Wednesday 21 August 2013

ഓർമ്മക്കുറവ്


പൊലീസ് സ്റ്റേഷന്റെ വടക്കേ അതിരിലൂടെ കിഴക്കോട്ട് പോകുന്ന ഇടുങ്ങിയ മാർഗ്ഗേ നടന്നത് ‘ഇലവഞ്ചിക്കുളം‘ കാണാൻ വേണ്ടിയായിരുന്നു. വഴിപിരിയുന്ന ഒന്നുരണ്ടിടങ്ങളിൽ സംശയം തീർക്കാൻ ചിലരോട് ചോദിച്ചപ്പോൾ, ഇലവഞ്ചിക്കുളം എല്ലാവർക്കും അറിയാം.

പേര് സൂചിപ്പിക്കുന്നതുപോലെ കുളവാഴയുടെ ഇലകൾ കൊണ്ട്, കുളം മൂടി നിൽക്കുന്നു. ഒരു വഞ്ചിയുടെ കുറവ് മാത്രമേയുള്ളൂ.

പരിസരത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ എനിക്കൊപ്പം കുളത്തിനരികിലേക്ക് നടന്നു. മെല്ലെ മെല്ലെ അവരെന്നോട് ലോഹ്യം കൂടി.

“എന്തിനാ കുളത്തിലേക്ക് പോകുന്നത് ? “

“കുളിക്കാൻ.“

“ഈ കുളത്തിൽ കുളിക്കുന്നതിനേക്കാൾ നല്ലത്, അപ്രത്ത് വേറേ നല്ല കുളമുണ്ട്. ഞാൻ കാണിച്ചുതരാം”

“എനിക്കീ കുളത്തിൽ കുളിച്ചാമ്മതി”

“എന്നാപ്പിന്നെ മറ്റേ വശത്ത് പായലില്ലാത്ത പടവുണ്ട്.”

ഒരു മുൻപരിചയവുമില്ലാത്ത ഞാൻ നല്ല പടവിൽ, നല്ലവെള്ളത്തിൽ  കുളിക്കണമെന്ന് അവന് നിർബന്ധം. അവഗണിക്കപ്പെട്ട് കിടക്കുന്ന ഈ കുളത്തിന്റെ ചരിത്രവും പ്രാധാന്യവുമൊക്കെ അവന് എന്തെങ്കിലും അറിയുമോ ആവോ ?!

കുളക്കടവിലുള്ള മരങ്ങളിൽ സാരികൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

“ഇതാരാണ് ഈ സാരികൾ മരത്തിൽ തൂക്കിയിട്ടിരിക്കുന്നത്?”

“അത് ആ ദേവൂട്ടിയുടെ പണിയാണ്.”

“ആരാണ് ദേവൂട്ടി ?”

“അത് ഓർമ്മക്കുറവുള്ള ഒരു പെണ്ണാണ്.”


എനിക്കാ ഏഴ് വയസ്സുകാരന്റെ ഉത്തരം നന്നെ ബോധിച്ചു. ‘അത് ആ ഭ്രാന്തിപ്പെണ്ണാണ്, അത് ആ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണാണ്‘ എന്നൊന്നും അവൻ പറഞ്ഞില്ലല്ലോ. ദേവൂട്ടിക്ക് ഭ്രാന്താണെന്നോ ബുദ്ധിസ്ഥിരതയില്ലെന്നോ പറഞ്ഞുകൊടുക്കുന്നതിന് പകരം, എത്ര നന്നായിട്ടാണ് അവന്റെ അമ്മയോ അച്ഛനോ വീട്ടിലുള്ളവരോ അക്കാര്യം അവനിലേക്ക് പകർന്നിരിക്കുന്നത്.

ഓർമ്മക്കുറവ് !!! അത്രേയുള്ളൂ.

അകലെ കളിക്കളത്തിൽ ഒരു വിക്കറ്റ് വീണതിന്റെ ആർപ്പ്.

“ഇവിടെ കുളിച്ചോ. എന്റെ ബാറ്റിങ്ങായി. ഞങ്ങള് പോണൂ....”

പടവ് കാണിച്ചുതന്ന്, അവർ രണ്ടുപേരും പിച്ച് ലക്ഷ്യമാക്കി ഓടിയകന്നു.

