Friday 28 February 2014

വാർത്തേം കമന്റും - പരമ്പര 2

വാർത്ത 1:- ഗുണനിലവാരമുള്ള പൈപ്പ് വെള്ളം 7 വർഷത്തിനകം - ഉമ്മൻ ചാണ്ടി.
കമന്റ് :- ഇത്രേം നാള് കുടിച്ചതിനെ കോളീഫോം എന്ന് ഇംഗ്ലീഷിലും അമേധ്യം എന്ന് മലയാളത്തിലും പറയും.

*************************

വാർത്ത 2
:- ടർക്കി പാർലമെന്റിൽ കയ്യാങ്കളി.
കമന്റ് :- കുരുമുളക് പൊടി എന്ന് കേട്ടിട്ടില്ലാത്ത കണ്ട്രി ഫെല്ലോസ്.

*************************

വാർത്ത 3:- തെറ്റുകൾക്ക് മാപ്പ് പറയാം. ഒരവസരം തരൂ - മുസ്ലീം ജനതയോട് ബി.ജെ.പി.
കമന്റ് :- ശരി സമ്മതിച്ചു. ഒരവസരം തന്നിരിക്കുന്നു. മാപ്പ് പറഞ്ഞോളൂ.

*************************

വാർത്ത 4:- നാല് വർഷമായി ശമ്പളമില്ല. അദ്ധ്യാപകർ നിഷേധവോട്ട് ചെയ്യും.
കമന്റ്:- ഇത്രേം നാളും ഈ സാധനം പൂഴ്ത്തി വെച്ചതിന്റെ ഗുട്ടൻസ് ഇപ്പ പുടി കിട്ടിയാ ?

*************************

വാർത്ത 5:- മുട്ടയല്ല കോഴിയാണ് ആദ്യമുണ്ടായതെന്ന് ശാസ്ത്രലോകം.
കമന്റ് :- തീരുമാനമായ സ്ഥിതിക്ക് ഇനി മുതൽ കോഴി ബിരിയാണിക്ക് ഒപ്പം വെക്കുന്ന മുട്ട ഒഴിവാക്കുന്നതാണ്.

*************************

വാർത്ത 6:- ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല - അമീർഖാൻ
കമന്റ് :- ഒറ്റക്കുഴപ്പമേയുള്ളൂ. അരാഷ്ട്രീയവാദി ഖാൻ എന്ന പേര് അവരങ്ങ് ചാർത്തിത്തരും.

*************************

വാർത്ത 7:- ലണ്ടനിലെ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി.
കമന്റ്:- തിരോന്തരത്ത് അടുപ്പ് കൂട്ടാൻ സ്ഥലം തികയാതെ വന്നാൽ‌പ്പിന്നെ എന്തോന്ന് ചെയ്യും ?

*************************

വാർത്ത 8:- കെ‌.എസ്.ആർ.ടി.സി. പണിമുടക്ക് വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ.
കമന്റ്:- അങ്ങനൊരു വെള്ളാന ഇപ്പളും ഒണ്ടാ ?

*************************

വാർത്ത 9:- മാർപ്പാപ്പയ്ക്കായി 10 ലക്ഷം ജപമാല.
കമന്റ് :- ഏത് മാർപ്പാപ്പയ്ക്ക് ? ഒന്ന് തെളിച്ച് പറ.

*************************

വാർത്ത 10:- സുകുമാരൻ നായർ - സുധീരൻ വിഷയത്തിൽ പ്രതികരിക്കാനില്ല - ചെന്നിത്തല.
കമന്റ്:- താക്കോൽ സ്ഥാനത്ത് ഇരിക്കാനേ പറഞ്ഞിട്ടുള്ളൂ. അതിട്ട് തിരിക്കാൻ പറഞ്ഞിട്ടില്ല.

*************************

Tuesday 25 February 2014

റോഡ് മുറിച്ച് കടക്കുമ്പോൾ...

റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട് പെടുന്നവർ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഒരു സാധാരണ കാഴ്ച്ചയായി മാറിയിരിക്കുന്നു. നഗരത്തിലെ, സ്കൂളുകളും പ്രധാന ജങ്ഷനും അടക്കം പലയിടത്തും ട്രാഫിക്ക് പൊലീസ് നേരിട്ട് നിന്നാണ് റോഡ് കുറുകെ കടക്കാൻ ജനങ്ങളെ സഹായിക്കുന്നത്. സീബ്രാ ക്രോസ്സിങ്ങ് ഉള്ളയിടത്ത് പോലും വാഹനങ്ങൾ കാൽനടക്കാരെ വകവെക്കാതെ ചീറിപ്പായുന്ന സംസ്ക്കാരം പൊടിപൊടിക്കുന്നു. സീബ്രാ ക്രോസിങ്ങിൽ തങ്ങൾക്കാണ് കൂടുതൽ അധികാരം എന്ന് കാൽനടക്കാരും മനസ്സിലാക്കുന്നില്ല. ചിലർക്ക് നമ്മൾ വണ്ടി നിർത്തിക്കൊടുത്താലും അവർ മുന്നോട്ട് നീങ്ങില്ല. നമ്മൾ പോയിട്ടേ അവര് പോകൂ എന്ന നിലപാടാണ്. .ചിലരാകട്ടെ മുക്കാൽ ഭാഗം മുറിച്ച് കടന്ന റോഡ് തിരിച്ച് അപ്പുറത്തേക്ക് കടക്കും, ഒരു വാഹനം ദൂരേന്ന് വരുന്നത് കണ്ടാൽ. അങ്ങനെ പല പല പ്രശ്നങ്ങൾ.

