Wednesday 23 July 2014

ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു.

സുഹൃത്തുക്കളെ

2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. 'നിരക്ഷരൻ' എന്ന ഈ ബ്‌ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾ എന്നൊരു ബ്‌ളോഗും, ചില ചിത്രങ്ങൾ, Niraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്‌ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.

എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനെപ്പറ്റി മുന്നേ തന്നെ ആലോചിക്കുന്നതാണെങ്കിലും ഇപ്പോഴാണ് അത് നടപ്പിലാക്കാൻ സൗകര്യപ്പെട്ടത്. മേൽപ്പറഞ്ഞ എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഇപ്പോൾ http://niraksharan.in എന്ന സൈറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. മേൽപ്പറഞ്ഞ നാല് ബ്‌ളോഗുകളിലും തുടർന്നങ്ങോട്ട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ല.


യാത്ര, Travelogues, സാമൂഹികം, പുസ്തകം, സിനിമ, ഓർമ്മ, പലവക എന്നിങ്ങനെ ലേഖനങ്ങളെ തരം തിരിച്ച് സൈറ്റിൽ ചേർത്തിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലേഖനം തിരയാനായി Find സൗകര്യവും ഉണ്ട്.


ഗൂഗിളിലെ റീഡർ സൗകര്യം ഉപയോഗിച്ച് ബ്‌ളോഗുകൾ പിന്തുടർന്നിരുന്നവർക്ക്, പുതിയ സൈറ്റിൽ ലേഖനങ്ങൾ വരുമ്പോൾ അറിയാൻ പറ്റുന്നില്ല എന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എഴുതിയിടുന്നത്. ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നെങ്കിലും ഞാനൊരു ബ്ളോഗർ അല്ലാതാകുന്നില്ല. Web + logger = Blogger എന്ന സൂത്രവാക്യം കണക്കിലെടുത്താൽ, ബ്ളോഗിലോ പോർട്ടലിലോ സൈറ്റിലോ ഫേസ്‌ബുക്കിലോ ഗൂഗിൾ പ്‌ളസ്സിലോ, ഇതൊന്നുമല്ലാത്ത മറ്റേത് ഓൺലൈനിൽ ഇടങ്ങളിലോ ലേഖനങ്ങൾ എഴുതുന്ന  ഒരാൾ ബ്‌ളോഗർ തന്നെ ആണെന്നാണ് എന്റെ വിശ്വാസം.

ഇതുവരെ വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും പ്രോത്സാഹനം തന്നവർക്കെല്ലാം നന്ദി. തുടർന്ന് വായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിരക്ഷരൻ സൈറ്റിലൂടെ കടന്നുപോകേണ്ടി വരുമെന്ന് വിനയപൂർവ്വം അറിയിക്കുന്നു.

സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)



Sunday 15 June 2014

കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു !!!!

കേരളത്തിൽ മാലിന്യസംസ്ക്കരണവിഷയം ഒരിടത്തുമെത്താതെ ചീഞ്ഞുനാറിക്കൊണ്ടിരിക്കുകയാണല്ലോ ?! മഴ ദാ വന്നു കഴിഞ്ഞു. ഇനിയിപ്പോൾ മഴയും മാലിന്യവും അസുഖങ്ങളും കഥാപാത്രങ്ങളാകുന്ന ഒരുപാട് കഥകൾ കേൾക്കാൻ തുടങ്ങും. ഭരണകക്ഷികൾക്കും പ്രതിപക്ഷത്തിനും പക്ഷേ, പരസ്പരം പഴിചാരി നേരം പോക്കുന്നതിലേ താൽ‌പ്പര്യമുള്ളൂ. തിരുവനന്തപുരം മേയറും മാലിന്യ വകുപ്പ് മന്ത്രിയും പ്രതികരിക്കുന്നത് മാത്രം ശ്രദ്ധിച്ചാൽ മതിയാകും ഇക്കാര്യം ബോദ്ധ്യപ്പെടാൻ.

ഈ സാഹചര്യത്തിൽ, കേരളത്തിൽ നല്ല നിലയ്ക്ക് പ്രവർത്തിക്കുന്ന (പ്രവർത്തിച്ചിരുന്ന എന്ന് പറയേണ്ടി വരും ഇന്ന്. ഇപ്പോൾ പ്ലാന്റ് പൂട്ടിയിട്ടിരിക്കുകയാണ്.) കൊടുങ്ങലൂരിലെ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി കേരള ജനത ഒന്ന് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. അതേപ്പറ്റി വിശദമായി അറിയാൻ താൽ‌പ്പര്യമുണ്ടെങ്കിൽ മുൻപ് ഞാൻ എഴുതിയിട്ട ‘കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണപ്ലാന്റ് ഒരു മാതൃക‘ എന്ന  ലേഖനം വായിക്കാവുന്നതാണ്. ഇതേ വിഷയത്തിൽ എഴുതിയിട്ട മറ്റ് പോസ്റ്റുകളുടെ ലിങ്കുകളും താഴെ കൊടുക്കുന്നു.

1. മാലിന്യ വിമുക്ത കേരളം.
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ.
3. മാലിന്യസംസ്ക്കരണം കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.

മുഖവുര നീട്ടിക്കൊണ്ടുപോകാതെ വിഷയത്തിലേക്ക് കടക്കാം. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ച് പൂട്ടിയിട്ട് ഇന്നേക്ക് 26 ദിവസം (മെയ് 21ന് പൂട്ടി) കഴിഞ്ഞിരിക്കുന്നു. അതിന് കാരണമായി പ്ലാന്റ് നടത്തിപ്പുകാരനും പ്ലാന്റിന്റെ സാങ്കേതിക വിദ്യ കൈയ്യാളുന്ന വ്യക്തിയുമായ കെ.ബി.ജോയ് പറയുന്നത് ഇപ്രകാരമാണ്. 

ഒരു ദിവസം ശരാശരി 1.5 ടൺ നിരക്കിൽ, മാസത്തിൽ 23 - 24 ദിവസങ്ങൾ മാലിന്യം പ്ലാന്റിൽ വരുന്നു. ജോയിയും മുൻസിപ്പാലിറ്റിയും തമ്മിലുള്ള കരാർ പ്രകാരം ഒരു ടൺ മാലിന്യം സംസ്ക്കരിക്കാൻ 1600 രൂപ ജോയിക്ക് നൽകും. അത് 6 ജോലിക്കാർക്ക് ശമ്പളമായും ഗ്ലൌസ് ഷൂസ് എന്നിങ്ങനെയുള്ള സാമഗ്രികളായും കൊടുക്കാനുള്ളതേ ഉണ്ടാകൂ എന്നാണ് ജോയിയുടെ കണക്ക്. 350 രൂപയാണ് നിലവിൽ ജോലിക്കാരുടെ ദിവസക്കൂലി. വൈദ്യുത ബിൽ നേരിട്ട് അടക്കുന്നത് മുൻസിപ്പാലിറ്റിയാണ്. പ്ലാന്റിൽ നിന്ന് കിട്ടുന്ന പ്ലാസ്റ്റിക്കും വളവുമാണ് ജോയിക്കുള്ള ശരിയായ വരുമാനം. ജോലിക്കാർക്കുള്ള പണം കൈപ്പറ്റണമെങ്കിൽ നാലഞ്ച് പ്രാവശ്യമെങ്കിലും ജോയി മുൻസിപ്പൽ ഓഫീസ് കയറിയിറങ്ങണം. മാത്രമല്ല 55,000 രൂപയ്ക്ക് അടുക്കെയുള്ള പണം ഈ ആവശ്യത്തിലേക്കായി വാങ്ങിക്കൊണ്ടുപോരുമ്പോൾ മുൻസിപ്പാലിറ്റിയിൽ ഇരിക്കുന്നവർക്ക് കൈക്കൂലി ഇനത്തിൽ ഒന്നും തന്നെ ജോയി കൊടുക്കുന്നില്ല. അതുകൊണ്ട് ജോയിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് തൽ‌പ്പര കക്ഷികളുടെ ലക്ഷ്യം. ജോയിയാകട്ടെ, ജോലിക്കാർക്ക് കൊടുക്കാനുള്ള പൈസ മുൻസിപ്പാലിറ്റി നേരിട്ട് തന്നെ കൊടുത്തോളൂ. പണമിടപാടിനായി എന്നെ ഓഫീസിൽ കയറ്റിയിറക്കരുത് എന്ന് പലവുരു കോർപ്പറേഷനെ അറിയിച്ചിട്ടുമുള്ള ആളാണ്.

കാര്യങ്ങൾ ഈ നിലയ്ക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. മഴക്കാലം വന്നപ്പോൾ സംസ്ക്കരിച്ചിട്ട് ഇട്ടിരുന്ന മാലിന്യത്തിലേക്കും വേർതിരിച്ചിട്ടിരുന്ന പ്ലാസ്റ്റിക്കിലേക്കും മഴവെള്ളം അടിച്ച് കയറാൻ തുടങ്ങി. അത് ഉണങ്ങിക്കിട്ടിയ ശേഷം അരിച്ചെടുത്ത് വിറ്റാൽ മാത്രമേ ജോയിക്ക് എന്തെങ്കിലും വരുമാനം ഉണ്ടാക്കാനാകൂ. അതിനായി പ്ലാന്റിന്റെ മേൽക്കൂര കുറച്ച് നന്നായി പണിത് കൊടുക്കണമെന്ന് പലപ്രാവശ്യം പറഞ്ഞെങ്കിലും നടപടിയൊന്നും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിനിടയ്ക്ക് പ്ലാന്റിന്റെ യന്ത്രസംവിധാനത്തിന് തകരാറ് സംഭവിച്ചു. അത് ജോയി ശരിയാക്കുമ്പോഴേക്കും പ്ലാന്റ് ഉടനെ പ്രവർത്തനം പുനഃരാരംഭിക്കണം എന്ന് പറഞ്ഞ് മുൻസിപ്പാലിറ്റി ജോയിക്ക് നോട്ടീസ് കൊടുത്തു. വളം വിൽ‌പ്പന നടക്കാതെ വരുമാനം നിലച്ചതുകൊണ്ട്, എന്റെ പ്രശ്നങ്ങൾ കൂടെ പരിഹരിച്ചിട്ടാകാം പ്ലാന്റ് തുടർന്ന് പ്രവർത്തിക്കുന്നത് എന്ന മട്ടിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വന്നു ജോയിക്ക്.

മറ്റൊരു വരുമാനമാർഗ്ഗം എന്ന നിലയ്ക്ക് പ്ലാന്റിന്റെ വേറൊരു ഭാഗത്ത് പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനമുണ്ടാക്കുന്ന, സെന്ട്രൽ പ്ലാനിങ്ങ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കോയമ്പത്തൂരും മറ്റും പ്രാവർത്തികമാക്കിയിട്ടുള്ള യന്ത്രം സ്ഥാപിക്കാൻ ആരംഭിച്ചു ജോയി. അതിന്റെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. അതിന്റെ പ്രവർത്തനക്കണക്ക് ജോയി പറയുന്നത് ഇപ്രകാരമാണ്. 1 ടൺ പ്ലാസ്റ്റിക്കിൽ നിന്ന് ഏകദേശം 1000 ലിറ്ററോളം ദ്രവീകൃത ഇന്ധനവും 70 കിലോഗ്രാമിനടുക്കെ വാതക ഇന്ധനവും ഉണ്ടാക്കാം. വൈദ്യുതച്ചിലവ് 1 ടണ്ണിന് ഏകദേശം 1000 യൂണിറ്റ്. പുകയും മറ്റും വമിപ്പിച്ച് അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതേയില്ല.  ബൈ പ്രോഡൿറ്റ് ആയി ഉണ്ടാകുന്ന 50 കിലോഗ്രാമോളം വരുന്ന ചാരം സിമന്റ് കട്ടകൾ ഉണ്ടാക്കുന്നവർക്ക് പ്രയോജനപ്പെടുത്താം.

പക്ഷെ ഈ യന്ത്രങ്ങൾ കൊടുങ്ങല്ലൂർ പ്ലാന്റിൽ പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ അത് തടഞ്ഞുകൊണ്ട് പുതുതായി ചാർജ്ജ് എടുത്ത മുൻസിപ്പൽ സക്രട്ടറി ജോയിക്ക് നോട്ടീസ് അയച്ചു. മുൻസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെയാണ് ജോയി ഈ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നായിരുന്ന് നോട്ടീസിലെ സൂചന. ആ നോട്ടീസ് താഴെ കൊടുക്കുന്നു.

ജോയിക്ക് മുൻസിപ്പാലിറ്റി അയച്ച നോട്ടീസ്

അതേ സമയം ജൈവമാലിന്യവും അല്ലാതുള്ള മാലിന്യവും സംസ്ക്കരിക്കേണ്ടത് ജോയിയുടെ ഉത്തരവാദിത്വമാണെന്ന് കോർപ്പറേഷനുമായുള്ള കോൺ‌ട്രാൿറ്റിന്റെ പേജ് നമ്പർ 5 ൽ പറയുന്നുണ്ട്. ഇങ്ങനെ ഒരു നിബന്ധന കോർപ്പറേഷനുമായി നിലവിലുള്ളപ്പോൾ കോർപ്പറേഷനിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല എന്നാണ് ജോയിയുടെ പക്ഷം.
കരാറിന്റെ അഞ്ചാം പേജിലെ നിബന്ധനകൾ


ഇനി ഇതിലെന്തെങ്കിലും നിയമപരമായി ശരികൾ തെറ്റുകൾ ഉണ്ടെങ്കിൽ അത് മാറ്റി നിർത്തി ഒന്ന് ചിന്തിക്കൂ. പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനമുണ്ടാക്കുന്ന ഒരു ഉപകരണം, കേരളത്തിൽ മറ്റ് പലയിടത്തും പ്രായോഗികമാക്കാൻ പറ്റുന്ന ഒരു സംവിധാനമാണ് ജോയി സ്വന്തം ചിലവിൽ നടപ്പിലാക്കാൻ പോകുന്നത്. അത് നല്ലൊരു കാര്യമല്ലേ ? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ? കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കപ്പെടുകയും ചെയ്യും ഇന്ധനം ഉൽ‌പ്പാദിപ്പിക്കുകയും ആവാം. ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അത് കാര്യക്ഷമമായത് അല്ലെങ്കിൽ കോർപ്പറേഷന് ഉപകരണത്തിന്റെ പ്രവർത്തനം നിരോധിക്കാമല്ലോ ? മറ്റ് നൂലാമാലകൾ ഒന്നും ഇല്ലെങ്കിൽ കരാറിൽ പറയുന്നത് പോലെ വിഘടിച്ച് പോകാത്ത ജൈവമാലിന്യവും  സംസ്ക്കരിക്കാൻ ജോയിയെ അനുവദിക്കുകയല്ലേ വേണ്ടത് ?

എന്തായാലും പൊറുതിമുട്ടിയ ജോയി ചില കടുത്ത നിലപാടുകളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ജോയിക്ക് ഇനി ഇങ്ങനെ ദിവസവും വഴക്കും വക്കാണവുമായി ഈ പ്ലാന്റ് നടത്തണമെന്ന് ആഗ്രഹമില്ല. (അതുതന്നെയാണ് ഇതിനെ എതിർക്കുന്നവരുടേയും ആഗ്രഹമെന്ന് ഇക്കാലത്തിനിടയ്ക്ക് സ്പഷ്ടമാണല്ലോ ? ) നടത്താൻ പറ്റുമെങ്കിൽ മുൻസിപ്പാലിറ്റി തന്നെ നടത്തിക്കോളൂ. മെയ്‌ന്റനൻസും മുൻസിപ്പാലിറ്റി തന്നെ നടത്താമെങ്കിൽ ജോയി പൂർണ്ണമായും പിൻ‌വാങ്ങുകയാണ്. അതല്ല മെയ്ന്റനൻസ് മാത്രം നടത്തിക്കൊടുക്കണമെങ്കിൽ അതിന്റെ പ്രതിഫലമായി പ്ലാസ്റ്റിക്കും ജൈവവളവും പഴയത് പോലെ  ജോയിക്ക് തന്നെ കൊടുക്കണം. ഇക്കാര്യം കാണിച്ചുകൊണ്ട് ജോയി മുൻസിപ്പാലിറ്റിക്ക് കൊടുത്ത കത്ത് താഴെ ചേർക്കുന്നു.
ജോയ് മുൻസിപ്പാലിറ്റിക്ക് നൽകിയ കത്തിന്റെ കോപ്പി - പേജ് 1


ജോയ് മുൻസിപ്പാലിറ്റിക്ക് നൽകിയ കത്തിന്റെ കോപ്പി - പേജ് 2.
എന്തുകൊണ്ടാണ് കൊടുങ്ങലൂർ പ്ലാന്റ് പൂട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നത് എന്ന ചോദ്യത്തിന് പ്രധാനമായും 4 ഉത്തരങ്ങളാണുള്ളത്. 

