Sunday 15 June 2014

കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു !!!!

കേരളത്തിൽ മാലിന്യസംസ്ക്കരണവിഷയം ഒരിടത്തുമെത്താതെ ചീഞ്ഞുനാറിക്കൊണ്ടിരിക്കുകയാണല്ലോ ?! മഴ ദാ വന്നു കഴിഞ്ഞു. ഇനിയിപ്പോൾ മഴയും മാലിന്യവും അസുഖങ്ങളും കഥാപാത്രങ്ങളാകുന്ന ഒരുപാട് കഥകൾ കേൾക്കാൻ തുടങ്ങും. ഭരണകക്ഷികൾക്കും പ്രതിപക്ഷത്തിനും പക്ഷേ, പരസ്പരം പഴിചാരി നേരം പോക്കുന്നതിലേ താൽ‌പ്പര്യമുള്ളൂ. തിരുവനന്തപുരം മേയറും മാലിന്യ വകുപ്പ് മന്ത്രിയും പ്രതികരിക്കുന്നത് മാത്രം ശ്രദ്ധിച്ചാൽ മതിയാകും ഇക്കാര്യം ബോദ്ധ്യപ്പെടാൻ.

ഈ സാഹചര്യത്തിൽ, കേരളത്തിൽ നല്ല നിലയ്ക്ക് പ്രവർത്തിക്കുന്ന (പ്രവർത്തിച്ചിരുന്ന എന്ന് പറയേണ്ടി വരും ഇന്ന്. ഇപ്പോൾ പ്ലാന്റ് പൂട്ടിയിട്ടിരിക്കുകയാണ്.) കൊടുങ്ങലൂരിലെ മാലിന്യസംസ്ക്കരണ പ്ലാന്റിനെപ്പറ്റി കേരള ജനത ഒന്ന് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. അതേപ്പറ്റി വിശദമായി അറിയാൻ താൽ‌പ്പര്യമുണ്ടെങ്കിൽ മുൻപ് ഞാൻ എഴുതിയിട്ട ‘കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണപ്ലാന്റ് ഒരു മാതൃക‘ എന്ന  ലേഖനം വായിക്കാവുന്നതാണ്. ഇതേ വിഷയത്തിൽ എഴുതിയിട്ട മറ്റ് പോസ്റ്റുകളുടെ ലിങ്കുകളും താഴെ കൊടുക്കുന്നു.

1. മാലിന്യ വിമുക്ത കേരളം.
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ.
3. മാലിന്യസംസ്ക്കരണം കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.

മുഖവുര നീട്ടിക്കൊണ്ടുപോകാതെ വിഷയത്തിലേക്ക് കടക്കാം. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ച് പൂട്ടിയിട്ട് ഇന്നേക്ക് 26 ദിവസം (മെയ് 21ന് പൂട്ടി) കഴിഞ്ഞിരിക്കുന്നു. അതിന് കാരണമായി പ്ലാന്റ് നടത്തിപ്പുകാരനും പ്ലാന്റിന്റെ സാങ്കേതിക വിദ്യ കൈയ്യാളുന്ന വ്യക്തിയുമായ കെ.ബി.ജോയ് പറയുന്നത് ഇപ്രകാരമാണ്. 

