Wednesday 17 October 2012

കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് - ഒരു മാതൃക

കേരളത്തിലിപ്പോൾ മാലിന്യസംസ്ക്കരണ പ്ര്ശനം കത്തിനിൽക്കുകയാണല്ലോ ? വിളപ്പിൽ ശാലയിലെ പ്ലാന്റ് തുടർന്ന് പ്രവർത്തിപ്പിക്കില്ല എന്ന് രേഖാമൂലമല്ലാത്ത ഉറപ്പ് സർക്കാർ നൽകിക്കഴിഞ്ഞു. അങ്ങനങ്ങ് വിട്ടുകൊടുക്കില്ല എന്ന മട്ടിലാണ് കോർപ്പറേഷൻ മേയർ അഡ്വ:ചന്ദ്രികയുടെ നിലപാട്. കാര്യങ്ങളൊക്കെ സർക്കാർ കൊടുത്ത ഉറപ്പ് പോലെ നടന്നാൽ, വിളപ്പിൽശാലയിലെ ജനങ്ങൾ താൽക്കാലികമായി രക്ഷപ്പെട്ടെന്ന് വരും. പക്ഷെ, പത്ത് മാസമായി ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന്റേയും ഇതേ പ്രശ്നം നേരിടുന്ന കേരളത്തിലെ തന്നെ ഒട്ടനവധി സ്ഥലങ്ങളിലേയും മാലിന്യപ്രശ്നങ്ങൾക്ക് ഒരു പരിഹാരം വേണ്ടേ ? വിളപ്പിൽശാലയിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന്റെ കാര്യത്തിലും എന്തെങ്കിലും തീരുമാനം ആക്കണ്ടേ ? ഇതിനൊക്കെയും പരിഹാരമൊന്നുമില്ലാതെ, ഈയൊരു നില തുടർന്നുപോയാൽ അഞ്ച് വർഷത്തിനകം കേരളം മാലിന്യത്തിന്റെ സ്വന്തം നാടായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഈ വിഷയത്തെപ്പറ്റി ആവുന്നതുപോലൊക്കെ മനസ്സിലാക്കാൻ കുറച്ച് നാളുകളായി ഈയുള്ളവൻ ശ്രമിക്കുന്നുണ്ട്. ഉറവിടത്തിൽത്തന്നെ സംസ്ക്കരിക്കുന്ന എന്ന തത്വം മുൻ‌നിർത്തി, വീട്ടിലെ അടുക്കള മാലിന്യം ക്രെഡായി സംവിധാനം വഴി ടെറസ്സിൽത്തന്നെ സംസ്ക്കരിച്ച് വളമാക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ മനസ്സിലാക്കാനായ ചില കാര്യങ്ങൾ അവിടവിടെയായി കുറിച്ചിട്ടിട്ടുമുണ്ട്. താഴെയുള്ള ലിങ്കുകൾ വഴി പോയാൽ അതൊക്കെ വായിക്കാം.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യ സംസ്ക്കരണം കീറാമുട്ടിയല്ല

അങ്ങനെയിരിക്കുമ്പോഴാണ് കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി കേൾക്കാനിടയായത്. എന്റെ വീട്ടിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈ പ്ലാന്റിനെപ്പറ്റി മനസ്സിലാക്കാൻ ഇത്രയും വൈകിയത് എന്റെ പിഴ, എന്റെ മാത്രം പിഴ.

പ്ലാന്റ് സ്വന്തമായി ഡിസൈൻ ചെയ്ത് പേറ്റന്റ് രജിസ്റ്റർ ചെയ്തിരിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതുമൊക്കെ കൊടുങ്ങല്ലൂർക്കാരനായ ശ്രീ. ജോയ് കെ.ബി. (ഫോൺ-09447058008)ആണ്. അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടിയ അന്നുമുതൽ, പലവട്ടം മണിക്കൂറുകളോളം ഞങ്ങൾ ഫോണിൽ സംസാരിച്ചു. പ്ലാന്റിന്റെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കി. മാലിന്യസംസ്ക്കരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശ്രീ.ജോയി പകർന്നുതന്നു. അദ്ദേഹത്തിന്റെ പക്കലുള്ള രേഖകൾ ലേഖനങ്ങൾ നിയമാവലികൾ പത്രവാർത്തകൾ എന്നിവയൊക്കെ ഈ-മെയിൽ വഴി അയച്ചുതന്നു. ഈ വിഷയത്തിൽ ഒരുപാട് അറിവ് സമ്പാദിച്ചിട്ടുള്ള സുധീഷ് മേനോനെ പരിചയപ്പെടുത്തി തന്നതും അദ്ദേഹത്തിന്റെ ലേഖനങ്ങൾ അയച്ചുതന്നതും ശ്രീ.ജോയി തന്നെ. അങ്ങനെ, വിളപ്പിൽശാലയടക്കം കേരളത്തിലുള്ള മറ്റ് പ്ലാ‍ന്റുകളുടെ പ്രവർത്തനരീതികളും മനസ്സിലാക്കാനായി. പക്ഷെ, കൊടുങ്ങല്ലൂർ പ്ലാന്റ് നേരിട്ട് കണ്ട് മനസ്സിലാക്കുക എന്ന കാര്യം മാത്രം നീണ്ടുനീണ്ടുപോയി.

സമയവും സൌകര്യവും ഒത്തുവന്നപ്പോൾ ശ്രീ.ജോയിയെ വിളിച്ചു. പ്ലാന്റ് ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരിക്കുകയാണ് എന്ന് ജോയി പറഞ്ഞപ്പോൾ, എന്നാൽ പിന്നൊരു ദിവസം വരാം എന്നായി ഞാൻ. പറ്റില്ല, ഇത് തന്നെയാണ് പ്ലാന്റ് സന്ദർശിക്കേണ്ട ശരിയായ സമയം. പ്ലാന്റ് പ്രവർത്തിക്കുന്നതും അല്ലാത്തതുമായ സന്ദർഭങ്ങൾ താരത‌മ്യം ചെയ്യണമെങ്കിൽ ഇപ്പോൾ വരണമെന്നായി ജോയി. കൊടുങ്ങല്ലൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ പ്ലാന്റിലേക്ക് കാണൂ. ഒരുമണിക്കൂറിനകം ഞാൻ പ്ലാന്റിലെത്തി.

അൽ‌പ്പം ഭൂമിശാസ്ത്രവും ചരിത്രവും.

കൊടുങ്ങല്ലൂർ - ഇരിഞ്ഞാലക്കുട റൂട്ടിൽ പുല്ലൂറ്റ് പാലം ഇറങ്ങിക്കഴിഞ്ഞാൽ ഉടനെതെന്നെ കാണുന്ന വളവിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്ക് കയറി അര കിലോമീറ്ററോളം പോയാൽ ചപ്പാറയിലെ ഗുരുശ്രീ സ്കൂളിന് എതിർവശത്തുള്ള പ്ല്ലാന്റിലെത്താം. ഒരേക്കറോളം വരുന്ന മതിൽക്കെട്ടിനുള്ളിൽ, 2009 മുതൽ ഈ പ്ല്ലാന്റ് കൊടുങ്ങലൂർ നഗരസഭയുടെ മാലിന്യങ്ങൾ സംസ്ക്കരിച്ചുപോരുന്നു. സ്ഥലവും, പ്ല്ലാന്റിരിക്കുന്ന കെട്ടിടവുമൊക്കെ നഗരസഭയുടെ വകയാണ്. ജോയിയുടെ പ്ല്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് ഈ മതിൽക്കെട്ടിനകം, മാലിന്യം കുന്നുകൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഒരു പറമ്പ് മാത്രമായിരുന്നു. റോഡിനപ്പുറം +2 വരെയുള്ള ക്ലാസ്സുകളിലായി 1000 ൽ അധികം കുട്ടികൾ പഠിക്കുന്ന ഗുരുശ്രീ സ്ക്കൂളിലെ നല്ലൊരു ഭാഗം കുട്ടികൾ, പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള കാലങ്ങളിൽ ഉച്ചഭക്ഷണം കൊണ്ടുവരില്ലായിരുന്നു. കാരണം, കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ഈച്ചയുടെ ശല്യം തന്നെ. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിനുശേഷം കുട്ടികൾ എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നുണ്ട്. ഈച്ചയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
ഇടതു വശത്ത് സ്ക്കൂൾ, വലത്തുവശം പ്ലാന്റിന്റെ മതിൽക്കെട്ട്

കൊടുങ്ങലൂർ മാലിന്യ സംസ്ക്കരണ പ്ലാന്റ് - ഒരു വീക്ഷണം
പ്ലാന്റിന്റെ പ്രവർത്തന രീതി.