ഉത്തരം 1:- എത്രയൊക്കെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചാലും അടിച്ചമർത്തിയാലും, ഇങ്ങനൊരു പ്ലാന്റ് നല്ല നിലയ്ക്ക് മാലിന്യം സംസ്ക്കരിക്കുന്നുണ്ടെന്ന് പുറം ലോകം അറിഞ്ഞാൽ അതുപോലെ മറ്റൊരു പ്ലാന്റ് വന്നാൽ, പിന്നീട് നൂറുകണക്കിന് പ്ലാന്റുകൾ അതുപോലെ വന്നാൽ, മാലിന്യ വിഷയത്തിന്റെ പേരിൽ ലക്ഷങ്ങളും കോടികളും വെട്ടിക്കാനും കൈയ്യിട്ട് വാരാനും വിദേശയാത്ര നടത്താനും ഭരണകൂടങ്ങൾക്കും ഉദ്യോഗസ്ഥന്മാർക്കും ആകില്ല.

ഉത്തരം 2:- ഇതുപോലൊരു പ്ലാന്റ് നടത്താൻ 15 സെന്റ് സ്ഥലം മാത്രമാണ് ജോയി ആവശ്യപ്പെടുന്നത്. ജോലിക്കാരുടേയും വൈദ്യുതിയുടേയും ചിലവ് സർക്കാർ തന്നെ കൊടുക്കണം. പ്ലാന്റിന്റെ മെഷീനുകളും അതിന്റെ മെയിന്റനൻസും ജോയിയുടെ വക സൌജന്യം. പകരം പ്ലാന്റിൽ നിന്നുള്ള വളവും പ്ലാസ്റ്റിക്കും ജോയിക്ക് നൽകണം. അങ്ങനെയുള്ള പണമൊഴുകാത്ത ഒരു ഓഫർ വന്നാൽ അത്യാധുനിക മാലിന്യസംസ്ക്കരണ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ലക്ഷങ്ങളും കോടികളും കമ്മീഷനായും കൈക്കൂലിയായും കൈപ്പറ്റാനാവില്ല, കൈയിട്ട് വാരാനാവില്ല. തിരുവനന്തപുരത്ത് മാലിന്യസംസ്ക്കരണത്തിനായി 2.2 കോടി രൂപ ചിലവാക്കി വാങ്ങിയ മൊബൈൽ ഇൻ‌സിനറേറ്റർ ഇപ്പോൾ എവിടെയാണെന്ന് ആർക്കെങ്കിലും വല്ല നിശ്ചയവുമുണ്ടോ ? തിരുവനന്തപുരത്തെ പരീക്ഷണം പരാജയപ്പെട്ടപ്പോൾ കോട്ടയ്ക്കൽ മുൻസിപ്പാലിറ്റിക്ക് കൈമാറുകയും അവർ ഒരൊറ്റ ദിവസം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോൾ അവിടെത്തന്നെ ഒളിപ്പിച്ചിരിക്കുകയുമാണ് ഈ കൂറ്റൻ യന്തത്തെ.  ഇന്ധനച്ചിലവ് കൂടുതൽ, അന്തരീക്ഷതാപമാനവും മലിനീകരണവും ഉയർത്തുന്നു, എന്നിങ്ങനെ പല ന്യൂനതകളുള്ള ആ ഉപകരണം ഇതൊന്നും പഠിക്കാതെ ഗുജറാത്തിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നത് കമ്മീഷൻ അടിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ? അതിപ്പോൾ പ്രവർത്തനരഹിതമാണ്. കൂറ്റർ ട്രക്കിൽ സ്ഥാപിച്ചിട്ടുള്ള ആ ഉപകരണവും ട്രക്കും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനകം അത് തുരുമ്പെടുത്ത് തുടങ്ങിയിട്ടുമുണ്ടാകും. കുറച്ച് പേർ ഇൻസിനറേറ്ററിന് റീത്ത് വെക്കുന്നതായി ഹിന്ദു പത്രത്തിൽ വന്ന ചിത്രവും വാർത്തയും കാണണമെന്നുണ്ടെങ്കിൽ  ഇവിടെ ക്ലിക്ക് ചെയ്യുക.



ഉത്തരം 3:- കൊടുങ്ങല്ലൂർ പ്ലാന്റിന്റെ സാങ്കേതിക വിദ്യ നോട്ടമിട്ട് ഇതിൽ നിന്ന് പണമുണ്ടാക്കാമെന്ന് കരുതിയിരുന്ന മറ്റൊരു കൂട്ടർക്കും ഇത് പൂട്ടിയാൽ മാത്രമേ രക്ഷയുള്ളൂ. എങ്ങനെയെങ്കിലും 15 വർഷത്തെ ജോയിയുടെ പേറ്റന്റ് തീർന്നാൽ അന്ന് ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോടികൾ കൊയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. അതുവരെ സ്വന്തം അടുക്കളയോ കിടപ്പറയോ തന്നെ ചീഞ്ഞളിഞ്ഞാലും അവർക്ക് വിഷയമല്ല. കേരളത്തിലെ(രാജ്യത്തെ തന്നെ) മാലിന്യ സംസ്ക്കരണം കോടികൾ ഉണ്ടാക്കാൻ പോന്ന ഒരു ബിസിനസ്സ് രംഗം കൂടെയാണ്. അതിൽ നോട്ടമിട്ട് ഒരു മാഫിയ തന്നെ ഒളിച്ചിരുപ്പുണ്ട്. അതുകൊണ്ട് കൂടെയാണ് കൊടുങ്ങല്ലൂർ പ്ലാന്റിന് ഈ ഗതി. അതുകൊണ്ടാണ് കേരള ജനതയ്ക്ക് ഇങ്ങനെ ചീഞ്ഞുനാറാൻ വിധി.

ഉത്തരം 4 :- ഒരു വർക്കിങ്ങ് മോഡൽ ഇല്ലാതായാൽ പിന്നെ അത്തരമൊരു പ്ലാന്റിന്റെ കാര്യം വാചകങ്ങളിലൂടെയും അല്ലെങ്കിൽ വീഡിയോകളിലൂടെയും ബോധിപ്പിക്കേണ്ടി വരും. എന്നാലും കാണുന്നയാൾക്ക് സംശയങ്ങൾ ഒരുപാട് ബാക്കി നിന്നെന്ന് വരാം. അതിനേക്കാളൊക്കെ ഫലപ്രദമായ വർക്കിങ്ങ് മോഡൽ ഇല്ലാതാക്കുക അതുകൊണ്ടുതന്നെ എതിരാളികളുടെ ആവശ്യമാണ് ?


നടത്തിപ്പുകാരൻ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്നെങ്കിലും, മാലിന്യം നല്ല നിലയ്ക്ക് സംസ്ക്കരിച്ചുപോന്നിരുന്ന ഒരു പ്ലാന്റ് ഇപ്പോൾ പൂർണ്ണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. തുറന്ന് പ്രവർത്തിച്ചാലും ഇക്കാലമത്രയും ഉണ്ടായതുപോലെ ജോയി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. വീണ്ടും ഒരു അടച്ചുപൂട്ടലിലേക്ക് അയാളെ കൊണ്ടെത്തിക്കും. ഗുരുവായൂരിലേക്കും തളിപ്പറമ്പിലേക്കും വടകരയിലേയും വേണ്ടി ജോയി ഉണ്ടാക്കി നൽകിയ ഇതേ മോഡൽ പ്ലാന്റുകൾ എന്തുകൊണ്ട് പൂട്ടിപ്പോയെന്ന് ആരുടേയും പക്ഷം ചേരാതെ പഠിക്കാൻ ശ്രമിച്ചാൽ കാര്യങ്ങളൊക്കെ ആർക്കും ബോദ്ധ്യമാകും. സ്വന്തം നാട്ടിലായതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ ജോയിക്ക് പിടിച്ച് നിൽക്കാനായത്.

കേരളത്തിലെ ജനങ്ങൾക്ക് എന്നാണ് ഈ മാലിന്യപ്രശ്നങ്ങളിൽ നിന്നൊരു മോചനം എന്നൊരു ചോദ്യം കൂടെ ബാക്കിയുണ്ട്. ഏതൊക്കെ സർക്കാർ മാറി മാറി വന്നാലും അതുണ്ടാകില്ല എന്നാണ് ഉത്തരം. കാരണം സർക്കാരുകൾക്ക് ഉപദേശം നൽകുന്നവരും നൽകേണ്ടവരും തന്നെയാണ് ഇതിൽ നിന്ന് കോടികൾ കൊയ്യാമെന്ന് മനക്കോട്ട കെട്ടി ഇതുപോലുള്ള നല്ല പ്ലാന്റുകൾക്ക് തുരങ്കം വെക്കുന്നത്. അല്ലെങ്കിൽ‌പ്പിന്നെ ജനനന്മ മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ഒരു സർക്കാർ വരണം. അങ്ങനൊരു കിനാശ്ശേരി മലയാളികളുടെ ആരുടെയെങ്കിലും സ്വപ്നത്തിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. അഞ്ചോ പത്തോ വീട്ടുകാർ സ്വയം സംഘടിച്ച് എന്റെ മാലിന്യം ഞാൻ സംസ്ക്കരിക്കും എന്ന നിലപാടിൽ എത്തിച്ചേർന്നാൽ, അവരതിന് വേണ്ടി ഇത്തരം പ്ലാന്റുകളുടെ ചെറു മോഡലുകൾ പരീക്ഷിക്കുകയോ സ്വന്തം നിലയ്ക്ക് മറ്റെന്തെങ്കിലും മാർഗ്ഗം സ്വീകരിക്കുകയോ ചെയ്താൽ മാലിന്യങ്ങളിൽ നിന്ന് കേരളത്തിന് മോചനമുണ്ടായെന്ന് വരും. അല്ലെങ്കിൽ നാം സംസ്ക്കരിക്കേണ്ട മാലിന്യം നമ്മെ സംസ്ക്കരിക്കും.

വാൽക്കഷണം:- എന്നിരുന്നാലും ഒരു ചെറുപ്രതീക്ഷ ഇപ്പോഴും ബാക്കി നിൽക്കുന്നത് മാദ്ധ്യമങ്ങളിലാണ്. സരിതയുടെ സാരിത്തുമ്പിൽ നിന്നും പാവാടച്ചരടിൽ നിന്നും മോചനം കിട്ടിയെങ്കിൽ നിങ്ങളാരെങ്കിലും ഈ വിഷയം ഒന്ന് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കൂ. അതിന് വേണ്ടി കൊടുങ്ങല്ലൂർ വരെ പോകാനുള്ള ഒന്നാം ക്ലാസ്സ് തീവണ്ടി ടിക്കറ്റ് ഞാൻ സ്പോൺസർ ചെയ്യുന്നു.  എല്ലാ ചാനലുകളിലും ഒരു ചാനൽച്ചർച്ച വിളിച്ച് ഈ വിഷയം കേരളക്കര മുഴുവൻ എത്തിക്കാൻ നിങ്ങൾക്കാവും. അങ്ങിനെയുണ്ടായാൽ ഒരു ചെറുവാതിൽ എവിടെയെങ്കിലും തുറന്ന് കിട്ടുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്.


Saturday 24 May 2014

നക്ഷത്രമരങ്ങൾ

ക്ഷത്രമരങ്ങൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊക്കെ നക്ഷത്രത്തിന് ഏതൊക്കെ മരം എന്ന് അറിയാത്തവർക്ക് വേണ്ടി ഇതാ ഒരു ലിസ്റ്റ്. തമ്മനത്ത് പുരോഷോത്തമ കൈമളിന്റെ വീട്ടിൽ പോയാൽ ഈ മരങ്ങളെല്ലാം നേരിട്ട് കാണാനും അതിനിടയിലൂടെ ശുദ്ധവായു ശ്വസിച്ച് നടക്കാനുമാകും. ഓരോ മരങ്ങളുടേയും ഉപയോഗവും ശാസ്ത്രീയ നാമവും എല്ലാം മരങ്ങളിൽ എഴുതിത്തൂക്കിയിട്ടുമുണ്ട്.

അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാർത്തിക - അത്തി
രോഹിണി - ഞാവൽ
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണർതം - മുള
പൂയം - അരയാൽ
ആയില്യം - നാഗപൂമരം
മകം - പേരാൽ
പൂരം - പ്ലാശ്
ഉത്രം - ഇത്തി
അത്തം - അമ്പഴം
ചിത്തിര - കൂവളം
ചോതി - നീർ‌മരുത്
വിശാഖം - വയ്യം‌ങ്കത
അനിഴം - ഇലഞ്ഞി
തൃക്കേട്ട - വെട്ടി
മൂലം - പൈൻ
പൂരാടം - ആറ്റുവഞ്ഞ്‌ജി
ഉത്രാടം - പ്ലാവ്
തിരുവോണം - എരുക്ക്
അവിട്ടം - വഹ്നി
ചതയം - കടമ്പ്
പൂരിരുട്ടാതി - തേൻ‌മാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇലുപ്പ


കൈമളിന്റെ നഴ്സറിയിലെ മരങ്ങൾ, നക്ഷത്രമരങ്ങളിൽ ഒതുങ്ങുന്നില്ല. രണ്ടേക്കറോളം വരുന്ന ആ പുരയിടത്തിൽ ഇല്ലാത്ത മരങ്ങൾ ഏതെന്ന് ചോദിക്കുന്നതാവും എളുപ്പം. ഒരോ മരങ്ങളും കാണിച്ച് വിവരിച്ച് കൈമൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണ് തള്ളി. ഇടയ്ക്കിടയ്ക്ക് വിവിധയിനം കായ്കൾ അദ്ദേഹം പറിച്ചുതന്നുകൊണ്ടിരുന്നു. അതിലെ ചാമ്പക്കകൾ മാത്രം തിന്ന് വയറ് തള്ളി. ഇങ്ങനൊരു സ്ഥലം നഗരമദ്ധ്യത്തിലുണ്ടെന്ന് പരിചയപ്പെടുത്തിത്തന്ന ചിത്തിരയ്ക്ക് നന്ദി.

വാൽക്കഷണം:- ഉത്രാടം നക്ഷത്രത്തിൽ ജനിക്കേണ്ട ഞാനെങ്ങനെ അത്തം നക്ഷത്രത്തിൽ ജനിച്ചെന്ന് മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല :)

Tuesday 22 April 2014

മുൻ‌കൂർ പണം പിടുങ്ങൽ

1. പതിനഞ്ച് വർഷത്തെ റോഡ് ടാക്സ് ഒരുമിച്ച് കൊടുക്കണം ഒരു പുതിയ വാഹനം വാങ്ങുമ്പോൾ. വാഹനം നാം 10 കൊല്ലം പോലും ഉപയോഗിക്കണമെന്നില്ല. വീണ്ടുമൊരു വാഹനം വാങ്ങുമ്പോൾ 5 കൊല്ലത്തെ റോഡ് ടാക്സ് നഷ്ടം. പതിനഞ്ച് കൊല്ലത്തെ നികുതി ഒരുമിച്ച് വാങ്ങിയിട്ട്, നടപ്പ് വർഷം വാഹനം ഓടിക്കാനുള്ള റോഡെങ്കിലും ഉണ്ടായിരുന്നെങ്കിൽ 15 കൊല്ലത്തെ ടാക്സ് കൊടുക്കുന്നതിനും ഒരു രസമുണ്ടായിരുന്നു !!