ഒരു ദിവസം ശരാശരി 1.5 ടൺ നിരക്കിൽ, മാസത്തിൽ 23 - 24 ദിവസങ്ങൾ മാലിന്യം പ്ലാന്റിൽ വരുന്നു. ജോയിയും മുൻസിപ്പാലിറ്റിയും തമ്മിലുള്ള കരാർ പ്രകാരം ഒരു ടൺ മാലിന്യം സംസ്ക്കരിക്കാൻ 1600 രൂപ ജോയിക്ക് നൽകും. അത് 6 ജോലിക്കാർക്ക് ശമ്പളമായും ഗ്ലൌസ് ഷൂസ് എന്നിങ്ങനെയുള്ള സാമഗ്രികളായും കൊടുക്കാനുള്ളതേ ഉണ്ടാകൂ എന്നാണ് ജോയിയുടെ കണക്ക്. 350 രൂപയാണ് നിലവിൽ ജോലിക്കാരുടെ ദിവസക്കൂലി. വൈദ്യുത ബിൽ നേരിട്ട് അടക്കുന്നത് മുൻസിപ്പാലിറ്റിയാണ്. പ്ലാന്റിൽ നിന്ന് കിട്ടുന്ന പ്ലാസ്റ്റിക്കും വളവുമാണ് ജോയിക്കുള്ള ശരിയായ വരുമാനം. ജോലിക്കാർക്കുള്ള പണം കൈപ്പറ്റണമെങ്കിൽ നാലഞ്ച് പ്രാവശ്യമെങ്കിലും ജോയി മുൻസിപ്പൽ ഓഫീസ് കയറിയിറങ്ങണം. മാത്രമല്ല 55,000 രൂപയ്ക്ക് അടുക്കെയുള്ള പണം ഈ ആവശ്യത്തിലേക്കായി വാങ്ങിക്കൊണ്ടുപോരുമ്പോൾ മുൻസിപ്പാലിറ്റിയിൽ ഇരിക്കുന്നവർക്ക് കൈക്കൂലി ഇനത്തിൽ ഒന്നും തന്നെ ജോയി കൊടുക്കുന്നില്ല. അതുകൊണ്ട് ജോയിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് തൽ‌പ്പര കക്ഷികളുടെ ലക്ഷ്യം. ജോയിയാകട്ടെ, ജോലിക്കാർക്ക് കൊടുക്കാനുള്ള പൈസ മുൻസിപ്പാലിറ്റി നേരിട്ട് തന്നെ കൊടുത്തോളൂ. പണമിടപാടിനായി എന്നെ ഓഫീസിൽ കയറ്റിയിറക്കരുത് എന്ന് പലവുരു കോർപ്പറേഷനെ അറിയിച്ചിട്ടുമുള്ള ആളാണ്.

കാര്യങ്ങൾ ഈ നിലയ്ക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. മഴക്കാലം വന്നപ്പോൾ സംസ്ക്കരിച്ചിട്ട് ഇട്ടിരുന്ന മാലിന്യത്തിലേക്കും വേർതിരിച്ചിട്ടിരുന്ന പ്ലാസ്റ്റിക്കിലേക്കും മഴവെള്ളം അടിച്ച് കയറാൻ തുടങ്ങി. അത് ഉണങ്ങിക്കിട്ടിയ ശേഷം അരിച്ചെടുത്ത് വിറ്റാൽ മാത്രമേ ജോയിക്ക് എന്തെങ്കിലും വരുമാനം ഉണ്ടാക്കാനാകൂ. അതിനായി പ്ലാന്റിന്റെ മേൽക്കൂര കുറച്ച് നന്നായി പണിത് കൊടുക്കണമെന്ന് പലപ്രാവശ്യം പറഞ്ഞെങ്കിലും നടപടിയൊന്നും കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിനിടയ്ക്ക് പ്ലാന്റിന്റെ യന്ത്രസംവിധാനത്തിന് തകരാറ് സംഭവിച്ചു. അത് ജോയി ശരിയാക്കുമ്പോഴേക്കും പ്ലാന്റ് ഉടനെ പ്രവർത്തനം പുനഃരാരംഭിക്കണം എന്ന് പറഞ്ഞ് മുൻസിപ്പാലിറ്റി ജോയിക്ക് നോട്ടീസ് കൊടുത്തു. വളം വിൽ‌പ്പന നടക്കാതെ വരുമാനം നിലച്ചതുകൊണ്ട്, എന്റെ പ്രശ്നങ്ങൾ കൂടെ പരിഹരിച്ചിട്ടാകാം പ്ലാന്റ് തുടർന്ന് പ്രവർത്തിക്കുന്നത് എന്ന മട്ടിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വന്നു ജോയിക്ക്.

