Thursday 30 May 2013

വൈദ്യുതി ബിൽ പ്രശ്നം തീർന്നു.



വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു മോശം അനുഭവം ‘ബില്ലടച്ചാലും ഫൈൻ അടക്കേണ്ട ഗതികേട്’ എന്ന തലക്കെട്ടിൽ ബ്ലോഗിലൂടെ പങ്കുവെച്ചിരുന്നു ഇക്കഴിഞ്ഞ ദിവസം. ഈ ലിങ്കിലൂടെ അത് വായിക്കാം.

രത്നച്ചുരുക്കം ഇതാണ്. മെയ് മാസത്തെ ബില്ല് (തുക 310 രൂപ) മെയ് 2ന് കൈപ്പറ്റുകയും മെയ് 4ന്, 314 രൂപ അടക്കുകയും ചെയ്തെങ്കിലും. റീഡിങ്ങ് എടുത്ത വ്യക്തിക്ക് വന്ന പിശക് കാരണം 19 രൂപ കൂടുതൽ അടക്കാനുണ്ടാകുകയും അത് അടച്ചില്ല എന്ന പേരിൽ ഫ്യൂസ് ഊരാൻ നടപടി ആകുകയും, റീ-കണക്ഷൻ ചാർജ്ജ് 30 രൂപ + 19 രൂപ അധികം തുക + 1 രൂപ സർ‌ചാർജ്ജ് = 50 രൂപ ഫൈൻ അടക്കേണ്ടിയും വന്നു. KSEB ക്ക് പറ്റിയ പിശകിന് എനിക്ക് ഡിസ്‌കണക്ഷൻ നേരിടേണ്ടി വന്നു എന്നതാണ് എന്റെ പ്രശ്നം.

മേൽ‌പ്പറഞ്ഞ പോസ്റ്റിന്റെ ലിങ്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ(ഇതാണ് ലിങ്ക്) ആ ദിവസം രാത്രി ശ്രീ.ദിനകർ മോഹന പൈ, ശ്രീ.തിരുവല്ലഭൻ, ശ്രീ.കൃഷ്ണപ്രസാദ്, ശ്രീ.പണിക്കര് ചേട്ടൻ എന്നീ ഓൺലൈൻ സുഹൃത്തുക്കൾ ചേർന്ന് അതൊരു നല്ല ചർച്ചയാക്കി മാറ്റി. കെ.എസ്.ഇ.ബി. യിൽ നടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ആ ചർച്ച മൂലം സാധിച്ചു.

ശ്രീ.തിരുവല്ലഭൻ ബോർഡിലെ എഞ്ചിനീയർ ആയതുകൊണ്ടും അദ്ദേഹത്തിന് ഈ വിഷയം പരിഹരിക്കണമെന്നുള്ള ആത്മാർത്ഥമായ ആഗ്രഹം ഉള്ളതുകൊണ്ടും എവിടെ ആരോടൊക്കെ പരാതിപ്പെടണം ഈ-മെയിൽ അയക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നു. എന്റെ ബ്ലോഗ് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഡിപ്പാർട്ട്മെന്റിൽ പലരും കാണാൻ പാകത്തിന് അദ്ദേഹം ഷെയർ ചെയ്യുകയുമുണ്ടായി. രണ്ട് ദിവസത്തിനുള്ളിൽ തിരക്കെല്ലാം ഒഴിയുമ്പോൾ പരാതികൾ ഈ-മെയിലിൽ അയക്കാമെന്നും അതിന്റെ പ്രോഗ്രസ്സ് തിരുവല്ലഭനെ അറിയിക്കാമെന്നും ഞാൻ കരുതി.

അതിനിടയ്ക്ക്, കോളേജിൽ എന്റെ ജൂനിയറും ഇപ്പോൾ KSEB യിലെ വിവരസാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറൿടറും ആയ ശ്രീ.ലതീഷ് പീ.വി, ഈ പ്രശ്നം കൺസ്യൂമർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരിഹരിക്കാൻ സോഫ്റ്റ്  വെയറിലൂടെ തന്നെ പറ്റും എന്ന കാര്യവും പങ്കുവെക്കുകയുണ്ടായി.

