Wednesday 26 August 2009

ആടുജീവിതം

 14 -)മത് ഫോക്കാന സോവനീറിൽ (ഹരിതം) ഈ അവലോകനം

ടുജീവിതം.
ബന്യാമിന്റെ ആടുജീവിതം.
കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ നജീബിന്റെ ആടുജീവിതം.

വിപണിയില്‍ ഇറങ്ങുന്ന പുസ്തകങ്ങളൊക്കെ എല്ലാവര്‍ക്കും വായിക്കാന്‍ സാധിച്ചെന്ന് വരില്ല. പക്ഷെ, ഗള്‍ഫ് പ്രവാസി മലയാളികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു നോവലാണ് ബന്യാമിന്‍ എഴുതി ഗ്രീന്‍ ബുക്ക്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ആടുജീവിതം‘.

ഗള്‍ഫ് പ്രവാസി മലയാളികള്‍ എന്ന് എടുത്ത് പറയാന്‍ കാര്യമുണ്ട്. ഞാനടക്കമുള്ള ബഹുഭൂരിപക്ഷം വരുന്ന ഗള്‍‍ഫ് പ്രവാസികളും, ഈ മണലാരണ്യത്തിലെ സുഖസ‌മൃദ്ധിമാത്രം കാണുന്നവരും അനുഭവിക്കുന്നവരുമാണെന്നാണ് എന്റെയൊരു വിശ്വാസം. അതിനൊക്കെയപ്പുറം ഈ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പൊള്ളി അമരുന്ന ജീവിതങ്ങള്‍ ചിലതെങ്കിലുമുണ്ട്. അതാണ് ആടുജീവിതത്തിന്റെ ഇതിവൃത്തം. പുസ്തകത്തിന്റെ പുറം ചട്ടയില്‍ പറയുന്ന വാചകം കടമെടുത്ത് പറഞ്ഞാല്‍ ......

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “

പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെന്താണ് ദിവസമെന്നും തീയതിയെന്നും പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും, തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വ്വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബിന്റെ കഥയാണ് ആടുജീവിതം.

കൃത്യമായിപ്പറഞ്ഞാൽ, 3 വര്‍ഷവും 4 മാസവും 9 ദിവസവുമാണ് സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ അകന്ന്, മതിലുകളൊന്നുമില്ലാത്ത മരുഭൂമിയിലാണെങ്കിലും ഒറ്റപ്പെടലിന്റെ വന്മതിലിനുള്ളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നജീബിന് കഴിച്ചുകൂട്ടേണ്ടി വരുന്നത്.

സ്ഥിരമായി കാണുന്ന അറബാബ് എന്ന ക്രൂരനായ യജമാനൻ‍, തന്നെപ്പോലെ തന്നെ വന്നുപെട്ടുപോയ അധികമൊന്നും മുരടനക്കാത്ത ഭീകരരൂപിയും അന്യഭാഷക്കാരനുമായ ഒരു സഹപ്രവര്‍ത്തകൻ, ആഴ്ച്ചയില്‍ ഒരിക്കലോ മറ്റോ ആടുകള്‍ക്കുള്ള തീറ്റയും വെള്ളവുമായി വരുന്ന ട്രക്ക് ഡ്രൈവർ, പിന്നെ ഒരുപറ്റം ആടുകളും ഒട്ടകങ്ങളും. ഇതായിരുന്നു നജീബിന്റെ മരുഭൂമിയിലെ ലോകം. ഭീകരരൂപി കുറച്ചുദിവസങ്ങള്‍ക്കകം അപ്രത്യക്ഷനാകുന്നതോടെ നജീബ് ശരിക്കും ഒറ്റപ്പെടുകയാണ്. പുറം ലോകത്തേക്ക് രക്ഷപ്പെടാനുള്ള ഏക കണ്ണിയായ ട്രക്ക് ഡ്രൈവറുമാരുമായി എന്തെങ്കിലും ആശയവിനിമയം നടത്താന്‍ അറബാബ് ഒരിക്കലും അനുവദിച്ചിരുന്നുമില്ല. അഥവാ അങ്ങനെന്തെങ്കിലും ‘കടുംകൈ‘ ചെയ്താല്‍ നജീബിനൊപ്പം ട്രക്ക് ഡ്രൈവറും തോക്കിന്റെ പാത്തികൊണ്ടുള്ള അടി ഏറ്റുവാങ്ങേണ്ടി വരും.

വീട്, കുടുംബം, നാട്, നാട്ടുകാര്‍ എന്നൊക്കെപ്പറയുന്നത് ബാക്കിയുള്ള ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴും അള്ളാഹു തനിക്കായി ഈ ജീവിതമാണ് കനിഞ്ഞുനല്‍കിയിരിക്കുന്നതെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ച് കഴിഞ്ഞുകൂടേണ്ടി വരുന്ന ഒരു അവസ്ഥ ഭാവനയില്‍പ്പോലും ഒരോ വായനക്കാരനും നടുക്കമാണുണ്ടാക്കുക.

നാട്ടിൽ, പുഴയില്‍ നിന്ന് മണല്‍ വാരുകയും അതേ ജലത്തില്‍ മുടങ്ങാതെ കുളിച്ച് ശുദ്ധിയാകുകയുമൊക്കെ ചെയ്തുപോന്നിരുന്ന ഒരാള്‍ക്ക് സുഖസൌഭാഗ്യങ്ങള്‍ വഴിഞ്ഞൊഴുകുന്ന അറബിനാട്ടില്‍ കാലുകുത്തിയ അന്നുമുതല്‍ മലവിസര്‍ജ്ജനം ചെയ്തതിനുശേഷം ശുദ്ധിവരുത്താന്‍ അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഗതികേട്, വിധിവൈപരീത്യം എന്നൊക്കെയുള്ള വാക്കുകള്‍ തികച്ചും അപര്യാപ്തമാണ്.

മരുഭൂമിയിലെ ആദ്യദിവസം തന്നെ, മേല്‍പ്പറഞ്ഞ ആവശ്യത്തിലേക്കുവേണ്ടി അല്‍പ്പം വെള്ളം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെയാണ് അറബാബ് എന്ന ക്രൂരന്റെ ബെല്‍റ്റുകൊണ്ടുള്ള അടിയോടുകൂടിയ പീഢനപരമ്പര തുടങ്ങുന്നത്. മുഖത്ത് തുപ്പുന്നതും, പട്ടിണിക്കിടുന്നതും, ബൂട്ടിട്ട് ചവിട്ടുന്നതും, തോക്കിന്റെ പാത്തിക്ക് അടിക്കുന്നതടക്കമുള്ള ക്രൂരതകളൊക്കെ കാലം മുന്നേറുന്നതോടെ വലിയ ബുദ്ധിമുട്ടൊന്നുമല്ലാതാകുന്നു നജീബിന്. പട്ടിണി കിടക്കുക എന്നത് അത്ര വലിയ കാര്യമായിട്ട് പറയാന്‍ തന്നെയില്ല. ഖുബ്ബൂസ്** തന്നെയാണ് മൂന്ന് നേരത്തേയും ആഹാരം. അത് മുക്കിക്കുതിര്‍ത്ത് തിന്നാന്‍ പച്ചവെള്ളമുള്ളപ്പോള്‍ ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന സ്ഥിതിവിശേഷം തന്നെ. രാവിലെ അല്‍പ്പം ആട്ടിന്‍പാല് കുടിക്കാമെന്നുള്ളതാണ് ഒരു വലിയ കാര്യം.

വല്ലപ്പോഴുമൊരിക്കല്‍ പറ്റിപ്പോകുന്ന അപരാധങ്ങള്‍ക്കുള്ള ശിക്ഷ മൂന്ന് ദിവസം വരെ നീളുന്ന പട്ടിണിയിലാകും ചെന്നവസാനിക്കുക. വിശപ്പ് സഹിക്കാനാവാതെ ആടുകളുടെ മസറ*യില്‍ കടന്ന് തൊട്ടിയില്‍ അവിടവിടായി അവശേഷിക്കുന്ന ഗോതമ്പുമണികള്‍ തടുത്തുകൂട്ടി ചവച്ചിറക്കി പച്ചവെള്ളവും കുടിക്കുന്നതോടെ മനുഷ്യന്‍ ശരിക്കും ഒരു ആടിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ച്ച നിസ്സഹായതയോടെയും ആര്‍ദ്രമായ മനസ്സോടെയും മാത്രമേ വായിച്ച് പോകാനാവൂ.

അള്ളാഹു കാണിച്ചുതരുന്ന രക്ഷാമാര്‍ഗ്ഗമാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട് ഒരിക്കല്‍ കഥാനായകൻ‍. ആ ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നതിനോടൊപ്പം തന്റെ ജീവനുപകരം, ഉന്നം തെറ്റിയോ അബദ്ധത്തിലോ മറ്റോ അറബാബിന്റെ തോക്കിനിരയാകുന്നത് ഒരു മുട്ടനാടാണ്. അതിന്റെ മാസം അര്‍ബാബ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതോടെ ആട്ടിറച്ചി ജീവിതത്തില്‍ ഒരിക്കലും കഴിക്കാന്‍ പറ്റാത്ത മാനസ്സികാവസ്ഥ നജീബിനുണ്ടാകുന്നുണ്ട്. ആടുജീവിതം വായിച്ച് കഴിഞ്ഞതിനുശേഷം ആട്ടിറച്ചി കാണുമ്പോള്‍ വായനക്കാരില്‍ ആര്‍ക്കെങ്കി‍ലും അതിനോട് വിരക്തി തോന്നുകയാണെങ്കില്‍ അത് ഈ ഭൂപ്പരപ്പിലെ മണല്‍ക്കാടുകളില്‍ നജീബിനെപ്പോലെ ആടുജീവിതം നയിക്കേണ്ടി വന്നിട്ടുള്ള, (ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്ന) മനുഷ്യന്‍ എന്ന സഹജീവിയോടുള്ള സഹാനുഭൂതിയ്ക്കും അനുകമ്പയ്ക്കും പുറമെ, ആട് എന്ന മൃഗത്തോട് അങ്ങാടിയിലെ മാംസക്കച്ചവടത്തിലുണ്ടാക്കാന്‍ പോകുന്ന ലാഭം മാത്രം ലാക്കാക്കി കാണിക്കുന്ന ക്രൂരതകള്‍ കൂടെ കാരണമായേക്കാം. വരിയുടച്ച മുട്ടനാടുകള്‍ക്ക് വളര്‍ച്ച പെട്ടെന്നാണെന്നും അവയെ എളുപ്പംതന്നെ മാംസക്കമ്പോളത്തില്‍ എത്തിക്കാമെന്നും തിരിച്ചറിഞ്ഞ മനുഷ്യന്റെ ക്രൂരമനസ്സും, പെറ്റ് വീഴുന്ന ആട്ടിന്‍‌കുട്ടികള്‍ക്ക് പോലും തള്ളയാടിന്റെ അകിടില്‍ നിന്നുള്ള ചുടുപാല്‍ നിഷേധിക്കുകയും ചെയ്യുന്ന അവന്റെ ദാക്ഷിണ്യമില്ലായ്മയൊക്കെയും നോവലിലെ കരളലിയിപ്പിക്കുന്ന ചില രംഗങ്ങള്‍ മാത്രമാണ്.