ചരിത്രമുറങ്ങുന്ന ഇലവഞ്ചിക്കുളത്തിന്റെ കുളവാഴ മൂടാത്ത വരമ്പിൽ നിന്ന് വെള്ളത്തിലേക്ക് കാലിട്ട് കുറേ നേരം ഞാനിരുന്നു. ചുറ്റും പൊന്തക്കാടുകളാണ്. ഏതൊക്കെയിനം ഇഴജന്തുക്കൾ വേണമെങ്കിലും ഉണ്ടാകാം. പക്ഷെ എന്റെ ചിന്ത മുഴുവൻ പൊന്തക്കാടുകൾക്കും കുളത്തിനടിയിലുമൊക്കെ മറഞ്ഞിരിക്കുന്ന ചരിത്ര രഹസ്യങ്ങളെപ്പറ്റിയായിരുന്നു. സ്വർണ്ണനിറമുള്ള ആന പൊന്തിവരും എന്നൊക്കെ പറഞ്ഞ് അച്ഛനമ്മമാർ കുഞ്ഞിക്കുട്ടികളെ ഭയപ്പെടുത്തിയിരുന്ന ഈ കുളത്തിന്റെ കഥകളറിയാൻ സാദ്ധ്യതയുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം എവിടെ നിന്ന് തുടങ്ങണം എന്നായിരുന്നു.

ദേവൂട്ടിക്ക് ഓർമ്മക്കുറവ് ഉണ്ടെന്നല്ലേ പയ്യൻ പറഞ്ഞത്. ദേവൂട്ടിക്ക് ഏത് വരെ ഓർമ്മ കാണുമായിരിക്കും ? കുറവ് കഴിഞ്ഞുള്ള ദേവൂട്ടിയുടെ ഓർമ്മയിൽ കുളത്തെപ്പറ്റി എന്തെങ്കിലും കാണുമോ ? കുളക്കടവിലെ മരത്തിൽ ദേവൂട്ടിയെന്തിനാണ് സാരികൾ കെട്ടിത്തൂക്കുന്നത് ? സന്യാസിമാരുടെ കുളമാണെന്നും കഥകളുണ്ടല്ലോ ? അമരന്മാരായ സന്യാസിമാർ ആരെങ്കിലും നിലാവുള്ള രാത്രികളിൽ കുളക്കടവിൽ ധ്യാനനിരതരാകാറുണ്ടോ ? അവർക്ക് ആർക്കെങ്കിലും ‘ദ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്ക്’ ചെയ്യാൻ വേണ്ടിയാണോ ദേവൂട്ടിയുടെ വക സാരികൾ ?!!

മടക്കവഴിക്ക് എവിടെ വെച്ചെങ്കിലും ദേവൂട്ടിയെ കണ്ടിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു. നല്ല ഓർമ്മയും സ്വബോധവുമൊക്കെ ഉള്ളവരോട് ചോദിക്കുന്നതിലും ഭേദം ദേവൂട്ടിയോട് തന്നെ ചോദിക്കുന്നതാവും. അടുത്ത പ്രാവശ്യം കുളക്കടവിലേക്ക് പോകുമ്പോൾ അൽ‌പ്പം ‘ഓർമ്മക്കുറവ്’ ബാധിച്ചുതുടങ്ങിയിരിക്കുന്ന ഈയുള്ളവന് കുറുകേ ദേവൂട്ടി വന്ന് ചാടിയിരുന്നെങ്കിൽ !!!!
..
.

25 comments:

  1. സംഭവിച്ചതാണ്. കഥയുമാണ്. കൂടുതൽ വെളിപ്പെടുത്താൻ നിർവ്വാഹമില്ലാത്തതുകൊണ്ട് സംഭവകഥയെന്ന് പറയാം.

    ReplyDelete
  2. ഒരു ടൈം മെഷീൻ തന്നെ വേണം നമ്മുടെ കഴിഞ്ഞകാലം കൂടുതൽ അറിയാൻ, ഇലവഞ്ചിക്കുളത്തുനിന്നും വഞ്ചിയിലേറി തിരുവഞ്ചിക്കുളത്തേയ്ക്ക് യാത്രചെയ്യാൻ. ആ വഴികൾ ഇന്നും ഉണ്ടാകുമോ? സംശയമാണ്.

