Saturday 29 December 2012

ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു.

ന്ത്യൻ ശിക്ഷാനിയമത്തിൽ വധശിക്ഷ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ശിക്ഷ ജീവപരന്ത്യം ആണല്ലോ ? എന്നുവെച്ചാൽ 14 കൊല്ലം തടവ്. പ്രധാന കുറ്റത്തോടൊപ്പം (അത് മോഷണം, റേപ്പ്, എന്നിങ്ങനെ എന്തുമാകട്ടെ) വധശ്രമം, കൂട്ടം ചേർന്ന് ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ പല പല കുറ്റങ്ങളും ചെയ്തതായി തെളിഞ്ഞാൽ ഇപ്പറഞ്ഞതിനെല്ലാം തടവ് വിധിക്കുകയും ചെയ്യാറുണ്ട്. എന്നിട്ട് അവസാനം ഇതെല്ലാം കൂടെ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നൊരു ഔദാര്യമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടാൽപ്പിന്നെ 14 കൊല്ലത്തിലധികം ജയിലിൽ കിടക്കേണ്ടി വരില്ല. അതിനിടയ്ക്ക്, ജയിലിലെ നല്ല നടപ്പ് പ്രമാണിച്ച് ശിക്ഷ ഇളവുകൾ, പരോളുകൾ, രാഷ്ട്രീയപാർട്ടിക്കാരുടെ ആളാണെന്ന ഇളവുകൾ, എന്നിങ്ങനെയുള്ള സൌജന്യങ്ങളും കൂടെ ആകുമ്പോൾ ആരും തന്നെ 14 കൊല്ലം ജയിൽവാസം അനുഭവിക്കുന്നതേയില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ പ്രശ്നം. എത്ര വലിയ തെറ്റ് ചെയ്താലും ഇത്രയ്ക്കല്ലേ ശിക്ഷയുള്ളൂ എന്നൊരു വിചാരം കുറ്റവാസനയുള്ള എതൊരാളുടേയും ഉള്ളിലില്ലെന്ന് ആരുകണ്ടു ?! ശിക്ഷാനടപടികളിലുള്ള ഔദാര്യങ്ങളും ഇളവുകളുമാണ് ക്രിമിനലുകളുടെ വിളയാട്ടത്തിന്റെ പ്രധാന കാരണം. കുറേ കാശ് കൂടെ ഉള്ളവനായാൽ പിന്നെ പറയുകയും വേണ്ട. ഒന്നുകിൽ ജയിൽ അവൻ ഫൈഫ് സ്റ്റാർ ഹോട്ടലാക്കി മാറ്റും, അല്ലെങ്കിൽ ജയിലിനകത്ത് അവൻ കിടന്നെന്ന് തന്നെ വരില്ല.

ആദ്യമായിട്ട് ജീവപരന്ത്യം തടവ് എന്നത്, ഏറ്റവും കുറഞ്ഞത് 24 കൊല്ലമെങ്കിലും ആക്കി മാറ്റണം. പിന്നെ, തെളിവ് നശിപ്പിക്കൽ, കൂട്ടം ചേർന്ന് ആക്രമിക്കൽ, മോഷണം, കൊലപാതകശ്രമം, റേപ്പ്, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, എന്നിങ്ങനെ ചെയ്ത മറ്റ് കുറ്റങ്ങൾക്കൊക്കെ 10 കൊല്ലം വീതം വേറെയും ശിക്ഷ കൊടുക്കണം. എന്നിട്ട് ഇതൊക്കെയും വേറെ വേറെ അനുഭവിക്കാനും വിധിക്കണം. എന്നുവെച്ചാൽ, റിഡക്ഷൻ എന്തെങ്കിലുമൊക്കെ കിട്ടിയാൽപ്പോലും, (അതും കൊടുക്കാൻ പാടില്ലാത്തതാണ്) മിനിമം 40 കൊല്ലമെങ്കിലും അകത്ത് കിടക്കാനുള്ള വകുപ്പ് ശിക്ഷാനടപടികളിൽ ഉണ്ടായേ തീരൂ. വിധി അഞ്ചും പത്തും കൊല്ലം കഴിഞ്ഞിട്ട് വന്നാൽ പോര. അതിർത്തിത്തർക്കവും പെറ്റിക്കേസുകളുമൊക്കെ 15 കൊല്ലമെടുത്ത് തീർപ്പാക്കിക്കോളൂ. പക്ഷെ ക്രിമിനൽ കുറ്റങ്ങൾക്ക് ഏറ്റവും കൂടിയത് ഒരു മാസത്തിനകം വിധിയുണ്ടാകണം, പ്രത്യേകിച്ചും പ്രതികൾ കുറ്റസമ്മതം നടത്തിയ കേസുകളിൽ.

ഇങ്ങനൊക്കെ ആയാൽ, തന്തയില്ലാത്തരങ്ങൾ ചെയ്യുന്നതിന് മുൻപ്, ഏത് കൊടികെട്ടിയ ക്രിമിനൽ മനസ്സുള്ളവനും ഒന്നൂടെ ആലോചിക്കും. കുറേയധികം ജയിലുകൾ വേണ്ടിവന്നേക്കാം. അതിനെന്താ ? പുറം ലോകത്തേക്കുള്ള ചപ്പാത്തിയും സബ്‌ജിയും അടക്കം സകല സാധനങ്ങളും ചുരുങ്ങിയ ചിലവിൽ ഉണ്ടാക്കാൻ ആളായില്ലേ ? വേറെ എന്തൊക്കെ ജോലികൾ പുറത്തുള്ളവർക്ക് വേണ്ടി ചെയ്യിക്കാമോ അതൊക്കെയും ചെയ്യിക്കാമല്ലോ.

അല്ലെങ്കിൽ ഒരോരോ കേസുകൾ വരുമ്പോൾ, എങ്ങുമെത്താത്ത കുറേ പ്രതിഷേധങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകും ജീവിതം ഇല്ലാതായിപ്പോയവന്റെ നിലവിളികൾ.