2. ഇരുപത്, അൻപത്, നൂറ് രൂപ മുദ്രപ്പത്രങ്ങൾ എപ്പോൾ അന്വേഷിച്ച് ചെന്നാലും കിട്ടാനില്ല. ആവശ്യക്കാർ ഉണ്ടെന്നറിഞ്ഞിട്ടും കൂടുതൽ മുദ്രപ്പത്രങ്ങൾ പ്രിന്റ് ചെയ്ത് വെക്കാത്തതിന് കാരണങ്ങൾ പലതുണ്ടാകാം. അത്യാവശ്യക്കാരൻ 100 രൂപയുടെ മുദ്രപ്പത്രത്തിന് പകരം 500 രൂപയുടെ മുദ്രപ്പത്രം വാങ്ങുന്നു.( 500 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം ഇല്ല.) ആ വകയിൽ സർക്കാറിന് അധികം കിട്ടുന്നത് 400 രൂപ. അങ്ങനെ ലക്ഷങ്ങളോ അതോ കോടികളോ ?

3. ട്രഷറിയിൽ നിന്ന് പണം കിട്ടാനുള്ള ഇടപാടുകൾ ഉണ്ടെങ്കിൽ, എല്ലാ ചുവപ്പ് നാടകളും അഴിച്ച് കടലാസ് പണികൾ ഒക്കെ തീർത്താലും പലപ്പോഴും പണം കിട്ടിയെന്ന് വരില്ല. ചെക്ക് ലീഫ് ഇല്ല എന്നതാണ് കാരണം പറയുക. ഇപ്പറഞ്ഞ ചെക്ക് ലീഫ് ആവശ്യത്തിന് അച്ചടിച്ച് വെച്ചാൽ, അത്രയും ദിവസം പൊതുജനത്തിന്റെ പണമിട്ട് മറിച്ച് കളിക്കാനാവില്ലല്ലോ ?

4. ചിട്ടി നിയമം അടിമുടി ഉടച്ച് വാർത്തിരിക്കുന്നു. ഇനി മുതൽ ജമ്മു കാഷ്മീരിൽ ഹെഡ് ഓഫീസ് തുടങ്ങി അതിന്റെ ബ്രാഞ്ച് കേരളത്തിൽ തുടങ്ങേണ്ട ഗതികേടില്ല ചിട്ടിക്കമ്പനികൾക്ക്. എല്ലാ ചിട്ടിക്കമ്പനികളും ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യണം. മാത്രമല്ല, ഓരോ പുതിയ ചിട്ടി തുടങ്ങുമ്പോഴും ചിട്ടിത്തുകയ്ക്ക് തത്തുല്യമായ തുക ട്രഷറിയിൽ കെട്ടി വെക്കണം. ചിട്ടിക്കമ്പനികൾ തട്ടിപ്പ് വല്ലതും നടത്തി മുങ്ങിയാലും പൊതുജനത്തിന്റെ പണം സർക്കാരിൽ സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഈ നടപടി എന്നാണ് വിശദീകരണം. നല്ല കാര്യം തന്നെ. പക്ഷെ, തത്വത്തിൽ സംഭവിക്കുന്നതെന്താണ് ? കോടിക്കണക്കിന് രൂപ വർഷങ്ങളോളം സർക്കാരിന്റെ കൈവശം വന്നു ചേരുന്നു. ചിട്ടി വട്ടമെത്തിക്കഴിഞ്ഞതിന് ശേഷം മാത്രം ഈ പണം ചിട്ടിക്കമ്പനിക്ക് തിരികെ നൽകിയാൽ മതി. (ട്രഷറിയിൽ ചെക്ക് ലീഫ് ഇല്ല എന്ന് പറഞ്ഞ് അന്നും ഇത് വലിച്ച് നീട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല.) ഈ നിയമം പക്ഷേ സർക്കാരിന്റെ ചിട്ടിക്കമ്പനിയായ KSFE യ്ക്ക് ബാധകമല്ല എന്നതാണ് വിരോധാഭാസം.

പൊതുജനത്തിന്റെ പണം അഡ്വാൻസായിട്ട് പിടിച്ചുപറിക്കുന്ന മാർഗ്ഗങ്ങൾ ഇനിയും പലതും ഓരോരുത്തരുടേയും ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാകാം. എന്റെ അനുഭവത്തിലും നിരീക്ഷണത്തിലും പെട്ട കാര്യങ്ങൾ മാത്രമാണ് ഇപ്പറഞ്ഞത്. കൂട്ടിച്ചേർക്കാൻ പലതുമുണ്ടാകും.

കേരള സർക്കാർ ലോട്ടറി അടിച്ചാലും അഞ്ച് കൊല്ലം കഴിഞ്ഞേ സമ്മാനത്തുക കൊടുക്കൂ എന്നൊരു നിയമം കൊണ്ടുവരാൻ ധനകാര്യമന്ത്രി കിണഞ്ഞ് ശ്രമിക്കുന്നതിനെപ്പറ്റി വാർത്തയുണ്ടായിരുന്നു കുറച്ച് നാൾ മുൻപ്. അങ്ങനെ നടപടിയുണ്ടായാൽ, മേൽ‌പ്പറഞ്ഞ അതേ കാറ്റഗറിയിലേക്ക് തന്നെയാണ് ആ പണവും സമാഹരിക്കപ്പെടുന്നത്. ഒറ്റനമ്പർ ലോട്ടറി, അന്യസംസ്ഥാന ലോട്ടറി എന്നതിൽ നിന്നൊക്കെ കുറേയെങ്കിലുമൊക്കെ തലയൂരി, കാരുണ്യ മംഗല്യ എന്നീ ലോട്ടറികളിലൂടെ പച്ചപിടിച്ച് വരുന്ന ലോട്ടറിവകുപ്പ് പൂട്ടിക്കെട്ടിച്ചേ അടങ്ങൂ എന്ന് വാശിയുള്ളത് പോലെയാണ് ഇതൊക്കെ കണ്ടാൽ തോന്നുക.

സർക്കാർ ഖജനാവിലേക്ക് ഇത്രയുമൊക്കെ പണം മുൻ‌കൂറായിട്ട് വന്ന് കേറിയിട്ടും ഇക്കഴിഞ്ഞ മാർച്ചിൽ മൂക്കുകൊണ്ട് അക്ഷരമാലകൾ എല്ലാം വരച്ചിരുന്നു ധനകാര്യവകുപ്പ്.

‘വാഴുവോർ തന്നെ വായ്പ്പ വാങ്ങിയീ
യാചകരുടെ രാജ്യം ഭരിക്കവേ,
കാലത്തിന്റെ ചിലമ്പിച്ച കാലടി-
പ്പാത പിന്തുടരുന്നു നാം ബന്ധിതർ.’

എന്ന കവിവാക്യം എത്ര അർത്ഥസമ്പൂർണ്ണം !!!

Tuesday 15 April 2014

ഒരു കണിക്കൊന്ന സ്വപ്നം.

- ജാലകത്തിൽ വന്ന ‘ഒരു കണിക്കൊന്ന സ്വപ്നം’ എന്ന ലേഖനത്തിന്റെ സ്ക്രീൻ ഷോട്ട്. ക്ളില്ല് ചെയ്ത് സേവ് ചെയ്താൽ വലുതാക്കി വായിക്കാം.



Sunday 13 April 2014

ഭയങ്കരാമുടി



ത്രപ്രവർത്തകനായ ആസാദ് മോഹന്റെ മരണത്തോടെയാണ് നോവൽ തുടങ്ങുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം അധികം നീളുന്നില്ല. കൊലപാതകം എന്ന നിലയ്ക്ക് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങുന്നു.

അന്വേഷണത്തിന്റെ ചുരുളഴിയുമ്പോൾ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മറ്റ് കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കേരള ചരിത്രത്തിലെ ഒട്ടനവധി പ്രമുഖ സംഭവങ്ങളിലേക്കാണ്, അന്താരാഷ്ട്രപരമായ നിരവധി ആ‍നുകാലിക വിഷയങ്ങളിലേക്കാണ്. രാജ്യത്തും ലോകത്തും നടന്നിട്ടുള്ള ഒരുപാട് വിദ്ധ്വംസന പ്രവർത്തനങ്ങളേയും തീവ്രവാദപ്രവർത്തനങ്ങളേയും വിലയിരുത്തിക്കൊണ്ടാണ്.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അധികാരമേൽക്കൽ, പിന്നീട് വിമോചനസമരം പൊട്ടിപ്പുറപ്പെടുന്നത്, അതിന് പിന്നിൽ അണിനിരന്ന പ്രമുഖ വ്യക്തികൾ, അത്തരം ഒട്ടുമിക്ക സംഭവങ്ങളുടെ പിന്നിലുള്ള മതപരമായ ചേരിതിരിവുകൾ, മതസൌഹാർദ്ദത്തോടെ നീങ്ങിയിരുന്ന കേരളത്തിൽ എവിടെയൊക്കെ എങ്ങനെയൊക്കെ മതസ്പർദ്ധയുടെ വിത്തുകൾ വീണു, അതിട്ട് മുളപ്പിച്ചെടുത്തവർ ആരൊക്കെ എങ്ങിനെയൊക്കെ ? മാറാട് പോലെ എന്തുകൊണ്ട് നിലയ്ക്കലും ആളിക്കത്തിയില്ല ? മൈസൂരിൽ മതസൌഹാർദ്ദം കൊണ്ടുനടന്നിരുന്ന ടിപ്പുസുൽത്താൻ കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ട് അന്യമതസ്ഥർക്കെതിരെ തിരിഞ്ഞു  ? സദാചാര പൊലീസുകാരുടെ നീക്കങ്ങൾ എങ്ങിനെയൊക്കെ ? എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ ഒരു ചിത്രമാണ് തമ്പുരാൻ വരച്ച് കാണിക്കുന്നത്. ഇതിൽ മിക്കവാറും ചെയ്തികളുടേയും കാരണം ഭയമാണെന്ന് ആശങ്കയ്ക്കിടയില്ലാത്ത വണ്ണം പറഞ്ഞ് പോകാനും നോവലിസ്റ്റിന് ആകുന്നുണ്ട്. സ്വപ്നം കാണാൻ ആകാത്തതിന് പോലും കാരണം ഭയമാണെന്ന് വളരെ എളുപ്പം സമർത്ഥിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്.

വായനക്കാരൻ, ചുറ്റുമുള്ള കാര്യങ്ങളിൽ ഇതെല്ലാം ശ്രദ്ധിക്കുന്ന ആളാണെണെങ്കിൽ‌പ്പോലും എഴുത്തുകാരൻ അത് ചിട്ടയോടെ അവതരിപ്പിച്ച് പോകുന്നതോടെ വായനക്കാരനും ഭയത്തിന്റെ പിടിയിലകപ്പെടുന്നു. പത്രപ്രവർത്തകൻ എന്ന നിലയിലുള്ള ഗാഢമായ അറിവും കാഴ്ച്ചപ്പാടുമെല്ലാം, ചരിത്രസംഭവങ്ങൾക്കൊപ്പം യുക്തിക്ക് നിരക്കുന്ന ഭാവനയുമായി, അടയാളമൊന്നും അവശേഷിപ്പിക്കാതെ ഒട്ടിച്ച് ചേർക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.

എന്താണ് മതമൌലികവാദം ? എന്താണ് തീവ്രവാദം ? എന്താണ് ഭീകരവാദം ? ഏത് ഘട്ടത്തിൽ വെച്ച് ഒരു തിരിച്ചുവിളിയിലൂടെ ഈ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നവരെ രക്ഷിച്ചെടുക്കാം, കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏത് നിലയ്ക്കൊക്കെ മുന്നോട്ട് പോകുന്നുണ്ട്, മുംബൈയിൽ അജ്‌മൽ കസബും കൂട്ടരും നടത്തിയ ആക്രമണത്തെ കേരളത്തിലെ ഇപ്പോഴത്തെ മതപരവും സാമൂഹികവുമായ അന്തരീക്ഷവുമായി എങ്ങനെ കൂട്ടിവായിക്കാം എന്നൊക്കെ നോവൽ ഗഹനമായി ചർച്ച ചെയുന്നു.

നോവലും അതിനുള്ളിലെ കുറ്റാന്വേഷണവും അന്ത്യഭാഗത്തിലേക്ക് കടക്കുന്നതോടെ പൊടുന്നനെ സീനുകൾ മാറിമറിയുന്നു. പുതിയ വഴിത്തിരിവുകളും വഴിമാറ്റങ്ങളുമൊക്കെ നിനച്ചിരിക്കാതെ സംഭവിക്കുന്നു. ഒരു കുറ്റാന്വേഷണ കഥയുടെ എല്ലാ പിരിമുറുക്കങ്ങൾക്കുമൊപ്പം സ്വന്തം നാടിന്റെ ഗതി ഇങ്ങനല്ലേ, ഇങ്ങനെ തന്നെയല്ലേ ആകാൻ പോകുന്നതെന്ന ചിന്ത ഓരോ വായനക്കാരനും സ്വയം ചോദിച്ച് തുടങ്ങിക്കഴിഞ്ഞിരിക്കും. കാശ്മീരിന്റേയും കേരളത്തിന്റേയും ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകൾ എടുത്ത് പറഞ്ഞ്, സ്വതന്ത്രഭാരതത്തിന് മുൻപ് എന്തായിരുന്നു കാശ്മീർ എന്നും, എപ്പോൾ മുതൽ അവിടെ അശാന്തിയുടെ വേരോട്ടമുണ്ടായെന്നും പറയുന്നതിനൊപ്പം, കേരളത്തെ എത്തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കാം, കേരളത്തിൽകൂടെ ആ ശ്രമം വിജയിച്ചാൽപ്പിന്നെ രാജ്യത്തിന്റെ സ്ഥിതി എന്താകും എന്ന ഭീതിജനകമായ ചിന്തകൾ മുന്നിലേക്ക് ഇട്ടുതന്ന് ഗംഭീരമായ പരിണാമഗുപ്തിയോടെയാണ് നോവൽ അവസാനിക്കുന്നത്.

ഈ നോവൽ അവശ്യം വായിച്ചിരിക്കേണ്ടത് രാജ്യസുരക്ഷയുടെ ചുമതലയുള്ളവരാണ്. ഒരു ജേർണലിസ്റ്റിന്റെ ഏറെ നാളായിട്ടുള്ള പഠനത്തിന്റെ ഫലം നോവലായാണ് പുറത്ത് വന്നിരിക്കുന്നതെങ്കിലും ഇതിൽപ്പറയുന്ന കാര്യങ്ങളിൽ അതിഭാവുകത്വമൊന്നും ദർശിക്കാനാവില്ല. യാഥാർത്ഥ്യം ഇതുതന്നെ ആണെങ്കിൽ, രക്ഷപ്പെടുത്തിയെടുക്കാൻ ഒരു അവസാന മാർഗ്ഗം കൂടെ ഉണ്ടെങ്കിൽ, ഒന്ന് ശ്രമിച്ചു നോക്കിക്കോളൂ എന്നൊരു മുന്നറിയിപ്പ് കൂടെയാണ് ഭയങ്കരാമുടി.

“ഈ നോവൽ അൽ‌പ്പം പോലും എന്നെ സന്തോഷിപ്പിക്കുന്നില്ല“ എന്നാണ് എറണാകുളം പ്രസ്സ് ക്ളബ്ബിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശ്രീ.ബെന്യാമിൻ പറഞ്ഞത്. ദുഃഖം സന്തോഷം ഹാസ്യം എന്നിങ്ങനെ പലപല വികാരങ്ങൾക്ക് മേൽ ഭയത്തിന്റെ മേൽക്കോയ്മ നോവലിൽ ഉടനീളം ഉള്ളതുകൊണ്ടുള്ള കൃത്യമായ വിധിയെഴുത്തായിരുന്നു അത്.

ചരിത്രത്തോട് ഈയിടെയായി കാണിക്കുന്ന താൽ‌പ്പര്യക്കൂടുതൽ കൊണ്ടാകാം ഫിക്ഷനും ചരിത്രവും കോർത്തെടുക്കുന്ന രചനകൾ എന്നെയേറെ ആകർഷിക്കുന്നത്. പക്ഷെ ചരിത്രത്തോട് താൽ‌പ്പര്യമില്ലെങ്കിലും ജനിച്ച നാടിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും നല്ലൊരു വായനയാണ് ഭയങ്കരാമുടി സമ്മാനിക്കുന്നത്.