    ReplyDelete
  3. ആ എഴുവയസ്സുകാരന്റെ മാതാപിതാക്കൾ അവനെ സംസ്കാരത്തോടെ സംസാരിക്കാൻ പഠിപ്പിച്ചു. ഇങ്ങനെ എല്ലാവരും മക്കളെ നന്നായി വളർത്തിയാൽ ക്രമേണ സമൂഹത്തിലെ കളങ്കങ്ങൾ ഒരു പരിധിയെങ്കിലും കുറയും.

    കഥ, ഓര്മക്കുറിപ്പ്‌ നന്നായിരിക്കുന്നു.

    ReplyDelete
  4. ആ എഴുവയസ്സുകാരന്റെ മാതാപിതാക്കൾ അവനെ സംസ്കാരത്തോടെ സംസാരിക്കാൻ പഠിപ്പിച്ചു. ഇങ്ങനെ എല്ലാവരും മക്കളെ നന്നായി വളർത്തിയാൽ ക്രമേണ സമൂഹത്തിലെ കളങ്കങ്ങൾ ഒരു പരിധിയെങ്കിലും കുറയും.

    കഥ, ഓര്മക്കുറിപ്പ്‌ നന്നായിരിക്കുന്നു.

    ReplyDelete
  5. ഇഷ്ടപ്പെട്ടു ഈ രചനാരീതിയും ഈ രചനയും..

    ReplyDelete
  6. നല്ല എഴുത്ത്!
    രസകരമായി, ഔത്സുക്യത്തോടെ വായിച്ചു.

    ReplyDelete
  7. ഓര്‍മക്കുറവുള്ള ദേവൂട്ടി !!!

    ReplyDelete
  8. നന്മകൾക്ക് പലപ്പോഴും ഏഴു വയ്യസ്സിന്റെ ബാല്യമാണ്

    ReplyDelete
  9. എന്റെ കുടുംബത്തോട് വലിയ ബഹുമാനം തോന്നുന്ന ചില സന്ദ്ര‍ഭങ്ങളുണ്ട്..അതിലൊന്നാണ് ദേവൂട്ടിയെപ്പോലുള്ള ഞങ്ങളുടെ ഷീബേച്ചിയെ എല്ലാവരെയും പോലെതന്നെ കാണാനും സ്നേഹിക്കാനും എല്ലാവരും സ്വന്തം പെരുമാറ്റംകൊണ്ട് പഠിപ്പിക്കുന്നത്...വളരെ സ്വാഭാവികമാണ് അതെന്നാണ് കരുതിയിരുന്നത്, കഴിഞ്ഞ വെക്കേഷന്‍ വരെ....
    ഏട്ടന്റെ ബന്ധുക്കള്‍ - കര്‍ണാടകക്കാര്‍ - വന്നപ്പോള്‍ അവര്‍ പറഞ്ഞു ഇങ്ങനെ ഒരാളെ ഇത്രയും നന്നായി ഏറ്റെടുക്കുന്നത് ഇവിടെയേ നടക്കൂ എന്ന്..

    സ്നേഹിക്കാന്‍ മാത്രമറിയാവുന്ന, ഓര്‍മകള്‍ ധാരാളമുള്ള ഷീബേച്ചിയെ ഇനിയും കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിച്ചതിന് നിരക്ഷരന് -ദേവൂട്ടിക്കും ആ കുട്ടികള്‍ക്കും - നന്ദി...

    ReplyDelete
  10. baakki venam. pinnilulla kadha ariyanam.

    ReplyDelete
    Replies
    1. @ മുല്ല - പിന്നിലുള്ള കഥ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കിട്ടുന്നത് ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും മാർഗ്ഗർത്തിലൂടെ എല്ലാവരേയും അറിയിക്കുന്നതായിരിക്കും.

      Delete
  11. വായിച്ചുകഴിഞ്ഞതോടെ ചോദ്യങ്ങള് മനസ്സില് ബാക്കിയായി.
    നന്നായിരിക്കുന്നു.

    ReplyDelete
  12. കുളക്കടവിലെ മരങ്ങളില്‍ കെട്ടിത്തൂക്കിയ ദേവൂട്ടിയുടെ സാരികള്‍....
    ഓര്‍മ്മക്കുറവുള്ളവരുടെ ഓര്‍മ്മകളിലേക്ക്‌.....
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  13. ദെവൂട്ടിയെ ഒന്നു കണ്ടിരുന്നെങ്കിൽ .