നമ്മൾ ഒരു വാഹനത്തിലാണ് പോകുന്നത്. കാൽനടക്കാരനേക്കാൽ മുന്നേ എന്തായാലും വീടെത്തും, എന്ന ചിന്തയുള്ളതുകൊണ്ട് സീബ്രാ ക്രോസ്സിങ്ങിൽ അല്ലെങ്കിൽ‌പ്പോലും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവർക്കായി വാഹനം നിർത്തിക്കൊടുക്കുന്നത് എന്റെയൊരു പതിവാണ്. അതിനൊരു പ്രത്യേക സുഖം കൂടെയുണ്ട്. അത് പറയാനായിരുന്നു ഇത്രേം നീട്ടിവലിച്ച ഈ മുഖവുര.

എറണാകുളം നഗരത്തിലെ തിരക്കിലൂടെ കാറോടിച്ച് വരുകയായിരുന്നു ഒരു ദിവസം. കിൻ‌കോ ജങ്‌ഷനിലെ സീബ്രാ ക്രോസ്സിങ്ങിൽ എത്തിയപ്പോൾ സുമുഖനായ ഒരാൾ റോഡ് മുറിച്ച് കടക്കാൻ തുടങ്ങുന്നു. ഞാൻ വാഹനം നിറുത്തി. പിന്നെ മൊത്തം തലകൊണ്ടും കൈകൊണ്ടുമൊക്കെയുള്ള ആ‍ശയവിനിമയമായിരുന്നു. താങ്കൾ പൊയ്ക്കോളൂ എന്ന് ഞാൻ. വേണ്ട, ഞാൻ അപ്പുറം കടക്കാൻ തുടങ്ങുന്നതേയുള്ളൂ താങ്കൾ പൊയ്ക്കോളൂ എന്ന് കാൽ‌നടക്കാരൻ. വേണ്ട, സീബ്രാ ക്രോസ്സിങ്ങ് താങ്കളുടെ അധികാര മേഖലയാണ് താങ്കൾ പോകൂ എന്ന മട്ടിൽ ഞാൻ വീണ്ടും. അവസാനം ഞാൻ തന്നെ ജയിച്ചു. അദ്ദേഹം റോഡ് മുറിച്ച് കടന്നു. കൂട്ടത്തിൽ നന്ദി സൂചകമായി കൈ ഉയർത്തി കാണിക്കുകയും ഞാനത് വരവ് വെക്കുകയും ചെയ്തു. അതാണ് ഞാൻ പറഞ്ഞ ആ പ്രത്യേക സുഖം. പക്ഷെ, അതിനേക്കാൾ വലിയ അത്ഭുതവും സുഖവും ഒരു അഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞപ്പോളാണ് എനിക്ക് കിട്ടിയത്.

വീട്ടിലെത്തി വണ്ടി ഒതുക്കിയിട്ട് അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോൾ ഫോണിലേക്കൊരു മെസ്സേജ്......

”മനോജേട്ടാ, താങ്കളെന്നെ ഇപ്പോൾ റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിച്ചു. നന്ദി.” എന്നായിരുന്നു ആ സന്ദേശം. ഞാൻ ശരിക്കും ഞെട്ടി !!

ഇതുവരെ നേരിൽ കാണാത്ത, നേരിൽ സംവദിക്കാത്ത എന്റെ വളരെ അടുത്ത ഒരു ഓൺലൈൻ സുഹൃത്തായിരുന്നു അത്. കേരളം മുഴുക്കെയുള്ള സ്കൂളുകളും അദ്ധ്യാപകരും അദ്ദേഹത്തെ അറിയും എന്നെനിക്കുറപ്പാണ്. (ഞാനായിട്ട് കൂടുതൽ വെളിപ്പെടുത്തുന്നില്ല. ഫേസ്ബുക്കിൽ ഈ ലേഖനം വായിച്ച ശേഷം അദ്ദേഹം തന്നെ അവിടെ വന്ന് ഹാജർ വെക്കുകയുണ്ടായി.) ഒരുപാട് സന്തോഷം തന്ന ഒരു മെസ്സേജായിരുന്നു അത്. നേരിൽ കാണാത്ത ഒരു സുഹൃത്ത് കാറിനകത്തിരിക്കുന്ന എന്നെ തിരിച്ചറിയുന്നു, മെസ്സേജ് അയക്കുന്നു. എനിക്കാകെ ചിലവായത് ഒരു ബ്രേക്ക് മാത്രം. ആ സുഖം പറഞ്ഞറിയിക്കാൻ എന്നെക്കൊണ്ടാവുന്നില്ല.

