Sunday 7 October 2012

വോൾഗാ തരംഗങ്ങൾ



ടി.എൻ.ഗോപകുമാറിന്റെ ‘വോൾഗാ തരംഗങ്ങൾ‘ എന്ന പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പ്. ഇത് ആദ്യം പബ്ലിഷ് ചെയ്തത് നമ്മുടെ ബൂലോകം ബ്ലോഗിലാണ്. ഇപ്പോൾ ഇവിടെയും പകർത്തിയിടുന്നു. അഭിപ്രായങ്ങൾ ഇവിടെയോ നമ്മുടെ ബൂലോകത്തിലോ അറിയിക്കുമല്ലോ ?
--------------------------------------------------------------------

“എന്റെ കുട്ടിക്കാലത്ത് ഏറ്റെടുത്ത റഷ്യൻ അനുഭൂതികളുണ്ട്. ഈ സഞ്ചാരകൃതിയിൽ അതിന്റെ പരാമർശങ്ങൾ എനിക്കൊഴിവാക്കാനാവില്ല.“ എന്നു പറഞ്ഞാണ് ലേഖകൻ തന്റെ റഷ്യൻ യാത്രാവിവരണം ആരംഭിക്കുന്നത്. അദ്ദേഹത്തിന് മാത്രമല്ല, വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടാകും ഇപ്പറഞ്ഞ കുട്ടിക്കാലത്തെ റഷ്യൻ അനുഭൂതികൾ. ടി.എൻ.ഗോപകുമാറിന്റെ വോൾഗാ തരംഗങ്ങൾ എന്ന റഷ്യൻ യാത്രാവിവരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

സോവിയറ്റ് യൂണിയൻ തകരാനുള്ള കാരണമെന്താണ് ? സഞ്ചാരത്തിനിടയിലെ പ്രധാന അന്വേഷണമതാണ്. റഷ്യയിൽ കമ്മ്യൂണിസം അവസാനിച്ചെന്ന് പറയുന്നവർക്ക് തെറ്റുപറ്റി എന്നാണ് ഗോപകുമാർ അഭിപ്രായപ്പെടുന്നത്. അതിന് അദ്ദേഹത്തിന്റേതായ വിശദീകരണവും ഉണ്ട്. റഷ്യയിൽ ഇംഗ്ലീഷ് അറിയുന്നവർ വളരെക്കുറവാണ്, അറിയാമെങ്കിൽത്തന്നെ സംസാരിക്കുന്നവർ വിരളം. ക്രിയാപദം ഒഴിവാക്കി തട്ടിയും മുട്ടിയുമൊക്കെ സംസാരിക്കാൻ മനസ്സുകാണിക്കുന്ന ഓരോരുത്തരോടും സോവിയറ്റ് യൂണിയന്റെ തകർച്ചയെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയും ലേഖകൻ തിരക്കുന്നുണ്ട്. പാർട്ടിയോ, കമ്മ്യൂണിസ്റ്റ് ആശയമോ അല്ല പ്രശ്നമുണ്ടാക്കിയത്, ലെനിൻ അടക്കമുള്ള ചില മനുഷ്യരാണ് കാരണമെന്നാണ് പുതിയ റഷ്യൻ നേതൃത്വം പറയാതെ പറയുന്നത്. ഭാഷയടക്കം പലതും അടിച്ചേൽ‌പ്പിച്ചത് കാരണമായിട്ടില്ലേ ? പലതും തുറന്ന് പറയാൻ ജനങ്ങൾ മടിക്കുന്നു. അവർ ഭരണകൂടത്തിന്റെ ആൾക്കാരെ അക്ഷരാർത്ഥത്തിൽ പേടിക്കുന്നുണ്ട്. ആട്ടവും പാട്ടുമൊക്കെയായി ഒരു ഒത്തുചേരൽ വീണ്ടും ഉണ്ടാകുമെന്നും ‘ചരിത്രപരമായ തെറ്റ് ‘ തിരുത്തപ്പെടുമെന്നും കാത്തിരിക്കുന്നു അവർ. Why Russia ? നിങ്ങളെന്തിനാണ് റഷ്യപോലുള്ള ഒരു രാജ്യത്ത് വന്നതെന്ന് ചോദ്യം ലേഖകൻ നേരിടുന്നുണ്ട് ഒരിടത്ത്. Why not Russia ? I love Russia എന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നത്.