കൺസ്യൂമർക്ക് കിട്ടിയ ബില്ലിൽ നിന്ന് വ്യത്യസ്തമായി ബില്ല് തുക മാറിയെന്നിരിക്കാം. പക്ഷെ കിട്ടിയ ബില്ലിലെ തുക സോഫ്റ്റ്‌വെയറിൽ ചേർക്കാനുള്ള ഫീൽഡ് ഉണ്ട്. അത് ഫീഡ് ചെയ്താൽ അധികത്തുക അടുത്ത മാസത്തേക്ക് കയറ്റി വിടാൻ വകുപ്പുണ്ട്. പക്ഷെ അത്തരത്തിൽ ബില്ല് തുക ഫീഡ് ചെയ്യാതെ പണം കൈപ്പറ്റിയതുകൊണ്ടാണ് അധികത്തുക ഫൈൻ ആയി കയറി വന്നതെന്ന് അദ്ദേഹം വിശദമാക്കി. ഡിപ്പാർട്ട്മെന്റിൽ ഉള്ള എഞ്ചിനീയർ‌മാർ തന്നെ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ (ORUMA) ആണത്. അതിന്റെ പ്രായോഗിക പ്രശ്നങ്ങളും ഉപയോഗക്രമങ്ങളുമൊക്കെ വരും കാലങ്ങളിൽ ഇതുപോലുള്ള അനുഭവങ്ങളിലൂടെ മനസ്സിലാക്കാനും പരിഹരിക്കാനും KSEB ക്ക് കഴിയുമെന്ന് തന്നെ വേണം മനസ്സിലാക്കാൻ.

എന്തായാലും ഇന്ന് (മെയ് 30) രാവിലെ ഞാൻ കണക്ഷൻ എടുത്തിരിക്കുന്ന സൈറ്റിലെ കെട്ടിടത്തിലേക്ക് ചെറായി വൈദ്യുത ബോർഡ് ഓഫീസിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറും രണ്ട് ലൈൻ‌മാൻ‌മാരും വന്നുകയറി. നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഞാൻ ഫൈനടച്ച 50 രൂപ പണമായി തിരികെത്തന്ന് റസീപ്റ്റ് വാങ്ങുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ സീനിയർ സൂപ്രണ്ടിന്റെ അടുത്ത് പോകാൻ ഇരിക്കുകയായിരുന്ന എനിക്ക് അതിന് മുന്നേ തന്നെ, സൈറ്റിൽ വന്ന് പ്രശ്നം പരിഹരിച്ച് തന്ന, (ഞാൻ പരാതിയൊന്നും എഴുതിക്കൊടുത്തിട്ടില്ല എന്നിരിക്കെത്തന്നെ) ബോർഡിനും ജീവനക്കാർക്കും ഈ അവസരത്തിൽ ബ്ലോഗിലൂടെ തന്നെ നന്ദി അറിയിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രശ്നത്തിൽ സജീവമായി ഇടപെട്ട തിരുവല്ലഭനും ലതീഷിനും ചെറായി ഓഫീസിൽ നിന്ന് സൈറ്റിലെത്തിയ എല്ലാ ജീവനക്കാർക്കും ബോർഡിനും ഞാനെന്റെ നന്ദി രേഖപ്പെടുത്തുന്നു.