വാൽക്കഷണം :- ടിപ്പുസുൽത്താൻ ഉണ്ണിയാർച്ചയെ അടിച്ചോണ്ട് പോയെന്ന്, ചരിത്രത്തിൽ എവിടെയാണ് പറയുന്നതെന്ന് കൂടുതൽ വിശദമായി അറിയണമെന്ന് ആർക്കും തോന്നാതിരിക്കില്ല. എവിടെയോ ഒരു പരാമർശമുണ്ടെന്നും, അത് തമ്പുരാന്റെ ഭാവനയല്ലെന്നും ഞാൻ വിശ്വസിക്കുന്നു. ഭയങ്കരാ‍മുടി എന്നൊരു സ്ഥലം കേരളത്തിൽ ഉണ്ടെന്നുള്ളതും പുതിയ അറിവ്.

Wednesday 19 March 2014

വാർത്തേം കമന്റും - പരമ്പര 6

വാർത്ത 1 :- റോയൽറ്റിക്കും കോപ്പിറൈറ്റിനും ആദായ നികുതി ഇളവ്.
കമന്റ് :‌- ഇതറിഞ്ഞ ശേഷം അക്ഷരാഭ്യാസം ഇല്ലാത്തവരും ആത്മകഥ എഴുതിത്തുടങ്ങിയെന്ന് പ്രമുഖ പ്രസാധകർ.

*************

വാർത്ത 2 :- നേതാക്കൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തണമെന്ന് പി.സി.ജോർജ്ജ്.
കമന്റ് :- തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മത്യോ അതോ..... പോകാൻ വരട്ടെ....കഴിഞ്ഞില്ല, ചീഫ് വിപ്പിന്റെ കാര്യത്തിലും ഇത് ബാധകമാണോ ആവോ ?

*************

വാർത്ത 3 :- നല്ല സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ നോട്ട ഉപയോഗിക്കൂ - അണ്ണാ ഹസാരെ.
കമന്റ് :- നോട്ട് ദ നോട്ട പോയന്റ്.

*************

വാർത്ത 4 :- എന്റെ വാചകം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു.
കമന്റ് :- സംസാരിക്കുമ്പോൾ നീട്ടിവലിച്ച് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതുകൊണ്ടാണ് വളച്ചൊടിക്കാനുള്ള സൌകര്യം കിട്ടിയതെന്ന് മാദ്ധ്യമങ്ങൾ.

*************

വാർത്ത 5 :- അനുയോജ്യയായ പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കും - രാഹുൽ ഗാന്ധി.
കമന്റ് :- ഇന്നാട്ടിലെങ്ങും കണ്ടെത്താൻ സാദ്ധ്യതയില്ല. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന് അറിയാമ്മേലേ ?

*************

വാർത്ത 6 :- മന്ത്രി പ്രഖ്യാപിച്ച 125 ദിവസം കഴിഞ്ഞു. കണമലയിൽ പാലം പൂർത്തിയായില്ല.
കമന്റ് :- പാലത്തിൽ വെക്കാനുള്ള മന്ത്രിയുടെ ഫ്ലക്സ് ബോർഡ് തയ്യാറായിട്ട് 100 ദിവസം കഴിഞ്ഞെന്ന് നാട്ടുകാർ.

*************
വാർത്ത 7 :- ചിലർ കരുണാനിധിയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല - അഴഗിരി.
കമന്റ് :- വീൽ ചെയറിന്റെ കാര്യമാകും അഴകിരി അണ്ണൻ പറഞ്ഞത്.

*************

വാർത്ത 8 :- ഗുരുത്വാകർഷണ തരംഗം കണ്ടെത്തി.
കമന്റ് :- പാർലിമെന്റ് തിരഞ്ഞെടുപ്പിന് ഈ തരംഗം പ്രയോജനപ്പെടുത്താൻ പറ്റുമോ എന്ന് ചില പാർട്ടിക്കാർ ശാസ്ത്രജ്ഞരോട്.

*************.

വാർത്ത 9 :- കെ.വി.തോമസ്സിന്റെ കൈയ്യിൽ 25,000 രൂപ മാത്രം.
കമന്റ് :- പ്രൊഫസർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുകയിൽ ബാക്കിയുള്ളതാണെന്ന് പൂർവ്വ വിദ്യാർത്ഥികൾ.

*************

വാർത്ത 10 :- ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം മാനേജരും ഏറ്റുമുട്ടി.
കമന്റ് :- അതങ്ങനെ തന്നെ വേണമല്ലോ ? യാദവകുലം തന്നെ ഇല്ലാതായത് പരസ്പരം ഏറ്റുമുട്ടിയാണല്ലോ !

*************

Wednesday 12 March 2014

വാർത്തേം കമന്റും - ‪പരമ്പര‬ 5

വാർത്ത 1:- ഇടുക്കിയിൽ വൻ സ്വർണ്ണവേട്ട
കമന്റ് :- ഇടുക്കി ഗോൾഡൊന്നും അല്ല. ഇത് സാക്ഷാൽ കരിപ്പൂർ ഗോൾഡ്.

*************************************

വാർത്ത 2 :- മത്സരം പ്രസിദ്ധിക്ക് വേണ്ടിയല്ല, ജീവിതത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണെന്ന് ഇന്നസെന്റ്.
കമന്റ് :- ഇതുവരെ ആർക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നും എം.പി.ആയാലേ ചെയ്യാൻ പറ്റൂ എന്നാണോ പറഞ്ഞ് വരുന്നത് ?

*************************************

വാർത്ത 3:- എം.പിമാർ എം.എൽ.എ.മാർ എന്നിവർ ഉൾപ്പെട്ട ക്രിമിനൽ-അഴിമതി കേസുകൾ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം.
കമന്റ് :- ബാക്കി കേസുകളൊക്കെ അവിടെത്തന്നെ നിൽക്കട്ടെ. ഇതൊക്കെ പെട്ടെന്ന് തീർപ്പാക്കിയിട്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ളതാ.

*************************************

വാർത്ത 4:- ഇന്നസെന്റ് ജയിച്ചാൽ പാർലിമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കും.- സത്യൻ അന്തിക്കാട്.
കമന്റ് :- പ്രകടനം കോമഡിയാണോ ട്രാജഡിയാണോ എന്ന് വ്യക്തമാക്കിയാൽ കൊള്ളാം.

*************************************

വാർത്ത 5 :- മലപ്പുറത്ത് ഇ-അഹമ്മദ് തന്നെ ലീഗ് സ്ഥാനാർത്ഥി.
കമന്റ് :- ഇപ്രാവശ്യം അഥവാ ജയിച്ചാലും കേന്ദ്രമന്ത്രിയൊന്നും ആകില്ലെന്നും, അതുകൊണ്ട് മുഴുവൻ സമയം മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളുമായി ഉണ്ടാകുമെന്നും പിന്നാമ്പുറ സംസാരം.

*************************************

വാർത്ത 6:- തനിക്ക് സീറ്റ് വേണ്ട, മകന് സീറ്റ് നൽകണമെന്ന് പി.ചിദംബരം.
കമന്റ് :- അച്ഛൻ ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് പ്ലാസ്റ്റിക്ക് സർജറിയിലൂടെ മകനിലേക്ക് മാറ്റാവുന്നതല്ലേയുള്ളൂ.

*************************************

വാർത്ത 7 :- പോളിങ്ങ് സമയം കൂട്ടാൻ കമ്മീഷൻ ആലോചിക്കുന്നു.
കമന്റ് :- കഴിഞ്ഞ പ്രാവശ്യം നാണിത്തള്ളയെ ചീങ്കണ്ണിത്തുരുത്തിൽ നിന്ന് കസേരയിലിരുത്തി കൊണ്ടുവന്നപ്പോഴേക്കും ഇലക്ഷൻ റിസൽറ്റ് പുറത്തുവന്നതുകൊണ്ടാണ് പുതിയ നടപടിയെന്ന് ചീങ്കണ്ണിത്തുരുത്ത് നിവാസികൾ.

*************************************

വാർത്ത 8 :- വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ് എത്തി.
കമന്റ് :- അടുത്ത സത്യൻ അന്തിക്കാട് സിനിമയിൽ വെള്ളാപ്പള്ളിക്ക് ഒരു റോൾ ഉണ്ടെന്ന് അറിയിക്കാൻ സത്യന്റെ പ്രതിനിധിയായാണ് എത്തിയതെന്നും വേറെ ഒരു കാര്യവും സംസാരിച്ചില്ലെന്നും കൂടെ പോയവർ.

*************************************

വാർത്ത 9:- കൊല്ലത്ത് പ്രേമചന്ദ്രൻ പാട്ടും പാടി ജയിക്കും - ബാലകൃഷ്ണപ്പിള്ള.
കമന്റ് :- “ വോട്ട്..., തിരഞ്ഞെടുപ്പടുക്കുമ്പോൾ വിലയുള്ള ചീട്ട്...” - ആ പാട്ടാണോ ?

*************************************

വാർത്ത 10:- പഞ്ചായത്ത് രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച്, പാർട്ടിക്കാർ വോട്ട് ചോദിച്ച് വരരുത് എന്ന് നടവയൽ നിവാസികൾ.
കമന്റ് :- തൊഴിൽ നിഷേധത്തിനെതിരെ പാർട്ടിക്കാർ കോടതിയെ സമീപിക്കാൻ സാദ്ധ്യത.

*************************************

Sunday 9 March 2014

പൊതുജന സേവനം !!

1. ആർ.എസ്.പി.മുന്നണി വിട്ടു. കൊല്ലത്ത് ആരുടേയും സഹായം സ്വീകരിക്കും.

2. ബി.ജെ.പി. 58 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സുഷമ സ്വരാജ് ഇറങ്ങിപ്പോയി.

3. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം - അമ്മയിൽ മുറുമുറുപ്പ്.

4. ഇടഞ്ഞ ആർ.എസ്.പി.യെ കോട്ടയം നൽകി തണുപ്പിക്കാൻ ശ്രമം.

5. എസ്.ജെ.ഡി.ക്ക് സീറ്റ് നൽകുന്നതിനെതിരെ പാലക്കാട് പോസ്റ്ററുകൾ.

6. യു.ഡി.എഫ്.നെതിരെ പിള്ള. - പാർട്ടിയെ അവഗണിച്ചതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ കാണാം.

7. ഇ.അഹമ്മദിന്റെ സ്ഥാനാർത്ഥിത്വം - ലീഗ് ആശയക്കുഴപ്പത്തിൽ.

8. കൊല്ലത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയാകാൻ തയ്യാർ - ജഗദീഷ്.

9. തമിഴ്‌നാട്ടിൽ ബി.ജെ.പി - വിജയകാന്ത് സഖ്യം.

10. എൽ.ഡി.എഫുമായി ചർച്ച തുടങ്ങി - ഗൌരിയമ്മ.

11. എസ്.ജെ.ഡി - കോൺഗ്രസ്സ് സീറ്റ് ചർച്ചയിൽ തീരുമാനമായില്ല.

12. നിലപാട് കടുപ്പിച്ച് കെ.എം.മാണി - ഇടുക്കി സീറ്റിനേക്കാൾ പ്രധാനം കസ്തൂരിരംഗൻ.

13. ഒഡീഷ പ്രതിപക്ഷ നേതാവ്(കോൺഗ്രസ്സ്) ബി.ജെ.ഡി.യിൽ.

14. സോഷ്യലിസ്റ്റ് ജനതയുമായി ധാരണയായില്ല. തിങ്കളാഴ്ച്ച വീണ്ടും ചർച്ച.

15. പി.സി.തോമസ് വിഭാഗം സീറ്റ് ചോദിച്ചു.

ഇതൊക്കെ എന്തിനാണെന്ന് മനസ്സിലായോ ? പൊതുജനത്തെ സേവിക്കാൻ. സേവിച്ച്, സേവിച്ച് പുരോഗമിപ്പിച്ച്, തേനും പാലും ഒഴുക്കി, സ്വർഗ്ഗരാജ്യം പൂകിക്കാൻ. അതിനിടയ്ക്ക് ക്ഷീണിച്ച് അവശരാകുമ്പോ‍ൾ അൽ‌പ്പനേരം ഇരിക്കാനായി ഒരു കസേര സംഘടിപ്പിക്കാൻ പാടില്ലേ ? പക്ഷെ, പൊതുജനമുണ്ടോ പാവപ്പെട്ട ഈ സേവകരുടെ കഷ്ടപ്പാടുകൾ വല്ലതും മനസ്സിലാകുന്നു!! കൈയ്യിൽ ഇത്തിരി മഷി തേച്ച് വരുമെന്നല്ലാതെ, ഈ ജനസേവകർ പിന്നൊരു അഞ്ച് കൊല്ലം പെടുന്ന പാട് വെല്ലതും നിങ്ങൾക്കറിയുമോ കഴുതകളേ ?

Saturday 8 March 2014

വാർത്തേം കമന്റും - പരമ്പര 4

വാർത്ത 1 :- സി.പി.എം.കരട് സ്ഥാനാർത്ഥിപ്പട്ടികയായി.
കമന്റ് :- സ്ഥാനാർത്ഥികൾ ജനങ്ങളുടെ കണ്ണിലെ കരടാകാതിരുന്നാൽ മത്യായിരുന്നു.

*********************************

വാർത്ത 2 :- ഷീല ദീക്ഷിത്ത് പുതിയ കേരള ഗവർണ്ണർ.
കമന്റ് :- ജയിച്ചാൽ മുഖ്യമന്ത്രി, തോറ്റാൽ ഗവർണ്ണർ.

*********************************

വാർത്ത 3 :- മന്ത്രിയുടെ കൂടുവിട്ട് കൂടുമാറ്റം വിസ്മയമായി.
കമന്റ് :- ഒരു മന്ത്രിയെ ആദ്യായിട്ട് കാണുന്നവരെപ്പറ്റിയുള്ള വാർത്തയാണ്.

*********************************

വാർത്ത 4 :- ഫേസ്ബുക്ക് നിരോധിക്കുമെന്ന് തുർക്കി പ്രധാനമന്ത്രി, ഇല്ലെന്ന് പ്രസിഡന്റ്.
കമന്റ് :- പ്രസിഡന്റിന് 10,000 ലൈക്കും, 3000 ഷെയറും. പ്രധാനമന്ത്രിയെ ബ്ലോക്കി.

*********************************

വാർത്ത 5 :- ദ്രാവക രൂപത്തിലുള്ള സ്വർണ്ണക്കള്ളക്കടത്ത് പിടിച്ചു.
കമന്റ് :- പൊലീസുകാർ രക്ഷപ്പെട്ടു. ഇനി മുതൽ രണ്ടാഴ്ച്ചക്കാലമൊന്നും കക്കൂസിന് കാവൽ നിൽക്കേണ്ടി വരില്ലല്ലോ.

*********************************

വാർത്ത 6 :- ഇനിയുള്ള ജീവിതം സാമൂഹ്യസേവനത്തിന് - ഇന്നസെന്റ്
കമന്റ് :‌- സിനിമയെന്ന് പറയണ പോലത്തെ ഇത്രേം കൂതറ പരിപാടി വേറെയില്ലെന്ന് പറയാഞ്ഞത് ഭാഗ്യം.

*********************************

വാർത്ത 7:- രാഷ്ട്രീയത്തിലിറങ്ങിയാൽ സിനിമ മാറ്റിവെക്കും - ജഗദീഷ്.
കമന്റ് :- മാറ്റിവെക്കാനായിട്ട്, അവസാനം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് വല്ല ഓർമ്മയുമുണ്ടോ ?

*********************************

വാർത്ത 8:- ഇടത് സ്ഥാനാർത്ഥിയാകാൻ പീലിപ്പോസ് തോമസ് കോൺഗ്രസ്സ് വിട്ടു.
കമന്റ് :- ഇടതായാലും വലതായാലും ജനത്തെ തോൽ‌പ്പിച്ചാൽ പോരേ ?

*********************************

വാർത്ത 9:- ജില്ലയിൽ പതിമൂന്ന് മാതൃകാ കള്ളുഷാപ്പുകൾ തുടങ്ങുന്നു.
കമന്റ് :- ക്യൂ നിൽക്കുന്നതടക്കം, മാതൃക കാണിക്കാനും പഠിപ്പിക്കാനും ഈ ഒരു സാധനമെങ്കിലും ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.