ലെനിന്റെ ഇനിയും സംസ്ക്കരിക്കാത്ത ഭൌതികശരീരം കാണാൻ മുസോളിയത്തിൽ പോകുമ്പോൾ, എന്തിനീ ശരീരമിങ്ങനെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന ചിന്ത, അങ്ങനൊരു കാര്യം അറിയുന്ന ഒരുപാട് പേരെപ്പോലെ തന്നെ അദ്ദേഹത്തിനുമുണ്ട്. ഉത്തരം പുസ്തകം തരുന്നുമുണ്ട്.

നമ്മൾ വിഡ്ഢികൾ, ഗാന്ധിജിയുടെ ശരീരം ലെനിന്റേത് പോലെ സൂക്ഷിച്ചിരുന്നെങ്കിൽ ടാജ് മഹാളിനേക്കാൾ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാമായിരുന്നെന്ന് പറയുന്നത് പരിഹാസത്തോടെ തന്നെയാണ്. ‘ലെനിനെ കാണാൻ മുസോളിയത്തിൽ എത്തുന്നവരേക്കാൾ കൂടുതൽ ആൾക്കാരുണ്ട് റെഡ് സ്ക്വയറിലെ ബസിലിക്കയിൽ. റെഡ് സ്ക്വയറിൽ കൃസ്‌തു വാഴുന്നു. കമ്മ്യൂണിസവും ക്രൈസ്തവതയും ഒന്നാണെന്ന് പറഞ്ഞവർക്ക് സ്തുതി.‘ നർമ്മബോധത്തോടെയാണ് പരുക്കനായ നേർക്കാഴ്ച്ചകളെ വരച്ചുകാട്ടിയിരിക്കുന്നതെന്ന് അവതാരികയിൽ പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് എത്രയോ ശരി.

തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന്, വയറ്റിപ്പിഴപ്പിനായി മറ്റ് രാജ്യങ്ങളിലേക്ക് മാംസവിൽ‌ക്കാൻ ചേക്കേറേണ്ട ഗതികേടുണ്ടായിട്ടുണ്ട് അന്നാട്ടിലെ പെൺകൊടികൾക്ക്. പക്ഷെ റഷ്യയിൽ എല്ലാ നൈറ്റ് ക്ലബ്ബുകളിലും കാണുന്ന നർത്തകികൾ അഭിസാരികൾ ആണെന്ന് ധരിക്കരുത്. മോസ്ക്കോ പോലുള്ള പ്രധാന നഗരങ്ങളിലെ ബാലെ സംഘങ്ങളിലെ നർത്തകികൾ പലരും ഒരു എക്സ്ട്രാ വരുമാനത്തിനായി നൈറ്റ് ക്ലബ്ബുകളിൽ ജോലി ചെയ്യുന്നെന്ന് മാത്രം. ബാലെ സംഘത്തിലെ നർത്തകികൾ ഭൂരിപക്ഷവും ബാലെയിൽത്തന്നെ നല്ലൊരു ഭാവിയ്ക്കായി കൊതിക്കുന്നു, കാത്തിരിക്കുന്നു. അവർക്ക് അതാണ് പ്രധാനം. അതിനായി അവർ ഹോളിവുഡ്ഡിൽ നിന്നുള്ള ക്ഷണങ്ങൾ പോലും നിരസിക്കുന്നു. തകർച്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോളും സ്വന്തം നാടിന്റെ സംസ്ക്കാരം അടിയറവ് പറയാത്ത നല്ലൊരു കൂട്ടം ജനങ്ങളെ ഇന്നും കാണാനാകും റഷ്യയിൽ.

ഭാഷകൊണ്ട് അകന്നുനിൽക്കുന്നെങ്കിലും അമേരിക്കയേക്കാൾ ഭേദം റഷ്യതന്നെയാണെന്ന് വേണം മനസ്സിലാക്കാൻ. ഭൂപടത്തിൽ ഇന്ത്യ എവിടെയെന്ന് കാണിച്ചുതരാൻ റഷ്യക്കാർക്ക് പറ്റിയെന്ന് വരും. അമേരിക്കക്കാർക്ക് അതിനാകുമെന്ന് ഉറപ്പൊന്നുമില്ല.