    ReplyDelete
  14. ഇഷ്ടായി ഈ സംഭവകഥ. ആരാന്റമ്മയ്ക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല രസമെന്ന് കരുതുന്നവര്‍ക്കിടയില്‍ മനോവിഭ്രാന്തിയുള്ളവരോട് അനുകമ്പ കാണിക്കുന്ന കൊച്ചു കുട്ടിയെ വല്ലാതെ ഇഷ്ടാ‍യി.

    ReplyDelete
  15. ഓര്‍മ്മക്കുറവ് ചിലപ്പോള്‍ വളരെ മനോഹരമായ ഒരു വികാരമാണ് ...
    അക്ഷരം അറിയാത്തവന്റെ കഥ പെട്ടന്ന് തീര്‍ന്നു പോയി എന്ന് തോന്നി ...ദേവൂട്ടിയെക്കുറിച്ചു കൂടുതല്‍ പറയുമെന്ന് കരുതി ..ആ കുളവും ഒന്നും പറഞ്ഞു തന്നില്ല ..ആകെ ഒരു അവ്യക്തത ..കുളത്തിലെ വെള്ളം പോലെ

    ReplyDelete
    Replies
    1. ദീപ എന്ന ആതിര - ദേവൂട്ടിയെക്കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ല, ഞാനവരെ കണ്ടില്ല. മതിലകത്തെ ഇലവഞ്ചിക്കുളത്തിലും പരിസരത്തുമായി ഒരുപാട് ചരിത്രം ഉറങ്ങുന്നു. അത് മനസ്സിലാക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം ഒരു കഥ രൂപത്തിൽ പറഞ്ഞെന്ന് മാത്രം. കുളത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ എന്തെങ്കിലും മനസ്സിലാക്കിയാലും ഇവിടെ തുറന്ന് പറയാൻ തൽക്കാലം വയ്യ. മറ്റൊരു പ്രസിദ്ധീകരണത്തിന് വേണ്ടിയാണ് ആ വിവരങ്ങൾ ശേഖരിക്കുന്നത്. ഇടയിൽ നിന്ന് ഇതുപോലെ അവ്യക്തമായ ചില നുറുങ്ങുകളിലൂടെ ചില നന്മകളും ചില സന്ദേശങ്ങളും മാത്രമേ തൽക്കാലം പറയാൻ നിർവ്വാഹമുള്ളൂ. എല്ലാവരും ക്ഷമിക്കുമല്ലോ.

      Delete
  16. മുഴുവനായും മനസ്സിലാകരുത്‌ എന്ന താല്പര്യത്തോടെ എഴുതിയതാണ് അല്ലേ...അങ്ങനെയൊരു കുളവും ചരിത്രവും കേട്ടിട്ടില്ലാത്തതുകൊണ്ട് വായിച്ചപ്പോള്‍ ആകെ കുഴഞ്ഞുമറിഞ്ഞു..

    ReplyDelete
  17. കൂടുതൽ വെളിപ്പെടുത്തേണ്ടതായിരുന്നു കേട്ടൊ ഭായ്

    ReplyDelete
  18. എവിടെയാണ് ഇലവഞ്ചിക്കുളം? എന്താണ് ചരിത്രപ്രാധാന്യം? എന്തൊക്കെയാണ് കഥകൾ? ഇതും കൂടെ പറഞ്ഞു തരണം.

    ReplyDelete
  19. എഴുത്തിന്റെ മനോഹരശൈലിയാണാദ്യം ആകര്‍ഷിച്ചത്
    പിന്നെ രഹസ്യങ്ങളേറെ ഒളിഞ്ഞിരിയ്ക്കുന്ന വിഷയത്തിന്റെ ഉള്ളുകള്ളി അറിയാനുള്ള താല്പര്യവും.

    ഇനിയും പറയാനുണ്ടാവും അല്ലേ?!

    ReplyDelete
  20. നന്നായി വായിച്ചു വന്നപ്പോഴേക്കും, തീർന്നു പോയി., ബാക്കി പ്രതീക്ഷിക്കുന്നു... :)

    ReplyDelete
  21. കുളത്തിലിറങ്ങി -കരയ്ക്ക് കയറിയതും ഇല്ല !! :) ബാക്കി കൂടി വരുമെന്ന പ്രതീക്ഷയില്‍

    ReplyDelete
  22. വളരെ നന്നായിട്ടുണ്ട്, ഇനിയും ഇങ്ങനെ ഉള്ളവ എഴുതുക.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.