*********************************

വാർത്ത 10:- അഴിമതി പ്രശ്നങ്ങൾക്ക് നേരെ ബി.ജെ.പി.സർക്കാരുകൾ കണ്ണടയ്ക്കുകയാണെന്ന് രാഹുൽ ഗാന്ധി.
കമന്റ് :- നമ്മുടെ ഒരു സ്ത്രീ ഉണ്ടല്ലോ...? അയ്യോ..പേര് മറന്നു.... ‘വേ‘ എന്നുവെച്ച് തുടങ്ങുന്ന ഒരു പേരായിരുന്നു. നാവിന്റെ തുമ്പത്തിരിപ്പുണ്ട്. ങ് ഹാ , പേരെന്തുമാകട്ടെ... അവരുടെ ചാരിത്ര്യപ്രസംഗം പോലുണ്ട്.


********************************

Tuesday 4 March 2014

വാർത്തേം കമന്റും - പരമ്പര 3

വാർത്ത 1:- ശബരിമലക്കാട് പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തിപ്പെടുത്തും.
കമന്റ് :- ഈ സംസ്ഥാനത്തുള്ളവർ എല്ലാം തികഞ്ഞവരായതുകൊണ്ട് ഇവിടെ പ്രചരണത്തിന്റെ ആവശ്യമില്ലെന്ന് വിദഗ്ദ്ധർ !

*********************************

വാർത്ത 2:- ജീവിതത്തിൽ ഇതുവരെ സരിതയെ നേരിട്ട് കണ്ടിട്ടില്ല - അബ്ദുള്ളക്കുട്ടി.
കമന്റ് :- ഒരു നോക്ക് കാണാൻ വേണ്ടിയായിരിക്കും മസ്ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്.

*********************************

വാർത്ത 3:- നായരുടെ ആദിമാതാവ് പുലയി.
കമന്റ് :- ആദിനായരുടെ മാതാവിനെ പുലയിപ്പോപ്പ് മാതാവ് എന്ന് വിളിക്കാമോ ?

*********************************

വാർത്ത 4:- കോഴി വളർത്തലിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടണം - കെ.എം.മാണി.
കമന്റ് :- ബാക്കി എല്ലാം തികഞ്ഞിരിക്കുകയാണല്ലോ ?

*********************************

വാർത്ത 5:- ജയ്പ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണ ബിസ്ക്കറ്റ് പിടിച്ചു.
കമന്റ് :- കരിപ്പൂർ വിമാനത്താവളം ജയ്പ്പൂരിലേക്ക് മാറ്റിയോ ?

*********************************

വാർത്ത 6:- ഏറ്റവും വലിയ സ്വർണ്ണ വിപണി എന്ന പദവി ഇന്ത്യയിൽ നിന്നും ചൈന പിടിച്ചെടുത്തു.
കമന്റ് :- ഓ വല്യ കാര്യമായിപ്പോയി. ഞങ്ങൾടെ ഏതെങ്കിലും ഒരു ജില്ലയിലുള്ള പെണ്ണുങ്ങൾ വിചാരിച്ചാൽ അതിങ്ങ് തിരികെ പിടിച്ചെടുക്കാൻ ഒരാഴ്ച്ച മതി.

*********************************

വാർത്ത 7 :- അഴിമതിക്കാർക്കും കഴിവില്ലാത്തവർക്കും സീറ്റ് കൊടുക്കരുത് - കെ.എസ്.യു.
കമന്റ് :- ഇപ്രാവശ്യം ആരും മത്സരിക്കണ്ട എന്നങ്ങ് പറഞ്ഞാപ്പോരേ ?

*********************************

വാർത്ത 8:- മെട്രോ റെയിൽ പൂർത്തിയാകാൻ വൈകും - ഇ.ശ്രീധരൻ
കമന്റ് :- ശ്രീധരൻ സാർ ഒഴികെയുള്ള മലയാളികൾക്കൊക്കെ ഇത് ഒന്നാം ദിവസം തന്നെ അറിയാമായിരുന്നു. സാറ് വിഷമിക്കണ്ടാന്ന് കരുതി ഞങ്ങളാരും പറഞ്ഞില്ലെന്നേയുള്ളൂ.

*********************************

വാർത്ത 9:- ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഇന്ത്യയും.
കമന്റ് :- എത്രാം സ്ഥാനമാണെന്ന് കൂടെ അറിഞ്ഞാൽ കൊള്ളാം.

*********************************

വാർത്ത 10:- കൂടുതൽ മലയാളികൾ സിവിൽ സർവ്വീസിലേക്ക് വരണം. - കെ.എം.ചന്ദ്രശേഖരൻ.
കമന്റ് :- ഞങ്ങൾക്ക് താൽ‌പ്പര്യമില്ലാഞ്ഞിട്ടല്ല. പക്ഷെ ചില പരീക്ഷകൾ പാസ്സാകണമത്രേ. ഓരോരോ പുത്യേ നിയമങ്ങളേയ്.


********************************* 

Monday 3 March 2014

മാദ്ധ്യമങ്ങളോട് ..



ർബാർ ഹാൾ മൈതാനത്ത് നടന്ന രവീന്ദ്രസംഗീത സന്ധ്യ തന്നെ ആയിരിക്കും സംസ്ഥാനത്ത് ഇന്നലെ നടന്ന ഏറ്റവും വലിയ കലാപരിപാടി എന്ന് തോന്നുന്നു. വൈകിയവേളയിലാണെങ്കിലും ടിക്കറ്റ് സംഘടിപ്പിച്ച് ജീവിതത്തിൽ ഇനിയൊരിക്കലും കിട്ടാൻ സാദ്ധ്യതയില്ലാത്ത ആ അപൂർവ്വ കലാവിരുന്ന് ഞാനും ആസ്വദിച്ചു. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ സർവ്വശ്രീ.യേശുദാസ്, ചിത്ര, ഉണ്ണി മേനോൻ, എം.ജി.ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ലതിക, ബിജു നാരായണൻ, വിധു പ്രതാപ്, അഫ്സൽ, മഞ്ജരി, സുജാത, ശ്വേത, വിജയ് യേശുദാസ്, എന്നിങ്ങനെയുള്ള നിരവധി പ്രശസ്ത ഗായകർ ആലപിച്ചു. സിനിമാ സംവിധായകരും, സംഗീത സംവിധായകരും, ഗാനരചയിതാക്കളും നടന്മാരും നടിമാരുമൊക്കെയായി സിനിമാ രംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഗാനങ്ങൾ അവതരിപ്പിച്ചുകൊണ്ടും രവീന്ദ്രൻ മാഷുമായി അവർക്കുണ്ടായിരുന്ന ആത്മബന്ധം വെളിപ്പെടുത്തിക്കൊണ്ടും സ്റ്റേജിൽ വന്നു. ഒരുപാട് വികാരതീവ്രമായ രംഗങ്ങൾ നിറഞ്ഞതായിരുന്നു ആ വേദി.

ഇന്ന് മാദ്ധ്യമങ്ങളിലൊക്കെ വിശദമായി ഇതിന്റെ റിപ്പോർട്ട് വന്നിട്ടുണ്ട്. മഴവിൽ മനോരമ ചാനലിൽ വരുന്ന ദിവസങ്ങളിൽ ഈ പരിപാടി തുടരനായി പ്രക്ഷേപണവും ഉണ്ടാകാതിരിക്കില്ല. ‘താരകേ മിഴിയിതളിൽ കണ്ണീരുമായ് ‘ എന്ന ആദ്യഗാനത്തിൽ നിന്ന് തുടങ്ങി രവീന്ദ്രൻ മാഷിന്റേതാണെന്ന് അറിയില്ലായിരുന്ന എത്രയോ ഗാനങ്ങൾ പ്രിയ ഗായകരുടെ ശബ്ദത്തിൽ നേരിട്ട് കേൾക്കാനായതിന്റെ സന്തോഷം ഒരുപാടുണ്ടെനിക്ക്. 9 വർഷം മുൻപ് അന്തരിച്ച് പോയ ആ അതുല്യ സംഗീത പ്രതിഭയോടുള്ള എല്ലാ ആദരവും സംഗീതലോകത്തോടൊപ്പം ഞാനും പ്രകടിപ്പിക്കുന്നു.



അതോടൊപ്പം ഇതെന്റെയൊരു വിയോജനക്കുറിപ്പ് കൂടെയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ (ഫെബ്രു28,മാർച്ച്1,മാർച്ച്2) എറണാകുളം ജില്ലയിലെ ഗോതുരുത്ത് എന്ന സ്ഥലത്ത് കേരള സംഗീതനാടക അക്കാഡമിക്ക് വേണ്ടി ചവിട്ടുനാടകം ഡോക്യുമെന്റേഷൻ നടന്നു. മാർച്ച് 1ന് ആഞ്ജലിക്ക, ജ്ഞാനസുന്ദരി എന്നീ ചവിട്ടുനാടകങ്ങൾ അവതരിക്കപ്പെട്ടു. അന്യം നിന്ന് പോയേക്കാമായിരുന്ന ഒരു കലയാണ് ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നത്. സംഗീത നാടക അക്കാഡമിയുടെ അർക്കൈവ്സിൽ ഇതുവരെ ചവിട്ടുനാടകം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വീഡിയോ ക്യാമറകളുടേയും സ്റ്റിൽ ക്യാമറകളുടേയും സാങ്കേതികവിദഗ്ദ്ധന്മാരുടേയുമൊക്കെ വൻ സന്നാഹമുണ്ടായിരുന്നു ഈ കലാരൂപം റെക്കോഡ് ചെയ്യാൻ വേണ്ടി. ഷാജി എൻ കരുൺ, സജിത മഠത്തിൽ, എന്നുതുടങ്ങി കേന്ദ്രമന്ത്രിമാരുടെ വരെ സാന്നിദ്ധ്യമുണ്ടായിരുന്നു ഈ പരിപാടിയിൽ.

കഴിഞ്ഞ രണ്ട് വർഷമായി സ്ക്കൂൾ യുവജനോത്സവങ്ങളിൽ ഒരു മത്സരയിനമാണ് ചവിട്ടുനാടകം. അങ്ങനെയങ്ങനെ കേരള ചരിത്രത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒരു കലാരൂപം അവതരിക്കപ്പെട്ടപ്പോൾ എത്ര മാദ്ധ്യമങ്ങൾ അതിന് വേണ്ട പ്രാധാന്യത്തോടെ വാർത്ത കൊടുത്തു ? എത്ര പത്രങ്ങളിൽ അതിന്റെ റിപ്പോർട്ട് വന്നു. എത്ര ചാനലുകളിൽ അതിന്റെ ക്ലിപ്പിങ്ങുകൾ വന്നു ? ഒറ്റപ്പെട്ട ഏതെങ്കിലും വാർത്തകൾ ഉണ്ടായിരുന്നേക്കാം. പക്ഷെ നൽകേണ്ട പ്രാധാന്യത്തോടെ ഈ വിഷയം വാർത്തയാക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ചവിട്ട് നാടകത്തിന്റെ കാര്യങ്ങളൊക്കെ അതിന്റേതായ പ്രാധാന്യത്തോടെ വാർത്തയാക്കണമെങ്കിൽ, മലയാളത്തിൽ സിനിമ എന്നൊരു കലാരൂപം ഉണ്ടാകുന്നതിനും 300ൽ‌പ്പരം വർഷങ്ങൾക്ക് മുൻപത്തെ കേരള ചരിത്രം അറിയണം. ആ ചരിത്രത്തിൽ ഉദയം പേരൂർ സുനഹദോസിന്റെ പ്രാധാന്യമെന്താണെന്ന് അറിയണം. ചവിട്ടുനാടകത്തിന്റെ ഉത്ഭവവും സുനഹദോസുമായുള്ള ബന്ധം അറിയണം. ഇതെല്ലാം അറിഞ്ഞില്ലെങ്കിലും അറിയാനുള്ള താൽ‌പ്പര്യമെങ്കിലും കാണിക്കണം.



ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് Run Miles to Bring Smiles എന്ന പേരിൽ 8 കിലോമീറ്റർ ഓട്ടം നടന്നത് രവീന്ദ്രസംഗീതസന്ധ്യ നടന്ന അതേ ദർബാർ ഹാൾ മൈതാനത്തുനിന്നാണ്. ആ പരിപാടിയിൽ നിന്ന് ഉണ്ടായ വരുമാനവും അതിലെ വിജയികൾക്ക് കിട്ടിയ സമ്മാനത്തുകയും എല്ലാം ചേർത്ത് 6.9 ലക്ഷം രൂപ ഡോ:വി.പി.ഗംഗാധരന്റെ ക്യാൻസർ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകുകയുണ്ടായി. ഇതിപ്പോൾ രണ്ടാമത്തെ വർഷമാണ് ഈ പരിപാടി നടക്കുന്നത്. 2350 പേരോളം നഗരത്തിലൂടെ 8 കിലോമീറ്റർ ഓടിയത് വാർത്താമാദ്ധ്യമങ്ങളൊന്നും അറിഞ്ഞില്ലെന്നാണോ ? അറിഞ്ഞെങ്കിൽത്തന്നെ ഈ സംഭവം എത്രത്തോളം പ്രാധാന്യത്തോടെ വാർത്തയായി വന്നു? ഒന്നോ രണ്ടോ ഇംഗ്ല്ലീഷ് പത്രങ്ങളാണ് അൽ‌പ്പമെങ്കിലും ശ്രദ്ധപതിപ്പിച്ചത്.

ജയിലിൽ നിന്നിറങ്ങിയ സരിതയെ വക്കീലിന്റെ വീട്ടിലെ ടോയ്ലറ്റിന്റെ വാതിലുവരെ പിൻ‌തുടരണ്ട എന്നല്ല പറഞ്ഞത്. അത് കാണാൻ ആവശ്യക്കാർ ഏറെയുണ്ടെങ്കിൽ അങ്ങനെ തന്നെ ആയിക്കോളൂ. ആൾദൈവങ്ങളുടെ രോഷാഗ്നിയിൽ ചാമ്പലാകുമെന്നുള്ള ഭയമുണ്ടെങ്കിൽ അവർക്കെതിരെ മൌനം പാലിച്ചോളൂ. പക്ഷെ അതോടൊപ്പം ആർക്കും ചേതമില്ലാത്ത, ചിലർക്കെങ്കിലും താൽ‌പ്പര്യമുള്ള ഒരുപാട് വിഷയങ്ങൾ നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. സെൻസേഷണൽ അല്ലാത്തതുകൊണ്ട് ശ്രദ്ധിക്കാതിരിക്കരുത്. പത്രമാപ്പീസിൽ നിങ്ങൾക്ക് അച്ചടിക്കാൻ പാകത്തിന് ഉരുളയുരുട്ടി കൊണ്ടുത്തരാത്തതുകൊണ്ട് വാർത്തയാക്കാതിരിക്കരുത്.

നിങ്ങളിങ്ങനെ തുടങ്ങിയാൽ, ഈ നാട്ടിൽ നടക്കുന്നതും വാർത്തയാക്കപ്പെടാതെ പോകുന്നതുമായ പ്രധാന സംഭവങ്ങളും വിശേഷങ്ങളും എഡിറ്ററില്ലാത്ത മാദ്ധ്യമത്തിലെ വായനക്കാരായ പ്രജകൾ തന്നെ ഏറ്റെടുത്ത് വാർത്തയാക്കേണ്ടി വരും. നേരോടെയും നെറിയോടെയും നിർഭയത്തോടെവും നേരത്തേയും വാർത്തകൾ അറിയാൻ നിങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ജനങ്ങൾക്കുണ്ടാകില്ല എന്നുവെച്ചാൽ അത് നിങ്ങളുടെ പരാജയമാണെന്ന് തിരിച്ചറിയുമല്ലോ ? അൽ‌പ്പം പോലും വൈകിയിട്ടില്ല. അറിഞ്ഞ് പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നു.

Friday 28 February 2014

വാർത്തേം കമന്റും - പരമ്പര 2

വാർത്ത 1:- ഗുണനിലവാരമുള്ള പൈപ്പ് വെള്ളം 7 വർഷത്തിനകം - ഉമ്മൻ ചാണ്ടി.
കമന്റ് :- ഇത്രേം നാള് കുടിച്ചതിനെ കോളീഫോം എന്ന് ഇംഗ്ലീഷിലും അമേധ്യം എന്ന് മലയാളത്തിലും പറയും.

*************************

വാർത്ത 2
:- ടർക്കി പാർലമെന്റിൽ കയ്യാങ്കളി.
കമന്റ് :- കുരുമുളക് പൊടി എന്ന് കേട്ടിട്ടില്ലാത്ത കണ്ട്രി ഫെല്ലോസ്.