സംസ്ക്കരണ യന്ത്രസാമഗ്രികളും ഉപകരണങ്ങളും പ്ലാന്റിന്റെ വൈദ്യുതച്ചിലവും അറ്റകുറ്റപ്പണികളുമൊക്കെ ശ്രീ.ജോയിയുടെ ബാദ്ധ്യതയാണ്. മാലിന്യം വാഹനത്തിൽ എത്തിച്ചുകൊടുക്കുന്നതും 6 ജോലിക്കാർക്ക് ശമ്പളം നൽകുന്നതും കൊടുങ്ങലൂ‍ർ നഗരസഭയാണ്.

ട്രക്കിൽ എത്തുന്ന മാലിന്യക്കൂമ്പാരം നേരിട്ട് പ്ലാന്റിലേക്ക് ലോഡ് ചെയ്യപ്പെടുന്നു. ഹൈഡ്രോളിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രേ, മാലിന്യത്തെ ഉയർത്തി തൊട്ട് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് നിക്ഷേപിക്കുന്നു. ഈ സമയത്ത് മാലിന്യം വെള്ളത്തിലേക്ക് വീഴുന്നത് നിയന്ത്രിക്കാൻ ഇരുവശങ്ങളിലും ജീവനക്കാരുണ്ടാകും. സാന്ദ്രതയ്ക്കനുസരിച്ച് വെള്ളത്തിൽ പല ഭാഗങ്ങളിലായി പൊങ്ങിയും താഴ്‌ന്നും കിടക്കുന്ന മാലിന്യത്തെ ബെൽറ്റിലൂടെ പ്ലാന്റിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മെഷീനിലേക്ക് ലോഡ് ചെയ്യുകയും അവിടെ വെച്ച് മാലിന്യം ചെറുചെറു കഷണങ്ങളായി നുറുക്കപ്പെടുകയും ചെയ്യുന്നു. ഈ സമയത്തൊക്കെ പല ഭാഗത്തുനിന്നും മാലിന്യത്തിലേക്ക് വെള്ളം പമ്പ് ചെയ്തുകൊടുക്കുന്നു. കൊച്ചുകൊച്ച് കഷണങ്ങളായി നുറുക്കിയ മാലിന്യം ലോഹപ്പാത്തിയിലൂടെ വെളിയിലേക്ക് വരുന്നു. (ഇതിനെ സ്ലറി എന്ന് വിളിക്കുന്നു.) ഇങ്ങനെ പുറത്തെത്തുന്ന സ്ലറി അവിടെത്തന്നെ കുന്നുകൂട്ടിയിടുന്നു. സ്ലറിയിൽ നിന്ന് ഊറി വരുന്ന വെള്ളം താനെ ഒഴുകി പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ടാങ്കുകളിലേക്കെത്തുന്നു. 4000 ലിറ്റർ സംഭരണ ശേഷിയുള്ള ഇത്തരം നാല് ടാങ്കുകളാണ് പ്ലാന്റിലുള്ളത്. (ഈ ടാങ്കിനെ മൈക്രോബ് കൾച്ചറിങ്ങ് ടാങ്ക് എന്ന് വിളിക്കുന്നു.) ടാങ്കിലെ ഈ വെള്ളം തന്നെയാണ് മെഷീനിലേക്ക് ലോഡ് ചെയ്യപ്പെടുന്ന മാലിന്യത്തിൽ പമ്പ് ചെയ്യാൻ എടുക്കുന്നത്. ഇതേ സമയം സാന്ദ്രത കുറവായതുകൊണ്ട് പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മറ്റൊരു പാത്തിയിലൂടെ വെളിയിൽ ശേഖരിക്കപ്പെടുന്നു. അവിടന്ന് അത് ശേഖരിച്ച് ഒഴിവുള്ള സ്ഥലങ്ങളിൽ കൂട്ടിയിടുന്നു.

ലോറികളിൽ നിന്ന് നേരിട്ട് മാലിന്യം ലോഡ് ചെയ്യുന്ന ഹൈഡ്രോളിൿ ട്രേ.
പ്ലാസ്റ്റിക്കും സ്ലറിയും വേർതിരിക്കുന്ന പാത്തികൾ ചിത്രത്തിൽ കാണാം.
കൂട്ടിയിട്ടിരിക്കുന്ന സ്ലറി. ടാങ്കിലേക്ക് ഒഴുകുന്ന വെള്ളവും കാണാം.

ശേഖരിക്കപ്പെടുന്ന സ്ലറി മൂന്ന് മാസത്തോളം, അല്ലെങ്കിൽ കമ്പോസ്റ്റ് ആകുന്നത് വരെ അവിടെത്തന്നെ കിടക്കുന്നു. ഈ സമയത്ത് സ്ലറിയുടെ താപം 85 ഡിഗ്രി വരെ ഉയരുകയും അവസാനം ബ്രൌൺ നിറത്തിൽ നിന്ന് കറുത്ത നിറത്തിലേക്ക് കടക്കുകയും ചെയ്യുന്നു. കമ്പോസ്റ്റിങ്ങ് എളുപ്പമാക്കാനായി സുതാര്യമായ പോളിത്തീൻ ഷീറ്റുകളാണ് മേൽക്കൂരയുടെ നല്ലൊരു ഭാഗത്ത് വിരിച്ചിരിക്കുന്നത്. സൂര്യപ്രകാശവും അതിലുള്ള അൾട്രാ വൈലറ്റ് രശ്മികളും സ്ലറിയിൽ വീഴാൻ ഈ മേൽക്കൂര സഹായിക്കുന്നു. ‘കമ്പോസ്റ്റിങ്ങ് എന്നാൽ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രവർത്തമാണ് ‘ എന്ന നിർവ്വചനം അപ്പാടെ നടപ്പിലാക്കപ്പെടുകയാണ് ഈ പ്ലാന്റിൽ. കമ്പോസ്റ്റിങ്ങിനായി, അല്ലെങ്കിൽ അത് ത്വരിതഗതിയിൽ ആകുന്നതിനായി വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതും നിരോധിക്കപ്പെട്ടതുമായ ഏതെങ്കിലും പ്രത്യേകതരം ബാൿറ്റീരിയകളെ ഇവിടെ ഉപയോഗിക്കുന്നതേയില്ല.

മൈക്രോബ് കൾച്ചറിങ്ങ് ടാങ്കുകൾ
കമ്പോസ്റ്റ് ആയി മാറിയ മാലിന്യം.