മറ്റൊരു വരുമാനമാർഗ്ഗം എന്ന നിലയ്ക്ക് പ്ലാന്റിന്റെ വേറൊരു ഭാഗത്ത് പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനമുണ്ടാക്കുന്ന, സെന്ട്രൽ പ്ലാനിങ്ങ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കോയമ്പത്തൂരും മറ്റും പ്രാവർത്തികമാക്കിയിട്ടുള്ള യന്ത്രം സ്ഥാപിക്കാൻ ആരംഭിച്ചു ജോയി. അതിന്റെ ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. അതിന്റെ പ്രവർത്തനക്കണക്ക് ജോയി പറയുന്നത് ഇപ്രകാരമാണ്. 1 ടൺ പ്ലാസ്റ്റിക്കിൽ നിന്ന് ഏകദേശം 1000 ലിറ്ററോളം ദ്രവീകൃത ഇന്ധനവും 70 കിലോഗ്രാമിനടുക്കെ വാതക ഇന്ധനവും ഉണ്ടാക്കാം. വൈദ്യുതച്ചിലവ് 1 ടണ്ണിന് ഏകദേശം 1000 യൂണിറ്റ്. പുകയും മറ്റും വമിപ്പിച്ച് അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നതേയില്ല.  ബൈ പ്രോഡൿറ്റ് ആയി ഉണ്ടാകുന്ന 50 കിലോഗ്രാമോളം വരുന്ന ചാരം സിമന്റ് കട്ടകൾ ഉണ്ടാക്കുന്നവർക്ക് പ്രയോജനപ്പെടുത്താം.

പക്ഷെ ഈ യന്ത്രങ്ങൾ കൊടുങ്ങല്ലൂർ പ്ലാന്റിൽ പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ അത് തടഞ്ഞുകൊണ്ട് പുതുതായി ചാർജ്ജ് എടുത്ത മുൻസിപ്പൽ സക്രട്ടറി ജോയിക്ക് നോട്ടീസ് അയച്ചു. മുൻസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെയാണ് ജോയി ഈ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നായിരുന്ന് നോട്ടീസിലെ സൂചന. ആ നോട്ടീസ് താഴെ കൊടുക്കുന്നു.

ജോയിക്ക് മുൻസിപ്പാലിറ്റി അയച്ച നോട്ടീസ്

അതേ സമയം ജൈവമാലിന്യവും അല്ലാതുള്ള മാലിന്യവും സംസ്ക്കരിക്കേണ്ടത് ജോയിയുടെ ഉത്തരവാദിത്വമാണെന്ന് കോർപ്പറേഷനുമായുള്ള കോൺ‌ട്രാൿറ്റിന്റെ പേജ് നമ്പർ 5 ൽ പറയുന്നുണ്ട്. ഇങ്ങനെ ഒരു നിബന്ധന കോർപ്പറേഷനുമായി നിലവിലുള്ളപ്പോൾ കോർപ്പറേഷനിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല എന്നാണ് ജോയിയുടെ പക്ഷം.
കരാറിന്റെ അഞ്ചാം പേജിലെ നിബന്ധനകൾ


ഇനി ഇതിലെന്തെങ്കിലും നിയമപരമായി ശരികൾ തെറ്റുകൾ ഉണ്ടെങ്കിൽ അത് മാറ്റി നിർത്തി ഒന്ന് ചിന്തിക്കൂ. പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനമുണ്ടാക്കുന്ന ഒരു ഉപകരണം, കേരളത്തിൽ മറ്റ് പലയിടത്തും പ്രായോഗികമാക്കാൻ പറ്റുന്ന ഒരു സംവിധാനമാണ് ജോയി സ്വന്തം ചിലവിൽ നടപ്പിലാക്കാൻ പോകുന്നത്. അത് നല്ലൊരു കാര്യമല്ലേ ? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ? കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കപ്പെടുകയും ചെയ്യും ഇന്ധനം ഉൽ‌പ്പാദിപ്പിക്കുകയും ആവാം. ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അത് കാര്യക്ഷമമായത് അല്ലെങ്കിൽ കോർപ്പറേഷന് ഉപകരണത്തിന്റെ പ്രവർത്തനം നിരോധിക്കാമല്ലോ ? മറ്റ് നൂലാമാലകൾ ഒന്നും ഇല്ലെങ്കിൽ കരാറിൽ പറയുന്നത് പോലെ വിഘടിച്ച് പോകാത്ത ജൈവമാലിന്യവും  സംസ്ക്കരിക്കാൻ ജോയിയെ അനുവദിക്കുകയല്ലേ വേണ്ടത് ?