*************************

വാർത്ത 3:- തെറ്റുകൾക്ക് മാപ്പ് പറയാം. ഒരവസരം തരൂ - മുസ്ലീം ജനതയോട് ബി.ജെ.പി.
കമന്റ് :- ശരി സമ്മതിച്ചു. ഒരവസരം തന്നിരിക്കുന്നു. മാപ്പ് പറഞ്ഞോളൂ.

*************************

വാർത്ത 4:- നാല് വർഷമായി ശമ്പളമില്ല. അദ്ധ്യാപകർ നിഷേധവോട്ട് ചെയ്യും.
കമന്റ്:- ഇത്രേം നാളും ഈ സാധനം പൂഴ്ത്തി വെച്ചതിന്റെ ഗുട്ടൻസ് ഇപ്പ പുടി കിട്ടിയാ ?

*************************

വാർത്ത 5:- മുട്ടയല്ല കോഴിയാണ് ആദ്യമുണ്ടായതെന്ന് ശാസ്ത്രലോകം.
കമന്റ് :- തീരുമാനമായ സ്ഥിതിക്ക് ഇനി മുതൽ കോഴി ബിരിയാണിക്ക് ഒപ്പം വെക്കുന്ന മുട്ട ഒഴിവാക്കുന്നതാണ്.

*************************

വാർത്ത 6:- ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല - അമീർഖാൻ
കമന്റ് :- ഒറ്റക്കുഴപ്പമേയുള്ളൂ. അരാഷ്ട്രീയവാദി ഖാൻ എന്ന പേര് അവരങ്ങ് ചാർത്തിത്തരും.

*************************

വാർത്ത 7:- ലണ്ടനിലെ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി.
കമന്റ്:- തിരോന്തരത്ത് അടുപ്പ് കൂട്ടാൻ സ്ഥലം തികയാതെ വന്നാൽ‌പ്പിന്നെ എന്തോന്ന് ചെയ്യും ?

*************************

വാർത്ത 8:- കെ‌.എസ്.ആർ.ടി.സി. പണിമുടക്ക് വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ.
കമന്റ്:- അങ്ങനൊരു വെള്ളാന ഇപ്പളും ഒണ്ടാ ?

*************************

വാർത്ത 9:- മാർപ്പാപ്പയ്ക്കായി 10 ലക്ഷം ജപമാല.
കമന്റ് :- ഏത് മാർപ്പാപ്പയ്ക്ക് ? ഒന്ന് തെളിച്ച് പറ.

*************************

വാർത്ത 10:- സുകുമാരൻ നായർ - സുധീരൻ വിഷയത്തിൽ പ്രതികരിക്കാനില്ല - ചെന്നിത്തല.
കമന്റ്:- താക്കോൽ സ്ഥാനത്ത് ഇരിക്കാനേ പറഞ്ഞിട്ടുള്ളൂ. അതിട്ട് തിരിക്കാൻ പറഞ്ഞിട്ടില്ല.

*************************

Tuesday 25 February 2014

റോഡ് മുറിച്ച് കടക്കുമ്പോൾ...

റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട് പെടുന്നവർ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഒരു സാധാരണ കാഴ്ച്ചയായി മാറിയിരിക്കുന്നു. നഗരത്തിലെ, സ്കൂളുകളും പ്രധാന ജങ്ഷനും അടക്കം പലയിടത്തും ട്രാഫിക്ക് പൊലീസ് നേരിട്ട് നിന്നാണ് റോഡ് കുറുകെ കടക്കാൻ ജനങ്ങളെ സഹായിക്കുന്നത്. സീബ്രാ ക്രോസ്സിങ്ങ് ഉള്ളയിടത്ത് പോലും വാഹനങ്ങൾ കാൽനടക്കാരെ വകവെക്കാതെ ചീറിപ്പായുന്ന സംസ്ക്കാരം പൊടിപൊടിക്കുന്നു. സീബ്രാ ക്രോസിങ്ങിൽ തങ്ങൾക്കാണ് കൂടുതൽ അധികാരം എന്ന് കാൽനടക്കാരും മനസ്സിലാക്കുന്നില്ല. ചിലർക്ക് നമ്മൾ വണ്ടി നിർത്തിക്കൊടുത്താലും അവർ മുന്നോട്ട് നീങ്ങില്ല. നമ്മൾ പോയിട്ടേ അവര് പോകൂ എന്ന നിലപാടാണ്. .ചിലരാകട്ടെ മുക്കാൽ ഭാഗം മുറിച്ച് കടന്ന റോഡ് തിരിച്ച് അപ്പുറത്തേക്ക് കടക്കും, ഒരു വാഹനം ദൂരേന്ന് വരുന്നത് കണ്ടാൽ. അങ്ങനെ പല പല പ്രശ്നങ്ങൾ.

നമ്മൾ ഒരു വാഹനത്തിലാണ് പോകുന്നത്. കാൽനടക്കാരനേക്കാൽ മുന്നേ എന്തായാലും വീടെത്തും, എന്ന ചിന്തയുള്ളതുകൊണ്ട് സീബ്രാ ക്രോസ്സിങ്ങിൽ അല്ലെങ്കിൽ‌പ്പോലും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവർക്കായി വാഹനം നിർത്തിക്കൊടുക്കുന്നത് എന്റെയൊരു പതിവാണ്. അതിനൊരു പ്രത്യേക സുഖം കൂടെയുണ്ട്. അത് പറയാനായിരുന്നു ഇത്രേം നീട്ടിവലിച്ച ഈ മുഖവുര.

എറണാകുളം നഗരത്തിലെ തിരക്കിലൂടെ കാറോടിച്ച് വരുകയായിരുന്നു ഒരു ദിവസം. കിൻ‌കോ ജങ്‌ഷനിലെ സീബ്രാ ക്രോസ്സിങ്ങിൽ എത്തിയപ്പോൾ സുമുഖനായ ഒരാൾ റോഡ് മുറിച്ച് കടക്കാൻ തുടങ്ങുന്നു. ഞാൻ വാഹനം നിറുത്തി. പിന്നെ മൊത്തം തലകൊണ്ടും കൈകൊണ്ടുമൊക്കെയുള്ള ആ‍ശയവിനിമയമായിരുന്നു. താങ്കൾ പൊയ്ക്കോളൂ എന്ന് ഞാൻ. വേണ്ട, ഞാൻ അപ്പുറം കടക്കാൻ തുടങ്ങുന്നതേയുള്ളൂ താങ്കൾ പൊയ്ക്കോളൂ എന്ന് കാൽ‌നടക്കാരൻ. വേണ്ട, സീബ്രാ ക്രോസ്സിങ്ങ് താങ്കളുടെ അധികാര മേഖലയാണ് താങ്കൾ പോകൂ എന്ന മട്ടിൽ ഞാൻ വീണ്ടും. അവസാനം ഞാൻ തന്നെ ജയിച്ചു. അദ്ദേഹം റോഡ് മുറിച്ച് കടന്നു. കൂട്ടത്തിൽ നന്ദി സൂചകമായി കൈ ഉയർത്തി കാണിക്കുകയും ഞാനത് വരവ് വെക്കുകയും ചെയ്തു. അതാണ് ഞാൻ പറഞ്ഞ ആ പ്രത്യേക സുഖം. പക്ഷെ, അതിനേക്കാൾ വലിയ അത്ഭുതവും സുഖവും ഒരു അഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞപ്പോളാണ് എനിക്ക് കിട്ടിയത്.

വീട്ടിലെത്തി വണ്ടി ഒതുക്കിയിട്ട് അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോൾ ഫോണിലേക്കൊരു മെസ്സേജ്......

”മനോജേട്ടാ, താങ്കളെന്നെ ഇപ്പോൾ റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിച്ചു. നന്ദി.” എന്നായിരുന്നു ആ സന്ദേശം. ഞാൻ ശരിക്കും ഞെട്ടി !!

ഇതുവരെ നേരിൽ കാണാത്ത, നേരിൽ സംവദിക്കാത്ത എന്റെ വളരെ അടുത്ത ഒരു ഓൺലൈൻ സുഹൃത്തായിരുന്നു അത്. കേരളം മുഴുക്കെയുള്ള സ്കൂളുകളും അദ്ധ്യാപകരും അദ്ദേഹത്തെ അറിയും എന്നെനിക്കുറപ്പാണ്. (ഞാനായിട്ട് കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഫേസ്ബുക്കിൽ ഈ ലേഖനം വായിച്ച ശേഷം അദ്ദേഹം തന്നെ അവിടെ വന്ന് ഹാജർ വെക്കുകയുണ്ടായി.) ഒരുപാട് സന്തോഷം തന്ന ഒരു മെസ്സേജായിരുന്നു അത്. നേരിൽ കാണാത്ത ഒരു സുഹൃത്ത് കാറിനകത്തിരിക്കുന്ന എന്നെ തിരിച്ചറിയുന്നു, മെസ്സേജ് അയക്കുന്നു. എനിക്കാകെ ചിലവായത് ഒരു ബ്രേക്ക് മാത്രം. ആ സുഖം പറഞ്ഞറിയിക്കാൻ എന്നെക്കൊണ്ടാവുന്നില്ല.

ഇന്ന് രാവിലെ, മുഴങ്ങോടിക്കാരിയെ എയർപ്പോർട്ടിൽ കൊണ്ടുപോയി കളഞ്ഞ് മടങ്ങും വഴി ഒരിടത്ത് റോഡ് ക്രോസ് ചെയ്യാൻ പാടുപെടുന്ന നാൽ‌പ്പതിനടുത്ത് പ്രായമുള്ള ഒരു സ്ത്രീ. രാവിലെ 7 മണി ആകുന്നതേയുള്ളെങ്കിലും പട്ടണം തിരക്കിലേക്ക് ഊളിയിട്ട് കഴിഞ്ഞിരിക്കുന്നു. ഞാൻ വാഹനം നിറുത്തി. അവരത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം. വാഹനം മുന്നോട്ടെടുക്കുന്നതിന് മുൻപ് അവർ കാണിച്ച നന്ദി പ്രകടനം കണ്ടപ്പോൾ സന്തോഷത്തോടൊപ്പം ചിരിയും തിരതല്ലി. കിമോണ ഉടുത്ത ജപ്പാൻ വനിതകൾ കുമ്പിട്ട് വണങ്ങുന്നത് പോലെ ഒരു കൈ ശരീരത്തോട് ചേർത്ത് വട്ടം പിടിച്ച്, നന്നായി നടുവളച്ച് മറ്റേ കൈ മുഖത്തോട് ചേർത്ത് രണ്ട് പ്രാവശ്യം തുറന്നടച്ച് ഒരു നർത്തകിയെപ്പോലെ...... ഒരു ദിവസം തുടങ്ങാൻ ഇതിലും വലിയൊരു ആശീർവാദം ഇനി കിട്ടാനില്ല.

ഒരു കാര്യം എനിക്കുറപ്പാണ്. റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കാതെ ഹോൺ മുഴക്കി നമ്മൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ, നിസ്സഹായനായ കാൽനടക്കാരൻ നമ്മൾടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമ്പോൾ ഈ സുഖം ഒരിക്കലും കിട്ടില്ല. 

Monday 24 February 2014

വാർത്തേം കമന്റും - പരമ്പര 1


വാർത്ത 1:- ശരീരഗന്ധം പാസ്സ്‌വേർഡ് ആകുന്നു.
കമന്റ് :- മുഷിഞ്ഞ അണ്ടർ വെയർ അടക്കമുള്ള ഐറ്റംസ് ശരീരത്തിൽ നിന്ന് ഊരിയാലുടൻ അലക്കിത്തേച്ച് വെച്ചാൽ അവനവന് കൊള്ളാം.

****************************

വാർത്ത 2:- പാക്കിസ്ഥാനിൽ നിന്നെത്തിയ 10 കിലോ ഹെറോയിൻ പിടികൂടി.
കമന്റ് :- ഇതെന്തോന്ന് വാർത്ത ? പാക്കിസ്ഥാനീന്ന് അമൃത് കടഞ്ഞെടുത്ത് കൊണ്ടുവരുമ്പോൾ വാർത്തയാക്കിയാൽ പോരേ ?

****************************

വാർത്ത 3:- ഷേയ്ക്ക് പരീത് മികച്ച രണ്ടാമത്തെ കളൿടർ.
കമന്റ്:- സ്ക്കൂൾ പിള്ളേര് അറിഞ്ഞാൽ അവാർഡ് കൊടുത്തവനെ പച്ചയ്ക്ക് കത്തിക്കും, ഒന്നാമത്തെ കളൿടർക്കുള്ള അവാർഡ് കൊടുക്കാതിരുന്നതിന്.

****************************

വാർത്ത 4:- വലിയ വെളിപ്പെടുത്തലുകൾ രണ്ടുമൂന്ന് ദിവസത്തിനകമെന്ന് സരിത.
കമന്റ്;- ഇത് പറയാൻ തൊടങ്ങീട്ട് കൊറേ ദിവസം ആയല്ലോ ? അതുവരെ ആരും പണി തരാതെ നോക്കിക്കോണേ.

****************************

വാർത്ത 5:- കോൺഗ്രസ്സ് മത്സരിച്ചുവന്ന സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കും - സുധീരൻ.
കമന്റ് :- ഇപ്രാവശ്യം ജനങ്ങൾ കുത്തിക്കൊണ്ടിരുന്ന ചിഹ്നത്തിൽത്തന്നെ കുത്തുമെന്ന് കരുതരുതേ. വേറേം പുത്യേ ചൂലുകൾ...സോറി ചിഹ്നങ്ങൾ ഇറങ്ങീട്ടുണ്ട്.

****************************

വാർത്ത 6:- ജനപ്രതിനിധികൾക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയില്ല. - കോടതി.
കമന്റ് :- ഉം...അതൊക്കെ കൊറേ കേട്ടട്ട്ണ്ട് കേട്ടട്ട്‌ണ്ട്. (ഇന്നസെന്റിന്റെ കിലുക്കം സ്റ്റൈലിൽ വായിക്കുക.)

****************************

വാർത്ത 7:- സഞ്ജയ് ദത്തിന് പിന്നേയും പരോൾ.
കമന്റ് :‌- നിലവിലുള്ള ഭാര്യയുടെ ഇടത്തേ കാലിലെ നടുവിരലിന്റെ നഖം വെട്ടിയപ്പോൾ ചോര പൊടിഞ്ഞതുകൊണ്ട് കൂടെ നിന്ന് പരിചരിക്കാനാണെന്ന് അസൂയാലുക്കൾ.

****************************

വാർത്ത 8:- യു.ഡി.എഫ്. വിട്ടുവരുന്നവരെ സ്വീകരിക്കും - എം.എം.മണി.
കമന്റ് :- വൈരുദ്ധ്യാത്മിക ഭൌതിക വാദം വന്നശേഷം പഠിപ്പിക്കുന്നതാണ്.

****************************

വാർത്ത 9:- രാമക്കൽ‌മേട്ടിൽ മനം‌മയക്കുന്ന പ്രകൃതി ഭംഗി. പക്ഷേ അടിസ്ഥാന സൌകര്യമില്ല.
കമന്റ് ;- അതുകൊണ്ടാണല്ലോ ആ പ്രകൃതിഭംഗി ബാക്കിനിൽക്കുന്നത്.

****************************

വാർത്ത 10:- ഗർഭിണികളെ സഹായിക്കുന്ന സ്മാർട്ട് ആപ്പ് വന്നിരിക്കുന്നു.
കമന്റ്:- വേണ്ട, ആ കമന്റ് പറഞ്ഞാൽ ചിലപ്പോൾ പണി പാളും.

****************************

Thursday 13 February 2014

സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം ?


ന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുതെന്ന് പുതിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞതായി ഫേസ്ബുക്ക് വഴിയാണ് അറിഞ്ഞത്. നിജസ്ഥിതി മനസ്സിലാക്കാനായി ചില ഓഫ്‌ലൈൻ പത്രങ്ങളും ഓൺലൈൻ പത്രങ്ങളുമൊക്കെ തിരഞ്ഞു. ആ വാർത്ത എങ്ങും കണ്ടില്ല. കോട്ടയത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ വാർത്ത വായിച്ച് കേൾപ്പിച്ചു തന്നു ഒരു സുഹൃത്ത്. അപ്പോൾ ആ വാർത്ത നിജമാണ്. ഇനി വിഷയത്തിലേക്ക് കടക്കാം.