ഇന്ന് രാവിലെ, മുഴങ്ങോടിക്കാരിയെ എയർപ്പോർട്ടിൽ കൊണ്ടുപോയി കളഞ്ഞ് മടങ്ങും വഴി ഒരിടത്ത് റോഡ് ക്രോസ് ചെയ്യാൻ പാടുപെടുന്ന നാൽ‌പ്പതിനടുത്ത് പ്രായമുള്ള ഒരു സ്ത്രീ. രാവിലെ 7 മണി ആകുന്നതേയുള്ളെങ്കിലും പട്ടണം തിരക്കിലേക്ക് ഊളിയിട്ട് കഴിഞ്ഞിരിക്കുന്നു. ഞാൻ വാഹനം നിറുത്തി. അവരത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം. വാഹനം മുന്നോട്ടെടുക്കുന്നതിന് മുൻപ് അവർ കാണിച്ച നന്ദി പ്രകടനം കണ്ടപ്പോൾ സന്തോഷത്തോടൊപ്പം ചിരിയും തിരതല്ലി. കിമോണ ഉടുത്ത ജപ്പാൻ വനിതകൾ കുമ്പിട്ട് വണങ്ങുന്നത് പോലെ ഒരു കൈ ശരീരത്തോട് ചേർത്ത് വട്ടം പിടിച്ച്, നന്നായി നടുവളച്ച് മറ്റേ കൈ മുഖത്തോട് ചേർത്ത് രണ്ട് പ്രാവശ്യം തുറന്നടച്ച് ഒരു നർത്തകിയെപ്പോലെ...... ഒരു ദിവസം തുടങ്ങാൻ ഇതിലും വലിയൊരു ആശീർവാദം ഇനി കിട്ടാനില്ല.

ഒരു കാര്യം എനിക്കുറപ്പാണ്. റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കാതെ ഹോൺ മുഴക്കി നമ്മൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ, നിസ്സഹായനായ കാൽനടക്കാരൻ നമ്മൾടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമ്പോൾ ഈ സുഖം ഒരിക്കലും കിട്ടില്ല. 

Monday 24 February 2014

വാർത്തേം കമന്റും - പരമ്പര 1


വാർത്ത 1:- ശരീരഗന്ധം പാസ്സ്‌വേർഡ് ആകുന്നു.
കമന്റ് :- മുഷിഞ്ഞ അണ്ടർ വെയർ അടക്കമുള്ള ഐറ്റംസ് ശരീരത്തിൽ നിന്ന് ഊരിയാലുടൻ അലക്കിത്തേച്ച് വെച്ചാൽ അവനവന് കൊള്ളാം.

****************************

വാർത്ത 2:- പാക്കിസ്ഥാനിൽ നിന്നെത്തിയ 10 കിലോ ഹെറോയിൻ പിടികൂടി.
കമന്റ് :- ഇതെന്തോന്ന് വാർത്ത ? പാക്കിസ്ഥാനീന്ന് അമൃത് കടഞ്ഞെടുത്ത് കൊണ്ടുവരുമ്പോൾ വാർത്തയാക്കിയാൽ പോരേ ?

****************************

വാർത്ത 3:- ഷേയ്ക്ക് പരീത് മികച്ച രണ്ടാമത്തെ കളൿടർ.
കമന്റ്:- സ്ക്കൂൾ പിള്ളേര് അറിഞ്ഞാൽ അവാർഡ് കൊടുത്തവനെ പച്ചയ്ക്ക് കത്തിക്കും, ഒന്നാമത്തെ കളൿടർക്കുള്ള അവാർഡ് കൊടുക്കാതിരുന്നതിന്.

****************************

വാർത്ത 4:- വലിയ വെളിപ്പെടുത്തലുകൾ രണ്ടുമൂന്ന് ദിവസത്തിനകമെന്ന് സരിത.
കമന്റ്;- ഇത് പറയാൻ തൊടങ്ങീട്ട് കൊറേ ദിവസം ആയല്ലോ ? അതുവരെ ആരും പണി തരാതെ നോക്കിക്കോണേ.

****************************

വാർത്ത 5:- കോൺഗ്രസ്സ് മത്സരിച്ചുവന്ന സീറ്റിൽ കോൺഗ്രസ്സ് തന്നെ മത്സരിക്കും - സുധീരൻ.
കമന്റ് :- ഇപ്രാവശ്യം ജനങ്ങൾ കുത്തിക്കൊണ്ടിരുന്ന ചിഹ്നത്തിൽത്തന്നെ കുത്തുമെന്ന് കരുതരുതേ. വേറേം പുത്യേ ചൂലുകൾ...സോറി ചിഹ്നങ്ങൾ ഇറങ്ങീട്ടുണ്ട്.

****************************

വാർത്ത 6:- ജനപ്രതിനിധികൾക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷയില്ല. - കോടതി.
കമന്റ് :- ഉം...അതൊക്കെ കൊറേ കേട്ടട്ട്ണ്ട് കേട്ടട്ട്‌ണ്ട്. (ഇന്നസെന്റിന്റെ കിലുക്കം സ്റ്റൈലിൽ വായിക്കുക.)