കമ്പോസ്റ്റ് ആയി മാറിയ മാലിന്യത്തിൽ നിന്ന് ബാക്കിയുള്ള പ്ലാസ്റ്റിക്ക് കൂടെ നീക്കം ചെയ്യാനും വളം വേർതിരിച്ചെടുക്കാനുമായി ഫിൽറ്ററിങ്ങ് യന്ത്രത്തിലേക്ക് ലോഡ് ചെയ്യുന്നു. കനം കൂടിയതും ചെറു കഷണങ്ങൾ ആയതുമായ വളം, ഉപകരണത്തിന്റെ താഴെയുള്ള ചാക്കുകളിൽ ശേഖരിക്കപ്പെടുന്നു. പ്ലാസ്റ്റിക്ക്, മെഷീനിന്റെ മറുഭാഗത്തുകൂടെ പുറത്ത് വരുന്നു. ലോഡ് ചെയ്യുന്ന മാലിന്യത്തിന്റെ 99.5 % ഇത്തരത്തിൽ വളമാക്കി മാറ്റപ്പെടുന്നു.

പ്ലാസ്റ്റിക്കും കമ്പോസ്റ്റും വേർതിരിക്കുന്ന യന്ത്രം.
കമ്പോസ്റ്റ് വളം ചാക്കിലാക്കി വെച്ചിരിക്കുന്നു. വില കിലോഗ്രാമിന് 5 രൂപ.
നുറുങ്ങിയ പ്ലാസ്റ്റിക്ക് - കിലോഗ്രാമിന് 12 രൂപ വിലയുള്ളത്.
ഇത് ജൈവ മാലിന്യമല്ല, വേർതിരിച്ചെടുത്ത പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരിക്കുന്നതാണ്.
സ്ലറിയിൽ അൾട്രാ വൈലറ്റ് രശ്മികൾ കടക്കുന്നതിനായി സുതാര്യമായ മേൽക്കൂര.

പ്ലാന്റിന്റെ ഗുണങ്ങളും പ്രത്യേകതകളും അൽ‌പ്പം താരത‌മ്യവും.

1. ഈച്ചയുടേയും മറ്റ് പ്രാണികളുടേയും ശല്യമൊന്നും ഇല്ല. ചതഞ്ഞരഞ്ഞ് വരുന്ന സ്ലറിയിൽ ഈച്ചകളും അതിന്റെ മുട്ടകളുമൊക്കെ നശിപ്പിക്കപ്പെടുന്നു. പ്ലാന്റിൽ ചിലവഴിച്ച 2 മണിക്കൂർ സമയം ഒരീച്ചയെപ്പോലും കാണാൻ എനിക്കായില്ല.

2. നിരോധിക്കപ്പെട്ടതും വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിയെടുക്കുന്ന മാരകമായ ബാൿടീരിയകൾ ഈ പ്ലാന്റിൽ ഉപയോഗിക്കുന്നില്ല.

3. പ്ലാന്റിലെ മാലിന്യം പരിസരവാസികൾക്ക് ഒരു തരത്തിലും ശല്യമുണ്ടാക്കുന്നില്ല. റോഡിലൂടെ പോകുന്ന ഒരാൾ പോലും ദുർഗന്ധം കാരണം മൂക്ക് പൊത്തി പോകുന്നതായി എനിക്ക് കാണാനായില്ല. പ്ലാന്റിനകത്ത് ചിലവഴിച്ച അത്രയും സമയം മൂക്ക് പൊത്തേണ്ട ആവശ്യം എനിക്കുമുണ്ടായില്ല. മറ്റ് മാലിന്യ പ്ലാന്റുകളിൽ 10 മിനിറ്റിൽ കൂടുതൽ നിന്നാൽ തലകറങ്ങി വീണെന്ന് വരും.

4. ശബ്ദമലീനീകരണം ഇല്ല. വലിയൊരു ഫാൻ കറങ്ങിയാൽ ഉണ്ടാകുന്ന ശബ്ദം മാത്രമേ ഇവിടെയുള്ള യന്ത്രത്തിൽ നിന്ന് പുറത്ത് വരുന്നുള്ളൂ. മതിൽക്കെട്ടിന് വെളിയിലേക്ക് പോലും ഈ ശബ്ദം കേൾക്കുന്നില്ല.

5. പ്ലാന്റിലെത്തുന്ന മാലിന്യത്തിൽ നിന്ന് പ്ലാസ്റ്റിക്ക് വേർതിരിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിൽ കെട്ടിപ്പൊതിഞ്ഞായാലും മാലിന്യം കൊണ്ടുപോയി കച്ചറപ്പെട്ടികളിൽ തള്ളുകയും അതവിടന്ന് ശേഖരിച്ച് ഈ പ്ലാന്റിലെത്തിക്കുകയും ചെയ്താൽ മതിയെന്ന് സാരം.

6. ഈ പ്ലാന്റിൽ നിന്ന് മലിനജലം പുറത്തേക്ക് പോകുന്നില്ല. സ്ലറിയിൽ നിന്ന്, മൈക്രോബ് കൾച്ചറിങ്ങ് ടാങ്കിലേക്ക് സ്വയമേവ ഒഴുകിയെത്തുന്ന ജലം വീണ്ടും ഉപയോഗിക്കപ്പെടുകയാണിവിടെ. മറ്റ് പ്ലാന്റുകളിൽ ഗ്യാലൻ കണക്കിന് മലിനജലമാണ് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. വിളപ്പിൽശാലയിൽ നിന്ന് തൊട്ടടുത്തുള്ള ആറിലേക്ക് ഒഴുകുന്ന മലിനജലമാണ് പിന്നീട് ആറ്റിലെ ജലവുമായി കലർന്ന് കുടിവെള്ളമായി നഗരത്തിലെത്തുന്നത്. ഈ വെള്ളം ശുദ്ധമാക്കാനായി കൂടിയ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നുണ്ടെന്നത് വിവരാവകാശ നിയമ പ്രകാരം കണക്കുകൾ എടുപ്പിച്ചാൽ ആർക്കും മനസ്സിലാക്കാനാവും.

7. ഒരു മാതൃകാ മാലിന്യ പ്ലാന്റ് എന്നുവെച്ചാൽ അത് പരിസ്ഥിതിയുമായി ചേർന്നുപോകുന്നതും പരിസ്ഥിതിയെ മലിനപ്പെടുത്താത്തതും ആയിരിക്കണം. കൊടുങ്ങല്ലൂർ മാലിന്യ പ്ലാന്റ് അത്തരത്തിൽ ഒന്നാണ്. വിളപ്പിൽശാലയിലും ബ്രഹ്മപുരത്തേയുമൊന്നും പ്ലാന്റിൽ ഞാനിതുവരെ പോയിട്ടില്ല. പക്ഷെ ഓക്സിജൻ മാസ്‌ക്ക് അണിയാതെ ആ ഭാഗത്തേക്ക് പോകാൻ പറ്റില്ലെന്നാണ് കേട്ടറിവ്. (ചന്ദ്രനിലെ കാര്യങ്ങൾ അറിയാൻ ചന്ദ്രനിൽ പോകണമെന്നില്ലല്ലോ?) ബ്രഹ്മപുരം പ്ലാന്റിന്റെ തൊട്ടടുത്ത് വരെ പോയിട്ടുണ്ട്. ദുർഗന്ധമാണവിടെ. ആ ഭാഗത്ത് പുതുതായി ഉയർന്ന് വന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ നല്ലൊരു ശതമാനം വിറ്റുപോകാത്തതിന് കാരണം പ്ലാന്റിൽ നിന്നുള്ള ദുർഗ്ഗന്ധം തന്നെയാണ്.

