Tuesday 3 September 2013

ശാന്തിവനം അശാന്തമാകരുത്.


മുക്ക് ശാന്തിവനത്തിന്റെ കാര്യത്തിൽ എന്തെങ്കിലുമൊന്ന് ചെയ്യണ്ടേ? “ രാവിലെ തന്നെ വേണുവിന്റെ ഫോൺ.

ഏത് ശാന്തിവനം എന്ന് തിരിച്ച് ചോദിക്കേണ്ടി വന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാതൃഭൂമി ഓൺലൈനിൽ ‘ശാന്തിവനം അശാന്തിയിലേക്ക് ‘ എന്ന ലേഖനം വായിച്ചിരുന്നു.
21 ആഗസ്റ്റ് - മാതൃഭൂമി ഓൺലൈൻ ലേഖനം.

നോർത്ത് പറവൂരിലെ വഴിക്കുളങ്ങരയിലുള്ള ശാന്തിവനത്തിലേക്ക് ഇറങ്ങിത്തിരിക്കാനും, കാണാനും, അവിടം വൈദ്യുതി വകുപ്പിന്റെ കോടാലിക്ക് ഇരയാകാൻ പോകുന്നു എന്ന വാർത്ത വരുന്നതുവരെ അജ്ഞനായി നിൽക്കേണ്ടി വന്നത്, ആ വഴിക്ക് ഒന്നരാടമെങ്കിലും കടന്നുപോകുന്ന ഒരാളെന്ന നിലയ്ക്ക് ലജ്ജിക്കാനുള്ളതുണ്ട്.

ഉച്ചയോടെ വേണുവിനൊപ്പം വഴിക്കുളങ്ങരയിലെത്തി. തൊട്ടടുത്തുള്ള ശാന്തമഠം ദാഹശമനിയുടെ ഫാൿറ്ററി എല്ലാവർക്കുമറിയാം. ശാന്തിവനം അറിയുന്നത് ചുരുക്കം ചിലർക്ക് മാത്രം. കാടും കാട്ടിലേക്കുള്ള വഴിയും കാട് തരുന്ന നന്മകളും അതിലുള്ള ജീവികളേയുമൊക്കെ അറിയാതെ പോകുന്നത് തന്നെയാണ് നമ്മുടെയൊക്കെ ശാപം.

ദിവംഗതനായ രവിയേട്ടന്റേയും അദ്ദേഹത്തിന്റെ മകൾ മീനയുടെയും ശാന്തിവനത്തെപ്പറ്റി ഞാനായിട്ട് കൂടുതൽ വർണ്ണിക്കുന്നില്ല. മാതൃഭൂമിയുടെ ലിങ്കിലൂടെ വായിച്ചതിന്റെ ബാക്കി ഇന്ന് ഹിന്ദുവിൽ വന്ന ലേഖനത്തിൽ വായിക്കാം.

03 സെപ്റ്റംബർ 2013 - ‘ദ ഹിന്ദു‘ വാർത്ത.

കാവുകൾ സംരക്ഷിക്കാൻ കാര്യമായ നിയമങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു. ദൈവീകത പരിഗണിക്കപ്പെട്ടാലും ഇല്ലെങ്കിലും, നൂറ് കണക്കിന് ജീവജാലങ്ങൾക്ക് ആശ്രയമാകുന്ന, ഒരുപാട് ദേശാടനപ്പക്ഷികൾക്കും പാമ്പുകൾക്കും തണലേകുന്ന, ജൈവവൈവിദ്ധ്യത്തിന് ഉത്തമോദാഹരണമായ ഒരു കാട് ഇല്ലാതാക്കപ്പെടാൻ പോകുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കാൻ ഏതൊരു പ്രകൃതി സ്നേഹിക്കും അൽ‌പ്പം ബുദ്ധിമുട്ടുണ്ടാകും. പത്രവാർത്ത വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നിയതുകൊണ്ടാണ് ഒട്ടും വൈകിക്കാതെ ഇറങ്ങിപ്പുറപ്പെട്ടതെന്ന് വേണു പറയുന്നു.