Wednesday 19 December 2012

ആരോഹണം


ഷാജി ടി.യു. നിർദ്ദേശിച്ചതനുസരിച്ച് 'Post Tenebras Lux' എന്ന സിനിമ കാണാനാണ് കൊച്ചി ഫിലിം ഫെസ്റ്റിവലിന്റെ വേദികളിൽ ഒന്നായ ശ്രീധറിലേക്ക് തിരിച്ചത്. പോകുന്ന വഴിക്ക്, സിനിമയുടെ സമയം ഉറപ്പാക്കാൻ വേണ്ടി സവിതയിലേക്ക് കയറി. അപ്പോളാണ്, ഒരുപാട് നാളുകൾക്ക് ശേഷം സംവിധായകൻ Uday Ananthan നെ കണ്ടത്. കൂടെ മെഡിമിക്സിന്റെ ഉടമയായ ശ്രീ.അനൂപും ഒരു വനിതയും ഉണ്ട്. അനൂപ് നിർമ്മിച്ച ഒരു തമിഴ് സിനിമ ഫെസ്റ്റിവലിന്റെ ഭാഗമായി സവിതയിൽ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ‌പ്പിന്നെ അത് തന്നെ കണ്ടേക്കാമെന്ന് വെച്ചു. സിനിമയുടെ പേരുപോലും അറിയാതെ തീയറ്ററിനകത്തേക്ക് കടക്കുന്നത് ഇത് ജീവിതത്തിൽ ആദ്യം.

ഒരു സാധാരണ സിനിമ പോലെ തുടക്കം. ഒരു സ്ത്രീ അപകടത്തിൽ പെടുന്നു. പാതിരാത്രിയായിട്ടും അവരെ കാണാതെ വിഷമിക്കുന്ന മകനും മകളും. അങ്ങനങ്ങ് പോകുന്നു കഥ. ഇടവേള ആയപ്പോഴേക്കും ഇനിയെന്തൊക്കെയോ കാര്യമായ സംഭവങ്ങൾ വരാനുണ്ടെന്ന തോന്നൽ സിനിമ തന്നിരുന്നു, ഇത്ര പെട്ടെന്ന് ഇടവേള ആയോ എന്ന തോന്നൽ വേറെയും. സിനിമ മുന്നോട്ട് നീങ്ങുന്തോറും, വെള്ളിത്തിരയിൽ തെളിയുന്ന രംഗങ്ങൾക്ക് മുന്നേ, കഥയിലൂടെ മനസ്സ് പായിക്കാൻ ശ്രമിക്കുന്ന ഒരു പ്രേക്ഷകൻ എന്റെയുള്ളിൽ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ഒരു ക്ലബ്ബ് ഡാൻസുണ്ട് സിനിമയിൽ. പാട്ടിന് വേണ്ടി പാട്ട് തിരുകിക്കയറ്റാത്ത ഒന്നാണത്. സിനിമയുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നത്. അതില്ലെങ്കിൽ ആരോഹണം എന്ന സിനിമയും ഇല്ല. സ്വാഭാവികത മുറ്റിനിൽക്കുന്ന കഥാപാത്രങ്ങൾ. കഥാന്ത്യത്തിൽ അസാധാരണമായ ഒരു തലത്തിലേക്ക്, അഥവാ ചരിത്രത്തിലേക്ക് ചൂണ്ടിയുള്ള ഒരു യാഥാർത്ഥ്യത്തിലേക്കാണ് സിനിമ ചെന്നെത്തുന്നത്. ബൈപോളാർ വ്യക്തിത്വങ്ങളിൽ ഊന്നി മനോഹരമായ ഒരു സിനിമ. നസറുദ്ദീൻ ഷായേയും വിദ്യാ ബാലനേയും വെച്ച് ഇതേ സംവിധായികയെക്കൊണ്ട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഓഫർ വന്നിട്ടുണ്ടെങ്കിൽ എന്തിനതിശയിക്കണം !!

സിനിമ കഴിഞ്ഞപ്പോൾ, പ്രൊഡ്യൂസർ ശ്രീ.അനൂപിനെ അഭിനന്ദിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി. അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് കുലുക്കുമ്പോളാണ് സിനിമ തുടങ്ങുന്നതിന് മുന്നേ അദ്ദേഹത്തിനൊപ്പം കണ്ട വനിതയെ ശ്രദ്ധിച്ചത്. തൊട്ടുമുൻപ് എങ്ങോ കണ്ടുമറഞ്ഞ മുഖം. മറ്റാരുമല്ല,... സിനിമയിലെ നായിക തന്നെ !!!! അവരേയും കൈകൾ കുലുക്കി അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ? നായികാ പ്രാധാന്യമുള്ള സിനിമയിലെ നാഷണൽ അവാർഡ് സാദ്ധ്യതയുള്ള അഭിനയമായിരുന്നു അത്. ആളെ പറഞ്ഞാൽ എല്ലാവരും അറിയും. നടി സരിതയുടെ അനുജത്തി വിജി ചന്ദ്രശേഖർ. സരിതയുടെ സഹോദരിയാനെന്നത് ആ കണ്ണുകളിൽ നിന്നും മുഖത്തുനിന്നും വായിച്ചെടുക്കാം.

നാളെ ചെന്നൈ ഫിലിം ഫെസ്റ്റിവൽ കഴിയുമ്പോൾ ചിലപ്പോൾ ഈ സിനിമയെപ്പറ്റി കൂടുതൽ കേട്ടെന്ന് വരും. തമിഴ്‌നാട്ടിൽ ഇത് നിറഞ്ഞ സദസ്സുകളിൽ ഓടി മുക്തകണ്ഠപ്രശംസ പിടിച്ച് പറ്റിക്കഴിഞ്ഞിരിക്കുന്നു. നിർമ്മാതാവ് മാത്രമല്ല സംവിധായിക ലക്ഷ്മി രാമകൃഷ്ണനും മലയാളികൾ തന്നെ. ഈ വിഷയത്തിൽ ഊന്നി ഒരു ഡോക്യുമെന്ററിക്ക് പണം മുടക്കാമോ എന്ന് ചോദിച്ച സംവിധായികയോട്, കുറേക്കൂടെ വലിയ സ്കെയിലിൽ ഒരു കൊമേർഷ്യൽ സിനിമ തന്നെ ചെയ്യാമെങ്കിൽ പടം നിർമ്മിക്കാം എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച ശ്രീ.അനൂപിന് ഒരു സല്യൂട്ട്. 25 ലക്ഷം ബഡ്ജറ്റ് ഇട്ട് 23.5 ലക്ഷത്തിൽ സിനിമ പിടിച്ചതിന് ഒരു സല്യൂട്ട് വേറെയുമുണ്ട്.

തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ എന്തായാലും പ്രദർശിപ്പിക്കും എന്ന്, സിബി മലയിലും ബീനാ പോളുമൊക്കെ ഉറപ്പിച്ച് പറഞ്ഞിട്ടും പ്രദർശിപ്പിക്കാതെ പോയതിന്റെ നഷ്ടം തിരുവനന്തപുരത്തുകാർക്ക് മാത്രമാണ്. കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ആരോഹണം, കണ്ടില്ലെങ്കിൽ നഷ്മാണെന്ന് പറയാൻ ഒരു സങ്കോചവും ആവശ്യമില്ലാത്ത സിനിമ.

Wednesday 12 December 2012

ബിയനാലെ ഇന്ന് തുടങ്ങുന്നു.

ന്ന് 12.12.12. അതായത് രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പന്ത്രണ്ട്. വ്യത്യസ്തമായ ഒരു ദിവസം തന്നെ. ഇനി അടുത്ത നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 2112 ഡിസംബർ 12ന് മാത്രമേ ഇങ്ങനൊരു ഒരുമ, തീയതിയുടെ കാര്യത്തിൽ ഈ അക്കങ്ങൾ തമ്മിൽ ഉണ്ടാകൂ.

ചിലർക്ക് ഇന്ന് ലോകാവസാനദിനമാണ്. ചിലർക്ക് ഇടപ്പള്ളിയിൽ ലുലു സൂപ്പർമാർക്കറ്റ് ഉത്ഘാടന ദിനമാണ്. എനിക്ക് പക്ഷേ ഇത് ബിയനാലെ ദിനമാണ്. മൂന്നുമാസക്കാലം (12.12.12 - 13.03.13) നീണ്ടുനിൽക്കാൻ പോകുന്നതും രണ്ട് വർഷത്തിൽ ഒരിക്കൽ ആവർത്തിച്ച് സംഭവിക്കാൻ പോകുന്നതുമായ ബിയനാലെ ഇന്ത്യയിൽ ആദ്യമായി കൊച്ചി-മുസരീസ് പ്രദേശങ്ങളിലായി അരങ്ങേറാൻ പോകുകയാണ് ഇന്ന്.



എന്താണ് ബിയനാലെ എന്ന് അതേപ്പറ്റി കാര്യമായിട്ട് അറിയാത്തവർക്കായി അൽ‌പ്പം ലളിതമായി ഒരു കുറിപ്പ് എഴുതിയിട്ടിരിക്കുന്നത് ഇവിടെ വായിക്കാം. Biennale എന്ന പദം ഉച്ചരിക്കേണ്ടത് ബിയനാലെ എന്നാണോ അതോ ബിനാലെ ആണോ എന്നതിലുള്ള സംശയം തീർക്കാൻ അത് കേട്ട് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സമകാലിക കലയുടെ സമ്മേളനമാണ് ബിയനാലെ. കായികപ്രേമികൾക്ക് ഒളിമ്പിൿസ് എന്നതുപോലെയാണ് കലാകാരന്മാർക്ക് ബിയനാലെ. 1895 ൽ വെനീസ്സിലായിരുന്നു ആദ്യത്തെ ബിയനാലെ സംഘടിപ്പിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിയനാലെകൾ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിയനാലെ വരുന്നത്. അതും നമ്മുടെ കൊച്ചു കേരളത്തിൽ. വിദേശരാജ്യങ്ങളിൽ പോയി ഒരു ബിയനാലെ കാണാൻ സാഹചര്യമുണ്ടായാൽ‌പ്പോലും വളരെയധികം ദിവസങ്ങൾ അവിടെ തങ്ങി വിശദമായി എല്ലാ കലാ സൃഷ്ടികളും കണ്ടുതീർക്കാൻ ജോലിയും കുടുംബവുമൊക്കെയുള്ള ഒരാൾക്ക് അത്ര എളുപ്പമല്ല. മൂന്ന് മാസം നീളുന്ന ബിയനാലെയിലെ എല്ലാ കലാസൃഷ്ടികളും മനസ്സിരുത്തി വിശദമായി കണ്ട് തീർക്കാനും, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാരുമായുള്ള സംവാദങ്ങളിലൊക്കെ സാന്നിദ്ധ്യമാകാനും 25 ദിവസമെങ്കിലും ഒരാൾ ചിലവഴിക്കേണ്ടി വരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അത് അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

ഒരു ബിയനാലെ വരുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഒട്ടനവധിയാണ്. കലാകാരന്മാർക്ക് സ്ഥിരം വേദിയും കേരളത്തിന് സ്ഥിരം വരുമാനവുമാണ് ബിനാലെ ലക്ഷ്യമാക്കുന്നതെങ്കിലും, കലയുടെ പേരിൽ കൊച്ചിക്ക് കിട്ടുന്ന പുതിയ മേൽ‌വിലാസത്തിലൂടെ കൂടുതൽ സഞ്ചാരികൾ ഇന്നാട്ടിലേക്ക് എത്താനുള്ള വലിയൊരു സാദ്ധ്യത കൂടെ ഇതിനൊപ്പമുണ്ട്. അതായത് ഇപ്പോൾ ഉള്ള ടൂറിസത്തിന് ഉപരി കലയുടെ പേരിൽ കൂടുതൽ ടൂറിസം വരുമാനം. കേരളത്തിലെ കലാകാരന്മാർക്കും കലാപ്രേമികൾക്കും വീട്ടുമുറ്റത്ത് തന്നെ രാജ്യാന്തര നിലവാരത്തിലുള്ള കലാസൃഷ്ടികൾ ആസ്വദിക്കാനുള്ള സൌഭാഗ്യം ചില്ലറക്കാര്യമൊന്നുമല്ല.