8. കൊടുങ്ങല്ലൂർ പ്ലാന്റിൽ മാലിന്യ സംസ്ക്കരണവും സ്ലറി ശേഖരണവുമൊക്കെ നടക്കുന്നത് അര ഏക്കറോളം മാത്രം വരുന്ന സ്ഥലത്താണ്. വിളപ്പിൽശാലയിൽ 8 ഏക്കറോളം വരുന്ന സ്ഥലത്ത് കോടികൾ ചിലവഴിച്ച് മാലിന്യസംസ്ക്കരണം നടത്തിയിട്ടും അവസ്ഥ എന്താണെന്ന് എല്ലാവരും കണ്ടതല്ലേ ? വളരെ ചുരുക്കം മാലിന്യമാണ് അവിടെ സംസ്ക്കരിക്കപ്പെടുന്നത്. ബാക്കിയുള്ള അസംസ്കൃത മാലിന്യം മുഴുവൻ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് അവിടത്തെ ഭൂമിയും ജലവുമെല്ലാം മലിനമാക്കപ്പെട്ടത്.

9. ഒരു മണിക്കൂറിൽ 1 മുതൽ 3 വരെ ടൺ മാലിന്യം ഈ പ്ലാന്റിൽ സംസ്ക്കരിക്കാം. കൊടുങ്ങല്ലൂർ പ്ലാന്റിൽ ശരാശരി 3 ടൺ മാലിന്യമാണ്, പ്രതിദിനം സംസ്ക്കരിക്കപ്പെടുന്നത്. താലപ്പൊലി പോലുള്ള ഉത്സവ കാലങ്ങളിൽ ഒൻപത് ടൺ വരെ സംസ്ക്കരിക്കാറുമുണ്ട്. എന്നുവെച്ചാൽ ഏറ്റവും മാലിന്യത്തിരക്കുള്ള ദിവസങ്ങളിൽ‌പ്പോലും മൂന്ന് മണിക്കൂറിലധികം പ്ലാന്റ് പ്രവർത്തിപ്പിക്കേണ്ടി വരാറില്ല.

10. മാലിന്യത്തിൽ നിന്ന് കിട്ടുന്ന വളത്തിന്റേയും പ്ലാസ്റ്റിക്കിന്റേയും ആദായം. വളം, കിലോഗ്രാമിന് 5 രൂപ എന്ന തോതിലും, ചെറുതായി നുറുങ്ങിയ പ്ലാസ്റ്റിക്ക് കിലോഗ്രാമിന് 12 രൂപ എന്ന തോതിലും വിറ്റുപോകുന്നു.

11. ഇത്തരം പ്ലാന്റുകൾ എവിടെ വേണമെങ്കിലും സൌജന്യമായി സ്ഥാപിച്ചുകൊടുക്കാമെന്നും സൌജന്യമായിത്തന്നെ അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാമെന്നും ശ്രീ.ജോയ് പറയുന്നു. പകരം പ്ലാന്റിൽ നിന്ന് കിട്ടുന്ന വളവും പ്ലാസ്റ്റിക്കും അദ്ദേഹത്തിന് കൊടുക്കണമെന്ന് മാത്രം. അതല്ല പണം കൊടുത്ത് പ്ലാന്റ് വാങ്ങണമെന്നുള്ളവർക്ക് അത് നൽകാനും അദ്ദേഹം തയ്യാർ.

12. മറ്റ് മാലിന്യ സംസ്ക്കരണ പ്ലാന്റുകളേക്കാൾ ചിലവ് കുറവ്. (വൈദ്യുതച്ചിലവ് 2000 രൂപയ്ക്കടുത്ത് മാത്രം)

13. മറ്റ് മാലിന്യ സംസ്ക്കരണ പ്ലാന്റുകളിൽ പലതും നിയമങ്ങൾ ലംഘിച്ച് ജലസ്ത്രോതസ്സുകളുടെ പരിസരത്തോ അതിന്റെ മുകളിൽത്തന്നെയോ ആണ് നിലകൊള്ളുന്നത്. ഈ പ്ലാന്റിൽ അത്തരം നിയമലംഘനങ്ങൾ ഒന്നും ഇല്ല.

14. കെട്ടിക്കിടക്കാതെ അന്നന്നത്തെ മാലിന്യം അന്നന്ന് തന്നെ സംസ്ക്കരിക്കാൻ കെൽ‌പ്പുള്ളതാണ് കൊടുങ്ങലൂർ നഗരസഭയുടെ മാലിന്യസംസ്ക്കരണ പ്ലാന്റ്.

നികത്താനാവുന്ന ചില പോരായ്മകൾ.

1. ജൈവ മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്കിൾ ചെയ്തെടുക്കാൻ ഒരു പ്ല്ലാസ്റ്റിക്ക് റീസൈക്കിൾ പ്ലാന്റ് കൂടെ ഇതിനോട് ചേർന്ന് ഇല്ലാത്തത് ഒരു ന്യൂനതയാണ്. ഇതുകാരണം, വേർതിരിച്ചെടുത്ത പ്ലാസ്റ്റിക്ക് മുഴുവൻ  പ്ലാന്റിൽ കെട്ടിക്കിടക്കുന്നു. നഗരസഭയ്ക്ക് പണമില്ലാത്തതാണ് ഇങ്ങനൊരു പ്ലാന്റ് കൂടെ സ്ഥാപിക്കാനുള്ള ഏക തടസ്സം.

2. സ്വാഭാവികമായി പ്രകൃതിയിൽത്തന്നെ കൾച്ചർ ചെയ്യപ്പെടുന്നതാണെങ്കിലും, മൈക്രോബ് കൾച്ചറിങ്ങ് ടാങ്കിൽ ഏതൊക്കെ തോതിൽ എന്തൊക്കെ ബാൿടീരിയകൾ ഉണ്ട്, അത് പ്ലാന്റിലെ തൊഴിലാളികളെ ആരോഗ്യപരമായി ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ എന്ന് പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇത് അത്ര ചിലവൊന്നും ഉള്ള കാര്യമല്ല. ജീവനക്കാർക്ക് സമയാസമയം വൈദ്യപരിശോധന നടത്തുകയും, ടാങ്കിലെ വെള്ളം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും ചെയ്ത് മനസ്സിലാക്കാവുന്നതേയുള്ളൂ ഈ കാര്യങ്ങൾ.

3. മാലിന്യത്തിൽ നിന്ന് ചതഞ്ഞരഞ്ഞ് പുറത്തെത്തുന്ന സ്ലറി, മൂന്നോ നാലോ മാസമെടുത്ത് കമ്പോസ്റ്റ് ആക്കുന്നതിന് പകരം നേരിട്ട് ഒരു ബയോഗ്യാസ് പ്ലാന്റിലേക്ക് ലോഡ് ചെയ്താൽ അതിൽ നിന്ന് നല്ല തോതിൽ ബയോഗ്യാസ് ഉൽ‌പ്പാദിപ്പിക്കാനാവും. യൂറോപ്യൻ സ്റ്റാൻഡേർഡിൽ ഉള്ള ബയോഗ്യാസ് പ്ലാന്റാണ് സ്ഥാപിക്കേണ്ടതെന്ന് ശ്രീ.സുധീഷ് മേനോൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ അടിവരയിട്ട് പറയുന്നുണ്ട്. മറ്റ് ബയോഗ്യാസ് പ്ലാന്റുകളിൽ നിന്ന് അപകടകാരികളായ ബാൿറ്റീരിയകൾ പുറത്തേക്ക് വരുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ് ഇതോടൊപ്പം സ്ഥാപിക്കുന്നതിനും തടസ്സം നഗരസഭയുടെ പ്രാരാബ്ദ്ധങ്ങൾ തന്നെ.