ജീവിതം അപ്രതീക്ഷിതമായി ദുരിതപൂര്‍ണ്ണമായി മാറുമ്പോഴും അള്ളാഹുവിലുള്ള അടിയുറച്ച വിശ്വാസവും, മനുഷ്യനേക്കാള്‍ ഔദാര്യവും സ്നേഹവുമൊക്കെ കാണിക്കുന്ന ആടുകളുമായുള്ള ജീവിതവുമാണ് നജീബിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അള്ളാഹുവിന്റെ കണക്കുപുസ്തകത്തില്‍ എവിടെയെങ്കിലും തനിക്കായി ഇങ്ങനൊരു കാലഘട്ടം എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ആ പരമകാരുണികനെ സ്തുതിച്ചുകൊണ്ടുതന്നെയാണ് അയാളാ ജീവിതം മുന്നോട്ടുനീക്കുന്നത്.

മനുഷ്യനേക്കാളേറെ മൃഗങ്ങളെ മനസ്സിലാക്കാനാവുന്ന ഈ കാലയളവില്‍ മസറ*യിലെ ഓരോ ആടിന്റേയും ചേഷ്ടകളും ശബ്ദവുമൊക്കെ വേര്‍തിരിച്ചറിയാനും അവയുമായി സംവദിക്കാനുമൊക്കെ കഴിയുന്നുണ്ട് നജീബിന്. പോച്ചക്കാരി രമണി, അറവുറാവുത്തർ, മേരിമൈമുന, ഞണ്ടുരാഘവൻ‍, പരിപ്പുവിജയന്‍ എന്നിങ്ങനെ ആടുകള്‍ക്ക് ഓരോന്നിനും പേരിട്ടിരിക്കുന്നത് സ്വന്തം നാട്ടുകാരുടെ ചില സ്വഭാവവിശേഷങ്ങളുമായി താരതമ്യം ചെയ്തിട്ടാണ്. മോഹന്‍ലാല്‍ എന്നു പേരുള്ള ആടിന്റെ ചരിഞ്ഞുള്ള നടത്തം തന്നെയാണ് ആ ഇരട്ടപ്പേര് അതിന് കൊടുക്കാനുള്ള കാരണം. മോഹന്‍ലാലിന്റെ മാത്രമല്ല, ജഗതിയുടെയും, ഇ.എം.എസ്സിന്റേയും വരെ ഭാവങ്ങളോ ശബ്ദമോ നോട്ടമോ ഒക്കെയുള്ള ആടുകള്‍ ആ മസറ*യില്‍ നജീബ് നമ്മെ പരിചയപ്പെടുത്തുന്നുണ്ട്.

ഗര്‍ഭിണിയായ ഭാര്യയോട് വിടപറഞ്ഞ് നാട്ടില്‍ നിന്ന് പോരുന്ന നജീബ്, തന്റെ കയ്യിലേക്ക് പെറ്റ് വീഴുന്ന ഒരു കൊച്ചുമുട്ടന് സ്വന്തം മകനിടാന്‍ തീരുമാനിച്ചുറച്ചിരുന്ന ‘നബീല്‍ ‘ എന്ന പേരിട്ട് വിളിച്ച് അരുമയായി കൊണ്ടുനടക്കുന്നതും, അവന്‍ വളര്‍ന്ന് വരുമ്പോള്‍ വിത്തിന് ഗുണമില്ലാത്തവനാണെന്ന് കണ്ടെത്തിയ അറബാബ് അവന്റെ വരിയറുക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാകുന്നതുമൊക്കെയാണ് നോവലിലെ വികാരസാന്ദ്രമായ മറ്റ് ചില രംഗങ്ങള്‍ .

കഥയുടെ അന്ത്യഭാഗത്ത്, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം മരുഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ് അള്ളാഹു തുറന്നുകൊടുത്ത വഴിയിലൂടെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു മഹാത്ഭുതം പോലെ തിരിച്ചുവരുന്ന നായകന് കുറച്ചുകാലം ജയിലില്‍ കഴിച്ചുകൂട്ടേണ്ടി വരുന്നുണ്ട്. ജയിലിലെ നാലഞ്ചുമാസത്തെ ജീവിതം ഒരു സ്വര്‍ഗ്ഗജീവിതം പോലെ അയാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ആടുകള്‍ക്കൊപ്പമുള്ള ടെ മസറ*യിലെ ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വെച്ചുകെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് പിന്‍‌കുറിപ്പില്‍ ബന്യാമിന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ, കഥാനായകനായ നജീബ് അനുഭവിച്ച ദുരിതങ്ങളുടെ കാഠിന്യമാണ് പൊള്ളിക്കുന്ന മണല്‍ക്കാറ്റായി വായനക്കാരുടെ ഓരോരുത്തരേയും പൊതിയുന്നത്.

ഗ്രൂപ്പ് വിസയെന്നോ, ഫ്രീ വിസയെന്നോ ഒക്കെയുള്ള ഓമനപ്പേരിലുള്ള തരികിട വിസകളില്‍ നാട്ടില്‍ നിന്ന് വിമാനം കയറി അന്യനാട്ടിലെത്തുന്ന അത്രയധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ഏത് പൌരനും സംഭവിക്കാവുന്ന ഒരു ദുര്‍ഗ്ഗതിയാണിത്. എയര്‍പ്പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ആള് വരാന്‍ വൈകിയാൽ, ഭാഷയും ദേശവുമൊന്നുമറിയാത്ത ഏതൊരാള്‍ക്കും പറ്റാവുന്ന ചതി.

എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കുറച്ചുനേരത്തേക്കാണെങ്കിലും ഒരുപ്രാവശ്യം മരുഭൂമിയില്‍ പെട്ടുപോയിട്ടുള്ളവനാണ് ഞാനും. അന്ന് അല്‍പ്പനേരം കൊണ്ട് ഞാനനുഭവിച്ച ബുദ്ധിമുട്ടുകൾ, എന്നിലൂടെ കടന്നുപോയ ചിന്തകൾ, വികാര വിചാരങ്ങൾ‍, ...ആ അവസ്ഥയിലൂടൊക്കെ ഞാനൊരിക്കല്‍ക്കൂടെ കടന്നുപോയി. ‘ആടുജീവിതം‘ എന്നെ വല്ലാതെ പിടിച്ചുലച്ചതിന് ആ അനുഭവവും ഒരു കാരണമായിരിക്കാം.

ശത്രുക്കള്‍ക്ക് പോലും ഇങ്ങനുണ്ടാവരുതേ എന്ന് ഏത് കഠിനഹൃദയനും ചിന്തിച്ചുപോയാല്‍ അത്ഭുതം കൂറേണ്ട കാര്യമില്ല. തുടക്കത്തില്‍ ഞാന്‍ കുറിച്ച ചില വരികള്‍ ഇപ്പോള്‍ അല്‍പ്പം മാറ്റിപ്പറഞ്ഞാല്‍ കൊള്ളാമെന്ന് തോന്നുന്നു.

സകല സുഖസൌകര്യങ്ങളോടെയും ജീവിച്ചുപോകുന്ന എല്ലാ ഗള്‍ഫ് പ്രവാസി മലയാളിയും വീട്ടിലെവിടെയെങ്കിലും കൈയ്യുത്തും ദൂരത്ത് കരുതിവെക്കേണ്ട ഒന്നാണ് ആടുജീവിതം. ഈ പ്രവാസഭൂമിയില്‍ നമുക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരുമ്പോൾ, ജീവിതം ദുസ്സഹമാണെന്ന് തോന്നിത്തുടങ്ങുമ്പോൾ, ശമ്പളം പോരെന്നും, മേലുദ്യോഗസ്ഥന്റെ കുറ്റപ്പെടുത്തലുകള്‍ സഹിക്കാനാവില്ലെന്നുമൊക്കെയുള്ള തോന്നലുകള്‍ തള്ളിത്തള്ളി വരുമ്പോള്‍ ആടുജീവിതം കൈയ്യിലെടുക്കുക, ഒരാവര്‍ത്തി വീണ്ടും ആ പേജുകളിലൂടെ കടന്നുപോകുക.

എല്ലാ പ്രശ്നങ്ങള്‍ക്കും അതോടെ പരിഹാരമുണ്ടാകും. കാരണം നാമാരും നജീബ് നയിച്ചതുപോലുള്ള ഒരു ആടുജീവിതമല്ല നയിക്കുന്നത്.
-------------------------------------------------------------------------
*മസറ - ആടുകളുടെ കിടപ്പാടം
**ഖുബ്ബൂസ് - അറബി റൊട്ടി

88 comments:

  1. തേങ്ങ ഇക്കുറി എന്റെ വക
    -കുഞ്ഞായി

    ReplyDelete
  2. ‘ആടുജീവിതം‘ പരിജയപ്പെടുത്തിയതിന് നന്ദി നിരക്ഷരാ.പാവം നജീബ്,എനിക്ക് തോന്നുന്നു പരലോകത്ത് ആ സുഹൃത്തിന് അധികമൊന്നും കഷ്ടപ്പെടേണ്ടി വരില്ലെന്ന്...അത്രക്ക് ഇവിടെ നിന്ന് തന്നെ അനുഭവിച്ചില്ലേ..
    ഒരെണ്ണം വാങ്ങിക്കണം .
    ബ്ലോഗര്‍ ഐഡി വഴി കയറാന്‍ പറ്റുന്നില്ല ,അതുകൊണ്ടാ ഈ അനോനി..
    -കുഞ്ഞായി

    ReplyDelete
  3. കുറച്ചു ദിവസം മുമ്പ് "സു" ആടു ജീവിതത്തെക്കുറിച്ച് ഇതുപോലൊരു കുറിപ്പ് എഴുതിയിരുന്നു..ഞാനും കഴിഞ്ഞ ഡിസംബറില്‍ ഈ നോവല്‍ വായിച്ചതിനു ശേഷം ഒരു ചെറിയ കുറിപ്പ് എഴുതിയിട്ടുണ്ട്.. നോവലിസ്റ്റ് ബെന്യാമിനെ നേരിട്ടറിയാം..അതൊരു നോവലല്ല ഒരാളൂടെ ജീവിതാനുഭവം ആണെന്ന് അദ്ദേഹം പറഞ്ഞത് നോവല്‍ വായിച്ച് തീര്ത്ത്പ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. ഒരു മനുഷ്യനു ഇത്രമാത്രം വെല്ലുവിളികളൊക്കെ അതിജീവിക്കാന്‍ പറ്റുമോ..മരുഭൂമിയില്‍ താങ്കള്‍ക്കുണ്ടായ അനുഭവം ഇന്നാണു വായിച്ച്ത്.. ഭാഗ്യം.. ഈശ്വരാനുഗ്രഹം അല്ലാതെന്തു പറയാന്‍..