ബിയനാലെയുടെ പ്രധാനവേദി കൊച്ചിയിലെ പുരാതനമായ ആസ്‌പിൻ വാൾ കെട്ടിടമാണ്. അത് കൂടാതെ പെപ്പർ ഹൌസ്, ഡേവിഡ് ഹാൾ, കൊച്ചിൻ ക്ലബ്ബ്, എന്നീ സ്ഥലങ്ങളിലും രണ്ടരക്കോടിക്ക് മേൽ ചിലവാക്കി ലോകനിലവാരത്തിൽ താപമാനനിയന്ത്രണത്തോടെ പുതുക്കിപ്പണിത ദർബാർ ഹാൾ ഗാലറിയിലുമൊക്കെയായി കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെടുന്നു. മറ്റ് കലാ സാംസ്ക്കാരിക പരിപാടികൾ കൊച്ചിയിലും മുസരീസിന്റെ പ്രാന്തപ്രദേശമായ കൊടുങ്ങല്ലൂർ, വടക്കൻ പറവൂർ, മതിലകം, ഗോതുരുത്ത് എന്നിവിടങ്ങളിലും നടത്തപ്പെടും.

40ൽ‌പ്പരം രാജ്യങ്ങളിൽ നിന്ന് 84ൽ‌പ്പരം കലാകാരന്മാർ ബിയനാലെയിൽ അവരുടെ സൃഷ്ടികൾ അണിയിച്ചൊരുക്കുന്നുണ്ട്. അതിൽ 22 പേർ മലയാളി കലാകാരന്മാരാണ്. സൃഷ്ടികൾ എന്ന് പറയുമ്പോൾ ചിത്രകലയും ശില്പകലയും മാത്രമാണെന്ന് ധരിക്കരുത്. ഇത് സമകാലിക കലയുടെ (Contemporary Art) മേളമാണ്. പെയിന്റിങ്ങുകൾ, ശിൽ‌പ്പങ്ങൾ, സിനിമാ പ്രദർശനങ്ങൾ, ശബ്ദം, പ്രകാശം, മണം, എന്നിവ ഉപയോഗിച്ചുള്ള സൃഷ്ടികൾ, തീയറ്റർ പ്രകടനങ്ങൾ, ഇൻസ്റ്റലേഷൻസ്, എന്നിങ്ങനെ പുതിയ കാലഘട്ടത്തിന്റെ കലകൾ എന്തൊക്കെയാണോ അതെല്ലാം ഇവിടെ പ്രദർശിപ്പിക്കപ്പെടാൻ പോകുന്നു.

ബിയനാലെയുടെ പിന്നണിയിലുള്ള ഒരുക്കങ്ങൾ ഔദ്യോഗികമായി 2010 മുതൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫോർട്ട് കൊച്ചിയിലെ കുന്നുമ്പുറത്തെ ബിയനാലെ ഫൌണ്ടേഷന്റെ ഓഫീസിലും  മേൽ‌പ്പറഞ്ഞ ഇടങ്ങളിലുമൊക്കെ സന്ദർശിച്ച് കുറേയൊക്കെ ഒരുക്കങ്ങൾ കണ്ട് മനസ്സിലാക്കാൻ രണ്ടാഴ്ച്ച മുന്നേ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. 

10,000 ചതുരശ്ര അടിയോളം വരുന്ന ഇടങ്ങളിലാണ് പല കലാകാരന്മാരും സൃഷ്ടികൾ അവതരിപ്പിക്കുന്നത്. ആസ്‌പിൻ വാളിലെ അതിവിശാലമായ ഒരു പരീക്ഷണശാലയിലാണ് മുംബൈ കലാകാരനായ അതുൽ ദോദിയ കഴിഞ്ഞ 60 വർഷത്തെ ഇന്ത്യൻ സമകാലിക കലയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനം ഒരുക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരത്തിൽ മേലോടുകൾക്കുള്ള സ്ഥാനം എന്താണ്, അതിന്റെ രസകരമായ ചരിത്രമെന്തൊക്കെയാണ് എന്ന് മനസ്സിലാക്കാനും ആസ്വദിക്കാനും എൽ.എൻ.തല്ലൂർ എന്ന കലാകാരൻ അവസരമൊരുക്കുന്നു. ചില ഉദാഹരണങ്ങൾ മാത്രമാണ് സൂചിപ്പിച്ചത്. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നതിൽ എന്തുരസം!!  വിവാൻ സുന്ദരം, വിവേക് വിലാസിനി, കെ.പി.രജി, അനിത ദുബേ എന്നിങ്ങനെ നിരവധി ഇന്ത്യൻ കലാകാരന്മാർക്കും കലാകാരികൾക്കുമൊപ്പം കേരളത്തിൽ തമ്പടിച്ച് മാസങ്ങളും ആഴ്ച്ചകളുമായി വിദേശകലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ അണിയിച്ചൊരുക്കുന്നു. മറ്റ് പല കലാസൃഷ്ടികളും കടൽ കടന്ന് കൊച്ചിയിലെത്തി പ്രദർശനത്തിന് തയ്യാറെടുത്ത് നിൽക്കുന്നു. ആരൊക്കെയാണ് പങ്കെടുക്കുന്ന കലാകാരന്മാരെന്നും എന്തൊക്കെയാണ് സൃഷ്ടികൾ എന്നതും പൂർണ്ണമായി അനാവരണം ചെയ്യപ്പെടുന്നത് ബിയനാലെ തുടങ്ങി മുന്നോട്ട് നീങ്ങുന്നതിനോടൊപ്പമായിരിക്കും. അങ്ങനെയൊരു ജിജ്ഞാസ എല്ലാ ബിയനാലെകളുടേയും ഭാഗമാണെന്ന് സംഘാടകർ പറയുന്നു. എന്നിരുന്നാലും ചില കലാകാർന്മാരെയും അവരുടെ പ്രദർശനങ്ങളെയും പറ്റി മനസ്സിലാക്കാൻ ബിയനാലെയുടെ സൈറ്റ് സന്ദർശിക്കാം. എല്ലാ ദിവസത്തേയും പരിപാടികൾ മനസ്സിലാക്കാനും ഈ സൈറ്റ് തന്നെ ഉപകരിക്കും. കൂടാതെ ബിയനാലെയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും കൂടുതൽ വിവരങ്ങളും പുതിയ ചിത്രങ്ങളും അപ്പപ്പോൾ ലഭ്യമാകുന്നതാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ ബിയനാലെ ഗാലറികളും തുറക്കപ്പെടും. 05:30 ന് പരേഡ് മൈതാനത്തെ പഞ്ചവാദ്യത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 06:30ന് ബിയനാലെ ഉത്ഘാടനം ചെയ്യും. തുടർന്ന് 08:30ന് സ്ലം ഡോഗ് മില്ല്യനയർ സിനിമയിലടക്കം സഹകരിച്ചിട്ടുള്ള കലാകാരി MIA(മാതംഗി അരുൾപ്രഗസം)യ ആദ്യമായി ഇന്ത്യയിലെ ഒരു സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു.