ഒരു കാട് നട്ടുവളർത്തി ഉണ്ടാക്കിയെടുക്കാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ദയാൽ സാറിനോട് ചോദിച്ചാൽ പറഞ്ഞ് തരും. വെച്ച് പിടിപ്പിച്ചതായാലും സ്വാഭാവിക വനമായാലും വെട്ടി നിരത്താൻ മണിക്കൂറുകൾ മാത്രം മതി മനുഷ്യനെന്ന ക്രൂരജന്മത്തിന്.

പരാതികൾ വൈദ്യുതി വകുപ്പിലേക്കും കളൿടർക്കുമൊക്കെ പോയിട്ടുണ്ട്. സമീപത്തുള്ള മറ്റ് ജനവാസകേന്ദ്രങ്ങളിലൂടെ 110 കെ.വി.വൈദ്യുതിക്കമ്പികൾ വലിക്കുന്നതിനെതിരെ ജനകീയ സമര സമിതി സംഘടിപ്പിച്ച സ്റ്റേ ഓർഡർ നിലവിലുണ്ട്. അതേപ്പറ്റി തീരുമാനമെടുക്കാൻ കമ്മീഷന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്. എന്തൊക്കെ നടപടികൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞാലും, ആരൊക്കെ അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞാലും, ശാന്തിവനം ക്യാമ്പസിന് മേലുള്ള ഭീഷണി അൽ‌പ്പം പോലും ഒഴിവാക്കപ്പെട്ടിട്ടില്ല. വികസിപ്പിച്ചല്ലേ അടങ്ങൂ പ്രകൃതി സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്തവന്മാർ.

കഴിഞ്ഞ വാരം, കോട്ടയം പട്ടണത്തിലെ ഒരു കൂറ്റൻ തണൽ‌വൃക്ഷം വികസനത്തിന്റെ പേരിൽ വെട്ടിനിരത്തിയത് ഇരുട്ടിന്റെ മറവിലായിരുന്നു. നൂറുകണക്കിന് ഇരണ്ടപ്പക്ഷികൾക്കാണ് ആ അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഭീരുവായ ശത്രു പകൽവെളിച്ചത്തിൽ ആക്രമിക്കില്ലല്ലോ. പതുങ്ങിയിരുന്ന് ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത ശാന്തിവനത്തിനുമുണ്ട്.

200 വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ശാന്തിവനം സംരക്ഷിക്കാനുള്ള മീനയുടെ പോരാട്ടത്തിൽ പ്രകൃതിസ്നേഹികളായ നമുക്കോരോരുത്തർക്കും പങ്കാളികളാകേണ്ടി വന്നേക്കാം. എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വക്കീലന്മാരോട് വേണു അന്വേഷണം നടത്തുന്നുണ്ട്. ഒരു സഹായഹസ്തം നീട്ടേണ്ടിവന്നാൽ എല്ലാവരും ഉണ്ടാകുമല്ലോ മീനയ്ക്കൊപ്പം. എന്തൊക്കെ സംഭവിച്ചാലും ശാന്തിവനം അശാന്തമാകാൻ അനുവദിച്ചുകൂട.

ചിത്രം:- വേണു ഗോപാലകൃഷ്ണൻ

26 comments:

  1. ഒരു സഹായഹസ്തം നീട്ടേണ്ടിവന്നാൽ എല്ലാവരും ഉണ്ടാകുമല്ലോ മീനയ്ക്കൊപ്പം.

    ReplyDelete
  2. തീര്‍ച്ചയായും !

    ReplyDelete
  3. എന്തിനും എതിനും കൂടെ ഉണ്ട്..എന്തു വന്നാലും കൂടെ ഉണ്ട്, അതിനു വേണ്ടി ഇവിടന്നു പറിച്ചു നടേണ്ടി വന്നാലും കൂടേ ഉണ്ട്, ദയാല്‍ സാറിന്റെ ടീമിനെ ഒന്നറിയിക്കാം, നമ്മുക്കു ഒരു PIL file ചെയ്യാന്‍ പറ്റുമോ എന്നന്വേഷിക്കാം, ചാലക്കുടി പുഴ സംരക്ഷണ സമിതിക്കാരെയും അറിയിക്കാം അവരൊക്കെ പ്രതികരണത്തിന്റെ പലരീതികള്‍ , അതിന്റെ നിയമവശങ്ങള്‍ നന്നായി അറിയുന്നവരല്ലേ, ഉപദേശം കിട്ടാതിരിക്കില്ല, അതു നന്നായി സഹായിക്കും...