    ReplyDelete
  4. പ്രവാസികള്‍ മാത്രമല്ല, നാട്ടിലുള്ളവരും വായിച്ചിരിക്കേണ്ട പുസ്തകം.... പരിചയപ്പെടുത്തിയതിനു നന്ദി... :)

    ReplyDelete
  5. ആടു ജീവിതത്തെ കുറിച്ചുള്ള ആസ്വാദനം നന്നായി നീരു....

    ഇങ്ങനെ എത്രയോ നജീബുമാർ......

    ReplyDelete
  6. ആടു ജീവിതത്തെ പരിചയപ്പെടുത്തിയതിനു നന്ദി.ഒരാൾ ഇത്രയും പീഡനങ്ങൾ അനുഭവിച്ചിട്ട് ജീവിച്ചിരിക്കുന്നു എന്നതു തന്നെ വലിയ ഒരു കാര്യമാണു.ചെറിയ ഒരു വിഷമം വരുമ്പോൾ പോലും തളർന്നു പോകുന്ന എന്നെപ്പോലെയുള്ളവർക്ക് നജീബ് അനുഭവിച്ചതു പോലുള്ള അവസ്ഥ വന്നാൽ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിക്കാൻ പോലും വയ്യ.ഈ പുസ്തകം പ്രവാസികൾ മാത്രമല്ല എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്.

    ReplyDelete
  7. ആടുജീവിതം ആയിക്കോട്ടെ അടുത്തത്..

    ReplyDelete
  8. പ്രിയപ്പെട്ട നീരു.

    നീരു പറഞ്ഞത് ശരിയാണ് . ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പുസ്തകം. ബെന്യാമിന്‍ ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ ആണെന്നതിലും, ആടുജീവിതത്തിലെ നജീബിനെ നേരിട്ട് കാണാന്‍ കഴിഞ്ഞവന്‍ എന്ന നിലയിലും എനിക്കിത്തിരി സന്തോഷം ഉണ്ട്.

    ആ പുസ്തകത്തിലെ അനുഭവം വാക്കുകള്‍ക്ക്‌ വിവരണാതീതമാണ്......

    ReplyDelete
  9. മനോജ് കണ്ണു നിറയുന്നു........ മനസ്സു പതറുന്നു നിങ്ങളില്‍ പലരെയും പോലെ മണലാരണ്യത്തില്‍ കഴിയുന്ന എന്റെ പ്രിയപ്പെട്ടവനെയോര്‍ത്തു ഉള്ളം വിങ്ങുന്നു............... ജയലക്ഷ്മി

    ReplyDelete
  10. മനോജ് കണ്ണു നിറയുന്നു........ മനസ്സു പതറുന്നു നിങ്ങളില്‍ പലരെയും പോലെ മണലാരണ്യത്തില്‍ കഴിയുന്ന എന്റെ പ്രിയപ്പെട്ടവനെയോര്‍ത്തു ഉള്ളം വിങ്ങുന്നു............... ജയലക്ഷ്മി

    ReplyDelete
  11. ഇങ്ങനെയും മനുഷ്യജീവിതം !

    ReplyDelete
  12. പ്രിയപ്പെട്ട മനോജേ ജീവിതത്തിന്റെ കനിയുറവകള്‍ തേടി മണല്‍ കാട്ടിലേക്കു പാഞ്ഞവരുടെ കഥ നല്ല ചിത്രമായി ബന്യാമിന്‍റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്ടകും .ഇത് പോലെ ആയിര കണക്കിന് നജീബുമാര്‍ ആ മണല്‍ കാട്ടില്‍ കഴിയുന്നുണ്ട് ഇത് സൗദി അറേബിയയിലാണ് കൂടുതല്‍ .
    നീണ്ട പതിമൂന്നു വര്‍ഷം ഇതുപോലെ അനുഭവിക്കണ്ടി വന്ന ഒരു ആന്ത്രകാരന്‍ സംസാരശേഷി പോലും നാഷ്ടപെട്ട നിലയില്‍ ഞങ്ങള്‍ കാണുകയുണ്ടായി . ആടിനെ മേയിച്ച് വഴി തെറ്റി റോഡി്ല്‍ എത്തി പെട്ടതാണ് .മുടിയും താടിയും ഒക്കെ വളര്‍ന്നു വിരുപിയായിരുന്നു അയാള്‍ .അപ്പോള്‍ വന്ന ഒരു വണ്ടിക്കു കൈയ് കാണിച്ചു നിര്‍ത്തി ഒരു മലയാളി ആയിരുന്ന ഡ്രൈവര്‍ അങ്ങനെ അയാളെ അവിടെന്നു രക്ഷപെടുത്തി .ഇതുപോലെ നൂറ് നൂറ് കഥകളാണ് ദിവസവും അറിയാന്‍ കഴിയുന്നത്‌ ഈ ശ്രമത്തിനു പ്രത്യേക നന്ദി അറിയിക്കുന്നു
    പിന്നെ ഓണാശംസകള്‍

    ReplyDelete
  13. ആടുജീവിതത്തെക്കുറിച്ചുള്ള വികാരഭരിതമായ നിരക്ഷരന്റെ ആസ്വാദനം വായിച്ചപ്പോള്‍ ഇതു വായിക്കേണ്ടത് പ്രവാസികളുടെ ആശ്രിതരാണെന്നാണ് തോന്നിയത്.
    തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്തുമാത്രം കഠിനയാതനയനുഭവിച്ചാണ് കേരളം സ‌മൃദ്ധമായി
    ജീവിക്കുന്നതെന്ന് അവരറിയേണ്ടിയിരിക്കുന്നു.
    നമ്മളില്‍ കുടുംബസ്നേഹവും,മനുഷ്യസ്നേഹവും
    കുറഞ്ഞുവരുന്നത് ഈ കഥകളെല്ലാം ഒളിപ്പിച്ചുവച്ച്
    ഗള്‍ഫുകാരന്‍ ചമയുന്ന തെറ്റിലൂടെയാണ്.
    ആടു ജീവിതത്തെക്കുറിച്ചുള്ള ഈ പോസ്റ്റിനു നന്ദി.
    ആ പുസ്തകം വായിക്കണമെന്ന തോന്നലുണ്ടായിരിക്കുന്നു:)

    ReplyDelete
  14. നിരക്ഷരന്‍:

    നല്ല പോലെ നോവല്‍ (ജീവിതം) കവര്‍ ചെയ്തിരിക്കുന്നു. ഞാന്‍ ഡല്‍ഹിയില്‍ പലരോടും പറഞ്ഞ വാചകമാണിത്‌`കഷ്ടപ്പാടു തോന്നുമ്പോള്‍ ആടു ജീവിതം വായിക്കുക'.

    ഇത്തരം ജീവിതങ്ങളെക്കുറിച്ച്‌ ആദ്യം ഞാന്‍ അറിയുന്നത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വന്നഒരു ലേഖനത്തില്‍ നിന്നാണ്‌. പക്ഷേ അതിണ്റ്റെ തീക്ഷ്ണതഅറിഞ്ഞത്‌ ആടുജീവിതത്തിലൂടെയും.

    പറഞ്ഞ കഥയേക്കാള്‍ ക്രൂരമായിരുന്നിരിക്കാം പറയാത്ത കഥ. അതെ ഹക്കീമിണ്റ്റെ കഥ. അതിനെ ക്കുറിച്ച്‌ താങ്കള്‍ഒന്നു പറഞ്ഞിരുന്നെങ്കില്‍ ഇതു പൂറ്‍ണ്ണമാകുമായിരുന്നു. ഒന്നിച്ചുപോയി സമാന സമയം സമാന ജീവിതം നയിച്ച ഒരു പൊടിമീശക്കാരന്‍. രക്ഷപ്പെടാന്‍ കഴിയാതെ ഒരു തുള്ളി വെള്ളം സ്വപ്നം കണ്ട്‌ പഴുത്ത മണല്‍ വാരി തിന്നു ചോര ഛര്‍ദ്ദിച്ചു ഇന്നും ആമണല്‍ക്കാട്ടിലെവിടെയോ മരിച്ചു കിടക്കുന്ന ഹക്കിം. നോവല്‍ വായിച്ചിരിക്കാനിടയുള്ള അവണ്റ്റെ ഉമ്മ. ആ കഥ അതിലും ഹൃദയ ഭേദകമല്ലേ?

    ദിവസങ്ങളോളം വഴിതെറ്റി മരുഭൂമിയില്‍ അലഞ്ഞ്‌ (പ്രത്യേകിച്ച്‌ കുറേ പാമ്പുകളെ കാണുന്ന രംഗം) മനോവിഭ്രാന്തി വന്നെന്നു തോന്നിക്കുമ്പോഴാണ്‌ ഒരു മരുപച്ച കാണുന്നതും വെള്ളം എങ്ങിനെ കുടിക്കണമെന്നു കൂടെ യുള്ള ഒരു ചങ്ങാതിപഠിപ്പിക്കുന്നതും. അതോടെ നമുക്കു ബോദ്ധ്യമാകുംഅതൊന്നും ഒരു വിഭ്രാന്തിയുമല്ലെന്നു.