നാലുവയസ്സുള്ളപ്പോൾ മുതൽ എറണാകുളത്തേക്കും ഫോർട്ട് കൊച്ചിയിലേക്കുമൊക്കെയുള്ള ഫെറിയിൽ ഇരുന്ന് കാണുന്നതാണ് ആസ്‌പിൻ വാൾ എന്ന പഴഞ്ചൻ കെട്ടിടം. എന്താണതിനകത്തെന്നുള്ള ജിജ്ഞാന രണ്ടാഴ്ച്ച മുന്നേ വരെ ഒപ്പമുണ്ടായിരുന്നു. ഇനി ആ ജിഞ്ജാസയില്ല. ഇന്നുമുതൽ പലവട്ടം കയറിയിറങ്ങാനാവും ആസ്‌പിൻ‌വാൾ അടക്കമുള്ള ഫോർട്ട് കൊച്ചിയിലെ പുരാതനമായ കെട്ടിടങ്ങളിലൊക്കെ. സ്വന്തം നഗരത്തിന്റെ പഴങ്കഥകൾ പെറുക്കിക്കൂട്ടാൻ നടക്കുന്ന എനിക്ക് ഇതൊക്കെത്തന്നെ വലിയൊരു കാര്യമാണ്. ബിനാലെ വന്നില്ലായിരുന്നെങ്കിൽ അങ്ങനെ ഒത്തിരി കാര്യങ്ങൾ എനിക്ക് അന്യമായിപ്പോയേനെ.

ബിയനാലെയെപ്പറ്റി വിവാദങ്ങൾ ഒരുപാടുണ്ടാകാം. അതിനെയൊക്കെ മൂന്ന് മാസത്തേക്ക് കൂടെ മാറ്റി നിർത്തി, ബിയനാലെ കാണേണ്ടതും അനുഭവിച്ചറിയേണ്ടതും ഓരോ മലയാളിയുടേയും ഇന്ത്യക്കാരന്റേയും എല്ലാ കലാകാരന്മാരുടേയും അവകാശമാണ്. കാരണം, വിവാദങ്ങളിൽ പറയുന്നത് പോലെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇതിനായി ചിലവഴിക്കാൻ സർക്കാർ നൽകിയ കോടികൾ നമ്മൾ ഓരോരുത്തരുടേയും നികുതിപ്പണം തന്നെയാണ്. അതിലെ ഓരോ രൂപയ്ക്കും പകരമായി നല്ലൊരു കലാവിരുന്ന് ഒരുക്കിയിട്ടുണ്ടെങ്കിൽ അത് പോയി കണ്ട് മുതലാക്കേണ്ടത് നമ്മുടെ അധികാരവും ധർമ്മവുമാണ്.

ബിയനാലെ കാണാതെ മാറി നിന്ന് വിമർശനങ്ങളും വിവാദങ്ങളും മാത്രം കൊഴുപ്പിക്കുന്നവർ കലാകാരന്മാരല്ല, കലാസ്നേഹികളുമല്ല.

ആസ്‌പിൻ വാളിൽ സംഘാടകർക്കും ഓൺലൈൻ എഴുത്തുകാർക്കും ഒപ്പം.


Saturday 8 December 2012

സന്തോഷവും സന്താപവും !!

2007 ഒൿടോബറിലാണ് ബ്ലോഗ് എഴുതാൻ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്‌ബുക്ക്, വെബ് പോർട്ടലുകൾ എന്നിങ്ങനെ ഓൺലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റർ കനിഞ്ഞാൽ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാൻ സാധിക്കാറുണ്ട്.

ഇക്കാലയളവിൽ രണ്ട് സമ്മാനങ്ങൾ എഴുതിയ വകയിൽ കിട്ടുകയും ചെയ്തു. ആദ്യത്തേത് 2008 ൽ, രണ്ടാമത്തേത് 2011ൽ. ആദ്യത്തെ സമ്മാനം ഞാനായിട്ട് അപേക്ഷ അയച്ചുകൊടുത്ത് പങ്കെടുത്ത ഒരു യാത്രാവിവരണ മത്സരമായിരുന്നു. സിംഗപ്പൂർ വേൾഡ് മലയാളി കൌൺസിൽ ആയിരുന്നു സംഘാടകർ. സമ്മാനം കൈപ്പറ്റാൻ നേരിട്ട് സിംഗപ്പൂർ പോകുകയും ചെയ്തു. രണ്ടാമത്തേത് ബൂലോകം ഡോട്ട് കോം, അവരുടെ പോർട്ടലിൽ എഴുതിയിടുന്നവരെ മാത്രം പരിഗണിച്ച് നടത്തിയ സൂപ്പർ ബ്ലോഗർ മത്സരമായിരുന്നു. അതിൽ ഞാനായിട്ട് അപേക്ഷ അയച്ചിട്ടില്ല, മത്സരത്തിന്റെ ഒരു ഘട്ടത്തിലും പ്രചരണമോ അതുമായി ബന്ധപ്പെട്ട ഇടങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ ഓൺലൈനിലോ ഒന്നും അഭിപ്രായപ്രകടനങ്ങളോ മത്സരത്തിനാവശ്യമായ വോട്ട് പിടിക്കലോ ഒന്നും നടത്തിയിട്ടില്ല. എന്തൊക്കെ ആയാലും ഈ രണ്ട് മത്സരഫലങ്ങളും സമ്മാനിച്ചത് സന്തോഷമെന്ന പോലെ സന്താപം കൂടെയായിരുന്നു.