4. ജോലിക്കാർക്ക് ഭക്ഷണം കഴിക്കാനും വസ്ത്രം മാറാനുമൊക്കെ ഒരു മുറിയോ,  പ്രാഥമിക ആവശ്യങ്ങൾക്കായി ഒരു ടോയ്‌ലറ്റോ ഇവിടെയില്ല. ഇത് നടപ്പിക്കുക എന്നതും അത്ര വലിയ ആനക്കാര്യമൊന്നുമല്ല.

പറയാതെ പോയത് ഒന്ന്.

പ്ലാന്റ് കഴിഞ്ഞ 10 ദിവസത്തോളം അറ്റകുറ്റപ്പണിയിലാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ ? ഇത്രയും ദിവസത്തെ സംസ്ക്കരിക്കാത്ത മാലിന്യം മതിൽക്കെട്ടിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നുണ്ട്. ആ ഭാഗത്തേക്ക് ചെന്നാൽ ഈച്ചയും കാക്കയുമൊക്കെ ആവശ്യത്തിനുണ്ട്. ഇത് കണ്ട് മനസ്സിലാക്കാനാണ് പ്ലാന്റ് പ്രവർത്തിക്കാത്ത സമയത്ത് തന്നെ ചെല്ലണമെന്ന് ജോയി എന്നോട് ശഠിച്ചത്. 10 ദിവസത്തെ ഇത്രയും മാലിന്യം സംസ്ക്കരിക്കാൻ മൂന്നോ നാലോ ദിവസം 4 മണിക്കൂർ വീതം പ്ലാന്റ് പ്രവർത്തിപ്പിച്ചാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ അറ്റകുറ്റപ്പണിയുടെ സമയത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പോലും ഒരു തലവേദനയല്ല ഈ പ്ലാന്റിന്.
പ്ലാന്റ് അറ്റകുറ്റപ്പണിയിൽ ആയതുകൊണ്ട്, 10 ദിവസമായി സംസ്ക്കരിക്കാതെ കിടക്കുന്ന മാലിന്യവും അവിടത്തെ രംഗവും.


ആരും അറിഞ്ഞില്ലേ ഇങ്ങനൊന്നിനെപ്പറ്റി ?

ഇങ്ങനൊരു ചിലവ് കുറഞ്ഞ പ്ലാന്റ്, മാതൃകാപരമായി കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ഭരണാധികാരികൾ എന്തുകൊണ്ട് മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ ഇത്രയ്ക്ക് ബേജാറാകുന്നു? ഈ മാതൃക എന്തുകൊണ്ട് മറ്റ് നഗരസഭകളിലും പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും സ്വീകരിക്കുന്നില്ല. അതും, 15 സെന്റ് സ്ഥലവും കെട്ടിട സൌകര്യങ്ങളും തന്നാൽ, പ്ലാന്റ് സൌജന്യമായി സ്ഥാപിച്ച് തരാമെന്ന് ഒരു വ്യക്തി പറയുമ്പോൾ !!

മാലിന്യവിഷയം കൈകാര്യം ചെയ്യുന്ന മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി അടക്കം എത്ര മന്ത്രിമാർ ഈ പ്ലാന്റിനെപ്പറ്റി കേട്ടിട്ടുണ്ട് ? ശ്രീ. അലി, താങ്കൾ മന്ത്രിയായി അധികാരമേറ്റപ്പോൾ പറഞ്ഞത് ഒരു കൊല്ലം കൊണ്ട് കേരളത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുമെന്നാണ്. അതിൽ എത്ര മാസം ഇതിനകം കഴിഞ്ഞുപോയെന്ന് വല്ല ധാരണയുമുണ്ടോ ? അതിവേഗത്തിൽ ബഹുദൂരം പിന്നിടുന്ന മുഖ്യമന്ത്രി, ഇടയ്ക്ക് കൊടുങ്ങലൂർ വഴി കടന്നുപോകുമ്പോൾ ഒന്ന് ബ്രേക്ക് അടിച്ചുകൂടെ ? എല്ലാ വിഷയങ്ങളും സ്വന്തം പാർട്ടിയെപ്പോലും ധിക്കരിച്ച് ജനകീയമായി ഏറ്റെടുക്കുന്ന പ്രതിപക്ഷ നേതാവ് കേട്ടിട്ടില്ലേ, കൊടുങ്ങലൂരിലെ ഈ പ്ലാന്റിനെപ്പറ്റി ? നേരിട്ട് പോയി കണ്ടില്ലെങ്കിലും, കൊടുങ്ങലൂർ നഗരസഭാ ഭാരവാഹികളോട് ഇതേപ്പറ്റി നിങ്ങൾക്കാർക്കെങ്കിലും ഒന്ന് അന്വേഷിച്ച് മനസ്സിലാക്കിക്കൂടേ ? ഒരു നാടിന്റെ ഭാവിയാണ് നിങ്ങളുടെ കൈകളിൽ തൂങ്ങിയാടുന്നതെന്ന് വിസ്മരിക്കരുത്.

സംസ്ഥാനത്തൊട്ടാകെയുള്ള 6000 ടൺ മാലിന്യം സംസ്ക്കരിക്കാൻ 10 ടൺ ശേഷിയുള്ള ഇത്തരം 600 പ്ലാന്റുകളും അതിനോട് ചേർന്ന് യൂറോ സ്റ്റാൻഡേർഡിലുള്ള ബയോഗ്യാസ പ്ലാന്റുകളും സ്ഥാപിച്ചാൽ തീരാവുന്ന മാലിന്യപ്രശ്നമേയുള്ളൂ എന്ന് ശ്രീ.സുധീഷ് മേനോൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പറയുന്നു.  മാലിന്യപ്രശ്നം തീരുന്നതിനോടൊപ്പം, ഗ്യാസ് ക്ഷാമവും കുറേയൊക്കെ പരിഹരിക്കപ്പെടും. എന്തായാലും, കേരളത്തിലെ മാലിന്യസംസ്ക്കരണ പ്രശ്നങ്ങൾക്കുള്ള പ്രവർത്തിക്കുന്ന മാതൃകയും, വേറേന്ത് മാർഗ്ഗമുണ്ട് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമാണ് കൊടുങ്ങല്ലൂർ പ്ലാന്റ്.

തിരുവനന്തപുരത്തെ മാലിന്യം മുഴുവൻ പാറമടയിൽ കൊണ്ടുപോയി തള്ളാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ശാശ്വതമായ ഒരു പരിഹാരമാണോ അത് ? മറ്റൊരിടത്തെ പ്രകൃതി കൂടെ മലിനപ്പെടാൻ പോകുന്നു. പോകപ്പോകെ എത്ര പറമടകൾ വേണ്ടിവരും കേരളത്തിലെ മൊത്തം മാലിന്യങ്ങൾ കൊണ്ടുപോയി നിക്ഷേപിക്കാൻ ?

ഞാൻ മനസ്സിലാക്കിയിടത്തോളം മാലിന്യസംസ്ക്കരണം അത്ര വലിയ റോക്കറ്റ് ടെൿനോജിയൊന്നും അല്ല. രാജ്യം ദാരിദ്യത്തിലും വിലക്കയറ്റത്തിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന സമയത്ത് പോലും വിദേശപര്യടനങ്ങൾ നടത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമാണികളും, ഏറ്റവും കുറഞ്ഞത് അവിടെയുള്ള മാലിന്യസംസ്ക്കരണരീതികൾ കണ്ടുപഠിച്ച് മനസ്സിലാക്കി അതെന്തുകൊണ്ട് ഇവിടെയും നടപ്പിലാക്കുന്നില്ല ?! വിദേശത്ത് പോകുമ്പോൾ ഇതിനൊന്നും നേരം കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് മദ്ധ്യകേരത്തിൽത്തന്നെയുള്ള കൊടുങ്ങലൂർ പ്ലാന്റെങ്കിലും സന്ദർശിക്കുന്നില്ല ? ഇത്രയും ലഘുവായ ഒരു കാര്യം ചെയ്യാൻ പറ്റാത്ത ഒരു രാജ്യം ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന പരിപാടികളടക്കമുള്ള ഹൈ ടെക്ക് ഇടപാടുകൾ ചെയ്തിട്ട് എന്ത് കാര്യം ?