****************************

വാർത്ത 7:- സഞ്ജയ് ദത്തിന് പിന്നേയും പരോൾ.
കമന്റ് :‌- നിലവിലുള്ള ഭാര്യയുടെ ഇടത്തേ കാലിലെ നടുവിരലിന്റെ നഖം വെട്ടിയപ്പോൾ ചോര പൊടിഞ്ഞതുകൊണ്ട് കൂടെ നിന്ന് പരിചരിക്കാനാണെന്ന് അസൂയാലുക്കൾ.

****************************

വാർത്ത 8:- യു.ഡി.എഫ്. വിട്ടുവരുന്നവരെ സ്വീകരിക്കും - എം.എം.മണി.
കമന്റ് :- വൈരുദ്ധ്യാത്മിക ഭൌതിക വാദം വന്നശേഷം പഠിപ്പിക്കുന്നതാണ്.

****************************

വാർത്ത 9:- രാമക്കൽ‌മേട്ടിൽ മനം‌മയക്കുന്ന പ്രകൃതി ഭംഗി. പക്ഷേ അടിസ്ഥാന സൌകര്യമില്ല.
കമന്റ് ;- അതുകൊണ്ടാണല്ലോ ആ പ്രകൃതിഭംഗി ബാക്കിനിൽക്കുന്നത്.

****************************

വാർത്ത 10:- ഗർഭിണികളെ സഹായിക്കുന്ന സ്മാർട്ട് ആപ്പ് വന്നിരിക്കുന്നു.
കമന്റ്:- വേണ്ട, ആ കമന്റ് പറഞ്ഞാൽ ചിലപ്പോൾ പണി പാളും.

****************************

Thursday 13 February 2014

സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം ?


ന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുതെന്ന് പുതിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞതായി ഫേസ്ബുക്ക് വഴിയാണ് അറിഞ്ഞത്. നിജസ്ഥിതി മനസ്സിലാക്കാനായി ചില ഓഫ്‌ലൈൻ പത്രങ്ങളും ഓൺലൈൻ പത്രങ്ങളുമൊക്കെ തിരഞ്ഞു. ആ വാർത്ത എങ്ങും കണ്ടില്ല. കോട്ടയത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ വാർത്ത വായിച്ച് കേൾപ്പിച്ചു തന്നു ഒരു സുഹൃത്ത്. അപ്പോൾ ആ വാർത്ത നിജമാണ്. ഇനി വിഷയത്തിലേക്ക് കടക്കാം.

 ‘സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം‘ എന്ന് ഓൺലൈൻ ചർച്ച വരെ നടത്തുന്നുണ്ട് മാതൃഭൂമി പോലുള്ള പത്രങ്ങൾ. പക്ഷെ ഇങ്ങനൊരു കാര്യം വാർത്തയാക്കാൻ വലിയ താൽ‌പ്പര്യമില്ല. എനിക്കൊരു പത്രമുണ്ടായിരുന്നെങ്കിൽ എല്ലാ എഡിഷനിലും മുൻ‌പേജിൽ അടിക്കുമായിരുന്നു ഈ വാർത്ത.

ശ്രീ.സുധീരൻ പ്രസിഡന്റായി വന്നതുകൊണ്ട് കോൺഗ്രസ്സ് പാർട്ടിക്ക് ഗുണമുണ്ടാകുമോ, അതിനകത്തുള്ള ഗ്രൂപ്പുകൾ  തകരുമോ, പുതിയൊരു ഗ്രൂപ്പ് ഉണ്ടാകുമോ, എതിർപാർട്ടിക്കാർക്ക് തലവേദനയാകുമോ, എന്നതൊന്നും എന്നെപ്പോലൊരാൾക്ക് വിഷയമല്ല. പക്ഷെ, അദ്ദേഹം ഈ പറഞ്ഞിരിക്കുന്ന ഫ്ലക്സ് ബോർഡ് കാര്യം എനിക്ക് വിഷയമാണ്, സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എല്ലാ പാർട്ടിക്കാരും നേതാക്കന്മാരും മാതൃകയാക്കേണ്ട ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ പുതിയ കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുമായിരുന്നു കേരളം. ഇപ്പോഴും അത്തരം ബോർഡുകൾ വന്നിട്ടില്ലെന്നും വരില്ലെന്നും കരുതേണ്ടതില്ല.  തീർച്ചയായും വന്നിട്ടുണ്ടാകും. വരുകയും ചെയ്യും. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ആൾക്കൂട്ടമാണിവിടെയുള്ളത്. അങ്ങനെ ഫ്ലക്സ് ബോർഡുകൾ ഇതിനകം വന്നിട്ടുണ്ടെങ്കിൽ,വരുന്നുണ്ടെങ്കിൽ അതെല്ലാം എടുത്ത് മാറ്റാൻ സ്വന്തം പാർട്ടിക്കാരെ ഏർപ്പാടാക്കിക്കൊണ്ട് താങ്കൾ പറഞ്ഞ കാര്യം അതിശക്തമായി നടപ്പിലാക്കുക കൂടെ വേണം ശ്രീ.സുധീരൻ.