സോഫ്റ്റ് വെയറും അതിലൂടെയുള്ള ബില്ല് അടക്കലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നും തീർപ്പാകുന്ന കാര്യങ്ങൾ ബോർഡിനുള്ളിൽ ഔദ്യോഗികമായി ഷെയർ ചെയ്ത് മറ്റ് ജീവനക്കാരുമായും പങ്കുവെച്ച് പോകുന്ന രീതിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും  അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുകയുണ്ടായി. ശ്രീ.ലതീഷിൽ നിന്ന് മനസ്സിലാക്കാനായ വിവരം അദ്ദേഹവുമായി ഞാനും പങ്കുവെച്ചു. അത് പുതിയ അറിവാണെന്നും അക്കാര്യം ശ്രദ്ധിച്ച് ഇനി മുതൽ അപ്രകാരം ചെയ്യാമെന്നും തന്മൂലം മറ്റൊരു കസ്റ്റമർക്കും ഇത്തരം അനുഭവം ഉണ്ടാകാതെ നോക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ബില്ല് പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം എനിക്ക് കറന്റാപ്പീസിൽ പോകേണ്ടി വന്നെങ്കിലും നാലാമതൊന്ന് പോകാൻ ഇടവരുത്താതെ, ഒരു പരാതി പോലും എഴുതിക്കൊടുക്കാത്ത ഒരാൾക്ക്, പ്രശ്നപരിഹാരം ഉണ്ടാക്കാൻ ഇടയാക്കിയത് ഓൺലൈൻ മാദ്ധ്യമത്തിന്റെ കൂടെ ശക്തിയാണെന്ന് പറയാതെ വയ്യ. നമ്മുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടാക്കാൻ മറുവശത്തുള്ളവർ ശ്രമിച്ചേ പറ്റൂ എന്ന അവസ്ഥയാണ് നവമാദ്ധ്യമങ്ങൾ സംജാതമാക്കിയിട്ടുള്ളത്. അല്ലെങ്കിൽ കാട്ടുതീ പോലെ ഇത്തരം വിവരങ്ങൾ പടരും. ഈ വിഷയത്തിലും അത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിശക് തിരുത്തിക്കൊണ്ട് KSEB നടപടി എടുത്തപ്പോൾ അതേ മാദ്ധ്യമത്തിലൂടെ അവരുടെ ശുഷ്ക്കാന്തി എല്ലാവരേയും അറിയിക്കുക എന്ന ഒരു സാമാന്യ മര്യാദയുടെ പേരിലാണ് ഈ നന്ദിക്കുറിപ്പ് എഴുതിയിടുന്നത്. സഹകരിച്ച എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി രേഖപ്പെടുത്തുന്നു.

സസ്നേഹം
- നിരക്ഷരൻ
(അന്നും, ഇന്നും, എപ്പോളും)

Monday 27 May 2013

ബില്ലടച്ചാലും ഫൈനടക്കേണ്ട ഗതികേട് !

വൈദ്യുതി ബില്ല് വന്നു. തീയതി 02-05-2013. ബില്ല് തുക 310 രൂപ. മെയ് 2, 3 തീയതികളിൽ ഓൺലൈൻ വഴി പണം അടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ 04-05-2013ന്, പണമടക്കാനായി നേരിട്ട് ചെറായിലുള്ള വൈദ്യുതി ആപ്പീസിലേക്ക് ചെന്നു.

310 രൂപയുടെ വൈദ്യുതി ബില്ല്

പടമടക്കുന്ന കൌണ്ടറിലെ സാറ് പറഞ്ഞു, അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ ബില്ല് കയറി വന്നിട്ടില്ല എന്ന്. അതുതന്നെയാകാം ഓൺലൈനിൽ പണമടക്കാൻ പറ്റാതെ പോയതിന്റെ കാരണം എന്ന് ഞങ്ങൾ രണ്ടുപേരും ഒരു അനുമാനത്തിൽ എത്തി. എന്തായാലും ബിൽ തുകയായ 310 രൂപയ്ക്ക് പകരം 314 രൂപ, അതായത് 4 രൂപ അധികം അടച്ച്, അടുത്ത ബില്ല് വരുമ്പോൾ ഓൺലൈൻ പരിപാടി വീണ്ടും ശ്രമിച്ച് നോക്കാം എന്ന ചിന്തയോടെ, സ്ഥലം കാലിയാക്കി.