 ‘സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം‘ എന്ന് ഓൺലൈൻ ചർച്ച വരെ നടത്തുന്നുണ്ട് മാതൃഭൂമി പോലുള്ള പത്രങ്ങൾ. പക്ഷെ ഇങ്ങനൊരു കാര്യം വാർത്തയാക്കാൻ വലിയ താൽ‌പ്പര്യമില്ല. എനിക്കൊരു പത്രമുണ്ടായിരുന്നെങ്കിൽ എല്ലാ എഡിഷനിലും മുൻ‌പേജിൽ അടിക്കുമായിരുന്നു ഈ വാർത്ത.

ശ്രീ.സുധീരൻ പ്രസിഡന്റായി വന്നതുകൊണ്ട് കോൺഗ്രസ്സ് പാർട്ടിക്ക് ഗുണമുണ്ടാകുമോ, അതിനകത്തുള്ള ഗ്രൂപ്പുകൾ  തകരുമോ, പുതിയൊരു ഗ്രൂപ്പ് ഉണ്ടാകുമോ, എതിർപാർട്ടിക്കാർക്ക് തലവേദനയാകുമോ, എന്നതൊന്നും എന്നെപ്പോലൊരാൾക്ക് വിഷയമല്ല. പക്ഷെ, അദ്ദേഹം ഈ പറഞ്ഞിരിക്കുന്ന ഫ്ലക്സ് ബോർഡ് കാര്യം എനിക്ക് വിഷയമാണ്, സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എല്ലാ പാർട്ടിക്കാരും നേതാക്കന്മാരും മാതൃകയാക്കേണ്ട ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ പുതിയ കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുമായിരുന്നു കേരളം. ഇപ്പോഴും അത്തരം ബോർഡുകൾ വന്നിട്ടില്ലെന്നും വരില്ലെന്നും കരുതേണ്ടതില്ല.  തീർച്ചയായും വന്നിട്ടുണ്ടാകും. വരുകയും ചെയ്യും. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ആൾക്കൂട്ടമാണിവിടെയുള്ളത്. അങ്ങനെ ഫ്ലക്സ് ബോർഡുകൾ ഇതിനകം വന്നിട്ടുണ്ടെങ്കിൽ,വരുന്നുണ്ടെങ്കിൽ അതെല്ലാം എടുത്ത് മാറ്റാൻ സ്വന്തം പാർട്ടിക്കാരെ ഏർപ്പാടാക്കിക്കൊണ്ട് താങ്കൾ പറഞ്ഞ കാര്യം അതിശക്തമായി നടപ്പിലാക്കുക കൂടെ വേണം ശ്രീ.സുധീരൻ.

എറണാകുളം നഗരത്തിന്റെ കാര്യം മാത്രം ഒന്ന് സൂചിപ്പിക്കാം. കുറേ നാൾ മുൻപ് ഫ്ലക്സ് ബോർഡുകൾ എല്ലാം എടുത്തുമാറ്റാൻ ഉത്തരവ് വന്നു. ജോലിക്കാർ അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, സ്ഥാപനങ്ങൾ, സിനിമാക്കാർ, എന്നുതുടങ്ങിയ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തെങ്കിലും പാർട്ടിക്കാരുടെയെല്ലാം ഫ്ലക്സ് ബോർഡുകൾ ജനത്തെ നോക്കി കൊഞ്ഞനം കുത്തി അതുപോലെ തന്നെ നെഞ്ച് വിരിച്ച് നിന്നു. ‘അതൊന്നും പരസ്യ ബോർഡുകൾ അല്ല എന്ന് പറഞ്ഞാണ്‘ അധികാരികൾ ആ നടപടിയെ ന്യായീകരിച്ചത്. പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകളിൽ ആരും തൊട്ടുകളിക്കില്ല. കളിച്ചാൽ വിവരമറിയും. അതാണ് അവസ്ഥ. അതൊക്കെ ജനത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ. ജനസേവനമല്ലേ.... ജനസേവനം !!

അതുകൊണ്ട് എന്തുണ്ടായി? നഗരത്തിലുള്ള മുഴുവനിടവും പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകൾ നിരത്താമെന്ന അവസ്ഥ സംജാതമായി. ഇവരെങ്ങനെയാണ് പൊതുപ്രവർത്തകർ ആകുന്നത്. ഇവരെങ്ങനെയാണ് ജനസേവകരാകുന്നത് ?  ഇവരെങ്ങനെയാണ് ജനപ്രതിനിധികൾ ആകുന്നത് ? എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. കുഴപ്പം വോട്ട് കുത്തി വിടുന്ന ജനത്തിന്റേത് തന്നെ ആണെന്ന് വേണം വിലയിരുത്താൻ. ഏത് പാർട്ടിയായാലും,  ഫ്ലക്സ് ബോർഡ് നിരത്തുന്നവർക്ക് വോട്ട് ചെയ്യില്ല എന്ന് പറയാനുള്ള ആർജ്ജവം  ജനം കാണിക്കുന്നില്ലല്ലോ ?

ഏതെങ്കിലും പാർട്ടിക്കാരൻ കേരള യാത്ര നടത്തുന്നെന്ന് കേൾക്കുമ്പോഴേ ചങ്കിടിപ്പ് കൂടും. ഏതെങ്കിലും പാർട്ടിക്കാരനെ അദ്ദേഹം ഉൾപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കിയെന്ന് കേൾക്കുമ്പോൾ മിടിപ്പ് പിന്നേയും കൂടും. ഏതെങ്കിലും പാർട്ടിയിൽ നേതൃമാറ്റം വരാൻ പോകുന്നെന്ന് കേൾക്കുമ്പോൾ ചങ്കിടിപ്പ് തീരെയില്ലാതാകും. ഇതാണിപ്പോൾ പൊതുജനത്തിന്റെ അവസ്ഥ. ഇതിന്റെയൊക്കെ പേരിൽ അടുത്ത ദിവസം റോഡുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയും എന്നത് തന്നെയാണ് കാരണം.  

ഫ്ലക്സ് ബോർഡുകൾ കൊണ്ടുള്ള പ്രയോജനം ഈയിടെ അതുൽ ഡോമിച്ചൻ എന്നൊരു സുഹൃത്ത് ചൂണ്ടിക്കാണിച്ചിരുന്നു. മരങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ വഴി നടക്കുമ്പോൾ വാഹനങ്ങളുടെ പുകയൊന്നും കൊള്ളാതെയും ആ വശത്തു നിന്നുള്ള വെയിൽ ഏൽക്കാതെയും ഫ്ലക്സ് ബോർഡിന്റെ മറപറ്റി  നടക്കാനാകുന്നു എന്ന പരിഹാസമായിരുന്നു അദ്ദേഹം രേഖപ്പെടുത്തിയത്. നിയന്ത്രണം വിട്ട് വരുന്ന ഒരു വാഹനത്തെ കണ്ട് ഒഴിഞ്ഞുമാറി രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടെ ഇല്ലാതാക്കുന്നു പാതയോരത്തെ ഇടതടവില്ലാത്ത ഫ്ലക്സ് ബോർഡ് സംസ്ക്കാരം.

ശ്രീ.സുധീരൻ ഒരു കാര്യം കൂടെ ചെയ്ത് തരണമെന്ന് അഭ്യർത്ഥനയുണ്ട്. കേരളത്തിൽ ഫ്ലക്സ് ബോർഡുകൾ നിരത്തുന്നതിൽ ഒന്നാം സ്ഥാനം കോൺഗ്രസ്സുകാർക്ക് തന്നെയാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എറണാകുളം ജില്ലയിൽ താങ്കളുടെ പാർട്ടിയിലെ ഒരു സമുന്നത നേതാവിന് ഫ്ലക്സ് ബോർഡുകൾ വെക്കാനായി പ്രത്യേക സംഘം തന്നെ ഉള്ളതായി കോൺഗ്രസ്സുകാരിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില അനാവശ്യ ഫ്ലക്സ് ബോർഡുകളെ ചോദ്യം ചെയ്തപ്പോളാണ് ഈ വിവരം പാർട്ടിയിലെ എതിർഗ്രൂപ്പുകാർ പങ്കുവെച്ചത്. ഇനി അൽ‌പ്പം രഹസ്യമായി ഒരു കാര്യം കൂടെ പറയട്ടെ. താങ്കളുടെ പാർട്ടിക്കാർക്ക് പലർക്കും ഫ്ലക്സ് ബോർഡ് സ്ഥാപനങ്ങൾ വരെ ഉണ്ടെന്നാണ് പിന്നാമ്പുറ സംസാരം. അതുകൊണ്ടാണത്രേ അവരിങ്ങനെ ഫ്ലക്സ് ബോർഡുകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം ഫ്ലക്സ് ബോർഡുകൾ നിരത്തി വിലസുന്നതും.

ഈയിടെയായി വാർഡ് പഞ്ചായത്ത് തലത്തിലുള്ള കുട്ടിനേതാക്കന്മാരുടെ സ്ഥാനാരോഹണത്തിന്റെ ഫ്ലക്സ് ബോർഡുകൾ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. ഇവരെയാരെയും ജനം ഇതിന് മുൻപ് ഒരു പൊതുപ്രവർത്തനത്തിലും ജനോപകാരപ്രദമായ കാര്യങ്ങളിലും കണ്ടിട്ടില്ല എന്നതാണ് തമാശ. ആദ്യമായിട്ട് കാണുന്നത് ഈ ഫ്ലക്സ് ബോർഡിലൂടെയാണ്. ഇത്തരം ചോട്ടാ നേതാക്കന്മാരെകൂടെ ഒന്ന് കൂച്ചുവിലങ്ങിടാൻ ദയവുണ്ടാകണം. അവർക്കിനി ഫ്ലക്സ് ബോർഡ് വെച്ചേ പറ്റൂ എന്നാണെങ്കിൽത്തന്നെ ഒരാഴ്ച്ച കഴിയുമ്പോഴെങ്കിലും അതെടുത്ത് മാറ്റാൻ ഒരു ഇണ്ടാസ് പാർട്ടി തലത്തിൽത്തന്നെ വിതരണം ചെയ്യണം.

എന്തായാലും ഈ പ്രഖ്യാപനത്തിലൂടെ താങ്കളുടെ മുഖം, ഫ്ലക്സ് ബോർഡുകളിൽ കാണുന്നതിനേക്കാൾ തെളിവയോടെയാണ് എന്റെ മനസ്സിൽ ഇടം നേടിയിരിക്കുന്നതെന്ന് അറിയിച്ചുകൊണ്ടും, ഇങ്ങനെയൊന്ന് പറയാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിച്ചുകൊണ്ടും ചുരുക്കുന്നു.

വാൽക്കഷ്ണം:- “തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ  വെക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യങ്ങൾ !!!!!! “ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കാണാൻ യോഗമുണ്ടാകരുതേ എന്നൊരു ആഗ്രഹം കൂടെ ബാക്കിയുണ്ട്.
--------------------------------------------------------------------

ഇതേ വിഷയത്തിൽ എഴുതിയ മറ്റ് രണ്ട് ലേഖനങ്ങൾ ഇവിടെ വായിക്കാം.
1. വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ.
2. പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്.

Monday 3 February 2014

ഇടുക്കി ഗോൾഡ്



റ്റനോട്ടത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കാത്ത സൌഹൃദത്തിന്റെ അതിലോലമായ ഒരു ചരടുണ്ട് ഈ ചിത്രത്തിൽ ഉടനീളം. കാണാനായാലോ അത് ദൃഢമാണെന്ന് മനസ്സിലാക്കുകയും ചെയ്യും. ഗൃഹാതുരത്വം ഉണർത്തുന്ന സൌഹൃദം തന്നെയാണ് ഈ കഥയിലെ നായകൻ. പറഞ്ഞ് വരുന്നത് ആഷിൿ അബുവിന്റെ ‘ഇടുക്കി ഗോൾഡ് ’ എന്ന സിനിമയെപ്പറ്റിയാണ്.

എനിക്ക് ഇടുക്കി ഗോൾഡ് തീയറ്ററിൽ പോയി കാണാനായില്ല. കഴിഞ്ഞ ദിവസം സീഡിയിട്ടാണ് കണ്ടത്. സീരിയസ്സായി സിനിമാ നിരൂപണം നടത്തുന്നവർ ഈ സിനിമയെപ്പറ്റി ഇതിനകം പറയുകയും അവിടെ ചർച്ചകളൊക്കെ നടക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് അങ്ങനൊരു ദൌത്യത്തിന് ഞാൻ ആളല്ല. ഇത് ഞാനെന്ന വ്യക്തിക്ക് ഈ സിനിമ കണ്ടപ്പോൾ തിരികെ പോയെന്ന് തോന്നിയ ചില വഴികളുടേയും ചിന്തകളുടേയും വെളിപ്പെടുത്തൽ മാത്രമാണ്. സ്കൂൾ കോളേജ് സൌഹൃദത്തിന്റെ കണ്ണികൾ അറ്റുപോകാതെ ഇപ്പോഴും കൊണ്ടുനടക്കുന്നവർക്കും അറ്റുപോയതിൽ ദുഃഖിക്കുന്നവർക്കും ഇത് ഇഷ്ടമായെന്ന് വരും.

ഒരു കഞ്ചാവ് സിനിമ എന്ന് ഇതിനെ മുദ്രകുത്താൻ ഒരു വിഷമവും ഇല്ല. ഈ സിനിമയിൽ ഉടനീളം എന്തെങ്കിലും വലിയ കാര്യം സംഭവിക്കാൻ പോകുന്നു എന്ന തോന്നലും ഉളവാക്കപ്പെടുന്നില്ല. പക്ഷെ അവിടവിടെയായി കൃത്യമായ ഇടവേളകളിൽ ശുദ്ധനർമ്മത്തിന്റെ കതിരുകൾ വിടരുന്നുണ്ട്. ജീവിതത്തിന്റെ ചില ആകുലതകൾ വെളിവാക്കപ്പെടുന്നുണ്ട്. കിട്ടാതെ പോയ സൌഹൃദത്തിന്റെ നൊമ്പരം, സിനിമയുടെ ക്ലൈമാക്സിൽ ഒരു ഇരട്ടക്കുഴൽ തുപ്പാക്കിയിലൂടെ എല്ലാവരേയും തുറിച്ചുനോക്കുന്നുണ്ട്.

വില്ലനെന്ന് ഒരിക്കലും പറയാൻ പറ്റില്ലെങ്കിലും അവസാനം അൽ‌പ്പനേരമെങ്കിലും വില്ലൻ സ്വഭാവം കാണിക്കുന്ന ലാലിന്റെ കഥാപാത്രത്തെ സുഹൃത്തായി നെഞ്ചോട് ചേർക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ അതേ രൂപമുള്ള മകനെ മറ്റ് കഥാപാത്രങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗം ഒരു കവിത പോലെ മനോഹരമാണ്. മുൻ‌കാലപ്രാബല്യത്തിൽ ആ സൌഹൃദം അവർ അംഗീകരിച്ചിരിക്കുകയാണെന്ന് അങ്ങനല്ലാതെ മറ്റെങ്ങനാണ് ഒരു സിനിമയിൽ പറയാതെ പറയുക ?

“ കലാമണ്ഡലം കൊണ്ട് ഇപ്പോഴാണ് സത്യത്തിൽ ഒരു ഗുണമുണ്ടായത്. “

“പ്രണയം ചിക്കൻ പോക്സ് പോലെയാണ്. അൽ‌പ്പം വൈകിയിട്ടാണെങ്കിലും എല്ലാവർക്കും വരും.”

ജാതിക്കായ് കക്കാൻ പോയ പിള്ളേരെ പിടികൂടുമ്പോൾ ... നിങ്ങളെന്തിനാ ജാതി മോഷ്ടിക്കാൻ പോയത് ? ജാതിയെന്താ ചോദിച്ചാൽ കിട്ടാത്ത സാധനമാണോ എന്ന പള്ളീലച്ചന്റെ ചോദ്യത്തിന്...

“ ജാതി ചോദിക്കാൻ പാടില്ലെന്നല്ലേ അച്ചോ ?” എന്ന മറുപടി.