എറണാകുളം നഗരത്തിന്റെ കാര്യം മാത്രം ഒന്ന് സൂചിപ്പിക്കാം. കുറേ നാൾ മുൻപ് ഫ്ലക്സ് ബോർഡുകൾ എല്ലാം എടുത്തുമാറ്റാൻ ഉത്തരവ് വന്നു. ജോലിക്കാർ അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, സ്ഥാപനങ്ങൾ, സിനിമാക്കാർ, എന്നുതുടങ്ങിയ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തെങ്കിലും പാർട്ടിക്കാരുടെയെല്ലാം ഫ്ലക്സ് ബോർഡുകൾ ജനത്തെ നോക്കി കൊഞ്ഞനം കുത്തി അതുപോലെ തന്നെ നെഞ്ച് വിരിച്ച് നിന്നു. ‘അതൊന്നും പരസ്യ ബോർഡുകൾ അല്ല എന്ന് പറഞ്ഞാണ്‘ അധികാരികൾ ആ നടപടിയെ ന്യായീകരിച്ചത്. പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകളിൽ ആരും തൊട്ടുകളിക്കില്ല. കളിച്ചാൽ വിവരമറിയും. അതാണ് അവസ്ഥ. അതൊക്കെ ജനത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ. ജനസേവനമല്ലേ.... ജനസേവനം !!

അതുകൊണ്ട് എന്തുണ്ടായി? നഗരത്തിലുള്ള മുഴുവനിടവും പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകൾ നിരത്താമെന്ന അവസ്ഥ സംജാതമായി. ഇവരെങ്ങനെയാണ് പൊതുപ്രവർത്തകർ ആകുന്നത്. ഇവരെങ്ങനെയാണ് ജനസേവകരാകുന്നത് ?  ഇവരെങ്ങനെയാണ് ജനപ്രതിനിധികൾ ആകുന്നത് ? എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. കുഴപ്പം വോട്ട് കുത്തി വിടുന്ന ജനത്തിന്റേത് തന്നെ ആണെന്ന് വേണം വിലയിരുത്താൻ. ഏത് പാർട്ടിയായാലും,  ഫ്ലക്സ് ബോർഡ് നിരത്തുന്നവർക്ക് വോട്ട് ചെയ്യില്ല എന്ന് പറയാനുള്ള ആർജ്ജവം  ജനം കാണിക്കുന്നില്ലല്ലോ ?

ഏതെങ്കിലും പാർട്ടിക്കാരൻ കേരള യാത്ര നടത്തുന്നെന്ന് കേൾക്കുമ്പോഴേ ചങ്കിടിപ്പ് കൂടും. ഏതെങ്കിലും പാർട്ടിക്കാരനെ അദ്ദേഹം ഉൾപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കിയെന്ന് കേൾക്കുമ്പോൾ മിടിപ്പ് പിന്നേയും കൂടും. ഏതെങ്കിലും പാർട്ടിയിൽ നേതൃമാറ്റം വരാൻ പോകുന്നെന്ന് കേൾക്കുമ്പോൾ ചങ്കിടിപ്പ് തീരെയില്ലാതാകും. ഇതാണിപ്പോൾ പൊതുജനത്തിന്റെ അവസ്ഥ. ഇതിന്റെയൊക്കെ പേരിൽ അടുത്ത ദിവസം റോഡുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയും എന്നത് തന്നെയാണ് കാരണം.  

ഫ്ലക്സ് ബോർഡുകൾ കൊണ്ടുള്ള പ്രയോജനം ഈയിടെ അതുൽ ഡോമിച്ചൻ എന്നൊരു സുഹൃത്ത് ചൂണ്ടിക്കാണിച്ചിരുന്നു. മരങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ വഴി നടക്കുമ്പോൾ വാഹനങ്ങളുടെ പുകയൊന്നും കൊള്ളാതെയും ആ വശത്തു നിന്നുള്ള വെയിൽ ഏൽക്കാതെയും ഫ്ലക്സ് ബോർഡിന്റെ മറപറ്റി  നടക്കാനാകുന്നു എന്ന പരിഹാസമായിരുന്നു അദ്ദേഹം രേഖപ്പെടുത്തിയത്. നിയന്ത്രണം വിട്ട് വരുന്ന ഒരു വാഹനത്തെ കണ്ട് ഒഴിഞ്ഞുമാറി രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടെ ഇല്ലാതാക്കുന്നു പാതയോരത്തെ ഇടതടവില്ലാത്ത ഫ്ലക്സ് ബോർഡ് സംസ്ക്കാരം.

ശ്രീ.സുധീരൻ ഒരു കാര്യം കൂടെ ചെയ്ത് തരണമെന്ന് അഭ്യർത്ഥനയുണ്ട്. കേരളത്തിൽ ഫ്ലക്സ് ബോർഡുകൾ നിരത്തുന്നതിൽ ഒന്നാം സ്ഥാനം കോൺഗ്രസ്സുകാർക്ക് തന്നെയാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എറണാകുളം ജില്ലയിൽ താങ്കളുടെ പാർട്ടിയിലെ ഒരു സമുന്നത നേതാവിന് ഫ്ലക്സ് ബോർഡുകൾ വെക്കാനായി പ്രത്യേക സംഘം തന്നെ ഉള്ളതായി കോൺഗ്രസ്സുകാരിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില അനാവശ്യ ഫ്ലക്സ് ബോർഡുകളെ ചോദ്യം ചെയ്തപ്പോളാണ് ഈ വിവരം പാർട്ടിയിലെ എതിർഗ്രൂപ്പുകാർ പങ്കുവെച്ചത്. ഇനി അൽ‌പ്പം രഹസ്യമായി ഒരു കാര്യം കൂടെ പറയട്ടെ. താങ്കളുടെ പാർട്ടിക്കാർക്ക് പലർക്കും ഫ്ലക്സ് ബോർഡ് സ്ഥാപനങ്ങൾ വരെ ഉണ്ടെന്നാണ് പിന്നാമ്പുറ സംസാരം. അതുകൊണ്ടാണത്രേ അവരിങ്ങനെ ഫ്ലക്സ് ബോർഡുകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം ഫ്ലക്സ് ബോർഡുകൾ നിരത്തി വിലസുന്നതും.