ശ്രീ. ജോയിക്കൊപ്പം കൊടുങ്ങല്ലൂർ പ്ലാന്റിൽ


പിന്നാമ്പുറ കളികൾ

കൊടുങ്ങലൂർ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഉപദേഷ്ടാക്കൾക്കും അറിയാഞ്ഞിട്ടൊന്നുമല്ല. പക്ഷെ ഈ പ്ലാന്റ് ചിലരുടെ താൽ‌പ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വേണം മനസ്സിലാക്കാൻ. അല്ലെങ്കിൽ എന്തുകൊണ്ട് തളിപ്പറമ്പിലും ഗുരുവായൂരിലും വടകരയിലും ശ്രീ.ജോയി നിർമ്മിച്ച് നൽകിയ പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ആരാണ് അതിന്റെ പിന്നിൽ ? ഈ പ്ലാന്റ് ആരുടെയൊക്കെയാണ് ഉറക്കം കെടുത്തുന്നത് ? ആരുടെയൊക്കെ താൽ‌പ്പര്യങ്ങളാണ് ഈ പ്ലാന്റ് ഹനിക്കുന്നത് ? കേരളം ഇങ്ങനെ ചീഞ്ഞളിഞ്ഞ് കിടക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ. അതിൽ നിന്ന് അവർക്കെന്തോ നേടാനുള്ളതുപോലെ. അതിന്റെയൊക്കെ പിന്നാമ്പുറ കളികൾ അന്വേഷിച്ചിറങ്ങിയാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയെന്ന് വരുക.

കൊടുങ്ങലൂർ പ്ലാന്റിന് കുറച്ച് കാലം മുൻപ് തീ പിടിച്ചിരുന്നു. താലപ്പൊലി കാലമായതുകൊണ്ടും രാത്രി മുഴുവൻ റോഡിൽ ആൾക്കാർ ഉണ്ടായതുകൊണ്ടും തീ ആളിപ്പടരുന്നതിന് മുൻപ് അണയ്ക്കാനായി. തൊട്ടപ്പൂറത്തെ കെട്ടിടത്തിൽ നിന്ന് ഡീസൽ ഒഴിച്ച് പ്ലാന്റിന് തീയിട്ടതായാണ് പ്രാധമിക അന്വേഷണത്തിൽ തെളിഞ്ഞത്. ആരായിരുന്നു അതിന്റെ പിന്നിൽ ?

വിഷയ ദാരിദ്ര്യം കാരണമോ മത്സരബുദ്ധി കാരണമോ, മുക്കിനും മൂലയ്ക്കും നടക്കുന്ന ഓരോ അപ്രധാനമായ കാര്യങ്ങളും വാർത്തയാക്കി പടച്ചുവിടുന്ന ടീ.വി.ചാനലുകാരും പത്രക്കാരുമൊക്കെ ഈ പ്ല്ലാന്റ് കണ്ടിട്ടില്ലേ ? ഉണ്ടെങ്കിൽത്തന്നെ എത്രപേർ ഇതൊരു റിപ്പോർട്ടാക്കിയിട്ടുണ്ട് ? (എന്റെ അറിവിൽ ഒരു പത്രം മാത്രം) എന്നെപ്പോലൊരു നിരക്ഷരൻ ബ്ലോഗിൽ എഴുതിയിട്ടാൽ, പരമാവധി 250 പേർ വായിച്ചെന്ന് വരും. അതുപോലല്ലല്ലോ നിങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം ടീവിയിൽ ഇതൊന്ന് കാണിച്ചാൽ, ഇതേപ്പറ്റി ഒരു സപ്ലിമെന്റ് ഇറക്കിയാൽ!! ഇതൊരു അവസരമാണ് മാദ്ധ്യമ സുഹൃത്തുക്കളേ. സാധിക്കുമെങ്കിൽ ചീഞ്ഞ് നാറിക്കൊണ്ടിരിക്കുന്ന ഈ സംസ്ഥാനത്തെ രക്ഷിക്കാൻ ഒന്നാഞ്ഞ് പിടിക്കൂ. അല്ലെങ്കിൽ, കവി പനച്ചൂരാൻ പാടിയത് പോലെ,

“ചത്തു ചത്തു പിരിഞ്ഞിടാമിനി,
തമ്മിൽ ഊതിയണച്ചിടാം,
തമ്മിൽ ഊതിയണച്ചിടാം.“

----------------------------------------------------------
ചിത്രങ്ങൾ :‌- ശ്രീജിത്ത് കൊടുങ്ങല്ലൂർ 
-------------------------------------------------------
കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റിയുള്ള യൂ ട്യൂബ് ലിങ്ക് 
-------------------------------------------------------
ചേർത്ത് വായിക്കേണ്ട മറ്റ് ലേഖനങ്ങൾ 

1. സുധീഷ് മേനോൻ - ഉത്തരകാലം

2. വി.പ്രഭാകരൻ - ഉത്തരകാലം

3. ബൈജു ജോൺ - മറുനാടൻ മലയാളി

4. ആർ.വി.ജി. മേനോന്റെ പ്രതികരണം - മലയാളം 

5. കെ.ബി.ജോയിയുടെ പ്രതികരണം - മലയാളം

6. പ്ലാന്റ് കാണാതെ പ്ലാന്റിനെതിരായി ഷിബു കെ.നായർ എഴുതിയതും, പിന്നീട് ലേഖനത്തിലെ പിഴവുകൾക്ക് കമന്റുകളിലൂടെ അദ്ദേഹം നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതുമായ ലേഖനം - (കൊടുങ്ങല്ലൂർ മോഡലിന്റെ അപാകത - മലയാളം.)

7. കൊടുങ്ങല്ലൂർ പ്ലാന്റിന്റെ അപാകതകളും അശാസ്ത്രീയതകളും ചൂണ്ടിക്കാണിക്കുന്നവർക്കും ഈ പ്ലാന്റിനേക്കാൾ ഭേദപ്പെട്ട മറ്റൊരു മാലിന്യസംസ്ക്കരണ രീതി ചൂണ്ടിക്കാണിക്കുന്നവർക്കും ഓരോ ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രീ. സുധീഷ് മേനോൻ എഴുതിയ ലേഖനം. 

8. 2013 ഫെബ്രുവരി 15ന്  മീഡിയ വൺ ചാനലിൽ കൊടുങ്ങലൂർ പ്ലാന്റിനെപ്പറ്റി വന്ന റിപ്പോർട്ട്.

