളിലേക്ക് നയിക്കുന്നതിലും ചെറുതൊന്നുമല്ലാത്ത പങ്ക്, ഫ്ലക്സ് ബോർഡുകൾ സംഭാവന ചെയ്യാൻ പോകുന്ന കാലമാണ് നമ്മെ കാത്തിരിക്കുന്നത്.

ഓവു ചാലിലേക്ക് ലയിച്ചു ലയിച്ചില്ല എന്ന മട്ടിൽ ഒരു ഫ്ലക്സ്.
സ്ക്കൂളുകൾക്കും പാരലൽ കോളേജുകാർക്കും അവരവരുടെ മേന്മ പ്രദർശിപ്പിക്കാൻ, പാസ്സായിപ്പോയ സകല കുട്ടികളുടെയും ഫോട്ടോ വെച്ചുകൊണ്ട് രജനീകാന്തിന്റെ കട്ടൌട്ടുകളേക്കാൾ വലിയ ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കാതെ വയ്യ എന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതിൽ നിന്ന് ഒരു കുട്ടിയെ കണ്ടുപിടിക്കണമെങ്കിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ച് പത്ത് മിനിറ്റെങ്കിലും ഒരാൾ അതിന് മുന്നിൽ ചിലവഴിച്ചേ പറ്റൂ.

ഈയിടെ നിയമസഭയിൽ ഒരു പ്രതിപക്ഷ എം.എൽ.എ. പറയുന്നത് ടീവിയിൽ കണ്ടു. യു.ഡീ.എഫ്. അധികാരത്തിൽ വന്നതിനുശേഷം എത്രയോ അധികം ഫ്ലക്സ് പ്രിന്റിങ്ങ് സ്ഥാപനങ്ങളാണ് പൊട്ടിമുളച്ചിരിക്കുന്നതെന്ന്. അപ്പറഞ്ഞത് ശരിതന്നെ ആകാനാണ് സാദ്ധ്യത. പക്ഷെ അത് പറഞ്ഞ എം.എൽ.എ.യും അദ്ദേഹത്തിന്റെ പാർട്ടിക്കാരും സ്വന്തം ഫണ്ടിൽ നിന്ന് മണ്ഡലത്തിന് വേണ്ടി ചിലവാക്കിയ ലക്ഷങ്ങളുടെ കണക്കുകൾ ഫ്ലക്സ് ബോർഡിന്റെ രൂപത്തിൽ മണ്ഡലത്തിൽ നിരത്തിയിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ച് പറയാനാകുമോ ? ഭരണകക്ഷിയും പ്രതിപക്ഷവും ഇക്കാര്യത്തിൽ മത്സരത്തിൽത്തന്നെയാണ്. തോൽക്കുന്നത് എന്നത്തേയും പോലെ പൊതുജനം എന്ന കഴുത തന്നെ.

ഈ ഫ്ലക്സും അതിരിക്കുന്ന പോസ്റ്റും നടപ്പാതയും കഴിഞ്ഞുള്ള റോഡിലാണ്.
ഇപ്പറഞ്ഞതെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കാരനെ മാത്രം വിമർശിക്കുന്നതായി ആരും കാണരുത്. ഇക്കൂട്ടത്തിൽ ഒരു സ്വയം  വിമർശനവും എനിക്കുണ്ട്. എന്നെ അറിയിക്കാതെയും സമ്മതം വാങ്ങാതെയും എന്റെ പടം വെച്ച ഒരു ഫ്ലക്സ് ബോർഡ് ഒന്നുരണ്ട് മാസങ്ങൾക്ക് മുൻപ് എന്റെ നാട്ടിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അധികം താമസിയാതെ അത് നീക്കം ചെയ്യുകയും ചെയ്തു. ഒരാൾ മരിച്ചാൽ ആയാളുടെ വീട്ടിലേക്ക് പോകുന്ന വഴി തുടങ്ങുന്നയിടത്ത് പരേതന്റെ ഫോട്ടോയടക്കമുള്ള ‘ആദരാജ്ഞലികൾ ഫ്ലക്സ് ‘ വലിച്ച് കെട്ടുന്നത് നാട്ടിൻപുറത്തെല്ലാം സർവ്വസാധാരണമായ കാഴ്ച്ചയാണിന്ന്. അങ്ങനെയൊരു ഏർപ്പാട് ഉള്ളതിന്റെ വെളിച്ചത്തിൽ പറയുകയാണ്. ഇനിയങ്ങോട്ട്, മരിക്കുന്നതിന് മുൻപോ മരണശേഷമോ എന്റെ ഫോട്ടോയോ പേരോ വെച്ച് ഫ്ലക്സ് ബോർഡുകൾ ഒന്നും തന്നെ ഒരിടത്തും പ്രദർശിപ്പിക്കരുത്.

ഫ്ലക്സ് മയം. നടപ്പാത താമസിയാതെ അപ്രത്യക്ഷമാകും.