ഈയിടെയായി വാർഡ് പഞ്ചായത്ത് തലത്തിലുള്ള കുട്ടിനേതാക്കന്മാരുടെ സ്ഥാനാരോഹണത്തിന്റെ ഫ്ലക്സ് ബോർഡുകൾ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. ഇവരെയാരെയും ജനം ഇതിന് മുൻപ് ഒരു പൊതുപ്രവർത്തനത്തിലും ജനോപകാരപ്രദമായ കാര്യങ്ങളിലും കണ്ടിട്ടില്ല എന്നതാണ് തമാശ. ആദ്യമായിട്ട് കാണുന്നത് ഈ ഫ്ലക്സ് ബോർഡിലൂടെയാണ്. ഇത്തരം ചോട്ടാ നേതാക്കന്മാരെകൂടെ ഒന്ന് കൂച്ചുവിലങ്ങിടാൻ ദയവുണ്ടാകണം. അവർക്കിനി ഫ്ലക്സ് ബോർഡ് വെച്ചേ പറ്റൂ എന്നാണെങ്കിൽത്തന്നെ ഒരാഴ്ച്ച കഴിയുമ്പോഴെങ്കിലും അതെടുത്ത് മാറ്റാൻ ഒരു ഇണ്ടാസ് പാർട്ടി തലത്തിൽത്തന്നെ വിതരണം ചെയ്യണം.

എന്തായാലും ഈ പ്രഖ്യാപനത്തിലൂടെ താങ്കളുടെ മുഖം, ഫ്ലക്സ് ബോർഡുകളിൽ കാണുന്നതിനേക്കാൾ തെളിവയോടെയാണ് എന്റെ മനസ്സിൽ ഇടം നേടിയിരിക്കുന്നതെന്ന് അറിയിച്ചുകൊണ്ടും, ഇങ്ങനെയൊന്ന് പറയാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിച്ചുകൊണ്ടും ചുരുക്കുന്നു.

വാൽക്കഷ്ണം:- “തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ  വെക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യങ്ങൾ !!!!!! “ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കാണാൻ യോഗമുണ്ടാകരുതേ എന്നൊരു ആഗ്രഹം കൂടെ ബാക്കിയുണ്ട്.
--------------------------------------------------------------------

ഇതേ വിഷയത്തിൽ എഴുതിയ മറ്റ് രണ്ട് ലേഖനങ്ങൾ ഇവിടെ വായിക്കാം.
1. വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ.
2. പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്.

Monday 3 February 2014

ഇടുക്കി ഗോൾഡ്



റ്റനോട്ടത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കാത്ത സൌഹൃദത്തിന്റെ അതിലോലമായ ഒരു ചരടുണ്ട് ഈ ചിത്രത്തിൽ ഉടനീളം. കാണാനായാലോ അത് ദൃഢമാണെന്ന് മനസ്സിലാക്കുകയും ചെയ്യും. ഗൃഹാതുരത്വം ഉണർത്തുന്ന സൌഹൃദം തന്നെയാണ് ഈ കഥയിലെ നായകൻ. പറഞ്ഞ് വരുന്നത് ആഷിൿ അബുവിന്റെ ‘ഇടുക്കി ഗോൾഡ് ’ എന്ന സിനിമയെപ്പറ്റിയാണ്.

എനിക്ക് ഇടുക്കി ഗോൾഡ് തീയറ്ററിൽ പോയി കാണാനായില്ല. കഴിഞ്ഞ ദിവസം സീഡിയിട്ടാണ് കണ്ടത്. സീരിയസ്സായി സിനിമാ നിരൂപണം നടത്തുന്നവർ ഈ സിനിമയെപ്പറ്റി ഇതിനകം പറയുകയും അവിടെ ചർച്ചകളൊക്കെ നടക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് അങ്ങനൊരു ദൌത്യത്തിന് ഞാൻ ആളല്ല. ഇത് ഞാനെന്ന വ്യക്തിക്ക് ഈ സിനിമ കണ്ടപ്പോൾ തിരികെ പോയെന്ന് തോന്നിയ ചില വഴികളുടേയും ചിന്തകളുടേയും വെളിപ്പെടുത്തൽ മാത്രമാണ്. സ്കൂൾ കോളേജ് സൌഹൃദത്തിന്റെ കണ്ണികൾ അറ്റുപോകാതെ ഇപ്പോഴും കൊണ്ടുനടക്കുന്നവർക്കും അറ്റുപോയതിൽ ദുഃഖിക്കുന്നവർക്കും ഇത് ഇഷ്ടമായെന്ന് വരും.