    അദ്ദേഹം എത്ര മഹാത്തായ മനസിനു ഉടമയായിരുന്നെന്ന് മനസിലാക്കാന്‍ കഴിയുന്നത്‌ ആ അര്‍ബാബിനെ വധിക്കാന്‍ അവസരം ഉണ്ടായിട്ടും അങ്ങിനെ ചെയ്യാതിരിക്കുന്നതിലാണു. (മഴയില്‍ കൂടാരത്തിലേക്കു പോകുന്ന സമയത്ത്‌ തോക്കു കൈയില്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാതിരിക്കാനുണ്ടായ കാരണം)എല്ലാവര്‍ക്കും അതൊന്നു അതിജീവിക്കാന്‍ കഴിയില്ല.

    എന്തായാലും ഈ പരിചയപ്പെടുത്തല്‍ (പുസ്തകത്തെ)വളരെ നന്നായി.

    ReplyDelete
  15. കുഞ്ഞായീ - എന്റമ്മോ അനോണികളും തേങ്ങയടിക്കാന്‍ തുടങ്ങിയോ ? നന്ദി കുഞ്ഞായീ :) ഒന്ന് വായിക്കണേ ആടുജീവിതം. നമ്മള്‍ എണ്ണപ്പാടത്തുള്ളവര്‍ എന്തായാലും വായിക്കണം. താങ്കള്‍ ഇപ്പോള്‍ ജീവിക്കുന്ന ബുഹാസ മരുഭൂമിയിലാണ് എനിക്ക് ഉണ്ടായ അനുഭവം.

    രഞ്ജിത്ത് വിശ്വം - ‘സു’വിന്റെ പോസ്റ്റ് പോയി വായിച്ചു. ഇപ്പോഴാ കണ്ടത്. ചിന്ത അഗ്രിയില്‍ എന്റെ തൊട്ടടുത്ത് തന്നെ അതും കിടക്കുന്നുണ്ട്. താങ്കളുടെ അവലോകനം കാണാന്‍ പറ്റിയില്ലല്ലോ ? ലിങ്ക് തരാമോ ? എന്തായാലും ഈ വഴിവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    ഡോക്‍ടര്‍ - നന്ദി :)

    ചാണക്യന്‍ - നന്ദി :)

    മീര അനിരുദ്ധന്‍ - അതെ എല്ലാവരും വായിച്ചിരിക്കേണ്ടതുതന്നെയാണ് ആടുജീവിതം. നന്ദി :)

    പള്ളിക്കുളം - തമാശയ്ക്ക് പോലും അങ്ങനെ പറയരുത് മാഷേ. ഈ വഴി വന്നതിന് നന്ദി :)

    നട്ടപിരാന്തന്‍ - എനിക്ക് ബന്യാമിനേയും നജീബിനേയും പരിചയപ്പെടണമെന്നുണ്ട്. നന്ദി :)

    ജയലക്ഷ്മി - ചേച്ചീ എല്ലാവരുടേയും അവസ്ഥ ഇതായിരിക്കും ആടുജീവിതം വായിച്ച് കഴിഞ്ഞാല്‍ . നന്ദി :)

    നാട്ടുകാരന്‍ - നന്ദി :)

    പാവപ്പെട്ടവന്‍ - അതെ സൌദിയില്‍ത്തന്നെയാണ് ഇത് കൂടുതലുള്ളത്. അങ്ങനൊരാളെ താങ്കളും കണ്ടിട്ടുണ്ടെന്നോ ? എനിക്ക് അങ്ങനൊരു കാഴ്ച്ച താങ്ങാനാവില്ല. തകര്‍ന്നുപോകും ഞാന്‍ . നന്ദി :)

    ചിത്രകാരന്‍ - അതെ പ്രവാസി മലയാളികളുടെ ആശ്രിതരും, ഗള്‍ഫ്കാരന്‍ ചമയുന്നവരും ഒക്കെ വായിച്ചിരിക്കണം ആടുജീവിതം.നന്ദി :)

    ജിതേന്ദ്രകുമാര്‍ - ഇത് വായിച്ച് കഴിഞ്ഞിട്ട് ദിവസം കുറേയായി. മനസ്സിലെ നീറ്റലൊന്ന് മാറിയിട്ട് എഴുതാമെന്ന് കരുതിയിരിക്കുകയായിരുന്നു. ഹക്കീമിന്റേയും മറ്റ് കഥാപാത്രങ്ങളുടേയും നോവലിലെ താങ്കള്‍ പറഞ്ഞ മര്‍മ്മപ്രധാനമായ പല കാര്യങ്ങളും മനപ്പൂര്‍വ്വം പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞതാണ്. നോവല്‍ വായിക്കാന്‍ പോകുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ ബാക്കിവെക്കണ്ടേ. ഇത് അകാംക്ഷ വര്‍ദ്ധിപ്പിക്കാനും, അതൊന്ന് വായിക്കണമെന്ന തോന്നലുളവാക്കാനും വേണ്ടി ഞാന്‍ നടത്തുന്ന ഒരു വിഫലശ്രമം മാത്രം. എന്തായാലും ഈ വഴി ആദ്യായി വന്നതിനും വിശദമായ അഭിപ്രായം പറഞ്ഞതിനും വളരെ വളരെ നന്ദി :)

    ആടുജീവിതത്തെപ്പറ്റിയുള്ള എന്റെ കുറിപ്പ് വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി. എല്ലാവരും അതൊന്ന് വായിക്കണമെന്ന് താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു.

    ReplyDelete
  16. നിരക്ഷര കുക്ഷീ,

    അക്ഷരമറിയാത്ത താങ്കൾ എത്ര മനോഹരമായാണു ഈ പുസ്തകാവലോകനം നടത്തിയിരിക്കുന്നത്...കൃത്യമായി, പറയേണ്ടത് മാത്രം പറഞ്ഞ് മനസ്സിൽ തട്ടുന്നതു പോലെ എഴുതിയിരിക്കുന്നു.

    ഇതു വായിച്ചില്ല..പരസ്യം കണ്ടിരുന്നു.

    മണലാരണ്യത്തിലെ പ്രവാസി മാത്രമല്ല, അതു പോലെ ദുരിതം അനുഭവിക്കുന്ന എത്രയോ ആൾക്കാർ ഉണ്ട്.കഷ്ടപ്പാടിന്റേയും വേദനയുടേയും ചരിത്രം എന്നും ഒന്നു തന്നെ.മനുഷ്യന്റെ ദുരിതങ്ങൾ മാറ്റമില്ല.

    ചിത്രകാരന്റെ ഒരു നിരീക്ഷണത്തോടു യോജിക്കുന്നു.ഇത്തരം പുസ്തകങ്ങൾ കൂടുതലും വായിക്കേണ്ടത് പ്രവാസികളുടെ ആശ്രിതരും അവരുടെ ബന്ധുക്കളുമാണ്.”കറവപ്പശുവിനെ’പ്പോലെ അവരെ കണ്ട് അവസാനം “കറവറ്റ പശു” ആകുമ്പോൾ തള്ളിപ്പറയുന്നവർ !

    ഈ പരിചയെപ്പെടുത്തലിനു നന്ദി !

    ReplyDelete
  17. പോസ്റ്റിനു നന്ദി നിരക്ഷരാ..

    ബെന്യാമിന്റെ ബ്ലോഗിനേക്കുറിച്ച്‌ താങ്കൾക്കറിയുമോ എന്നെനിക്കറിയില്ല. അതിലൊരിക്കൽ അദ്ദേഹം തന്നെ നജീബിനെ കണ്ടതിനേക്കുറിച്ചെഴുതുകയുണ്ടായി.
    ആടുജീവിതം

    ReplyDelete
  18. നന്ദി സുഹൃത്തെ, എന്റെ പുസ്‌തകം പരിചയപ്പെറ്റുത്തിയതിന്.

    ReplyDelete
  19. INGANEYUM ANUBHAVANGAL MANUSHYARKKU IPPOLUM UNDAAKUNNUNDALLO
    ENNU ORKKUMBOL VISHAMAM THONNUNNU...

    AADUJEEVITHAM ENIKKONNU VAAYIKKAN THYARANE NIRUJI

    ReplyDelete
  20. നന്ദി മനോജേ ഈ പരിചയപ്പെടുത്തലിനു.. ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല

    ReplyDelete
  21. നിരക്ഷരന്‍ ജീ.,നന്ദി ഈ പരിചയപ്പെടുത്തലിനു.ഈ വായനക്കുറിപ്പ് വായിച്ചപ്പോള്‍ തന്നെ മനസ്സ് നടുങ്ങിപ്പോയി.കണ്ണടച്ച് അങ്ങനെയൊരു ജീവിതം ഒരു നിമിഷം സങ്കല്പിക്കാന്‍ പോലും ഭയമാവുന്നു..ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ നമ്മളുടെ കൊച്ചു കൊച്ചു കഷ്ടപ്പാടുകള്‍ തൂക്കി നോക്കാന്‍ പോലുമില്ലാത്ത വിധം എത്ര തുച്ഛം..ഉടനെ തന്നെ എങ്ങനെയെങ്കിലും ആടുജീവിതം വായിക്കണമെന്നു തോന്നി ഇതു വായിച്ചപ്പോള്‍.

    ആരുമറിയാതെ പോകുന്ന കെട്ടുകഥകള്‍ പോലുള്ള ഇത്തരം ജീവിതങ്ങളെ കാണിച്ചു തന്നതിനു കഥാകൃത്ത് ബന്യാമിനു നന്ദി..

    ReplyDelete
  22. വായനയ്ക്കിടെ പല പ്രവാസിസുഹൃത്തുക്കളും മനസ്സിലൂടെ
    കടന്നുപോയി

    ReplyDelete
  23. ഇത്തരം ജീവിതങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലപ്പോഴായി വന്നിട്ടുള്ള ലേഖനങ്ങളാണ് ‘ആടുജീവിതം’ എന്ന പുസ്തകത്തിലേയ്ക്ക് എന്നെ എത്തിച്ചത്. അന്നതു വായിച്ചതിന്റെ വിങ്ങൽ മനസ്സിന്റെ കോണിലിപ്പോഴും ബാക്കിയാണ്.

    പിന്നെ, ചിത്രകാരൻ പറഞ്ഞ അഭിപ്രായത്തോട് ഞാനും പൂർണ്ണമായി യോജിയ്ക്കുന്നു...ഇതു വായിക്കേണ്ടത് തീർച്ചയായും പ്രവാസികളേക്കാൾ നാട്ടിലുള്ളവർ തന്നെയാണ്. ഇത്തരം അനുഭവകഥകൾ ഇനിയെങ്കിലും ഒരു പാഠമായെങ്കിൽ..!!