4 രൂപ അധികം അടച്ചിന്റെ റീറ്റ്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച, അതായത് മെയ് 25ന് കറന്റ് ബില്ല് അടക്കാത്തതുകൊണ്ട് കണൿഷൻ വിച്ഛേദിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ലൈൻ‌മാൻ പുരയിടത്തിലെത്തി. ബില്ല് അടച്ചതാണല്ലോ എന്ന് ഞാൻ. 19 രൂപ അടക്കാനുണ്ട്. അതിന്റെ ഫൈൻ 30 രൂപ + 1 രൂപ സർ‌ചാർജ്ജ് ഒക്കെ ചേർത്ത് 50 രൂപ ഉടനെ അടച്ചാൽ കണൿഷൻ രക്ഷപ്പെടുത്താമെന്ന് ലൈൻ‌മാൻ. 4 രൂപ അധികം അടച്ചിട്ടും പിന്നേം 19 രൂപ എവിടന്ന് കയറി വന്നു എന്ന് വിഷണ്ണനായി കുറേ നേരം നിന്ന ശേഷം നേരെ കറന്റാപ്പീസിലേക്ക് ചെന്നു. മെയ് 4ന് ബില്ല് അടക്കാൻ ചെന്നപ്പോൾ കൌണ്ടറിൽ ഇരുന്നിരുന്ന സാറ് സ്ഥലത്തുണ്ട്. കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിച്ചു.

“റീഡിങ്ങ് എടുക്കാൻ വന്ന ആൾക്ക് കണക്ക് തെറ്റിയതുകൊണ്ട്, ബില്ലിൽ 310 രൂപ എന്നെഴുതിക്കാണും. ആ പിശക് പക്ഷേ, ബില്ലിങ്ങ് സെൿഷനിലുള്ളവർ കണ്ടുപിടിച്ച് തിരുത്തിക്കാണും. പക്ഷേ, അധികമുള്ള ആ തുക കമ്പ്യൂട്ടറിൽ കയറ്റുന്നതിന് മുന്നേ താങ്കൾ വന്ന് ബില്ല് അടച്ചിട്ട് പോയി. അതുകൊണ്ട് ബാക്കി വന്ന 19 രൂപ കുടിശ്ശികയായി. 1 രൂപ കുടിശ്ശിക ആയാൽ‌പ്പോലും കണക്ഷൻ വിച്ഛേദിക്കാൻ അഡ്വൈസ് പോകുന്നത് പതിവാണ്.“ ക്യാഷ് കൌണ്ടറിലിരിക്കുന്ന സാറിന്റെ വിശദീകരണം അങ്ങനെ പോയി.

“കുടിശ്ശിക 19 രൂപ വന്നിട്ടുണ്ടെങ്കിൽ അത് എന്നെ അറിയിക്കാതെ ഞാനെങ്ങനെ അധിക ബില്ല് അടക്കും ? ലൈൻ‌മാൻ സൈറ്റിൽ വന്നപ്പോൾ നേരിട്ട് കണ്ടതുകൊണ്ട് കണക്ഷൻ പോകാതെ തൽക്കാലം രക്ഷപ്പെട്ടു. എന്നെ കണ്ടില്ലായിരുന്നെങ്കിൽ അയാൾ ഫ്യൂസ് ഊരുമായിരുന്നില്ലേ ? അതും ചെയ്യാത്ത കുറ്റത്തിന്, ബില്ല് കൈയ്യിൽ കിട്ടി രണ്ട് ദിവസത്തിനകം 4 രൂപ അധികം ചേർത്ത് ബില്ല് അടച്ചതിന്, ഇതെന്ത് നീതിയാണ് സാറേ ? റീഡിങ്ങ് എടുക്കാൻ വന്ന ആൾക്ക് കണക്ക് തെറ്റിയതിന്, ഞാനെന്തിന് 31 രൂപ പിഴയൊടുക്കണം, എന്റെ ഫ്യൂസെന്തിന് ഊരണം ? “

“ അതൊന്നും എനിക്കറിയില്ല. ബില്ലിങ്ങ് സെൿഷനിൽ പറഞ്ഞ് തീർപ്പാക്കാൻ ശ്രമിക്കൂ. എന്തായാലും കണക്ഷൻ കട്ടാകാതിരിക്കണമെങ്കിൽ ആദ്യം ഫൈൻ അടക്കണം.”


വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് കൃത്യസമയത്ത് അടച്ച ബില്ലിന്റെ ഫൈനും അടച്ചു. അടക്കാതിരിക്കാൻ ആവില്ലല്ലോ ? മോണോപോളിയല്ലേ KSEB കളിക്കുന്നത് ? അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരുന്നു. ബില്ലിങ്ങ് സെൿഷനിൽ ഉള്ളവരെല്ലാം ഓഫീസ് വിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. എന്നുവെച്ച് എന്റെ പ്രശ്നം തീരുന്നില്ലല്ലോ ? ഇന്ന് (27 മെയ്) വീണ്ടും ആപ്പീസിലെത്തി ബില്ലിങ്ങ് സെക്ഷനിലുള്ളവരെ കണ്ടു. കാര്യങ്ങൾ ഒക്കെ ബോധിപ്പിച്ചു.

50 രൂപ ഫൈൻ അടച്ചതിന്റെ റസീറ്റ്.
“ റീഡിങ്ങ് എടുത്ത് വന്നാൽ രണ്ട് ദിവസമെങ്കിലും കഴിയും അത് കമ്പ്യൂട്ടറിൽ കയറ്റാൻ. അതുകൊണ്ട് വന്ന പ്രശ്നമാണ്”

“ രണ്ട് ദിവസം കഴിഞ്ഞാണല്ലോ ഞാൻ ബില്ലടക്കാൻ വന്നത്. ബില്ലിലെ ഡേറ്റ് (മെയ് 2) നോക്കൂ. ബില്ല് അടച്ചത് മെയ് 4ന്. ദിവസക്കണക്ക് നോക്കിയാൽ 3 ദിവസം കഴിഞ്ഞിരിക്കുന്നു. മാത്രമല്ല 7 ദിവസം കഴിഞ്ഞാൽ ഫൈനോടുകൂടെ അടക്കണമെന്ന അവസ്ഥയുമാകുന്നു. ഇതിനിടയ്ക്ക് എന്നാണ് ഒരു കൺസ്യൂമർ ബില്ലടക്കാൻ വരണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്.? “

ആർക്കും മിണ്ടാട്ടമില്ല. അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ ?

“എനിക്ക് ഫൈൻ അടച്ച 31 രൂപ തിരികെ കിട്ടണം. ബില്ല് സമയത്തിന് തന്നെ അടച്ച ഒരാൾക്ക് ഫൈൻ അടക്കേണ്ടതോ കണക്ഷൻ ഇല്ലാതാകേണ്ടതോ ആയ കാര്യമില്ല.“


“താങ്കൾ സീനിയർ സൂപ്രണ്ടിനോട് സംസാരിക്കൂ. ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല. പക്ഷെ, ഇന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം ലീവിലാണ്.”

“എന്നുവെച്ചാൽ ഒരു ബില്ലിന്റെ പ്രശ്നം തീർക്കാൻ ഞാൻ നാലാമതൊരു പ്രാവശ്യം കൂടെ ഈ ഓഫീസിൽ വരണമെന്ന്, അല്ലേ ? “

മറുവശത്ത് വീണ്ടും മൌനം.

തൽക്കാലം പടിയിറങ്ങുന്നു. ഇനി സീനിയർ സൂപ്രണ്ട് എന്തോന്നാണ് പറയുന്നതെന്ന് കേൾക്കാൻ ഒരിക്കൽക്കൂടെ പോകുന്നുണ്ട്. ബാക്കി വിശേഷങ്ങൾ ആ സന്ദർശനത്തിന് ശേഷം.