“ കുട്ടികളില്ല എന്ന ദുഖം തീർക്കാൻ ഇടയ്ക്ക് ഞങ്ങൾ തൊടിയിൽ ഇറങ്ങി നടക്കും ഞങ്ങളെ സന്തോഷിപ്പിക്കാനാകും എവിടെയെങ്കിലും ഒരു മാവോ പേരയ്ക്കയോ ഒക്കെ കായ്ച്ച് നിൽ‌പ്പുണ്ടാകും.” എന്ന ഡയലോഗ്.

പഴയ സഹപാഠി പെൺകുട്ടിയെ കാണാൻ പോകുമ്പോൾ, അവളുടെ മനോഹര രൂപം മനസ്സിലോർത്ത ശേഷം... “ അവളിപ്പോൾ പ്രാരാബ്ദ്ധമൊക്കെ ആയി നരച്ച് ക്ഷീണിച്ച് വയറൊക്കെ ടയറായി...വേണ്ട നമുക്ക് പോകണ്ട“ എന്ന് തീരുമാനമെടുത്ത് മടങ്ങുന്നത്.....

“ ഇടുക്കി ഗോൾഡ് നമുക്ക് കിട്ടിയെടാ “ എന്ന് സുഹൃത്തിനെ ഉദ്ദേശിച്ച് പറയുന്നത്.

“ അതൊരു ചെടി. നമ്മുടെ ചൊറിയണം പോലെ.” എന്ന് പറഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ച് നടന്നകലുന്നത്....

കൊച്ചുകൊച്ചു സംഭവങ്ങളിൽ നിന്നും ഒരു സിനിമ ഉണ്ടാകും. അത് പക്ഷേ എല്ലാത്തരക്കാർക്കും ഇഷ്ടമാകണമെന്നില്ല. നെഗറ്റീവുകൾക്കിടയിലും ഒരുപാട് പോസിറ്റീവ് ഒളിച്ചിരുപ്പുണ്ടെന്ന് കാണാനും അതിനെ മാത്രം സ്വാംശീകരിക്കാനും എല്ലായ്പ്പോഴും അവസരം കിട്ടാറില്ലല്ലോ ? ഇത് അങ്ങനൊരു അവസരമായാണ് എനിക്ക് തോന്നിയത്.

സിനിമയിലെ നായകന്മാരുടെ പ്രായമാണെന്ന് തോന്നുന്നു എനിക്ക്. അതുകൊണ്ടാകാം ഒന്നുമില്ല എന്ന് പലർക്കും തോന്നിയേക്കാവുന്ന ഒരു സിനിമയിലെ പല കാര്യങ്ങളും എനിക്ക് ഇഷ്ടമായത്. കുറച്ച് പേർക്ക് വേണ്ടിയെങ്കിലും ഇങ്ങനൊരു സിനിമ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അത് പൊളിഞ്ഞാലുണ്ടാകുന്ന സാമ്പത്തിക വശത്തെപ്പറ്റി വ്യാകുലപ്പെടാതിരിക്കാൻ നല്ല ചങ്കുറപ്പുള്ള ഒരു നിർമ്മാതാവിനും സംവിധായകനും മാത്രമേ പറ്റൂ. നന്ദി Aashiq Abu, നന്ദി എം.രഞ്ജിത് ഇങ്ങനെ മദ്ധ്യവയസ്ക്കന്മാർക്ക് വേണ്ടിയും സിനിമയെടുക്കുന്നതിന്.

സിനിമയിലെ ഒരു കഞ്ചാവ് പാട്ടിനെപ്പറ്റി രണ്ട് വാക്ക് കൂടെ പറഞ്ഞിട്ട് എല്ലാ കഞ്ചാവ് വിരോധികൾക്കും മതി തീരുവോളം എടുത്തിട്ട് അലക്കാൻ പാകത്തിന് എന്റെയീ 45 വയസ്സുള്ള പിത്തപ്രകൃതം ഞാനിവിടെ കാഴ്ച്ചവെക്കുന്നു.

ശ്രീനാഥ് ഭാസി ആലപിച്ച ആ ഗാനം ഇങ്ങനെ പോകുന്നു.
അതിന്റെ ലിങ്ക് ഇവിടെ...

വറ്റാക്കുളം വറ്റുന്നിതാ കാലിയായ്.
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ.
പല നിറം സ്വരം സുഖം
എങ്ങുപോയ് ഇതേവരേ
ഇരുട്ടെത്തീ പകൽ‌പ്പക്ഷി
പാറിപ്പാറിപ്പോയ് പോയ്........

കഞ്ചാവ് അടിച്ചിരിക്കുന്നവന്റെ മാനസ്സികാവസ്ഥയ്ക്ക് ഇതിനേക്കാൾ പറ്റിയ വരികൾ വേറെ എവിടന്ന് കിട്ടാനാ ? ആ രംഗങ്ങളും അങ്ങനെ തന്നെ കഞ്ചാവ് മൂഡിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇത്രേം ഒക്കെ പറഞ്ഞപ്പോൾ വായിച്ചവർക്കൊക്കെ തോന്നിക്കാണും ഞാൻ തെറ്റില്ലാത്ത ഒരു കഞ്ചാവടിക്കാരൻ ആണെന്ന്.

“ഒരിക്കലുമല്ല“ എന്ന് ഞാൻ പറയില്ല. ഒരിക്കൽ മാത്രം അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാ ഏടാകൂടങ്ങളും ഓരോ പ്രാവശ്യമെങ്കിലും പരീക്ഷിച്ച് നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പുക,പൊടി,മരുന്നടി തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ശ്രമിക്കരുതെന്നും ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ടും അവസാനം അതിന്റേം രുചി അറിയേണ്ടി വന്നു. ശിവന്റെ പ്രസാദമായതുകൊണ്ട് ഒരു പ്രാവശ്യം അൽ‌പ്പം ഭാംഗ് സേവിച്ച് നോക്കി. അതിന് നല്ല മുട്ടൻ പണി കിട്ടുകയും ചെയ്തു. അതേപ്പറ്റി അറിയണമെന്ന് താൽ‌പ്പര്യമുണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ‘ഭാംഗിന്റെ വെണ്ണിലാവ് ‘ എന്ന ആ അനുഭവം വായിക്കാം.

വാൽക്കഷ്ണം:- എന്റെ ഈ കുറിപ്പ് വായിച്ചിട്ട് ആരും ഇടുക്കി ഗോൾഡ് കാണണമെന്ന് ഞാൻ പറയില്ല. പക്ഷെ ഈ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ പൊരുൾ നന്നായി പിടുത്തം കിട്ടിയവർ കണ്ടുനോക്കൂ. ഇഷ്ടമാകാതിരിക്കില്ല.

Tuesday 14 January 2014

ഞാൻ ഏതുതരം ആദ്‌മിയാണ് ?


സുഹൃത്തുക്കളേ....

ആം ആദ്‌മി പാർട്ടി സംബന്ധമായി സ്വന്തം പോസ്റ്റുകളിലും മറ്റുള്ളവരുടെ പോസ്റ്റുകളിലും ഞാനെടുത്ത നിലപാടുകൾ കണ്ട് ഒരുപാട് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആ തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്.

“ ആം ആദ്‌മിക്കാരൻ ആണല്ലേ ? “
“ നമുക്കും ആം ആദ്‌മിയിൽ ചേരണ്ടേ ചേട്ടാ ? “
“ നിരക്ഷരൻ ഇതുവരെ ആം ആദ്‌മിയിൽ ചേർന്നില്ലേ ? “......

എന്നൊക്കെ ചോദിക്കുകയും ആം ആദ്‌മി വക്താവ് എന്നു വരെ എന്നെ വിലയിരുത്തുകയും ചെയ്തവരോട് നിലപാട് അറിയിക്കാൻ ആഗ്രഹിക്കുന്നു.

ഞാൻ ആം ആദ്‌മി പാർട്ടി അംഗം അല്ല. ജീവിതത്തിൽ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. ഒരിക്കലും ഒരു പാർട്ടിയിലും അംഗത്വം എടുക്കാതെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. അതിന് രണ്ട് കാരണങ്ങളുണ്ട്.

1. ഒരു പാർട്ടിക്കാർക്കും എന്നെ ഉൾക്കൊള്ളാനോ സഹിക്കാനോ ആവില്ല. (എന്തുചെയ്യാം, അത്തരത്തിലുള്ള ഒരു വിചിത്രജന്മമായിപ്പോയി.) ഏതെങ്കിലും ഒരു പാർട്ടിയിൽ കേറിച്ചെന്ന അടുത്ത നിമിഷം തന്നെ എന്റെ നിലപാടുകൾ അവരെ എന്റെ ശത്രുവാക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ. അതെനിക്ക് തന്നെ നല്ല ബോദ്ധ്യമുള്ളതുകൊണ്ട് ഒരു പാർട്ടിയിലും ചേരാതെ നിൽക്കാനും അതേ സമയം നല്ല കാര്യങ്ങൾ ഏത് പാർട്ടി ചെയ്യുമ്പോളും അവരുമായി സഹകരിക്കാനും (അവർക്ക് വേണമെങ്കിൽ) ഒരു മടിയുമില്ല.

2. ജനനന്മയ്ക്കും സമൂഹനന്മയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കാര്യം വരുമ്പോൾ എന്റെ നാട്ടുകാരനായ സർവ്വോദയം കുര്യൻ എന്ന മനുഷ്യസ്നേഹിയുടെ നിലപാടുകളോടാണ് എനിക്ക് താൽ‌പ്പര്യം. നാടിനെ സേവിക്കാൻ സംഘടിക്കണമെന്നോ അധികാരസ്ഥാനങ്ങൾ വേണമെന്നോ ഒരു നിർബന്ധവും അദ്ദേഹം വെച്ച് പുലർത്തിയിരുന്നില്ല. ഒറ്റയാനായിട്ടാണ് അദ്ദേഹം പടനയിച്ചിട്ടുള്ളത്. ഒരു തെരുവ് വൃത്തിയാക്കിയോ ഒരു ഓട ശുചീകരിച്ചോ പോലും നാടിനെ സേവിച്ചിട്ടുള്ളവർ എത്രപേരുണ്ട് പുതിയതും പഴയതുമായ പാർട്ടികളിൽ ? സർവ്വോദയം കുര്യൻ ഇപ്പറഞ്ഞ കാര്യങ്ങൾ ആരെയും ബോദ്ധ്യപ്പെടുത്താൻ വേണ്ടിയല്ലെങ്കിലും ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. ജനത്തെ സേവിക്കാൻ അധികാരവും സ്ഥാനമാനങ്ങളും സംഘടിത സ്വഭാവവും ഉണ്ടായേ തീരൂ എന്ന തെറ്റായ ധാരണ തിരുത്താൻ പോന്ന ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പൂർണ്ണമായും അനുകരിക്കാൻ പറ്റുന്നില്ലല്ലോ എന്നതിൽ മാത്രമാണ് വ്യസനം.

ആം ആദ്‌മി പാർട്ടിയോട് എനിക്കൊരു വിരോധവുമില്ല. മറ്റ് പലരേയും പോലെ അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഞാനും. ഇടതും വലതും നടുക്കുമൊക്കെ നിന്ന് ഭരിച്ച് കുളം തോണ്ടിയവരെക്കൊണ്ട് മടുത്തപ്പോൾ ജനം പുതിയ മേച്ചിൽ‌പ്പുറങ്ങൾ തേടിപ്പോയിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റ് ? സഹികെട്ട് നിഷേധ വോട്ട് ചെയ്യാൻ തയ്യാറെടുത്തവർ പുതിയൊരു പാർട്ടിക്ക് കൂറ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണ് അപാകത ? ആം ആദ്‌മി പാർട്ടി, അരാഷ്ട്രീയ പാർട്ടി ആണെന്നും മറ്റും പറയുന്നവരോട് എതിർത്ത് സംസാരിച്ചിച്ചിട്ടുണ്ട് ഞാൻ. നിലവിലുള്ള പാർട്ടികൾ ചെയ്യുന്ന എല്ലാ പോക്രിത്തരങ്ങളും രാഷ്ട്രീയമാണെന്നും  പുതുതായി വന്ന ഒരു പാർട്ടി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ അരാഷ്ട്രീയപ്പാർട്ടി, എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പറഞ്ഞതിനർത്ഥം ഞാൻ ആം ആദ്‌മി പാർട്ടിക്കാരനാണെന്നോ അവരുടെ വക്താവോ ആണെന്നല്ല.

സത്യത്തിൽ എന്താണ് രാഷ്ട്രീയം എന്ന പദത്തിന്റെ അർത്ഥം? രാഷ്ട്രത്തിനും സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവൻ ആരായാലും അയാളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ എന്നാണ് എന്റെ വിലയിരുത്തൽ. അല്ലാതെ, ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗമായി അതിന്റെ കൊടിക്കീഴിൽ നിന്ന് ആ പാർട്ടിയുടെ നേതാക്കൾ പറയുന്നതും അവരുടെ എഴുതപ്പെട്ടതും അല്ലാത്തതുമായ പ്രത്യയശാസ്ത്രങ്ങൾക്ക് കീ ജെയ് വിളിക്കുകയും അവർക്ക് വേണ്ടി കൊല്ലും കൊലയും കൊള്ളിവെയ്പ്പുമൊക്കെ നടത്തുന്നവൻ രാഷ്ട്രീയക്കാരനല്ല വെറും പാർട്ടിക്കാരൻ മാത്രമാണെന്നാണ് എന്റെ കാഴ്ച്ചപ്പാട്. അതുകൊണ്ടുതന്നെ എന്റെ കുറിപ്പുകളിലും കമന്റുകളിലുമൊക്കെ രാഷ്ട്രീയക്കാരൻ എന്ന് പറയുന്നതിന് പകരം പാർട്ടിക്കാരൻ എന്ന് പറയുകയാണ് പതിവ്.

ഒരു വ്യാ‍ഴവട്ടക്കാലം പ്രവാസജീവിതം നയിച്ചതുകൊണ്ട് നാട്ടിൽ ഒരു വോട്ട് പോലും ഇല്ലാത്തവനാണ്. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ കയറിപ്പറ്റാനായാൽ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ വോട്ട് ചെയ്തിരിക്കും. ആ വോട്ട് ആർക്കാണെന്ന് വിളിച്ച് പറഞ്ഞ് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.

ഏത് പാർട്ടി വന്നാലും നാട് നന്നാകണം, ജനങ്ങൾ നന്നാകണം. ഏതെങ്കിലും ഒരു പാർട്ടിക്കാരൻ അല്ലാത്തതുകൊണ്ടോ ഏതെങ്കിലും ഒരു പാർട്ടിയെ എതിർക്കുന്നതിന്റെ പേരിലോ ആർക്കും ജീവഹാനിയുണ്ടാകരുത്. ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും പാർട്ടിയുടെ പേരും പറഞ്ഞ് ശത്രുക്കൾ ഉണ്ടാകാൻ ഇട വരരുത്. ഇതൊക്കെയാണ് ആഗ്രഹങ്ങൾ. ഇങ്ങനെയൊക്കെയുള്ള ഒരു ആദ്‌മിയാണ്. ഇനിയൊരു ജീവിതം ഈ ഗോളത്തിൽ ഉണ്ടാകുമോ എന്നറിയില്ല. പാർട്ടികൾക്കും രാഷ്ട്രീയത്തിനുമൊക്കെ അപ്പുറം മറ്റനേകം കാര്യങ്ങൾ ഈ ദുനിയാവിൽ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നവനാണ്. ഇത് രണ്ടും അത്തരം നൂറ് കാര്യങ്ങളിൽ രണ്ടെണ്ണം മാത്രമാണെനിക്ക്.

ഇതിൽക്കൂടുതൽ കാട് കയറാൻ ഉദ്ദേശിക്കുന്നില്ല. ഞാനിങ്ങനെയൊക്കെയാണ്. ഇത്തരത്തിൽ ഒരു ആദ്‌മിയാണ്. എന്നെ വെറുതെ വിടുക.

എന്ന് സസ്നേഹം
- നിരക്ഷരൻ

(അന്നും ഇന്നും എപ്പോഴും)

Sunday 12 January 2014

ചരിത്രാവഗണന: ഒരു മുസ്‌രീസ് അനുഭവം.

യു.എ.ഇ.യിലെ അക്കാഫ് പൂക്കാലം 2013 സോവനീറിൽ എഴുതിയ ലേഖനം. ചരിത്രാവഗണന: ഒരു മുസ്‌രീസ് അനുഭവം

സ്ക്കാൻ ചെയ്ത പേജുകളിൽ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.