Sunday 7 October 2012

വോൾഗാ തരംഗങ്ങൾ



ടി.എൻ.ഗോപകുമാറിന്റെ ‘വോൾഗാ തരംഗങ്ങൾ‘ എന്ന പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ്. ഇത് ആദ്യം പബ്ലിഷ് ചെയ്തത് നമ്മുടെ ബൂലോകം ബ്ലോഗിലാണ്. ഇപ്പോൾ ഇവിടെയും പകർത്തിയിടുന്നു. അഭിപ്രായങ്ങൾ ഇവിടെയോ നമ്മുടെ ബൂലോകത്തിലോ അറിയിക്കുമല്ലോ ?
--------------------------------------------------------------------

“എന്റെ കുട്ടിക്കാലത്ത് ഏറ്റെടുത്ത റഷ്യൻ അനുഭൂതികളുണ്ട്. ഈ സഞ്ചാരകൃതിയിൽ അതിന്റെ പരാമർശങ്ങൾ എനിക്കൊഴിവാക്കാനാവില്ല.“ എന്നു പറഞ്ഞാണ് ലേഖകൻ തന്റെ റഷ്യൻ യാത്രാവിവരണം ആരംഭിക്കുന്നത്. അദ്ദേഹത്തിന് മാത്രമല്ല, വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടാകും ഇപ്പറഞ്ഞ കുട്ടിക്കാലത്തെ റഷ്യൻ അനുഭൂതികൾ. ടി.എൻ.ഗോപകുമാറിന്റെ വോൾഗാ തരംഗങ്ങൾ എന്ന റഷ്യൻ യാത്രാവിവരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

സോവിയറ്റ് യൂണിയൻ തകരാനുള്ള കാരണമെന്താണ് ? സഞ്ചാരത്തിനിടയിലെ പ്രധാന അന്വേഷണമതാണ്. റഷ്യയിൽ കമ്മ്യൂണിസം അവസാനിച്ചെന്ന് പറയുന്നവർക്ക് തെറ്റുപറ്റി എന്നാണ് ഗോപകുമാർ അഭിപ്രായപ്പെടുന്നത്. അതിന് അദ്ദേഹത്തിന്റേതായ വിശദീകരണവും ഉണ്ട്. റഷ്യയിൽ ഇംഗ്ലീഷ് അറിയുന്നവർ വളരെക്കുറവാണ്, അറിയാമെങ്കിൽത്തന്നെ സംസാരിക്കുന്നവർ വിരളം. ക്രിയാപദം ഒഴിവാക്കി തട്ടിയും മുട്ടിയുമൊക്കെ സംസാരിക്കാൻ മനസ്സുകാണിക്കുന്ന ഓരോരുത്തരോടും സോവിയറ്റ് യൂണിയന്റെ തകർച്ചയെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയും ലേഖകൻ തിരക്കുന്നുണ്ട്. പാർട്ടിയോ, കമ്മ്യൂണിസ്റ്റ് ആശയമോ അല്ല പ്രശ്നമുണ്ടാക്കിയത്, ലെനിൻ അടക്കമുള്ള ചില മനുഷ്യരാണ് കാരണമെന്നാണ് പുതിയ റഷ്യൻ നേതൃത്വം പറയാതെ പറയുന്നത്. ഭാഷയടക്കം പലതും അടിച്ചേൽ‌പ്പിച്ചത് കാരണമായിട്ടില്ലേ ? പലതും തുറന്ന് പറയാൻ ജനങ്ങൾ മടിക്കുന്നു. അവർ ഭരണകൂടത്തിന്റെ ആൾക്കാരെ അക്ഷരാർത്ഥത്തിൽ പേടിക്കുന്നുണ്ട്. ആട്ടവും പാട്ടുമൊക്കെയായി ഒരു ഒത്തുചേരൽ വീണ്ടും ഉണ്ടാകുമെന്നും ‘ചരിത്രപരമായ തെറ്റ് ‘ തിരുത്തപ്പെടുമെന്നും കാത്തിരിക്കുന്നു അവർ. Why Russia ? നിങ്ങളെന്തിനാണ് റഷ്യപോലുള്ള ഒരു രാജ്യത്ത് വന്നതെന്ന് ചോദ്യം ലേഖകൻ നേരിടുന്നുണ്ട് ഒരിടത്ത്. Why not Russia ? I love Russia എന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നത്.

ലെനിന്റെ ഇനിയും സംസ്ക്കരിക്കാത്ത ഭൌതികശരീരം കാണാൻ മുസോളിയത്തിൽ പോകുമ്പോൾ, എന്തിനീ ശരീരമിങ്ങനെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന ചിന്ത, അങ്ങനൊരു കാര്യം അറിയുന്ന ഒരുപാട് പേരെപ്പോലെ തന്നെ അദ്ദേഹത്തിനുമുണ്ട്. ഉത്തരം പുസ്തകം തരുന്നുമുണ്ട്.

നമ്മൾ വിഡ്ഢികൾ, ഗാന്ധിജിയുടെ ശരീരം ലെനിന്റേത് പോലെ സൂക്ഷിച്ചിരുന്നെങ്കിൽ ടാജ് മഹാളിനേക്കാൾ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാമായിരുന്നെന്ന് പറയുന്നത് പരിഹാസത്തോടെ തന്നെയാണ്. ‘ലെനിനെ കാണാൻ മുസോളിയത്തിൽ എത്തുന്നവരേക്കാൾ കൂടുതൽ ആൾക്കാരുണ്ട് റെഡ് സ്ക്വയറിലെ ബസിലിക്കയിൽ. റെഡ് സ്ക്വയറിൽ കൃസ്‌തു വാഴുന്നു. കമ്മ്യൂണിസവും ക്രൈസ്തവതയും ഒന്നാണെന്ന് പറഞ്ഞവർക്ക് സ്തുതി.‘ നർമ്മബോധത്തോടെയാണ് പരുക്കനായ നേർക്കാഴ്ച്ചകളെ വരച്ചുകാട്ടിയിരിക്കുന്നതെന്ന് അവതാരികയിൽ പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് എത്രയോ ശരി.

തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന്, വയറ്റിപ്പിഴപ്പിനായി മറ്റ് രാജ്യങ്ങളിലേക്ക് മാംസവിൽ‌ക്കാൻ ചേക്കേറേണ്ട ഗതികേടുണ്ടായിട്ടുണ്ട് അന്നാട്ടിലെ പെൺകൊടികൾക്ക്. പക്ഷെ റഷ്യയിൽ എല്ലാ നൈറ്റ് ക്ലബ്ബുകളിലും കാണുന്ന നർത്തകികൾ അഭിസാരികൾ ആണെന്ന് ധരിക്കരുത്. മോസ്ക്കോ പോലുള്ള പ്രധാന നഗരങ്ങളിലെ ബാലെ സംഘങ്ങളിലെ നർത്തകികൾ പലരും ഒരു എക്സ്ട്രാ വരുമാനത്തിനായി നൈറ്റ് ക്ലബ്ബുകളിൽ ജോലി ചെയ്യുന്നെന്ന് മാത്രം. ബാലെ സംഘത്തിലെ നർത്തകികൾ ഭൂരിപക്ഷവും ബാലെയിൽത്തന്നെ നല്ലൊരു ഭാവിയ്ക്കായി കൊതിക്കുന്നു, കാത്തിരിക്കുന്നു. അവർക്ക് അതാണ് പ്രധാനം. അതിനായി അവർ ഹോളിവുഡ്ഡിൽ നിന്നുള്ള ക്ഷണങ്ങൾ പോലും നിരസിക്കുന്നു. തകർച്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോളും സ്വന്തം നാടിന്റെ സംസ്ക്കാരം അടിയറവ് പറയാത്ത നല്ലൊരു കൂട്ടം ജനങ്ങളെ ഇന്നും കാണാനാകും റഷ്യയിൽ.