ഒരു കഞ്ചാവ് സിനിമ എന്ന് ഇതിനെ മുദ്രകുത്താൻ ഒരു വിഷമവും ഇല്ല. ഈ സിനിമയിൽ ഉടനീളം എന്തെങ്കിലും വലിയ കാര്യം സംഭവിക്കാൻ പോകുന്നു എന്ന തോന്നലും ഉളവാക്കപ്പെടുന്നില്ല. പക്ഷെ അവിടവിടെയായി കൃത്യമായ ഇടവേളകളിൽ ശുദ്ധനർമ്മത്തിന്റെ കതിരുകൾ വിടരുന്നുണ്ട്. ജീവിതത്തിന്റെ ചില ആകുലതകൾ വെളിവാക്കപ്പെടുന്നുണ്ട്. കിട്ടാതെ പോയ സൌഹൃദത്തിന്റെ നൊമ്പരം, സിനിമയുടെ ക്ലൈമാക്സിൽ ഒരു ഇരട്ടക്കുഴൽ തുപ്പാക്കിയിലൂടെ എല്ലാവരേയും തുറിച്ചുനോക്കുന്നുണ്ട്.

വില്ലനെന്ന് ഒരിക്കലും പറയാൻ പറ്റില്ലെങ്കിലും അവസാനം അൽ‌പ്പനേരമെങ്കിലും വില്ലൻ സ്വഭാവം കാണിക്കുന്ന ലാലിന്റെ കഥാപാത്രത്തെ സുഹൃത്തായി നെഞ്ചോട് ചേർക്കുന്നതിന് പകരം, അദ്ദേഹത്തിന്റെ ചെറുപ്പത്തിലെ അതേ രൂപമുള്ള മകനെ മറ്റ് കഥാപാത്രങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗം ഒരു കവിത പോലെ മനോഹരമാണ്. മുൻ‌കാലപ്രാബല്യത്തിൽ ആ സൌഹൃദം അവർ അംഗീകരിച്ചിരിക്കുകയാണെന്ന് അങ്ങനല്ലാതെ മറ്റെങ്ങനാണ് ഒരു സിനിമയിൽ പറയാതെ പറയുക ?

“ കലാമണ്ഡലം കൊണ്ട് ഇപ്പോഴാണ് സത്യത്തിൽ ഒരു ഗുണമുണ്ടായത്. “

“പ്രണയം ചിക്കൻ പോക്സ് പോലെയാണ്. അൽ‌പ്പം വൈകിയിട്ടാണെങ്കിലും എല്ലാവർക്കും വരും.”

ജാതിക്കായ് കക്കാൻ പോയ പിള്ളേരെ പിടികൂടുമ്പോൾ ... നിങ്ങളെന്തിനാ ജാതി മോഷ്ടിക്കാൻ പോയത് ? ജാതിയെന്താ ചോദിച്ചാൽ കിട്ടാത്ത സാധനമാണോ എന്ന പള്ളീലച്ചന്റെ ചോദ്യത്തിന്...

“ ജാതി ചോദിക്കാൻ പാടില്ലെന്നല്ലേ അച്ചോ ?” എന്ന മറുപടി.

“ കുട്ടികളില്ല എന്ന ദുഖം തീർക്കാൻ ഇടയ്ക്ക് ഞങ്ങൾ തൊടിയിൽ ഇറങ്ങി നടക്കും ഞങ്ങളെ സന്തോഷിപ്പിക്കാനാകും എവിടെയെങ്കിലും ഒരു മാവോ പേരയ്ക്കയോ ഒക്കെ കായ്ച്ച് നിൽ‌പ്പുണ്ടാകും.” എന്ന ഡയലോഗ്.

പഴയ സഹപാഠി പെൺകുട്ടിയെ കാണാൻ പോകുമ്പോൾ, അവളുടെ മനോഹര രൂപം മനസ്സിലോർത്ത ശേഷം... “ അവളിപ്പോൾ പ്രാരാബ്ദ്ധമൊക്കെ ആയി നരച്ച് ക്ഷീണിച്ച് വയറൊക്കെ ടയറായി...വേണ്ട നമുക്ക് പോകണ്ട“ എന്ന് തീരുമാനമെടുത്ത് മടങ്ങുന്നത്.....

“ ഇടുക്കി ഗോൾഡ് നമുക്ക് കിട്ടിയെടാ “ എന്ന് സുഹൃത്തിനെ ഉദ്ദേശിച്ച് പറയുന്നത്.

“ അതൊരു ചെടി. നമ്മുടെ ചൊറിയണം പോലെ.” എന്ന് പറഞ്ഞ് കഞ്ചാവ് ഉപേക്ഷിച്ച് നടന്നകലുന്നത്....