വാൽക്കഷണം:- ഇതിലും ഭേദം 24 മണിക്കൂറും പവർ കട്ട് നടപ്പാക്കുന്നതാണ്. അല്ലെങ്കിൽ വല്ലതും പിടിച്ച് പറിക്കാനോ കേന്ദ്രമന്ത്രിയാകാനോ നോക്ക് KSEB ക്കാരേ.
----------------------------------------------------------
മെയ് 30ന് അപ്‌ഡേറ്റ് :- ഈ വിഷയം പരിഹരിക്കപ്പെട്ടു. വിശദവിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലേഖനം വായിക്കുക.

Tuesday 14 May 2013

മുംബൈ പൊലീസ്


മുംബൈ പൊലീസ് കണ്ടു. എനിക്കിഷ്ടായി.

ഇഷ്ടമായ ചിത്രങ്ങളെപ്പറ്റി കുറേ നല്ലതും പിന്നൽ‌പ്പം മോശവും പറഞ്ഞാൽ സിനിമാക്കാര് പുകിൽ ഉണ്ടാക്കില്ലെന്ന വിശ്വാസത്തിൽ ചിലത് പറയുന്നു. എന്നുവെച്ച് ഇതൊരു സമ്പൂർണ്ണ സിനിമാ അവലോകനമല്ല. ചില അഭിപ്രായങ്ങൾ മാത്രം.

നല്ലത്
-------
1. നായകൻ വരുമ്പോൾ കൈയ്യടിയും കൂവലും, പിന്നെ സിനിമയ്ക്കിടയിൽ അവിടവിടായി തീയറ്ററിൽ നിന്നുള്ള അലമ്പുകളും മറ്റും ഇല്ലാതെ കുറേക്കാലത്തിന് ശേഷം ഒരു സിനിമ കാണാനായി. പാവം പൃഥ്വിരാജ് നല്ലൊരു വേഷം ചെയ്താലും കൈയ്യടിക്കാനോ വിസിലടിക്കാനോ ആളെക്കിട്ടില്ലെന്ന് വെച്ചാൽ കഷ്ടാണേയ് !! 08:30 ന് ചെന്ന് ക്യൂ നിന്ന് 9 മണിയ്ക്കുള്ള ടിക്കറ്റ് കിട്ടുക എന്നതും വളരെക്കാലത്തിന് ശേഷം സംഭവിച്ച കാര്യമാണ്.

2. ഒരു കുറ്റാന്വേഷണ കഥയിൽ ഇന്നേവരെ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും വ്യത്യസ്തമായ സസ്പെൻസ്. സഞ്ജയും ബോബിയും ഡോൿടർമാർ ആയതുകൊണ്ടാകാം ഇങ്ങെനെയൊരു ക്ലൈമാസ്കിനെപ്പറ്റി ചിന്തിച്ചതും എഴുതി ഫലിപ്പിച്ചതും. രണ്ടാളും കൈയ്യടി അർഹിക്കുന്നു.

3. കുഞ്ചന്റെ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു രംഗം ഈ സിനിമയുടെ മുതൽക്കൂട്ടാണ്.

4. പൃഥ്വിരാജിന്റെ മോശമല്ലാത്ത പ്രകടനം. റഹ്‌മാനെ കൂടുതൽ നല്ല വേഷങ്ങളിൽ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

5. മലയാള സിനിമ രണ്ട് സൂപ്പർ താരങ്ങൾക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന കഥകളിൽ നിന്ന് പുറത്തുകടന്നു തുടങ്ങീന്ന് ചിലപ്പോഴെങ്കിലും തോന്നാൻ തുടങ്ങിയിരിക്കുന്നു.