ഭാഷകൊണ്ട് അകന്നുനിൽക്കുന്നെങ്കിലും അമേരിക്കയേക്കാൾ ഭേദം റഷ്യതന്നെയാണെന്ന് വേണം മനസ്സിലാക്കാൻ. ഭൂപടത്തിൽ ഇന്ത്യ എവിടെയെന്ന് കാണിച്ചുതരാൻ റഷ്യക്കാർക്ക് പറ്റിയെന്ന് വരും. അമേരിക്കക്കാർക്ക് അതിനാകുമെന്ന് ഉറപ്പൊന്നുമില്ല.

റഷ്യൻ വിവാഹത്തിന്റെ ചില രസകരമായ മുഹൂർത്തങ്ങൾ, അത് കണ്ടിട്ട് അത്തരത്തിലാണെങ്കിൽ കല്യാണം തന്നെ കഴിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അഭിപ്രായപ്പെടുന്ന സഹസഞ്ചാരികളായ നികേഷും(റിപ്പോർട്ടർ-നികേഷ് കുമാർ തന്നെയാകണം) സന്തോഷ് ജോർജ്ജും(കുളങ്ങര തന്നെ), സംഗീതത്തേയും കലാരൂപങ്ങളേയും ചെസ്സ് കളിയേയും സ്നേഹിക്കുന്ന ജനങ്ങൾ, എപ്പോഴും ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന റഷ്യൻ പെണ്ണുങ്ങൾ, മദ്യപിക്കുന്ന സമയത്തല്ലാതെ ഒരാവശ്യം ഉണ്ടെങ്കിൽ കൂടെ മന്ദഹസിക്കാത്ത പുരുഷന്മാർ, പീറ്റർ ചക്രവർത്തിയുടെ ദീർഘവീക്ഷണം ഇന്നത്തെ റഷ്യയ്ക്ക് നൽകിയിരിക്കുന്ന ഗുണഗണങ്ങൾ, പെട്രോഗ്രാഡ് ലെനിൻ‌ഗ്രാഡ് എന്നിങ്ങനെയൊക്കെ പലവട്ടം പേര് മാറ്റപ്പെട്ട സെന്റ് പീറ്റേർസ്‌ബർഗ്ഗിനെപ്പറ്റി നാട്ടുകാർ പറയുന്ന തമാശകൾ, എന്നിങ്ങനെ ഒരുപാട് വ്യത്യസ്തമായ വിശേഷങ്ങളുണ്ട് 14 അദ്ധ്യായങ്ങളിലായി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 95 പേജുള്ള ഈ സഞ്ചാര സാഹിത്യകൃതി 2011ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 

റഷ്യയിൽ ജനസംഖ്യ വല്ലാതെ കുറഞ്ഞുവരുന്നതുകൊണ്ട് രണ്ടിലധികം കുട്ടികളുള്ളവർക്ക് ഭരണകൂടത്തിന്റെ വക ഒരുപാട് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. റോഡിലൂടെ മൂന്ന് കുട്ടികളുമായി പോകുന്ന ദമ്പതികളെ അസൂയയോടെയാണ് മറ്റുള്ളവർ നോക്കുന്നത്. അച്ഛനമ്മമാർ പാർട്ടിക്കാരാണെങ്കിൽ ആനുകൂല്യങ്ങളുടെ കാര്യം കുറേക്കൂടെ കേമമാണത്രേ! പോളണ്ടിലാകട്ടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിക്കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർ രണ്ട് കൊല്ലം ജോലി ചെയ്യണ്ട. ചിലവെല്ലാം സർക്കാരിന്റെ വക !!

ഗ്ലാസ്‌നോസ്റ്റ് എന്നാൽ 30 എം.എൽ, പെരിസ്‌ട്രോയിക്ക എന്നാൽ 60 എം.എൽ. എന്നിങ്ങനെയുള്ള ചില മദ്യപാന തമാശകളും, റഷ്യക്കാർ ഭയങ്കര മദ്യപാനികളാണെന്ന കിംവദന്തി പൊളിച്ചടുക്കുന്ന കണക്കുകളും യാഥാർത്ഥ്യങ്ങളുമൊക്കെ പുസ്തകം പങ്കുവെക്കുന്നുണ്ട്. റഷ്യക്കാർ എല്ലായ്പ്പോഴും വോഡ്‌ക്ക വാങ്ങാനായി ക്യൂ നിൽക്കുകയാണെന്നതാണ് കിംവദന്തി. കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് മുന്നിലുള്ള നീണ്ടനിരകളും, ഓരോ പ്രാദേശീയ ആഘോഷങ്ങൾ കഴിയുമ്പോളും പുറത്തുവരുന്ന കോടികളുടെ കണക്കുകളും, ലോകമെമ്പാടും എത്തരത്തിലാണാവോ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ?!

യാത്രാന്ത്യത്തിൽ അധികം സഞ്ചാരികൾക്കൊന്നും ഉണ്ടാകാത്ത ഒരു ചിന്ത ഉത്ഭവിക്കുന്നുണ്ട് ലേഖകനിൽ. “ഈ യാത്രയിൽ എന്തുനൽകി ? എന്തുനേടി ?“ എസ്‌ക്കലേറ്ററിൽ സഞ്ചരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന യുവതിക്ക് പരുക്കുപറ്റാൻ കാരണക്കാരനായതിൽ വീണ്ടും വീണ്ടും ദുഃഖിക്കുന്നു യാത്രികൻ. പരസ്പരം സ്നേഹം കൈമാറാനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി എന്നത് തന്നെയാണ് നേട്ടം. ഏതൊരു സഞ്ചാരിയും അനുകരിക്കേണ്ട കാര്യമാണത്.

റഷ്യയെപ്പറ്റി കുറേനാൾ മുൻപ് വായിച്ച ബോബി അലോഷ്യസിന്റെ ‘സ്വപ്നം നിലച്ച റഷ്യയിൽ‘എന്ന പുസ്തകത്തിലെ പല രംഗങ്ങളും വോൾഗാ തരംഗങ്ങൾ വായിച്ചപ്പോൾ മുന്നിലോടിയെത്തി. ബോബിയുടേത് ഒരു അത്‌ലറ്റ് എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ കൂടെ പങ്കുവെക്കുന്ന പുസ്തകമായിരുന്നു. ഇനിയൊരു റഷ്യൻ സഞ്ചാരസാഹിത്യം വായിക്കുന്നുണ്ടെങ്കിൽ അത് ‘ഫിനിക്സ് പക്ഷിയായി സോവിയറ്റ് യൂണിയൻ‘ എന്ന തലക്കെട്ടുള്ള ഒന്നാകണമെന്ന് ഞാനാഗ്രഹിക്കുന്നു. കാരണം, ശ്രീ.ഗോപകുമാറിന് കിട്ടിയിരുന്നത് പോലെതന്നെ സൌജന്യമായി വായിക്കാൻ കിട്ടിയിരുന്ന സോവിയറ്റ് യൂണിയൻ, സ്പുട്ട്‌നിക്ക് എന്നീ പുസ്തകങ്ങളോടുള്ള മമതയും അത് എത്തിച്ചുതന്നിരുന്ന ആ രാഷ്ട്രത്തോളുള്ള സ്നേഹവും തന്നെ.

വാൽക്കഷണം:‌- റഷ്യൻ നാടോടിക്കഥകൾ എന്ന തടിയൻ ബൈന്റുള്ള പുസ്തകം കൈമോശം വന്നിട്ട് നാളേറെയായി. പക്ഷെ, അതിൽ നിറഞ്ഞുനിന്നിരുന്ന ഇവാൻ എന്ന യുവാവിന്റെ കഥകൾ നിറം മങ്ങാതെ മനസ്സിലിപ്പോഴുമുണ്ട്. എന്നാലും അതൊന്നുകൂടെ വായിക്കണമെന്ന് തോന്നുന്നു ഇപ്പോൾ.


.
.