കൊച്ചുകൊച്ചു സംഭവങ്ങളിൽ നിന്നും ഒരു സിനിമ ഉണ്ടാകും. അത് പക്ഷേ എല്ലാത്തരക്കാർക്കും ഇഷ്ടമാകണമെന്നില്ല. നെഗറ്റീവുകൾക്കിടയിലും ഒരുപാട് പോസിറ്റീവ് ഒളിച്ചിരുപ്പുണ്ടെന്ന് കാണാനും അതിനെ മാത്രം സ്വാംശീകരിക്കാനും എല്ലായ്പ്പോഴും അവസരം കിട്ടാറില്ലല്ലോ ? ഇത് അങ്ങനൊരു അവസരമായാണ് എനിക്ക് തോന്നിയത്.

സിനിമയിലെ നായകന്മാരുടെ പ്രായമാണെന്ന് തോന്നുന്നു എനിക്ക്. അതുകൊണ്ടാകാം ഒന്നുമില്ല എന്ന് പലർക്കും തോന്നിയേക്കാവുന്ന ഒരു സിനിമയിലെ പല കാര്യങ്ങളും എനിക്ക് ഇഷ്ടമായത്. കുറച്ച് പേർക്ക് വേണ്ടിയെങ്കിലും ഇങ്ങനൊരു സിനിമ എടുക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ അത് പൊളിഞ്ഞാലുണ്ടാകുന്ന സാമ്പത്തിക വശത്തെപ്പറ്റി വ്യാകുലപ്പെടാതിരിക്കാൻ നല്ല ചങ്കുറപ്പുള്ള ഒരു നിർമ്മാതാവിനും സംവിധായകനും മാത്രമേ പറ്റൂ. നന്ദി Aashiq Abu, നന്ദി എം.രഞ്ജിത് ഇങ്ങനെ മദ്ധ്യവയസ്ക്കന്മാർക്ക് വേണ്ടിയും സിനിമയെടുക്കുന്നതിന്.

സിനിമയിലെ ഒരു കഞ്ചാവ് പാട്ടിനെപ്പറ്റി രണ്ട് വാക്ക് കൂടെ പറഞ്ഞിട്ട് എല്ലാ കഞ്ചാവ് വിരോധികൾക്കും മതി തീരുവോളം എടുത്തിട്ട് അലക്കാൻ പാകത്തിന് എന്റെയീ 45 വയസ്സുള്ള പിത്തപ്രകൃതം ഞാനിവിടെ കാഴ്ച്ചവെക്കുന്നു.

ശ്രീനാഥ് ഭാസി ആലപിച്ച ആ ഗാനം ഇങ്ങനെ പോകുന്നു.
അതിന്റെ ലിങ്ക് ഇവിടെ...

വറ്റാക്കുളം വറ്റുന്നിതാ കാലിയായ്.
കിളികുലം എത്താമരം
തലകുത്തുന്നിതാ പാതയിൽ.
പല നിറം സ്വരം സുഖം
എങ്ങുപോയ് ഇതേവരേ
ഇരുട്ടെത്തീ പകൽ‌പ്പക്ഷി
പാറിപ്പാറിപ്പോയ് പോയ്........

കഞ്ചാവ് അടിച്ചിരിക്കുന്നവന്റെ മാനസ്സികാവസ്ഥയ്ക്ക് ഇതിനേക്കാൾ പറ്റിയ വരികൾ വേറെ എവിടന്ന് കിട്ടാനാ ? ആ രംഗങ്ങളും അങ്ങനെ തന്നെ കഞ്ചാവ് മൂഡിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇത്രേം ഒക്കെ പറഞ്ഞപ്പോൾ വായിച്ചവർക്കൊക്കെ തോന്നിക്കാണും ഞാൻ തെറ്റില്ലാത്ത ഒരു കഞ്ചാവടിക്കാരൻ ആണെന്ന്.

“ഒരിക്കലുമല്ല“ എന്ന് ഞാൻ പറയില്ല. ഒരിക്കൽ മാത്രം അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാ ഏടാകൂടങ്ങളും ഓരോ പ്രാവശ്യമെങ്കിലും പരീക്ഷിച്ച് നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പുക,പൊടി,മരുന്നടി തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ശ്രമിക്കരുതെന്നും ആഗ്രഹിച്ചിട്ടുണ്ട്. എന്നിട്ടും അവസാനം അതിന്റേം രുചി അറിയേണ്ടി വന്നു. ശിവന്റെ പ്രസാദമായതുകൊണ്ട് ഒരു പ്രാവശ്യം അൽ‌പ്പം ഭാംഗ് സേവിച്ച് നോക്കി. അതിന് നല്ല മുട്ടൻ പണി കിട്ടുകയും ചെയ്തു. അതേപ്പറ്റി അറിയണമെന്ന് താൽ‌പ്പര്യമുണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ‘ഭാംഗിന്റെ വെണ്ണിലാവ് ‘ എന്ന ആ അനുഭവം വായിക്കാം.

വാൽക്കഷ്ണം:- എന്റെ ഈ കുറിപ്പ് വായിച്ചിട്ട് ആരും ഇടുക്കി ഗോൾഡ് കാണണമെന്ന് ഞാൻ പറയില്ല. പക്ഷെ ഈ കുറിപ്പിൽ ഞാൻ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ പൊരുൾ നന്നായി പിടുത്തം കിട്ടിയവർ കണ്ടുനോക്കൂ. ഇഷ്ടമാകാതിരിക്കില്ല.