    ReplyDelete
  4. പ്രകൃതിക്ക് ഒരു കൈതാങ്ങാവുമെങ്കിൽ തീര്ച്ചയായും

    ReplyDelete
  5. മഴയുടെ ഔദാര്യം ആണ് കേരള സ്റ്റേറ്റ് വിദ്യുച്ഛക്തി ബോർഡ്‌ എന്നുള്ള കാര്യം കോടാലിയും കൊണ്ട് വരുന്ന മരംവെട്ടുകാരൻ ഓർത്തിരിക്കുന്നത് നല്ലതാണ്.

    ReplyDelete
  6. ആവശ്യ നേരത്തില്‍ മാത്രം പ്രകൃതിയെ ആശ്രയിക്കുന്ന മനുഷ്യന്‍ ...രക്ഷിക്കാന്‍ ശ്രമം നടത്തു ..വിജയിക്കട്ടെ ..ഇവിടെ ഇരുന്നൊരു സഹായം സാധ്യമെങ്കില്‍ ഞാനും ഒരുക്കം

    ReplyDelete
  7. എല്ലാവരുടെയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ... 
    നിങ്ങളുടെ വാക്കുകൾ എനിക്കു നൽകുന്ന ശക്തി വളരെ വലുതാണ്..!!

    ReplyDelete
  8. ശരിയാണ്. ശാന്തി വനം അശാന്തമാകരുത്.

    ReplyDelete
  9. ശരിയാണ്. ശാന്തി വനം അശാന്തമാകരുത്.

    ReplyDelete
  10. എത്രയോ ജീവികളുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കാനൊരുങ്ങുന്നത് .കഷ്ടം

    ReplyDelete
  11. ഇങ്ങിനെയൊരു ശാന്തി വനത്തെ
    പറ്റി ഞാനിപ്പോളാണ് അറിയുന്നത്..
    തീർച്ചയായും സംരംക്ഷിക്കപ്പെടേണ്ടത്..!

    ReplyDelete
  12. തീര്ച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ,ഇപ്പോഴാണ്‌ ശാന്തിവനത്തെ പറ്റി ഞാനും കേൾക്കുന്നത്

    ReplyDelete
  13. ശാന്തിവനം തീർച്ചയായും സംരക്ഷിക്കപ്പെടണം. അതിന്റെ പ്രകൃതിയെ യാതൊരുവിധത്തിലും ദ്രോഹിക്കരുത്.

    ReplyDelete
    Replies
    1. ശാന്തി വനം സൂക്ഷികണം, ഗവണ്മെന്റ് അനുകൂല നിലപാടിലേക്ക് നീങ്ങുന്നു എന്ന് സുതാര്യകേരളം വഴി അറിഞ്ഞു നല്ലത് തന്നെ പ്രകൃതിക്ക് വേണ്ടി പോരാട്ടം ശക്തം ആക്കണം. എന്റെ നാട്ടിലെ അവശേഷിക്കുന്ന കാവുകളും മരങ്ങളും വേഗത്തിൽ നശിക്കപെടും - ഞാനോരൂ കഴകുട്ടം സ്വദേശി എന്റെ നാട്ടിലും വയലുകളും തോടുകളും തെങ്ങുകളും അടക്ക മരങ്ങളും കൃഷിക്കാരനും ഏറക്കുറെ നശിച്ചു അതുപോലെ സാധാരണക്കാര് നാടുവിട്ടു . ഒരു തോട്ടിലെ കുളി സ്വപ്നം ആയി അവശേഷിക്കുന്നു . വെള്ളം മുഴുവനും റെക്നോപര്ക് കുകാരന്റെ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു

      Delete
  14. complaints have been submitted to the concerned officials of KSEB and to the district collector too ... now waiting for their official response
    which may take some time ..
    Hoping for the best ..
    Thank you all for your support !!

    ReplyDelete

  15. എത്രയോ ജീവികളുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കാനൊരുങ്ങുന്നത് .കഷ്ടം -- Vouching the comment of Rosapookkal

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.