നീയേ രക്ഷ രാമ.

ഒരെണ്ണം താഴെ, മൂന്നെണ്ണം മുകളിൽ.
ഫ്ലക്സ് ബോർഡുകൾ കുറേപ്പേരുടെ ജീവിത മാർഗ്ഗമാണ്, അവരുടെ വയറ്റത്തടിക്കാനാണ് പരിപാടി അല്ലേ ? എന്നു തുടങ്ങി ഒരുപാട് എതിരഭിപ്രായങ്ങൾ ഈ വിഷയത്തിലും ഉണ്ടാകുമെന്നറിയാം. അത്തരം അഭിപ്രായങ്ങളുമായി വരുന്നവർക്ക് പോലും നിഷേധിക്കാൻ ആവുന്നതല്ല ഇതുണ്ടാക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പൊതുനിരത്തിലെ സുരക്ഷാ പ്രശ്നങ്ങളും. ഫ്ലക്സ് ബോർഡുകൾ പൂർണ്ണമായും നിരോധിക്കണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പക്ഷെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആത്യാവശ്യമാണ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ബോർഡുപോലും നിരത്തിൽ ഉണ്ടാകാൻ പാടില്ല. ഇലൿട്രിക്ക് പോസ്റ്റിലും ടെലിഫോൺ പോസ്റ്റിലും പാതയോരത്തുള്ള മരങ്ങളിലുമെല്ലാം പ്രദർശിപ്പിക്കപ്പെടുന്ന ഓരോ ബോർഡിനും അതിന്റെ വലിപ്പത്തിനനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തണം. അതിന്റെ തെളിവ് ഫ്ലക്സുകളിൽ പ്രദർശിപ്പിക്കണം. വാച്ചുകൾക്കെല്ലാം 10 % വിലക്കുറവാണെന്ന് പറഞ്ഞ് ഒരു പ്രമുഖ കമ്പനിയുടെ പരസ്യഫ്ലക്സ് നഗരത്തിലെ കമ്പിക്കാലുകളിലെല്ലാം തൂങ്ങുന്നുണ്ട് ഇപ്പോൾ. അത്തരത്തിലുള്ളത് നിരോധിക്കപ്പെടുക തന്നെ വേണം. അതുപോലുള്ള പരസ്യങ്ങൾ നൽകാൻ അവർക്ക് ടീവി, റേഡിയോ, പത്രങ്ങൾ എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ വേറെയുണ്ടല്ലോ.

കാറ്റിൽ പാറിപ്പറന്ന് അപകടം ഉണ്ടാക്കാൻ പാകത്തിൽ ഒരു ഫ്ലക്സ്.
ബ്ലോഗ് ലേഖനങ്ങൾ പൊതു താൽ‌പ്പര്യ ഹർജിയായി പരിഗണിച്ച് എന്തെങ്കിലും നടപടികൾ എടുക്കാനുള്ള വകുപ്പുണ്ടെങ്കിൽ, ബഹുമാനപ്പെട്ട കോടതി ഇതൊന്ന് പരിഗണിക്കണം. പല കാര്യങ്ങളിലും ഞങ്ങൾ സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷ ഇന്നും നീതിന്യായ വ്യവസ്ഥിതി തന്നെയാണ്. കുടിവെള്ളവും, ശ്വസിക്കുന്ന വായുവും മലിനപ്പെട്ട് നിൽക്കുമ്പോൾ തൊട്ടുമുന്നിലുള്ള കാഴ്ച്ചകൾ പോലും ഫ്ലക്സ് ബോർഡുകൾ കൊണ്ട് മറയ്ക്കപ്പെടാൻ പോകുന്നെന്ന് ആധി കയറിയ ഒരു നിരക്ഷര പ്രജയുടെ അപേക്ഷയാണ്.

വാൽക്കഷണം:‌- ബ്ലോഗർ സുഹൃത്തും സംവിധായകനുമായ മാർജ്ജാരൻ എന്ന മണിലാലിന്, അദ്ദേഹത്തിന്റെ ‘പ്രണയത്തിൽ ഒരുവൾ വാഴ്‌ത്തപ്പെടും വിധം‘ എന്ന ഹ്രസ്വചിത്രം നേടിയ സംസ്ഥാന അവാർഡുകളുടെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ അനുമോദനച്ചടങ്ങിൽ “ഇങ്ങനെ ഫ്ലക്സ് ബോർഡ് വെച്ചുകൊണ്ടുള്ള പരിപാടികൾക്കൊന്നും എനിക്ക് താൽ‌പ്പര്യമില്ല. ഇത്തരം ഫ്ലക്സ് ബോർഡുകൾക്ക് എതിരാണ് ഞാൻ.” എന്ന് വെട്ടിത്തുറന്ന് മറുപടി പറഞ്ഞ മണിലാൽ നല്ലൊരു കൈയ്യടി അർഹിക്കുന്നു.