ആദ്യത്തെ മത്സരത്തിന് സമ്മാനമായി കിട്ടിയത് 25000 രൂപയും ഫലകവുമാണ്. അത് വാങ്ങി സ്റ്റേജിൽ നിന്നിറങ്ങി കസേരയിൽ വന്നിരുന്നപ്പോൾ മുതൽ മറ്റൊരു ഭാഗത്തിരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഒന്നൊന്നായി വന്ന് കുശലം പറയാൻ തുടങ്ങി. അവരുടെ ടേബിളിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയും ഇപ്രകാരം ഞാനിരിക്കുന്ന ടേബിളിൽ വന്ന് സംസാരിക്കുകയുണ്ടായി. അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തൊടെയാണ് അവർ ക്ഷണിക്കുന്നതെന്നറിയാതെ ഞാനവരുടെ ടേബിളിലേക്ക് ചെന്നു. 2008ലെ വേൾഡ് മലയാളി യു.കെ. ചാപ്റ്ററിന്റെ ഭാരവാഹിയായ സംഘത്തലവൻ അടക്കം ആരുടേയും പേര് ഇപ്പോളും എനിക്കറിയില്ല. തലവൻ അടക്കം പലരും മദ്യപിച്ചിട്ടുണ്ടെന്ന് ഗന്ധത്തിൽ നിന്ന് വ്യക്തം.

സമ്മാനദാന പരിപാടി നടന്നപ്പോൾ, എന്റെ പ്രവാസരാജ്യം യു.കെ. ആണെന്ന് സംഘാടകർ വിളിച്ച് പറഞ്ഞത് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലാക്കാനായി. വേൾഡ് മലയാളി യു.കെ.ചാപ്റ്ററിന്റെ നേതാവ് അറിയാതെ യു.കെ.യിൽ നിന്ന് ഒരുത്തന് സമ്മാനമോ, എന്നാണ് അവരുടെ ചിന്ത. ഞാൻ വേൾഡ് മലയാളി കൌൺസിലിൽ അംഗമല്ല എന്ന് മനസ്സിലാക്കാൻ പോലും അവർ ശ്രമിച്ചിട്ടില്ല. അവർ ആ ടേബിളിൽ ഇരുത്തി എന്നെ അധിക്ഷേപിച്ചുകൊണ്ടേയിരുന്നു. വേദിയുടെ മുൻപിൽ സിംഗപ്പൂർ പ്രസിഡന്റ് ശ്രീ.എസ്.ആർ.നാഥനും മറ്റ് മന്ത്രിമാരും കേരളത്തിൽ നിന്നുള്ള മന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളുമൊക്കെ ഇരിക്കുന്നതുകൊണ്ട് ഒരു കശപിശ ഉണ്ടാക്കാൻ എനിക്ക് അശ്ശേഷം താൽ‌പ്പര്യമില്ലായിരുന്നു. അവർക്കതൊന്നും പക്ഷേ പ്രശ്നമേയല്ല. ‘കുറേ ആൾക്കാർ ഇറങ്ങിയിട്ടുണ്ട്. ആദ്യകാലത്തൊക്കെ ദുബായ് ദുബായ് എന്നാണ് പറഞ്ഞ് നടന്നിരുന്നത്, ഇപ്പോൾ യു.കെ. യു.കെ. എന്നാണ് പല്ലവി. ഒരാൾ 40 രാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അവിടത്തെയൊക്കെ ആളാണെന്നാണോ അതിനർത്ഥം?‘ എന്നിങ്ങനെ പോകുന്നു വാക്കുകൾ.

ഞാൻ മത്സരത്തിനായി ആർട്ടിക്കിൾ അയക്കുന്നത് യു.കെ.യിൽ വെച്ചാണ്. ആ സമയത്ത് മുഴങ്ങോടിക്കാരി നല്ലപാതി യു.കെ.യിൽ ജോലി ചെയ്യുന്നു. മകൾ യു.കെ.യിൽ പഠിക്കുന്നു. ഒരുമാസത്തെ എണ്ണപ്പാടത്തെ ജോലിക്ക് ശേഷം അടുത്ത ഒരുമാസം ഞാൻ അവധിക്ക് പോകുന്നതും ജീവിക്കുന്നതും യു.കെ.യിൽ. സമ്മാനം വാങ്ങാൻ ചെല്ലുമ്പോളും ഇതുതന്നെയാണ് സ്റ്റാറ്റസ്. സംഘാടകർ എന്നെ യു.കെ. പ്രവാസിയായി കണക്കാക്കാനുള്ള കാരണം ഇതൊക്കെ ആയിരിക്കണം. അവരായിട്ട് ഞാൻ ഏത് നാട്ടിലെ പ്രവാസിയാണെന്ന് ചോദിച്ചിട്ടില്ല, ഞാനൊട്ട് പറഞ്ഞിട്ടുമില്ല.

ഏതാണ് 15 മിനിറ്റ് സമയത്തോളം യു.കെ.ക്കാരുടെ ‘അഭിനന്ദനങ്ങൾ‘ ഏറ്റുവാങ്ങിയശേഷം. ‘നിങ്ങൾ സംഘാടകരോട് പരാതി പറഞ്ഞ്, ഞാൻ എറണാകുളത്തുകാരൻ ആണെന്ന് തിരുത്തി പറയിപ്പിച്ചോളൂ‘ എന്ന് പറഞ്ഞ് ഞാൻ എന്റെ ടേബിളിലേക്ക് മടങ്ങി.