റഷ്യൻ വിവാഹത്തിന്റെ ചില രസകരമായ മുഹൂർത്തങ്ങൾ, അത് കണ്ടിട്ട് അത്തരത്തിലാണെങ്കിൽ കല്യാണം തന്നെ കഴിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അഭിപ്രായപ്പെടുന്ന സഹസഞ്ചാരികളായ നികേഷും(റിപ്പോർട്ടർ-നികേഷ് കുമാർ തന്നെയാകണം) സന്തോഷ് ജോർജ്ജും(കുളങ്ങര തന്നെ), സംഗീതത്തേയും കലാരൂപങ്ങളേയും ചെസ്സ് കളിയേയും സ്നേഹിക്കുന്ന ജനങ്ങൾ, എപ്പോഴും ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന റഷ്യൻ പെണ്ണുങ്ങൾ, മദ്യപിക്കുന്ന സമയത്തല്ലാതെ ഒരാവശ്യം ഉണ്ടെങ്കിൽ കൂടെ മന്ദഹസിക്കാത്ത പുരുഷന്മാർ, പീറ്റർ ചക്രവർത്തിയുടെ ദീർഘവീക്ഷണം ഇന്നത്തെ റഷ്യയ്ക്ക് നൽകിയിരിക്കുന്ന ഗുണഗണങ്ങൾ, പെട്രോഗ്രാഡ് ലെനിൻ‌ഗ്രാഡ് എന്നിങ്ങനെയൊക്കെ പലവട്ടം പേര് മാറ്റപ്പെട്ട സെന്റ് പീറ്റേർസ്‌ബർഗ്ഗിനെപ്പറ്റി നാട്ടുകാർ പറയുന്ന തമാശകൾ, എന്നിങ്ങനെ ഒരുപാട് വ്യത്യസ്തമായ വിശേഷങ്ങളുണ്ട് 14 അദ്ധ്യായങ്ങളിലായി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 95 പേജുള്ള ഈ സഞ്ചാര സാഹിത്യകൃതി 2011ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 

റഷ്യയിൽ ജനസംഖ്യ വല്ലാതെ കുറഞ്ഞുവരുന്നതുകൊണ്ട് രണ്ടിലധികം കുട്ടികളുള്ളവർക്ക് ഭരണകൂടത്തിന്റെ വക ഒരുപാട് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. റോഡിലൂടെ മൂന്ന് കുട്ടികളുമായി പോകുന്ന ദമ്പതികളെ അസൂയയോടെയാണ് മറ്റുള്ളവർ നോക്കുന്നത്. അച്ഛനമ്മമാർ പാർട്ടിക്കാരാണെങ്കിൽ ആനുകൂല്യങ്ങളുടെ കാര്യം കുറേക്കൂടെ കേമമാണത്രേ! പോളണ്ടിലാകട്ടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിക്കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർ രണ്ട് കൊല്ലം ജോലി ചെയ്യണ്ട. ചിലവെല്ലാം സർക്കാരിന്റെ വക !!

ഗ്ലാസ്‌നോസ്റ്റ് എന്നാൽ 30 എം.എൽ, പെരിസ്‌ട്രോയിക്ക എന്നാൽ 60 എം.എൽ. എന്നിങ്ങനെയുള്ള ചില മദ്യപാന തമാശകളും, റഷ്യക്കാർ ഭയങ്കര മദ്യപാനികളാണെന്ന കിംവദന്തി പൊളിച്ചടുക്കുന്ന കണക്കുകളും യാഥാർത്ഥ്യങ്ങളുമൊക്കെ പുസ്തകം പങ്കുവെക്കുന്നുണ്ട്. റഷ്യക്കാർ എല്ലായ്പ്പോഴും വോഡ്‌ക്ക വാങ്ങാനായി ക്യൂ നിൽക്കുകയാണെന്നതാണ് കിംവദന്തി. കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് മുന്നിലുള്ള നീണ്ടനിരകളും, ഓരോ പ്രാദേശീയ ആഘോഷങ്ങൾ കഴിയുമ്പോളും പുറത്തുവരുന്ന കോടികളുടെ കണക്കുകളും, ലോകമെമ്പാടും എത്തരത്തിലാണാവോ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ?!