എന്തായാലും പൊറുതിമുട്ടിയ ജോയി ചില കടുത്ത നിലപാടുകളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ജോയിക്ക് ഇനി ഇങ്ങനെ ദിവസവും വഴക്കും വക്കാണവുമായി ഈ പ്ലാന്റ് നടത്തണമെന്ന് ആഗ്രഹമില്ല. (അതുതന്നെയാണ് ഇതിനെ എതിർക്കുന്നവരുടേയും ആഗ്രഹമെന്ന് ഇക്കാലത്തിനിടയ്ക്ക് സ്പഷ്ടമാണല്ലോ ? ) നടത്താൻ പറ്റുമെങ്കിൽ മുൻസിപ്പാലിറ്റി തന്നെ നടത്തിക്കോളൂ. മെയ്‌ന്റനൻസും മുൻസിപ്പാലിറ്റി തന്നെ നടത്താമെങ്കിൽ ജോയി പൂർണ്ണമായും പിൻ‌വാങ്ങുകയാണ്. അതല്ല മെയ്ന്റനൻസ് മാത്രം നടത്തിക്കൊടുക്കണമെങ്കിൽ അതിന്റെ പ്രതിഫലമായി പ്ലാസ്റ്റിക്കും ജൈവവളവും പഴയത് പോലെ  ജോയിക്ക് തന്നെ കൊടുക്കണം. ഇക്കാര്യം കാണിച്ചുകൊണ്ട് ജോയി മുൻസിപ്പാലിറ്റിക്ക് കൊടുത്ത കത്ത് താഴെ ചേർക്കുന്നു.
ജോയ് മുൻസിപ്പാലിറ്റിക്ക് നൽകിയ കത്തിന്റെ കോപ്പി - പേജ് 1


ജോയ് മുൻസിപ്പാലിറ്റിക്ക് നൽകിയ കത്തിന്റെ കോപ്പി - പേജ് 2.
എന്തുകൊണ്ടാണ് കൊടുങ്ങലൂർ പ്ലാന്റ് പൂട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നത് എന്ന ചോദ്യത്തിന് പ്രധാനമായും 4 ഉത്തരങ്ങളാണുള്ളത്. 

ഉത്തരം 1:- എത്രയൊക്കെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചാലും അടിച്ചമർത്തിയാലും, ഇങ്ങനൊരു പ്ലാന്റ് നല്ല നിലയ്ക്ക് മാലിന്യം സംസ്ക്കരിക്കുന്നുണ്ടെന്ന് പുറം ലോകം അറിഞ്ഞാൽ അതുപോലെ മറ്റൊരു പ്ലാന്റ് വന്നാൽ, പിന്നീട് നൂറുകണക്കിന് പ്ലാന്റുകൾ അതുപോലെ വന്നാൽ, മാലിന്യ വിഷയത്തിന്റെ പേരിൽ ലക്ഷങ്ങളും കോടികളും വെട്ടിക്കാനും കൈയ്യിട്ട് വാരാനും വിദേശയാത്ര നടത്താനും ഭരണകൂടങ്ങൾക്കും ഉദ്യോഗസ്ഥന്മാർക്കും ആകില്ല.

ഉത്തരം 2:- ഇതുപോലൊരു പ്ലാന്റ് നടത്താൻ 15 സെന്റ് സ്ഥലം മാത്രമാണ് ജോയി ആവശ്യപ്പെടുന്നത്. ജോലിക്കാരുടേയും വൈദ്യുതിയുടേയും ചിലവ് സർക്കാർ തന്നെ കൊടുക്കണം. പ്ലാന്റിന്റെ മെഷീനുകളും അതിന്റെ മെയിന്റനൻസും ജോയിയുടെ വക സൌജന്യം. പകരം പ്ലാന്റിൽ നിന്നുള്ള വളവും പ്ലാസ്റ്റിക്കും ജോയിക്ക് നൽകണം. അങ്ങനെയുള്ള പണമൊഴുകാത്ത ഒരു ഓഫർ വന്നാൽ അത്യാധുനിക മാലിന്യസംസ്ക്കരണ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ലക്ഷങ്ങളും കോടികളും കമ്മീഷനായും കൈക്കൂലിയായും കൈപ്പറ്റാനാവില്ല, കൈയിട്ട് വാരാനാവില്ല. തിരുവനന്തപുരത്ത് മാലിന്യസംസ്ക്കരണത്തിനായി 2.2 കോടി രൂപ ചിലവാക്കി വാങ്ങിയ മൊബൈൽ ഇൻ‌സിനറേറ്റർ ഇപ്പോൾ എവിടെയാണെന്ന് ആർക്കെങ്കിലും വല്ല നിശ്ചയവുമുണ്ടോ ? തിരുവനന്തപുരത്തെ പരീക്ഷണം പരാജയപ്പെട്ടപ്പോൾ കോട്ടയ്ക്കൽ മുൻസിപ്പാലിറ്റിക്ക് കൈമാറുകയും അവർ ഒരൊറ്റ ദിവസം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോൾ അവിടെത്തന്നെ ഒളിപ്പിച്ചിരിക്കുകയുമാണ് ഈ കൂറ്റൻ യന്തത്തെ.  ഇന്ധനച്ചിലവ് കൂടുതൽ, അന്തരീക്ഷതാപമാനവും മലിനീകരണവും ഉയർത്തുന്നു, എന്നിങ്ങനെ പല ന്യൂനതകളുള്ള ആ ഉപകരണം ഇതൊന്നും പഠിക്കാതെ ഗുജറാത്തിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നത് കമ്മീഷൻ അടിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ? അതിപ്പോൾ പ്രവർത്തനരഹിതമാണ്. കൂറ്റർ ട്രക്കിൽ സ്ഥാപിച്ചിട്ടുള്ള ആ ഉപകരണവും ട്രക്കും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനകം അത് തുരുമ്പെടുത്ത് തുടങ്ങിയിട്ടുമുണ്ടാകും. കുറച്ച് പേർ ഇൻസിനറേറ്ററിന് റീത്ത് വെക്കുന്നതായി ഹിന്ദു പത്രത്തിൽ വന്ന ചിത്രവും വാർത്തയും കാണണമെന്നുണ്ടെങ്കിൽ  ഇവിടെ ക്ലിക്ക് ചെയ്യുക.