‘ഇട്ടിരിക്കുന്ന വേഷത്തിനോടെങ്കിലും അൽ‌പ്പം മാന്യത കാണിച്ചുകൂടെ?’
എന്ന്, നടന്നുനീങ്ങുന്ന എന്നെ പിന്നിൽ നിന്ന് എല്ലാവരും കേൾക്കെ ശബ്ദമുയർത്തി അക്ഷേപിക്കാനും സംഘത്തലവന് മടിയൊന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത രണ്ട് ദിവസങ്ങളിലെ പരിപാടികളിലൊന്നും പങ്കെടുക്കാനുള്ള മനസ്സ് പിന്നീടുണ്ടായിരുന്നില്ല. സംഘാടകരിൽ ഒരാളായ ശ്രീ.ശ്രീകുമാറിനോട് കാര്യങ്ങളൊക്കെ പരാതിയായിത്തന്നെ പറഞ്ഞശേഷം അദ്ദേഹം ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സന്തോഷം അശേഷമുണ്ടായിരുന്നില്ല മനസ്സിലപ്പോൾ. നാണയത്തിന് സന്താപം എന്ന ഒറ്റവശം മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പോയ മണിക്കൂറുകൾ. (യു.കെ. ചാപ്റ്ററിന്റെ തലവനും സംഘവും തൊട്ടടുത്ത ദിവസവും സമ്മേളനസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് പിന്നീട് സംഘാടകരിൽ നിന്ന് അറിയാൻ കഴിഞ്ഞു.)

എന്റെ ജോലിസംബന്ധമായി പലരാജ്യങ്ങളിലും, മുഴങ്ങോടിക്കാരിയുടെ ജോലി സംബന്ധമായി മദ്രാസ്, ബാംഗ്ലൂർ, യു.കെ. എന്നിങ്ങനെ പല നഗരങ്ങളിലും കഴിയേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാനെവിടുത്തുകാരൻ ആണെന്ന് ചോദിച്ചാൽ എറണാകുളത്തുകാരൻ എന്ന് പറയാനേ അന്നും ഇന്നും എനിക്കാവൂ. അതിനിടയിലുള്ളതെല്ലാം പ്രവാസം മാത്രം. മറ്റ് രാജ്യങ്ങളിലും നഗരങ്ങളിലും ചെന്ന് ചേക്കേറി, കടിച്ച് തൂങ്ങിയും കഷ്ടപ്പെട്ടും ജീവിച്ച്, പച്ചക്കാർഡും സിറ്റിസൺഷിപ്പുമൊക്കെ സമ്പാദിച്ചാലും, തൊലിനിറം കൊണ്ടും വംശപരമായും മനസ്സുകൊണ്ടും ആരും അവനവന്റെ വേരുകളിൽ നിന്നും ജീനുകളിൽ നിന്നും മണ്ണിൽ നിന്നും വിട്ടുപോകുന്നില്ല. അത് മനസ്സിലാക്കാതെയോ മനസ്സിലാക്കാത്ത ഭാവത്തിലോ പലരും പലയിടങ്ങളിലും ജീവിച്ചുപോകുന്നു. നാല് വർഷത്തിന് ശേഷം ആ സംഭവത്തെപ്പറ്റി ആലോചിക്കുമ്പോൾ വിട്ടുമാറാത്ത വിഷമത്തിനൊപ്പം ഇങ്ങനെയും പലചിന്തകൾ പൊങ്ങിവരുന്നു.

രണ്ടാമത്തേത് ‘ബൂലോകം ഡോട്ട് കോം 2011 സൂപ്പർ ബ്ലോഗർ‘ അവാർഡുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ. ഈ മത്സരത്തിൽ അവാർഡ് കിട്ടുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ആരെങ്കിലുമൊക്കെ ധരിച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ ധാരണ ശുദ്ധ അസംബന്ധമാണ്. വളരെ ചുരുക്കം ബ്ലോഗെഴുത്തുകാരിൽ നിന്നുള്ള (ബൂലോകം ഡോട്ട് കോം പോർട്ടലിൽ എഴുതുന്നവരിൽ നിന്ന് മാത്രമുള്ള ) തിരഞ്ഞെടുപ്പാണിത്. അതിനവർ സൂപ്പർ ബ്ലോഗർ എന്നൊരു പേരും ഇട്ടു. അല്ലാതെ, ഇതിൽ വിജയിക്കുന്ന ആളാണ് സൂപ്പർ ബ്ലോഗർ എന്ന് ഞാനൊരിക്കലും കരുതുന്നില്ല. എന്തായാലും, ആ വിവാദങ്ങളും ഒച്ചപ്പാടുകളുമൊക്കെ ആരും അറിയാത്ത കാര്യമൊന്നുമല്ല. മത്സരഫലം വന്നപ്പോൾ അതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണങ്ങൾ. തെളിവുകൾ ഉണ്ടെന്നും ഹാക്ക് ചെയ്ത തെളിവുകൾ പ്രദർശിപ്പിക്കുമെന്നും വെല്ലുവിളികളും പ്രഖ്യാപനങ്ങളും.

ഞാനായിട്ട് അപേക്ഷ അയച്ച് പങ്കെടുത്ത ഒരു മത്സരമല്ല ഇത്. വായനക്കാരുടെ വോട്ട് കിട്ടാനായി ബ്ലോഗ്, ഫേസ്‌ബുക്ക്, ഈ-മെയിലുകൾ, ഫോണുകൾ എന്നീ മാർഗ്ഗങ്ങളിലൂടെ ഒരു പ്രചരണവും നടത്തിയിട്ടില്ല, ഇങ്ങനൊരു മത്സരം ഉണ്ടെന്നും എനിക്ക് വോട്ട് ചെയ്യണമെന്നും ആരോടും പറഞ്ഞിട്ടില്ല. മറ്റുള്ളവർ പലരും ഇതൊക്കെ ഭംഗിയായിട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പ്രചരണങ്ങൾ ചെയ്യാത്ത ഒരാൾ തോറ്റുപൊയ്ക്കോളും എന്ന വിശ്വാസം എനിക്ക് നന്നായിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾ ജയിച്ചത് തന്നെയാണ് വീണ്ടും പ്രശ്നമായത്.