യാത്രാന്ത്യത്തിൽ അധികം സഞ്ചാരികൾക്കൊന്നും ഉണ്ടാകാത്ത ഒരു ചിന്ത ഉത്ഭവിക്കുന്നുണ്ട് ലേഖകനിൽ. “ഈ യാത്രയിൽ എന്തുനൽകി ? എന്തുനേടി ?“ എസ്‌ക്കലേറ്ററിൽ സഞ്ചരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന യുവതിക്ക് പരുക്കുപറ്റാൻ കാരണക്കാരനായതിൽ വീണ്ടും വീണ്ടും ദുഃഖിക്കുന്നു യാത്രികൻ. പരസ്പരം സ്നേഹം കൈമാറാനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി എന്നത് തന്നെയാണ് നേട്ടം. ഏതൊരു സഞ്ചാരിയും അനുകരിക്കേണ്ട കാര്യമാണത്.

റഷ്യയെപ്പറ്റി കുറേനാൾ മുൻപ് വായിച്ച ബോബി അലോഷ്യസിന്റെ ‘സ്വപ്നം നിലച്ച റഷ്യയിൽ‘എന്ന പുസ്തകത്തിലെ പല രംഗങ്ങളും വോൾഗാ തരംഗങ്ങൾ വായിച്ചപ്പോൾ മുന്നിലോടിയെത്തി. ബോബിയുടേത് ഒരു അത്‌ലറ്റ് എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ കൂടെ പങ്കുവെക്കുന്ന പുസ്തകമായിരുന്നു. ഇനിയൊരു റഷ്യൻ സഞ്ചാരസാഹിത്യം വായിക്കുന്നുണ്ടെങ്കിൽ അത് ‘ഫിനിക്സ് പക്ഷിയായി സോവിയറ്റ് യൂണിയൻ‘ എന്ന തലക്കെട്ടുള്ള ഒന്നാകണമെന്ന് ഞാനാഗ്രഹിക്കുന്നു. കാരണം, ശ്രീ.ഗോപകുമാറിന് കിട്ടിയിരുന്നത് പോലെതന്നെ സൌജന്യമായി വായിക്കാൻ കിട്ടിയിരുന്ന സോവിയറ്റ് യൂണിയൻ, സ്പുട്ട്‌നിക്ക് എന്നീ പുസ്തകങ്ങളോടുള്ള മമതയും അത് എത്തിച്ചുതന്നിരുന്ന ആ രാഷ്ട്രത്തോളുള്ള സ്നേഹവും തന്നെ.

വാൽക്കഷണം:‌- റഷ്യൻ നാടോടിക്കഥകൾ എന്ന തടിയൻ ബൈന്റുള്ള പുസ്തകം കൈമോശം വന്നിട്ട് നാളേറെയായി. പക്ഷെ, അതിൽ നിറഞ്ഞുനിന്നിരുന്ന ഇവാൻ എന്ന യുവാവിന്റെ കഥകൾ നിറം മങ്ങാതെ മനസ്സിലിപ്പോഴുമുണ്ട്. എന്നാലും അതൊന്നുകൂടെ വായിക്കണമെന്ന് തോന്നുന്നു ഇപ്പോൾ.


.
.

3 comments:

  1. അഭിപ്രായങ്ങൾ ഇവിടെയോ നമ്മുടെ ബൂലോകത്തിലോ അറിയിക്കുമല്ലോ ?

    ReplyDelete
  2. നല്ല വിലയിരുത്തല്‍ മനോജ്‌ . ആശംസകള്‍

    ReplyDelete
  3. ഞാന്‍ വിചാരിച്ചു അല്‍ബെര്‍ട്ട്സ് കോളേജിന്റെ പുറകിലത്തെ പഴയ വോള്‍ഗ ബാര്‍ നെ കുറിച്ചായിരിക്കും എന്ന്....(തമാശിച്ചതാ കേട്ടോ)..ഏതായാലും ഞാന്‍ വായിച്ചു......ചേട്ടന്‍ കിടു ആണ് കേട്ടാ......

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.