മോശം
---------
1. വാഹനാപകടം സംഭവിക്കുന്ന സമയത്ത് ചില്ല് പൊളിച്ച് പുറത്തേക്ക് വരുന്ന പൃഥ്വിയുടെ മുഖത്ത്, അപകടത്തിൽ സംഭവിക്കുന്ന പാടുകൾ നല്ല ഭേഷായിട്ട് ഉണങ്ങിപ്പറ്റിയ പരുവത്തിലുള്ള മേക്കപ്പ്. മേക്കപ്പിന്റേയും ഇത്തരം സീനുകൾ ചിത്രീകരിക്കുന്നതിന്റേയും കാര്യത്തിൽ മലയാള സിനിമ ഇനീം ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.

2. പൃഥ്വിരാജിന്റെ വെപ്പ് മീശ അരോചകം. മറ്റേതെങ്കിലും സിനിമയ്ക്ക് വേണ്ടി മീശ എടുത്തിട്ടുള്ള സമയത്താണ് ഈ സിനിമയുടെ ചിത്രീകരണമെങ്കിൽ വെപ്പ് മീശ ഒട്ടിക്കാതെ പറ്റില്ല എന്നറിയാം. പക്ഷെ, പൊലീസുകാരൻ ആയാൽ മീശ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ? ഐ.ജി.പത്മകുമാറിന് മീശയില്ലല്ലോ ?

3. ക്രൈം നടത്താനുള്ള കാരണം ഇന്നത്തെ കാലത്ത് അത്ര വലിയ ഒരു സംഭവമായിട്ട് തോന്നിയില്ല. അത്തരം കാര്യങ്ങൾക്ക് നിയമപരിരക്ഷ പല രാജ്യങ്ങളിലും വന്നുതുടങ്ങിയിട്ടുള്ള കാലമാണെന്നത് ബോബിയും സഞ്ജയും മറന്നതാണോ അതോ അറിയാത്ത പോലെ നടിക്കുന്നതാണോ ?

4. ക്രൈം നടത്താൻ, തലേന്ന് ഫുൾ സെറ്റപ്പിൽ റിഹേർസൽ നടത്തുന്നത് അൽ‌പ്പം കടന്ന കൈ ആയിപ്പോയി. ചുറ്റുമുള്ള ഫ്ലാറ്റുകളിൽ പാതിരാത്രിക്ക് ഉറക്കം പോലും കളഞ്ഞ് ഫേസ്ബുക്കിൽ മാന്തിക്കളിക്കുന്ന എന്നെപ്പോലുള്ള ആരെങ്കിലും അൽ‌പ്പം കാറ്റ് കൊള്ളാനായി ബാൽക്കണിയിൽ വരുമ്പോൾ റിഹേർസൽ കാണാനുള്ള സാദ്ധ്യത വിരളമൊന്നുമല്ല ഓൺലൈൻ അണ്ണന്മാരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഒരു രംഗമായിപ്പോയി അത്

ആദ്യമേ പറഞ്ഞല്ലോ, കുറവുകൾ ചിലതൊക്കെ ഉണ്ടെങ്കിലും ചിത്രം എനിക്കിഷ്ടമായി. മുൻപ് കണ്ടിട്ടുള്ള പല പൊലീസ് സ്റ്റോറികളിൽ നിന്നും വിട്ടുനിൽക്കുന്ന ചിലത് ഇതിലുണ്ട്. ചിത്രത്തിന്റെ സസ്‌പെൻസ് വിളിച്ച് പറയുന്നത് ശരിയല്ല എന്നതുകൊണ്ട് കൂടുതൽ ഒന്നും പറയാൻ നിർവ്വാഹമില്ല.

നിയമപരമല്ലാത്ത മുന്നറിയിപ്പ് / അപേക്ഷ
------------------------------------------------------------
കമന്റ് എഴുതുന്നവർ സസ്‌പെൻസ് വെളിപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു. അത്തരം കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതാണ്. അത്തരക്കാർക്ക് എതിരെ നിയമപരമല്ലാത്ത നടപടി എടുക്കുന്നതുമാണ്.