മത്സരത്തിന്റെ സ്കോർ ഷീറ്റ് കുറഞ്ഞ പക്ഷം എന്നെയെങ്കിലും കാണിക്കാതെ ഞാനീ ഫലം അംഗീകരിക്കില്ല എന്ന് സംഘാടകർക്ക് എഴുതി. സ്ക്കോർ ഷീറ്റ് സോഫ്റ്റ്‌വെയറിൽ നിന്ന് കിട്ടുന്ന പോലെ തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് എനിക്കവർ അയച്ച് തരുകയും, സമ്മാനദാന ദിവസം ആരെ വേണമെങ്കിലും അത് കാണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. യു.കെ.യിൽ ഇരിക്കുന്ന സംഘാടകരുടെ സമയക്കുറവും ലീവിന്റെ പ്രശ്നങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമൊക്കെ കാരണം സമ്മാനദാനച്ചടങ്ങ് ഇതുവരെ ഉണ്ടായില്ല. മനസ്സുകൊണ്ട് ഞാനും അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല. മതി.....കിട്ടിയിടത്തോളം മനസ്സ് നിറഞ്ഞിരിക്കുന്നു.

ഒക്കെയും ഒന്ന് കെട്ടടങ്ങി എന്ന അവസ്ഥയിൽ‌പ്പോലും, ചെളിക്കുണ്ടിൽ വടി നാട്ടി, അതിൽ ഇല്ലാത്ത ആരോപണങ്ങൾ എഴുതിത്തൂക്കി, ഞാനവിടെച്ചെന്ന് മറുപടി കൊടുക്കുമെന്ന് കാത്തിരുന്നു മറ്റൊരു കക്ഷി. കണ്ടതായി ഭാവിക്കാതെ ഉരിയാടാതെ മാറിനിന്നു. നേരിട്ട് മെയിലിലൂടെയും ഫോണിലൂടെയും അന്വേഷിച്ചവരോട്, ‘ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തെളിവുണ്ടെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണം‘ എന്ന് മറുപടിയും കൊടുത്തു. പിന്നീട് അത്തരം പോസ്റ്റുകൾ ഡീലീറ്റ് ചെയ്യപ്പെട്ടു. അതാരും അറിയുന്നില്ലല്ലോ? നമുക്ക് കിട്ടാനുള്ളത് കിട്ടി വീർത്ത് നീരുവെച്ചതും, പഴുത്ത് പൊട്ടി പുണ്ണായതും, ആരും അറിയുന്നില്ലല്ലോ !

രണ്ട് ദിവസം മുൻപ് (2012 ഡിസംബർ 6) സമ്മാനത്തുകയായ 13001 രൂപ ഓൺലൈൻ വഴി എന്റെ ബാങ്കിലേക്ക് അയച്ചുതന്നു ബൂലോകം ഡോട്ട് കോം സംഘാടകർ. വളരെ വളരെ നന്ദി.

അംഗീകാരങ്ങളും സമ്മാനങ്ങളുമൊക്കെ ഒരു നാണയത്തിന്റെ ഒരു വശം മാത്രമാണ്. അത് കിട്ടിയവന്റെ സന്തോഷം ഒരുപക്ഷെ മനസ്സിലാക്കാൻ വെളിയിൽ നിൽക്കുന്ന ഒരാൾക്ക് പറ്റിയെന്ന് വരും, പക്ഷെ അയാൾക്ക് ഇതിനിടയിൽ ഉണ്ടായ മനോവിഷമത്തിന്റെ ആഴം ഊഹിക്കാൻ ആർക്കെങ്കിലും ആയിട്ടുണ്ടോ എന്ന് സംശയമാണ്.

ഗുണപാഠം ഇതാണ്. അവാർഡുകൾ അല്ലെങ്കിൽ സമ്മാനങ്ങൾ, സന്തോഷവും സന്താപവും ചേർന്ന ഒരു പാക്കേജ് ആണ്. അതിലുള്ള ‘സന്തോഷം‘ പലരുമായും പങ്കുവെക്കാനാകും. പക്ഷേ, ‘സങ്കടം‘ ഒറ്റയ്ക്ക് അനുഭവിക്കാനുള്ളതാണ്. സത്യത്തിൽ അതാണ് അവാർഡ് ജേതാവിന് മാത്രമായിട്ട്, മുഴുവനായിട്ട് കിട്ടുന്ന സമ്മാനം. അതിനെക്കൂടെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പ്രാപ്തിയുണ്ടാകണം.

അതുകൊണ്ട്, സന്താപമാകുന്ന ആ പകുതി ഞാൻ ഒറ്റയ്ക്കെടുക്കുന്നു. സന്തോഷമായി കിട്ടിയത് മുഴുവനും പങ്കുവെക്കുന്നു. 13001 രൂപകൊണ്ട് എന്റെ പ്രശ്നങ്ങൾ ഒന്നും തീരില്ല. അതേസമയം, അത്രയും പണമുണ്ടെങ്കിൽ ഒരുപാട് പേരുടെ പലപല പ്രശ്നങ്ങൾക്ക് അൽ‌പ്പമെങ്കിലും അറുതി വരുത്താൻ പറ്റിയെന്നും വരും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവർക്കായി ഈ തുക ഇന്ന് (2012 ഡിസംബർ 08) ഓൺലൈനായി അയച്ചുകൊടുക്കുന്നു. നേരിൽ വന്ന് തരണമെന്നുണ്ടായിരുന്നു. പക്ഷെ അവിടെയുള്ള പല കുഞ്ഞുങ്ങളുടേയും മുഖങ്ങൾ കണ്ടുനിൽക്കാനുള്ള ശേഷി ഇനിയും കൈവരിക്കാനായിട്ടില്ല. ആരും അറിയാതെ ഇത് ചെയ്യണമെന്നും ഉണ്ടായിരുന്നു. പക്ഷെ, വർഷങ്ങളായി ഉള്ളിൽ വിങ്ങിക്കൊണ്ടിരിക്കുന്ന ചിലതൊക്കെ എഡിറ്ററില്ലാത്ത ഈ മാദ്ധ്യമത്തിൽ കെട്ടഴിച്ച് വിട്ടാൽ അൽ‌പ്പം ആശ്വാസം കിട്ടുമെന്ന് തോന്നി. അത് തെറ്റായിപ്പോയെങ്കിൽ സദയം ക്ഷമിക്കുക, പൊറുക്കുക.

സസ്നേഹം

-നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)