ഉത്തരം 3:- കൊടുങ്ങല്ലൂർ പ്ലാന്റിന്റെ സാങ്കേതിക വിദ്യ നോട്ടമിട്ട് ഇതിൽ നിന്ന് പണമുണ്ടാക്കാമെന്ന് കരുതിയിരുന്ന മറ്റൊരു കൂട്ടർക്കും ഇത് പൂട്ടിയാൽ മാത്രമേ രക്ഷയുള്ളൂ. എങ്ങനെയെങ്കിലും 15 വർഷത്തെ ജോയിയുടെ പേറ്റന്റ് തീർന്നാൽ അന്ന് ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോടികൾ കൊയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. അതുവരെ സ്വന്തം അടുക്കളയോ കിടപ്പറയോ തന്നെ ചീഞ്ഞളിഞ്ഞാലും അവർക്ക് വിഷയമല്ല. കേരളത്തിലെ(രാജ്യത്തെ തന്നെ) മാലിന്യ സംസ്ക്കരണം കോടികൾ ഉണ്ടാക്കാൻ പോന്ന ഒരു ബിസിനസ്സ് രംഗം കൂടെയാണ്. അതിൽ നോട്ടമിട്ട് ഒരു മാഫിയ തന്നെ ഒളിച്ചിരുപ്പുണ്ട്. അതുകൊണ്ട് കൂടെയാണ് കൊടുങ്ങല്ലൂർ പ്ലാന്റിന് ഈ ഗതി. അതുകൊണ്ടാണ് കേരള ജനതയ്ക്ക് ഇങ്ങനെ ചീഞ്ഞുനാറാൻ വിധി.

ഉത്തരം 4 :- ഒരു വർക്കിങ്ങ് മോഡൽ ഇല്ലാതായാൽ പിന്നെ അത്തരമൊരു പ്ലാന്റിന്റെ കാര്യം വാചകങ്ങളിലൂടെയും അല്ലെങ്കിൽ വീഡിയോകളിലൂടെയും ബോധിപ്പിക്കേണ്ടി വരും. എന്നാലും കാണുന്നയാൾക്ക് സംശയങ്ങൾ ഒരുപാട് ബാക്കി നിന്നെന്ന് വരാം. അതിനേക്കാളൊക്കെ ഫലപ്രദമായ വർക്കിങ്ങ് മോഡൽ ഇല്ലാതാക്കുക അതുകൊണ്ടുതന്നെ എതിരാളികളുടെ ആവശ്യമാണ് ?