    ReplyDelete
  24. നിരക്ഷരാ, വളരെ നല്ല പുസ്തക വിവരണം, എന്തായാലും “ആടുജീവിതം” വായിക്കണം. പിന്നെ ‘മസ്‌റ‘ എന്നത് കൃഷി സ്ഥലം എന്നു മാത്രമേ അർത്ഥമാക്കുന്നുള്ളൂ എന്നാണ് എന്റെ അറിവ്‌ (അങ്ങനെയല്ലേ? ആ!)

    ReplyDelete
  25. ഇപ്രാവശ്യത്തെ അബുദാബി ശക്തി അവാര്‍ഡ് ഈ നോവലിന്‌ അല്ലേ ലഭിച്ചത്?
    ബെന്യാമിന്‍ ഒരു ബ്ലോഗറും കൂടിയാണ്‌. എന്തായാലും ഈ കൃതി വായിക്കാന്‍ ആധിയായി.

    ReplyDelete
  26. സുനില്‍ കൃഷ്ണന്‍ - ആടുജീവിതം വായിക്കാന്‍ അക്ഷരം പോലും അറിയണമെന്നില്ല. ഒരു നോവാണത്. ഒരക്ഷരത്തിന്റേയും സഹായമില്ലാതെ ആര്‍ക്കും മനസ്സിലാവുന്ന ഒരു നോവ്. അത് പകര്‍ത്താനും അക്ഷരങ്ങളുടെ സഹായം ആവശ്യമില്ല :) ഒന്നാന്തരം ഒരു അഭിപ്രായം പറഞ്ഞതിന് നന്ദി.

    വയനാടന്‍ - ബന്യാമിന്റെ ബ്ലോഗ് മുന്നേ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ ലിങ്ക് കയ്യീന്ന് പോയി. ഇപ്പോള്‍ അത് തന്ന് സഹായിച്ചതിനും അഭിപ്രായത്തിനും പ്രത്യേകം നന്ദി :)

    ബെന്യാമിന്‍ - നോവലിസ്റ്റിന്റെ തന്നെ ഒരു അഭിപ്രായം ഈ പോസ്റ്റില്‍ വീഴുന്നതോടെ ഈ പോസ്റ്റിന് ഒരു അര്‍ത്ഥമുണ്ടാകുകയാണ്. വളരെ വളരെ നന്ദി... ഈ അഭിപ്രായത്തിനും, ആടുജീവിതം മലയാളികള്‍ക്ക് സമ്മാനിച്ചതിനും.

    പിരിക്കുട്ടീ - ആടുജീവിതം ആര് ചോദിച്ചാലും കൊടുക്കാതിരിക്കാനാവില്ല. ഞാന്‍ തരാം. നന്ദി :)

    പകല്‍ക്കിനാവന്‍ - നന്ദി :)

    Rare Rose നന്ദി :)

    .- :- നന്ദി :)

    ബിന്ദൂ - താങ്കള്‍ പ്രവാസിയും നാട്ടിലുള്ള ആളും തന്നെ. അപ്പോള്‍ എന്തായാലും വായിച്ചേ പറ്റൂ. നന്ദി :)

    റാഷിദ് - എനിക്ക് അറബി അത്ര പിടിയൊന്നും ഇല്ല. താങ്കള്‍ പറഞ്ഞ അര്‍ത്ഥം തന്നെയാണ് ശരിയാകാന്‍ സാദ്ധ്യത. എന്തായാലും നോവലില്‍ ബെന്യാമിനും മസറയുടെ അര്‍ത്ഥം ആടുകളുടെ കിടപ്പാടം എന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ അത് ആ നോവലിലെ നായകനായ നജീബ് സ്വയം പഠിക്കുന്ന അറബി പദങ്ങള്‍ അതേപോലെ വിവരിക്കുന്നതാകാനും മതി. അങ്ങനാണെങ്കില്‍ തെറ്റ് പറ്റിയത് എനിക്കു തന്നെ. എന്തായാലും ‘ആടുജീവിത‘ത്തില്‍ മസറ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ആടുകള്‍ കിടക്കുന്ന സ്ഥലം എന്നുതന്നെയാണ്. വിലയേറിയ ഈ അഭിപ്രായത്തിന് ഒരിക്കല്‍ക്കൂടെ നന്ദി :)

    ഏറനാടന്‍ - അബുദാബി ശക്തി അവാര്‍ഡിന്റെ കാര്യം ഒന്നും എനിക്കറിയില്ല. ഞാന്‍ ഒരു ഉഭയജീവി ആയിപ്പോയില്ലേ ? ബെന്യാമിന്‍ തന്നെ പറയട്ടെ ആ ചോദ്യത്തിനുള്ള ഉത്തരം. പുള്ളിയുടെ കമന്റ് മുകളില്‍ കിടക്കുന്നുണ്ട്. ആ ലിങ്ക് വഴി ബെന്യാമിന്റെ ബ്ലോഗിലേക്കും പോകാം.

    എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)

    ReplyDelete
  27. നല്ല റിവ്യു. പുസ്തകം വായിച്ചിട്ടില്ല. വായിക്കും. വായിക്കണമല്ലോ.
    അഭിനന്ദനങൾ!

    ReplyDelete
  28. പരിചയപ്പെടുത്തലിന് നന്ദി....

    ReplyDelete
  29. ആയിരം നന്ദി നിരക്ഷരാ. ‘ആടുജീവിതം‘ എവിടെ കിട്ടും ഞാന്‍ ചെന്നൈയില്‍ ആണു വെബ് സൈറ്റ് പറഞ്ഞാലും മതി.

    ReplyDelete
  30. ഇങ്ങനെയൊരു പുസ്തകമോ. എനിക്കറിയില്ലാരുന്നു മനോജേട്ടാ. എന്തായാലും പോസ്റ്റ് വായിച്ചു , ഇനി പുസ്തകം കൂടി വായിക്കണമെന്ന് ആഗ്രഹിക്കുന്നു :). നല്ല നിരൂപണം ..

    ഓണാശംസകള്‍ .....

    ReplyDelete
  31. നന്ദി..ആടു ജീവിതം പരിചയപ്പെടുത്തിയതിനു...പുസ്തകം വായിച്ചില്ലെങ്കിലും ആ പ്രതീതി ഉളവായി..താങ്ക്സ് !!ഒപ്പം ഓണാശംസകളും..!!

    ReplyDelete
  32. കാത്തിരുന്ന് കാത്തിരുന്ന് ബുക്ക് കയ്യില്‍ കിട്ടിയപ്പോള്‍, വെക്കേഷ്യന് പോയപ്പോള്‍ കിട്ടിയ നീണ്ട കാര്‍ യാത്രയില്‍ ആര്‍ത്തിപിടിച്ച് വായിച്ച പുസ്തകമാണ് ബെന്ന്യാമീന്റെ ‘ആടുജീവിതം’. അമേരിക്കന്‍ ഭൂഖണ്ഠത്തിലിരിക്കുമ്പോള്‍ അങനെയൊരു സംഭവം ഗല്‍ഫ് രാജ്യങളില്‍ നടക്കുന്നതായി ഇമാജിന്‍ ചെയ്യുവാന്‍ കൂടി കഴിയില്ല. മനസിനെ വല്ലാതെ അസ്വസ്ഥമാക്കിയ നോവല്‍!

    നിരക്ഷരന്‍ സാക്ഷരനായി പുസ്തക ആസ്വാദനവും തുടങിയോ?
    അടുത്ത സ്റ്റെപ്പ്? നോവല്‍ എഴുത്ത്?എങ്കില്‍ ആദ്യ കോപ്പി എനിക്ക്.

    ReplyDelete
  33. Nice review. But the climax would have avoided.

    ReplyDelete
  34. “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് “...

    ReplyDelete
  35. vayichittu parayam..

    നന്മയും സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍..

    ReplyDelete
  36. സീമാ മേനോന്‍ - നന്ദി :)

    വെള്ളായണി വിജയേട്ടന്‍ - നന്ദി :)

    വിനയന്‍ - നന്ദി :) ഗ്രീന്‍ ബുക്കിസിന്റേതാണ് ആടുജീവിതം. ചെന്നയില്‍ ഏതെങ്കിലും മലയാളം സ്റ്റോറില്‍ തപ്പിനോക്കാമോ ? വെബ് സൈറ്റ് ഉള്ളതായി അറിയില്ല. ഇവിടെ ബന്യാമിന്റെ ഒരു കമന്റുണ്ട്. അതുവഴി അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോയി ഒന്ന് ചോദിച്ചുനോക്കാമോ ? അപ്പോഴേക്കും മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോന്ന് ഞാനും അന്വേഷിക്കാം.

    ഫൈസല്‍ കൊണ്ടോട്ടീ - നന്ദി :)

    ഷിജു - നന്ദി :)

    പാമരന്‍ - നന്ദി :)

    വീരു - നന്ദി :)

    റീനി - നന്ദി :) സ്ഥിരമായി പുസ്തകാസ്വാദനം എഴുതാനൊന്നും ഉദ്ദേശിക്കുന്നില്ല. ആടുജീവിതത്തിന് എന്റെ ചില അനുഭവങ്ങളുമായി അടുപ്പമുണ്ടായതുകൊണ്ട് എഴുതാതിരിക്കാനായില്ല. പിന്നെ നോവലെഴുതുന്ന കാര്യം. അത് നടന്നതുതന്നെ :) :)

    ക്യാപ്റ്റന്‍ ഹാഡോക്ക് - നന്ദി :) തുറന്ന് അഭിപ്രായത്തിന് നന്ദി. മാഷേ ഇതില്‍ ക്ലൈമാക്സ് എന്നൊന്നില്ല കേട്ടോ. രക്ഷപ്പെട്ട് വന്ന് ജയിലില്‍ ആയതിനുശേഷം ഒരു ഫ്ലാഷ് ബാക്കിലൂടെയാണ് കഥ തുടങ്ങുന്നതുതന്നെ. അതുകൊണ്ടുതന്നെ രക്ഷപ്പെട്ടു എന്നത് ഇവിടെ പറയുന്നതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നിയത്. പുസ്തകം വായിച്ച് കഴിഞ്ഞിട്ടും എന്റെ അഭിപ്രായത്തോട് വിയോജിക്കുന്നെങ്കില്‍ അറിയിക്കണേ ? :)

    മഴക്കിളി - നന്ദി :)

    ഇ - പണ്ഡിതന്‍ - നന്ദി :)

    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ......

    ReplyDelete
  37. നജീബിന്റെ അനുഭവങ്ങൾ ശരിക്കും കരളലിയിപ്പിക്കുന്നതുതന്നെ. നോവലിന്റെ ശരിയായ രത്നചുരുക്കം.

    ReplyDelete
  38. നല്ല റിവ്യൂ..പുസ്തകം വായിക്കാന്‍ പ്രേരണയാകുന്നു .
    അതിനപ്പുറം
    ഈ ലോകത്ത് എവിടെയും ജീവിതത്ത ആര്‍ദ്രതയോടെ സമീപിക്കാന്‍ പ്രചോദനമാകുന്ന ഒരു കൃതിയുടെ പരിചയപ്പെടുത്തല്‍.........നന്ദി

    ReplyDelete
  39. മനോജ് ചേട്ടാ.ഒരു ആഴ്ചയായി computerനു പനിയും തലവേദനയും കാരണം ബൂലോകത്തേക്ക് വരാറില്ലായിരുന്നു.അതുകോണ്ടാണ് ഇവിടെ വരാൻ വൈകിയത്.ഡോകടർ പറഞ്ഞതു പോലെ നാട്ടിലുള്ളവരും ഈ പുസ്തകം വായിച്ചിരിക്കണം.ഇവിടെ വാഫറ എന്ന മരുഭൂമിയുടേ നടുവിലുള്ള ഒരു പവർ പ്ലന്റിലാണ് ഞാൻ ജോലി ചെയ്യൂന്നത്.നോക്കെത്താ ദൂരം മണൽ പരപ്പും-പിന്നെ ഭൂമിയുടെ രക്തകുഴൽ പോലെ തലങ്ങും വിലങ്ങും പോകുന്ന എണ്ണപൈപ്പുകളും മാത്രമുള്ള ഒരു ലോകം- ആഞ്ഞു വീശുന്ന പൊടിക്കാറ്റിനെ വകവൈയ്ക്കാതെ ആടുകളെയും മേച്ചു നടന്നു പോകുന്ന ആട്ടിടയന്മാരെ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.കുറച്ചു തണപ്പിനായി,വെള്ളം കുടിക്കാനായി അവർ ഞങ്ങളുടെ control room-ൽ വന്നിരിക്കുമ്പോൾ ആദ്യാമാദ്യം എനിക്ക് ഭയമായിരുന്നു.അത്രക്ക് ഭീകരമാണ് അവരുടെ രൂപം. കരിവാളിച്ച്,മെലിഞ്ഞ് കവിളോട്ടിയ മുഖം.ചുട്ടുപോള്ളുന്ന മണലിൽ നടന്ന് തഴമ്പ് വന്ന് വിക്രതമായ കാല്പാദങ്ങൾ.കണ്ണ് ഒഴികെ ശരീരമല്ലാം മറച്ചിരിക്കും.ഞാൻ പരിചയപ്പെട്ടവർ അധികവും ആന്ധ്രാക്കാർ ആയിരുന്ന.പലപ്പോഴും മസ്‌റ്യിൽ പോയിട്ടുണ്ട്.ആടും,ഒട്ടകവും,കോഴികളും അവയുടെ പരിചാരകനും ഒരുമിച്ചു താമസിക്കുന്ന ഒരിടം.കുവൈറ്റി കാണാതെ അവൻ ഞങ്ങളുടെ പാകിസ്ഥാനിയായ ഡ്രൈവർക്ക് ഒട്ടകപാലും,ആട്ടിൻപാലും കൊടുക്കും.പകരമായി കിട്ടുന്ന 1 ദിനാറോ മറ്റോ കൊടുക്കുമ്പോൾ അവന്റെ മുഖത്തെ സന്തോഷം കാണണം.തുച്ചമായ ശമ്പളത്തിനിടയിൽ കിട്ടുന്ന് ഒരു എക്സ്ട്രാ മണിയാണിത്.അവരുടെ ദുരിതപൂർണ്ണമായ ജീവിതം കാണുമ്പോൾ ആലോചിക്കാറുണ്ട്-ഞാൻ എത്ര ഭാഗ്യവാൻ.ഒപ്പം എന്റെ വീട്ടുകാരും,അവർക്ക് എന്ന വർഷാവർഷം കാണാൻ കഴിയുന്നുണ്ടല്ലോ.മാസശമ്പളത്തിൽ ത്രിപ്തി വരാതെ മനസ്സ് അസ്വസ്തമാവുമ്പോൾ ബെന്യാമിന്റെ ആടുജീവിതം വായിക്കും-ഈ മരുഭൂമിയിൽ നീ ഭാഗ്യവാനാണന്ന് ഓർമ്മപ്പെടുത്താൻ വേണ്ടി...

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. ആടുജീവിതം പരിചയപ്പെടുത്തിയതിനു നന്ദി....
    ഒരു പ്രവാസി എന്ന നിലയില്‍ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തന്നെ...
    മുന്‍പ് ഒരുപാട് കേട്ടിരുന്നു ബെന്യാമിന്റെ കൃതിയെക്കുറിച്ച്...ഇതുവരെ വായിക്കാന്‍ സാധിച്ചിട്ടില്ല...
    താങ്കളുടെ അവലോകനം വായിച്ചപ്പോള്‍ കൂടുതല്‍ ആ പുസ്തകത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു...
    ആശംസകള്‍...
    NB: എന്റെ ഒരു പോസ്റ്റ്‌ ഉണ്ട്...ഒരു പ്രവാസിക്കഥ.....ഏതാണ്ട്. സമാനമായ വിഷയമാണ്....പറ്റു മെങ്കില്‍ ഒന്ന് വായിച്ചു അഭിപ്രായം പറയുക...
    http://peythozhiyathe-pravasi.blogspot.com/2009/08/blog-post_24.html

    ReplyDelete
  42. കൊള്ളാം നന്നായിരിക്കുന്നു അഭിനന്ദന്‍സ്

    ReplyDelete
  43. നിരക്ഷരാ നന്ദി ഒരു പാടു നന്ദി, പ്രവാസികളുടെ കണ്ണുനീരിൽ ചാലിച്ഛ ,കയ്യൊപ്പുള്ള,കഥ പരിചയപെത്തിയതിൻ. ഇനിയും കാത്തിരിക്കുന്നു ...........
    ഒരുപടുസ്നേഹത്തേടെ നിഷാർ

    ReplyDelete
  44. ഈ പരിചയപ്പെടുത്തലിനു വളരെ നന്ദി നിരക്ഷരന്‍..

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. ക്യാമറ ഉപയോഗിക്കാനറിഞ്ഞില്ലങ്കിലെന്ത് ...വിജ്ഞാനം വിളമ്പുന്ന നല്ല ചിത്രം
    നന്നായി

    ReplyDelete
  47. ശരിയ്ക്കു പറഞ്ഞാൽ കുറച്ചുനേരം ആടുജീവതത്തിൽ ആണ്ടുപോയി ! അത്ര നല്ല പരിചയപെടുത്തലായിരുന്നു ഈ പുസ്തകത്തെ കുറിച്ച്..നന്ദി മനോജ് വളരെയധികം നന്ദി..

    ReplyDelete
  48. ഞാനും വായിച്ചു. ഇല്ലെങ്കിലൊരു നഷ്ടമായിപ്പോയേനെ.. റിവ്യൂ പുസ്തകത്തിന്റെ വായനാ പ്രാധാന്യത്തെ വീണ്ടും ധ്വനിപ്പിച്ചു. ഒരു സംശയം.. 'അരിയുടച്ച മുട്ടനാടുകള്‍ക്ക്'എന്നാണോ, വരിയുടച്ച എന്നല്ലേ വേണ്ടത്.?

    ReplyDelete
  49. കുമരനാ ലിങ്കു തന്ന് ഇങ്ങോട്ടയച്ചത്.

    ഗള്‍ഫിലെ നൈര്യന്തരത്തില്‍ നിന്നുമൊരേട്.

    ഞാന്‍ ബോംബേ ദാദറിലെ ചോപ്പട്ടയില്‍ കഴിയുന്നകാലം, സൌദിയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലേക്കു മടങ്ങുന്ന ഒരാടുജീവി രണ്ട് ദിവസം കൂടെ തങ്ങിയിരുന്നു, രാത്രി ഉറക്കില്‍ ‘ ചോന്ന ആടേടേ, ചോന്ന ആടേടേ.. ‘ എന്നു വിളിച്ചു കൂവി ഞെട്ടിയുണരുന്ന ഈ മിസ്ക്കീന് ആടു ഇന്നും ഒരു ദുരന്ത സ്മരണ ആയിരിക്കണം.

    ReplyDelete
  50. ഏറെ ദിവസങ്ങള്‍ക്കുശേഷമാണ് ഈ വഴി വരുന്നത്.
    അതുകൊണ്ട് ചില സംശയങ്ങള്‍ക്ക് യഥാസമയം മറുപടി പറയാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുക.
    അബുദാബി ശക്‌തി അവാര്‍ഡ് ആടുജീവിതത്തിനു തന്നെയായിരുന്നു.
    പുസ്‌തകം - ഗ്രീന്‍ ബുക്സില്‍ നിന്നോ, ഇന്ദുലേഖ ഡോട്ട് കോമില്‍ നിന്നോ ലഭിക്കും.
    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

    ReplyDelete
  51. ആടുജീവിതം പാഠ്യവിഷയമാകുന്നു. ബന്യാമിനു്‌ അഭിനന്ദനങ്ങള്‍ ലിങ്ക് നോക്കൂ - http://www.orkut.com/Main#AlbumZoom?gwt=1&uid=11199423419926387477&aid=1263893645&pid=1263918934914

    ReplyDelete
  52. ആടുജിവിതം വലിയൊരു കാന്‍വാസില്‍ ചലച്ചിത്രമാക്കാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകല്‍ ലാല്‍ ജോസ്. ആ ആഗ്രഹം സഫലമാകട്ടെ. അഭിനന്ദനങ്ങള്‍ ബന്യാമിന്‍ .

    ReplyDelete
  53. ഗ്രേറ്റ്‌ !!!!

    ReplyDelete
  54. ഈയിടെയാണ് ആടുജീവിതം വായിച്ചത്. നാമൊക്കെ സ്വര്‍ഗത്തില്‍ വസിക്കുന്നു എന്ന് മാത്രമേ എനിക്ക് പറയാനൊക്കൂ.പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞു. പക്ഷെ എനിക്ക് തോന്നുന്നത് മറ്റൊരു കാര്യമാണ്. അചഞ്ചലമായ ദൈവവിശ്വാസമാണ് നജീബിന് കരുത്ത് പകര്‍ന്നത്. ദൈവ വിശ്വാസം ( അതെത് മത ദര്‍ശനമാകട്ടെ) നമ്മുടെ ജീവിതത്തിലെ കഠിന പരീക്ഷണങ്ങളോട് പൊരുതാന്‍ എത്രമേല്‍ പ്രേരിപ്പിന്നുണ്ട് എന്ന് ഈ കൃതി നമ്മെ പഠിപ്പിക്കുന്നു. അല്ലെങ്കില്‍ നജീബിന്റെ സ്ഥിതി എന്താകുമായിരുന്നു?