നടത്തിപ്പുകാരൻ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരുന്നെങ്കിലും, മാലിന്യം നല്ല നിലയ്ക്ക് സംസ്ക്കരിച്ചുപോന്നിരുന്ന ഒരു പ്ലാന്റ് ഇപ്പോൾ പൂർണ്ണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. തുറന്ന് പ്രവർത്തിച്ചാലും ഇക്കാലമത്രയും ഉണ്ടായതുപോലെ ജോയി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. വീണ്ടും ഒരു അടച്ചുപൂട്ടലിലേക്ക് അയാളെ കൊണ്ടെത്തിക്കും. ഗുരുവായൂരിലേക്കും തളിപ്പറമ്പിലേക്കും വടകരയിലേയും വേണ്ടി ജോയി ഉണ്ടാക്കി നൽകിയ ഇതേ മോഡൽ പ്ലാന്റുകൾ എന്തുകൊണ്ട് പൂട്ടിപ്പോയെന്ന് ആരുടേയും പക്ഷം ചേരാതെ പഠിക്കാൻ ശ്രമിച്ചാൽ കാര്യങ്ങളൊക്കെ ആർക്കും ബോദ്ധ്യമാകും. സ്വന്തം നാട്ടിലായതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ ജോയിക്ക് പിടിച്ച് നിൽക്കാനായത്.

കേരളത്തിലെ ജനങ്ങൾക്ക് എന്നാണ് ഈ മാലിന്യപ്രശ്നങ്ങളിൽ നിന്നൊരു മോചനം എന്നൊരു ചോദ്യം കൂടെ ബാക്കിയുണ്ട്. ഏതൊക്കെ സർക്കാർ മാറി മാറി വന്നാലും അതുണ്ടാകില്ല എന്നാണ് ഉത്തരം. കാരണം സർക്കാരുകൾക്ക് ഉപദേശം നൽകുന്നവരും നൽകേണ്ടവരും തന്നെയാണ് ഇതിൽ നിന്ന് കോടികൾ കൊയ്യാമെന്ന് മനക്കോട്ട കെട്ടി ഇതുപോലുള്ള നല്ല പ്ലാന്റുകൾക്ക് തുരങ്കം വെക്കുന്നത്. അല്ലെങ്കിൽ‌പ്പിന്നെ ജനനന്മ മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ഒരു സർക്കാർ വരണം. അങ്ങനൊരു കിനാശ്ശേരി മലയാളികളുടെ ആരുടെയെങ്കിലും സ്വപ്നത്തിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. അഞ്ചോ പത്തോ വീട്ടുകാർ സ്വയം സംഘടിച്ച് എന്റെ മാലിന്യം ഞാൻ സംസ്ക്കരിക്കും എന്ന നിലപാടിൽ എത്തിച്ചേർന്നാൽ, അവരതിന് വേണ്ടി ഇത്തരം പ്ലാന്റുകളുടെ ചെറു മോഡലുകൾ പരീക്ഷിക്കുകയോ സ്വന്തം നിലയ്ക്ക് മറ്റെന്തെങ്കിലും മാർഗ്ഗം സ്വീകരിക്കുകയോ ചെയ്താൽ മാലിന്യങ്ങളിൽ നിന്ന് കേരളത്തിന് മോചനമുണ്ടായെന്ന് വരും. അല്ലെങ്കിൽ നാം സംസ്ക്കരിക്കേണ്ട മാലിന്യം നമ്മെ സംസ്ക്കരിക്കും.

വാൽക്കഷണം:- എന്നിരുന്നാലും ഒരു ചെറുപ്രതീക്ഷ ഇപ്പോഴും ബാക്കി നിൽക്കുന്നത് മാദ്ധ്യമങ്ങളിലാണ്. സരിതയുടെ സാരിത്തുമ്പിൽ നിന്നും പാവാടച്ചരടിൽ നിന്നും മോചനം കിട്ടിയെങ്കിൽ നിങ്ങളാരെങ്കിലും ഈ വിഷയം ഒന്ന് നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കൂ. അതിന് വേണ്ടി കൊടുങ്ങല്ലൂർ വരെ പോകാനുള്ള ഒന്നാം ക്ലാസ്സ് തീവണ്ടി ടിക്കറ്റ് ഞാൻ സ്പോൺസർ ചെയ്യുന്നു.  എല്ലാ ചാനലുകളിലും ഒരു ചാനൽച്ചർച്ച വിളിച്ച് ഈ വിഷയം കേരളക്കര മുഴുവൻ എത്തിക്കാൻ നിങ്ങൾക്കാവും. അങ്ങിനെയുണ്ടായാൽ ഒരു ചെറുവാതിൽ എവിടെയെങ്കിലും തുറന്ന് കിട്ടുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ട്.