    ReplyDelete
  55. ഈ നജീബ് എന്ന 'ആടിനെ'കാണാന്‍ കഴിയുമോ?

    ReplyDelete
  56. blessy is making it into a movie. read it in the Hindu yesterday

    ReplyDelete
  57. @കുമാരന്‍ - വരിയുടച്ചത് എന്ന് തന്നെയാണ് ശരി. എനിക്ക് തെറ്റിയതാണ്. തിരുത്തിത്തന്നതിന് പ്രത്യേകം നന്ദി. താങ്കളുടെ അനുവാദത്തോടെ പോസ്റ്റിലും തിരുത്തുന്നു.

    @ ഇസ്‌മയില്‍ കുറുമ്പടി - നജീബിനെ കാണണമെങ്കില്‍ ബന്യാമിന്‍ വഴി തന്നെ പോകൂ. അദ്ദേഹത്തിന്റെ ലിങ്ക് ഈ കമന്റുകള്‍ക്കിടയില്‍ ഉണ്ട്.

    @ അനോണീ - ബ്ലസ്സിയാണോ അതോ ലാല്‍ ജോസാണോ ? ബന്യാമിനെ നേരിട്ട് കണ്ടപ്പോള്‍ മനസ്സിലാക്കാനായത് ലാല്‍ ജോസാണ് ആടുജീവിതം സിനിമയാക്കുന്നത് എന്നാണല്ലോ. ഹിന്ദു ഓണ്‍ലൈനില്‍ ആണോ വാര്‍ത്ത. പ്രിന്റില്‍ ആണെങ്കില്‍ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

    ആടുജീവിതം റിവ്യൂ വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  58. ആടുജീവിതത്തിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. ബന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

    വ്യക്തിപരമായി എനിക്കൊരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട് ഈ വാര്‍ത്ത. കാരണങ്ങള്‍ പലതാണ്. ഒരു പുസ്തകം വായിച്ചിട്ട് ഒരു അവലോകനം അതിനെപ്പറ്റി ജീവിതത്തില്‍ ആദ്യമായി ഒരു അവലോകനം എഴുതിയിടുന്നത് ആടുജീവിതത്തെപ്പറ്റിയാണ്. സമാനമായ ഒരു കൊച്ചനുഭവം ഉണ്ടായതുകൊണ്ടാണ് ആടുജീവിതം വല്ലാതെ സ്പര്‍ശിച്ചതും ഇങ്ങനൊരു അവലോകനം എഴുതിയിടണമെന്ന് തോന്നിയതും. അല്‍പ്പദിവസം കഴിഞ്ഞ് ഈ ലേഖനത്തിനടിയില്‍ സാക്ഷാല്‍ ബന്യാമിന്റെ കമന്റ് വായിക്കാനായപ്പോള്‍ അതിയായ സന്തോഷവും എന്തെന്നില്ലാത്ത ഗര്‍വ്വുമുണ്ടായി. വീണ്ടും കുറച്ച്കാലത്തിനുശേഷം ബന്യാമിനെ നേരിട്ട് കാണാനും ഒരു സായാഹ്നം ബന്യാമിനടക്കമുള്ള ബഹറിന്‍ ബൂലോകത്തിന്റെ കൂടെ ചിലവഴിക്കാനുമായി. വീണ്ടും സന്തോഷം. ലാല്‍ ജോസ് (അതോ ബ്ലസ്സിയോ) ആടുജീവിതം സിനിമയാക്കാന്‍ പോകുന്നെന്നറിഞ്ഞപ്പോള്‍ പിന്നെയും സന്തോഷം. അതിന് മുന്‍പ് തന്നെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ആടുജീവിതം പാഠ്യവിഷയമായിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സാഹിത്യ അക്കാഡമി അവാര്‍ഡും. സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയ ഒരാളെ നേരില്‍ കണ്ടിട്ടുണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ സന്തോഷം :)

    ബന്യാമിന്‍, ഒരിക്കല്‍ക്കൂടെ അഭിനന്ദനങ്ങള്‍.

    ReplyDelete
  59. മാഷേ , ഹോ.. സമ്മതിച്ചിരിക്കുന്നു. നോവലിസ്റ്റ്‌ ന്റെ ഒരു കമന്റ്‌ ഇവിടെ വന്നിരിക്കുന്നു അല്ലെ! ഇത്തിരി അസൂയ തോന്നുന്നുണ്ട് കേട്ടോ ;) . എന്തായാലും അദ്ദേഹത്തിന്റെ blog ഉം കൂടി കാണാന്‍ പറ്റിയല്ലോ.

    ReplyDelete
  60. ആടു ജീവിതത്തെക്കുടിച്ചുള്ള പരിചയപ്പെടുത്തല്‍ നന്നായിരിയ്ക്കുന്നു. കുറച്ചുനാള്‍ മുന്‍പെപ്പോഴോ “ഗള്‍ഫ് മാധ്യമ“ത്തില്‍ ഈ

    നോവലിനെക്കുറിച്ച് നോവലിസ്റ്റിന്റെ ഒരഭിമുഖം വായിച്ചിരുന്നു. ഇതേ വരെ നോവല്‍ വായിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല, എങ്കിലും ഏഴുവര്‍ഷം

    സൌദിയിലെ മരുപ്രദേശത്തുള്ള ഒരു മുനിസിപ്പാലിറ്റിയില്‍ ജോലിചെയ്ത ഒരാളെന്ന നിലയില്‍ എനിയ്ക്ക് അത് മനസ്സിലാകും. ജോലി

    സംബന്ധമായി പലപ്പോഴും മരുഭൂമിയുടെ ഉള്ളിലേയ്ക്ക് ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതെപോലുള്ള ആറ്റു ജീവിതം നയിയ്ക്കേണ്ടി വരുന്ന

    പലരെയും കണ്ടു. ഇതേക്കുറിച്ച് ചെറിയൊരു കുറിപ്പ് ഞാനെന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു.
    സൌദിയിലെ മധ്യപ്രവിശ്യയായ അല്‍ഖസീം കാര്‍ഷിക മേഖലയാണ്. അവിടെ ധാരാളം “മസ്‌റ”(മജ്‌റ എന്നും പറയും)കളുണ്ട്. മസ്‌റ

    എന്നു പറഞ്ഞാല്‍ കൃഷിയിടം എന്നര്‍ത്ഥം. മിക്കവാറും ഇതിനോട് ചേര്‍ന്ന് ആട് വളര്‍ത്തല്‍ ഒട്ടക വളര്‍ത്തല്‍ ഇവയൊക്കെ കാണും.

    കൃഷിയെന്നാല്‍ അധികവും ഈന്തപ്പന. ചിലപ്പോള്‍ മറ്റു പച്ചക്കറികളും. ഇവിടെ മിക്കവാറും പരിമിതമായ ജീവിതസൌകര്യങ്ങളൊക്കെ

    കാണും.
    എന്നാല്‍ ഇടയജീവിതം ഇതില്‍ നിന്നും വ്യത്യസ്തമാണ്. മരുഭൂമിയുടെ നടുക്ക്, മിക്കവാറും ടെന്റിലായിരിയ്ക്കും താമസം. മരുഭൂമിയുടെ

    നടുക്ക്, ഒരു മനുഷ്യജീവിയുടെ വിദൂര സാന്നിധ്യം പോലുമില്ലാതെ ദിവസങ്ങളൊളം കഴിച്ചുകൂട്ടേണ്ടി വരും. ആടു ജീവിതത്തിലെ

    നജീബിന്റെ അനുഭവങ്ങള്‍ തന്നെയാണ് ഇവിടെ സംഭവിയ്ക്കുക. കൊടും തണുപ്പുകാലത്ത് ഞങ്ങളൊക്കെ റൂമില്‍ ഹീറ്റര്‍ കത്തിച്ച് വച്ചാണ് ഇരിയ്ക്കുക. എന്നാല്‍ അപ്പോഴും ഈ പാവം മനുഷ്യര്‍ , കറന്റില്ലാതെ വെളിച്ചമില്ലതെ ടെന്റില്‍ കഴിയുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. മരുഭൂമിയിലെ കിണറുകളില്‍ അധികവും ഉപ്പുവെള്ളമാകും. മനുഷ്യര്‍ ഇതു കുടിക്കാറില്ല. ഈ വെള്ളമാണ് കാട്ടറബികളായ സ്പോണ്‍സര്‍മാര്‍ ഈ മനുഷ്യര്‍ക്ക് കൊണ്ടുക്കൊടുക്കുക! ഇത്തരം ടെന്റുകളില്‍ ചെന്നാല്‍ ആട്ടിന്‍ കാഷ്ഠവും മൂത്രവും എല്ലാം ചേര്‍ന്ന രൂക്ഷഗന്ധമായിരിയ്ക്കും. ചില സ്പോണ്‍സര്‍മാര്‍ ഇവര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴുതയെ കൊടുക്കും. ഒരാടെങ്ങാനും ചത്താല്‍ അവന്റെ ശമ്പളത്തില്‍ നിന്നും കട്ടു ചെയ്യും 400-500 റിയാല്‍ ശമ്പളത്തില്‍ നിന്നാണിതെന്നോര്‍ക്കണം.
    ഏതായാലും ഈ നോവല്‍ എഴുതിയ ബെന്യാമിനും അതിനെ ബൂലോഗത്ത് പരിചയപ്പെടുത്തിയ താങ്കള്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  61. Nirasharan, Could you please help us with a review to be published in FOKANA souvenir, USA. I am the executive editor and spoke to Benyamin and he sent couple of links in which I like your review. my e-mail id: nechor@gmail.com - thanks

    ReplyDelete
  62. മനോജ്‌

    ആടുജീവിതം ഇന്ന് രാവിലെ ആണ് വായിക്കാന്‍ കയ്യില്‍ എടുത്തത്‌
    ഇപ്പോള്‍ ഇവിടെ വൈകിട്ട് ആറു മണി. തീര്‍ത്തു ഞാന്‍. അവസാന അധ്യങ്ങളിലൂടെ കടന്നു പോയപോള്‍ ഉറക്കെ ഉറക്കെ ഞാന്‍ കരയാന്‍ തുടങ്ങി . എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്തയില്ലെക് ഞാന്‍ ethi chernnu. എന്റെ നിലവിളി കേട്ട് അടുത്ത മുറിയില്‍ നിന്നും സാജന്‍ ഇറങ്ങി വന്നു .പുസ്തകം മുഖത്ത് ചേര്‍ത്ത് ഞാന്‍ കരഞ്ഞു കൊണ്ടേ ഇരുന്നു. കാര്യങ്ങള്‍ വിസദീകരിക്കാന്‍ കുറച്ചു നേരം എടുത്തു. അത് കേട്ട് അയാളുടെ കണ്ണിലും നനവ്..എന്റെ ശ്വാസം മുട്ടല്‍ മാറുന്നെ ഇല്ല
    ഈ വയസ്സിനുള്ളില്‍ ബാലരമ മുതല്‍ ‍ ലോകത്തിലെ ഏറ്റവും വലിയ നോവല്‍ ആയ വിലാസിനിയുടെ അവകാശികള്‍ വരെ വായിച്ചിരിക്കുന്നു. പക്ഷെ ഒരു പുസ്തകം പോലും എന്നെ ഇങ്ങനെ കരയിചിട്ടില്ല. ഒരുപാടു സിനിമകള്‍ എന്നെ കരയിച്ചിട്ടുണ്ട്‌. പക്ഷെ എന്റെ ദൈവമേ എന്ന് എന്നെ ഒരു പുസ്തകം അലരികരയിച്ചതു ഇടാദ്യമയിട്ടാണ്..മനോജ്‌ ബന്യാമിനെ കണ്ടപ്പോള്‍ നജീബ് ഒപ്പം ഉണ്ടായിരുന്നോ ?
    ബ്ലെസി ഇത് സിനിമയാക്കാന്‍ പോകുന്നു. അറിഞ്ഞോ? പ്ര്ത്വി രാജ് ആയിരിക്കും നായകന്‍ എന്ന് കേട്ട്.
    എന്നെ ആ പുസ്തകം haunt ചെയ്തു കൊണ്ടേ ഇരിക്കുന്നു മനോജ്‌...


    --
    With Love and Regards,

    SHYNI JOKOS

    ReplyDelete
  63. പുസ്തകത്തെ പരിചയപ്പെറ്റുത്തിയതു നന്നായി. കമന്റുകളൊക്കെ വായിച്ചപ്പോള്‍ വല്ലാത്ത ഫീലിംഗ്. പുസ്തകം ഇതുവരെ കയ്യില്‍ തടഞ്ഞില്ല. വായിക്കണമെന്നു ഉറപ്പിച്ചിരിക്കുന്നു.

    ReplyDelete
  64. “എഴുതിവെച്ചിരിക്കുന്നതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മടിക്കരുതേ“ കണ്ടതു ഇപ്പോഴാ. താഴെ കൊടുത്തിരിക്കുന്ന പാര ലേഖനത്തില്‍ രണ്ടുപ്രാവശ്യം കൊടുത്തിട്ടുണ്ട്.

    "എണ്ണപ്പാടത്തെ ജോലിക്കിടയില്‍ കുറച്ചുനേരത്തേക്കാണെങ്കിലും ഒരുപ്രാവശ്യം മരുഭൂമിയില്‍ പെട്ടുപോയിട്ടുള്ളവനാണ് ഞാനും. അന്ന് അല്‍പ്പനേരം കൊണ്ട് ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ , എന്നിലൂടെ കടന്നുപോയ ചിന്തകള്‍ , വികാര വിചാരങ്ങള്‍, ...ആ അവസ്ഥയിലൂടൊക്കെ ഞാനൊരിക്കല്‍ക്കൂടെ കടന്നുപോയി. ‘ആടുജീവിതം‘ എന്നെ വല്ലാതെ പിടിച്ചുലച്ചതിന് ആ അനുഭവവും ഒരു കാരണമായിരിക്കാം."

    ReplyDelete
  65. ഈ അവലോകനം ആദ്യമേ കണ്ടിരുന്നെങ്കില്‍ ഞാന്‍ എഴുതില്ലായിരുന്നു .കാരണം ആ അനുഭവങ്ങളുടെ തീഷ്ണത ഒരു ചെറിയ ശതമാനം പോലും എന്‍റെ പോസ്റ്റില്‍ വന്നുവോ എന്ന് സംശയമാണ്.
    ഞാന്‍ രണ്ടു പ്രാവശ്യം വായിക്കുകയുണ്ടായി ആടുജീവിതം.
    താങ്കള്‍ പറഞ്ഞത് പോലെ,ഗള്‍ഫില്‍ വസിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
    നജീബിനെയും ഹക്കീമിനെയും പറ്റി ഓര്‍ക്കുമ്പോള്‍ അറിയാതെ മനസ്സ് വിങ്ങിപ്പോകുന്നു..

    ReplyDelete
  66. This comment has been removed by the author.

    ReplyDelete
  67. Thanks for the intro...
    Inspired to get a copy during my next visit.

    ReplyDelete
  68. ഒരു പാടു നന്ദി, പ്രവാസികളുടെ കണ്ണുനീരിൽ ചാലിച്ഛ ,കയ്യൊപ്പുള്ള,കഥ പരിചയപെത്തിയതിൻ

    ReplyDelete
  69. ആദ്യമേ നന്ദി, മനോജേട്ടാ.. ഈ പോസ്റ്റ് കണ്ടപ്പോൾ മുതൽ തോന്നിയെങ്കിലും, ഇന്നാണ് |ആടു ജീവിതം വായിച്ച് തുടങ്ങിയത്, ഇന്ന് തന്നെയാണ് തീർത്തതും.. അടുത്ത കാലത്തെങ്ങും, ഇതിന്റെ ഹാങ്ങോവറിൽ നിന്ന് മാറാൻ പറ്റുമെന്ന് തോന്നുന്നില്ല.

    ReplyDelete
  70. ആടുജീവിതം - കഥാകാരൻ ബന്യാമിനുമായി കുഴൂർ വിത്സൻ നടത്തുന്ന അഭിമുഖം കേൾക്കൂ.

    ReplyDelete
  71. ഇതിന്റെ പി ഡി എഫ് കിട്ടി. ഇനി വായിക്കണം
    (പൈറസി തെറ്റാനെന്നറിയാം , എന്നാലും ;) )

    ReplyDelete
  72. @ അബി‌കാരി - വായിക്കാനുള്ള അതിയായ ആഗ്രഹം കാരണം പൈറേറ്റഡ് കോപ്പി വായിക്കുന്നവർ ഒരു കാര്യം ചെയ്ത് ആ പാകപ്പിഴയ്ക്ക് പ്രായശ്ചിത്തം ചെയ്താൽ മതിയാകും. പിന്നീടൊരിക്കൽ സൗകര്യം ഒത്തുവരുമ്പോൾ ഒറിജിനൽ കോപ്പി ഒന്ന് വാങ്ങണം. അത്രേയുള്ളൂ :)

    ReplyDelete
  73. തീര്‍ച്ചയായും :)

    ReplyDelete
  74. ഇങ്ങിനെ നമ്മള്‍ അറിയാത്ത എത്ര എത്ര ആടു ജീവിതങ്ങള്‍ നമ്മുടെ ഇ മണലാരണ്യത്തില്‍ ............

    ReplyDelete
  75. നേരത്തെ നോവല്‍ വായിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ഉന്നു കൂടി നന്നായി ഓര്‍മ്മപ്പെടുത്തി ...നന്ദി....

    ReplyDelete
  76. --ആടുജീവിതത്ത്തിന്റെ ഒരു ആരാധികയാണ് ഞാന്‍...മണലാരണ്യങ്ങളില്‍ ഉരുകുന്ന ഓരോ സഹോദരനും സഹോദരിക്കും എന്റെ ഒരു തുള്ളി കണ്ണുനീര്‍ പ്രാര്‍ത്ഥന...

    ReplyDelete
  77. സംരംഭത്തിനു നന്ദി

    ReplyDelete
  78. പ്രിയപ്പെട്ട രാഘവന്‍ സാറിന്‍റെ കൈയില്‍ പുസ്തകമുണ്ട്.വീടിനടുത്തുള്ള അധ്യാപകനാണ് രാഘവന്‍ സര്‍ ...തരാം എന്ന് പറഞ്ഞിട്ടുണ്ട് .എത്രയും വേഗം വാങ്ങണം...

    ReplyDelete
  79. ഇപ്പോഴാണിത് വായിച്ചത്..
    ആ നോവല്‍ എന്നെ ഒരു വട്ടം വെയിലില്‍ മുക്കിയതാണ്..
    ഓര്‍മ്മപ്പെടുത്തലിനു നൂറു നന്ദി..

    ReplyDelete
  80. ഒരിരിപ്പിന്‌ വായിച്ചാസ്വദിച്ച ഒരു പുസ്തകത്തിന്‌ എഴുതപ്പെട്ട ആസ്വാദനം “ആടുജീവിതം” പോലെ തന്നെ ഹൃദയസ്പർശിയായി

    ReplyDelete
  81. വായനയ്ക്ക് ശേഷമാണ് ആസ്വാദനക്കുറിപ്പ് കാണാനിടയായത്.നോവലിന്റെ അന്ത:സത്ത ചോര്‍ന്നുപോകാതെയുള്ള വിവരണം. അതെ ഏത് പ്രതിസന്ധി ഘട്ടത്തിലും ആട് ജീവിതം മറിച്ചുനോക്കുന്നത് നല്ലത് തന്നെ.

    ReplyDelete
  82. vayikkan kazhinjittilla...
    vayikkanam ennu athiyaya agraham undu...
    ini nattil enthiyal...udane vangum...vayikkum...

    ReplyDelete
  83. vayikkan kazhinjittilla...
    vayikkanam ennu athiyaya agraham undu...
    ini nattil enthiyal...udane vangum...vayikkum...

    ReplyDelete
  84. ആട് ജീവിതം ഞാന്‍ വയിക്കുകയല്ലയിരുന്നു ,ജീവിക്കുകയായിരുന്നു .കുട്ടിക്കാലത്ത് വായിച്ചാ ക്രുസ്സോ യുടെ ജീവിതം പോലെ .പിന്നീടറിഞ്ഞു അവാര്‍ഡും ബഹളവുമറിയാതെ കഥാ നായകന്‍ ഇന്നും ചെറിയ ശമ്പളത്തില്‍ ഗള്‍ഫിലുന്ടെന്നു

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.